കെ.ടി. മുഹമ്മദ് | ഫോട്ടോ: സന്തോഷ് കെ.കെ
''നാടകം എന്റെ ജീവിതമാണ്. പക്ഷേ, ഒരിക്കലും ജീവിതത്തിനുവേണ്ടി ഞാന്‍ നാടകത്തെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ നാടകജീവിതം അങ്ങനെയായിരുന്നു.''- മലയാളനാടക ലോകത്ത് സ്വന്തം ഭൂമി സൃഷ്ടിച്ചെടുത്ത കെ.ടി. ഒരിക്കല്‍ പറഞ്ഞു. കെ.ടി.യില്‍ നാടകവും ജീവിതവും ഒന്നായിരുന്നു. മലയാളനാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ 'കെ.ടി.' എന്ന ദ്വയാക്ഷരത്തിന്റെ പ്രസക്തിയെക്കുറിച്ച് തര്‍ക്കമേതുമില്ല.
നാടകമെന്നാല്‍ രംഗാവതരണത്തിനുള്ളതാണെന്ന ഉത്തമബോധ്യം മനസ്സില്‍ സൂക്ഷിച്ച്, 1949ല്‍ രചിച്ച 'ഊരും പേരും' എന്ന ആദ്യനാടകം മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ നാല്പതില്‍പ്പരം മികച്ച നാടകങ്ങള്‍ അദ്ദേഹം മലയാളിക്ക് സമ്മാനിച്ചു. ഒരു സാധുപെണ്‍കുട്ടിയുടെ ഭൂമീഭാവവും മതത്തിന്റെ ആകാശഭാവവും സമന്വയിപ്പിച്ച് 1953-ല്‍ അദ്ദേഹം രംഗത്തെത്തിച്ച 'ഇത് ഭൂമിയാണ്' മലയാള നാടകവേദിയിലും യാഥാസ്ഥിതിക മനസ്സുകളിലും ഒരിടിമുഴക്കം തന്നെയാണ് സൃഷ്ടിച്ചത്.
സ്വാതന്ത്ര്യാനന്തരം പാകിസ്താനിലേക്ക് നാടുകടക്കാന്‍ നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെ മറികടന്ന് സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന ധീരനായ പോരാളിയായിരുന്നു കെ.ടി. 1949-ല്‍ ആ മനസ്സില്‍നിന്ന് 'ഊരും പേരും' എന്ന നാടകം പിറന്നു.
1951-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണലും 'മാതൃഭൂമി'യും ചേര്‍ന്ന് നടത്തിയ ലോക ചെറുകഥാമത്സരത്തില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍' ഒന്നാംസമ്മാനം നേടി. എങ്കിലും കഥ തന്റെ മാധ്യമമല്ലെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം നാടകത്തിലേക്കുതന്നെ തിരിച്ചുപോന്നു. 'ഇത് ഭൂമിയാണ്' എന്ന എക്കാലത്തെയും ശ്രദ്ധേയമായ രചനയുമായിട്ടായിരുന്നു ആ തിരിച്ചുവരവ്. 'മലബാര്‍ കേന്ദ്ര കലാസമിതി' നാടകമത്സരത്തില്‍ അദ്ദേഹത്തിന്റെ 'കറവറ്റ പശു' സമ്മാനാര്‍ഹമായതോടെ കെ.ടി. മലയാള നാടകവേദിയിലെ അനിഷേധ്യ സാന്നിധ്യമായി. 'ബ്രദേഴ്സ് മ്യൂസിക് ക്ലബ്', 'ഗ്രീന്‍ റൂം', 'എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്റര്‍', 'സംഗമം തിയേറ്റേഴ്സ്', 'കലിംഗ തിയേറ്റേഴ്സ്' തുടങ്ങിയ സമിതികളും കെ.ടി.യോടൊപ്പം വളര്‍ന്നു.
.jpg?$p=6a12f4a&&q=0.8)
മലബാറില്‍ ഒതുങ്ങിനിന്ന കെ.ടി.യെ ഒ. മാധവന്‍ കൊല്ലം കാളിദാസകലാ കേന്ദ്രത്തിലേക്ക് ക്ഷണിച്ചുകൊണ്ടുപോയതോടെ തെക്കും വടക്കും തമ്മില്‍ ഒരു സാംസ്‌കാരിക പാലം' യാഥാര്‍ഥ്യമായി. 'കാളിദാസ കലാകേന്ദ്ര'ത്തിനും തുടര്‍ന്ന് കെ.പി.എ.സി.ക്കും വേണ്ടി അദ്ദേഹം നാടകമെഴുതി. സംവിധാനം ചെയ്തു. അരങ്ങിലും അണിയറയിലും ഒരുപോലെ നിറഞ്ഞുനിന്നു അദ്ദേഹം.
'ഊരും പേരും', 'വെളിച്ചം വിളക്കന്വേഷിക്കുന്നു', 'കറവറ്റ പശു', 'ഇത് ഭൂമിയാണ്', 'ഒരു പുതിയ വീട്', 'കാഫര്‍', 'ഞാന്‍ പേടിക്കുന്നു', 'ചുവന്ന ഘടികാരം', 'രാത്രിവണ്ടികള്‍', 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്', 'കൈനാട്ടികള്‍', 'ഉറങ്ങാന്‍ വൈകിയ രാത്രികള്‍', 'തീക്കനല്‍', 'സൃഷ്ടി', 'സ്ഥിതി', 'സംഹാരം', 'സാക്ഷാത്കാരം', 'സമന്വയം', 'സനാതനം', 'സന്നാഹം', 'കുചേലവൃത്തം', 'സംഗമം', 'കളിത്തോക്ക്', 'ഓപ്പറേഷന്‍ തിയേറ്റര്‍', 'ദൈവശാസ്ത്രം', 'രാഷ്ട്രഭവന്‍', 'സ്വന്തം ലേഖകന്‍', 'താക്കോലുകള്‍', 'കടല്‍പ്പാലം', 'സൂത്രധാരന്‍', 'വെള്ളപ്പൊക്കം', 'ജീവപര്യന്തം', 'നാല്‍ക്കവല', 'അസ്തിവാരം', 'മുത്തുച്ചിപ്പി', 'ചക്രവര്‍ത്തി', 'പ്രവാഹം', 'ദീപസ്തംഭം മഹാശ്ചര്യം', 'വേഷം പ്രച്ഛന്നം' തുടങ്ങി നാല്പതിലേറെ മികച്ച നാടകങ്ങള്‍ അദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചു.
നാടകത്തിന്റെ നാലതിരുകള്‍ക്കപ്പുറത്ത് 'ചിരിക്കുന്ന കത്തി', 'കളിയും കാര്യവും', 'ശബ്ദങ്ങളുടെ ലോകം' (ചെറുകഥാസമാഹാരം), 'മാംസപുഷ്പങ്ങള്‍', 'കാറ്റ്' (നോവല്‍) എന്നിവയും അദ്ദേഹം രചിച്ചു. കഥയും തിരക്കഥയും സംഭാഷണവുമായി അദ്ദേഹം ചലച്ചിത്രരംഗത്തും കൈവെച്ചു. 'കണ്ടംബെച്ച കോട്ട്', 'മയിലാടുംകുന്ന്', 'അര്‍ച്ചന', 'ആരാധന', 'ശരപഞ്ജരം', 'രാജഹംസം', 'പ്രവാഹം', 'കടല്‍പ്പാലം', 'അച്ഛനും ബാപ്പയും', 'അടിമക്കച്ചവടം', 'തുറക്കാത്ത വാതില്‍' എന്നിവ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കെ. ടി.യുടെ വ്യക്തിമുദ്ര പതിഞ്ഞവയാണ്. എങ്കിലും കെ.ടി.ക്ക് എന്നും സംതൃപ്തി നല്ലിയത് നാടകം തന്നെ`യായിരുന്നു. ജീവിതവും നാടകവും തനിക്ക് രണ്ടല്ല എന്നദ്ദേഹം തറപ്പിച്ചുപറയുന്നു.
കേവലം എട്ടാംതരം വരെ മാത്രം പഠിച്ച അദ്ദേഹം ജീവിതാനുഭവങ്ങളെ ഗുരുനാഥനായിക്കണ്ട്, ചുറ്റുപാടുകളില്‍ നിന്ന് കരുത്തുറ്റ കഥാപാത്രങ്ങളെ തിരഞ്ഞെടുത്ത് നാടകങ്ങള്‍ രചിച്ചപ്പോള്‍ അവ പരക്കെ സ്വീകാര്യമായി. ''എന്റെ ഗുരു സ്വന്തം അനുഭവങ്ങള്‍ തന്നെയാണ്. നാടകത്തില്‍ എനിക്ക് മറ്റൊരു ഗുരുവോ വഴികാട്ടിയോ ഇല്ല. അതുപോലെ സ്പോണ്‍സര്‍മാരെയും എനിക്കാവശ്യമില്ല. ഞാന്‍ ജനങ്ങളുടെ നാടകമാണെഴുതിയത്. അതവര്‍ സ്വീകരിച്ചു. എനിക്കതുമതി''- സ്വന്തം നാടകാനുഭവങ്ങളെ കെ.ടി. ഇങ്ങനെ സമാഹരിക്കുന്നു.
കോഴിക്കോടിനോട് വല്ലാത്ത ആത്മബന്ധമായിരുന്നു കെ.ടി.ക്ക്. പുതിയറയ്ക്കടുത്ത് ബൈരായിക്കുളം സ്‌കൂളിലാണ് ആദ്യം ചേര്‍ന്നത്. സ്‌കൂളില്‍ ആദ്യം പഠിച്ചത് മൂന്നാം ക്ലാസ്സില്‍. മൂന്നിലെ വര്‍ഷാവസാനപരീക്ഷ മികവോടെ എഴുതിയപ്പോള്‍ അഞ്ചിലേക്ക് സ്ഥാനക്കയറ്റം. അല്പകാലം ജോലി. പിന്നീട് ഹിദായത്തുല്‍ ഇസ്ലാം സ്‌കൂളില്‍ എട്ടുവരെ പഠനം. തപാല്‍ വകുപ്പില്‍ മെയില്‍ വര്‍ക്കറായി ജോലിക്കു കയറിയ കെ.ടി. 1946-ലെ തപാല്‍ സമരത്തില്‍ പങ്കെടുത്തു. ഇതിന്റെ പേരില്‍ തൊഴിലില്‍ നിന്ന് പരിചയിക്കപ്പെട്ട കെ.ടി. നാടകത്തിന്റെ വിശാലമായ ലോകത്തേക്ക് കടക്കുകയായിരുന്നു.
തപാല്‍ വകുപ്പിലെ ഉദ്യോഗകാലത്തുതന്നെ കെ. ടി. നാടകകൃത്തായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. നാടകതല്പരരായ കുറേപ്പേര്‍ ഒന്നിച്ചുകൂടി 1948-ല്‍, കോഴിക്കോട് കേന്ദ്രീകരിച്ച് 'ബ്രദേഴ്സ് മ്യൂസിക് ക്ലബ്' പ്രവര്‍ത്തനം തുടങ്ങി. ഗാനമേള ട്രൂപ്പായാണ് ആദ്യം തുടങ്ങിയത്. കോഴിക്കോട് അബ്ദുള്‍ഖാദറും കെ.ടി.യും ബാബുരാജുമൊക്കെയായിരുന്നു അതിന്റെ തലപ്പത്ത്. ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തിന് കെ.ടി. എഴുതിയ നാടകമാണ് 'ഊരും പേരും'. തികച്ചും അമച്വറായ അവതരണം. ഇതാണ് പിന്നീട് 'വെളിച്ചം വിള ക്കന്വേഷിക്കുന്നു' എന്ന പേരില്‍ മാറ്റിയെഴുതിയത്. തൊട്ടടുത്തവര്‍ഷത്തെ വാര്‍ഷികത്തിന് വേണ്ടി രചിച്ച നാടകമാണ് 'അവള്‍ തീരുമാനിക്കുന്നു' എന്നത്. കെ.ടി. രചിച്ച 'മനുഷ്യന്‍ കാരാഗൃഹത്തിലാണ് എന്ന നാടകം 1951ല്‍ കോഴി ക്കോട് ടൗണ്‍ഹാളില്‍ അവതരിപ്പിച്ചതോടെ 'ബ്രദേഴ്‌സ് ക്ലബ്ബിന് വലിയ പ്രചാരം ലഭിച്ചു.
'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' നാടകം അമച്വറായി അവതരിപ്പിച്ചിട്ടും വലിയ ജനപ്രീതി നേടി. ഒപ്പംതന്നെ യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പും. ബാബുരാജാണ് സംഗീതം നാടകത്തിന് നല്‍കിയത്. 'ഇത് ഭൂമിയാണ്' എന്ന നാടകം ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബാണ് അരങ്ങിലെത്തിച്ചത്. യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ നാടകങ്ങളായിരുന്നു ഇവ രണ്ടും.
'ഇത് ഭൂമിയാണ്' നാടകത്തിനെതിരെ യാഥാസ്ഥിതികര്‍ കടുത്ത പ്രതിഷേധമുയര്‍ത്തി. കെ.ടി.ക്കെതിരെ വധഭീഷണിയുണ്ടായി. ഫറോക്കില്‍ പോലീസ് സംരക്ഷണയില്‍ നാടകം കളിച്ചു. ആലപ്പുഴയില്‍ മുസ്ലിം പ്രമാണിമാര്‍ നാടകാവതരണം വിലക്കി. ജനനേതാക്കള്‍വരെ ഇടപെട്ടിടും അവര്‍ വഴങ്ങാതെ വന്നപ്പോള്‍ സഹായത്തിന് പോലീസെത്തി. കൊല്‍ക്കത്തയിലും നാടകത്തിനെതിരെ പ്രതിഷേധമുണ്ടായി. 'മുടിനാരേഴായ് കീറീട്ട്...' എന്നു തുടങ്ങുന്ന വരികള്‍ നാടകത്തില്‍ ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് മുടിനാരേഴായ് കീറേണ്ട, നേരിയ പാലം കെട്ടേണ്ട, അതില്നടക്കണമെന്നല്ല, പറയണത് കെ.ടി. ശൈത്താനേ...' എന്നെല്ലാം പാരഡികള്‍ പ്രചരിച്ചു. ഈ അവഗണനകള്‍ക്കിടയിലും നാടകം കേരളമെങ്ങും പ്രചരിച്ചു.
നിത്യജീവിതത്തില്‍ നിന്ന് പിടയ്ക്കുന്നൊരു കഷ്ണം മുറിച്ചെടുത്ത് രംഗത്ത് അവതരിപ്പിക്കുന്ന നാടകമെന്ന് പ്രശസ്തര്‍ ഇതിനെ വിശേഷിപ്പിച്ചു. ഒരു മച്ചിപ്പശുവിനെ വില്‍ക്കുന്ന ഇതിവൃത്തത്തില്‍ കെ.ടി. രചിച്ച 'കറവ പശു'വും അവതരിപ്പിച്ചത് 'ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബാണ്. മച്ചിപ്പശു ആന്തരാര്‍ഥത്തില്‍ അ ശരണരായ വൃദ്ധന്മാര്‍ തന്നെയാണ്. 1962-ല്‍ നടന്ന 'മലബാര്‍ കേന്ദ്ര കലാസമിതി നാടക മത്സരത്തില്‍ ഈ നാടകത്തിനായിരുന്നു ഒന്നാം സമ്മാനം.
നാടകങ്ങള്‍ പ്രശസ്തമായതോടെ, മ്യൂസിക് ക്ലബ് അംഗങ്ങള്‍ പ്രൊഫഷണല്‍ തലത്തിലേക്കു നീങ്ങിയത് കെ.ടി.യെ അതൃപ്തനാക്കി. നാടകമൊന്നിന് പത്തു രൂപാപ്രകാരം കലാകാരന്മാര്‍ക്ക് നല്‍കാനുള്ള കെ.ടി. ഉമ്മറിന്റെ നീക്കം കെ.ടി. എതിര്‍ത്തു. ഈ സാഹചര്യത്തില്‍ കെ.ടി.യും മറ്റ് ചിലരും മ്യൂസിക് ക്ലബ്ബില്‍ നിന്നകന്ന് 'ഗ്രീന്‍ റൂം' എന്ന പുതിയ സമിതി തുടങ്ങി. 'തിരയില്ലാത്ത തോക്കും കടലുമടക്കം ചില നാടകങ്ങള്‍ കെ.ടി. അവതരിപ്പിച്ചത് ഈ സമിതിയുടെ ബാനറിലാണ്. 'ഇതു ഭൂമിയാണ്' നാടകത്തിന്റെ അവതരണവേളയില്‍ത്തന്നെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം കെ.ടി. നടന്റെ മേലങ്കിയഴിച്ചുവെച്ച് അണിയറയിലേക്കൊതുങ്ങിയിരുന്നു. കെ.ടി.യുടെ റോള്‍ കുറെക്കാലം അഭിനയിച്ചത് സഹോദരന്‍ കെ. ടി. സെയ്ദാണ്.
'എക്സ്പെരിമെന്റല്‍ തീയറ്റേഴ്സ്' എന്നു പ്രസിദ്ധമായ 'എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്ററാണ് കെ.ടി. തുടങ്ങിയ മറ്റൊരു നാടകപ്രസ്ഥാനം. 'വെളിച്ചം വിളക്കന്വേഷിക്കുന്നു', 'കാഫര്‍', 'ചുവന്ന ഘടികാരം', 'താക്കോലുകള്‍' മുതലായ കുറെ നല്ല നാടകങ്ങള്‍ ഈ സമിതിക്കുവേണ്ടി അദ്ദേഹം രചിച്ചു. ഇതില്‍ ഏറെ പ്രശസ്തമായ നാടകമാണ് 'കാഫര്‍'. സ്റ്റേജിന്റെ പരിമിതിയില്‍ നിന്ന് രക്ഷനേടണമെന്ന ചിന്തയില്‍ 1963 മുതല്‍ ഏറെക്കാലം അദ്ദേഹം നാടകമൊന്നും എഴുതിയില്ല. 'ഫ്ളാഷ് ബാക്ക് സമ്പ്രദായത്തിനു ബദലായി ഫ്ളാഷ് ഫോര്‍വേഡ് സമ്പ്രദായം' വിജയകരമായി ഉപയോഗിച്ചതാണ് കെ.ടി.യുടെ 'ഞാന്‍ പേടിക്കുന്നു' എന്ന നാടകം. ആദ്യസീന്‍ വര്‍ത്തമാനത്തില്‍, അടുത്തത് ആഴ്ചകള്‍ കഴിഞ്ഞ്, അതിനടുത്തത് മാസങ്ങള്‍ കഴിഞ്ഞ് എന്നിങ്ങനെ....
.jpg?$p=7873970&&q=0.8)
'സൃഷ്ടി' എന്ന നാടകത്തിന്റെ പിറവി നടന്ന കാലത്തുതന്നെ പുതിയൊരു നാടകസമിതിയെക്കുറിച്ചുള്ള ചിന്ത കെ.ടി.യില്‍ രൂഢമായി. അങ്ങനെ 1971 നവംബര്‍ 20ന് കോഴിക്കോട് സംഗമം തീയറ്റേഴ്സ് രൂപീകരിക്കപ്പെട്ടു. കെ.ടി. ചെയര്‍മാനും വില്‍സണ്‍ സാമുവല്‍, വിക്രമന്‍ നായര്‍, അനന്തകൃഷ്ണന്‍, ആലിക്കോയ, പി.പി. ആലിക്കോയ, എ.എം. കോയ എന്നിവര്‍ ഡയറക്ടര്‍മാരുമായാണ് അത് രൂപംകൊണ്ടത്. ഒരു പ്രൊഫഷണല്‍ സമിതിയെന്ന സങ്കല്പമൊന്നും അന്നുണ്ടായിരുന്നില്ല. 'സൃഷ്ടി'യുമായി സംഗമം പര്യടനം നടത്തി. ബാലന്‍ കെ. നായര്‍, വിലാസിനി, നിലമ്പൂര്‍ ആയിഷ, കണ്ണൂര്‍ രാജം, എല്‍സി, എ.എം. കോയ, വിക്രമന്‍ നായര്‍, ആര്‍.കെ.നായര്‍, ഭാസ്‌കരക്കുറുപ്പ്, ശാന്താദേവി തുടങ്ങിയവര്‍ അഭിനയിച്ചു. 'സൃഷ്ടി' കുറെ കളിയ്ക്കും മുമ്പേ കെ.ടി. അടുത്ത നാടകമായി 'സ്ഥിതി' പ്രഖ്യാപിച്ചു.
തുടര്‍ന്ന് നീതിന്യായവ്യവസ്ഥയെ വിമര്‍ശിക്കുന്ന 'സംഹാരം', കപടസോഷ്യലിസത്തിനെതിരെ വിമര്‍ശനശരങ്ങളുതിര്‍ക്കുന്ന 'സാക്ഷാത്കാരം', മൂന്നു കാലങ്ങള്‍ സമന്വയിപ്പിച്ച 'സമന്വയം, കപട സന്യാസത്തിന്റെ മുഖംമൂടി ചീന്തുന്ന 'സനാതനം', പത്രപ്രവര്‍ത്തകന്‍ സ്വാതന്ത്ര്യക്കുറവ് ഇന്ദിരാഗാന്ധിയുടെ പ്രതീകാത്മക ചിത്രത്തിലൂടെ വരച്ചുകാട്ടുന്ന 'സന്നാഹം' എന്നീ നാടകങ്ങള്‍ അദ്ദേഹം രചിച്ചു.
'സംഗമ'ത്തിന്റെ പ്രശസ്തി വാനോളം ഉയര്‍ത്തിയ ഉദാത്ത നാടകങ്ങളായി ഈ 'സകാര' നാടകങ്ങള്‍. 'സന്നാഹം' നാടകത്തോടെ, 1977-ല്‍ കെ.ടിയും 'സംഗമവുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും അദ്ദേഹം ആ സമിതി വിടുകയും ചെയ്തു. അങ്ങനെയാണ് 'കലിംഗ തിയേറ്റേഴ്സ്' എന്ന നാടക സമിതിക്ക് കെ.ടി. രൂപം നല്‍കിയത്. 'നാല്‍ക്കവല'യാണ് സമിതി ആദ്യം അരങ്ങിലെത്തിച്ച നാടകം. 1978ല്‍ തുടങ്ങിയ ആ സമിതി കെ.ടി.യുടെ 'ദൈവശാസ്ത്രം, 'ദീപസ്തംഭം മഹാശ്ചര്യം', 'വെള്ളപ്പൊക്കം' തുടങ്ങി അനേകം നാടകങ്ങള്‍ അവതരിപ്പിച്ചു. ഇടയ്ക്ക് ഇബ്രാഹിം വെങ്ങരയുടെ ചിരന്തന' തിയറ്റേഴ്സിനു വേണ്ടി 'തീക്കനല്‍' എന്ന നാടകവും കെ.ടി. രചിച്ചു. ഈ നാടകങ്ങളെല്ലാം സംവിധാനം ചെയ്ത് ആ രംഗത്തും അദ്ദേഹം മികവ് പ്രകടിപ്പിച്ചു. ആറ്റിങ്ങല്‍ ജനശക്തി'യുടെ ആദ്യ നാടകമായ 'തലമുറ'യും കെ.ടി. യുടെ രചനയാണ്.
നാടകരംഗത്ത് കെ.ടി.യുടെ സംഭാവനകളില്‍ എടുത്തുപറയേണ്ട ഒന്ന് തെക്കും വടക്കും തമ്മില്‍ യോജിപ്പിച്ച് അദ്ദേഹം നിര്‍മിച്ച ഒരു സങ്കല്പപാലമാണ്. കെ.ടി. മലബാറില്‍നിന്ന് ഒ. മാധവന്‍ സമിതിയായ 'കാളിദാസ കലാ കേന്ദ്രത്തിലെത്തുന്നതോടെ ആ സാംസ്‌ക്കാരികപാലം യാഥാര്‍ഥ്യമായി. കാളിദാസകലാ കേന്ദ്ര'ത്തിനുവേണ്ടി കടല്‍പ്പാലമാണ് അദ്ദേഹം ആദ്യം രചിച്ച നാടകം. കലാകേന്ദ്രത്തിനുവേണ്ടി അദ്ദേഹം 'മുത്തുച്ചിപ്പി', 'സംഗമം', 'പ്രവാഹം', 'രാഷ്ട്രഭവന്‍', 'ചക്രവര്‍ത്തി', 'അന്തഃപുരം', 'സ്വന്തം ലേഖകന്‍' എന്നീ നാടകങ്ങള്‍ രചിക്കുകയും അവ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു.
പില്‍ക്കാലത്ത് കെ.പി.എ.സി.യുമായും കെ.ടി. സഹകരിച്ചു. അരങ്ങില്‍ എങ്ങനെ വിജയിപ്പിക്കും എന്ന് പലരും ശങ്കിച്ച സൂത്രധാരന്‍' നാടകമാണ് ആദ്യം കെ.ടി. ഒരുക്കിയത്. വെറും പതിനൊന്നുദിവസത്തെ റിഹേഴ്സലില്‍ തട്ടില്‍ക്കയറിയ 'സൂത്രധാരന്‍' പ്രേമ ചന്ദ്രനടക്കമുള്ള പ്രഗല്ഭരുടെ മികവില്‍ ജനസമ്മതി നേടി. മനുഷ്യന്റെ മാനസികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് 1991-ല്‍ അദ്ദേഹം എഴുതി, സംവിധാനം ചെയ്ത നാടകമാണ് ജീവപര്യന്തം'. തുടര്‍ന്ന് 1993-ല്‍ 'പെന്‍ഡുലം' എന്ന നാടകവും അദ്ദേഹം രചിച്ചു. 'നാല്‍ക്കവല' നാടകവും ആ വര്‍ഷം തന്നെ കെ.പി.എ.സി. അവതരിപ്പിച്ചു. തോപ്പില്‍ ഭാസിക്ക് നാടകമെഴുതാന്‍ പറ്റാതെവന്ന സാഹചര്യത്തിലാണ് കെ.ടി.യെ സമിതി നേതൃത്വം ക്ഷണിച്ചത്. അങ്ങനെ തെക്കും വടക്കും തമ്മിലുള്ള സാംസ്‌ക്കാരികപാലം ഒന്നുകൂടി ബലപ്പെടുകയും ചെയ്തു.
('ഒരു മുഖം: ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍' എന്ന പുസ്തകത്തില്‍നിന്ന്- മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്.)
Content Highlights: K.T. Muhammed, Play writer, 15th death anniversary, K. Sreekumar, Mathrubhumi newspaper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..