കെ. ജയകുമാർ
ആലപ്പുഴയിലെ ജോലിക്കാലം അവിസ്മരണീയമായിരുന്നു. കയറിന്റെ എഴുത്തുകാരന്റെ നാട്ടില്‍ കയര്‍ കോര്‍പ്പറേഷനിലെ നിയമനം. ആ പശ്ചാത്തലത്തിലുള്ള ആദ്യ വിദേശയാത്ര. വൈകിയ വിമാനം കാത്ത് വിമാനത്താവളത്തില്‍ തങ്ങിക്കിടക്കുമ്പോള് പലസ്തീനിയായ ആ യുവാവ് വയലിനില്‍ മീട്ടിയ ഈണങ്ങള്‍...മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന കെ. ജയകുമാറിന്റെ സഞ്ചാരത്തിന്റെ സംഗീതം എന്ന പംക്തിയില്‍ നിന്ന്.
ജില്ലാ കളക്ടറായി 1986-ല്‍ കോഴിക്കോട്ട് മടങ്ങിയെത്തുംമുമ്പ്, ആലപ്പുഴ, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ ജോലിചെയ്തു. ആലപ്പുഴ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ജനറല്‍മാനേജരായും കോട്ടയത്ത് പുതുതായി സ്ഥാപിച്ച മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യ രജിസ്ട്രാറായും കൊല്ലത്ത് കാഷ്യൂ കോര്പ്പറേഷന് മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ ഓരോ ജില്ലയും ഓരോ ജോലിയും അനേകം പാഠങ്ങള്‍ പരിശീലിപ്പിച്ചെന്ന് അറിയുന്നു. അനുഭവങ്ങള്‍ക്ക് നന്ദിപറയുന്നു. ഒരു വഴിയിലൂടെയും ജീവിതം വെറുതേനടത്തുന്നില്ല. നടന്നത് വെറുതേയായിപ്പോയല്ലോ എന്ന് തോന്നുന്നുവെങ്കില്‍ അത് ക്ളാസില്‍ ശ്രദ്ധിക്കാത്ത കുട്ടിയുടെ അജ്ഞതമാത്രം.
രാഷ്ട്രീയനേതൃത്വവുമായി നിരന്തരസമ്പര്ക്കത്തിലായിരിക്കുക ഐ.എ.എസ്. ജീവിതത്തിന്റെ അനിവാര്യതയാണ്. ആ ബന്ധത്തില്‍ പാലിക്കേണ്ട മര്യാദകളും കൃത്യതയും ഔദ്യോഗിക ജീവിതയാത്രയുടെ സ്വഭാവവും വിജയവും പ്രയോജനക്ഷമതയും നിര്‍ണയിക്കുന്നതില്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരും സര്‍വീസില്‍ പ്രവേശിക്കുന്ന ചെറുപ്പക്കാരും ആശങ്കയോടെ ഉന്നയിക്കുന്ന ഒന്നാണ് 'രാഷ്ട്രീയ ഇടപെടലുകള്‍ എങ്ങനെ ചെറുത്തുനില്ക്കാം' എന്ന ചോദ്യം. പൊതുബോധത്തില്‍ എപ്പോഴോ പതിഞ്ഞുപോയതാണ് നല്ലവനായ ഉദ്യോഗസ്ഥനും മോശക്കാരനായ രാഷ്ട്രീയനേതാവും എന്ന പ്രാഗ്രൂപം. അനേകം സിനിമകളിലൂടെ ഉറച്ചുപോയ ഒരു ക്ളീഷേ (മലയാള സിനിമ ഇപ്പോഴും അവിടെത്തന്നെയാണെന്നതാണ് കഷ്ടം). യാഥാര്‍ഥ്യവുമായി ബന്ധമുള്ളതല്ല കറുപ്പും വെളുപ്പുമായി വേര്‍തിരിക്കപ്പെട്ട ഈ ചിത്രം. അഴിമതിവിരുദ്ധയോദ്ധാക്കളുടെ വേഷമണിഞ്ഞ് സ്വയം മഹത്വവത്കരിക്കുന്ന ചില ഉദ്യോഗസ്ഥരും ഈ ചിത്രത്തിന് സാധുതകൊടുക്കാന് സഹായിച്ചിട്ടുണ്ട്. അഴിമതിയെ എതിര്‍ക്കണം. ചട്ടങ്ങള്‍ കര്‍ശനമായി പിന്തുടരണം. നേതാക്കള്‍ പറയുന്നതെല്ലാം ശരിതെറ്റുകള്‍ നോക്കാതെ അനുസരിക്കേണ്ടതുമില്ല. എന്നാല്‍, രാഷ്ട്രീയനേതൃത്വത്തിന് ഭരണത്തില്‍ ഇടപെടാന്‍ ജനാധിപത്യവ്യവസ്ഥ നല്കുന്ന അവകാശം അംഗീകരിക്കണം. എല്ലാ ഇടപെടലുകളും അവിഹിതമല്ല. ഉദ്യോഗസ്ഥര്‍ക്കു തോന്നുംപോലെ പ്രവര്‍ത്തിക്കാനുള്ളതാണ് ഭരണം എന്ന നിലപാടും ജനാധിപത്യയുക്തിക്കു ചേരുന്നതല്ല.
ആദ്യത്തെ അഞ്ചോ ആറോ വര്‍ഷങ്ങളില്‍ രാഷ്ട്രീയനേതൃത്വവുമായി രൂപപ്പെടുന്ന ബന്ധം ഹൃദ്യവും പരസ്പരം അംഗീകരിക്കുന്നതുമാണെങ്കില് സിവില്‍ സര്‍വീസ് ജീവിതത്തില്‍ അതൊരു വലിയ നേട്ടംതന്നെയായിരിക്കും. സബ് കളക്ടറായി ചുമതലയേറ്റത്തിനുശേഷം ഏറ്റവുമധികം ബന്ധപ്പെട്ടിരുന്നത് കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പി.എം. അബൂബക്കറോടും എ.സി. ഷണ്മുഖദാസിനോടുമായിരുന്നു. പൊതുമരാമത്തു വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും മന്ത്രിമാര്‍. വാസ്തവത്തില്‍ എനിക്കതിനുമുമ്പ് ഒരു മന്ത്രിയെയും അറിഞ്ഞുകൂടായിരുന്നു. ഈ രണ്ടു നേതാക്കളായിരുന്നു മനസ്സില്‍പ്പതിഞ്ഞ മന്ത്രിമാരുടെ ആദ്യമാതൃകകള്‍. പി.എം. അബൂബക്കര്‍ നല്‍കിയിരുന്ന സ്നേഹവും പരിഗണനയും എത്ര വലുതായിരുന്നു എന്ന് ഞാന്‍ വിസ്മയിക്കുകയാണിപ്പോള്. ലളിതജീവിതമെന്നത് പ്രയോഗപാഠമാക്കിയ എ.സി. ഷണ്മുഖദാസ് മന്ത്രിപദം അവസാനിച്ചുകഴിഞ്ഞ് നേരെ ചെന്ന് കിഡ്സണ്‍ ടൂറിസ്റ്റ് ഹോമില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടറില്‍ക്കയറി വീട്ടില്‍പ്പോയത് വലിയൊരു കൗതുകവാര്‍ത്തയായിരുന്നു. പോയകാലത്തിന്റെ വിദൂരസീമയിലിരുന്ന് അവരിരുവരും പുഞ്ചിരിതൂകുന്നത് എനിക്കു കാണാം.
കോഴിക്കോട്ടുനിന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരായി ആലപ്പുഴയ്ക്ക് മാറുമ്പോള്‍ ഇ. അഹമ്മദാണ് വ്യവസായവകുപ്പ് മന്ത്രി, എന്നോട് വലിയ സ്നേഹവും വിശ്വാസവുമായിരുന്നു അദ്ദേഹത്തിന്. അവസാനനാള്‍വരെയും ആ സ്നേഹബന്ധം നിലനില്ക്കുകയും ചെയ്തു. ആലപ്പുഴയില്‍വെച്ച് കെ.ആര്. ഗൗരിയമ്മ, സുശീലാ ഗോപാലന്, തച്ചടി പ്രഭാകരന്, എ.വി. താമരാക്ഷന്‍, ദിനകരന് എന്നീ നേതാക്കളുമായി പരിചയപ്പെട്ടു. ''താന്‍ ഏതുനാട്ടുകാരനാണ്? ആലപ്പുഴത്തെ കാര്യങ്ങള്‍ വല്ലോം ഇയ്യാക്കറിയാവോ?'' എന്ന ആമുഖത്തോടെയാണ് ഗൗരിയമ്മ എന്നെ ആലപ്പുഴയിലേക്ക് 'സ്വാഗതം' ചെയ്തത്. പക്ഷേ, കുറച്ചുനാള്‍ക്കകം ജില്ലാ വ്യവസായകേന്ദ്രം മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയപ്പോള്‍ പരസ്യമായി അതംഗീകരിക്കാനും ഗൗരിയമ്മയ്ക്ക് മടിയുണ്ടായില്ല.
ഒരു ജില്ലയുടെ രാഷ്ട്രീയസംസ്കാരവും ട്രേഡ് യൂണിയന് ചരിത്രവും ഉള്‍ക്കൊള്ളണമെങ്കില്‍ അവിടത്തെ വ്യാവസായികവളര്‍ച്ചയുടെ നാള്‍വഴി പഠിച്ചാല്‍ മതി. പ്രാദേശികചരിത്രത്തിലെ വൈകാരിക ഭൂപടമറിയാതെ ഓരോ തീരുമാനങ്ങളെടുക്കുന്നത് വലിയ അബദ്ധത്തില്‍ കൊണ്ടുചെന്നെത്തിക്കും. പുന്നപ്രയുടെയും വയലാറിന്റെയും പ്രാധാന്യമറിയാതെ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഒരുദ്യോഗസ്ഥന് അപഹാസ്യനാവും. അരൂരിലെ വ്യവസായ എസ്റ്റേറ്റിലും മറ്റും ധാരാളം യൂണിറ്റുകള്‍ പൂട്ടിക്കിടന്നിരുന്നെങ്കിലും പുതിയ കുറെ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ജില്ലാ വ്യവസായകേന്ദ്രത്തിന്റെ പ്രവര്‍ത്തങ്ങള്‍ വഴി സാധിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ ജീവിതം ആലേഖനംചെയ്ത മലയാളത്തിന്റെ മഹാനായ നോവലിസ്റ്റിനെ തകഴിയില്പ്പോയി ഇടയ്ക്കൊക്കെ കാണാന്‍ സാധിച്ചിരുന്നതും അക്കാലത്തെ ഒരു സൗഭാഗ്യമായിരുന്നു. സാഹിത്യത്തിലൂടെ നേടുന്ന വൈകാരികമായ അറിവുകള്‍ക്ക് നമ്മുടെ ചരിത്രബോധത്തിന് മിഴിവുനല്കാന് സാധിക്കും. 'രണ്ടിടങ്ങഴി'യിലൂടെ അറിഞ്ഞ കുട്ടനാടും 'തോട്ടിയുടെ മകനി'ലൂടെ അറിഞ്ഞ ആലപ്പുഴയും 'ചെമ്മീനി'ലൂടെ പരിചയിച്ച പുറക്കാടും എന്റെ മനസ്സില്‍ നേരത്തേ ഇടംനേടിയിരുന്നു.
അങ്ങനെയിരിക്കെ നിനച്ചിരിക്കാതെ എന്നെ വ്യവസായകേന്ദ്രത്തില്‍നിന്ന് മാറ്റി ആലപ്പുഴയില്‍ത്തന്നെ ആസ്ഥാനമുള്ള സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറാക്കി. അവിടെ എം.ഡി.യായിരുന്ന എന്നെക്കാള്‍ സീനിയറായ ഉദ്യോഗസ്ഥനോട് മന്ത്രിക്കുതോന്നിയ നീരസമായിരുന്നു ആ സ്ഥാനചലനത്തിന് കാരണം. ഞാനതു മനസ്സിലാക്കിയത് മന്ത്രിയില്നിന്നുതന്നെ. പുതിയ ജോലിയില്‍ രണ്ടാഴ്ച പിന്നിട്ടപ്പോള്‍ മന്ത്രി എന്തോ ഒരു കാര്യം നിര്‍ദേശിക്കുകയും അത് ചെയ്യുന്നതിലുള്ള നിയമപരവും പ്രായോഗികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാന്‍ വിശദീകരിക്കുകയും ചെയ്തു. മന്ത്രി ചിരിച്ചു: ''നിങ്ങളും നിങ്ങളുടെ മുന്‍ഗാമിയും പറഞ്ഞ കാര്യങ്ങള്‍ ഒന്നുതന്നെ. ഞാന്‍ പറഞ്ഞത് രണ്ടുപേരും ചെയ്തില്ല. പക്ഷേ, നിങ്ങള്‍ അത് സൗമ്യമായി പറഞ്ഞു. എനിക്ക് ദേഷ്യംതോന്നാത്ത രീതിയില്‍. മറ്റേ ഓഫീസറും പറഞ്ഞത് ഇതുതന്നെ. അതെന്നെ പക്ഷേ, ചൊടിപ്പിച്ചു.'' ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കിട്ടിയ വലിയൊരു സര്‍ട്ടിഫിക്കറ്റായിരുന്നു ആ വാക്കുകള്‍. പ്രതികരണമര്യാദയുടെ വലിയൊരു പാഠവും.
കയര്‍ കോര്‍പ്പറേഷനിലെ നിയമനം പുതുതായി ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരമായി. കയറുത്പന്നങ്ങളുടെ കയറ്റുമതിയാണ് പ്രധാനപ്രവര്‍ത്തനം. യൂറോപ്പിലേക്കും റഷ്യയിലേക്കും സ്കാന്ഡിനേവിയന് രാജ്യങ്ങളിലേക്കും ഞങ്ങള്‍ കയറ്റുമതിചെയ്തിരുന്നു. കയറ്റുമതിയെ നിയന്ത്രിക്കുന്ന ഒട്ടേറെ നടപടിക്രമങ്ങളുടെ നൂലാമാലകളുണ്ടായിരുന്നു അക്കാലത്ത്. കരുത്തുള്ള സ്വകാര്യ 'കയര്‍ മുതലാളിമാരും' ആലപ്പുഴയിലുണ്ട്. അവരോടു മത്സരിക്കണം. അനേകം വൈരുധ്യങ്ങളെ കൂട്ടിയിണക്കലാണ് എന്റെ പണി എന്ന് മനസ്സിലായി. മൊത്തമായി ഓര്‍ഡര്‍ തരുന്ന വിദേശസ്ഥാപനങ്ങളെയും വ്യക്തികളെയും സന്തുഷ്ടരായി നിലനിര്‍ത്തണം. അതിനു രണ്ടുകാര്യങ്ങളില്‍ നിഷ്കര്ഷപുലര്ത്തിയേ കഴിയൂ. കയറ്റിയയക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം മികച്ചതായിരിക്കണം. മറ്റൊന്ന്, പറഞ്ഞസമയത്ത് അവിടെ സാധനമെത്തണം. ഗുണനിലവാരത്തില്‍ കയര്‍ കോര്പ്പറേഷന് വലിയ ആശങ്കയില്ലായിരുന്നു; ജാഗ്രതവേണമെങ്കിലും. എന്നാല്‍, കരാറിലെ സമയപരിധിക്കുള്ളില്‍ ഉത്പന്നങ്ങള്‍ കപ്പലില്ക്കയറ്റാനും നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ എത്തിക്കാനുമുള്ള ശ്രമം എളുപ്പമായിരുന്നില്ല. ഞങ്ങളുടെ ഫാക്ടറികളില്‍ മാത്രമായിരുന്നില്ല ഉത്പാദനം. ചെറുകിട ഉത്പാദകരില്‍നിന്ന് വാങ്ങിയാണ് ഓര്‍ഡര്‍ പൂര്‍ത്തീകരിക്കുക. പറഞ്ഞസമയത്തു തരാനുള്ള ശുഷ്കാന്തി വിരളമായിരുന്നു. വിദേശിക്കാണെങ്കില് നമ്മുടെ ഈ ശീലങ്ങളൊന്നും അറിയേണ്ട കാര്യമില്ല. നമ്മളോട് അസംതൃപ്തിതോന്നിയാല് അവരെ സ്വാഗതംചെയ്യാന്‍ മറ്റെത്രയോ കമ്പനികളുണ്ട്! ആലപ്പുഴയുടെ ആലസ്യത്തിനും യൂറോപ്പിന്റെ കണിശതയ്ക്കുമിടയില് ഉഴലുക എന്നതാണ് കയര്‍ കോര്പ്പറേഷന് മേധാവിയുടെ വിധി.
അപ്പോഴാണ് ലണ്ടനിലെ ഒരു ട്രേഡ് ഫെയറില്‍ പങ്കെടുക്കാനും നമ്മുടെ ഉത്പന്നങ്ങള്‍ സ്ഥിരമായി ഇറക്കുമതിചെയ്തിരുന്ന വലിയ സ്ഥാപനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുംവേണ്ടി ഒരു വിദേശയാത്ര നടത്താന്‍ തീരുമാനിക്കുന്നത്. ജി.പി. മംഗലത്തുമഠം എന്ന തലമുതിര്‍ന്ന നേതാവാണ് ചെയര്മാന്. ഞങ്ങള്‍ രണ്ടുപേര്‍ പോകാന്‍ സര്‍ക്കാര്‍ അനുവദിച്ചു. എന്നാല്‍, ഇപ്പോഴത്തെപ്പോലെ ബാങ്കില്‍പ്പോയി രൂപകൊടുത്ത് ആവശ്യമുള്ള ഡോളര്‍ എടുക്കുന്ന രീതിയല്ല അന്ന്. വിദേശനാണ്യത്തിനായി റിസര്‍വ് ബാങ്കിന്റെ അനുമതിവേണം. ആര്‍ക്കൊക്കെ എത്ര ഡോളര്‍ അനുവദിക്കണമെന്നും ആര്.ബി.ഐ. തീരുമാനിക്കും. യാത്രപുറപ്പെടേണ്ട ദിവസം അടുത്തു. ചെയര്‍മാനുള്ള വിദേശനാണ്യം റിസര്‍വ് ബാങ്ക് അനുവദിച്ചില്ല. എനിക്കുള്ളത് അനുവദിക്കുകയും ചെയ്തു. തീരുമാനത്തിന്മേല് അപ്പീല്‍ കൊടുക്കാനും അപ്പീല്‍ അനുവദിക്കുന്നമുറയ്ക്ക് ചെയര്‍മാന്റെ ടിക്കറ്റ് മാറ്റിയെടുക്കാനും നിര്‍ദേശം നല്കി, നിശ്ചയിച്ചിരുന്ന സമയത്തുതന്നെ ഞാന്‍ വിമാനം കയറി. ചെയര്‍മാന്റെ യാത്രയ്ക്കുള്ള വിഘ്നം നീങ്ങിക്കിട്ടുന്നതുവരെ എന്റെ യാത്ര നീട്ടിവെക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. വിദേശികള്‍ക്ക് കൊടുത്ത തീയതികളിലും മറ്റും അവസാനനിമിഷത്തില്‍ മാറ്റങ്ങള്‍ വരുത്തുക സാധ്യമായിരുന്നില്ല. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഇല്ലാത്ത കാലമാണെന്നുംകൂടി ഓര്‍ക്കണം. ആദ്യത്തെ വിദേശയാത്രയായിരുന്നതിനാല് ഞാന്‍ വലിയ ആവേശത്തിലായിരുന്നു എന്നത് മറ്റൊരുകാര്യം.
മൂന്നാഴ്ചകൊണ്ട് ഏഴു രാജ്യങ്ങളില്‍ പോകണം. ഇപ്പോള്‍ ലോകഭൂപടത്തില്‍ ഇല്ലാത്ത സോവിയറ്റ് യൂണിയനും ചെക്കോസ്ലോവാക്യയും ഇതില്‍ ഉള്‍പ്പെടും. ചെക്കോസ്ലൊവാക്യയുടെ തലസ്ഥാനമായ പ്രാഗ് (പ്രാഹ) എന്ന മനോഹരനഗരത്തില്‍ ഞങ്ങള്‍ക്കൊരു ഏജന്റുണ്ടായിരുന്നു. ഒരു ചെക്ക് സ്ത്രീയെ വിവാഹംചെയ്ത് മുപ്പതിലേറെ വര്‍ഷങ്ങളായി പ്രാഗില്‍ സ്ഥിരതാമസമാണ് മലയാളിയായ പിള്ള. സര്‍ക്കാര്‍ കമ്പനിയാണ് ഞങ്ങളില്‍നിന്ന് കയര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. പിള്ള ഔപചാരികമായി ആ കമ്പനിയില്‍ ജോലിചെയ്തിരുന്നോ അനൗപചാരിക ഏജന്റായിരുന്നോ എന്നെനിക്ക് നിശ്ചയമില്ല. കമ്പനി പ്രതിനിധികളെ കാണാനും മറ്റും പിള്ള ഇല്ലായിരുന്നെങ്കില്‍ സാധിക്കുമായിരുന്നില്ല. നെസ് കഫെയുടെ കുപ്പികള്‍, നീലഗിരി തേയില ഇവയൊക്കയായിരുന്നു അന്നത്തെ പൂര്‍വയൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കരുതേണ്ട ഉപഹാരങ്ങള്‍. പിള്ളയുടെ ഉപദേശപ്രകാരമായിരുന്നു ഇതെല്ലാം കരുതിയത്. പ്രാഗിലെ അവസാനദിവസം പിള്ള എനിക്ക് അത്താഴം നല്കി. സാമ്പാര്വെക്കാനുള്ള പിള്ളയുടെ പരിശ്രമം പാതിവഴിയില്‍ പരാജയപ്പെട്ടുപോയി. ഒന്നോ രണ്ടോ ചെക്ക് വിഭവങ്ങള്‍ ഉണ്ടായിരുന്നത് രക്ഷയായി. കേരളത്തെക്കുറിച്ച് അവ്യക്തമെങ്കിലും ആര്ദ്രചിത്രങ്ങള് സൂക്ഷിക്കുന്ന പിള്ളയുടെ സ്നേഹം ഹൃദയസ്മൃതിയായി ഇപ്പോഴുമുണ്ട്.
ഡെന്മാര്ക്ക്, സ്വീഡന്, നോര്‍വേ എന്നീ സ്കാന്ഡിനേവിയന് രാജ്യങ്ങളില്‍ പോകാനായത് ഇപ്പോഴും മറന്നിട്ടില്ല. മനുഷ്യവിഭവസൂചികകളിലും സാമൂഹികനേട്ടങ്ങളിലും മലയാളികള്‍ക്ക് ഈ രാജ്യങ്ങളോട് താരതമ്യം ചെയ്യാന്‍ പണ്ടേ കമ്പമുണ്ട്. അച്ചടക്കത്തിലും നിയമങ്ങള്‍ അനുസരിക്കുന്നതിലുള്ള കര്ശനനിഷ്ഠയിലും ലോകത്തിനു അനന്യമാതൃകകളാണ് സ്കാന്ഡിനേവിയന് രാജ്യങ്ങള്‍. യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും സിങ്കപ്പൂരിലും നിയമങ്ങള്‍ അനുസരിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. ആ നിലവാരത്തിലും മേലെയാണ് സ്കാന്ഡിനേവിയന് രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെ ഉന്നതിയുടെ വേരുകള്‍ അന്വേഷിക്കുന്ന ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും കറകളഞ്ഞ അച്ചടക്കവും സമ്പൂര്‍ണ നിയമവിധേയത്വവുമാണ് ഇവരുടെ ഉയര്‍ച്ചയുടെ ആധാരശില എന്നാണ് എന്റെ നിഗമനം. ഈ രാജ്യങ്ങളുമായി കേരളം നടത്തുന്ന താരതമ്യത്തില്‍ ഉള്പ്പെടാതെപോകുന്നത് ഈ രണ്ടു മൗലികമൂല്യങ്ങളാണെന്നുകൂടി തിരിച്ചറിയണം.
സ്റ്റോക്ഹോമിലൊരു ഞായറാഴ്ച. ഹോട്ടല്‍മുറിയില്‍നിന്ന് ഞാന്‍ പുറത്തിറങ്ങി. ഒരാളെയും എവിടെയും കാണാനില്ല. കടകളൊന്നും തുറന്നിട്ടില്ല. നിരത്തുകളില്‍ ഒറ്റവാഹനമില്ല. റോഡ് മുറിച്ചുകടക്കാനായി നോക്കുമ്പോള്‍ കാല്‍നടക്കാര്‍ക്ക് ചുമപ്പ് ലൈറ്റ്. വാര്ധക്യത്തിലേക്കു കടക്കുന്ന ഒരു ഭര്‍ത്താവും ഭാര്യയും സിഗ്നല്‍കാത്ത് അപ്പുറത്തു നില്‍ക്കുകയാണ്. എന്നിലെ മലയാളി എന്നോട് പറഞ്ഞു: 'വാഹനമില്ലാത്ത റോഡ് മുറിച്ചുകടക്കാന്‍ നീ എന്തിനാണ് കാത്തുനിന്ന് സമയം കളയുന്നത്? ഈ കാത്തുനില്‍പ്പ് വെറുമൊരു പ്രഹസനം'. ഇരുവശവും നോക്കി. റോഡ് ശൂന്യം. ഞാന്‍ റോഡ് മുറിച്ചങ്ങു നടന്നു. അപ്പുറത്തു കാത്തുനിന്ന ദമ്പതിമാര്‍ എന്നെ തീക്ഷ്ണമായൊന്നു നോക്കി. പുച്ഛവും സഹതാപവും രോഷവും തുല്യ അനുപാതത്തില്‍ ചേര്‍ന്നിരുന്ന ആ നോട്ടത്തില്‍ ഞാന്‍ പൊള്ളിപ്പോകുന്നതുപോലെതോന്നി. എന്റെ രാജ്യത്തെ ഒറ്റുകൊടുത്തപോലെതോന്നി. സ്റ്റോക്ഹോമിലെ ഞായറാഴ്ചയും ആ നോട്ടത്തിലെ ഭര്‍ത്സനവും ഞാനിപ്പോഴും ഓര്‍ക്കും. നമ്മുടെ റോഡുകളിലെ നിയമത്തോടുള്ള അവഹേളനവും അരാജകത്വവും കാണുമ്പോള്‍; അതിന് ജീവിതങ്ങള്‍ ബലിനല്കപ്പെടുന്നതറിയുമ്പോള്.
.jpg?$p=a3c1fa2&&q=0.8)
അതിശൈത്യത്തിലാണ് ഞാന്‍ മോസ്കോയിലെത്തുന്നത്. എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലണ്ടന്‍ വിമാനത്താവളത്തില്‍നിന്നു വാങ്ങി എന്റെ ഹാന്ഡ്ബാഗില്സൂക്ഷിച്ച കെന്നഡിയുടെ മുഖചിത്രമുള്ള ടൈം മാഗസിന് ഒരു മാരകായുധം കണക്കെ പിടിച്ചുവാങ്ങി. നിങ്ങളുടെ നാട്ടില്‍ കയറ്റണ്ട, തിരികെപ്പോകുമ്പോള്‍ എനിക്കതു തിരികെവേണം എന്ന് ഞാന്‍ ശഠിച്ചത് അവര്‍ക്കത്ര പിടിച്ചില്ലെങ്കിലും രസീത് നല്കി. മടക്കയാത്രയില്‍ ഞാനതു തിരിച്ചെടുക്കുകയും ചെയ്തു. തണുപ്പുകാരണം നാലുദിവസം നീളേണ്ട പരിപാടികള്‍ ആതിഥേയര്‍ രണ്ടുദിവസമാക്കി ചുരുക്കി. കാഴ്ചകള്‍ കാണാനൊന്നും അനുകൂലമായിരുന്നില്ല ഒക്ടോബറിലെ മോസ്കോ കാലാവസ്ഥ. രണ്ടുദിവസം പിന്നിലേക്ക് ടിക്കറ്റ് മാറ്റിയെടുത്തു. എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് എയര്‍ ഇന്ത്യ വിമാനം ഇരുപത്തിനാലു മണിക്കൂര്‍ വൈകിയേ പോകൂ എന്നറിയുന്നത്. തിരികെപ്പോകാനാവില്ല. എയര്‍ ഇന്ത്യ തരപ്പെടുത്തിയ ഒരു ഡോര്‍മിറ്ററിയില്‍ ഒരു രാത്രിയും പകലും ചെലവിട്ടു. അവിടെവെച്ച് ഒരു പലസ്തീന് യുവാവിനെ പരിചയപ്പെട്ടു. രാത്രിയില്‍ അയാള്‍ അതിമനോഹരമായി വയലിനില്‍ മീട്ടിയ ഈണങ്ങളാണ് അയാളുമായി ചങ്ങാത്തംകൂടാന്‍ എന്നെ പ്രേരിപ്പിച്ചത്. പലസ്തീന് പ്രശ്നത്തെക്കുറിച്ചും അക്കാലത്തെ യുവാക്കള്‍ക്കിടയിലെ ഹീറോ ആയിരുന്ന യാസര്‍ അറഫാത്തിനെക്കുറിച്ചും ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അയാളുടെ ഇംഗ്ലീഷ് പരിജ്ഞാനം വളരെ പരിമിതം. എന്നിട്ടും ഞങ്ങള്‍ ആശയവിനിമയം നടത്തി. അയാളുടെ പിതാവ് ബോംബ് സ്ഫോടനത്തില്‍ മരിച്ചതാണ്. ആ യുവാവ് 1984-ല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രവചനമൂല്യമുണ്ടായിരുന്നതായി ഇപ്പോള്‍ ബോധ്യപ്പെടുന്നു. രണ്ടു നിരീക്ഷണങ്ങളാണ് അയാള്‍ നടത്തിയത്: 'യാസര്‍ അറഫാത്തിനെക്കൊണ്ട് പലസ്തീന്‍കാരുടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. പലസ്തീന് പ്രശ്നം ഒരു നൂറുവര്‍ഷത്തേക്ക് അവസാനിക്കില്ല. ഇനിയും അത് വഷളാകും. ഞങ്ങള്‍ ഇങ്ങനെതന്നെ അപകടകരമായി ജീവിക്കും.' സുമുഖനായ ആ പലസ്തീന് യുവാവിന്റെ ജീവിതം അയാള്‍ വായിക്കുന്ന വയലിന് സംഗീതത്തെപ്പോലെ എന്നെങ്കിലും രമണീയമായോ എന്നെനിക്കറിഞ്ഞുകൂടാ. പക്ഷേ, ആ യാദൃച്ഛിക സമാഗമം എന്നെ അസ്വസ്ഥനാക്കി. നമ്മുടെ ജീവിതസുരക്ഷിതത്തെക്കുറിച്ച് അഭിമാനിതനാക്കി.
ഒട്ടേറെ അനുഭവങ്ങളും അറിവുകളും പകര്‍ന്നുകിട്ടിയ വിദേശയാത്ര പൂര്‍ത്തിയാക്കി ഞാന്‍ മടങ്ങിയെത്തി. യാത്രനല്‍കിയ ഉള്‍ക്കാഴ്ചകളില്‍നിന്ന് കയര്‍ കോര്‍പ്പറേഷന്റെ കയറ്റുമതി മെച്ചപ്പെടുത്താനുള്ള അനേകം ആശയങ്ങള്‍ മനസ്സില്‍ കുറിച്ചിട്ടു. ചെയര്മാന് യാത്ര ഉപേക്ഷിച്ചു. അനുമതി കിട്ടിയപ്പോഴേക്കും എനിക്ക് മടങ്ങേണ്ട സമയമായി. ഒറ്റയ്ക്ക് യാത്രചെയ്യാന്‍ അദ്ദേഹം സന്നദ്ധനുമായിരുന്നില്ല. തിരികെ ആലപ്പുഴയെത്തി ഒരാഴ്ചയ്ക്കുള്ളില്‍ എന്നെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രഥമ രജിസ്ട്രാര്‍ ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കിട്ടി. ഇത്ര പെട്ടെന്നുള്ള ട്രാന്‍സ്ഫറിന്റെ പിന്നിലെ വികാരങ്ങള്‍ എനിക്കജ്ഞാതമായിരുന്നില്ല.
(തുടരും)
Content Highlights: k jayakumar writes service story palastine issue, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..