കെ. ജയകുമാറും കെ. കരുണാകരനും | ഫോട്ടോ: മാതൃഭൂമി
ആദ്യ രജിസ്ട്രാറായി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍; അവിടെനിന്നുമെത്തുന്നത് സംസ്ഥാന കാഷ്യു ഡെവലപ്മെന്റ് കോര്‍പ്പറേഷനില്‍; പിന്നീട് കുപ്രസിദ്ധനായ രാജന് പിള്ളയുമായുള്ള കച്ചവടബന്ധം; കോഴിക്കോട്ടേക്കുള്ള കളക്ടറായി പ്രഖ്യാപിക്കപ്പെട്ടശേഷംവന്ന ചില മാറ്റങ്ങള്‍ക്കുമുമ്പില്‍ കെ. കരുണാകരന് പറഞ്ഞ മറുപടി... മാതൃഭൂമി ദിനപത്രം വാരാന്തപതിപ്പില്‍ കെ. ജയകുമാര്‍ എഴുതുന്ന ആത്മകഥ 'സഞ്ചാരത്തിന്റെ സംഗീത'ത്തിന്റെ പത്താം അധ്യായത്തില്‍നിന്ന്;
ഇന്ന് കേരളത്തിലെ ഏറ്റവും മികവുള്ള സര്‍വകലാശാല കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയാണെന്നാണ് എന്റെപക്ഷം. വസ്തുനിഷ്ഠമായ വിലയിരുത്തലിനോടൊപ്പം വ്യക്തിനിഷ്ഠമായ പക്ഷപാതവും ഈ അഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ടാവണം. ആ സര്‍വകലാശാലയുടെ ആദ്യരജിസ്ട്രാര് എന്നനിലയില്‍ ഇത്രവര്‍ഷങ്ങള്‍ക്കുശേഷവും ഈ സര്‍വകലാശാലയുമായി സവിശേഷമായൊരു മാനസികസാമീപ്യം ഞാന്‍ സൂക്ഷിക്കുന്നുണ്ട്. ഡോ. എ.ടി. ദേവസ്യ എന്ന പ്രഗല്ഭനാണ് ആദ്യ വൈസ് ചാന്‍സലര്‍. ആദ്യ രജിസ്ട്രാര്‍ എന്ന് അക്കാലത്ത് മറ്റുള്ളവരോട് പറയുമ്പോള്‍ ചെറിയ ജാള്യമുണ്ടായിരുന്നു. ആദ്യ പരീക്ഷാ കണ്‍ട്രോളറായി നിയമിച്ച ഒരു പ്രൊഫസര്‍ എന്തൊക്കെയോ ദ്രവ്യങ്ങള്‍ കൈക്കൂലിയായി വാങ്ങിയതും കൈയോടെ പിടികൂടിയതും അന്ന് വലിയവാര്‍ത്തയായിരുന്നു. അവിടെ അന്ന് വി.സി.യും പ്രോ വൈസ് ചാന്‍സലറും മാത്രമേയുള്ളൂ. പരീക്ഷാ കണ്ട്രോളര് പുറത്തായിരുന്നു (അതോ അകത്തോ?). സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഞാന്‍ എടുത്തുപറയുമായിരുന്നു: 'കണ്ട്രോളറല്ല, രജിസ്ട്രാറാണ്' എന്ന്.
കോട്ടയത്തെ ബേക്കര്‍ സ്കൂളിലാണ് സര്‍വകലാശാലയുടെ ആസ്ഥാനം. ഇരിക്കാന്‍ കസേര ഉള്‍പ്പെടെ വാങ്ങേണ്ടിവന്നു. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് അടര്‍ത്തിമാറ്റിയ സര്‍വകലാശാലയ്ക്ക് ഒട്ടേറെ ബാലാരിഷ്ടതകളുണ്ടായിരുന്നു. കേരള സര്‍വകലാശാലയുടെ കീഴിലുണ്ടായിരുന്ന കുറെ കോളേജുകളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും വീതിച്ചെടുക്കണം. കോട്ടയം, എറണാകുളം ജില്ലകളിലെ മികച്ച കോളേജുകള്‍ പുതിയ യൂണിവേഴ്സിറ്റിയുടെ കീഴിലായി. ആദ്യകാലത്ത് ഗാന്ധിജി യൂണിവേഴ്സിറ്റി എന്നായിരുന്നു പേര്. കാരണം മഹാത്മാഗാന്ധി എന്ന പേര് എം.ജി. ആയി ന്യൂനീകരിക്കപ്പെടും എന്ന മുന്നറിവുതന്നെയായിരുന്നു. കാലാന്തരത്തില്‍ വിചാരിച്ച അപകടം സംഭവിക്കുകയും ഗാന്ധിജിയെ തള്ളിമാറ്റി, എം.ജി. എന്ന രണ്ടക്ഷരം സ്ഥാനംപിടിക്കുകയും ചെയ്തു. ടി.എം. ജേക്കബ് ആണ് അന്ന് വിദ്യാഭ്യാസമന്ത്രി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ബി.എസ്.സി. ബോട്ടണി പഠിച്ചിരുന്ന വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച പുതിയ സര്‍വകലാശാലയില്‍ ഒരുവര്‍ഷം പിറകിലായി അതേ കോളേജില്‍ ബി.എസ്സി. സുവോളജി പഠിച്ചിരുന്ന സഹപാഠി രജിസ്ട്രാറായി. അമിതസ്വാതന്ത്ര്യമെടുക്കാന് ഞാന്‍ മുതിര്‍ന്നില്ല; അമിതമായ അധികാരപ്രകടനത്തിന് അദ്ദേഹം ഒരിക്കലും തയ്യാറായതുമില്ല. എത്ര പെട്ടെന്നാണ് ഞങ്ങള്‍ തമ്മില്‍ കൃത്യമായ ഒരു ബന്ധത്തിന്റെ സമവാക്യം രൂപപ്പെട്ടതെന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ പ്രധാനവകുപ്പുകളുടെ സെക്രട്ടറിയായി. ആദ്യം സാംസ്കാരിക വകുപ്പിലും പിന്നെ കുറച്ചുകാലം സാമാന്യം സങ്കീര്‍ണമായ ജലസേചനവകുപ്പിലും (ഇപ്പോള്‍ ജലവിഭവവകുപ്പായി രൂപാന്തരംപ്രാപിച്ച പഴയ ഇറിഗേഷന്‍ വകുപ്പ്). അകാലത്തില്‍ മൃതി അദ്ദേഹത്തെ അപഹരിക്കുന്നതുവരെയും അടുത്തബന്ധവും വിശ്വാസവും ഞങ്ങള്‍ക്കിടയില്‍ നിലനിന്നു. വ്യക്തിബന്ധങ്ങള്‍ക്ക് എന്നും വലിയ പ്രാധാന്യം കല്പിച്ച ടി.എം. ജേക്കബ് താന്‍ പഠിച്ച കോളേജിനോടും അന്നത്തെ സൗഹൃദങ്ങളോടും എന്നും നല്ല ബന്ധം പുലര്‍ത്തി.
പുതിയൊരു സര്‍വകലാശാല ആരംഭിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നൂറുപ്രശ്നങ്ങളുണ്ട്. ചെറുതും വലുതുമായ പ്രായോഗിക ബുദ്ധിമുട്ടുകള്‍, നിയമപരമായ ബാധ്യതകള്‍, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തകള്‍, വിദ്യാര്‍ഥികളും അധ്യാപകരും നേരിടുന്ന പുതിയ പ്രശ്നങ്ങള്‍ ഇവയെല്ലാം അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. വൈസ് ചാന്‍സലര്‍ക്കാണ് പൂര്‍ണ ഉത്തരവാദിത്വം; എങ്കിലും രജിസ്ട്രാര്‍ക്കുള്ള നിര്വഹണച്ചുമതലകള് ഏറെയാണ്. ആ ബാലാരിഷ്ടതകളുമായി ഇത്ര ഗാഢമായ പരിചയം എനിക്ക് അത്രനേരത്തേ കിട്ടിയതിന്റെ പ്രയോജനവും സാംഗത്യവും മനസ്സിലാക്കുന്നത് പിന്നെയും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ റിട്ടയര്‍ ചെയ്യുമ്പോഴാണ്-2012-ല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായി നിയമിതനാവുമ്പോള്‍. ജീവിതം എത്ര കരുതലോടെയാണ് ഭാവിയില്‍ നടക്കേണ്ട പരീക്ഷയ്ക്കുവേണ്ടി എന്നെ സ്നേഹപൂര്‍വം തയ്യാറാക്കിയത് എന്നോര്‍ത്ത് വിസ്മയിക്കുന്നു.
മഹാത്മാഗാന്ധി സര്‍വകലാശാലാ രജിസ്ട്രാര്സ്ഥാനം ഒരു പ്രായോഗിക പരിശീലനകാലമായി കരുതുകയാണ് ഞാനിപ്പോള്‍. പിന്നീട് കേരള സര്‍വകലാശാലയില്‍ വൈസ് ചാന്സലറായിത്തീര്ന്ന ഡോ. എന്‍. ബാബുവായിരുന്നു അന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ പരീക്ഷാ കണ്ട്രോളറും എന്റെ ഏറ്റവും വലിയ ആശ്വാസവും. പില്ക്കാലത്ത് അവിടെ വി.സി. ആയ ഡോ. വി.എന്‍. രാജശേഖരന് പിള്ള അന്ന് അവിടെ പോളിമര്‍ കെമിസ്ട്രി പഠിപ്പിക്കാനായി കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് എല്ലാ ആഴ്ചയും വരുമായിരുന്നു. പിന്നീട് അദ്ദേഹം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി. പ്രഗല്ഭരായ ഒരുപാട് പ്രൊഫസര്‍മാരെയും എഴുത്തുകാരെയും കോട്ടയം ജീവിതത്തിനിടയില്‍ അടുത്തറിയാന്‍ സാധിച്ചു. മെഡിക്കല്‍ യൂണിവേഴ്സിറ്റി ഇല്ലാതിരുന്ന കാലമായതിനാല്‍ മെഡിക്കല്‍ കോളേജുമായും അവിടത്തെ പ്രഗല്ഭ ഡോക്ടര്‍മാരുമായും നല്ല ബന്ധം സ്ഥാപിക്കാനും രജിസ്ട്രാര്കാലം അവസരംനല്‍കി.
എന്തുകാരണംകൊണ്ടെന്ന് എനിക്കിപ്പോള്‍ ഓര്‍മയില്ല, പുതിയ സര്‍വകലാശാലയില്‍ സമരങ്ങള്‍ ധാരാളമായി നടന്നുകൊണ്ടേയിരുന്നു. പശ്ചാത്തലത്തില്‍ എപ്പോഴും സംഘര്ഷംപടരുന്ന സ്ഥാപനത്തില്‍ ജോലിചെയ്യുക അത്ര സുഖമുള്ള കാര്യമല്ല. സംഘര്‍ഷങ്ങളും അഭിപ്രായവൈജാത്യങ്ങളുമുണ്ടാവുന്നത് സ്വാഭാവികം. അത് ചര്‍ച്ചചെയ്യാന്‍പോലും കഴിയാതെവരുമ്പോള്‍ വ്യര്‍ഥതാബോധം സ്വാഭാവികം. വ്യക്തിപരമായി എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ഞാന്‍ സംതൃപ്തനായിരുന്നില്ല. ഒരുപാടു കാര്യങ്ങള്‍ പുതുതായി പഠിക്കാന്‍ കഴിഞ്ഞെങ്കിലും സര്‍വകലാശാലയുടെ ആസ്ഥാനം കോട്ടയം കളക്ടറേറ്റിന് എതിര്‍വശമുള്ള ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചെങ്കിലും കുറെ ആരംഭകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പങ്കാളിയാകാന്‍ കഴിഞ്ഞെങ്കിലും കുറെയേറെ പ്രഗല്ഭരെ അടുത്തറിയാന്‍ സാധിച്ചെങ്കിലും രജിസ്ട്രാര്‍ ജോലി ഒരു വര്‍ഷത്തിലധികം നീണ്ടുകാണാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല (കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അവിടെ വൈസ് ചാന്‍സലറുടെ ചുമതല ഒമ്പതുമാസം നിര്‍വഹിക്കാന്‍ എനിക്ക് അവസരമുണ്ടായി. അതും ജീവിതത്തിന്റെ മറ്റൊരു കാവ്യനീതിയായിരിക്കണം). കൃത്യം പന്ത്രണ്ടുമാസം പൂര്‍ത്തിയായപ്പോഴേക്കും എന്നെ കൊല്ലത്തെ സംസ്ഥാന കാഷ്യൂ ഡെവലപ്മെന്റ് കോര്പ്പറേഷന് മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഞങ്ങളുടെ സെക്കന്‍ഡ് ഹാന്‍ഡ് അംബാസഡര്‍ കാറില്‍ ഞാനും കുടുംബവും കൊല്ലത്തേക്ക് യാത്രയായി. ആലപ്പുഴ വിടുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് ഒരു മകളുംകൂടി പിറന്നിരുന്നു.
കാഷ്യൂവികസനം എന്ന സംജ്ഞ എത്ര സങ്കീര്‍ണമാണെന്ന് അവിടെ ചെന്നപ്പോഴാണ് മനസ്സിലാവുന്നത്. കയര്‍ വ്യവസായത്തില്‍നിന്ന് വ്യത്യസ്തം. ഓരോ ദിവസവും കച്ചവട തീരുമാനങ്ങളെടുക്കേണ്ട അപകടം പതിയിരിക്കുന്ന പണി. അമേരിക്കയിലും യൂറോപ്പിലുമാണ് വിപണി. ഇപ്പോഴത്തെ മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളൊന്നുമില്ല. ടെലെക്സിലൂടെയാണ് വ്യാപാരതീരുമാനങ്ങള്. അതൊക്കെ ഗോപ്യമായിരിക്കുകയും വേണം. ഇല്ലെങ്കില്‍ വഴുതിപ്പോകും. കൊല്ലത്ത് സമ്പന്നരായ അനേകം വന്കിടവ്യാപാരികളുണ്ട്. അവര്‍ക്ക് ഏതുവിലയ്ക്കും വില്‍ക്കാം, ഏതുവിലയ്ക്കും തോട്ടണ്ടി പുറത്തുനിന്നു വാങ്ങാം. എന്നാല്‍, ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇതൊക്കെ എങ്ങനെ സാധിക്കും? ഡയറക്ടര്‍ ബോര്‍ഡുണ്ട്, സര്‍ക്കാരുണ്ട്, തൊഴിലാളിസംഘടനകളുണ്ട്. ഭീമമായ നഷ്ടത്തിലാണ് കോര്പ്പറേഷന് പ്രവര്‍ത്തിക്കുന്നത്(അന്ന്). മുപ്പതിനായിരത്തിലേറെ തൊഴിലാളികളുണ്ട്. അവര്‍ക്ക് ഒരു വര്‍ഷം നൂറുദിവസമെങ്കിലും ജോലികൊടുക്കണം. ഇത്രയും പൊരുത്തക്കേടുകളെ കൂട്ടിയിണക്കലാണ് എന്റെ ജോലി. ഉദ്ദേശ്യശുദ്ധിയും സംശുദ്ധമായ രാഷ്ട്രീയപാരമ്പര്യവുമുള്ള വാസുദേവ ശര്‍മയായിരുന്നു ചെയര്മാന് എന്നത് പകര്‍ന്നുതന്ന ആശ്വാസം ചെറുതായിരുന്നില്ല.
സംഭവബഹുലവും ഉദ്വേഗജനകവും രസകരവുമായ കാഷ്യൂ കോര്പ്പറേഷന് ജീവിതം വിസ്തരിക്കുന്നില്ല. കൗതുകമുണര്‍ത്തുന്ന രണ്ട് ഓര്‍മകള്‍മാത്രം കുറിക്കാം. കേരളത്തില്‍നിന്ന് ആഗോളനിലവാരത്തിലേക്കുയര്ന്ന ആദ്യത്തെ ബിസിനസ്താരം കൊല്ലംകാരനായ രാജന് പിള്ളയായിരുന്നു. കശുവണ്ടി മേഖലയാണ് രാജന്റെ തട്ടകം. പിന്നീട് അദ്ദേഹം അമേരിക്കന്‍ ബിസ്കറ്റ്് ഭീമനായ നബിസ്കോയുടെ ഉന്നതസ്ഥാനത്തെത്തുകയും ബ്രിട്ടാനിയയുടെ ചെയര്‍മാനാവുകയും ചെയ്തത് ചരിത്രം. സ്വന്തം ബുദ്ധിശക്തികൊണ്ടും വമ്പന്‍ ബിസിനസില്‍ കരുക്കള്‍ നീക്കാനുള്ള കഴിവുകൊണ്ടും ഉയരങ്ങള്‍ കീഴടക്കിയ രാജന് പിള്ളയുടെ ജ്വലിച്ചുനിന്ന ജീവിതം വളരെ പെട്ടെന്ന് ദുരന്തപര്യവസായിയാവുകയായിരുന്നു. അതിന്റെ പിന്നിലെ കോര്‍പ്പറേറ്റ് തന്ത്രങ്ങളും ഉപജാപങ്ങളും ആരെയും അമ്പരപ്പിക്കും.
.jpg?$p=3c0c101&&q=0.8)
അതല്ല നമ്മുടെ വിഷയം. രാജന് പിള്ളയെ രണ്ടുതവണ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ. പക്ഷേ, ഫോണില്‍ ബന്ധപ്പെടുമായിരുന്നു. രാജന് പിള്ളയുമായി നടത്തിയ ഒരു കച്ചവടത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. പതിനായിരം ടണ്‍ തോട്ടണ്ടി നൈജീരിയയില്‍നിന്ന് കിട്ടും. വേണമോ? രാജന്റെ ലണ്ടനില്‍നിന്നുള്ള ചോദ്യം. എന്തുകൊണ്ട് സ്വന്തം അച്ഛന്റെ കമ്പനിക്ക് ഇത് കൊടുക്കുന്നില്ല, ഞങ്ങളോട് എന്താണിത്ര സ്നേഹം തുടങ്ങിയ വേണ്ടതും വേണ്ടാത്തതുമായ ചോദ്യങ്ങള്‍ മനസ്സില്‍ പൊന്തിവന്നെങ്കിലും ഞാന്‍ ചോദിച്ചില്ല. വിലയെക്കുറിച്ചു ധാരണയായി. പക്ഷേ, ഞങ്ങളുടെ പക്കല്‍ പണമില്ല. അതേസമയം തോട്ടണ്ടി വേണംതാനും. അതിനും രാജന് പരിഹാരം നിര്‍ദേശിച്ചു. ലണ്ടനില്‍നിന്ന് ബാങ്ക് വഴി രണ്ടുശതമാനം പലിശയ്ക്ക് തോട്ടണ്ടിവാങ്ങാനുള്ള പണം വായ്പയായി അനുവദിപ്പിക്കാം. ഞങ്ങളുടെ ബാങ്ക് ഗ്യാരന്റി കൊടുത്താല്‍മതി. ഇവിടെ 15 ശതമാനം പലിശ നില്‍ക്കുമ്പോഴാണ് ഈ ഓഫര്‍. എങ്ങനെ വേണ്ടെന്നുെവക്കും? പക്ഷേ, എനിക്കൊരു സന്ദേഹം. ഈ തോട്ടണ്ടി വറുത്തെടുത്തു ഗ്രേഡിങ് കഴിഞ്ഞു വില്ക്കാന് സമയമാവുമ്പോള്‍ ലോകവിപണിയില്‍ വില കുത്തനെ താണാലോ? (അതറിഞ്ഞിട്ടാണോ ബുദ്ധിമാനായ രാജന് പിള്ളയുടെ ഈ നീക്കം?). ഞാന്‍ ഈ സന്ദേഹം ഉന്നയിച്ചപ്പോള്‍ അതിനൊരു കിടിലന്‍ പരിഹാരം അദ്ദേഹം കണ്ടെത്തി: ''അതിനെന്താ, അമ്പത് ശതമാനം ഉത്പന്നം ഒരു നിശ്ചിതവിലയ്ക്ക് ഞാന്‍ ഇപ്പോള്‍തന്നെ വാങ്ങിയേക്കാം.'' ഞാന്‍ കണക്കുകൂട്ടിയപ്പോള്‍ ഇതിനെക്കാള്‍ ഒരു ഭാഗ്യം കിട്ടാനില്ല.
എല്ലാം ഉറപ്പിച്ചു. തോട്ടണ്ടി ആഫ്രിക്കയില്‍നിന്ന് കപ്പലില്‍ക്കയറി. തൊട്ടടുത്തയാഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം അവതരിപ്പിച്ചു, എന്റെ നടപടിക്ക് സാധൂകരണം വേണമല്ലോ. അപ്പോഴതാ കൊടുങ്കാറ്റിന്റെ ഊഴം. ബോര്‍ഡ് അംഗങ്ങള്‍ ക്ഷുഭിതര്‍. ''ഇത് ശരിയായ നടപടിയല്ല. ഇത്ര വലിയ കാര്യങ്ങള്‍ ഞങ്ങള്‍ അറിയണ്ടേ?'' ചെയര്‍മാനെ എല്ലാം ധരിപ്പിച്ചിട്ടുണ്ടെന്നു ഞാന്‍. മാനേജിങ് ഡയറക്ടര്‍ ചെയ്തത് ശരിയായില്ല; ഡയറക്ടര്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കുകയാണ് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ക്കാണ് ബോര്‍ഡില്‍ മുന്‍തൂക്കം. നാടകീയമായി ഞാന്‍ പറഞ്ഞു: ''ശരി ബോര്‍ഡ് അംഗീകരിക്കുന്നില്ലെങ്കില്‍ വേണ്ട. ഈ തോട്ടണ്ടി നഷ്ടമില്ലാത്തവിലയ്ക്ക് ഞാന്‍ ഇപ്പോള്‍തന്നെ ആര്‍ക്കെങ്കിലും വില്‍ക്കാം. പക്ഷേ, ഒരു കാര്യമുണ്ട്. തൊഴിലാളികള്‍ക്ക് എത്രദിവസത്തെ ജോലിയാണ് ഇതുവഴി നഷ്ടപ്പെട്ടതെന്ന് ഞാന്‍ പത്രസമ്മേളനം നടത്തി പറയും. കോര്പ്പറേഷന് കിട്ടുമായിരുന്ന എത്രലക്ഷം രൂപയാണ് നഷ്ടമായതെന്നും വിശദമാക്കും. ബോര്‍ഡ് എന്റെ നടപടി അംഗീകരിക്കുന്നില്ല എന്ന് തീരുമാനിച്ചോളൂ.'' ഇത്രയും കടുപ്പത്തില്‍ എന്റെ നിലപാട് വിശദമാക്കിയതോടെ കാര്യങ്ങള്‍ ശാന്തമായി. അഭിപ്രായഭിന്നതകള്‍ ഒടുങ്ങി, ഞങ്ങള്‍ കശുവണ്ടി കഴിച്ച് യോഗം അവസാനിപ്പിച്ചു.
രാജന് പിള്ള എന്തുകൊണ്ട് ലോക ബിസിനസ് നേതാക്കളുടെ മുന്നിലെത്തി എന്ന എന്റെ അന്വേഷണത്തിനുള്ള ഉത്തരമായിരുന്നു ഈ കച്ചവടം എനിക്കു നല്കിയ പാഠം. ചിലര്‍ അവസരങ്ങളില്‍ അപകടങ്ങള്‍ കാണുന്നു. വിജയി അപകടങ്ങളിലും വെല്ലുവിളികളിലും അവസരങ്ങള്‍ കാണുന്നു. അവസരങ്ങളും സാധ്യതകളും കാണാനുള്ള കണ്ണും പ്രവര്‍ത്തിക്കാനുള്ള ധീരതയുമാണ് വിജയിയുടെ മുദ്ര.
കൊല്ലത്തുവെച്ച് മറ്റൊരു രസകരമായ സംഭവമുണ്ടായി. ഒരു പ്രാദേശിക പത്രത്തില്‍ ബാനര്‍ തലക്കെട്ട്: 'കശുവണ്ടി കോര്‍പ്പറേഷനില്‍ കാലിച്ചാക്കു വില്‍പ്പനയില്‍ ലക്ഷങ്ങളുടെ അഴിമതി. ഉന്നതര്‍ക്കും പങ്ക്.' കോടികളുടെ കയറ്റുമതി നടക്കുന്ന സത്പ്പേരുള്ള സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയതിനും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനുമെതിരേ ഞാന്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്യായം ഫയല്‍ചെയ്തു. ചിലരൊക്കെ ഉപദേശിച്ചു: ''ഇതൊന്നും വേണ്ട, അധികമാരും വായിച്ചിട്ടില്ലാത്ത ഈ വാര്‍ത്തയ്ക്ക് നമ്മളായിട്ട് എന്തിന് പ്രചാരം കൊടുക്കണം? പിന്നെ കോടതിയില്‍പ്പോയി നില്‍ക്കണ്ടേ? അതോക്കെ മിനക്കേടല്ലേ?'' ഞാന്‍ പക്ഷേ, വഴങ്ങിയില്ല. കോടതിയില്‍ വാദിയായി പോയിനില്‍ക്കാന്‍ ഞാനെന്തിന് മടിക്കണം? അടിസ്ഥാനമില്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ട് ആ പത്രാധിപര്‍ ഒന്നും സംഭവിക്കാത്തമട്ടില്‍ നടന്നാല്‍ അതെങ്ങനെ ശരിയാകും? ഏതായാലും കേസ് മുന്നോട്ടുപോയി. മൊഴികളെടുത്തു. മൂന്നുനാലു മാസം കഴിഞ്ഞപ്പോള്‍ പ്രമുഖരായ ചില സ്നേഹിതര്‍ ദൂതന്മാരായി രംഗത്തെത്തി. എഡിറ്റര്‍ മാപ്പ് എഴുതി പ്രസിദ്ധീകരിക്കും. അതോടെ കേസ് പിന്‍വലിക്കണം. കോടതി അത് അംഗീകരിക്കും. ഒന്നാം പേജില്‍വന്ന വാര്‍ത്ത തെറ്റായിരുന്നെന്ന് എട്ടാം പേജില്‍ ചെറിയൊരു കോളത്തില്‍ ഖേദിച്ചാല്‍ പോരല്ലോ എന്ന് ഞാന്‍. ഒന്നാംപേജില്‍ ആദ്യവാര്‍ത്ത പ്രസിദ്ധീകരിച്ച അതേ പ്രാധാന്യത്തോടെ ഖേദം പ്രകടിപ്പിച്ചാല്‍ ഒതുങ്ങാം എന്ന് ഞാന്‍ സമ്മതിച്ചു. അദ്ദേഹം ആവിധം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ശുഭം.
.jpg?$p=055e3e3&&q=0.8)
അനീതിയോടും അമാന്യതയോടും പ്രതികരിക്കാതിരിക്കുന്നത് അവയെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാണ്. തിന്മയുടെ ശബ്ദത്തെക്കാള്‍ നന്മയുടെ നിശ്ശബ്ദതയാണ് അപകടം എന്നാണ് എന്റെ വിശ്വാസം. 1986 മാര്‍ച്ചില്‍ കളക്ടര്‍മാരുടെ ട്രാന്‍സ്ഫറുകളും പോസ്റ്റിങ്ങുകളും സര്‍ക്കാര്‍ തീരുമാനിച്ചു. ജൂണ്‍ 30-ന് കോഴിക്കോട് കളക്ടര്‍ നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവില്‍ കെ. ജയകുമാര്‍ ആ ജില്ലയില്‍ കളക്ടറാകും. മൂന്നുമാസത്തിനുള്ളില്‍ വീണ്ടും കോഴിക്കോട്ടേക്ക് പോകാം എന്ന അറിവ് എന്നെ ഉത്സാഹിതനാക്കി. മാറ്റം നേരത്തേ അറിഞ്ഞതുകൊണ്ട് കാഷ്യൂ കോര്‍പ്പറേഷനില്‍ ക്രമീകരണങ്ങള്‍ ചെയ്യാനുമൊക്കെ സമയം കിട്ടും. ഈ ആഹ്ളാദത്തില്‍ അഭിരമിക്കെ ഉന്നതവും വിശ്വസനീയവുമായ ഒരു കേന്ദ്രത്തില്‍നിന്ന് ഒരു വിവരം കിട്ടി. 'ഈടാര്ന്നു വായ്ക്കുമനുരാഗ നദിക്കു വിഘ്നം കൂടാത്തൊഴുക്കനുവദിക്കയില്ല...' എന്ന കവിവാക്യം ഓര്‍മപ്പെടുത്തുന്ന ഒരു വിവരം. 'എന്നെ കോഴിക്കോട്ട് നിയമിക്കാനെടുത്ത തീരുമാനത്തിനു ഭേദഗതിവരാന് സാധ്യതയുണ്ട്. മിക്കവാറും അടുത്ത കാബിനറ്റ് യോഗത്തില്‍ തീരുമാനമെടുക്കും. കാസര്‍കോട്ടേക്കു മാറ്റും. ചിലര്‍ കോഴിക്കോട് ജില്ലയില്‍ കണ്ണുവെച്ചിരിക്കുന്നു.' എന്നെ കോഴിക്കോട് കളക്ടറായി നിയമിക്കാന്‍ ഞാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, പത്രത്തിലൊക്കെ വന്നിട്ട്, പിന്നെ ഈവിധമൊരു മാറ്റം എന്നെ ഏതോവിധത്തില്‍ സങ്കടപ്പെടുത്തി. ഞാന്‍ നേരെ ക്ളിഫ് ഹൗസിലേക്കുചെന്നു. കെ. കരുണാകരനാണ് മുഖ്യമന്ത്രി. ആശങ്കകള്‍ ഞാന്‍ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. ആദ്യമേ കാസര്‍കോട് നിയമിച്ചിരുന്നെങ്കില്‍ എനിക്കൊരു പ്രശ്നവുമില്ലായിരുന്നു. പക്ഷേ, മറ്റാര്‍ക്കോവേണ്ടി എന്നെ തള്ളിമാറ്റുന്നതില് വിഷമമുണ്ട്. അതായിരുന്നു ഞാന്‍ അദ്ദേഹത്തോട് പങ്കിട്ടത്.
''നിങ്ങളെ ആരാ കളക്ടറാക്കാന്‍ തീരുമാനിച്ചത്?'' മുഖ്യമന്ത്രിയുടെ നാടകീയമായ ചോദ്യം.
''സാറുതന്നെ''
''എന്നാല്‍, ആ സാറ് പറയുന്നു നിങ്ങള്‍ കോഴിക്കോട്ടുതന്നെ പോകും.''
അദ്ദേഹത്തിന്റെ കണ്ണുകളിലെ തിളക്കം ഞാന്‍ ഭയന്നതൊന്നും അസ്ഥാനത്തായിരുന്നില്ലെന്ന് എന്നോട് രഹസ്യമായി പറയുന്നുണ്ടായിരുന്നു. നല്ല കാര്യങ്ങള്‍ നടക്കുന്നതിനുമുമ്പ് മഴപെയ്യുമോ എന്നൊക്കെ നമ്മളെ ആശങ്കപ്പെടുത്താന്വേണ്ടിമാത്രം കാര്മേഘശകലങ്ങള് നിരന്ന്, പിന്നെ മാഞ്ഞുപോകാറില്ലേ? അതുപോലൊരു നാടകീയ പരിണാമഗുപ്തി. 1986 ജൂലായില്‍ ഞാന്‍ വീണ്ടും കോഴിക്കോട്ടെത്തി, കളക്ടറാകാന്‍.
തുടരും
Content Highlights: k jayakumar, sancharathinte sangeetham, autobiography, varanthapathippu, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..