ടി.കെ രാമകൃഷ്ണൻ, കെ. ജയകുമാർ | ഫോട്ടോ: മാതൃഭൂമി
കെ. ജയകുമാറിന്റെ ആത്മകഥ സഞ്ചാരത്തിന്റെ സംഗീതം തുടരുന്നു..
കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട ഐ.എ.എസ്. ട്രെയിനി ഉദ്യോഗസ്ഥര്‍ പരിശീലനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഔപചാരികമായി കാണുകയെന്നത് അന്നും ഇന്നുമുള്ള കീഴ്വഴക്കമാണ്. ഞങ്ങള്‍ അഞ്ചുപേര്‍ അന്നത്തെ ചീഫ് സെക്രട്ടറി ജി. ഭാസ്കരന് നായര്‍, ധനകാര്യവകുപ്പ് സെക്രട്ടറി എസ്. പത്മകുമാര്‍, റവന്യൂബോര്‍ഡ് അംഗം സക്കറിയ മാത്യു എന്നിവരെ നേരില്‍ക്കണ്ടത് ഓര്‍മയുണ്ട്. എല്ലാ സംഭാഷണങ്ങളും ഓര്‍മയില്ല. എന്നാല്‍, സക്കറിയ മാത്യുസാര്‍ തന്ന ഒരുപദേശം ഒരുവേദനയായി മനസ്സില്‍ മായാതെകിടപ്പുണ്ട്. എന്തായിരുന്നൂ സിവില്‍സര്‍വീസില്‍ ചേരാനുള്ള യഥാര്ഥപ്രേരണയെന്ന് ഞങ്ങളോട് അദ്ദേഹം ആരാഞ്ഞു. 'സദ്ഭരണം കാഴ്ചവെക്കുക, സര്‍ക്കാര്‍ പരിപാടികളൊക്കെ കാര്യക്ഷമമായി നടപ്പാക്കുക, ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക, നിഷ്പക്ഷമായി സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കുക' എന്നിങ്ങനെ മാതൃകാപരമായ ചില ലക്ഷ്യങ്ങളൊക്കെ ഞങ്ങള്‍ പങ്കുവെച്ചു. അതൊക്കെ ക്ഷമയോടെയും ഒട്ടഭിമാനത്തോടെയും കേട്ടശേഷം അദ്ദേഹം അതീവസ്നേഹത്തോടെ ഞങ്ങളോട് പറഞ്ഞു: ''നിങ്ങളെപ്പറ്റി എനിക്ക് പ്രതീക്ഷയുണ്ട്. നിങ്ങളുടെ ആദര്ശബലത്തില് വിശ്വാസവുമുണ്ട്. മിക്കവാറും എല്ലാവരും ഇങ്ങനെത്തന്നെയാണ് ആരംഭിക്കുന്നത്. എന്നാല്‍, ഒരു ഐ.എ.എസുകാരന്റെ ജീവിതത്തില്‍ ചിലപ്പോള്‍ നിരാശ കടന്നുവരാം. ഒന്നും നേരെയാകുന്നില്ലല്ലോ എന്ന് തോന്നിപ്പോകാം. അപ്പോള്‍ ഈ ആദര്‍ശമൊക്കെ ചിലര്‍ കൈവിട്ടുകളയും. ആ അപകടത്തില്‍നിന്ന് എത്ര അകന്നുനില്ക്കാമോ അത്രയും നല്ലത്.' മുന്‍പേനടന്ന ഒരാള്‍ തുടക്കക്കാര്‍ക്ക് അവശ്യംകൊടുക്കേണ്ട സ്നേഹോപദേശമായി ഞങ്ങള്‍ അതുള്‍ക്കൊണ്ടു. എന്നാല്‍, വളരെവര്ഷങ്ങള്ക്കുശേഷം, സത്യസന്ധതയ്ക്ക് മാതൃകയായ സക്കറിയ മാത്യുസാര്‍ പാംഓയില്‍ കേസുമായി ബന്ധപ്പെട്ടു അനുഭവിച്ച ഹൃദയവേദനയ്ക്ക് കണക്കില്ല. അറിയാതെചെന്ന് വീണുപോകുന്ന വാരിക്കുഴികള്കൂടി ഉള്‍പ്പെട്ടതാണ് സിവില്‍സര്‍വീസിന്റെ പ്രകാശവഴി.
തൃശ്ശൂര്‍ ജില്ലയിലെ പരിശീലനവും സംസ്ഥാനത്തിനുള്ളിലെ മറ്റു നിര്‍ബന്ധ പരിശീലനങ്ങളും പൂര്‍ത്തിയാക്കി ഹ്രസ്വമായ അന്തിമപരിശീലനത്തിന് വീണ്ടും മുസൂറിയിലേക്കു യാത്രയായി. അതത് സംസ്ഥാനങ്ങളിലെ അനുഭവങ്ങളും സബ് കളക്ടറാകാനുള്ള അക്ഷമയും ഞങ്ങളെല്ലാവരും പങ്കുവെച്ചു. രണ്ടു മാസം നീണ്ടുനിന്ന ആ പരിശീലനവും പൂര്‍ത്തിയാക്കി 1980 ജൂലായ് മാസത്തില്‍ വീണ്ടും കേരളത്തിലെത്തി.
സബ് കളക്ടറായി എന്നെ നിയമിച്ചിരിക്കുന്നത് കോഴിക്കോട്ടാണെന്നറിഞ്ഞപ്പോള് എന്നെക്കാള്‍ ആനന്ദിച്ചത് അച്ഛനായിരുന്നു. അതിനു കാരണമുണ്ട്. അച്ഛന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിത്തീര്‍ന്ന 'കുട്ടിക്കുപ്പായം' എന്ന പടം ചിത്രീകരിച്ചത് കോഴിക്കോട്ടെ മുക്കത്തും പരിസരത്തുമായിരുന്നു. കോഴിക്കോടിന്റെ സംഗീതഹൃദയമായിരുന്ന ബാബുരാജ് അച്ഛന്റെ ഉറ്റ മിത്രമായിരുന്നു. കുട്ടിക്കുപ്പായത്തിലെ എല്ലാ ഗാനകളും സൂപ്പര്‍ഹിറ്റുകളായി. ഒരുപാട് ചിത്രങ്ങളില്‍ അവര്‍ ഒരു വ്യാഴവട്ടക്കാലം സഹകരിക്കുകയും അനശ്വരമായ അനവധി ഗാനങ്ങള്‍ ഒരുക്കുകയുംചെയ്തു. ഗാഢമായൊരു ഹൃദയബന്ധമായിരുന്നു ബാബുരാജുമായി അച്ഛനുണ്ടായിരുന്നത്. 1980-ല്‍ ഞാന്‍ കോഴിക്കേട്ടേക്കു നിയോഗിക്കപ്പെടുന്നതിനും രണ്ടുവര്‍ഷംമുമ്പേ ബാബുരാജ് സംഗീതമൊടുങ്ങാത്ത അമരലോകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. അങ്ങനെ അച്ഛന്റെ സന്തോഷംകൊണ്ട് സ്വാഗതസജ്ജമായ കോഴിക്കോട് നഗരത്തില്‍ സബ് കളക്ടറായി ചാര്‍ജെടുക്കാനായി ഞാന്‍ എത്തിച്ചേര്‍ന്നു.
ജൂലായ് രണ്ടാംവാരം ആരംഭിക്കുന്ന തിങ്കളാഴ്ച രാവിലെത്തന്നെ ജോലിയില്‍ പ്രവേശിക്കാനായി ഞായറാഴ്ച ഉച്ചയോടെ വെസ്റ്റ്ഹിലിലെ റെസ്റ്റ് ഹൗസില്‍ എത്തിയ ഞാന്‍ വൈകുന്നേരം നഗരം നടന്നുകാണാനായി പുറത്തിറങ്ങി. നടക്കാവെത്തുംമുമ്പ് ശക്തമായ മഴപെയ്യാന്‍ തുടങ്ങി. അടഞ്ഞുകിടന്ന ഒരു കടയുടെ ഇറയത്തു ഒരുമണിക്കൂറോളം കാത്തുനിന്നതു എനിക്കിപ്പോഴും ഓര്‍മയുണ്ട്, അപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങളും മറന്നിട്ടില്ല. മഴയത്തു എന്നോടൊപ്പം കടയുടെ വരാന്തയില്‍ അഭയംതേടിയ ഒന്നോ രണ്ടോ ഇരുചക്രവാഹനക്കാരുമുണ്ടായിരുന്നു. താന്പോരിമയിലമര്ന്ന എന്റെ അപക്വമനസ്സ് സ്വയം പറഞ്ഞു: ''നാളെമുതല്‍ ഞാനിവിടത്തെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണെന്നു ഇവര്‍ക്കറിയില്ല''
.jpg?$p=6a12f4a&&q=0.8)
1980ലെ ആ ജൂലായിലെ മഴചൊരിയുന്ന സായാഹ്നത്തില്‍ അടഞ്ഞുകിടന്ന കടയുടെ ഇറയത്തു കയറിനിന്ന ഇരുപത്തെട്ടു തികയാത്ത ആ യുവാവിന് വരാനിരിക്കുന്നതിനെക്കുറിച്ച് ദീര്ഘദര്ശനംചെയ്യാന് കഴിവില്ലല്ലോ. കോഴിക്കോട് നഗരത്തില്‍ അന്നെനിക്ക് ആകെ അറിയാമായിരുന്നത് ജോസ്-രമേഷ് എന്ന രണ്ടു ആര്‍ക്കിടെക്റ്റുകളെയും എന്നോടൊപ്പം ഐ.എ.എസ്. നേടിയ രാജഗോപാലന്റെ സഹോദരീഭര്‍ത്താവായ രവീന്ദ്രന് എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റിനെയുംമാത്രം. (ഇപ്പോള്‍ ഇവരില്‍ രാജഗോപാലുമില്ല, രവീന്ദ്രനുമില്ല, ജോസുമില്ല.) മൂന്നു പരിചയക്കാരുമായി കോഴിക്കോട്ടു ജീവിതം ആരംഭിച്ച എനിക്ക് ആ നഗരം പിന്നീട് സമ്മാനിച്ചത് വിലമതിക്കാനാവാത്ത പാരിതോഷികങ്ങളായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ കാലമെന്ന മഹാമാന്ത്രികന്റെ വിസ്മയവൈഭവവും പരമോദാരതയും നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം എന്നെ ധന്യനും വിനമ്രനുമാക്കുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഈ വാക്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാനുള്ള പ്രേരണയ്ക്ക് വഴങ്ങാതിരിക്കാന്‍ എനിക്ക് കെല്പില്ല.: അജ്ഞാതനായിരുന്ന സ്നേഹിതര്‍ക്ക് എന്നെ അങ്ങ് പരിചിതനാക്കി. എന്റേതല്ലാത്ത ഭവനങ്ങളില്‍ എനിക്ക് ഇടം നല്കി. അവിടുന്ന് അകലങ്ങളെ അരികിലെത്തിക്കുകയും അപരിചിതനെ സഹോദരനാക്കിത്തരികയും ചെയ്തുവല്ലോ.(ഗീതാഞ്ജലി 63)
ഞാന്‍ ജീവിക്കുന്ന തിരുവനന്തപുരത്തെക്കാള്‍ പരിചിതര്‍ എനിക്കിപ്പോഴും കോഴിക്കോട്ടായിരിക്കുമെന്നു തോന്നുന്നു-ആ ജില്ലയിലെ എന്റെ ഔദ്യോഗിക സേവനം അവസാനിച്ചിട്ടു മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ കഴിയുന്നുവെങ്കിലും. ഔദ്യോഗികജീവിതത്തിലെ സംഭവങ്ങള്‍ വിസ്തരിക്കുന്നില്ല. എന്നാല്‍, മറക്കാനാവാത്ത ചില വ്യക്തികളെക്കുറിച്ചെങ്കിലും പരാമര്‍ശിക്കതെ വയ്യ. ഞാന്‍ സബ് കളക്ടറായി ചാര്‍ജെടുക്കുമ്പോള്‍ കെ.എം. ബാലകൃഷ്ണന് സാറാണ് കോഴിക്കോട് ജില്ലാ കളക്ടര്‍. അത്യന്തം ബഹുജനപ്രീതി നേടിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റം, വിരുദ്ധ ചേരികളിലുള്ളവരെ അനുനയിപ്പിക്കാനുള്ള കഴിവ്, താഴെത്തട്ടില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, റവന്യൂവിഷയങ്ങളിലുള്ള പ്രാവീണ്യം, പ്രായോഗികബുദ്ധി എന്നീ മേന്മകള്കൊണ്ട് അദ്ദേഹത്തിന് ജനങ്ങള്‍ കല്പിച്ചുകൊടുത്തതാണ് ജനകീയ കളക്ടര്‍ എന്ന സ്ഥാനം. എന്നോട് അദ്ദേഹം കാണിച്ച വാത്സല്യവും ദാക്ഷിണ്യവും ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള എന്റെ വികാസത്തില്‍ വഹിച്ച പങ്ക് എത്ര വലുതായിരുന്നു എന്ന് പില്ക്കാലത്തു ഞാന്‍ മനസ്സിലാക്കി. കടുത്ത അപകടസാധ്യതയുണ്ടായിരുന്ന രണ്ടുസംഭവങ്ങളില്‍ അദ്ദേഹം എന്റെ രക്ഷകനായത് വിസ്മരിക്കാന്‍ കഴിയില്ല. ഒരുപക്ഷേ, കെ.എം. ബാലകൃഷ്ണന് എന്ന സ്ഥിതപ്രജ്ഞയായ കളക്ടര്‍ തീര്‍ത്തുതന്ന രക്ഷാകവചമില്ലായിരുന്നുവെങ്കില് സര്‍വീസിന്റെ ആദ്യവര്‍ഷത്തില്‍ത്തന്നെ, പുത്തരിയില്‍ കല്ലുകടിപോലെ, ഗുരുതരമായ ഭവിഷ്യത്തുകള്‍ എനിക്ക് നേരിടേണ്ടിവരുമായിരുന്നു.
സ്വാതന്ത്ര്യദിനപരേഡിനിടയില് മാനാഞ്ചിറ മൈതാനത്തു വിപ്ലവമുദ്രാവാക്യങ്ങള്‍ മുഴക്കിയ കുറെ നക്സലൈറ്റുകളെ വീണ്ടും വീണ്ടും റിമാന്‍ഡ് ചെയ്തു ജയിലിലടയ്ക്കാന്‍ വിസമ്മതിച്ച എന്റെ നടപടി ചിലരുടെ നെറ്റി ചുളിപ്പിച്ചത് സ്വാഭാവികം. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആഭ്യന്തരവകുപ്പുമന്ത്രി കളക്ടറെ ഫോണില്‍ വിളിക്കുന്നു: ''നിങ്ങളുടെ സബ് കളക്ടര്‍ നക്സലൈറ്റാണോ? അന്വേഷണം വേണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പറയുന്നു.'' ''അത് ശരിയായ റിപ്പോര്‍ട്ടല്ല സാര്‍'' എന്ന് കളക്ടര്‍. 'അയാള്‍ നക്സലൈറ്റുകളെ വെറുതേ വിട്ടതാണ് പ്രശ്നം. ഏതായാലും കളക്ടര്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു തരൂ' എന്നു പറഞ്ഞ് ആഭ്യന്തരമന്ത്രി സ്പീഡില്വന്ന ഫയലിനൊരു ബ്രേക്കിട്ടു. എന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞും, ഇത്തരം കാര്യങ്ങളില്‍ പ്രായോഗികബുദ്ധിയും അവധാനതയും വേണമെന്ന് ഗുണദോഷിച്ചു. ഞാനൊരു ഭരണഘടനാവിധേയനായ പൗരനും കുഴപ്പക്കാരനല്ലാത്ത ഉദ്യോഗസ്ഥനുമാണെന്ന റിപ്പോര്‍ട്ടു കളക്ടര്‍ നല്‍കുകയും ആഭ്യന്തരമന്ത്രി അത് അംഗീകരിക്കുകയും ചെയ്തതോടെ നല്ല പ്രഹരശേഷിയുണ്ടായിരുന്ന കൊടുങ്കാറ്റ് ദുര്‍ബലമായിപ്പോയി.
എന്നെ പരിരക്ഷിച്ച ആദ്യ കളക്ടറായ കെ. എം. ബാലകൃഷ്ണന് സര് എന്നിലര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും അസ്ഥാനത്താകരുതേ എന്ന് ഞാനന്ന് പ്രാര്‍ഥനാപൂര്‍വം മനസ്സില്‍ കുറിച്ചിട്ടു. കുറെവര്ഷംകഴിഞ്ഞ് സാംസ്കാരികമന്ത്രിയായ ടി.കെ. രാമകൃഷ്ണന് പങ്കെടുക്കുന്ന തിരുവനന്തപുരത്തെ ഒരു ചടങ്ങില്‍ പ്രസംഗമാരംഭിക്കെ ഞാന്‍ പറഞ്ഞു: ''സാറിനോര്മയുണ്ടാവുകയില്ല; അങ്ങയുടെ ദയകൊണ്ട് ഐ.എ. എസില്‍ തുടരുന്ന ഒരുദ്യോഗസ്ഥനാണ് ഞാന്‍.' ടി.കെ. രാമകൃഷ്ണനായിരുന്നു കളക്ടറോട് സംസാരിക്കുകയും എനിക്കനുകൂലമായ റിപ്പോര്‍ട്ട് അംഗീകരിക്കുകയുംചെയ്ത ആഭ്യന്തരമന്ത്രി. ''നിങ്ങളായിരുന്നല്ലേ ആ ഭീകരന്!'' എന്നായിരുന്നു ചിരിയില്‍ പൊതിഞ്ഞ അദ്ദേഹത്തിന്റെ കമന്റ്.
അതുകൊണ്ട് തീര്‍ന്നില്ല കളക്ടര്‍ക്കു എന്നെക്കൊണ്ടുള്ള തലവേദന. മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയില്‍നിന്ന് പുഴയിലേക്ക് ബഹിര്‍ഗമിക്കുന്ന മലിനജലം സംസ്കരിക്കാനുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നില്ലെന്നും പുഴയില്‍ കലരുന്ന മലിനജലത്തില്‍ ലെഡ്, മെര്‍ക്കുറി, കാഡ്മിയം എന്നീ മാരക രാസപദാര്‍ഥങ്ങളുടെ സാന്നിധ്യമുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റീജണല്‍ എന്‍ജിനിയര്‍ പി.എ. രാമചന്ദ്രന് വിശ്വാസയോഗ്യമായി എനിക്ക് റിപ്പോര്ട്ടുതന്നു. പുഴയിലെ മത്സ്യങ്ങള്‍ ചത്ത് പൊന്താന്‍ തുടങ്ങിയിരുന്നു. മാത്രവുമല്ല കേരള വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പ് ഹൗസ്, ഫാക്ടറി സ്ഥിതിചെയ്യുന്നിടത്തുനിന്ന് കുറെ മുകളിലാണെങ്കിലും രാത്രികാലങ്ങളില്‍ വേലിയേറ്റമുണ്ടാകുമ്പോള്‍ പുഴയിലെ വെള്ളം അത്രയും മുകളിലേക്ക് പോകുമെന്നും അപ്പോള്‍ പമ്പ് ചെയ്യുന്ന കുടിവെള്ളത്തില്‍ രാസവിഷം കലരാന്‍ സാധ്യതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ലാഘവത്വത്തോടെ കാണാന്‍ എനിക്ക് കഴിഞ്ഞില്ല. മാത്രവുമല്ല റിപ്പോര്‍ട്ട് എഴുതിയ പി.എ. രാമചന്ദ്രന് എന്ന എന്‍ജിനിയറുടെ അറിവിലും സത്യസന്ധതയിലും ഉദ്ദേശ്യശുദ്ധിയിലും എനിക്ക് പൂര്ണവിശ്വാസവുമുണ്ടായിരുന്നു. ആസന്നമായ പൊതുജനാരോഗ്യ വിപത്തിനെക്കുറിച്ചു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറി പൂട്ടാന്‍ സി.ആര്.പി.സി. നൂറ്റിമുപ്പത്തിമൂന്നാം വകുപ്പ് പ്രകാരം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നനിലയില്‍ ഞാന്‍ ഉത്തരവിടുകയും പോലീസ് സഹായത്തോടെ ഫാക്ടറി പൂട്ടിക്കുകയുംചെയ്തു. പിറ്റേന്ന് പത്രങ്ങളില്‍നിന്ന് ഇതറിഞ്ഞ കളക്ടര്‍ ഞെട്ടി. ''എന്നോടൊരു വാക്കു പറയാമായിരുന്നില്ലേ'' എന്നുമാത്രം അദ്ദേഹം എന്നോട് ചോദിച്ചു. എതിര്‍പ്പുകള്‍ എളുതായിരുന്നില്ല. കമ്പനി മേലധികാരികള്‍ കരുത്തരാണ്. പതിനായിരം തൊഴിലാളികളുള്ള ഫാക്ടറിയാണ്. പാരിസ്ഥിതികവിഷയങ്ങള്ക്ക് ഇന്നുള്ള സ്വീകാര്യതയില്ലാത്ത കാലമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കിപ്പോഴും പശ്ചാത്താപമില്ല ആ നടപടി സ്വീകരിച്ചതില്‍. പില്ക്കാലത്തു ഫാക്ടറി എന്നേക്കുമായി അടയ്ക്കാതിരിക്കാനും മറുകരയിലെ മലപ്പുറം ജില്ലയില്‍പ്പെട്ട വാഴക്കാട് ഗ്രാമത്തില്‍ കാന്‍സര്‍ വേതാളരൂപിയായി അധിനിവേശം സ്ഥാപിക്കാതിരിക്കാനും കഴിയുമായിരുന്നു, ആ മാലിന്യസംസ്കരണ പ്ലാന്റ്റുകള് ഉത്തരവാദിത്വത്തോടെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി അന്നേ സന്മനസ്സു കാണിച്ചിരുന്നുവെങ്കില്‍. ഏതായാലും ചരിത്രം സഞ്ചരിച്ചത് മറ്റൊരു വഴിക്കായിരുന്നു. എന്റെ അന്നത്തെ നടപടി പലരിലും അസ്വസ്ഥതയുളവാക്കിയെങ്കിലും ചിലരൊക്ക വിമര്‍ശിച്ചുവെങ്കിലും അതിന്റെ പേരില്‍ എനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി പറഞ്ഞുകൂടാ. (ആശങ്കകള്‍ പലതുണ്ടായിരുന്നെങ്കിലും.) തീര്‍ച്ചയായും അവിടെയും സഹനശീലനായ കളക്ടര്‍ തന്നെയായിരിക്കണം ചെറുപ്പക്കാരനും എടുത്തുചാട്ടക്കാരനുമായ സബ് കളക്ടര്‍ക്കു 'ഉദ്ദേശ്യശുദ്ധിയാല് മാപ്പുനല്കിന്' എന്ന് അധികാരികളോട് അഭ്യര്‍ഥിച്ച് പരിക്കുകളില്ലാതെ എന്നെ സംരക്ഷിച്ചിട്ടുണ്ടാവുക.
എലിസബത്തന് ഇംഗ്ലണ്ടിനെക്കുറിച്ചു സാഹിത്യവിദ്യാര്‍ഥികള്‍ പറയാറുള്ള ഒരു വാക്യമുണ്ട്: 'England was a nest of singing birds.' കോഴിക്കോടിനുംചേരും ഈ വിശേഷണം. അക്കാലത്തു എഴുത്തുകാരുടെ ഒരു പക്ഷിക്കൂട് തന്നെയായിരുന്നു അവിടം. മുന്‍പ് പേര് മാത്രമറിഞ്ഞിരുന്ന അനേകം വലിയ എഴുത്തുകാര്‍ എന്റെ ജീവിതത്തിലെ സാന്നിധ്യമായി. എസ്.കെ. പൊറ്റെക്കാട്ട്, എം.ടി. വാസുദേവന്‍ നായര്‍, തിക്കോടിയന്, എന്‍.പി. മുഹമ്മദ്, എന്‍.എന്‍. കക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.എ. കൊടുങ്ങല്ലൂര്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, യു.എ. ഖാദര്‍, പി. വത്സല, എന്നീ പ്രമുഖരായ എഴുത്തുകാരുടെ ഒരു വലിയ സമൂഹം അന്ന് കോഴിക്കോടിന് സ്വന്തമായിരുന്നു. പ്രസംഗവേദികളിലും അളകാപുരിയുടെ മുന്നിലെ എന്‍.ബി.എസ്. ശാഖയിലുംവെച്ച് പലരുമായി നിരന്തരം കാണാനും സമ്പര്‍ക്കം പുലര്‍ത്താനും സാധിച്ചതു വലിയ അനുഗ്രഹം. അതിനെക്കാള്‍ വലിയ അനുഗ്രഹമാണ് അവര്‍ എന്നോട് കാണിച്ച അടുപ്പം. ഞാനന്നു കവിത എഴുതിത്തുടങ്ങുന്നേയുള്ളൂ. എങ്കിലും അക്ഷരസ്നേഹിയായ സബ് കളക്ടറോട് കോഴിക്കോട്ടെ സാഹിത്യലോകം കാണിച്ച സ്നേഹത്തിന്റെ മാറ്റുരയ്ക്കാനാവില്ല.
ആയിടയ്ക്കാണ് എസ്.കെ. പൊറ്റെക്കാട്ടിന് ജ്ഞാനപീഠം കിട്ടുന്നത്. നഗരം അത് ശരിക്കും ആഘോഷിച്ചു. ആ ആഹ്ളാദത്തിന്റെ മധുരം കുറെയൊക്കെ നുകരാന്‍ എനിക്കുമായി. അഭിനന്ദിക്കാനായി എസ്.കെ.യുടെ വീടായ ചന്ദ്രകാന്തത്തിലെത്തിയ ഓരോ അതിഥിയെയും സ്വീകരിക്കുന്ന പൊറ്റെക്കാട്ടിന്റെ സുസ്മേരമുഖം മനസ്സില്‍ ഇപ്പോഴും മങ്ങലേല്ക്കാതെ തെളിയുന്നു. 'കയര്‍' എന്ന കൃതിക്ക് തകഴിക്കു 1980-ലെ വയലാര്‍ അവാര്‍ഡ് സമര്‍പ്പിച്ചത് കോഴിക്കോട്ടുവെച്ചായിരുന്നു. കവിസമ്മേളനത്തില്‍ പങ്കെടുക്കാനുമൊക്കെയായി അനേകം കവികള്‍ നഗരത്തിലെത്തിയതും എന്റെ സാഹിത്യമോഹങ്ങള്ക്ക് ഉത്തേജനമായി. അന്ന് എന്നിലെ കവി വലിയൊരു പ്രതിസന്ധിയില്‍ നില്ക്കുന്ന കാലമാണ്. ഉദ്യോഗം നല്ല കാര്യങ്ങള്‍ചെയ്യാന്‍ അവസരം നല്കുമ്പോഴും ഐ.എ.എസ്. എന്ന മേല്‍വിലാസം സാധാരണ മനുഷ്യരില്‍നിന്ന് എന്നെ അകറ്റുന്നുവോ എന്ന് ഞാന്‍ സന്ദേഹിക്കാന്‍ തുടങ്ങി. സുരക്ഷിതമായ ജീവിതംനയിക്കുന്ന എന്നെപ്പോലൊരാളിന്റെ മനുഷ്യസ്നേഹം വ്യാജമാണോ? ജീവിതത്തിന്റെ യഥാര്ഥവേദനകള് അറിയാതിരിക്കാന്‍ സഹായിക്കുന്ന മയക്കുമരുന്നാണോ ഈ ഉദ്യോഗവും സ്ഥാനവലുപ്പവും? പുറത്തു പറയാനാവാത്ത ഇത്തരം ഒട്ടേറെ സമസ്യകള്‍ എന്റെ മനസ്സില്‍ക്കിടന്ന് ഞെളിപിരികൊണ്ടു. അക്കാലത്ത് എഴുതിയ 'ഒറ്റപ്പെട്ടവന്റെ പാട്ട്' എന്ന കവിതയിലെ ഏതാനുംവരികള് ഈ മനോപീഡയെ പ്രതിഫലിപ്പിക്കുന്നു.

കനം തൂങ്ങുന്ന ഹൃദയത്തെ കരിമേഘമാക്കി
കനിവില്ലാത്ത കാറ്റിനു
പരിരംഭണത്തിനായി ഞാന്‍ നല്‍കും.
പുരികങ്ങള്‍ ചുളിച്ച്
ആകാശമെനിക്ക് മാപ്പ് തരുവോളം,
ഒരു നക്ഷത്രത്തെ
എന്നിലേക്ക് ഒഴുക്കിവിടുവോളം
മെരുങ്ങാത്ത മാനത്ത്
ഞാന്‍ മിഴിനട്ടിരിക്കും.'
എഴുത്തുകാര്‍ മാത്രമല്ല, മറ്റനേകം നല്ല മനുഷ്യര്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. വയലാര്‍ അവാര്‍ഡ് പരിപാടിയുമായി ബന്ധപ്പെട്ടു കോഴിക്കോട്ടെത്തിയ മലയാറ്റൂര്‍ രാമകൃഷ്ണനാണ് രാമദാസ് വൈദ്യരെന്ന സുമനസ്സിനെ പരിചയപ്പെടുത്തിയത്. ആ പരിചയം ഞാന്‍ പിന്നെ ചെറുതും വലുതുമായ അനേകം കാര്യങ്ങള്ക്കുപയോഗപ്പെടുത്തിയിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ എന്ത് ആവശ്യമുണ്ടായാലും രാമദാസ് വൈദ്യരുണ്ടാകും സഹായിക്കാന്‍. മുതലക്കുളത്തെ അലക്കു കല്ലിനു പൊന്നാടചാര്ത്തിയ വൈദ്യരുടെ ചിരിയില്‍ പരിഹാസമല്ല, കനിവില്ലാത്ത ലോകത്തോടുള്ള സഹതാപമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൈക്കോ മാസികയും അശ്വിനി ഫിലിം സൊസൈറ്റിയുമായി നടക്കുന്ന ചെലവൂര്‍ വേണു, ബീച്ച് ഹോട്ടല്‍ സിദ്ധാര്ഥന്, മാതൃഭൂമിയിലെ വി. രാജഗോപാല്‍, പി.വി. ഗംഗാധരന്, സുജനപാല്‍, എന്‍.ബി.എസ്. മാനേജര്‍ ശ്രീധരന് എന്നിങ്ങനെ എത്രയെത്ര മുഖങ്ങളാണ് ആ നാളുകളെക്കുറിച്ചോര്മിക്കുമ്പോള് തെളിഞ്ഞുതെളിഞ്ഞു വരുന്നത്!
മസ്സൂറി അക്കാദമിയില്‍ പഠിപ്പിച്ച നിയമപരിജ്ഞാനമേ എനിക്കുള്ളൂ. എങ്കിലും എല്ലാ വെള്ളിയാഴ്ചയും ഹിയറിങ് ഉണ്ടാകും. റവന്യൂകേസുകള്‍ മറ്റുദിവസങ്ങളിലും. അഭിഭാഷകര്‍ കോടതിയുടെ ബന്ധുക്കളാണെന്നു പറയുന്നതിന്റെ പൊരുള്‍ ഈ ദിവസങ്ങളിലാണ് എനിക്ക് ബോധ്യമായത്. പ്രഗല്ഭരായ അനേകം സീനിയര്‍ അഭിഭാഷകര്‍ വാദിക്കുന്നത് കേള്‍ക്കുമ്പോഴേ നമ്മുടെ നിയമപരിജ്ഞാനം മെച്ചപ്പെടുകയുള്ളൂ. സ്വന്തം കക്ഷിക്ക് അനുകൂലമായ നിയമവശങ്ങളാകും അവര്‍ ഉന്നയിക്കുക. പക്ഷേ അത് യഥാര്‍ഥത്തിലുള്ള നിയമവിദ്യാഭ്യാസം തന്നെയാണ്. കോഴിക്കോട് ബാറിലെ നക്ഷത്രങ്ങളായിരുന്ന അഡ്വ. കുഞ്ഞിരാമ മേനോനും അഡ്വ. ഭാസ്കരന്‍നായരും, അഡ്വ. പൊതുവാളും, അഡ്വ. ബസന്തും അഡ്വ. മഞ്ചേരി സുന്ദര്‍രാജും ഒക്കെ നിയമവിജ്ഞാനീയത്തില്‍ എനിക്ക് ഗുരുസ്ഥാനീയര്‍. 1980 നവംബറില്‍ ഞാനൊരച്ഛനായി. ഞങ്ങള്ക്കൊരുമകന് പിറന്നു. ഹൃദയം സമ്പന്നമായിത്തീര്‍ന്ന രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ആലപ്പുഴയ്ക്ക് സ്ഥലം മാറിപ്പോകുമ്പോള്‍, എന്നെങ്കിലും ഇനി കോഴിക്കോട്ടേക്ക് ഔദ്യോഗികമായി തിരികെ വരുമെന്ന വിചാരമേ ഉണ്ടായിരുന്നില്ല. അതിനുള്ള തയ്യാറെടുപ്പായിരുന്നൂ സബ് കളക്ടര്‍ ദിനങ്ങള്‍ എന്ന് സന്തോഷപൂര്‍വം തിരിച്ചറിയുന്നത് പിന്നെയും നാലു വര്‍ഷം കഴിഞ്ഞ്, 1986-ല്‍ മാത്രം.
(തുടരും)
Content Highlights: k jayakumar, autobiography, sancharathinte sangeertham, mathrubhumi newspaper, sunday special
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..