പിന്നെയും വളരെക്കാലം കഴിഞ്ഞാണ് ഇതള്‍വിരിയാതെപോയ പ്രണയത്തിനുമുണ്ട് ഭംഗിയെന്ന് ഞാന്‍ തിരിച്ചറിയുന്നത്


കെ. ജയകുമാര്‍

കെ. ജയകുമാർ

'കുട്ടിക്കുപ്പായം' എന്ന ചിത്രത്തിന്റെ അസാമാന്യവിജയത്തോടെ അച്ഛന്‍ മലയാളസിനിമയില്‍ സ്ഥാനമുറപ്പിച്ചു. പതിന്നാലുവര്‍ഷമെടുത്തു ഒന്ന് നിലയുറയ്ക്കാന്‍. പിന്നീട് ഒരു പതിനഞ്ചുവര്‍ഷം നിര്‍മാതാക്കള്‍ എം. കൃഷ്ണന്‍നായര്‍ എന്ന സംവിധായകന്റെ സമയത്തിനുവേണ്ടി കാത്തുനിന്നു. ഒരുവര്‍ഷം അഞ്ചും ആറും സിനിമകള്‍. തമിഴിലും തെലുങ്കിലും ചിത്രങ്ങള്‍. തിരക്കോടുതിരക്ക്. മദ്രാസിലാണ് അന്ന് സിനിമാവ്യവസായം. കിട്ടുന്ന സമയത്തൊക്കെ അച്ഛന്‍ വീട്ടില്‍ ഓടിയെത്തും. വെക്കേഷന് ചിലപ്പോള്‍ ഞങ്ങള്‍ മദ്രാസിലേക്ക് ഒരുമാസത്തേക്കൊക്കെ പോകും. പ്രശസ്തിയും പണവും ജീവിതത്തിന്റെ ഭാഗമായി. എന്റെ 12 മുതല്‍ 25 വയസ്സുവരെയുള്ള കാലയളവായിരുന്നു അത്.

മൂത്തമകന്‍ എന്ന നിലയ്ക്ക് എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കാന്‍ മെഡിക്കല്‍ കോളേജിനടുത്തുള്ള ഓഫീസില്‍ പോകണം. ഇപ്പോള്‍ ഒരുമിനിറ്റുകൊണ്ട് ഇന്റര്‍നെറ്റ് വഴി നാം ചെയ്യുന്ന ഈ കൃത്യം പൂര്‍ത്തിയാക്കാന്‍ അന്ന് ഒരു ശനിയാഴ്ച മുഴുവന്‍ വേണ്ടിവന്നിരുന്നു. വഞ്ചിയൂരില്‍ ഞങ്ങള്‍ക്ക് അന്നൊരു വീടുണ്ടായിരുന്നു. മിക്കവാറും ഏതെങ്കിലും വക്കീലായിരിക്കും വാടകക്കാരന്‍. മാസവാടക വാങ്ങാന്‍പോവുക എന്നതും എന്റെ ജോലിയാണ്. സെയ്ന്റ് ജോസഫ്‌സ് സ്‌കൂളില്‍ പഠിക്കുന്ന കാലമാണ്. വൈകുന്നേരം സ്‌കൂളില്‍നിന്നിറങ്ങി വഞ്ചിയൂരുള്ള ഇടവഴികളിലൂടെയൊക്കെ അലഞ്ഞ് ഒടുവില്‍ ഞാന്‍ വക്കീലാഫീസില്‍ച്ചെന്ന് കാത്തുനില്‍ക്കും. കക്ഷികളൊക്കെ പോയെങ്കിലേ വക്കീലിനെ കാണാന്‍ കഴിയൂ (വഞ്ചിയൂരിലെ 'മുടുക്കുകള്‍' എനിക്കിപ്പോഴും പരിചിതം). ഒറ്റയാത്രകൊണ്ട് ഒരിക്കലും വാടക കിട്ടില്ല. ഒടുവില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്ന ഒരു വാടകക്കാരന്‍ വീട് ഒഴിഞ്ഞുതരാതെയും വാടക തരാതെയും വലിയ ശല്യമായതോടെ ആ പറമ്പുതന്നെ വിറ്റുകളയേണ്ട ഗതികേട് വന്നുചേര്‍ന്നു. അച്ഛനന്ന് സിനിമകളൊക്കെ ധാരാളമുണ്ടെങ്കിലും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിലെ ലിക്വിഡിറ്റി അവതാളത്തിലാകും. അതൊരു ആവര്‍ത്തിക്കുന്ന പ്രശ്‌നമായിരുന്നു. തെങ്ങിന്‍പറമ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് സ്ഥിരമായി തേങ്ങ വാങ്ങുന്ന ഗണേശനെന്ന കച്ചവടക്കാരനില്‍നിന്ന് മുന്‍കൂര്‍ തുക വാങ്ങുക എന്നതായിരുന്നു സ്ഥിരമായി ചെയ്തിരുന്ന അഡ്ജസ്റ്റ്‌മെന്റ്. പണം അയാള്‍ തരും. പക്ഷേ, വായ്പ ചോദിച്ചു ചെല്ലുന്നവന് ആരും ആദ്യസന്ദര്‍ശനത്തില്‍ പണം കൊടുക്കുകയേയില്ല. രണ്ടോ മൂന്നോ പ്രാവശ്യം ചെന്നാലേ കിട്ടൂ. അതൊരു ലോകതത്ത്വമായി ഞാന്‍ അന്നേ ഗ്രഹിച്ചു.മാര്‍ ഇവാനിയോസ് കോളേജിലെ അഞ്ചുവര്‍ഷത്തെ പ്രീഡിഗ്രിബി.എസ്‌സി. കാലമാണ് ജീവിതഗതി മാറ്റിയ അടുത്തഘട്ടം. എന്നെ ഡോക്ടറാക്കണമെന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചിരുന്നു. പുതിയ വീട് വെച്ചപ്പോള്‍ അത് ഭാവിയില്‍ ഒരു ഗ്രാമീണ ആശുപത്രിയാക്കാന്‍ പാകത്തിലായിക്കോട്ടെ എന്ന് അച്ഛന്‍ ആര്‍ക്കിടെക്ടിനു നിര്‍ദേശം കൊടുത്തിരുന്നു. അതുകാരണം ചുറ്റും വരാന്തയും നടുക്ക് വലിയ ഹാളുമൊക്കെയായിട്ടായിരുന്നു വീട്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആരംഭിച്ച വീടുവെപ്പ് എന്റെ ബിരുദപഠനം പൂര്‍ത്തിയാകാറാവുന്നതുവരെ തുടര്‍ന്നു. മകനൊരു അഭിനവ ജീവന്‍മശായി*യായി ചെഞ്ചേരിയിലെ ജനങ്ങളെ ചികിത്സിക്കട്ടെ എന്ന അച്ഛന്റെ ആഗ്രഹം നടക്കാത്ത മനോഹരസ്വപ്നമായി മാറി.

ബിരുദപഠനം രണ്ടാംവര്‍ഷമായപ്പോഴേക്കും ഞാന്‍ വൈദ്യശാസ്ത്രപഠനമെന്ന ലക്ഷ്യത്തോട് വിടപറഞ്ഞു. അതിനു നിമിത്തമായത് കുമാരനാശാന്റെ 'നളിനി'യാണ്. ക്ലാസില്‍ നളിനി പഠിപ്പിച്ച അധ്യാപകന്‍ ആ മഹദ്കൃതിയോടു നീതിപുലര്‍ത്തുന്നില്ലെന്ന് എനിക്കുതോന്നി. പ്രശസ്ത നോവലിസ്റ്റ് ജോര്‍ജ് ഓണക്കൂര്‍ സാറാണ് മലയാളം വകുപ്പ് മേധാവി. 'സാറിനു പഠിപ്പിച്ചുകൂടെ നളിനി' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ 'എല്ലാം ഞാന്‍തന്നെ പഠിപ്പിക്കുന്നത് എങ്ങനെ?' എന്നായിരുന്നു സാറിന്റെ മറുചോദ്യം. എന്റെ ഇച്ഛാഭംഗം മനസ്സിലാക്കിയപ്പോള്‍ ആശാന്‍കൃതികള്‍ സ്വയം വായിക്കാന്‍ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. അതില്‍ ഞാന്‍ ആകൃഷ്ടനാകുന്നുവെന്നുകണ്ടപ്പോള്‍ ആ നല്ല ഗുരുനാഥന്‍ എന്നോട് അവയെക്കുറിച്ച് പഠനങ്ങള്‍ എഴുതാന്‍ പറഞ്ഞു. അവ വായിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നന്നായിരിക്കുന്നു, നമുക്കിതൊരു പുസ്തകമാക്കാം.' അവിശ്വസനീയമായിത്തോന്നി. എങ്കിലും നടക്കുമെങ്കില്‍ അതൊരു അദ്ഭുതനേട്ടംതന്നെയായിരിക്കും. യശഃശരീരരായ രാജുവേട്ടന്‍, ശര്‍മാജി എന്നീ രണ്ടു സുമനസ്സുകളാണ് അന്ന് പ്രഭാത് ബുക്‌സിന്റെ സാരഥികള്‍. എന്നെയുംകൂട്ടി സാര്‍ അവരെ കാണാന്‍ പോയി. എന്റെ സാഹസികത അവര്‍ക്കിഷ്ടപ്പെട്ടു. പുസ്തകം അച്ചടിച്ച് കൊടുത്താല്‍ വിതരണത്തിനെടുക്കാം എന്ന് സമ്മതിച്ചു. അമ്മ എനിക്ക് രണ്ടുഗഡുക്കളായി അറുനൂറുരൂപ തന്നു. പത്തൊമ്പതാം വയസ്സില്‍ 'ആശാന്റെ മാനസപുത്രിമാര്‍' എന്ന പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ട് ഞാനൊരു ഗ്രന്ഥകര്‍ത്താവായി. എഴുത്തുകാരനാവുന്നതിന്റെ സംതൃപ്തിയും ഗ്ലാമറും ഒരു വിദ്യാര്‍ഥി അറിയുകയായിരുന്നു.

അടുത്തവര്‍ഷമാണ് അച്ഛന്‍ സംവിധാനംചെയ്ത 'ഭദ്രദീപം' എന്ന സിനിമയില്‍ 'മന്ദാരമണമുള്ള കാറ്റേ നീയൊരു സന്ദേശവാഹകനല്ലേ' എന്ന പാട്ടെഴുതിക്കൊണ്ട് ഞാന്‍ ഒരു ഗാനരചയിതാവാകുന്നത്. ഇവയെല്ലാം കോളേജില്‍ കുറച്ചു പ്രാധാന്യമൊക്കെ എനിക്ക് നേടിത്തന്നു. വാസ്തവത്തില്‍ എന്റെ രചനാജീവിതത്തിന്റെ ടെംപ്ലേറ്റ് അവിടെ രൂപപ്പെടുകയായിരുന്നു.

എന്നാല്‍, ഈ നേട്ടങ്ങളും പ്രാധാന്യവുമൊന്നും കോളേജ് പ്രണയത്തിന് തുണയായില്ല. ചില വിപരീതാനുഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഗായികയും നര്‍ത്തകിയുമായ ഒരു സുന്ദരിയില്‍ എന്റെ മനസ്സ് ഉടക്കിപ്പോയത് സ്വാഭാവികം. 'നിര്‍വചിക്കാനറിയില്ലല്ലോ നിന്നോടെനിക്കുള്ള ഹൃദയവികാരം' എന്ന് നിശ്ശബ്ദമായി പാടാനല്ലാതെ മറ്റൊന്നിനും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. പിന്നെ യൂത്ത് ഫെസ്റ്റിവലില്‍ പാടാനായി ചില ഗാനങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് ധീരമായി ഞാനൊരു കത്തെഴുതി. ആ കുട്ടി അതു പാടിയില്ല എന്ന് പറയേണ്ടതില്ലല്ലോ. ക്ലാസില്‍നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോകാന്‍ സമയമായി. പഠനവിനോദയാത്രയില്‍ പങ്കെടുക്കാതെ മാറിനിന്ന ചില പെണ്‍കുട്ടികളുടെ വീടുകളില്‍പ്പോയി അച്ഛനമ്മമാരെ 'സോപ്പിടാന്‍' ഒരുസംഘം രൂപവത്കൃതമായി. ഞാന്‍ അതിലെ അംഗമായിരുന്നില്ല. നമ്മുടെ നായികയുടെ വീട്ടിലും ചെന്ന് സംഘം സംസാരിച്ചു, യാത്രയില്‍ പങ്കെടുക്കാമെന്ന് സമ്മതിപ്പിച്ചു. അത്രയും ശുഭം. സംഘം നന്ദിപറഞ്ഞ് ഇറങ്ങാന്‍ നേരത്താണ് നായികയുടെ അമ്മയുടെ ചിരികലര്‍ന്ന അന്വേഷണം: 'നിങ്ങളുടെ കൂട്ടത്തില്‍ ആരാ ജയകുമാര്‍? ഒന്ന് കാണട്ടെ.' 'ജയകുമാര്‍ വന്നിട്ടില്ല' എന്നുപറഞ്ഞ് അവരിറങ്ങി. ഇതറിഞ്ഞതുമുതല്‍ അകാരണമായ വിക്ഷോഭവും നിരാശയും കുറെക്കാലത്തേക്ക് എന്നെ കീഴ്‌പ്പെടുത്തി. അമ്മയും മകളുംകൂടി വീട്ടില്‍ എന്തെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ടാവണം! എന്തെല്ലാം പറഞ്ഞ് അവര്‍ ചിരിച്ചിട്ടുണ്ടാവണം! എന്റെ ഗാനാലാപന നിര്‍ദേശലിഖിതത്തെ അവര്‍ എത്രമാത്രം പരിഹസിച്ചിരിക്കണം! ഇരുട്ടത്ത് ഇടികൊണ്ടവനെപ്പോലെയായിരുന്നു ഊട്ടിയാത്രയില്‍ മുഴുവന്‍ എന്റെ ഭാവം. ഭീമസേനന്‍ കഷ്ടപ്പെട്ടു കൊണ്ടുവന്ന കല്യാണസൗഗന്ധികപ്പൂക്കള്‍ ദ്രൗപദി ഉദാസീനമായി ഉപേക്ഷിച്ചത് രണ്ടാമൂഴത്തില്‍ വര്‍ഷങ്ങള്‍കഴിഞ്ഞു വായിക്കുമ്പോള്‍ നിസ്സാരമാക്കലിന്റെയും തിരസ്‌കാരത്തിന്റെയും വ്യഥ ഞാന്‍ പണ്ടേ അറിഞ്ഞതാണല്ലോ എന്നുതോന്നി.

Also Read

ആ കിളിമരത്തിലെ 'കുടമുല്ലപ്പൂവുകൾക്കാണ് ...

ഏതായാലും നവയൗവനത്തിലെ ഈ അനുഭവം, അതിജാഗ്രതയോടെമാത്രം കൈകാര്യംചെയ്യേണ്ട ഒന്നാണ് പ്രണയം എന്ന് എനിക്ക് ബോധ്യപ്പെടുത്തിത്തന്നു (ഭാഗ്യം! അതുകൊണ്ട് Me Too ഭയമില്ലാതെ ജീവിക്കാനായി). ഇതള്‍വിരിയാതെപോയ പ്രണയത്തിനുമുണ്ട് ഭംഗിയെന്ന് ഞാന്‍ തിരിച്ചറിയുന്നത് പിന്നെയും വളരെക്കാലം കഴിഞ്ഞാണ്. വിജയിച്ച പ്രണയങ്ങള്‍ക്ക് എപ്പോഴും നിറപ്പകിട്ട് നിലനിര്‍ത്താന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍, പരാജയപ്പെട്ട പ്രണയത്തെ ഓര്‍മയില്‍ നമുക്ക് ഉയിര്‍പ്പിക്കാന്‍ സാധിക്കും (പഴയ നീരസം മറന്നുകളയാന്‍ കഴിഞ്ഞാല്‍).

'പണ്ടേ മനസ്സിന്റെ അംബരസീമയില്‍
കണ്ടതീ പൗര്‍ണമിയായിരുന്നൂ.
അഴകിന്റെ ജാലകം മുന്നില്‍ തുറന്നിട്ടൊ
രഭിലാഷ ജാലകമായിരുന്നൂ.'

'സ്വര്‍ണച്ചാമരം' എന്ന (റിലീസാവാതെപോയ) സിനിമയില്‍ ഈ പ്രണയഗാനം എഴുതുമ്പോള്‍ എന്റെ മനസ്സ് കോളേജ് പരിസരത്തെ ഏതോ നിറയെപ്പൂത്ത മരത്തണലിലായിരുന്നിരിക്കണം.

മാര്‍ ഇവാനിയോസ് എനിക്ക് ധാരാളം ആജീവനാന്ത സ്‌നേഹങ്ങളും ഒട്ടേറെ വിലപ്പെട്ട ബന്ധങ്ങളും വിപുലമായ പരിചയങ്ങളുമുണ്ടാക്കിത്തന്നു. ഓണക്കൂര്‍ സാറിന്റെ സ്വകാര്യഗ്രന്ഥശേഖരം എനിക്കെപ്പോഴും അഭിഗമ്യമായിരുന്നു. വായനാനിര്‍ദേശങ്ങളും ചര്‍ച്ചകളും കൂടിച്ചേര്‍ന്ന് എന്റെ സാഹിത്യകൗതുകം തിടംവെക്കുകയായിരുന്നു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലും ഒന്ന് പയറ്റി. മത്സരിച്ച രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. കോളേജ് മാഗസിന്‍ എഡിറ്ററായി.

പാലോട് രവി, ചെറിയാന്‍ ഫിലിപ്പ്, ടി.എം. ജേക്കബ്, എനിക്കെതിരേ മത്സരിച്ച (പില്‍ക്കാലത്ത് എം.എല്‍.എ. ആയ) മാമന്‍ ഐപ്പ്, ഹൈക്കോടതിയിലെ അഭിഭാഷകനായ തോമസ് മാത്യു, കൊല്ലം ബാറിലെ അഭിഭാഷകനായിരുന്ന ഫിലിപ്പ് എന്നിവരെല്ലാം കോളേജിലെ വലിയ നേതാക്കളായിരുന്നു. കോളേജിനുപുറത്തുള്ള നേതാക്കളെയും പരിചയപ്പെട്ടിരുന്നു. സംസ്ഥാനതലത്തിലെ വലിയ നേതാക്കളായിരുന്ന എം.എം. ഹസന്‍, പി.സി. ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എം. സുധീരന്‍ എന്നിവരോടൊക്കെ അന്നുമുതല്‍ അടുപ്പം സ്ഥാപിക്കാനായി.

എം.എം. ഹസനും പില്‍ക്കാലത്ത് പ്രശസ്ത നിരൂപകനായിത്തീര്‍ന്ന വി. രാജകൃഷ്ണനുമായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിന്റെ ശക്തമായ ഡിബേറ്റിങ് ടീം. ഞാനും സി. ആന്റണിയും മാര്‍ ഇവാനിയോസിനെ പ്രതിനിധീകരിച്ച് പല വേദികളിലും എറ്റുമുട്ടിയെങ്കിലും പ്രോത്സാഹനസമ്മാനത്തിനപ്പുറത്തേക്ക് ഞങ്ങളുടെ പ്രകടനം ഉയര്‍ന്നില്ല. ഹസനും രാജകൃഷ്ണനും എവിടെച്ചെന്നാലും ട്രോഫിയുംകൊണ്ടേ പോകൂ. അറിവും ആത്മവിശ്വാസവും അഭിപ്രായസ്ഥൈര്യവും ഭാഷാസ്വാധീനവും ഒത്തിണങ്ങാതെ മൈക്കിനുമുന്നില്‍ നില്‍ക്കരുതെന്നായിരുന്നു അന്ന് ഞാന്‍ പഠിച്ച പാഠം.

ഒരിക്കല്‍ തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ഒരു പരിപാടി കഴിഞ്ഞ് തിരികെവരാമെന്നു പറഞ്ഞുപോയ വാഹനം കാത്തുനില്‍ക്കുമ്പോഴാണ് ചെറിയാന്‍ ഫിലിപ്പിന്റെ കാലാതിവര്‍ത്തിയായ ഒരു മഹദ്‌വചനം: 'പരിപാടി കഴിഞ്ഞാല്‍ ആരെങ്കിലും നമുക്കുവേണ്ടി വാഹനം അയക്കുമോ? വാ, നമുക്ക് നടക്കാം' ശരിയാണ്, ആവശ്യം കഴിഞ്ഞാല്‍ ആര് ആരെ ഓര്‍ക്കാനാണ്? ഏതായാലും വിദ്യാര്‍ഥി രാഷ്ട്രീയപരിചയം മുതലാക്കാന്‍ ഞാനൊരിക്കലും മുതിര്‍ന്നില്ല. രാഷ്ട്രീയം എന്റെ വഴിയല്ലെന്ന വെളിപാടോടെയാണ് ബിരുദപഠനം പൂര്‍ത്തിയാക്കി ഞാന്‍ മാര്‍ ഇവാനിയോസ് കോളേജ് വിടുന്നത്.

റിസള്‍ട്ടിനായി കാത്തിരിക്കുന്ന സമയം. ജീവിതത്തിന്റെ അടുത്തഘട്ടം എന്തെന്ന് തീരുമാനിക്കാനിരിക്കുന്ന കാലം. ഒരു രാത്രിയില്‍ അദ്ഭുതകരവും അപഗ്രഥനത്തിനു വഴങ്ങാത്തതുമായ ഒരാകാശദൃശ്യം കാണാനിടയായി. വളരെ വൈകി ബസ്സിറങ്ങി ഞാന്‍ വീട്ടിലേക്കു നടക്കുകയാണ്. പന്ത്രണ്ടുമണി കഴിഞ്ഞിട്ടുണ്ടാവണം. ഗ്രാമം ഉറങ്ങിക്കഴിഞ്ഞു. വയല്‍വരമ്പിലൂടെ പാതിരാവില്‍ നടന്നുവരുമ്പോള്‍ അങ്ങ് പടിഞ്ഞാറേ ചക്രവാളത്തിനുമുകളില്‍ ഒരു സ്വര്‍ണഗോളം ഉദിച്ചുനില്‍ക്കുന്നു. പൂര്‍ണചന്ദ്രനെക്കാള്‍ മൂന്നിരട്ടി വലുപ്പം. (ചന്ദ്രക്കല ആകാശത്തു വേറിട്ടുനില്‍ക്കുന്നുണ്ട്). അനിയന്ത്രിതമായ ഒരു വിറയല്‍ ഉടലിലൂടെ കടന്നുപോയി. ഭയമോ അവിശ്വസനീയതയോ അന്ധാളിപ്പോ എന്നറിയാത്ത ഒരു വികാരം ഉള്ളില്‍ നിറഞ്ഞു. സമനില വീണ്ടെടുത്ത് ഇത്തിരിനേരം ആ അപൂര്‍വഗോളത്തിന്റെ സ്വര്‍ണകിരണമേല്‍ക്കാന്‍ ആ രാത്രിമാനത്തിനു കീഴില്‍ പ്രാര്‍ഥനാനിര്‍ഭരമായി ഞാന്‍ കണ്ണടച്ചുനിന്നു. കണ്ണുതുറന്നപ്പോഴും സ്വര്‍ണഗോളം അവിടെത്തന്നെയുണ്ട്. ഇത്തിരികഴിഞ്ഞപ്പോള്‍ അത് മെല്ലെ ചക്രവാളത്തിലേക്ക് താഴാന്‍ തുടങ്ങി. എന്തായിരുന്നു അത്? എന്തായിരുന്നു മറ്റാരും കാണാത്ത ആ ആകാശക്കാഴ്ചയുടെ പൊരുള്‍?

(തുടരും)

*ബംഗാളി നോവലിസ്റ്റായ താരശങ്കര്‍ ബന്ദോപാധ്യായയുടെ ആരോഗ്യനികേതന്‍ എന്ന പ്രശസ്തമായ നോവലിലെ വൈദ്യകഥാപാത്രം

Content Highlights: k jayakumar life story literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented