അന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്തു; ഒരിക്കലും അഴിമതി കാണിക്കില്ലെന്നും കൈക്കൂലി വാങ്ങില്ലെന്നും


കെ. ജയകുമാര്‍

Autobiography

കെ. ജയകുമാർ

മാര്‍ക്കില്ലായ്മ കാരണം സാഹിത്യപഠനമോഹം പൊലിഞ്ഞു. പിന്നീട് നാഗ്പുര്‍ സര്‍വകലാശാലയില്‍ എം.എ. പഠിക്കാനായുള്ള യാത്ര. വരണ്ട നഗരത്തിലെ അടച്ചുകെട്ടിയ കാര്‍ഷെഡ്ഡില്‍ താമസം. അക്കാലത്തിന്റെ ആശ്വാസങ്ങളിലൊന്ന് കാളിദാസന്റെ രാമഗിരിയിലേക്കുള്ള യാത്ര; പിന്നെ ഇന്ദിരാഗാന്ധിയുമായുള്ള മുഖാമുഖവും... സഞ്ചാരത്തിന്റെ സംഗീതം... കെ. ജയകുമാറിന്റെ ആത്മകഥ തുടരുന്നു....

ഏകകാര്യമഥവാ ബഹൂത്ഥമാം,
ഏക ഹേതു ബഹുകാര്യകാരിയാം
'
ളിനിയിലെ വരികളാണ്. നളിനിയാണ് എന്റെ ജീവിതത്തിലെ ബഹുകാര്യകാരിയായ ഒരു മുഖ്യഹേതു. പരീക്ഷാസമയത്തിന്റെ പകുതിയിലേറെ നളിനിയില്‍നിന്നുള്ള ഒറ്റച്ചോദ്യത്തിന് ഉത്തരമെഴുതാനെടുത്തു. പിന്നെയുള്ള ഒരു മണിക്കൂര്‍കൊണ്ട് മറ്റെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. മലയാളത്തിന് കിട്ടിയത് നൂറില്‍ നാല്‍പ്പത്തിനാല് മാര്‍ക്ക്. ഇംഗ്‌ളീഷിനും അത്രതന്നെ. കേരളത്തിലെ ഒരു സര്‍വകലാശാലയിലും എം.എ.യ്ക്ക് ചേരാന്‍ സാധിക്കില്ല. സയന്‍സ് വിഷയങ്ങള്‍ പഠിച്ചുവരുന്നവര്‍ക്ക് കുറഞ്ഞത് 45 ശതമാനം വേണം. ഒരു ശതമാനത്തിന്റെ കുറവില്‍ എന്റെ സാഹിത്യപഠനമോഹം അനിശ്ചിതത്വത്തിലായി. എനിക്കൊപ്പം ഡിഗ്രിപഠനം പൂര്‍ത്തിയാക്കിയവരൊക്കെ മെഡിസിനും മറ്റു കോഴ്‌സുകളിലുമൊക്കെ പ്രവേശനം നേടിക്കഴിഞ്ഞു. ഞാനൊരു മോശക്കാരനാണെന്ന വിചാരത്തിന്റെ ചുണ്ടെലി ഇടയ്ക്കിടെ ആത്മവിശ്വാസത്തെ കരണ്ടുകൊണ്ടിരുന്നു. മദ്രാസ് സര്‍വകലാശാലയിലെ മലയാളം പ്രൊഫസറായ ഡോ. എസ്.കെ. നായരെ അച്ഛനറിയാം. അദ്ദേഹത്തിന് എന്റെ കന്നിപ്പുസ്തകമായ 'ആശാന്റെ മാനസപുത്രിമാര്‍' നേരത്തേ കൊടുത്തിരുന്നു. എന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ അദ്ദേഹം അച്ഛനോട് പറഞ്ഞു: ''അവനോട് ഇങ്ങു വരാന്‍ പറയൂ; അടുത്ത തിങ്കളാഴ്ച സുകുമാര്‍ അഴീക്കോട് വീട്ടില്‍ വരുന്നുണ്ട്. പുസ്തകത്തിന്റെ ബലത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഡ്മിഷന്‍ കിട്ടുമോ എന്നുനോക്കാം...'' നിശ്ചിതദിവസം ഞാന്‍ കൃത്യമായി ചെന്നു. അഴീക്കോട്മാഷിനെ ആദ്യമായി കാണുകയാണ്. സാറിനു വലിയൊരു കൗതുകമായിരുന്നു, സാഹസികനായ വിദ്യാര്‍ഥിയെക്കണ്ടപ്പോള്‍. ''ഇപ്പോഴേ ആശാനെയാണ് കയറിപ്പിടിച്ചിരിക്കുന്നത്; ഇയാള്‍ കൊള്ളാമല്ലോ!'' സഹജമായ നര്‍മത്തില്‍ അദ്ദേഹം എന്നെ അഭിനന്ദിക്കുകയായിരുന്നു. അഴീക്കോട്മാഷുമായി ജീവിതാന്ത്യംവരെ ഹൃദ്യമായ ബന്ധംപുലര്‍ത്താന്‍ സാധിച്ചതാണ് ആ പ്രഭാതത്തിന്റെ നീക്കിയിരിപ്പ്.മാഷ് ശ്രമിക്കാതിരുന്നില്ല. പക്ഷേ, ഭാഗ്യം തെളിഞ്ഞില്ല. അങ്ങനെ ഒട്ടു നിരാശനായി ഇംഗ്‌ളീഷ് എം. എ.യ്ക്കു സീറ്റുതേടി ഞാന്‍ യാത്രയായി. ഡോ. എസ്.കെ. നായര്‍സാറിന്റെ ഒരു ബന്ധു നാഗ്പുര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നുണ്ടായിരുന്നു. അങ്ങനെ പലഘടകങ്ങളുടെ സമ്മിശ്രസമ്മര്‍ദത്തില്‍ ഞാന്‍ നാഗ്പുരിലെത്തി, ഇംഗ്‌ളീഷ് വകുപ്പധ്യക്ഷനെ കണ്ടു. പ്രൊഫസര്‍ പി.എസ്. ശാസ്ത്രി. ആന്ധ്രക്കാരന്‍. അഗാധപണ്ഡിതന്‍. അത്യന്തം ശാന്തന്‍. ''You are late by three months, young man'' എന്ന ആമുഖത്തോടെ അദ്ദേഹം തന്റെ നിസ്സഹായത അറിയിച്ചു. ആദ്യ ടേം കഴിയാന്‍ ഒരാഴ്ചയേ ബാക്കിയുള്ളൂ. ഇനി അഡ്മിഷന്‍ തരാന്‍ വൈസ് ചാന്‍സലര്‍ക്കും അധികാരമില്ല. ''നിര്‍ബന്ധമാണെങ്കില്‍ അടുത്ത ജൂണ്‍ മാസത്തില്‍ വരൂ. നിങ്ങള്‍ക്കായി ഞാന്‍ ഒരു സീറ്റ് ഒഴിച്ചിട്ടേക്കാം.'' അത്യുദാരമായ വാക്കുകള്‍. ''ഞാന്‍ വരും'' ഉറപ്പിച്ചുപറഞ്ഞു. ഞാന്‍ മടങ്ങിവരും, ഇവിടെ പഠിക്കും. ഇനിമേല്‍ ഒരു മാര്‍ക്കിന്റെ കുറവിലും മറ്റും തലകുമ്പിടേണ്ടിവരില്ല. നിശ്ശബ്ദമായി ഞാന്‍ തീരുമാനിച്ചു. ആ ആദ്യ സന്ദര്‍ശനത്തില്‍തന്നെ ഡോ. ശാസ്ത്രിയില്‍നിന്ന് അനുഭവിച്ച സവിശേഷമായ വാത്സല്യപ്രസരണം വരണ്ട മനസ്സ് കാത്തിരുന്ന വേനല്‍മഴയായിരുന്നു.

മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ നാഗ്പുര്‍ ഒരു വരണ്ട പട്ടണമാണ്. അത്യുഷ്ണമാണ് (തണുപ്പിനെക്കാളും ചൂട് ഇഷ്ടപ്പെടുന്ന എനിക്ക് വലിയ പരാതിയില്ല). പോയവര്‍ഷം സീറ്റ് കിട്ടാതെ മടങ്ങിയ മലയാളി വിദ്യാര്‍ഥിയെ പ്രൊഫസര്‍ തിരിച്ചറിഞ്ഞു. പാന്‍മുറുക്കിന്റെ ചുവപ്പില്‍വിരിഞ്ഞ ഹൃദ്യമായ ചിരിയോടെ അദ്ദേഹം എനിക്ക് എം.എ.യ്ക്ക് അഡ്മിഷന്‍തന്നു. പക്ഷേ, ഒരു ചെറിയ പ്രശ്‌നം: ക്‌ളാസുകള്‍ ഇനിയും പതിനഞ്ച് ദിവസം കഴിഞ്ഞേ തുടങ്ങൂ.

താമസിക്കാന്‍ താത്കാലിക സംവിധാനമൊക്കെ തരപ്പെട്ടുകഴിഞ്ഞപ്പോള്‍ മുതല്‍ എനിക്ക് കലശലായ ഗൃഹാതുരത്വം. എങ്ങനെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് ഞാന്‍ തീരുമാനിച്ചു. നാഷണല്‍ പെര്‍മിറ്റുള്ള ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു സ്ഥലം യാദൃച്ഛികമായി കണ്ടു. അവിടെ ചുറ്റിപ്പറ്റിനിന്ന് ഞാന്‍ ഒരു തമിഴന്‍ ഡ്രൈവറോട് ഒരാശയം പങ്കിട്ടു. അയാള്‍ മധുരയ്ക്ക് പോവുകയാണ് അന്ന് രാത്രി. മൂന്നു ദിവസംകൊണ്ട് മധുരയിലെത്തും. ഒരു തുക കൊടുത്താല്‍ അയാള്‍ എന്നെ കൊണ്ടുപോകാമെന്നേറ്റു. മധുരയില്‍നിന്ന് ബസുണ്ടല്ലോ തിരുവനന്തപുരത്തേക്ക്. വരാമെന്നു പറഞ്ഞ് ഞാന്‍ മുറിയിലേക്ക് മടങ്ങി. ട്രക്കില്‍ നാട്ടിലേക്ക് പോകാനൊരുങ്ങുന്ന എന്നോട് പുതുതായി പരിചയപ്പെട്ട, വളരെക്കാലമായി നാഗ്പുരില്‍ താമസമാക്കിയ വര്‍ഗീസ് പറഞ്ഞു: ''മണ്ടത്തരം കാട്ടാതെ. ഒരാഴ്ചകൊണ്ടേ ഇവന്മാര് മധുരയിലെത്തൂ. വഴിനീളെ കള്ളുകുടി, പിന്നെ മറ്റെല്ലാ വേണ്ടാതീനങ്ങളും. മണ്ടത്തരമാണിത്. സാഹസമാണ്. പോകരുത്.'' അനുഭവത്തിന്റെ ശബ്ദമായി ഞാനത് അംഗീകരിച്ചു. പക്ഷേ, വലിയ നിരാശയായിപ്പോയി. പിറ്റേന്ന് രാവിലെ വര്‍ഗീസ് ഏതോ ഒരു ട്രെയിനില്‍ മദ്രാസ് വരെ എനിക്ക് ഒരു സിറ്റിങ് ടിക്കറ്റ് സംഘടിപ്പിച്ചുതന്നു. ഇരുന്നും നിന്നും മദ്രാസിലെത്തി. അച്ഛന്‍ താമസിക്കുന്ന ഹോട്ടലില്‍ ചെന്നപ്പോള്‍ അച്ഛന്‍ നാട്ടില്‍പ്പോയിരിക്കുന്നു. ബസ് സ്റ്റാന്‍ഡിലേക്കുപോയ ഞാന്‍ അന്നുരാത്രി അവിടെക്കിടന്നുറങ്ങി. വെളുപ്പാന്‍കാലത്ത് നാലുമണിക്ക് തിരുനല്‍വേലിയിലേക്കുപോകുന്ന ബസില്‍ക്കയറി. വൈകുന്നേരം അവിടെനിന്നും മറ്റൊരു ബസില്‍ നാഗര്‍കോവിലെത്തിയപ്പോള്‍ അവസാന ബസും പോയിക്കഴിഞ്ഞു. ഇനി തിരുവന്തപുരത്തേക്ക് പിറ്റേന്ന് പുലര്‍ച്ചയ്‌ക്കേ വണ്ടിയുള്ളൂ. മറ്റൊരു ബസ് സ്റ്റാന്‍ഡില്‍ രണ്ടാം രാത്രി! (ആദ്യദിവസമേ മനഃപ്രയാസമുള്ളൂ. രണ്ടാം രാത്രിമുതല്‍ ശീലമായിത്തുടങ്ങും). ഒരു മുന്നറിയിപ്പുമില്ലാതെ നാഗ്പുരില്‍ പഠിക്കാന്‍പോയ ഞാന്‍ പിറ്റേന്ന് ഉച്ചയോടെ, അഞ്ചുദിവസങ്ങള്‍ ട്രെയിനിലും ബസിലും തുടര്‍ച്ചയായി യാത്രചെയ്തും ബസ് സ്റ്റാന്‍ഡുകളില്‍ പേപ്പര്‍ വിരിച്ചുറങ്ങിയും പ്രാകൃതവേഷത്തില്‍ അമ്മയെയും അച്ഛനെയും ഞെട്ടിച്ചുകൊണ്ട് വീട്ടുമുറ്റത്തെത്തി. ഗൃഹാതുരത്വം നിസ്സാരനല്ല.

വീണുകിട്ടിയ വീട്ടിലെ ഇടവേള പെട്ടെന്നങ്ങു തീര്‍ന്നുപോയി. പ്രവാസവും ഗൃഹാതുരത്വവും എന്ന ഇരട്ടക്കുട്ടികളെ ഞാന്‍ അതിനുമുമ്പ് പരിചയപ്പെട്ടിരുന്നില്ല. യോഗവും വിയോഗവും (അവസാന വിയോഗം വരെയും) ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന സത്യം അനുഭവപ്പൊരുളായ ദിവസങ്ങളായിരുന്നു. തിരികെച്ചെന്നതിനുശേഷമാണ് പുതിയ ജീവിതത്തിന്റെ പ്രായോഗികപരിമിതികള്‍ നേരിടേണ്ടിവന്നത്. എനിക്ക് തരാമെന്നേറ്റിരുന്ന മുറി മറ്റാര്‍ക്കോ കൊടുത്തു. ഗോകുല്‍പെട്ട് എന്ന സ്ഥലത്തെ നാജ്ബിലേസ് ബംഗഌവിന്റെ താഴത്തെ നിലയിലെ ഒരു മുറിയില്‍ താമസിച്ചിരുന്ന രണ്ടുപേര്‍ തിരുവല്ലക്കാരന്‍ രാജനും പന്തളത്തുകാരന്‍ ദാനിയേലും ആപല്‍ബാന്ധവരായി. അവര്‍ സ്റ്റോറായി ഉപയോഗിച്ചിരുന്ന അടച്ചുകെട്ടിയ കാര്‍ ഷെഡ് എനിക്കായി സജ്ജീകരിച്ചുതന്നു. അവര്‍ വിദ്യാര്‍ഥികളായിരുന്നില്ല. രാജന് എംപ്രെസ്സ് മില്ലില്‍ ചെറിയൊരു ജോലിയുണ്ട്. മിക്കവാറും രാത്രിഷിഫ്റ്റിലാണ് ജോലി. താരതമ്യേന മെച്ചമാണ് ദാനിയേലിന്റെ സ്ഥിതി. വൈദ്യുതിബോര്‍ഡിലെ സ്ഥിരം ജീവനക്കാരനാണ്. കാര്‍ഷെഡ്ഡിലെ ജീവിതം സാമാന്യം ദയനീയമായിരുന്നെങ്കിലും സ്‌നേഹസമ്പന്നമായിരുന്നു. രാജനും ദാനിയേലും സ്വയം ആഹാരം പാചകംചെയ്യും. എന്റെ ഭക്ഷണം ഒരു മലയാളി മെസ്സിലാണ്. എന്നാലും ചിലപ്പോഴൊക്കെ ഇവര്‍ക്കൊപ്പം കൂടും. പാചകത്തിന്റെ അക്ഷരമാല പഠിച്ചു തുടങ്ങിയതവിടെയാണ്. അമ്പതുവര്‍ഷമാകുന്നു കാര്‍ഷെഡ് ജീവിതം പിന്നിട്ടിട്ട്. ഇപ്പോഴും രാജനുമായി ഞാന്‍ ബന്ധപ്പെടാറുണ്ട്. ന്യൂയോര്‍ക്കിലെ അദ്ദേഹത്തിന്റെ വിശാലമായ വസതിയില്‍ അമേരിക്കന്‍ യാത്രകളില്‍ പലപ്പോഴും ഞാന്‍ അതിഥിയായി. അപ്പോഴൊക്കെ ഇല്ലായ്മയുടെ നാഗ്പുര്‍ദിനങ്ങള്‍ നിര്‍ബന്ധപൂര്‍വം ഞങ്ങള്‍ ഓര്‍മിക്കും. ജീവിതം എത്ര കാരുണ്യംകാട്ടി എന്ന് സ്വയം ഓര്‍മിപ്പിക്കും.

Also Read

ആ കിളിമരത്തിലെ 'കുടമുല്ലപ്പൂവുകൾക്കാണ് ...

പിന്നെയും വളരെക്കാലം കഴിഞ്ഞാണ് ഇതൾവിരിയാതെപോയ ...

ആ വര്‍ഷാവസാനസായന്തനം ഓര്‍ക്കാതിരിക്കാന്‍വയ്യ. ലക്ഷ്മി നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ വിശാലമായ കാമ്പസിന്റെ ഒരുയര്‍ന്ന പടവില്‍ ഒറ്റയ്ക്കിരിക്കുകയാണ് ഞാന്‍. 1973 ഡിസംബര്‍ 31. വിദര്‍ഭയുടെ മേഘരഹിതമായ വിസ്തൃതാകാശത്തില്‍ ആ വര്‍ഷത്തിലെ അവസാന അസ്തമയം നോക്കിയിരുന്ന എന്നില്‍ അതിസാന്ദ്രമായ ഒരനുഭൂതി ഉളവായി. ഞാനും ആ സൗമ്യസൂര്യബിംബവും മാത്രമേ ഈ ലോകത്തിലുള്ളൂ എന്ന ഭാവത്തില്‍ ഞാന്‍ അസ്തമയപ്രശാന്തതയില്‍ ഇഴുകിച്ചേര്‍ന്നുപോയി, കുറെനേരം. ജീവിതയാത്രയ്ക്കു തയ്യാറെടുക്കുന്ന ഇരുപത്തൊന്നുകാരന്റെ മനസ്സില്‍ അതുവരെ വ്യക്തമാകാതിരുന്ന ചില സന്ദേഹങ്ങള്‍ മറനീക്കിവന്നു. മുന്നോട്ടുള്ള വഴി എന്തായിരിക്കും? എങ്ങനെയുള്ളതായിരിക്കും? ആ വഴിയില്‍ അനിശ്ചിതത്വത്തിന്റെ നിഴല്‍പ്പാടുകള്‍ ചിത്രംവരയ്ക്കുന്നതുകണ്ടു. ഒടുവില്‍ അറിയാതെ മനസ്സിലുണര്‍ന്നത് ഒരു പ്രാര്‍ഥനമാത്രം: 'പരാജയമാകരുത് ജീവിതം.'

സര്‍വകലാശാലയ്ക്ക് ഹോസ്റ്റലുണ്ടെങ്കിലും അവിടെ പ്രവേശനം കിട്ടുക അസാധ്യമായിരുന്നു. ഇംഗ്ലീഷ് എം.എ.യ്ക്ക് രണ്ടാംവര്‍ഷം പഠിക്കുന്ന മലയാളിയായ സുരേഷ്‌കുമാര്‍ ഹോസ്റ്റലിലാണ്. കല്‍ക്കുളം സ്വദേശിയായ സുരേഷിന് കാഴ്ചശേഷിയില്ല. ജന്മനായുള്ള അന്ധതയല്ല. സ്‌കൂളില്‍ പഠിക്കവേ പതുക്കെപ്പതുക്കെ കാഴ്ചശേഷി നഷ്ടപ്പെടുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് വാസു എന്ന ഒരു സഹായിയുണ്ട്. വാസുവും ആ ക്ലാസില്‍തന്നെ പഠിക്കുന്നുണ്ട്. ഒരു പാഠഭാഗമോ പുസ്തകത്തിലെ ഒരധ്യായമോ വാസു ഒരിക്കല്‍ വായിച്ചുകൊടുത്താല്‍ സുരേഷ് അത് പൂര്‍ണമായി ഉള്‍ക്കൊള്ളും. ചിലപ്പോള്‍ ഒരു ഭാഗം ഒന്നുകൂടി വായിക്കാന്‍ പറയും. അവസാനപരീക്ഷയ്ക്ക് സുരേഷിന് ഒന്നാം ക്ലാസും റാങ്കും. എല്ലാം വായിച്ചുകൊടുത്ത വാസു ജയിച്ചെന്നുമാത്രം. അത്രയ്ക്ക് കൃത്യമാണ് സുരേഷിന്റെ ഓര്‍മയും സാഹിത്യജ്ഞാനവും. ഒരു നല്ല വിദ്യാര്‍ഥി എങ്ങനെ പഠിക്കണമെന്ന് ഞാന്‍ ഗ്രഹിച്ചത് സുരേഷ്‌കുമാറുമായുള്ള സമ്പര്‍ക്കത്തില്‍നിന്നാണ്. നാഗര്‍കോവിലില്‍ പളനിയപ്പാസ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായി വിരമിച്ച സുരേഷ് സഹധര്‍മിണിക്കൊപ്പം സുഖമായി വിശ്രമജീവിതം നയിക്കുന്നു. വിസ്മയകരമായ ഇച്ഛാശക്തിയും ധിഷണയുമുള്ള സുരേഷ് ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നു; കല്‍ക്കുളത്തെ ചില സാഹിത്യപരിപാടികളിലേക്ക് താത്പര്യപൂര്‍വം എന്നെ ക്ഷണിക്കുകയും ചെയ്തു.

എല്‍എല്‍.ബി. അവസാനവര്‍ഷം പഠിക്കുന്ന മറ്റൊരു മലയാളിവിദ്യാര്‍ഥിയെ പരിചയപ്പെട്ടു. അന്ന് പരമേശ്വരന്‍ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ഇപ്പോള്‍ അഡ്വ. എ.എസ്.പി. കുറുപ്പാണ്. കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നു. അദ്ദേഹം എല്ലാ മലയാളികളുമായൊന്നും ഇടപഴകാറുണ്ടായിരുന്നില്ല. എങ്ങനെയോ സൗഹൃദത്തിലായ ഞങ്ങള്‍ ഒരു ദിവസം റാംറ്റെക് എന്ന സ്ഥലത്തേക്ക് യാത്രപോയി. നാഗ്പുരില്‍നിന്ന് മുപ്പതു കിലോമീറ്റര്‍ അകലെയാണ് കാളിദാസനുമായി അഭേദ്യമായി ബന്ധപ്പെട്ട ഈ സ്ഥലം. വിക്രമാദിത്യന്‍ ഏകാന്തവാസത്തിനയച്ച ഇവിടെയിരുന്നാണ് കാളിദാസന്‍ മേഘദൂതം രചിച്ചത്. യക്ഷന് ഏകാന്തവാസം അനുഭവിക്കേണ്ടിവന്ന 'രാമഗിരി'യാണ് ഇന്നത്തെ റാംറ്റെക്. തിരുനല്ലൂര്‍ കരുണാകരന്‍ മനോജ്ഞമായി പരിഭാഷപ്പെടുത്തിയിരിക്കുന്ന ആ കാവ്യഭാഗം ഇങ്ങനെ:

ഓര്‍മകേടു തന്‍ കൃത്യത്തില്‍ വന്നതി
ന്നോമലെപ്പിരിഞ്ഞാടല്‍പ്പെടും വിധം
ശിക്ഷയൊരാണ്ടാധീശന്‍ വിധിക്കയാല്‍
യക്ഷനേകന്‍ നിരസ്തപ്രഭാവനായ്
വാസമാര്‍ന്നിതേ, സീത നീരാടി സം
പൂതമായ്ത്തീര്‍ന്ന തണ്ണീരിടങ്ങളും
പൂന്തണല്‍ച്ചാര്‍ത്തു ചാര്‍ത്തും മരങ്ങളും
പൂണ്ട രാമഗിര്യാശ്രമ ഭൂമിയില്‍.

ഈ രാമഗിരിയുടെ നിറുകയില്‍നിന്നാല്‍ നാലുദിക്കിലേക്കും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഡെക്കാന്‍ പീഠഭൂമി കാണാം. ചക്രവാളംമുതല്‍ ചക്രവാളംവരെ വിതിര്‍ന്ന ആകാശമേലാപ്പ് കാണാം. 'കൊമ്പുകുത്തിക്കളിക്കാനൊരുമ്പെടും കൊമ്പനാനപോല്‍' അഴകാര്‍ന്നൊരു കാര്‍മുകിലിനെ കണ്ടു വിരഹാതുരനായിത്തീര്‍ന്ന യക്ഷനെയും (കാളിദാസനെയും) സങ്കല്പിക്കാന്‍ വിഷമമില്ല. കല്പനയുടെ ആകാശപഥത്തിലേക്ക് ഉയര്‍ത്തുന്ന പ്രകൃതിയുടെ ഉദാരത അനുഭവിക്കാം. ''ഇത്രയും ഗംഭീരമായ സ്ഥലത്തുവന്നിട്ട് എന്നും ഓര്‍ക്കാന്‍ എന്തെങ്കിലുമൊന്നു ചെയ്യണ്ടേ?'' പരമേശ്വരന്റെ ചോദ്യം. ഈ ദിവസം മറക്കാതിരിക്കാം എന്നല്ലാതെ എന്തുണ്ട് ചെയ്യാന്‍ എന്ന് എന്റെ മൗനമറുപടി. ''നമുക്ക് ഒരു പ്രതിജ്ഞയെടുക്കാം. ജീവിതത്തില്‍ ഒരിക്കലും അഴിമതി കാണിക്കില്ലെന്നും കൈക്കൂലി വാങ്ങില്ലെന്നും.'' അങ്ങനെയൊരു പ്രതിജ്ഞയ്ക്ക് റാംറ്റെക്കില്‍ എന്ത് പ്രസക്തി എന്ന് ഞാന്‍ ചോദിച്ചില്ല. ഞങ്ങള്‍ രണ്ടുപേരും അവിടെയിരുന്ന് ഒരു പ്രതിജ്ഞ എഴുതിയുണ്ടാക്കി വളരെ ഗൗരവമായി ആ വരികള്‍ പരസ്പരം ചൊല്ലിക്കൊടുക്കുകയും ഏറ്റുചൊല്ലുകയും ചെയ്തു. സത്യത്തെ ഉപാസിക്കുന്ന കവിസവിധത്തില്‍ ചൊല്ലിയ പ്രതിജ്ഞയിലേക്ക് ഏതോ അജ്ഞാതസ്രോതസ്സില്‍നിന്നൊരു കരുത്ത് പ്രവഹിച്ചതുപോലെ ഞങ്ങള്‍ക്കുതോന്നി. കാലം കരുതിവെച്ച ഒരസാധാരണ ദിവസമായിരുന്നു അത്.

ഒന്നാംവര്‍ഷ പരീക്ഷയില്‍ ഞാന്‍ ഒന്നാമനായി. പക്ഷേ, തൊട്ടടുത്ത് ഒരു മഹാരാഷ്ട്രിയന്‍ യുവതിയുണ്ട് അഞ്ജലി. ഒരു ജഡ്ജിന്റെ മകള്‍. എന്നോട് ചിലപ്പോള്‍ വലിയ ഇഷ്ടം, ചിലപ്പോള്‍ വലിയ ഗര്‍വം. റിസല്‍റ്റ് ഒരു ഫോട്ടോ ഫിനിഷ് ആയതോടെ ഗര്‍വം കൂടി. ഞാനെന്തായാലും രണ്ടാം വര്‍ഷത്തില്‍ പഠിത്തത്തിന്റെ നിലാവരം ഒന്നുകൂടി കടുപ്പിക്കാനുറച്ചു. കാര്‍ഷെഡ്ഡില്‍നിന്ന് ഒരു വീടിന്റെ ഒന്നാംനിലയിലെ ഒറ്റമുറിയിലേക്ക് താമസവും മാറ്റി. യൂണിവേഴ്‌സിറ്റി ലൈബ്രറി രാത്രി പന്ത്രണ്ടുമണിവരെ തുറന്നിരിക്കും. ഞാനതുപയോഗപ്പെടുത്തി. അതിനിടെ ഒരു ജേണലിസം കോഴ്‌സിനും ചേര്‍ന്നു. ലൈബ്രറിയിലാണ് ക്ലാസ്. രാവിലെ ആറരമുതല്‍ ഒമ്പതുവരെ. പിന്നെവന്ന് കാമ്പസില്‍ പോകണം. വൈകുന്നേരം ഏഴുമണിക്ക് ആദായനിരക്കില്‍ ഞാനൊരു സൈക്കിള്‍ വാടകയ്‌ക്കെടുക്കും. രാത്രിഭക്ഷണവും കഴിച്ചിട്ട് ലൈബ്രറിയില്‍ പോയിരുന്ന് 12 മണിവരെ വായിക്കും. ഇടയ്ക്ക് മാവേലിക്കരക്കാരന്‍ നായരുടെ സൈക്കിള്‍ തട്ടുകടയില്‍പ്പോയി ഹാഫ് ചായ കുടിക്കും. രാവിലെ വീണ്ടും ജേണലിസം ക്ലാസും കഴിഞ്ഞ് കാമ്പസിലേക്കു പോകാന്‍നേരം സൈക്കിള്‍ തിരികെക്കൊടുക്കും.

ജേണലിസം ക്ലാസില്‍ ചേര്‍ന്നതില്‍ ചില ഗുണങ്ങളുണ്ടായി. ഞങ്ങള്‍ ഡല്‍ഹിയിലൊരു പഠനയാത്രപോയി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഞങ്ങളെ കാണാന്‍ സമയംതന്നു. രാത്രി ഏഴരയ്ക്ക്. നാല്‍പ്പതുമിനിറ്റ് ഞങ്ങളോടൊപ്പം പ്രധാനമന്ത്രി ചെലവഴിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. അതിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളാണ്. ഉത്തരവാദപ്പെട്ട പത്രപ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു ഇന്ദിരാഗാന്ധി സംസാരിച്ചത്. ''അതിഥി വന്നാല്‍ വീട്ടിലെ ഏറ്റവും മോശപ്പെട്ട മുറിയിലിരുത്തുമോ, മെച്ചപ്പെട്ട മുറിയിലിരുത്തുമോ?'' പത്രപ്രവര്‍ത്തകരാകാന്‍പോകുന്ന ഞങ്ങളോട് അവര്‍ ചോദിച്ചു. ''നല്ല മുറിയിലിരുത്തുക എന്ന സാമാന്യമര്യാദ മാധ്യമങ്ങള്‍ കാണിക്കണം'' അവര്‍ ഉപദേശിച്ചു. അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച. പെരുമാറ്റത്തിന്റെയും ആതിഥേയത്വത്തിന്റെയും സംസാരത്തിന്റെയും ഔചിത്യചാരുതകൊണ്ടും ഓരോ വാക്കിലും തുളുമ്പുന്ന ഇച്ഛാശക്തികൊണ്ടും ഓര്‍മയില്‍ പതിയുന്ന വ്യക്തിത്വം. പിന്നീട് പ്രസിദ്ധ പത്രപ്രവര്‍ത്തകരായിത്തീര്‍ന്ന സത്യാ സരന്‍ (ഫെമിന), കല്യാണി ശങ്കര്‍ (ഹിന്ദുസ്ഥാന്‍ ടൈംസ്), മലയാളിയായ എന്‍. വിജയമോഹന്‍ എന്നിവരൊക്കെ എന്റെ സഹപാഠികളാണ്.

അപൂര്‍വമാണ് നാഗ്പുരില്‍ മഴ. വിസ്തൃതവിഹായസ്സില്‍ മഴമേഘങ്ങള്‍ ഉരുണ്ടുകൂടുന്നത് ഒരുദാത്തദൃശ്യമാണ്. മഴപെയ്തുതുടങ്ങുന്ന ഒരുച്ചമാനത്ത് നോക്കിയിരിക്കുമ്പോഴാണ് ആ കരിമേഘവിതാനംകണ്ട് ടാഗോറിന്റെ ഗീതാഞ്ജലിയിലെ ചില കവനങ്ങള്‍ എനിക്ക് സാന്ദ്രാനുഭവമായിമാറുന്നത്.

'മേഘങ്ങള്‍ക്കുമേല്‍ മേഘങ്ങള്‍ കുമിഞ്ഞ് ഇരുളാകുന്നു. എന്റെ പ്രണയമേ! എന്നെ നീ എന്തിനാണ് ഈവിധം ഒറ്റയ്ക്ക് കാത്തിരുത്തുന്നത്?' പ്രണയത്തിനോട് അപ്പോള്‍ അങ്ങനെ ചോദിക്കാന്‍ കാരണമുണ്ട്. പഠിത്തമൊക്കെ നന്നായി പുരോഗമിക്കുമ്പോഴും ജേണലിസം ക്ലാസിലും എം.എ. ക്ലാസിലുമായി ഓരോ പ്രണയമങ്ങനെ ഒളിവീശിത്തെളിയുന്നുണ്ടായിരുന്നു. എം.എ. ഒന്നാംവര്‍ഷ ക്ലാസിലെ പ്രണയനായിക ഞങ്ങളുടെ ഇംഗഌഷ് അധ്യാപകന്റെ മകളാണ്. ബംഗാളി. നായികയുടെ പിതാവിനാണെങ്കില്‍ എന്നോട് വലിയ സ്‌നേഹവും വാത്സല്യവും. അതൊരപകടപ്രണയമാണെന്നു തിരിച്ചറിഞ്ഞ്, പ്രായോഗികബുദ്ധിയോടെ ഞാന്‍ സ്വയം പിന്‍വലിയുകയും വംഗനായികയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു (പ്രണയവും യുക്തിയും വിരുദ്ധ മനോനിലകളാണെന്ന് അറിയാഞ്ഞിട്ടല്ല). ജേണലിസം ക്ലാസിലെ ഒരു മഹാരാഷ്ട്രക്കാരിയുമായുള്ള അടുപ്പം പ്രണയമായി പരിണമിക്കുന്ന സമയവുമായിരുന്നു. ഞാന്‍ മഹാരാഷ്ട്രയ്ക്കുനേര്‍ക്ക് ഹൃദയം തുറന്നുവെച്ചു. കാലാന്തരത്തില്‍ എല്ലാം ജലരേഖകളായി മാഞ്ഞുപോയി. ഹ്രസ്വമെങ്കിലും ആ പ്രണയാനുഭവങ്ങള്‍ക്കുമുണ്ട് ഓര്‍മയിലൊരിടം. വയലിനില്‍ വായിച്ച് ജീവിതസംഗീതത്തില്‍ ചേര്‍ത്ത ഒരീണം.

ഫൈനല്‍ പരീക്ഷയ്ക്ക് രണ്ടോ മൂന്നോ മാസമുള്ളപ്പോള്‍ എനിക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു. ആരോരുമില്ലാതെ അവിടെക്കിടന്ന എനിക്ക് സഹോദരീതുല്യയായി അല്ല സഹോദരിയായി കോട്ടയം സ്വദേശിനി ഓമന എത്തിച്ചേര്‍ന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സാണ്. എല്ലാ ദിവസവും ഓമന എനിക്ക് ആഹാരവുമായെത്തി. എന്നോടൊപ്പം സമയം ചെലവിട്ടു. ആ നിഷ്‌കളങ്കസ്‌നേഹം എന്നെ വിധുരനാക്കിക്കളഞ്ഞു. നഗരത്തില്‍ എനിക്കൊരു ബന്ധുവുണ്ടെന്ന് തോന്നിത്തുടങ്ങി. നാഗ്പുര്‍ വിട്ടതിനുശേഷം ഒരുപാടുകാലം ഞാന്‍ ഈ സ്‌നേഹനിധിയുമായി സമ്പര്‍ക്കംപുലര്‍ത്തി. ആറുവര്‍ഷങ്ങള്‍ക്കുമുമ്പ് ആകസ്മികമായി ഓമന എന്ന ഞാന്‍ കണ്ട മാലാഖ സ്വര്‍ഗത്തിലേക്കു തിരിച്ചുപോയി.

ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുമ്പോഴാണ് 1973 അവസാനിക്കുന്നതും പുതുവര്‍ഷം പിറക്കുന്നതും. കഴിഞ്ഞ വര്‍ഷാവസാനസായാഹ്നത്തില്‍ അസ്തമയസൂര്യനെ നോക്കിയിരുന്ന് പ്രതീക്ഷാപൂര്‍വം ചിലതെല്ലാം തീരുമാനിച്ചുറച്ച എന്നെ 1975 എന്ന പുതുവര്‍ഷത്തില്‍ ഉണര്‍ത്തിയത് ഒരു യുവാവിന്റെ കുരയാണ്. പേപ്പട്ടിവിഷമേറ്റ എന്റെ പ്രായമുള്ള ഒരു യുവാവിന്റെ അവസാനനിമിഷങ്ങളാണ് മുന്നില്‍. വൈദ്യശാസ്ത്രം നിസ്സഹായമായി നില്‍ക്കുകയാണ്. ആ ദാരുണമരണത്തിനു സാക്ഷിയായ നവവര്‍ഷപ്രഭാതത്തില്‍ മൃതദേഹത്തിന്റെ മാറിടംപോലെ മനസ്സു മരവിച്ചുകിടന്നു.

(തുടരും)

Content Highlights: k jayakumar life story literature part three


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented