ആ കിളിമരത്തിലെ 'കുടമുല്ലപ്പൂവുകള്‍ക്കാണ് എത്ര കിനാവുകളുണ്ടായിരിക്കും...' എന്നു ഞാന്‍ വിസ്മയിച്ചത്!


കെ. ജയകുമാര്‍

കവിയായും ഗാനരചയിതാവായും ഉന്നതഭരണത്തിന്റെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ചയാളായും മലയാളിക്ക് പരിചിതനായ ഒരു മനുഷ്യന്റെ ആത്മരേഖകള്‍ തുടങ്ങുകയാണ്. കേരളത്തിലും മദ്രാസിലുമായുള്ള വളര്‍ച്ചയും അച്ഛന്റെ സിനിമാലോകവും വന്നുപോയ്‌ക്കൊണ്ടിരുന്ന പരാധീനതകളും ഗ്രാമീണജീവിതം പകര്‍ന്ന പ്രണയപരാഗങ്ങളും കാവ്യമാനസത്തിന്റെ പിറവിയും എഴുത്തിന്റെയും പുസ്തകങ്ങളുടെയും ലോകങ്ങളും വഴികാട്ടിയ പ്രകാശജീവിതങ്ങളുമെല്ലാം ഈ ഓര്‍മത്തെളിച്ചത്തില്‍ മിന്നിപ്പൊലിയുന്നു

കെ. ജയകുമാർ

ജീവിതയാത്രയ്ക്ക് ഏഴു പതിറ്റാണ്ടുതികയുമ്പോള്‍ മനസ്സ് നിറയുന്ന ഭാവം എന്താണ്? ഇതുവരെയെത്തിയല്ലോ എന്ന സംതൃപ്തിയോ അരുതായ്കകള്‍ അധികമൊന്നും ചെയ്തുകൂട്ടാതെ ജീവിക്കാനായല്ലോ എന്ന ആശ്വാസമോ? ജിവിതം തികച്ചും വ്യര്‍ഥമായില്ല എന്ന ചാരിതാര്‍ഥ്യമോ 'കരുതുവതിഹ ചെയ്യ വയ്യ' എന്ന നേരിയ പരിതാപമോ? ജീവിച്ചിരിക്കുന്നു എന്ന ബോധം സമ്മാനിക്കുന്ന കൃതജ്ഞതാ ഭാവമാണ് എഴുപതിന്റെ സൂക്ഷ്മാനുഭവം. പിന്നിട്ട വഴികളെക്കാള്‍ ഹ്രസ്വമാണ് അനുവദിക്കപ്പെട്ട മുന്നിലെ വഴി എന്ന അറിവ് ഉണര്‍ത്തുന്ന അടിസ്ഥാനവികാരമെന്താണ്? ചിലരില്‍ ഭയം; മറ്റു ചിലരില്‍ നിരാശ. ഭയവും നിരാശയും എവിടേക്കും പക്ഷേ, നയിക്കുന്നില്ല. കൃതജ്ഞതയോടെ സഞ്ചരിക്കാന്‍ കഴിയുമോ?

നന്ദി നീ തന്നൊരിളം നീല രാവുകള്‍,
ക്കെന്നെ കുളിരണിയിച്ച കിനാവുകള്‍,
ക്കെന്റെ ഏകാന്തത തന്‍ പുഴയോരത്തു
കൊച്ചു കാറ്റിന്റെ കൊതുമ്പുവള്ളത്തില്‍ നീ

ജീവിതത്തോട് നന്ദി പറയുന്ന ഒ.എന്‍.വി. ക്കവിതയില്‍ ഈ മനസ്സുണ്ട്.ഏറ്റിയയച്ച വിശിഷ്ട ഗന്ധങ്ങള്‍ക്കും'

ഭേദിക്കപ്പെടുമ്പോള്‍ നൃത്തമാടുക,

മുറിവിലെ കെട്ടഴിക്കുമ്പോള്‍ നൃത്തമാടുക,

രണഭൂമിയില്‍ നില്‍ക്കുമ്പോള്‍ നൃത്തമാടുക...'

എന്ന് റൂമി പറയുമ്പോഴും തെളിയുന്നത് നിരുപാധിക മനസ്സാണ്. ഈ നിര്‍വേദാവസ്ഥയില്‍ എത്തിച്ചേര്‍ന്നെന്ന അവകാശവാദമില്ല. എത്തിച്ചേരേണ്ടത് അവിടെയാണെന്ന് അറിയാമെന്നുമാത്രം.

നന്ദി ചൊല്ലേണ്ടത് ആരോടൊക്കെ? എന്തിനോടൊക്കെ? ഇക്കാലംകൊണ്ട് അറിയുകയും അനുഭവിക്കുകയും ചെയ്ത സ്‌നേഹകലഹങ്ങള്‍, വാക്കുകൊണ്ട് മുറിപ്പെട്ട ബന്ധങ്ങള്‍, വാക്കായി മാറാത്ത സ്‌നേഹങ്ങള്‍, ഇനിയും സഫലമാകാത്ത കാമനകള്‍, ഉള്ളുനിറഞ്ഞ സായന്തനങ്ങള്‍, ധ്യാനാവസ്ഥയിലേക്കു ക്ഷണിച്ച ഹിമാലയന്‍ ഗിരിതടങ്ങള്‍, മരച്ചില്ലകളിലൂടെ നിലാവ് അരിച്ചിറങ്ങിയ തെളിഞ്ഞ രാത്രികള്‍, അധികാരസൗധത്തിന്റെ പൂമുഖങ്ങള്‍, നിഴലുകള്‍ വീണ പിന്നാമ്പുറങ്ങള്‍, പച്ചമനുഷ്യര്‍ പങ്കുെവച്ച ദുഃഖങ്ങള്‍, സ്‌നേഹിതരുടെയും ബന്ധുക്കളുടെയും തെറ്റിദ്ധാരണകള്‍, സഹയാത്രികരുടെ വഴിപിരിയലുകള്‍, മരണം പറഞ്ഞുതന്ന ശമവാക്യങ്ങള്‍, പുസ്തകങ്ങള്‍ കാട്ടിത്തന്ന ആശയലോകങ്ങളുടെ അപാരതകള്‍, എഴുത്തുകാര്‍ കാട്ടിത്തന്ന ജീവിതത്തിന്റെ നിഗൂഢ ഭംഗികള്‍... അങ്ങനെ എന്തെല്ലാം ചേര്‍ന്ന് പരുവപ്പെട്ടതാണ് ഓരോ ജീവിതവും! കയ്പും മധുരവും നല്‍കി കടന്നുപോയ അനുഭവബഹുലതയാല്‍ ജീവിതം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ആര്‍ക്കാണ് ജീവിതവിഭൂതികള്‍ ലഭിക്കാത്തത്? ചിലര്‍ ഓര്‍ക്കുന്നു, ചിലര്‍ മറക്കുന്നു. അഥവാ ചിലപ്പോള്‍ ചിലത് ഓര്‍ക്കുകയും ചിലത് മറക്കുകയും ചെയ്യുകയാണോ? ഞാനിപ്പോള്‍ ചിലതൊക്കെ ഓര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഓര്‍ക്കുംതോറും ജീവിതത്തോട് ഉപാധികളില്ലാത്ത കടപ്പാടിന്റെ വേലിയേറ്റമുണ്ടാവുന്നവ. ഉപാധികള്‍ കൃതജ്ഞതയ്ക്കു മുറിവേല്‍പ്പിക്കും. ഏതു വെളിച്ചത്തിനും മങ്ങലേല്‍പ്പിക്കും.

പുതുമ മങ്ങിപ്പോയെങ്കിലും യാത്ര എന്ന രൂപകത്തെപ്പോലെ ജീവിതത്തെ നിര്‍വചിക്കാന്‍ സമര്‍ഥമല്ല മറ്റൊരു കല്പനയും. 'പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ.' എന്ന എഴുത്തച്ഛന്‍ വാക്യത്തിന് ജീവിതയാത്രയുടെ നീളം കൂടുംതോറും തിളക്കമേറും. ഒരേ പാതയില്‍ സഞ്ചരിക്കുമ്പോഴും ഓരോ യാത്രികനും നടത്തുന്നത് വ്യത്യസ്തയാത്രകള്‍. കാണുന്നത് വെവ്വേറെ കാഴ്ചകള്‍. കേള്‍ക്കുന്നത് വിഭിന്നശബ്ദങ്ങള്‍. അതാണ് യാത്രാനുഭവങ്ങളുടെ സാധുതയും ചാരുതയും. ത്യാഗങ്ങള്‍ സഹിക്കുകയും നേട്ടങ്ങള്‍ വരിക്കുകയും ചെയ്ത മഹത്തുക്കളുടെ ജീവിതാനുഭവങ്ങള്‍ക്കു നാമെന്നും വിലകല്പിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് അനുഭവകഥനം വലിയവര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെടുന്നില്ല. ഓരോ ജീവിതത്തിന്റെയും അനന്യത ഓരോ ഓര്‍മക്കുറിപ്പിനെയും സ്വീകാര്യമാക്കുന്നു. ഈ നീതീകരണമാണ് എളിയ ഈ ജീവിതത്തിലെ അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ എനിക്കിപ്പോള്‍ ധൈര്യം പകരുന്നത്.

അച്ഛൻ എം.കൃഷ്ണൻ നായർ അമ്മ സുലോചനദേവി സഹോദരന്മാരായ ശ്രീക്കുട്ടൻ, ഹരികുമാർ എന്നിവർക്കൊപ്പം കെ .ജയകുമാർ (നടുവിൽ)

പലരെയുംപോലെ എനിക്കുമുണ്ട് ഒരു ജീവിതത്തിനുള്ളില്‍ പല ജീവിതങ്ങള്‍. ഔദ്യോഗികജീവിതം, കുടുംബജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, സമൂഹജീവിതം, വൈകാരികജീവിതം, ആശയജീവിതം, ആത്മീയജീവിതം, രഹസ്യജീവിതം എന്നിങ്ങനെ പല മുറികളുണ്ട് ജീവിതഭവനത്തില്‍. മുറികളെല്ലാം കൂടി തുറന്നു കാട്ടാനൊന്നുമുള്ള പുറപ്പാടല്ല. ഓര്‍മകള്‍ കാലാനുക്രമമായി പറഞ്ഞുപോകാനും തുനിയുന്നില്ല. കാലം പുതിയ അര്‍ഥങ്ങളുടെ പ്രകാശം ചൊരിഞ്ഞ കുറെ അനുഭവചിത്രങ്ങള്‍ ഓര്‍ത്തെടുക്കാന്‍ മാത്രമേ ശ്രമിക്കുന്നുള്ളൂ. യാത്രയുടെ സംഗീതത്തില്‍ വഴിത്തിരിവുകളുടെ താളഭേദവും സങ്കടരാഗങ്ങളുടെ ഇഴചേരലും സ്‌നേഹങ്ങളുടെ ലയവും അദൃശ്യമായ അനുഗ്രഹത്തിന്റെ ആധാരശ്രുതിയും നിശ്ശബ്ദതകളും ഓര്‍മിക്കാനും കൗതുകം.

വഴിത്തിരിവുകള്‍, യാദൃച്ഛികതകള്‍

യാത്രികന്‍ തിരഞ്ഞെടുക്കുന്ന വഴിയാണ് യാത്രയിലെ സൗഭാഗ്യദൗര്‍ഭാഗ്യങ്ങളെ നിര്‍ണയിക്കുന്നത്. ആ പാത തിരഞ്ഞെടുക്കുകയോ നിരാകരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നുമാത്രം. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വിഖ്യാതമായ വരികള്‍ ഓര്‍ക്കാം:

Two roads diverged in a wood and I-

I took the one lesst travelled by,

And that has made all the difference.

അപരിചിതവഴികളൊന്നും സ്വീകരിച്ച ധീരസാഹസികനല്ല ഞാന്‍. എങ്കിലും വഴികള്‍ എന്നെ പലേടത്തും എത്തിച്ചു. ചില വഴികള്‍ നമ്മള്‍ സ്വയം തീരുമാനിക്കുന്നു, ചെറുപ്പത്തില്‍ നമ്മുടെ വഴികള്‍ മാതാപിതാക്കള്‍ തീരുമാനിക്കുന്നു. അഥവാ അവര്‍ തിരഞ്ഞെടുത്ത വഴികള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു.

ഞാന്‍ ഒന്നാംക്ലാസില്‍ ചേരുമ്പോള്‍ അച്ഛന്‍ മദ്രാസിലാണ്. നീലാ പ്രൊഡക്ഷന്‍സിനുവേണ്ടി സി.ഐ.ഡി., അനിയത്തി എന്നീ രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു കഴിഞ്ഞെങ്കിലും അനിശ്ചിതത്വം അകന്നിരുന്നില്ല. പുതിയൊരു പടം കിട്ടാനായി അച്ഛന്‍ മദ്രാസില്‍ കഷ്ടപ്പെടുകയാണ്. കുറച്ചു കൃഷിയുള്ളതുകൊണ്ട് വീട്ടില്‍ ഭക്ഷണത്തിനു മുട്ടില്ല. എങ്കിലും സാമ്പത്തികഞെരുക്കം അന്യമായിരുന്നില്ല. വാഴക്കുല വിറ്റും ചേന വിറ്റുമൊക്കെ അത്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്ന ആദ്യകാലം എനിക്ക് ഇപ്പോഴും ഓര്‍ത്തെടുക്കാനാവും. ഇല്ലായ്മയുടെ ആ കറുത്തകാലം ധീരമായി കൈകാര്യംചെയ്താണ് എന്റെ അമ്മ കാര്യപ്രാപ്തിയും മേധാശക്തിയുമുള്ള വീട്ടമ്മയായി രൂപാന്തരപ്പെട്ടത്. സ്ഥിരവരുമാനം എന്ന അനുഗ്രഹത്തെക്കുറിച്ചുള്ള അമ്മയുടെ നിരന്തരമായ ഓര്‍മപ്പെടുത്തലുകള്‍ എന്റെ ബാലമനസ്സില്‍ ഉപബോധപ്രേരണയായി പതിഞ്ഞിട്ടുണ്ടാവണം.

ഒരു തമിഴ് സിനിമയുടെ നിര്‍മാണം ഉറച്ചതോടെ അമ്മയും ഞാനും അനിയന്‍ ഹരിയും അടങ്ങുന്ന കുടുംബത്തെ അച്ഛന്‍ മദ്രാസിലേക്കു കൊണ്ടുപോയി. ആദ്യത്തെ കൂടുമാറ്റമായിരുന്നു അത്. ഗോപാലപുരത്ത് ഒരു ചെറിയ വാടകവീട്ടിലായിരുന്നു താമസം. വൃന്ദാവന്‍ എലിമെന്റ്ററി സ്‌കൂളില്‍ ഞാന്‍ തമിഴ് മീഡിയത്തില്‍ മൂന്നാം ക്ലാസില്‍ ചേര്‍ന്നു. പഠിച്ചതൊന്നും ഓര്‍മയില്ല. ഓര്‍മയുള്ളത് വീട്ടിനെതിര്‍വശത്തു മാലിനി എന്ന ഒരു നടി സ്റ്റുഡീബേക്കര്‍ കാറില്‍ വന്നിറങ്ങുന്നതും ഗേറ്റു തുറക്കാന്‍ ഗൂര്‍ഖ ഓടുന്നതുമൊക്കെയാണ്. സിനിമാസുന്ദരിയെ കാണാന്‍ ഞാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും അമ്മയ്ക്കതു മനസ്സിലായതും നല്ല തെളിച്ചമുള്ള ചിത്രങ്ങള്‍. അച്ഛന്റെ തമിഴ് പടം ആളുക്കൊരുവീട് സാമ്പത്തികമായി വിജയിച്ചില്ല. ഷൂട്ടിങ് ആരംഭിക്കാനിരുന്ന രണ്ടുമൂന്നു ചിത്രങ്ങള്‍ക്ക് അതോടെ പക്ഷാഘാതമായി. അതാണ് സിനിമയുടെ വ്യാകരണം. വിജയിയെ വിജയം കടാക്ഷിക്കും. പരാജിതനെ പരാജയം അനുഗമിക്കും.

പിന്നെയും അനിശ്ചിതത്വം. ഞങ്ങള്‍ നാട്ടിലേക്കുമടങ്ങി. അടച്ചിട്ടിരുന്ന വീട്ടിലേക്ക് ഉടനെ പോയില്ല. അമ്മയുടെ കരകുളത്തുള്ള വീട്ടിലായി തത്കാലം താമസം. കരകുളം തെരുവില്‍ ഗവണ്മെന്റ്റ് സ്‌കൂളില്‍ നാലാംക്ലാസില്‍ ചേര്‍ന്നു. പറക്കുന്ന നാഗങ്ങളെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നത് അന്നാണ്. സ്‌കൂളിലേക്കു നടക്കുന്ന നീണ്ട വഴിയില്‍ കുന്നൂര്‍ക്കല്‍ എന്ന കാവുണ്ട്. വെള്ളിയാഴ്ച തോറും ഫണത്തില്‍ മാണിക്യക്കല്ലുമായി സര്‍പ്പങ്ങള്‍ മറ്റേതോ കാവില്‍നിന്ന് കുന്നൂര്‍ക്കലിലേക്കു പറന്നുവരും എന്നാണ് വിശ്വാസം. ഞാന്‍ കണ്ടിട്ടില്ല, എന്റെ ഏക സുഹൃത്ത് സുകുമാരന്‍ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. പാമ്പും പറക്കും എന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. സുകുമാരന്‍ കണ്ടതല്ലേ! പിന്നീട് ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് സരള എന്ന എഴുത്തുകാരിയുടെ 'മാണിക്യക്കല്ല്' എന്ന അതീവ ഹൃദ്യമായ ചെറിയ നോവല്‍ വായിച്ചപ്പോള്‍ പറക്കുന്ന നാഗങ്ങളെക്കുറിച്ചുള്ള ഓര്‍മ എന്നിലുണര്‍ന്നു. മാണിക്യക്കല്ല് കിട്ടിയ രാജകുമാരനും മന്ത്രികുമാരനും അത് കഴുകാനായി കുളത്തില്‍ മുക്കുന്നതും ജലോപരിതലം പിളര്‍ന്നു മാറി താഴേക്കുള്ള പടവുകള്‍ തെളിയുന്നതും അവര്‍ ഭൂമിക്കടിയിലെ കൊട്ടാരത്തിലെത്തുന്നതും തടവിലാക്കപ്പെട്ട രാജകുമാരിയെ കാണുന്നതുമൊക്കെ വിസ്മയാതിരേകത്തോടെ ഞാന്‍ വായിച്ചുതീര്‍ത്തു. ആ ആവേശത്തിനു കാരണം കുന്നൂര്‍ക്കല്‍ കാവിലേക്ക് മാണിക്യകല്ലുമായി പറന്നുവരുന്ന നാഗങ്ങളെക്കുറിച്ചുള്ള എന്റെ മുന്നറിവായിരുന്നു. പിന്നീട് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'സരള' നമ്മുടെ പ്രിയപ്പെട്ട എം.ടി. വാസുദേവന്‍നായര്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നത്. (വെറുതേയല്ല നോവല്‍ അത്രമേല്‍ ആസ്വാദ്യമായത് !)

റിക്ഷാക്കാരൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയകുമാറിന്റെ പിതാവ് എം.കൃഷ്ണൻ നായർ സിനിമാ നിർമാതാവ് ആർ.എം വീരപ്പൻ എന്നിവർ എം.ജി.ആർ. ഓടിക്കുന്ന സൈക്കിൾ റിക്ഷയിൽ എ.വി.എം സ്റ്റുഡിയോയിൽ

മാണിക്യക്കല്ല് സൃഷ്ടിച്ചു തന്ന ഭ്രമാത്മക ലോകത്തിന്റെ അനുഭൂതി ചില അതിമോഹങ്ങള്‍ ഉണര്‍ത്തി. അന്ന് ഞാന്‍ നാലാഞ്ചിറ സെയ്ന്റ് ഗൊരേത്തീസ് സ്‌കൂളിലാണ് പഠിക്കുന്നത്. ഉച്ചയ്ക്കുള്ള ഭക്ഷണം പലപ്പോഴും വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞാണ് തരുക. എനിക്കാണെങ്കില്‍ പൊതി തുറക്കുമ്പോഴുള്ള മണമേ ഇഷ്ടമല്ല. ഉച്ചയൂണിന്റെ നിരാശയും മറ്റനേകം പ്രശ്‌നങ്ങളും ഒരുമിച്ചു കൈകാര്യംചെയ്യാന്‍ ഒറ്റ ഉപായമേ ഉള്ളൂ. ഒരു വരം നേടണം. പുരാണ കഥകളിലെ രാജകുമാരന്മാര്‍ എത്ര അനായാസമാണ് തപസ്സിരുന്ന് ഇഷ്ടവരവുമായി മടങ്ങുന്നത്! ഞങ്ങളുടെ പറമ്പില്‍ അത്യാവശ്യം തപസ്സുചെയ്യാന്‍ വേണ്ട കാടുണ്ട്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍നിന്ന് അപ്രത്യക്ഷമായ അനേകം മരങ്ങളും. പുന്ന, ഇലഞ്ഞി, അത്തി, വയണ, മഞ്ചണാത്തി, ഇലവ്, പ്ലാവ്, പലതരം മാവുകള്‍, കിളിമരം, എന്നിങ്ങനെ അനേകം വൃക്ഷങ്ങളും. പറമ്പിന്റെ ഒഴിഞ്ഞ കോണില്‍ പ്രായമേറിയ ഒരു പുളിമരമുണ്ടായിരുന്നു. (അതില്‍ ഒരു ഗന്ധര്‍വന്‍ താമസമുണ്ടെന്ന് പില്‍ക്കാലത്തു ഞാന്‍ സങ്കല്പിച്ചിരുന്നു. ചില രാത്രികളില്‍ അവിടെ പടര്‍ന്നിരുന്ന അഭൗമ പരിമളമാണ് ആ സങ്കല്പത്തിന് വഴിവെച്ചത്.) ആ പുളിമരത്തിനുകീഴില്‍ എപ്പോഴുമുണ്ടാവും പാഴ്‌ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന ഒരാള്‍പ്പൊക്കമുള്ള കുറ്റിക്കാട്. ഞാന്‍ സ്ഥിരമായി അവിടെച്ചെന്ന് തപസ്സിരിക്കാന്‍ തുടങ്ങി. ദൈവം പ്രത്യക്ഷപ്പെട്ടാല്‍ ഒറ്റ വരമേ ചോദിക്കൂ (അതു മതി; ദൈവം അന്തം വിട്ടു പോകും!) ''ഞാന്‍ വിചാരിക്കുന്നതെല്ലാം ഉടനെ നടക്കണം'' ലളിതമായ ഒരാവശ്യം. ദൈവത്തിനു നിസ്സാരം! വരം കിട്ടിയാല്‍ എന്തുചെയ്യും? ആദ്യം പൊതിച്ചോറ് കൊണ്ടുപോവുന്നത് നിര്‍ത്തും. ഉച്ചയ്ക്ക് കുട്ടികള്‍ പൊതിയും പാത്രവുമൊക്കെ തുറക്കുമ്പോള്‍ ഞാന്‍ കൈയും കെട്ടി ക്‌ളാസിന്റെ മൂലയ്ക്കുപോയി നില്‍ക്കും. പിന്നെയാണ് വരപ്രയോഗം. ''പോരട്ടെ ഒരു മേശയും കസേരയും സ്റ്റീല്‍തട്ടവും തട്ടം നിറയെ ഉണ്ണിയപ്പവും.'' ഒറ്റ നിമിഷം! ഇതാ വന്നു കഴിഞ്ഞു മേശ, കസേര, സ്റ്റീല്‍തട്ടം, ഉണ്ണിയപ്പം! അദ്ഭുത പരതന്ത്രരായ കുട്ടികള്‍ക്ക് ഞാന്‍ ഉണ്ണിയപ്പം വാരിക്കോരി കൊടുക്കുന്ന രംഗവും വിഭാവന ചെയ്തു. പക്ഷേ, ദൈവം ആരാ മോന്‍! നമ്മളെങ്ങാനും വിളിച്ചാല്‍ വരുമോ? ഒടുവില്‍ അമ്മ കണ്ടു പിടിച്ചു: ''നീ എന്തിനാണ് കുറെ നാളായി വൈകുന്നേരം മുഴുവന്‍ ആ കുറ്റിക്കാട്ടില്‍ കേറിയിരിക്കുന്നത്? പാമ്പുണ്ടാവും.'' അതോടെ തപോഭംഗമായി. എങ്കിലും ചെയ്ത തപസ്സ് പൂര്‍ണമായും വിഫലമായില്ല. ദൈവം പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ഇലപ്പൊതിയില്‍നിന്ന് പതുക്കെ ചോറ്റുപാത്രത്തിലേക്ക് അമ്മ എനിക്ക് സ്ഥാനക്കയറ്റം നല്‍കി.

ഭാവനയുടെ ലോകം ഉള്ളില്‍ സൃഷ്ടിച്ചെടുക്കാന്‍ ഈ സംഭവങ്ങള്‍ സഹായിച്ചു. അതൊരു സ്വകാര്യലോകമായി സൂക്ഷിക്കുന്നതിലും ഞാന്‍ ആനന്ദംകണ്ടു. വീട്ടിനുള്ളിലെ അസന്തുഷ്ടികളില്‍നിന്നും സുഖകരമല്ലാത്ത അവസ്ഥകളില്‍നിന്നും മാറി, ആരെയും കൂട്ടാതെ വിഹരിക്കാനുള്ള രഹസ്യസങ്കേതമായിരുന്നു മനസ്സിനുള്ളിലെ ഈ നല്ലഭൂമി. വായനാനുഭവങ്ങള്‍ക്കും ഭാവനകള്‍ക്കും മേഞ്ഞു നടക്കാനുള്ള പുല്‍മേട്. അമ്മ വലിയ വായനക്കാരിയാണ്. ഒറ്റയിരിപ്പില്‍ പത്തുനൂറു പേജൊക്കെ വായിക്കും. നല്ല നോവലാണെങ്കില്‍ രാത്രി മുഴുവനിരുന്നു വായിച്ചുതീര്‍ക്കും. രമണന്‍ ഹൃദിസ്ഥം. അത്യാവശ്യം നിമിഷകവനവും വഴങ്ങും. നല്ലകാറ്റ് വീശുന്ന ഉച്ച നേരങ്ങളില്‍ പൂമുഖത്തിരുന്നും കിടന്നുമൊക്കെ അമ്മ പറഞ്ഞുതന്ന കഥകളും ചൊല്ലിത്തന്ന കവിതകളും തന്നെയാണ് എന്റെ പ്രാഥമികസാഹിത്യ പരിചയം. മഹാഭാരതവും രാമായണവും ആട്ടക്കഥകളും തുള്ളല്‍ക്കഥകളും അങ്ങനെയാണ് ആദ്യം പരിചയപ്പെടുന്നത്. വൈലോപ്പിള്ളിയുടെ മാമ്പഴം ചൊല്ലി, അമ്മ അര്‍ഥമൊക്കെ പറഞ്ഞു തരുമ്പോള്‍, മരിച്ചുപോയ ആ കുഞ്ഞിനെയോര്‍ത്ത് (അതോ സങ്കടപ്പെടുന്ന ആ അമ്മയെ ഓര്‍ത്തോ) എനിക്ക് നിയന്ത്രിക്കാനാകാത്ത കരച്ചില്‍ വരും. ലജ്ജാലുവും വികാരശീലനുമാണെങ്കിലും ആരുടെയും മുമ്പില്‍ കരയാന്‍ പാടില്ല എന്ന് ആ പ്രായത്തിലേ ഞാന്‍ നിശ്ചയിച്ചിരുന്നു. മൂത്രമൊഴിക്കാനെന്ന നാട്യത്തില്‍ ഉള്ളിലേക്കു പോയി കരഞ്ഞു തീര്‍ത്ത് മുഖവും കഴുകി തിരികെ വരുന്ന ബാലനെ എനിക്കു കാണാം.

അമ്മയ്ക്ക് വായിക്കാന്‍ പുസ്തകമെടുക്കാനായി ഞങ്ങളുടെ ഗ്രാമീണ വായനശാലയില്‍ ഞാന്‍ പതിവായി പോകുമായിരുന്നു. എന്റെ ആദ്യസര്‍വകലാശാലയാണ് 'ചെഞ്ചേരി യുവജനസമാജം വായനശാല.' ഇടുങ്ങിയ മുറിയിലെ ആ ഷെല്‍ഫുകളിലാണ് മലയാളത്തിലെ വലിയ എഴുത്തുകാരെ ഞാന്‍ ആദ്യമായി കാണുന്നതും കൂടുതലറിയുന്നതും. പിന്നെ ഞാനും അംഗമായി. അവിടെവെച്ചാണ് നാട്ടിലെ ഗോസിപ്പുകള്‍ മനസ്സിലാക്കുന്നത്. സോവിയറ്റ് ലാന്‍ഡ്, സ്പുട്‌നിക്, സ്പാന്‍ എന്നീ മാസികകള്‍ വായിച്ച് ലോകവിജ്ഞാനവും പരിചയക്കാരുമായുള്ള സംഭാഷണംവഴി മറ്റെങ്ങും കിട്ടാത്ത ഗ്രാമവിജ്ഞാനവും ഞാനാര്‍ജിച്ചു. വയല്‍വരമ്പിലൂടെ വായനശാലയിലേക്കുള്ള വൈകുന്നേരങ്ങളിലെ നടപ്പിന്റെ സുഖം ഇപ്പോഴും മറന്നിട്ടില്ല. വിശാലമായ നെല്‍പ്പാടങ്ങള്‍, അതിനിരുവശത്തും കുറെ വീടുകള്‍, ഒരു ചെറിയ കുളം, അങ്ങ് ദൂരെ പടിഞ്ഞാറേദിക്കില്‍ കുറുങ്കുളം കാവ്. അതിന്റെ പിന്നിലാണ് സൂര്യന്‍ അസ്തമിക്കുക. അതിനപ്പുറം ഉള്ളൂര്‍തോട്. യാത്ര പറഞ്ഞിട്ടും പോകാതെ നില്‍ക്കുന്ന സ്‌നേഹസാന്നിധ്യംപോലെ എപ്പോഴും വീശുന്ന കാറ്റ്... ആ പഴയ ഗ്രാമത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ നഷ്ടബോധംകൊണ്ട് സങ്കടംവരും. പാടങ്ങളെല്ലാം പറമ്പുകളായി മാറിപ്പോയി. എമ്പാടും വീടുകള്‍.

ഗ്രാമത്തിലേക്ക് തിരിച്ചുപോകേണ്ട നീ;

ഗ്രാമമിന്നെല്ലാം മറന്നിരിക്കുന്നെടോ...

പണ്ടത്തെ നിന്നിഷ്ട ചങ്ങാതിമാരൊക്കെ

ചേരാത്ത കുപ്പായമായിക്കഴിഞ്ഞെടോ.

സൗഹൃദം കാലുമുടന്തിത്തളരുന്ന

പാതയിലുഷ്ണം തിളയ്ക്കുകയാണെടോ...'

എന്ന് ഒരു കവിതയില്‍ പിന്നീട് ഞാന്‍ കുറിച്ചത് ഈ സന്താപമാണ്.

മനസ്സില്‍ പതിഞ്ഞുകിടക്കുന്ന സ്വപ്നഭൂമിയാണ് ആ ഗ്രാമം. ഒരു പ്രണയഗാനമെഴുതാന്‍ എന്നോടാവശ്യപ്പെടുമ്പോള്‍ മനസ്സ് അറിയാതെ ചെന്നെത്തുന്നത് നഷ്ടപ്പെട്ടുപോയ, ആ പഴയ ഗ്രാമത്തിലാണ്. അവിടെയാണ് 'സൂര്യാംശുവോരോ വയല്‍പ്പൂവിലും വൈരം പതിക്കുന്ന'ത്. അവിടത്തെ മാവിന്‍ചില്ലയിലിരുന്നാണ് എന്റെ ഗാനങ്ങളിലെ കുയിലും ശാരികയുമൊക്കെ പാടുന്നത്. ആ കിളിമരത്തില്‍ പണ്ട് പടര്‍ന്നിരുന്ന 'കുടമുല്ലപ്പൂവുകള്‍ക്കാണ് എത്ര കിനാവുകളുണ്ടായിരിക്കും...' എന്നു ഞാന്‍ വിസ്മയിച്ചത്! അന്നെനിക്ക് ആ ഗ്രാമത്തില്‍ കാമുകിമാരാരും ഉണ്ടായിരുന്നില്ല. എങ്കിലും പ്രേമഭാവത്തില്‍ ഒരു ഗാനം രചിക്കണമെങ്കില്‍ എനിക്ക് സ്വപ്നഭൂമിയായ ചെഞ്ചേരി എന്ന ഗ്രാമത്തിലേക്കുതന്നെ മടങ്ങണം ഇപ്പോഴും.

(തുടരും)

Content Highlights: k jayakumar life story literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented