പി. കുഞ്ഞിരാമൻ നായർ, ഒ.എൻ.വി | Photo: മാതൃഭൂമി
ജീവിതം മുന്നോട്ടുപോകുകയാണ്. സർവകലാശാലാ പ്രസിദ്ധീകരണവിഭാഗത്തിലെ ജോലിനൽകിയ വരുമാനസ്ഥിരതയും ഒഴിവുസമയവും വായനയ്ക്കും കലാപ്രവർത്തനങ്ങൾക്കും വളമായി. ജോലിസ്ഥലത്തേക്ക് വല്ലപ്പോഴും കീശയിൽ നിറയെ മിഠായിയുമായി മഹാബലിയെപ്പോലെ മഹാകവി വന്നു. ഇന്ത്യൻ കോഫിഹൗസിലെ വൈകുന്നേരങ്ങൾ ബൗദ്ധികവ്യായാമങ്ങളായി മാറി. കെ. ജയകുമാറിന്റെ ആത്മകഥ സഞ്ചാരത്തിന്റെ സംഗീതം തുടരുന്നു..
കേരളസര്‍വകലാശാലയിലെ പ്രസിദ്ധീകരണവിഭാഗത്തില്‍ എല്ലുമുറിയുന്ന പണിയൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ മൂന്ന് പബ്ലിക്കേഷന്‍ അസിസ്റ്റന്റുമാരാണ്. മലയാളത്തിന് പ്രഭാവതി, ഹിന്ദിക്ക് എം.എ. കരീം, ഇംഗ്ലീഷിന് ഞാന്‍. സര്‍വകലാശാല അംഗീകരിച്ച പാഠപുസ്തകങ്ങള്‍ അച്ചടിക്കലായിരുന്നു പ്രധാന ജോലി. എന്നാല്‍, അച്ചടിയും പ്രൂഫ് നോട്ടവും മാത്രമല്ല, അതത് പഠനബോര്‍ഡുകള്‍ തിരഞ്ഞെടുത്ത കവിതകളും ലേഖനങ്ങളുമെല്ലാം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള അനുമതി അവയുടെ പകര്‍പ്പവകാശമുള്ള പ്രസാധകരില്നിന്നോ എഴുത്തുകാരില്നിന്നോ എഴുതിവാങ്ങണം. മലയാളത്തില്‍ ഇതെളുപ്പമാണ്. എന്നാല്‍, ഇംഗ്ലീഷില്‍ ഇത് കുറച്ചുകൂടി ബുദ്ധിമുട്ടാണ്. അന്നവിടെ സ്വന്തമായി പ്രസിദ്ധീകരിച്ച രണ്ടുപുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളൂ. നിഹാര്‍ രഞ്ജന്‍ റോയ് രചിച്ച An Artist in Life എന്ന ടാഗോറിന്റെ ജീവചരിത്രവും പിന്നെ മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രവും.
പ്രായേണ ജോലിഭാരം കുറഞ്ഞതും കൃത്യമായി ശമ്പളംകിട്ടുന്നതുമായ സ്ഥിരജോലി കിട്ടിയതോടെ എന്റെ കലാസ്വാദനജീവിതത്തിനും വായനയ്ക്കും ഒരു നവോന്മേഷം കൈവന്നു. ടാഗോര്‍ തിയേറ്ററിലും വി.ജെ.ടി. ഹാളിലും കാര്‍ത്തികത്തിരുനാള്‍ ഹാളിലുമൊക്കെ നടക്കുന്ന നാടകം, കഥാപ്രസംഗം, അന്നത്തെ സോവിയറ്റ് കള്‍ച്ചറല്‍ സെന്ററിലെ ചലച്ചിത്രപ്രദര്‍ശനം, ഫിലിം ഫെസ്റ്റിവലുകള്‍, ശ്രീകുമാര്‍ തിയേറ്ററിലെ ഇംഗ്ലീഷ് സിനിമകള്‍ ഇവയൊക്കെ നിത്യജീവിതത്തില്‍ ഇടംപിടിക്കാന്‍ തുടങ്ങി. ഇത്യാദി ചെലവുകളൊക്കെയുണ്ടെങ്കിലും മാസമാദ്യം ശമ്പളം മുഴുവന്‍ കൃത്യമായി ഞാന്‍ അമ്മയെ ഏല്‍പ്പിക്കും. എന്നും ആഗ്രഹിച്ചിരുന്ന കൃത്യവരുമാനത്തിന്റെ ഭദ്രത അമ്മയും അറിയാന്‍ തുടങ്ങി. എനിക്കുള്ള ചെലവുകള്‍ക്ക് അമ്മ ആവശ്യമുള്ള പണം തിരികെ തരും. അതായിരുന്നു അക്കാലത്തെ വിനിയോഗശൈലി. കടംവാങ്ങാതെ ജീവിക്കുന്നതുപോലെ മറ്റൊരു സൗഭാഗ്യമില്ലതന്നെ.
ശാരീരികമായി ജന്മനാതന്നെ ചില പരാധീനതകളുണ്ടായിരുന്ന പ്രഭാവതി നല്ലൊരു പണ്ഡിതയും സഹൃദയയുമാണ്. ഇംഗ്ലീഷ് സാഹിത്യം പഠിച്ചുവന്ന, ലേശം കവിതാവാസനയുള്ള എന്നോട് പ്രഭാവതി എപ്പോഴും വാത്സല്യത്തോടെ പറയും: 'വൈലോപ്പിള്ളിയെ വായിക്കൂ കുമാരാ'. പ്രഭാവതി കാലവിഹായസ്സില് പ്രഭയായിമാറി. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന എം.എ. കരീം പില്ക്കാലത്ത് പ്രശസ്തനായ എഴുത്തുകാരനായി. പ്രസിദ്ധീകരണവകുപ്പില്‍ ജോലിചെയ്യുന്ന കാലത്ത് ഇടയ്ക്കൊക്കെ ചെമ്മനം ചാക്കോസാറിനെ കാണാന്‍ മലയാളത്തിലെ ഒരു മഹാകവി വന്നിരുന്നു. മുഷിഞ്ഞ ഖദര്‍ ജുബ്ബയുടെ പോക്കറ്റില്‍ കുഞ്ഞുങ്ങള്‍ക്കെന്നപോലെ അദ്ദേഹം ഞങ്ങള്‍ക്ക് പാരീസ് മിഠായി കരുതിയിരുന്നു. പി.കുഞ്ഞിരാമന് നായരെന്ന മഹാകവിയുടെ ആകസ്മികസന്ദര്ശനങ്ങള് മഹാബലിയുടെ വരവുപോലെയായിരുന്നു ഞങ്ങള്‍ക്ക്.

ഇക്കാലത്താണ് ആദ്യത്തെ ലോക മലയാളസമ്മേളനം നടക്കുന്നത്. പാളയത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് സമ്മേളനം. കൂറ്റന്‍ പന്തലുകള്‍, വന്‍സന്നാഹങ്ങള്‍, പ്രമുഖരുടെ സാന്നിധ്യം. പിന്നെ, പുറത്തു പതിവുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും. പുതുശ്ശേരി രാമചന്ദ്രന്സാറാണ് ലോക മലയാളസമ്മേളനത്തിന്റെ മുഖ്യകാര്യദര്‍ശിയും ആക്ഷേപങ്ങളുടെ ലക്ഷ്യവും. അദ്ദേഹം ഇതൊന്നും വകവെച്ചില്ല. എനിക്കുമുണ്ടായിരുന്നു ആദ്യ ലോക മലയാളസമ്മേളനത്തില്‍ ഒരുപങ്കാളിത്തം. പക്ഷേ, എന്റെ പേരൊന്നും എങ്ങും കാണുകയില്ല. അത്രയ്ക്ക് പ്രാധാന്യമോ സ്ഥാനവലുപ്പമോ എനിക്കുണ്ടായിരുന്നില്ലതാനും. പക്ഷേ, സന്തോഷപൂര്‍വം ഞാന്‍ ഒരുപാട് അധ്വാനിച്ചു. ലോക മലയാളസമ്മേളനത്തിന്റെ സുവനീര്‍ മുഴുവന്‍ തയ്യാറാക്കിയതും പ്രൂഫ് തിരുത്തിയതും ഫോട്ടോകള്‍ സംഘടിപ്പിച്ചതും ഞാനായിരുന്നു. തമ്പാനൂരിലെ ശാസ്താപ്രസില് രാത്രി ഉറക്കമില്ലാതെ അനേകം മണിക്കൂറുകള്‍ ഞാന്‍ ഇതിനായി ചെലവിട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ ഇതൊക്കെ ചരിത്രം ഏല്‍പ്പിച്ചുതരുന്ന നിയോഗമായേ കാണാന്കഴിയൂ. പുതുശ്ശേരിസാറിന് ചെമ്മനം ചാക്കോസാര്‍ ഏല്‍പ്പിച്ചുകൊടുത്തതാണ് എന്നെ ഈ വിശേഷദൗത്യത്തിന്. ഒന്നാം ലോക മലയാളസമ്മേളനത്തെപ്പറ്റി ആദ്യമുണ്ടായിരുന്ന പരിഹാസവും വിമര്‍ശനങ്ങളും പതിയെ കെട്ടടങ്ങി. (ലോക മലയാളമോ? അങ്ങനെ ഒരു മലയാളമുണ്ടോ? അതായിരുന്നു പ്രധാന പരിഹാസം.) എഴുത്തുകാരുടെ മികച്ചപങ്കാളിത്തംകൊണ്ടുതന്നെ സമ്മേളനം വലിയൊരു വിജയമായിത്തീര്‍ന്നു. പ്രധാന കവികളെയും നോവലിസ്റ്റുകളെയും നിരൂപകരെയും കാണാനും ചിലരെയൊക്കെ പരിചയപ്പെടാനും കവിയശഃപ്രാര്ഥിയായ എനിക്ക് ധാരാളം അവസരമുണ്ടായി. എന്നെങ്കിലും ഞാനും ഈ കേരളത്തില്‍ ഒരു കവിയായി അറിയപ്പെടുമെന്നൊക്കെ അന്ന് സ്വയം പറഞ്ഞിട്ടുണ്ടാവണം. കേരളത്തില്‍ കാലാകാലങ്ങളില്‍ ഉയര്‍ന്നിട്ടുള്ള എതിര്‍പ്പുകള്‍ക്കും വിവാദങ്ങള്‍ക്കും നിയതമായൊരു ഗ്രാഫുണ്ട്. ആദ്യം പരിഹാസം, പിന്നെ വിമര്‍ശനം, തുടര്‍ന്ന് ആരോപണം. ആരോപണങ്ങളില്‍ കഴമ്പില്ലെങ്കില്‍ പിന്നെ നിശ്ശബ്ദത, തുടര്‍ന്ന് അവഗണന, പിന്നെ ചിലപ്പോള്‍ അംഗീകാരം. ലോക മലയാളസമ്മേളനവും ഒടുവില്‍ അര്‍ഹമായ അംഗീകാരം ഏറ്റുവാങ്ങി.
യൂണിവേഴ്സിറ്റിയിലെ ജോലികിട്ടുന്നതിനുമുമ്പ് ഗവേഷണം നടത്തിയിരുന്ന നാളുകളില്‍ അധികം പബ്ലിസിറ്റിയൊന്നും കൊടുക്കാതെ ഞാന്‍ സിവില്‍സര്‍വീസ് പരീക്ഷയെഴുതി. റിസള്‍ട്ട് വന്നു. എനിക്ക് സെലക്ഷനില്ല. അത് നേരത്തേ അറിയാം. കാരണം, എന്നെ ഇന്റര്‍വ്യൂവിനൊന്നും ആരും ക്ഷണിച്ചില്ലല്ലോ. മാര്‍ക്ക് ലിസ്റ്റ് കിട്ടി. നന്നായി പഠിച്ച പേപ്പറുകള്‍ക്ക് മാര്‍ക്ക് മോശമല്ല. ലാഘവബുദ്ധിയോടെ എഴുതിയ പേപ്പറുകളുടെ നേരിയ മാര്‍ക്കുകള്‍ കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മിഷനിലുള്ള എന്റെ വിശ്വാസം വര്‍ധിപ്പിച്ചു. വിതച്ചതേ കൊയ്യൂവെന്ന് ബോധ്യമായി. നേരേ വിതച്ചില്ലെങ്കില്‍ പതിരേ കൊയ്യൂവെന്നും വിതച്ചില്ലെങ്കില്‍ കൊയ്യാന്‍ ഒന്നുമുണ്ടാവുകയില്ലെന്നും.
അന്നൊക്കെ ചെറുപ്പക്കാരുടെ ഒരിഷ്ടതാവളം യൂണിവേഴ്സിറ്റി കോളേജിനടുത്തുള്ള ഇന്ത്യന്‍ കോഫീഹൗസാണ്. 25 പൈസയ്ക്ക് ഓരോ കോഫി ഇടയ്ക്കിടെ കുടിച്ചുകൊണ്ട് എത്രനേരവുമിരിക്കാം; എണീറ്റുപോകാന്‍ ആരും പറയില്ല. പിന്നെ ഒരു എം.ഡി.(മസാലദോശ) കൂടി കഴിച്ചാല്‍ കുറ്റബോധമില്ലാതെ മണിക്കൂറുകളിരിക്കാം. ഞാനവിടെ മുഴുവന്‍സമയ അംഗമായിരുന്നില്ല. സന്ദര്ശകന്മാത്രം. നഗരത്തിലെ ചില ഉഗ്രപ്രതാപികളായ ബുദ്ധിജീവികളുടെ അഖണ്ഡസംസാരം കേള്‍ക്കാന്‍ ചെറിയൊരാള്ക്കൂട്ടമുണ്ടാകും. യുവാക്കളാണ് എല്ലാവരും. അരാജകത്വത്തിന്റെ വീരഗാഥയാണ് പറയുന്നതൊക്കെ. നീഷേയുടെ Thus Spake Zarathushtra യിലെ വിഗ്രഹനിന്ദനങ്ങളും പൊള്ളിക്കുന്ന ഉദ്ബോധനങ്ങളും ചില പ്രമുഖബുദ്ധിജീവികള് ആവേശത്തോടെ വാഴ്ത്തുന്നതുകേട്ട് സ്വജീവിതം വിശ്ലഥമാക്കിയ ലഘുചേതസ്സുകളായ നാലഞ്ചുയുവാക്കളെയെങ്കിലും എനിക്കറിയാം. അന്നത്തെ ആ ബുദ്ധിജീവിസദസ്സില്നിന്ന് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ജയിച്ച സി. ബാലഗോപാല്‍ ചിലരെ അദ്ഭുതപ്പെടുത്തുകയും മറ്റുചിലരെ പ്രചോദിപ്പിക്കുകയും ചില ബുദ്ധിജീവിയാചാര്യന്മാരെ നിരാശരാക്കുകയും ചെയ്തു. ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനായ ബാലഗോപാല്‍, ഐ.എ.എസ്. രാജിവെച്ച് വ്യവസായസംരംഭകനായി വിസ്മയകരമായ വിജയം കൈവരിച്ച പ്രതിഭാശാലിയും സാഹസികനുമാണ്. അന്ന് ബാലഗോപാലിന്റെ സിവില്‍ സര്‍വീസ് വിജയം എന്നെ വല്ലാത്ത പ്രലോഭിപ്പിച്ചു. ഞാന്‍ പരീക്ഷ എഴുതിയതൊന്നും അന്ന് കോഫീഹൗസ് സംഘത്തിലുള്ളവര്‍ അറിഞ്ഞിരുന്നതായി തോന്നുന്നില്ല. ഞാനവരെ അറിയിച്ചതുമില്ല.
ബാലുവിന്റെ ഐ.എ.എസ്. പ്രവേശനത്തോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷ ഗൗരവമായിക്കാണാന്‍ പ്രേരകമായ മറ്റൊരു പ്രധാന സംഭവംകൂടിയുണ്ടായി. അച്ഛന്റെ സിനിമയുടെ പാട്ടുകള്‍ കമ്പോസ് ചെയ്യാനായി ബാബുരാജ് തിരുവനന്തപുരം സ്റ്റാച്യൂവിലെ ഒരു ഹോട്ടലില്‍ താമസിക്കുകയാണ്. ഒ.എന്‍.വി. സാറാണ് പാട്ടുകള്‍ എഴുതുന്നത് (ഒരു ഗാനരചയിതാവ് വീട്ടില്‍ സജ്ജനായിനില്ക്കുന്നത് അച്ഛന് അറിഞ്ഞഭാവം പോലുമില്ല!) എനിക്ക് പബ്ലിക്കേഷന്‍ വകുപ്പില്‍ നിയമനം കിട്ടിയ സമയമാണ്. ഒ.എന്‍.വി.സാറിനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവരുന്നതും തിരികെവിടുന്നതും എന്റെ ജോലിയാണ്. അന്ന് വൈകുന്നേരം സാറിനെ തിരികെ വീട്ടില്‍ക്കൊണ്ടാക്കാന്‍ ഹോട്ടലിലെത്തിയ ഞാന്‍ മുറിക്കുള്ളില്‍നിന്ന് സാര്‍ അച്ഛനോട് സംസാരിക്കുന്നതുകേള്ക്കുകയാണ്. മുറിക്കുപുറത്തുനിന്ന് വാതില്‍മുട്ടാതെ ഞാനതു കേട്ടു. എന്നെക്കുറിച്ചാണ് പറയുന്നത്. എനിക്ക് സര്‍വകലാശാലയില്‍ ജോലികിട്ടിയെന്ന് അച്ഛന് പറഞ്ഞതിനുള്ള മറുപടിയായി ഒ.എന്‍.വി. സാര്‍ പറയുകയാണ്: ''ജോലി നല്ലതുതന്നെ. പക്ഷേ, അവിടെ ഇരുന്നുപോകരുത്. അയാളോട് ഐ.എ.എസ്. എഴുതാന്‍ പറയണം. കിട്ടാതിരിക്കില്ല. അയാള്‍ക്കതു സാധിക്കും''. ഈ സംഭാഷണം ഞാന്‍ കേട്ടുവെന്ന് അവരെ അറിയിക്കേണ്ട എന്നെനിക്കുതോന്നി. ഞാന്‍ താഴത്തെ നിലയിലേക്കുള്ള പടികളിറങ്ങി വീണ്ടും തിരികെച്ചെന്ന് വാതിലില്‍ മുട്ടി. സാറിനെ അദ്ദേഹത്തിന്റെ വീടായ 'ഇന്ദീവര'ത്തില്‍ ഞാന്‍തന്നെ ഡ്രൈവുചെയ്തുകൊണ്ടുപോയെങ്കിലും ഈ സംഭാഷണത്തെക്കുറിച്ചൊന്നും സംസാരിച്ചില്ല. രാത്രി അത്താഴം കഴിക്കുമ്പോള്‍ അച്ഛനെന്നോടു പറഞ്ഞു: 'ഒ.എന്‍.വി.ക്ക് നിന്നെക്കുറിച്ചു വലിയ പ്രതീക്ഷയാണ്. ഐ.എ.എസിന് ശ്രമിക്കണമെന്ന് പറഞ്ഞു''. ആദ്യമായി കേള്‍ക്കുംപോലെ ഞാന്‍ ശ്രദ്ധിച്ചു. നല്ലമനസ്സിലുളവാകുന്ന ഒരു ശുഭചിന്ത മറ്റൊരാളിനു അനുഗ്രഹമായിമാറുന്ന ജാലവിദ്യയായിരുന്നു ആ വാക്കുകള്‍.

മലയാളത്തിലെ ആ വരിഷ്ഠകവിക്ക് എന്നിലുള്ള വിശ്വാസം എനിക്ക് എന്തെന്നില്ലാത്ത ചുമതല ഏല്‍പ്പിച്ചുതന്നു. സാറിന്റെ വിശ്വാസം അസ്ഥാനത്തായില്ലായെന്ന് തെളിയിക്കാന്‍ ഒരു മധുരബാധ്യത കൈവന്നതുപോലെ എനിക്കനുഭവപ്പെട്ടു. പരാജയപ്പെട്ട സിവില്‍ സര്‍വീസ് പരീക്ഷയിലെ മാര്‍ക്കുകള്‍ ഞാന്‍ അന്നുരാത്രി പേര്‍ത്തും പേര്‍ത്തും പരിശോധിച്ചു. നില്ക്കുന്ന പടവില്‍നിന്ന് വിജയപ്രാപ്തിക്ക് എത്ര ഉയരത്തില്‍ എത്തേണ്ടതുണ്ടെന്നും അതിനുവേണ്ട അധ്വാനമെന്തായിരിക്കണമെന്നും ഞാനൊരു കണക്കെടുപ്പ് നടത്തി. ലങ്കയിലേക്ക് ചാടാന്‍ ഹനുമാനുപോലും ആദ്യം ധൈര്യം ഉണ്ടായിരുന്നില്ലല്ലോ. ഏതായാലും എനിക്ക് ഈ ഉയരങ്ങളിലേക്ക് നടന്നുകയറിയേ പറ്റൂ. കഴിഞ്ഞതവണ ലാഘവബുദ്ധിയോടെ ചില പേപ്പറുകള്‍ എഴുതിയെങ്കില്‍, ഇനിവരുന്ന പരീക്ഷ അതിജാഗ്രതയോടെയും പഴുതടച്ച തയ്യാറെടുപ്പോടെയും എഴുതണമെന്ന് ഞാനുറച്ചു. ആവിധമുള്ള നിര്‍ണയങ്ങള്‍ അനിവാര്യമാക്കിയ വിശ്വാസവചസ്സുകള്ക്കും കണ്മുന്നില് കാട്ടിത്തന്ന വിജയപാഠങ്ങള്ക്കും കാലത്തിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു! മുന്നില്‍ത്തെളിയുന്ന സൂചനകളുടെ പൊരുള്‍ വായിച്ചെടുക്കാന്‍ പ്രാപ്തിതന്ന അനുഗ്രഹത്തിനും നമോവാകം.
നഗരത്തില്‍ ധാരാളം പരിചയക്കാരുണ്ടായി. പലതരത്തിലുള്ള ബന്ധങ്ങളുണ്ടായി. മറ്റൊരു സുഹൃത്തിന്റെകൂടെ അയാളുടെ കാമുകിയെ കാണാന്‍ ഞാന്‍ ചിലപ്പോഴൊക്കെ നഗരത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ പോകാറുണ്ടായിരുന്നു. കുറച്ചുനേരം സല്ലപിക്കാനായി അയാള്‍ അകത്തേക്കുപോകും. ഞാനവിടെ റിസപ്ഷനിലിരിക്കും. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ റിസപ്ഷനിലിരിക്കുന്ന മിടുക്കിയും ഞാനുമായി സ്വാഭാവികമായൊരു സൗഹൃദത്തിന് ഈരില പൊട്ടി. തലശ്ശേരിക്കാരിയാണ്. നല്ല മണിമണിപോലത്തെ ഇംഗ്ളീഷ്. ജോലിയില്‍ നല്ല ശുഷ്കാന്തി. ഞങ്ങള്‍ ഊരും പേരുമൊക്കെ പരസ്പരം കൈമാറി. കുറെനാള്‍ കഴിഞ്ഞപ്പോള്‍ സുഹൃത്തിന്റെ അവിടത്തെ പ്രണയം നാലുനിലയില്പൊട്ടി. പക്ഷേ, റിസപ്ഷനിസ്റ്റ് സുന്ദരിക്കും എനിക്കും മിക്കവാറുംദിവസങ്ങളില് ഫോണില്‍ കുശലംപറയണമെന്നായി. വൈകുന്നേരം ലോ അക്കാദമിയില്‍ നിയമപഠനവും നടത്തുന്നുണ്ടായിരുന്നു ഈ സ്നേഹിത.
ഒരു ശനിയാഴ്ച രാവിലെ നോക്കുമ്പോഴുണ്ട് റിസപ്ഷനിസ്റ്റ് സുന്ദരി, ചെഞ്ചേരിയിലുള്ള ഞങ്ങളുടെ വീട്ടുപടിക്കല്‍! കൂടെ മറ്റൊരു പെണ്‍കുട്ടിയുമുണ്ട്. അച്ഛനമ്മമാര്‍ക്ക് (പ്രത്യേകിച്ചു അമ്മമാര്‍ക്ക് ) ഇന്നത്തെപ്പോലെ സഹനശക്തിയുള്ള കാലമല്ല 1976. ഇങ്ങനെയൊരു പുതുപരിചയത്തെക്കുറിച്ച് ഞാന്‍ വീട്ടില്‍ സംസാരിച്ചിട്ടുമുണ്ടായിരുന്നില്ല. എന്താണ് ഈ അപ്രതീക്ഷിതസന്ദര്ശനത്തിന്റെ ഉദ്ദേശ്യമെന്ന് ഞാന്‍ ആശങ്കപ്പെട്ടു. ഞങ്ങളുടെ വീടിനടുത്ത് നിയമവിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കുന്ന പ്രശസ്തനായ ഒരധ്യാപകനുണ്ടായിരുന്നു. അവിടെ വന്നതാണ്; എന്റെ വീട് അടുത്താണെന്നറിഞ്ഞപ്പോള്‍ കയറി എന്നേയുള്ളൂ. ഉപചാരങ്ങള്‍ക്ക് അമ്മ കുറവുവരുത്തിയില്ല. ഏതായാലും ആ വരവ് ഞാനും സ്നേഹിതയുംകൂടി അരങ്ങേറിയ നാടകമായിരുന്നോ എന്ന സന്ദേഹം എന്റെ ബുദ്ധിമതിയായ അമ്മയുടെ മനസ്സില്‍ കൊള്ളിയാനായി തെളിഞ്ഞുമാഞ്ഞിരിക്കാം. രണ്ടുദിവസത്തിനുള്ളില്‍ മറ്റൊരു സന്ദര്ശകന് എത്തിച്ചേര്‍ന്നു. അമ്മയുടെ നാട്ടുകാരന് ഗംഗാധരന്‍പിള്ള. പേര് അതാണെങ്കിലും 'കാറ്റ്' എന്ന ഇരട്ടപ്പേരിലാണ് കൂടുതല്‍ പ്രസിദ്ധന്‍. വിവാഹദല്ലാളിനു ഇതിനെക്കാള്‍ ഇണങ്ങുന്ന മറ്റൊരു പേരുണ്ടാകുമോ? മകന്റെ പോക്കില്‍ ആശങ്കപൂണ്ട് അമ്മ വിളിച്ചുവരുത്തിയതായിരുന്നു കാറ്റിനെ.
(തുടരും)
Content Highlights: k jayakumar, autobiography, sancharathinte sangeetham, feature, mathrubhumi newspaper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..