കെ. ജയകുമാർ | Photo: Binulal G, / വര: ലിജീഷ് കാക്കൂർ
സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള കഠിനമായ പരിശീലനത്തിന്റെ രാപകലുകൾ ഇന്നും ഓർമയിലുണ്ട്. ഇടത്തരത്തിലുംതാഴ്ന്ന ഒരു ലോഡ്ജിലെ കുടുസ്സുമുറിയിൽ ഏകാന്തമായി ചെയ്ത തപസ്സ്; ഓവർബ്രിഡ്ജ്-തമ്പാനൂർ റോഡിലെ രാത്രിജീവിതങ്ങൾ; പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ പുലർകാല ദർശനവും എവിടെനിന്നോ വന്ന് തഴുകുന്ന കാറ്റും...കെ. ജയകുമാര്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന 'സഞ്ചാരത്തിന്റെ സംഗീതം' ആറാം അധ്യായം വായിക്കാം...
ജീവിതത്തിന്റെ ഗതിനിര്‍ണയിച്ച വര്‍ഷങ്ങളായിരുന്നു 1976-'77. സര്‍വകലാശാലയിലെ ജോലിയുടെ സുരക്ഷിതത്വവും നഗരജീവിതതാളത്തിന്റെ പരിചിതത്വവും ഒരുതരം വ്യാജസംതൃപ്തിയിലേക്കും ആലസ്യത്തിലേക്കും ക്ഷണിക്കുന്ന മായാവികളാണെന്ന വിചാരം എന്നില്‍ കുടിയേറി. സഹപ്രവര്‍ത്തകരെയൊന്നും ഞാന്‍ പക്ഷേ, അതൊന്നും അറിയിച്ചില്ല. എങ്കിലും സിവില്‍ സര്‍വീസ് എനിക്ക് അപ്രാപ്യമല്ലെന്ന് സ്വയം തീരുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടിരുന്നു. നേരത്തേ നാഗ്പുരില്‍ എന്റെ സീനിയറായിരുന്ന രഘുമേനോന് ഐ.എ.എസ്. കിട്ടി. ഇപ്പോള്‍ ഞങ്ങളുടെ ഇന്ത്യന്‍ കോഫിഹൗസ് സംഘത്തിലെ ബാലഗോപാലിനും സെലക്ഷന്‍ കിട്ടി. ഞാന്‍ ഒളിഞ്ഞുകേട്ട ഒ.എന്‍.വി.സാറിന്റെ വിശ്വാസവചസ്സുകളും അവഗണിക്കാവതല്ല. വലിയ തയ്യാറെടുപ്പില്ലാതെ എഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കിട്ടിയ മാര്‍ക്കുകളുടെ സൂചനകളും മോശമായിരുന്നില്ല. ഇവയെല്ലാം ചേര്‍ന്ന് എന്റെ മനസ്സില്‍ ഒരു ഭാരിച്ച നിശ്ശബ്ദത തീര്‍ത്തു. ഏതാണ്ട് രണ്ടാഴ്ചയെടുത്തു ആ സന്ദിഗ്ധതയുടെ തൂക്കുപാലം കടക്കാന്‍. 'ഇപ്രാവശ്യം പരീക്ഷയെഴുതണം; സര്‍വകഴിവുകളും അതിനായി വിനിയോഗിക്കണം. ഏകാഗ്രതവേണം. മറ്റെല്ലാ പ്രലോഭനങ്ങളും സുഖങ്ങളും തത്കാലം ത്യജിക്കണം. അനാഥനെപ്പോലെ നാഗ്പുരില്‍ പോയിറങ്ങിയിട്ട് യൂണിവേഴ്സിറ്റി റാങ്കും സ്വര്‍ണമെഡലും നേടാനായില്ലേ? അധ്വാനിച്ചാല്‍ ഫലം കിട്ടാതിരിക്കില്ല' -ഈ നിര്‍ണയങ്ങള്‍ക്ക് ഞാന്‍ പ്രായോഗികഭാഷ്യങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങി.
വെറുതേ അധ്വാനിച്ചാല്‍ പോരാ. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഏതുവിധമുള്ള തയ്യാറെടുപ്പാണോ വേണ്ടത് അത് കൃത്യമായി അറിയണം. അന്ന് തിരുവനന്തപുരത്ത് ഇപ്പോഴത്തെപ്പോലെ ഐ.എ.എസ്. കോച്ചിങ് കേന്ദ്രങ്ങള്‍ എവിടെയുമില്ല. യൂണിവേഴ്സിറ്റി കോളേജില്‍ ഈവനിങ് ക്ലാസുണ്ട്. അതിനുചേര്‍ന്നു. വൈകുന്നേരങ്ങളില്‍ ഞാന്‍ പോയിക്കൊണ്ടിരുന്ന റഷ്യന്‍ഭാഷാക്ലാസുകള്‍ വേണ്ടെന്നുവെച്ചു, ഏകാഗ്രത എന്ന ലക്ഷ്യം നേടുന്നതിനായി. മൂന്നുവാക്കുകളില്‍ അന്നത്തെ റഷ്യന്‍ പഠനത്തിന്റെ മിച്ചം ഇപ്പോഴുമുണ്ട്-'പഷാലുസ്ത' 'ദസ്വിദാനിയ' 'സ്പസീബ'. യൂണിവേഴ്സിറ്റി കോളേജിലെ കോച്ചിങ് ക്ലാസില്‍ മൂന്നാഴ്ച പോയി (പില്‍ക്കാലത്ത് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥനായ അകാലത്തില്‍ മരിച്ചുപോയ ഇരവി ഗോപാലന്‍ അന്ന് സുഹൃത്തും സഹപാഠിയുമായിരുന്നു). അധ്യാപകര്‍ പ്രഗല്ഭരായിരുന്നെങ്കിലും ക്ലാസുകള്‍ എനിക്ക് ബോധിച്ചില്ല. ഐ.എ.എസ്. നേടാന്‍ ഈ മാതിരി പഠിത്തം പോരെന്ന് എനിക്കുതോന്നി. എന്നാല്‍, എങ്ങനെ പഠിക്കണമെന്ന് വ്യക്തതയില്ലതാനും. മനസ്സുതരുന്ന ചില സൂക്ഷ്മസൂചനകള്‍ ഗ്രഹിക്കാനായാല്‍ പലപ്പോഴും അദ്ഭുതങ്ങള്‍ നടക്കും. ഒരു രാത്രി നാഗ്പുര്‍ ദിവസങ്ങളിലെ ഡയറിയെടുത്തുനോക്കാന്‍ മനസ്സില്‍നിന്ന് ഒരവ്യക്തകല്പന കിട്ടുകയാണ്. ഒരു ചിന്താശകലമായിരിക്കും. പക്ഷേ, അത് പിന്തുടരാന്‍ കഴിയണം.
എം.എ. പരീക്ഷയുടെ റിസള്‍ട്ടുവന്ന് കുറച്ചുമാസങ്ങള്‍ കഴിഞ്ഞ്, ജേണലിസം ഡിഗ്രി പരീക്ഷയെഴുതാന്‍ ഞാന്‍ വീണ്ടും നാഗ്പുരില്‍ പോയിരുന്നു. സമാന്തരമായി രണ്ടു കോഴ്‌സുകള്‍ പഠിക്കാമെങ്കിലും പരീക്ഷ ഒന്നിച്ചെഴുതാന്‍ സര്‍വകലാശാലാചട്ടങ്ങള്‍ അനുവദിച്ചിരുന്നില്ല (ആ പരീക്ഷ എഴുതി എനിക്ക് ഫസ്റ്റ് ക്ലാസും കിട്ടി). ആ നാഗ്പുര്‍ യാത്രയില്‍ ഞാന്‍ പഴയ ഇംഗ്ലീഷ് അധ്യാപകരെയൊക്കെ വീണ്ടും യൂണിവേഴ്സിറ്റിയില്‍പ്പോയി കണ്ടു. കൂട്ടത്തില്‍ എന്റെ പൂര്‍വകാമുകിയുടെ പിതാവും ഞങ്ങളുടെ അധ്യാപകനുമായിരുന്ന പ്രൊഫസര്‍ റോയിയെ വീട്ടില്‍പ്പോയി കണ്ടു (സഖിയെയും കണ്ടു). സംഭാഷണമധ്യേ സിവില്‍ സര്‍വീസ് ഇംഗ്‌ളീഷ് പേപ്പറുകള്‍ വാല്യുചെയ്തതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. കുട്ടികള്‍ സാധാരണ വരുത്തുന്ന തെറ്റുകള്‍, യൂണിവേഴ്സിറ്റി പരീക്ഷയും സിവില്‍ സര്‍വീസ് പരീക്ഷയും തമ്മിലുള്ള വ്യത്യാസം, എന്തൊക്കെയാണ് ഉത്തരക്കടലാസില്‍ നോക്കുന്നത് തുടങ്ങി മര്‍മപ്രധാനമായ അറിവുകള്‍ അദ്ദേഹം ഞാനുമായി പങ്കുെവച്ചു. ഞാന്‍ പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്നു എന്നറിയിച്ചപ്പോള്‍ അദ്ദേഹം നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിച്ചു. പറഞ്ഞ കാര്യങ്ങളൊക്കെ മനസ്സില്‍വെക്കണമെന്നും ഉപദേശിച്ചു. ഞാന്‍ മുറിയില്‍പ്പോയി ഓര്‍മയില്‍നിന്ന് അവയൊക്കെ ഡയറിയില്‍ കുറിച്ചിട്ടു. പക്ഷേ, ആ സന്ദര്‍ശനം കഴിഞ്ഞുവന്ന് ഞാനെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയുടെ സമയത്ത് ഈ സംഭാഷണത്തെക്കുറിച്ചുള്ള ഓര്‍മ തീരെയുമുണ്ടായില്ല എന്നത് വിചിത്രം. എന്നാല്‍, ആ രാത്രി മനസ്സ് എന്നോടുമന്ത്രിച്ചു, ആ ഡയറി തുറന്നുനോക്കാന്‍. ആ കുറിപ്പുകളുടെ സൂക്ഷ്മവായന ചില നിര്‍ണയങ്ങളിലേക്ക് എന്നെ നയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷ കൂടെക്കൂടെ എഴുതി ഭാഗ്യംപരീക്ഷിക്കാനുള്ള വിനോദമല്ല. അക്കാലത്തു മൂന്നുതവണയേ എഴുതാനാവൂ. അതില്‍ ഞാന്‍ ഒന്ന് പാഴാക്കി. രണ്ടാംതവണ എഴുതുമ്പോള്‍ മുഴുവന്‍ ശ്രദ്ധകൊടുക്കണം. നമുക്ക് സാധ്യമായ വോള്‍ട്ടേജ് മുഴുവന്‍ ചെലുത്തണം. വീട്ടിലിരുന്നുപഠിച്ചാല്‍ ഏകാഗ്രത ഉണ്ടാവില്ല. ഒരു ലോഡ്ജിലേക്ക് മാറണം. ജോലിയില്‍നിന്ന് അവധിയെടുക്കണം. പൊതുജനസമ്പര്‍ക്കവും സൗഹൃദങ്ങളും തത്കാലം ശീതീകരണിയില്‍ സൂക്ഷിക്കണം. ഈ തീരുമാനങ്ങള്‍ വീട്ടില്‍ സമ്മതിപ്പിക്കാന്‍ ലേശം ബുദ്ധിമുട്ടി. ആ ലോഡ്ജിലെ മുറിയെടുപ്പ് ആവശ്യമുണ്ടോ എന്ന സന്ദേഹം പലവുരു ഉന്നയിക്കപ്പെട്ടു. സാധാരണയായി ഞാന്‍ പ്രകടിപ്പിക്കാത്ത നിശ്ചയദാര്‍ഢ്യം അന്നെനിക്ക് തുണയായി. എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് വീട്ടില്‍ വന്ന് ആഹാരം കഴിക്കണം എന്ന നിബന്ധനയോടെ എന്റെ പദ്ധതി അംഗീകരിക്കപ്പെട്ടു.
.jpg?$p=7146855&&q=0.8)
തിരുവനന്തപുരത്ത് ഓവര്‍ബ്രിഡ്ജ് എന്ന സ്ഥലത്ത് ഒരു പഴയ ലോഡ്ജില്‍ മുറി സംഘടിപ്പിച്ചു. മുറി എന്നതിനെക്കാളും അറ എന്ന പേരാവും ഉചിതം. കാറ്റ് കടക്കുകയില്ല. സൂര്യപ്രകാശം കടക്കാനും വഴിയൊന്നുമില്ല. എങ്കിലും എനിക്ക് പരാതിയൊന്നുമുണ്ടായില്ല. ഈ വിധമൊരു കുടുസ്സുമുറിയും ഏറ്റവും കുറഞ്ഞ സൗകര്യങ്ങളുമാണ് ഞാന്‍ ആഗ്രഹിച്ചതെന്നത് വിചിത്രമായിത്തോന്നാം. മുകളിലത്തെ നിലയില്‍ നാലുമുറികളുള്ളതില്‍ ഒന്നാണ് എനിക്കുകിട്ടിയത്. അടുത്ത രണ്ടുമുറികളില്‍ സ്ഥിരതാമസക്കാരാണ്. ഒരാള്‍ കൈനോട്ടക്കാരന്‍, മറ്റേയാള്‍ക്ക് എന്തായിരുന്നു പണിയെന്ന് ഓര്‍ക്കുന്നില്ല. ഇവരോടൊക്കെ ഏറ്റവും കുറച്ച് സമ്പര്‍ക്കം പുലര്‍ത്തിയ വിചിത്രജീവിയായിരുന്നു ഞാന്‍. ബാത്ത് അറ്റാച്ച്ഡ് മുറിയായിരുന്നില്ലെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട്്് 'പൊതുസ്ഥല'ത്തുെവച്ചുമാത്രം ഞങ്ങള്‍ ചിലപ്പോഴൊക്കെ കണ്ടുമുട്ടി പുഞ്ചിരിപോലെ എന്തോ കൈമാറി. അയല്‍വാസിയായിരുന്ന ഹസ്തരേഖാവിദഗ്ധന്റെ മുന്നില്‍ ഞാന്‍ ഒരിക്കലും കൈനീട്ടിയില്ല. അജ്ഞാതമായ ഭാവി മറ്റൊരാള്‍ പറഞ്ഞറിയേണ്ടെന്ന് തോന്നി. പ്രവചനം എന്തായാലും എന്റെ നിര്‍ണയങ്ങളെ അത് ഏതോവിധത്തില്‍ ബാധിക്കുമെന്ന് ഞാന്‍ ഭയന്നു. ദിവസവാടകയ്ക്കുകൊടുക്കുന്ന ഒരു മുറിയില്‍ 'അനാശാസ്യ'മെന്ന് സാധാരണ വിശേഷിപ്പിക്കപ്പെടുന്ന പ്രവൃത്തികള്‍ വല്ലപ്പോഴുമൊക്കെ നടന്നിരുന്നെന്നു 'കളകൂജന സാന്നിധ്യ'ങ്ങളില്‍നിന്ന് ഞാന്‍ സംശയിക്കുന്നു. എന്തായാലും വാസനാജന്യമായ അപസര്‍പ്പക ദൗത്യങ്ങളിലേക്കൊന്നും കടക്കാന്‍ ഞാന്‍ മനസ്സിനെ അനുവദിച്ചില്ല. 'കൈയും തലയും പുറത്തിടരുത്' എന്ന മാനസികാവസ്ഥയില്‍ ഞാന്‍ സ്വയം ബന്ധിതനായി.
നാലോ അഞ്ചോ മാസങ്ങള്‍ ആ മുറിയില്‍. ഞാന്‍ വായനയിലും പഠിത്തത്തിലും മുഴുകി. വല്ലപ്പോഴും യൂണിവേഴ്സിറ്റി ലൈബ്രറിയില്‍പ്പോയി ആവശ്യമായ പുസ്തകങ്ങളെടുക്കും; ഉടനെ മടങ്ങും. ശരാശരി പതിന്നാലോ പതിനഞ്ചോ മണിക്കൂര്‍ ഏകാഗ്രതയോടെ പഠിച്ചു. അഞ്ചോ ആറോ മണിക്കൂര്‍മാത്രം ഉറങ്ങി. പുലര്‍ച്ചെ മൂന്നോ നാലോ മണിവരെ ഉറക്കമിളച്ചിരുന്ന് പഠിക്കും. ഉറക്കംവരുമ്പോള്‍ താഴെയുള്ള അംബിക കഫെയില്‍ പോയി ചായകുടിക്കും. സെക്കന്‍ഡ് ഷോ വിടുന്നതുവരെ ആ ചെറിയ ഹോട്ടല്‍ തുറന്നിരിക്കും. ഈ ടീ ബ്രേക്കില്‍ നഗരത്തിന്റെ രാത്രിമുഖം ഞാന്‍ കണ്ടു. തെരുവിലെ ലൈംഗികത്തൊഴിലാളികളുടെയും പിമ്പുമാരുടെയും മദ്യപരുടെയും പോകാനിടമില്ലാത്തവരുടെയും കൂടാരമായി രാത്രിയില്‍ പരിണമിക്കുന്ന നഗരത്തിന് ഒരിക്കലും പേടിപ്പെടുത്തുന്ന മുഖമില്ല. ഗതികേടിന്റെ മുഖമാണ് അന്നൊക്കെ. നഗരരാവുകള്‍ക്ക് ഇപ്പോള്‍ ആ മുഖച്ഛായ തീരെയുമില്ല. രാത്രികളെപ്പോലെത്തന്നെ പകലുകളും മാറിപ്പോയി. ഓവര്‍ബ്രിഡ്ജ് മുതല്‍ തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡിന്റെ തെക്കുവശം (അതിനുപിന്നില്‍ റെയില്‍വേ ട്രാക്കാണ്) നിറയെ തണല്‍മരങ്ങളായിരുന്നു. ആ വീതിയുള്ള ഫുട്പാത്തില്‍ എപ്പോഴും ആള്‍ത്തിരക്കാണ്. ചെരിപ്പ്, വിലകുറഞ്ഞ വസ്ത്രങ്ങള്‍, കോപ്പുചീപ്പ് കണ്ണാടി, കളിപ്പാട്ടങ്ങള്‍, കൊച്ചുപുസ്തകക്കടകള്‍ എന്നിവയ്ക്കുപുറമേ തത്കാലം പ്രത്യക്ഷപ്പെട്ട് അതിലും വേഗം അപ്രത്യക്ഷരാവുന്ന തിരിക്കുത്ത്, മുച്ചീട്ട് തുടങ്ങിയ കബളിപ്പിക്കല്‍ വിനോദങ്ങള്‍ എന്നിവയെല്ലാമുണ്ടായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തിരികുത്തി എനിക്കും നഷ്ടപ്പെട്ടിട്ടുണ്ട് കൈയിലുണ്ടായിരുന്ന പണം മുഴുവന്‍. ഒടുവില്‍ തമ്പാനൂര്‍ മുതല്‍ മണ്ണന്തലവരെ ഏതാണ്ട് പത്തുകിലോമീറ്റര്‍ നടന്ന് (വേറെ ഗതിയില്ല ) ഞാനതിന് പ്രായശ്ചിത്തംചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും രാത്രി ഒമ്പതുമണിവരെയും ഓവര്‍ബ്രിഡ്ജ് -തമ്പാനൂര്‍ റോഡരില്‍ ജീവിതാഹ്‌ളാദമുണ്ടായിരുന്നു.
ഇത്തരം പകല്‍വിനോദങ്ങളും രാത്രികാഴ്ചകളുമൊക്കെ ഞാന്‍ താമസിക്കുന്ന ലോഡ്ജിന്റെ തോട്ടടുത്ത് അരങ്ങേറിയിരുന്നെങ്കിലും എന്റെ ഏകാഗ്രതയെ ഭഞ്ജിക്കാന്‍ ഇവയെ ഞാന്‍ അനുവദിച്ചില്ല. അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോള്‍ കാഴ്ചകള്‍കണ്ടു എന്നുമാത്രം. ഇപ്പോള്‍ ഐ.എ.എസ്. കിട്ടിയില്ലെങ്കില്‍പ്പിന്നെ എപ്പോള്‍ എന്ന ചോദ്യത്തിന്റെ കുന്തമുനയില്‍ ഞാന്‍ എന്നെ സ്വയം കോര്‍ത്ത് നിര്‍ത്തിയിരിക്കെ ഒരു പ്രലോഭനത്തിനും സ്ഥാനമില്ല. രാവിലെ ഒമ്പതോ പത്തോ മണിക്ക് എഴുന്നേറ്റാല്‍ കുളിയും പ്രാതലും കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ എന്റെ ജോലി ആരംഭിക്കും. രണ്ടുമണിക്കുപോയി ഊണ് കഴിച്ചുവന്നാല്‍, ഇടയ്ക്ക് മൂന്ന് ചായയ്ക്കും രാത്രി ഭക്ഷണത്തിനും സമയമെടുക്കുന്നതൊഴിച്ചാല്‍ പുലര്‍ച്ചെ മൂന്നുമണിവരെ നീളും എന്റെ രാത്രികള്‍. ഇടയ്‌ക്കെങ്ങാനും ഒരല്പം ഉച്ചമയക്കത്തിന് വഴിപ്പെട്ടാല്‍ കലശലായ കുറ്റബോധമായിരിക്കും പിന്നെ. മിക്കവാറും ദിവസങ്ങളില്‍ പുലര്‍ച്ചെ പഠിത്തംനിര്‍ത്തി, കുളിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗണപതികോവിലിലുംപോയി തൊഴുതുവരും. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശില്പസമൃദ്ധമായ കല്‍ത്തൂണ്‍ ചാരിയിരിക്കെ ഇളംകാറ്റിന്റെ തഴുകലേറ്റ് പ്രഭാതം വിടര്‍ന്നുവരുന്നതുകാണാം. മനസ്സിനുള്ളിലപ്പോള്‍ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും നേരിയ തണുപ്പനുഭവപ്പെടും, അനുഗ്രഹംകണക്കെ. തിരികെവന്നാണ് ഉറക്കം; പുലര്‍ച്ചെ അഞ്ചുമണിക്ക്. ഇതായിരുന്നു (തികച്ചും അനാരോഗ്യകരമായ) എന്റെ ദിനക്രമം.

സിലബസിന്റെ സീമയ്ക്കപ്പുറം പഠിക്കുക, സമഗ്രമായി പഠിക്കുക, ഉചിതമായ വാക്കുകളില്‍ വ്യക്തതയോടെ ഉത്തരം എഴുതാന്‍ പഠിക്കുക, നമ്മുടെ ഉത്തരം എങ്ങനെ വ്യത്യസ്തവും വായനക്ഷമവുമാക്കാമെന്ന് പരിശീലിക്കുക -ഇതായിരുന്നു എന്റെ പഠനശൈലി. ജേണലിസം പഠിച്ചത് വാക്കുകളില്‍ മിതത്വംപാലിക്കാന്‍ എന്നെ സഹായിച്ചു (മുമ്പ് അഞ്ചുചോദ്യങ്ങളുള്ള മലയാളം പേപ്പറില്‍ നളിനിയിലെ ചോദ്യമെഴുതാന്‍ ഒന്നര മണിക്കൂറെടുത്തതിന്റെ കുറ്റബോധം എന്നെ വിട്ടൊഴിഞ്ഞിരുന്നില്ല). അധ്വാനത്തിന്റെയും ഏകാന്തതയുടെയും അഞ്ചുമാസങ്ങള്‍ക്കൊടുവില്‍ സിവില്‍ സര്‍വീസ് പരീക്ഷകളെഴുതി. ചോദ്യപ്പേപ്പറുകള്‍ എന്നെ തീരെയും ഭയപ്പെടുത്തിയില്ല. ഞാന്‍ സജ്ജനായിരുന്നു. എങ്കിലും ഒരു പേപ്പറിലെ എന്റെ പ്രകടനത്തില്‍ ലേശം അസംതൃപ്തിയുണ്ടായി. പരീക്ഷകഴിഞ്ഞു. ഞാന്‍ അധോലോകത്തുനിന്ന് പുറത്തുവന്ന് ജോലിക്ക് ഹാജരായി. എഴുത്തുപരീക്ഷയുടെ ഫലം കാത്തിരിക്കുന്നതിനിടയില്‍ കേരള സര്‍വകലാശാലയിലെ അധ്യാപകജോലിക്കുള്ള ഇന്റര്‍വ്യൂവില്‍ ഞാന്‍ പങ്കെടുത്തു. കാര്യവട്ടം കാമ്പസില്‍ പുതുതായി ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറസ്‌പോണ്ടന്‍സ് കോഴ്സസില്‍(വിദൂര വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റ്യൂട്ട്) ഇംഗ്ലീഷ് അധ്യാപകന്റെ തസ്തികയിലേക്ക് ഞാന്‍ അപേക്ഷിച്ചിരുന്നു. എനിക്ക് സെലക്ഷന്‍ കിട്ടി. ഞങ്ങള്‍ അഞ്ച് അധ്യാപകര്‍ ആദ്യമായി അവിടെ ചേര്‍ന്നു. ഗവേഷകനും പിന്നീട് ലെക്‌സിക്കന്‍ എഡിറ്ററും അധ്യാപകനുമായ ഡോ. പി. വേണുഗോപാലന്‍ അന്ന് അവിടെ മലയാളം ലക്ചററായി ചേര്‍ന്നവരില്‍ ഒരാളാണ്. അങ്ങനെ പബ്‌ളിക്കേഷന്‍ വിഭാഗത്തിലെ ജോലിയില്‍നിന്ന് വിടുതല്‍ ചെയ്യപ്പെട്ട്, 1977 നവംബറോടെ ഞാന്‍ അധ്യാപകനായി. ശമ്പളം തികച്ചും മാന്യം.
അമ്മ ആളയച്ചുവരുത്തിയ കാറ്റെന്ന വിവാഹദല്ലാളിനെക്കുറിച്ച് പറഞ്ഞല്ലോ. അയാള്‍ സ്വകര്‍മത്തില്‍ മുഴുകി. ഏതൊക്കെയോ ആലോചനകള്‍ വന്നു; പലതും വന്നവഴിക്കുപോയി. 'പെണ്ണുകാണല്‍' ചടങ്ങിന് വരില്ലെന്നുമാത്രം ഞാന്‍ കണിശമായി പറഞ്ഞു. എല്ലാം ഉറച്ചശേഷംമാത്രമേ ഞാന്‍ കാണാന്‍വരൂ. അല്ലാതെ ഒരു പെണ്‍കുട്ടിയെ കണ്ടിട്ട് 'എനിക്കുവേണ്ട' എന്ന് പറയാന്‍ ഞാനാളല്ല. ആ നിരാസത്തിന്റെ നൊമ്പരത്തിന് ഹേതുവാകാന്‍ ഞാന്‍ തയ്യാറല്ല. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഒരാലോചന ഗൗരവതരമായി. ഡല്‍ഹിയില്‍ വളര്‍ന്ന പെണ്‍കുട്ടി, അച്ഛന്‍ പ്രതിരോധവകുപ്പില്‍ സിവിലിയന്‍ ഉദ്യോഗസ്ഥന്‍, തിരുവനന്തപുരം സ്വദേശി, വിദ്യാഭ്യാസയോഗ്യത ബി.എ. എന്നിങ്ങനെയുള്ള വസ്തുതകളും പിന്നെ പെണ്‍കുട്ടിയുടെ വര്‍ണനകളുംകൊണ്ട് കളി കാര്യമായി. ഫോട്ടോകളിലൂടെ പരസ്പരം ഓക്കെ പറഞ്ഞെങ്കിലും 'പെണ്ണുകാണാന്‍' ഞാനൊരുക്കമായിരുന്നില്ല. ആരെങ്കിലും കണ്ടിട്ട് പറയൂ എന്നായി ഞാന്‍. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: ''ഞാനും നിന്റെ അമ്മയുംകൂടി ആദ്യംപോകാം. ഞാന്‍ കണ്ടിട്ടുള്ളത്രയും പെണ്ണുങ്ങളെ നീ കണ്ടിട്ടില്ലല്ലോ. ഞാന്‍ ക്ലിയര്‍ചെയ്താല്‍ നീ പോകണം.'' യുക്തിസഹമായ ആ നിലപാടിനോട് ഞാന്‍ യോജിച്ചു. എന്തായാലും അടുത്തയാഴ്ച ഞാനും പ്രതിശ്രുതവധു മീരയുമായുള്ള കൂടിക്കാഴ്ച നടന്നു.
സന്തോഷകരമായ ഈ ദിവസങ്ങളില്‍ കഴിയവേ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനില്‍നിന്ന് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനുള്ള അറിയിപ്പുകിട്ടി. ഒരു കടമ്പ കടന്നിരിക്കുന്നു, ഇനി കൈവിട്ടുപോയാലാണ് സങ്കടം. ഒരന്ധാളിപ്പില്ല എന്ന് പറഞ്ഞുകൂടാ. എനിക്കതിനുമുമ്പ് മാതൃകയാക്കാന്‍മാത്രം ഒരു ഐ.എ.എസുകാരനെയും അറിഞ്ഞുകൂടാ. ഓണക്കൂര്‍ സാറുമായി എന്റെ ഈ ആശങ്ക പങ്കുെവച്ചപ്പോള്‍ സാറ് പറഞ്ഞു: ''നമുക്ക് ഐ.ജി. എം.കെ. ജോസഫ് സാറിനെ പോയി കാണാം. എനിക്കുപരിചയമുണ്ട്. സാറ് എന്തെങ്കിലും ഗൈഡന്‍സ് തരാതിരിക്കില്ല.'' ഓണക്കൂര്‍ സാറിനോടൊപ്പം പോലീസ് ആസ്ഥാനത്ത് ഐ.ജി.യുടെ മുന്നില്‍ ഞാന്‍ ഹാജരായി. ജോസഫ് സാര്‍ ഇപ്പോഴെല്ലാവരും ചെയ്യുന്നതുപോലെ 'മോക്ക് ഇന്റര്‍വ്യു' ഒന്നും നടത്തിയില്ല. എന്നോട് അതിയായ വാത്സല്യത്തോടെ പെരുമാറുകയും ചില പൊതു വിഷയങ്ങളെക്കുറിച്ച് സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. ഒരു നാല്പത്തഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ സാറ് പറയുന്നു: ''ഇയാള്‍ ഇതുപോലങ്ങ് സംസാരിച്ചാല്‍ മതി. കിട്ടും.'' ഒരുപദേശംകൂടി തന്നു: ''ഇന്റര്‍വ്യു ബോര്‍ഡിലിരിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും പോകരുത്. ഇതേസൗമ്യതയില്‍ സംസാരിച്ചാല്‍ മതി. And never bluff.'' അപ്പോഴാണ് സാറ് എന്നോട് നടത്തിയ സംഭാഷണം ഒരു മാതൃകാ അഭിമുഖമായിരുന്നെന്ന് മനസ്സിലാവുന്നത്.
ഏതായാലും ആത്മവിശ്വാസത്തോടെ ഞാന്‍ ഡല്‍ഹിയിലേക്ക് ട്രെയിന്‍ കയറി. ഒരു നേര്‍ത്ത വ്യാകുലത മനസ്സില്‍ കടന്നിരുന്നു. സ്യൂട്ട് ധരിക്കണ്ടേ? വസ്ത്രം നിങ്ങളാരാന്നെന്ന് വിളംബരംചെയ്യും(Apparel oft proclaims the man) എന്ന വാക്യം ഓര്‍ത്തു. സ്യൂട്ടിടാതെ പോയാല്‍ മോശമാകുമോ? എനിക്കേതായാലും സ്യൂട്ടും ടൈയും ഒന്നുമില്ല. 'വസ്ത്രത്തിലെന്തിരിക്കുന്നു' എന്നും മറ്റൊരു മഹാന്‍ പറഞ്ഞിട്ടുണ്ടാകുമല്ലോ എന്ന വിചാരത്തിന്റെ വിരലുകള്‍കൊണ്ട് ആത്മവിശ്വാസത്തിന്റെ വിളക്കിലെ മങ്ങിത്തുടങ്ങിയ തിരി ഞാന്‍ നീട്ടിക്കൊണ്ടിരുന്നു.
(തുടരും)
Content Highlights: k jayakumar, autobiography, sancharathinte sangeetham, column, mathrubhumi weekend newspaper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..