കോട്ടിൻെറ രണ്ട് പോക്കറ്റുകൾ കൊണ്ട് രണ്ട് കയ്യുമില്ലാത്ത അടിവാരം ജോസിൻെറ കഞ്ചാവ് വിൽപന!


ജോയ് മാത്യു /ഫോട്ടോ: മധുരാജ്

കാര്യം വിപ്‌ളവകാരികളായിരുന്നുവെങ്കിലും ജീവനില്‍ കൊതി ഏത് നക്‌സലൈറ്റിനും ഉണ്ടാവുമല്ലോ!

ജോയ് മാത്യു

ചില മനുഷ്യര്‍ ജീവിതത്തില്‍ നമ്മെകടന്നു പോകും. ഒരിക്കലും അവര്‍ വിസ്മൃതിയിലേക്ക് മറയുന്നേയില്ല. അതുപോലൊരാളെക്കുറിച്ചുള്ള ഓര്‍മയും അനുഭവവുമാണിത്. നക്‌സലൈറ്റുകള്‍ അറത്തുമാറ്റിയ കൈകളുടെ ശേഷിച്ച ഭാഗം കോട്ടിന്റെ പോക്കറ്റിലിട്ട് മുഴങ്ങുന്ന ശബ്ദവുമായി നഗരത്തിലൂടെ നടന്നു, അടിവാരം ജോസ്. അയാളുമായി ഒരു നേര്‍ക്കുനേര്‍; അതിന്റെ ഉദ്വേഗങ്ങള്‍; ക്ലൈമാക്‌സ്...ജോയ് മാത്യു എഴുതുന്നു.

സംഭവം അരങ്ങേറുന്നത് കോഴിക്കോട് ക്രൗണ്‍ തിയേറ്ററിനടുത്തുള്ള ചാരായ ഷാപ്പിലാണ്. കാലം 1981-'82 ആയിരിക്കാം എന്തായാലും വിപ്ലവശ്രമപരാജിതരുടെ അങ്കലാപ്പുകളും ആകാംക്ഷകളും നിറഞ്ഞ സായന്തനങ്ങളിലൊന്നിലാണെന്നും അന്നേദിവസം ഇടയ്‌ക്കൊക്കെ മഴ പെയ്തിരുന്നെന്നും ഉറപ്പിച്ചുപറയാം. വിപ്‌ളവ പരാജിതര്‍ അക്കാലത്ത് കണ്ടുമുട്ടിയിരുന്നത് കിഡ്സണ്‍ കോര്‍ണറിലെ മോഹന്റെ ഇടുങ്ങിയ ചാരായഷാപ്പിലോ അവിടെ ഇടമില്ലെങ്കില്‍ നഗരമൂലകളിലെ മറ്റേതെങ്കിലും ചാരായഷാപ്പിലോ ആയിരിക്കും.നവമാര്‍ക്‌സിസം, ചാരു മജുംദാര്‍ലൈന്‍, വിപ്‌ളവ പരാജയ കാരണങ്ങള്‍, ലാറ്റിനമേരിക്കന്‍ സാഹിത്യം, അസംബന്ധ നാടകവേദി എന്നിങ്ങനെ നാനാവിഷയങ്ങള്‍ ചര്‍ച്ചിച്ചും തര്‍ക്കിച്ചും രാത്രിയെ എങ്ങനെയെങ്കിലും ക്ഷീണിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അന്നത്തെ രാത്രിയില്‍ എന്നെക്കൂടാതെ എ. സോമന്‍, മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി ഐ. രാജന്‍, ശിവദാസന്‍, മുഹമ്മദ്, എന്‍.കെ. രവീന്ദ്രന്‍ എന്നിവരൊക്കെയുണ്ടായിരുന്നുവെന്നാണ് എന്റെ ഓര്‍മ. ഇനി ഇവരല്ല മറ്റാരെങ്കിലുമായിരുന്നെങ്കിലും പറയുന്ന കാര്യം സംഭവിച്ചതു തന്നെയാണ്. ആളുമാറിയാലും ചരിത്രം മാറുകയില്ലല്ലോ.

അങ്ങനെ സന്ധ്യമയങ്ങിയ നേരം. ഞങ്ങളുടെ ചര്‍ച്ച ചൂടുപിടിച്ചുകൊണ്ടിരിക്കെ ചാരായഷാപ്പിന്റെ മറ്റൊരു മൂലയില്‍ ഇരുന്ന ഒരാള്‍ക്ക് അസഹ്യതയുടെ കുരുപൊട്ടുന്നതിന്റെ ശബ്ദവീചികള്‍ അവിടെ മുഴങ്ങി. അയാള്‍ ആരോടെന്നില്ലാതെ എന്നാല്‍, ഞങ്ങളെ ലക്ഷ്യംവെച്ചു തന്നെയാണ് ഒച്ചയുയര്‍ത്തുന്നതെന്ന് ക്രമേണയെങ്കിലും ഞങ്ങള്‍ക്ക് മനസ്സിലായി. ഷാപ്പിലിരുന്നു ചാരായം മോന്തുന്ന ഏകാന്ത ദുഃഖികളും കൂട്ടംകൂടിയിരുന്നിരുന്നിരുന്ന സന്തോഷികളും പെട്ടെന്ന് നിശ്ശബ്ദരായി. ഞങ്ങള്‍ തിരിഞ്ഞുനോക്കി. കറുപ്പ് നിറത്തിലുള്ളതും എന്നാല്‍, നരച്ചതുമായ ഒരു കോട്ട് ധരിച്ച് ഒറ്റയ്‌ക്കൊരു ഇരിപ്പിടം സ്വന്തമാക്കി ഒറ്റയ്‌ക്കൊരു കുപ്പിയില്‍നിന്ന് ചാരായം മോന്തുന്ന ഒറ്റയാന്‍; ആള്‍ സുമുഖനുമാണ്. കോട്ടുധാരിയായ ഒരാള്‍ ചാരായഷാപ്പിലോ? തൊഴിലാളികളുടെയും തൊഴില്‍രഹിതരുടെയും ദരിദ്രരുടെയും സാധാരണക്കാരുടെയും ആശാസദനങ്ങള്‍ ആയിരുന്നല്ലോ അക്കാലത്തെ ചാരായഷാപ്പെന്ന വീഞ്ഞുകടകള്‍.

അവിടെ കോട്ടുധാരിയായ ഒരാള്‍!

ചിത്രീകരണം: ഗിരീഷ് കുമാർ

ഞങ്ങള്‍ അദ്ഭുതത്തെ കൂറി.

നഗരവാസിയായ എനിക്ക് ആളെ പെട്ടെന്ന് പിടികിട്ടി, അടിവാരം ജോസ് എന്ന വക്ക് പൊട്ടിയ 'വമ്പനാ'ണത്. 'വക്ക് പൊട്ടിയ' എന്നുപറയാന്‍ കാരണമുണ്ട്.

ആ കഥ ഇങ്ങനെ:

വയനാട്ടിലേക്കുള്ള വഴിത്താരയില്‍ അടിവാരം എന്നൊരു ഇടമുണ്ട്. അവിടത്തെ ജനങ്ങളുടെ പേടിസ്വപ്നമായിരുന്നു ജോസ്. കാഴ്ചയില്‍ കീരിക്കാടന്‍ ജോസിന്റെയോ സഹഗുണ്ട ജോണിയുടെയോ കൂറ്റന്‍ ശരീരപ്രകൃതിയില്ലെങ്കിലും ആറടി പൊക്കമുള്ള ബലിഷ്ഠഗാത്രനായ, വെളുത്ത നിറവും കറുത്ത ചുരുണ്ട മുടിയോടുകൂടിയ, എന്നാല്‍, പൗരുഷം തുളുമ്പുന്ന ഒരു സുന്ദരനായിരുന്നു ജോസ് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. സാധാരണ സിനിമാ ഗുണ്ടകള്‍ക്കുള്ളതുപോലെ മുഖത്ത് വെട്ടുകൊണ്ടതിന്റെ പാടുകള്‍, പോടുകള്‍ എന്നീ അമിത മെയ്ക്കപ്പ് ഒന്നും അയാളുടെ മുഖത്തുണ്ടായിരുന്നില്ല. മുകളിലേക്ക് അല്പം കൊമ്പനാക്കിവെച്ച മീശ മാത്രമായിരുന്നു വമ്പത്തരത്തിന്റെ ഏക അടയാളക്കൊടി.

എന്നാല്‍, അത് ജോസിന്റെ സുമുഖത്വത്തിനു മാറ്റുകൂട്ടിയിരുന്നു എന്നതാണ് നേര്. ഇതൊക്കെയാണെങ്കിലും ബലിഷ്ഠങ്ങളായ രണ്ടു കൈകളുടെയും കൈമുട്ട് വരെ വെട്ടിമാറ്റിയ നിലയിലായിരുന്നു ഞാന്‍ കാണുന്ന കാലത്ത് ഈ വമ്പന്‍. അതുകൊണ്ടാണ് അയാള്‍ ഒരു വക്കുപൊട്ടിയ വമ്പനാണെന്ന് നേരത്തേ പറഞ്ഞത്. എന്നാല്‍, അയാളത് ഒരു ബലഹീനതയായി എടുത്തിരുന്നില്ല. അതുകൊണ്ടാണല്ലോ ജയിലില്‍വെച്ച് അറ്റുപോയ കൈകളിലെ ഫോര്‍ക്ക് പോലെ തുറിച്ച് നില്‍ക്കുന്ന എല്ലുകള്‍ക്കിടയില്‍ ജയിലില്‍ ഭക്ഷണം കഴിക്കുന്ന പിഞ്ഞാണത്തിന്റെ പൊട്ടിച്ചെടുത്ത ഒരു ഭാഗം തിരുകിവെച്ച് ഒരാളെ കുത്തിക്കൊന്നത്. അതും സ്വന്തം അപ്പന്റെ അനിയനെ! പഴയ ഒരു കുടിപ്പക തീര്‍ത്തതാണത്രേ. പക്ഷേ, കൈകളില്ലാത്ത ഒരാള്‍ക്ക് അങ്ങനെയൊരു കൊലപാതകം നടത്താന്‍ കഴിയില്ലെന്ന വക്കീലിന്റെ വാദം അംഗീകരിച്ച കോടതി ജോസിനെ വെറുതേ വിടുകയായിരുന്നു. പ്രസ്തുത കഥാപാത്രമാണ് ഞങ്ങള്‍ക്ക് നേരെ അസഭ്യ ആക്രോശവുമായി അടുത്ത വഴക്കിനു വഴിനോക്കുന്നത്. അതിന്റെ കാരണവും അയാളുടെ ആക്രോശങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് മനസ്സിലായി.

അതിന്റെ കഥ ഇങ്ങനെ:

ആയകാലത്ത് തന്റെ ചോരത്തിളപ്പിന്റെ ഹുങ്കില്‍ വഴിയേ പോകുന്നവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുന്നതിനും പണം കൈക്കലാക്കുന്നതിനും ഒരു കൂസലുമില്ലാതിരുന്ന അടിവാരത്തെ ഈ കൊമ്പനെ തളയ്ക്കാന്‍ പോലീസുകാര്‍ക്കുപോലും ഭയമായിരുന്നത്രേ. ജോസിന്റെ എന്‍ട്രിയോടെ അടിവാരത്തെ സാദാ ഗുണ്ടകള്‍ സ്വന്തംതടി രക്ഷപ്പെടുത്തി എക്‌സിറ്റടിച്ചു. ഒടുവില്‍ സഹികെട്ട നാട്ടുകാര്‍ ജോസിനെ നിലയ്ക്കുനിര്‍ത്താന്‍ രാഷ്ട്രീയഭേദമെന്യേ സംഘടിച്ചെങ്കിലും ജോസിനെ ശാരീരികമായി തളയ്ക്കാനും ശിക്ഷകൊടുക്കാനും ആ നാട്ടിലെ നക്‌സലൈറ്റുകള്‍ തന്നെ മുന്‍കൈയെടുക്കേണ്ടിവന്നു. അങ്ങനെ ജനകീയപിന്തുണയോടെ അടിവാരം ജോസെന്ന വമ്പനെ അങ്ങാടിയിലിട്ട് ജനം തല്ലിച്ചതച്ചു. നക്‌സലൈറ്റുകള്‍ നേതൃത്വം കൊടുത്തു എന്നേയുള്ളൂ. കൈകാര്യം ചെയ്തത് നാട്ടുകാര്‍ തന്നെയായിരുന്നു. ജനം ഇളകിയാല്‍പ്പിന്നെ വമ്പനെന്നല്ല, ഏത് കൊമ്പനും വീഴുമല്ലോ!

സ്വഭാവം വെച്ച് ജോസ് പാമ്പാണ്, വെറും പാമ്പല്ല മൂര്‍ഖന്‍ പാമ്പ്. തല്ലിച്ചതച്ചു വിട്ടാലും അയാള്‍ തിരിച്ചുവരും; അതും പ്രതികാര ദാഹിയായി. അതാണ് ജോസിനെ അറിയുന്നവര്‍ പറയുന്നത്. അതിനാല്‍ അങ്ങാടിയിലുള്ള പോത്തിറച്ചിക്കടയിലെ ഇറച്ചിവെട്ടുന്ന മരത്തടിയില്‍വെച്ച് അയാളുടെ രണ്ടു കൈകളും മുട്ടിനുതാഴെവെച്ച് ജനരോഷത്തില്‍ വെട്ടിമാറ്റപ്പെട്ടു. കൊല്ലണമെന്ന് ഉദ്ദേശ്യമില്ലാത്തതിനാലും മറ്റു ഗുണ്ടകള്‍ക്ക് ഒരു പാഠമായിരിക്കാനും ഇത് മതിയാകും എന്ന് ജനം തീര്‍ച്ചപ്പെടുത്തിയിരുന്നല്ലോ. രക്തത്തില്‍ക്കുളിച്ച ജോസിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കാനും അതേ നാട്ടുകാര്‍തന്നെ മുന്‍കൈയെടുത്തു. ഇനിയൊരിക്കലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാത്തവിധം മുറിച്ചെടുത്ത കൈകള്‍ ജനം വയനാടന്‍ ചുരത്തിലെ ഏതോ കൊക്കയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

ജോസ് ആരാ മോന്‍!

മരണത്തെപ്പരാജയപ്പെടുത്തി, കാറ്റിലാടുന്ന കോട്ടിന്റെ കൈകളുമായി വരുന്ന ഷോലെ സിനിമയിലെ സഞ്ജീവ് കുമാറിനെപ്പോലെ മരണത്തെ തന്റെ അറ്റുപോയ കൈകള്‍കൊണ്ട് ആട്ടിയകറ്റി കറുത്ത കോട്ടിന്റെ ഇരുകൈകളും കാറ്റത്തിട്ട് ജോസ് വന്നു. പക്ഷേ, ഒരിക്കല്‍ താന്‍ വിറപ്പിച്ച അടിവാരത്തേക്ക് അറ്റുപോയ ആത്മാഭിമാനവുമായി തിരിച്ചുപോകാന്‍ ജോസിനു മനസ്സുവന്നില്ല. മാത്രവുമല്ല, പഴയ പ്രതിയോഗികള്‍ പ്രതികാരംചെയ്യാന്‍ കാത്തിരിക്കുന്നുമുണ്ടാവാം. അങ്ങനെ ജോസ് കോഴിക്കോട്ടങ്ങാടിയില്‍ അടിഞ്ഞു. അല്ലെങ്കില്‍ മറ്റു പലരെയും സ്വീകരിച്ച കോഴിക്കോട്ടങ്ങാടി ജോസിനെയുമങ്ങെടുത്തു എന്നും പറയാം.

ജോസ് കോഴിക്കോട് നഗരത്തെ സ്വന്തം നാടായിക്കണ്ടു. ബംഗ്‌ളാദേശ് കോളനിയില്‍ ഭാര്യയും കുഞ്ഞുമായി പൊറുതി തുടങ്ങി. കൈകള്‍ ഇല്ലാത്ത വമ്പന് ജീവിക്കണമെങ്കില്‍ എന്തെങ്കിലും ജോലിചെയ്യണമല്ലോ. ജോസിനാണെങ്കില്‍ അതിനാവതുമില്ല. അങ്ങനെയാണ് ജോസ് കഞ്ചാവ് പൊതികളുടെ ചില്ലറ വില്‍പ്പനക്കാരനായത്. അതാവുമ്പോള്‍ വലിയ അധ്വാനവുമില്ല, ജീവിക്കാനുള്ളത് കിട്ടുകയുംചെയ്യും. ഇടയ്‌ക്കൊക്കെ ഒരു നേരമ്പോക്കിന് പോലീസുകാര്‍ ജോസിനെ പിടിച്ചാലും രണ്ടുകൈയില്ലാത്തവന്‍ എങ്ങനെ കഞ്ചാവ് കച്ചവടം ചെയ്യുമെന്നാലോചിച്ച് ഉത്തരം കിട്ടാതെ കോടതി ജോസിനെ വെറുതേവിടുകയും ചെയ്യുമത്രേ.

ജോസിന്റെ വ്യാപാര രീതിക്കും ഒരു പ്രത്യേകതയുണ്ട്. തന്റെ കറുത്ത കോട്ടിന്റെ വലതു വശത്തെ പോക്കറ്റിലാണ് കഞ്ചാവിന്റെ പൊതി അയാള്‍ സൂക്ഷിച്ചു വെക്കുക. ആവശ്യക്കാര്‍ പണം ആദ്യം മറുവശത്തെ പോക്കറ്റില്‍ ഇട്ടുകൊടുക്കണം പിന്നെ വലതുവശത്തെ പോക്കറ്റില്‍നിന്ന് കഞ്ചാവിന്റെ പൊതി കസ്റ്റമര്‍ സ്വയം എടുത്തുകൊള്ളണം. രണ്ടുരൂപയോ മറ്റോ ആയിരുന്നു അക്കാലത്ത് ഒരു പൊതി കഞ്ചാവിന്റെ വില. കഞ്ചാവ് പൊതി എടുത്തുകൊടുക്കാന്‍ കൈകള്‍ക്ക് ആവതില്ലെങ്കിലും കൈത്തണ്ടയിലെ കൂര്‍ത്തുനില്‍ക്കുന്ന ഫോര്‍ക്ക് ആകൃതിയിലുള്ള എല്ലുകള്‍ കഠാരയെക്കാള്‍ കഠിനമാണെന്ന് അത് എപ്പോഴെങ്കിലും കണ്ടവര്‍ക്കറിയാം. അത് നല്‍കുന്ന ഭീതി കണ്ടുനില്‍ക്കുന്നവരിലേക്ക് പകരാനായി ചിലപ്പോഴെല്ലാം അയാള്‍ തന്റെ എല്ല് ഫോര്‍ക്കിനിടയില്‍ (bonefork) സിഗരറ്റ് പിടിപ്പിച്ചു മറ്റുള്ളവരുടെ സിഗരറ്റില്‍നിന്നും തീ കത്തിച്ച് വലിക്കുന്നത് പതിവായിരുന്നു. ജോസിനുമാത്രം സാധിക്കുന്ന ഒരു വിദ്യ അതവിടെ നില്‍ക്കട്ടെ. നമുക്ക് നമ്മുടെ ചാരായ ഷാപ്പിലേക്ക് വരാം. അയാള്‍ സൃഷ്ടിച്ച പ്രകോപനങ്ങള്‍ ഒന്നും ഞങ്ങളുടെ മേശയില്‍ ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ജോസ് തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു, ഞങ്ങളുടെ മേശയ്ക്കരികില്‍ വന്നുനിന്നു. ഞങ്ങള്‍ നിശ്ശബ്ദരായി. അയാള്‍ തന്റെ അരക്കൈക്കുള്ളില്‍ ഇറുക്കിപ്പിടിച്ച ചാരായ കുപ്പി മേശമേല്‍ വെച്ചു, അതില്‍നിന്നും ഗ്‌ളാസിലേക്കൊഴിച്ച് കുടിച്ച് ഞങ്ങളെ വീണ്ടും പ്രകോപിപ്പിക്കാന്‍ നോക്കി: ''നിങ്ങള് കൊറെ നേരമായല്ലോ വര്‍ത്താനം പറയുന്നു. നീയൊക്കെ നക്‌സലൈറ്റുകളാ അല്ലേ ?''

ഞങ്ങള്‍ പെട്ടെന്ന് നിശ്ശബ്ദരായി .
''ഇത് കണ്ടോ .....എന്റെ ഈ രണ്ടു കൈയും വെട്ടിയത് നീയൊക്കെയല്ലേ... ?''
ഇപ്പോള്‍ ഞങ്ങള്‍ വിദ്വാന്മാരുമായി.
''വാ, വന്ന് ബാക്കിക്കൂടെ വെട്ടിയേച്ചും പോടാ .....''

കാര്യം വിപ്‌ളവകാരികളായിരുന്നുവെങ്കിലും ജീവനില്‍ കൊതി ഏത് നക്‌സലൈറ്റിനും ഉണ്ടാവുമല്ലോ! അതിനാല്‍ ഇവിടം അത്ര പന്തിയല്ലെന്ന തീരുമാനത്തില്‍ മാര്‍ക്‌സ് മുതല്‍ മാര്‍ക്കേസിനെവരെ ചാരായ ഷാപ്പിലുപേക്ഷിച്ച് ഞങ്ങള്‍ പുറത്തിറങ്ങാന്‍ തീരുമാനിച്ചു. ഷാപ്പിലെ പൈസ കൊടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി.

പുറത്ത് മഴ ശക്തം. മഴ തോര്‍ന്നിട്ടുപോകാം എന്ന ചിന്തയില്‍ ഞങ്ങള്‍ ചാരായ ഷാപ്പിന്റെ വരാന്തയില്‍നിന്നു. തന്റെ ഇരിപ്പിടം വിട്ടെഴുന്നേറ്റു. അപ്പോള്‍ ജോസും അരികിലേക്ക് അടിവാരത്തെ ഒരു കാട്ടുമരം കണക്കേ ഉലഞ്ഞാടി വന്നു; ഞങ്ങളെ ഒരു 'നടയ്ക്കും വിടി'ല്ലെന്ന മട്ടില്‍. ഞങ്ങളുമായി ഉടക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. പുറത്ത് മഴ, അകത്ത് ജോസ്, ഇറങ്ങി നടന്നാല്‍ ഭീരുത്വം; നിന്നു പൊരുതാനോ അവിടെയും ഭീരുത്വം. ഇരു ഭീരുത്വങ്ങളില്‍ നിന്നും രക്ഷപ്പെടാനെന്നവണ്ണം ഞങ്ങള്‍ പരസ്പരം ''സിഗരറ്റുണ്ടോ''എന്ന് ചോദിച്ചത് അയാള്‍ കേട്ടു.

മഴയെ അറത്തുമാറ്റുന്ന ശബ്ദത്തില്‍ അയാള്‍ ഉറക്കെച്ചോദിച്ചു: ''എന്റെടുത്തുണ്ട് വേണോ?''
ഞങ്ങള്‍ കോറസായി ''വേണ്ട'' എന്നും ജോസ് ഒറ്റയ്ക്ക് ''വേണം'' എന്നും പറഞ്ഞു.

ഞങ്ങളുടേത് ഒരു അനുരഞ്ജനപ്പേച്ചാണെങ്കില്‍ ജോസിന്റെ മറുപടി കാര്‍ക്കശ്യപ്പേച്ചായിരുന്നു. അയാള്‍ വീണ്ടും നിര്‍ബന്ധിച്ചു. 'വേണ്ട' എന്ന് ഞങ്ങളും. അത് ജോസിന്റെ ഒരു രീതിയാണത്രേ. വഴക്ക് തുടങ്ങാനുള്ള ഒരു അടിവാരം ജോസ് ലൈന്‍.

''ദാ കോട്ടിന്റെ പോക്കറ്റിലുണ്ട് എടുത്തോളണം'' എന്ന ജോസിന്റെ ഉഗ്രശാസനം വീണ്ടുമുയര്‍ന്നു.

ചിത്രീകരണം: ഗിരീഷ് കുമാർ


ആര് എടുക്കും?

എല്ലാവരും എന്നെനോക്കി, ഒടുവില്‍ പൂച്ചയ്ക്ക് മണികെട്ടാനുള്ള ശീട്ട് എന്റെ ചുമലില്‍ത്തന്നെ വീണു. വലിയ ധൈര്യത്തിന്റെ പുറത്തൊന്നുമല്ല ഞാന്‍ തയ്യാറായത്. പുറത്തെടുത്തുവീശാന്‍ ചെറിയൊരു തുറുപ്പുശീട്ട് എന്റെ കൈവശമുണ്ടായിരുന്നു. അതുപക്ഷേ, നടപ്പാവുമോ എന്നൊന്നും ഒരു ഉറപ്പുമില്ലായിരുന്നു. എങ്കിലും ഞാനൊന്നു പയറ്റാന്‍തന്നെ തീരുമാനിച്ചു. എല്ലുകൊണ്ടുള്ള ഫോര്‍ക്കിനെക്കുറിച്ചുള്ള ഭീതി ഉള്ളിലുണ്ടെങ്കിലും മറ്റുള്ളവരുടെമുമ്പില്‍ ആളാവാന്‍കിട്ടുന്ന ചാന്‍സ് വെറുതേ കളയേണ്ടല്ലോ, അതിനാല്‍ ഞാന്‍ ഒരുനിമിഷത്തേക്കെങ്കിലും ധീരനാവാന്‍ തീരുമാനിച്ചു. എന്റെ ഭീതി ഞാന്‍ പുറമേക്കാണിച്ചതുമില്ല. ജോസ് രൂക്ഷമായി എന്നെ നോക്കിക്കൊണ്ടിരുന്നു. സഖാക്കളും കരുതിനിന്നു. വേണ്ടിവന്നാല്‍ അവര്‍ പടക്കളത്തിലിറങ്ങുമെന്ന് എനിക്കറിയാം. ഭയത്തിന് നിശാവസ്ത്രമില്ലല്ലോ!

ഞാനയാളുടെ കറുത്തകോട്ടിന്റെ പോക്കറ്റിലേക്ക് കൈയിട്ടു. കഞ്ചാവ് പൊതിഞ്ഞുവെച്ചിരിക്കുന്ന ചെറിയ കടലാസുപൊതികള്‍ക്കിടയില്‍നിന്നും ഒരു സിസ്സേഴ്‌സ് സിഗരറ്റിന്റെ പാക്കറ്റ് എന്റെ വിരലില്‍ത്തടഞ്ഞു. പാമ്പിന്‍മാളത്തില്‍നിന്നും മുട്ടയെടുക്കുന്നതുപോലെ ഞാനത് പതുക്കെ പുറത്തെടുത്തു. ''എടുത്തോളിന്‍''എന്ന് ജോസ്.

ഞാന്‍ ഒരെണ്ണം പുറത്തെടുത്തു കത്തിക്കാന്‍ നോക്കി. സഖാക്കളിലാരോ അതിവേഗത്തില്‍ അതില്‍ തീപിടിപ്പിച്ചു. സിഗരറ്റുകൂട് എടുത്ത ഇടത്തില്‍ത്തന്നെ തിരിച്ചുവെക്കാന്‍ തുടങ്ങിയപ്പോള്‍ ജോസ് എല്ലാവരോടുമായി പറഞ്ഞു: ''എല്ലാ നായീന്റെ മക്കളും എടുത്തോളിന്‍''

''വേണ്ട, ഒന്ന് ഷെയര്‍ ചെയ്‌തോളാം''-ഞങ്ങള്‍ കൂട്ടനിലവിളിയുയര്‍ത്തി
''എന്നാ പോ''

പിന്നെ ജോസ് ഞങ്ങളെയൊന്നു ചുഴിഞ്ഞുനോക്കി. എന്നിട്ട് ഉഗ്രസ്വരത്തില്‍ ഒരു ചോദ്യം:

''ഞാനാരാണെന്ന് അറിയോ തെണ്ടികളേ?''

ഞങ്ങള്‍ മൗനികളായി മഴനോക്കിനിന്നു.

അയാള്‍ ഒന്നുകൂടി അടുത്തേക്ക് നീങ്ങിനിന്നിട്ട് എന്തോ പറയാനാഞ്ഞു. അപ്പോള്‍ ഞാന്‍ ഇടപെട്ടു:

''അറിയാം, അടിവാരം ജോസല്ലേ''?

ജോസ് എന്നെ തുറിച്ചുനോക്കി-

ഇവന്‍ എന്തുഭാവിച്ചാണ് എന്ന അര്‍ഥത്തില്‍ എന്നോടൊപ്പമുണ്ടായിരുന്ന സഖാക്കളും കടുപ്പത്തില്‍ എന്നെ നോക്കി. പക്ഷേ, ജോസിനെ തണുപ്പിക്കാനുള്ള ഒരു മരുന്ന് എന്റെ കൈവശമുണ്ടല്ലോ എന്നതായിരുന്നു എന്റെ ആകെയുള്ള തുറുപ്പുശീട്ട്. ഞാന്‍ പറഞ്ഞു:

''നിങ്ങള്‍ എന്റെ വീട്ടില്‍ വന്നിട്ടുണ്ട്, അമ്മ പറഞ്ഞിരുന്നു.''

ജോസിന് ഒന്നും മനസ്സിലായില്ല. ഞാന്‍ വിശദീകരിച്ചു:

''നിങ്ങളുടെ കേസ് നടത്തിയത് എന്റെ അളിയന്‍ അലക്‌സാണ്ടര്‍ വക്കീലാണ്. കേസ് ജയിച്ചപ്പോള്‍ നിങ്ങള്‍ ഒരു ഗിഫ്റ്റ് പാക്കറ്റുമായി എന്റെ വീട്ടില്‍ വന്നിരുന്നല്ലോ. എല്ലാം അമ്മപറഞ്ഞ് എനിക്കറിയാം.''

ഷോക്കടിച്ചതുപോലെ ജോസ് നിശ്ചലന്‍. അടിച്ച ചാരായം മുഴുവന്‍ ഇറങ്ങിപ്പോയപോലെ. സംഭവം ഇങ്ങനെയാണ് -ജയിലില്‍വെച്ചുനടന്ന കൊലപാതകക്കേസില്‍ കോടതിയില്‍ ജോസിനുവേണ്ടി ഹാജരായത് എന്റെ സഹോദരിയുടെ ഭര്‍ത്താവ് അലക്‌സാണ്ടര്‍ വക്കീലാണ്, ഒടുവില്‍ കേസ് ജയിക്കുകയും ജോസ് ജയില്‍മോചിതനാകുകയും ചെയ്തു. ജോസിന്റെ അവസ്ഥ കണ്ട് എന്റെ അളിയന്‍ ഫീസൊന്നും വാങ്ങിയിരുന്നില്ല. പക്ഷേ, അഭിമാനിയായ ജോസ്, വക്കീലിനുനല്‍കാന്‍ ഒരു ഉപഹാരവും താങ്ങിപ്പിടിച്ച് വീട്ടില്‍വന്നു. ഇരുകൈയുമില്ലാത്ത നിസ്സഹായനായ ഒരു യുവാവിനെക്കണ്ടപ്പോള്‍ എന്റെ അമ്മയ്ക്ക് സഹതാപംതോന്നി. വീട്ടില്‍വരുന്നവരെ സത്കരിച്ചിരുത്തുന്നതും കുടിക്കാനെന്തെങ്കിലും കൊടുക്കുന്നതും പഴയകാല അമ്മമാരുടെ ശീലങ്ങളാണല്ലോ. പോരാത്തതിന് ഇരുകൈയും നഷ്ടപ്പെട്ട ഒരു മനുഷ്യന്‍കൂടിയാണല്ലോ വന്നിരിക്കുന്നത്. അംഗഭംഗം വന്നവരോട് അമ്മയ്ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. അതിനു കാരണവുമുണ്ട്, അമ്മയുടെ ചേട്ടന് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗത്തിലിരിക്കെ ഒരു ബോംബ് സ്‌ഫോടനത്തില്‍ ഇരുകണ്ണുകളുടെയും കാഴ്ചനഷ്ടമായിരുന്നു. കൈകള്‍ നഷ്ടമായ ജോസിന്റെ അവസ്ഥകണ്ട് നാരങ്ങാവെള്ളം ഉണ്ടാക്കി സ്വന്തം കൈകൊണ്ട് ചുണ്ടോടുടുപ്പിച്ചുകൊടുക്കുകയും ചെയ്തു.

അത്രയും കഥ ഏതോ ഒരു രാത്രിയില്‍ അമ്മ എന്നോട് പറഞ്ഞുതന്നിരുന്നു, അത് പറയുമ്പോള്‍ അമ്മ ഏറെ ക്ഷുഭിതയുമായിരുന്നു. നല്ലൊരു വീട്ടില്‍പ്പിറന്ന അമ്മയുടെ ഭാഷയില്‍ യോഗ്യനും ക്രിസ്ത്യാനിയുമായ (ഉള്ളത് പറയണമല്ലോ, അമ്മയ്ക്ക് ക്രിസ്ത്യാനിസ്‌നേഹം കുറച്ചുണ്ടായിരുന്നു) ഒരു ചെറുപ്പക്കാരന്റെ രണ്ടുകൈയും വെട്ടിയെടുത്തവരാണോ നിന്റെ പാര്‍ട്ടിക്കാര്‍? മഹാദ്രോഹമാണ് നീയും നിന്റെ ആള്‍ക്കാരും ചെയ്യുന്നത്. ഇനി നിന്റെ മധുമാഷും മറ്റും ഇങ്ങോട്ട് വരട്ടെ.

അമ്മയുടെ കാഴ്ചയില്‍ കൂടെക്കൂടെ വീട്ടില്‍വന്ന് ഞങ്ങള്‍ ചെറുപ്പക്കാരെയെല്ലാം വഴിതെറ്റിച്ചത് മധുമാസ്റ്ററായിരുന്നല്ലോ!

അടിവാരം ജോസിന്റെ ഗുണ്ടായിസത്തെക്കുറിച്ചും അതിനു നാട്ടുകാര്‍കൊടുത്ത ശിക്ഷയാണതെന്നും അമ്മയെ പറഞ്ഞുബോധ്യപ്പെടുത്താന്‍ നോക്കിയെങ്കിലും അതിനുമുമ്പേ അതിനെക്കാള്‍ ഫലവത്തായി ജോസ് തന്റെ ജീവിതകഥ അയാളുടെ രീതിയില്‍ പറഞ്ഞ് സെന്റിയടിച്ച് എന്റെ അമ്മയെ കുപ്പിയിലാക്കിയിരുന്നു. ജോസിന്റെ കഥയില്‍ അയാള്‍ നല്ലവനായിരിക്കും എന്നത് ഉറപ്പല്ലേ. ചുരുക്കത്തില്‍ ഞാനടക്കമുള്ള എന്റെ സഖാക്കള്‍ അമ്മയ്ക്ക് വലിയ ദ്രോഹികളായി. ഏതായാലും ജോസുമായുള്ള എന്റെ ഈ ഓര്‍മപുതുക്കല്‍ ഇപ്പോള്‍ ഗുണംചെയ്തു. ഞങ്ങള്‍ക്കിടയിലെ മഞ്ഞ് ചാരായഗന്ധത്താല്‍ അലിഞ്ഞു. സഖാക്കള്‍ക്കിടയില്‍ ഞാന്‍ താരമായി.

പിന്നീട് ജോസിന്റെ മറ്റൊരു മുഖമായിരുന്നു ഞങ്ങള്‍ കണ്ടത്. അയാള്‍ക്ക് ആയിരം നാവുമുളച്ചു. ''അലക്‌സാണ്ടര്‍വക്കീല്‍ എന്റെ ദൈവമാണ്. അയാളുടെ അളിയനാണോ നീ? നിന്റെ അമ്മയുടെ കൈകൊണ്ട് ഞാന്‍ വെള്ളംവാങ്ങി കുടിച്ചിട്ടുണ്ട്'' -എന്നൊക്കെ ജോസ് പറയാന്‍ തുടങ്ങി.

ചിത്രീകരണം: ഗിരീഷ് കുമാർ

തുടര്‍ന്ന് ജോസ് ഞങ്ങളെ സത്കരിക്കാന്‍ ആരംഭിച്ചു. ഞങ്ങള്‍ വേണ്ടെന്നു പറഞ്ഞിട്ടും ജോസ് സമ്മതിക്കുന്നില്ല. അയാള്‍ക്ക് ഞങ്ങളെ സല്‍ക്കരിച്ചേതീരൂ. അയാളോടൊപ്പം കുടിക്കണം എന്നതായിരുന്നു അയാളുടെ ആവശ്യം. അനുസരിച്ചില്ലെങ്കില്‍ അയാള്‍ പഴയ അടിവാരം ജോസായി മാറുമോ എന്നുപോലും തോന്നിപ്പോയി. അമ്മാതിരി ആജ്ഞാശക്തിയായിരുന്നു, അയാള്‍ക്ക്. എതിര്‍ക്കാന്‍നില്‍ക്കുന്നത് ബുദ്ധിയല്ല എന്നെനിക്ക് മനസ്സിലായി. വമ്പന്മാര്‍ അങ്ങനെയാണ്. ഉടക്കിയാല്‍ അവര്‍ തീര്‍ത്തുകളയും. സ്‌നേഹിച്ചാലോ നക്കിക്കൊല്ലും. ഞാനെങ്കിലും വഴങ്ങിയേപറ്റൂ. ജോസ് ചെന്ന് ഒരു ഗ്‌ളാസെടുത്ത് എന്റെ കൈയില്‍ ബലമായി പിടിപ്പിച്ച് അതിലേക്ക് തന്റെ ഗ്ലാസില്‍നിന്നും പാതി ചാരായം പകര്‍ന്നു.

''നിങ്ങള്‍ കുടിക്ക്, എന്റെ ഒരു സന്തോഷത്തിന്''. എന്തായാലും ചാരായമല്ലേ വിഷമൊന്നുമല്ലല്ലോ. ഞാന്‍ സമാധാനിച്ചു. ജോസ് മറ്റുള്ളവരെ ക്ഷണിച്ചെങ്കിലും അവരാരും അതില്‍ കൂടിയില്ല, ജോസ് തന്റെ കോട്ടിന്റെ തൂങ്ങിയാടുന്ന വവ്വാല്‍ച്ചിറകുപോലുള്ള ഒഴിഞ്ഞ കൈകള്‍ പ്രത്യേകരീതിയില്‍ മുകളിലേക്കാക്കി അറ്റുപോയ ഭാഗം ഞങ്ങളെ കാണിച്ചു: ''ഇതാ, ഇതുകണ്ടോ നിങ്ങളൊക്കെക്കൂടെന്ന ചെയ്തതാ. നിങ്ങളുമായി ഉടക്കുണ്ടാക്കാന്‍ തന്നെയാ ഞാന്‍ വന്നത്, ഒന്നുരണ്ടെണ്ണത്തിനെക്കൂടി തീര്‍ക്കണം, വക്കീലിന്റെ അളിയന്‍ ഉണ്ടായത് നന്നായി, വക്കീലിന്റെ അളിയന്‍ എന്റെയും അളിയനാ''.

ഇത്രയും മതി, ഇനിയും സെന്റിമെന്റലായാല്‍ ക്‌ളൈമാക്സ് എല്ലുഫോര്‍ക്കുകൊണ്ടായിരിക്കും. പെട്ടെന്നുതന്നെ ഞാന്‍ ഒറ്റവലിക്ക് സംഗതി അകത്താക്കി, ഗ്‌ളാസ് കാലിയാക്കി.

''മഴ നിന്നുജോസേ, നമുക്ക് പിന്നെക്കാണാം''. യാത്രപറയാതെതന്നെ ഞങ്ങള്‍ പുറത്തെ മഴയിലേക്കിറങ്ങി. ''അളിയാ എന്താവശ്യമുണ്ടെങ്കിലും പറഞ്ഞാമതി, ഞാനിവിടെയുണ്ടാകും''. അയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞത് മഴമുറിച്ച് ഞങ്ങളുടെ കാതില്‍ പതിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ക്ക് ജോസിനെക്കൊണ്ട് സാധിക്കേണ്ട യാതൊരാവശ്യവും ഇല്ലാത്തതിനാല്‍ ആ വഴിക്ക് പിന്നെ പോയതേയില്ല. എങ്കിലും പലപ്പോഴും ക്രൗണ്‍ തിയേറ്റര്‍ പരിസരങ്ങളിലോ ടൗണ്‍ഹാളിനടുത്തുള്ള ഇടവഴിയിലോ തന്റെ കറുത്തകോട്ടും ധരിച്ച് ജോസിനെ കാണാമായിരുന്നു.

മഴ പിന്നെയും ഒരുപാട് വന്നും പോയുമിരുന്നു. ഞങ്ങള്‍ പലരും പലവഴിക്കായി പിരിഞ്ഞു. പിന്നീടെപ്പോഴോ ക്രൗണ്‍ തിയേറ്ററിലെ ടിക്കറ്റ് മുറിക്കുന്ന ഗോവിന്ദേട്ടന്‍ പറഞ്ഞാണ് അറിഞ്ഞത്, അടിവാരം ജോസ് മരിച്ചെന്ന്! ഇപ്പോഴും ആ വഴി പോകുമ്പോള്‍ മഴ മുറിച്ചുകടന്നുവരുന്ന ജോസിന്റെ മുഴങ്ങുന്ന ശബ്ദം ചെറിയൊരു ഉള്‍ക്കിടിലത്തോടെയെങ്കിലും ഞാന്‍ കേള്‍ക്കാറുണ്ട്.

Content Highlights: Joy Mathew, Adivaram Jose, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented