പിതൃസ്വത്തായി കയ്യിലുള്ളത് 'സുരഭില' എന്ന നെയിംപ്ലേറ്റും കെ.ടിയുടെ മകന്‍ എന്ന വലിയ മേല്‍വിലാസവും!


ഷബിത

4 min read
Read later
Print
Share

എന്നെങ്കിലും കെ.ടിയുടെ ഭൂമിയില്‍ ഞാനൊരുതുണ്ട് സ്ഥലം വാങ്ങും. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു കൊച്ചുവീട് പണിയണം, അതിന് 'സുരഭില' എന്നു പേരിടണം.

കെ.ടി, ജിതിൻ മുഹമ്മദ്

സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാല്‍ക്കാരം, ദീപസ്തംഭം മഹാശ്ചര്യം...തുടങ്ങി കെ.ടി മുഹമ്മദിന്റെ നാടകങ്ങള്‍ ജനമനസ്സിനെ ചിന്തിപ്പിച്ചത്രയും സ്വാധീനിച്ചത്രയും മറ്റൊരു നാടകമോ കലയോ തന്നെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ കെ.ടിയാവുന്നു ജനകീയ കലകളുടെ ആചാര്യന്‍. അതുകൊണ്ട് തന്നെ കെ.ടിയാവുന്നു ഉത്തമ സാമൂഹ്യചിന്തകനും പ്രവര്‍ത്തകനും. കെ.ടി തന്റെ തട്ടകത്തില്‍ നിന്നും യാത്രയായിട്ട് പതിനാല് വര്‍ഷം തികഞ്ഞിരിക്കുന്നു. ഉപ്പയോടൊത്തുണ്ടായിരുന്ന കാലത്തെക്കുറിച്ച് മകന്‍ ജിതിന്‍ മുഹമ്മദ് സംസാരിക്കുന്നു.

. പ്പയുടെ ഏകമകനായതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ എല്ലാ സ്നേഹവും ലാളനയും ലഭിച്ചു വളരാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു. എങ്കിലും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായി ഞാന്‍ കരുതുന്നത് അദ്ദേഹത്തിന്റെ അവസാനകാലത്തെ മൂന്നു വര്‍ഷവും എങ്ങും പോകാതെ കൂടെ നില്‍ക്കാനും പരിചരിക്കാനും പറ്റിയല്ലോ എന്നതാണ്. കോഴിക്കോട് പാവങ്ങാട് 'സുരഭില' എന്ന് ഉപ്പ പേരിട്ട വാടകവീട്ടിലായിരുന്നു ഞാനും ഉപ്പയും കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അസുഖവും പ്രായവും ആരോഗ്യത്തെ ബുദ്ധിമുട്ടിക്കുന്നതിനാല്‍ പുറത്തേക്കൊന്നും പോകില്ല, എനിക്കൊട്ടു പോകാനും പറ്റില്ല. അപ്പോള്‍ എന്നെ കാണാന്‍ വരുന്ന കൂട്ടുകാര്‍ ഉപ്പയുടെയും കൂട്ടുകാരായി. ഞങ്ങള്‍ വളരെയധികം അടുത്തതും പരസ്പരം മനസ്സിലാക്കിയതും ആ മൂന്നു വര്‍ഷങ്ങളിലാണ്. ഉപ്പ വളരെ കര്‍ക്കശക്കാരനും കൃത്യനിഷ്ഠയുള്ളയാളുമായിരുന്നു. കടം, പണം എന്നിവ അദ്ദേഹത്തിന് വലിയ വിഷമമുണ്ടാക്കിയിരുന്നു. വാടക കൊടുക്കേണ്ട ഡേറ്റ് കൃത്യമായി എഴുതി വെക്കും. ഏതെങ്കിലും അവാര്‍ഡ് തുകയില്‍ നിന്നും വാടക മാറ്റിവെക്കാന്‍ പറയും. ആരോടും കടബാധ്യതയില്ലാതെ മരിക്കാന്‍ കഴിയണം എന്നദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബാങ്ക് ബാലന്‍സ് അഞ്ഞൂറ് രൂപയായിരുന്നു. അതുവരെയുള്ള വീട്ടുവാടക കൊടുത്തതാണ്. അടുത്ത മാസമായാല്‍ അദ്ദേഹം കടക്കാരനാവും. പക്ഷേ മാര്‍ച്ച് ഇരുപത്തഞ്ചിന് പോയി. ഞാനും കൂട്ടുകാരും അരികെ ഇരിക്കുമ്പോളാണ് ശാരീരിക അസ്വാസ്ഥ്യം അധികമായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അത് ഉപ്പയുടെ അവസാനത്തെ ആശുപത്രി യാത്രയായിരുന്നു.

ഉപ്പ മരിച്ചതിനുശേഷം പല കഥകളുമിറങ്ങി. ഉപ്പ വല്ലാതെ ബുദ്ധിമുട്ടി, പണമില്ലാതെ കഷ്ടപ്പെട്ടു, വാടക നല്‍കാത്തതിനാല്‍ വീട്ടുടമ മോശമായി പെരുമാറി, പുരസ്‌കാരങ്ങള്‍ വിറ്റ് ചികിത്സ തേടി എന്നൊക്കെയുള്ള ദുഷ്പ്രചരണങ്ങള്‍ കേള്‍ക്കേണ്ടി വന്നു. അദ്ദേഹം സ്വന്തമായി സ്ഥലം വാങ്ങുകയോ, വീട് നിര്‍മിക്കുകയോ, ധാരാളം ബാങ്ക് ബാലന്‍സ് സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. സത്യമാണ്. ഇതെല്ലാം ഭൂമി മാത്രമായിരുന്നു ആ കലാകാരനെ സംബന്ധിച്ചിടത്തോളം. പക്ഷേ ആരോടും കെഞ്ചിയാചിക്കേണ്ടി വന്നിട്ടില്ല. ഉപ്പയെ പണമായി പലപ്പോഴും സഹായിച്ചത് അവാര്‍ഡുകളായിരുന്നു. ഓരോ പുരസ്‌കാരങ്ങള്‍ക്കും അദ്ദേഹം തന്റെ ജീവന്റെ വില തന്നെ കൊടുത്തിരുന്നു. അതെല്ലാം വിറ്റു എന്നത് തികച്ചും അസംബന്ധമാണ്. അദ്ദേഹം കടം വാങ്ങുമ്പോള്‍ തിരിച്ചുകൊടുക്കാനുള്ള വഴി കൂടി കണ്ടിട്ടേ ചെയ്യുമായിരുന്നുള്ളൂ. പലപ്പോഴും അവാര്‍ഡു തുകകള്‍ അക്കൗണ്ടിലേക്ക് വരുമ്പോള്‍ എനിക്കു മുന്നിലേക്ക് ലിസ്റ്റ് നീട്ടും. കൊടുക്കാനുള്ളവരുടെ പേരുകള്‍ അതിലുണ്ടാവും. പിന്നെ വാടകവീടിന്റെ ഉടമ വളരെ അനുതാപത്തോടെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. അദ്ദേഹത്തിനറിയാമായിരുന്നു കെ.ടി മുഹമ്മദിന്റെ മഹത്വം.

ഉപ്പയുടെ മഹത്വത്തെക്കുറിച്ച്എനിക്കറിവില്ല എന്നൊരു ധാരണ ഉപ്പ വച്ചുപുലര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ പലപ്പോഴും സന്ദര്‍ശകര്‍ പോയ്ക്കഴിഞ്ഞാല്‍ എന്നോട് പറയും 'ഞാനാരാണെന്ന് നിനക്കറിയില്ല' എന്ന്. 'കെ.ടി മുഹമ്മദ് ആരാണെന്ന് എനിക്കറിയാഞ്ഞിട്ടല്ല ഉപ്പാ എനിക്ക് നിങ്ങള്‍ ഉപ്പ തന്നെയല്ലേ' എന്നു ഞാന്‍ മറുപടി പറയും. സന്ദര്‍ശകര്‍, പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകരും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരും സംസാരിക്കാനും അഭിമുഖത്തിനു വരുന്നതുമൊക്കെ ഉപ്പ ഉത്സവം പോലെ ആഹ്ളാദിച്ചിരുന്നു. അല്ലാത്ത സന്ദര്‍ശകര്‍; കെ.ടിയുടെ സുഹൃത്തുക്കള്‍ ഒന്നു വരാറില്ലായിരുന്നു. അത് അദ്ദേഹത്തിന് വിഷമവും ഉണ്ടാക്കിയിരുന്നു. ആരെങ്കിലും കാണാന്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ അന്ന് വല്യ ഉഷാറാണ് എല്ലാറ്റിനും. അല്ലാത്ത ദിവസം ചിന്തയില്‍ തന്നെ ആയിരിക്കും.

അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ''കെ. ടി മുഹമ്മദ് വിദ്യാഭ്യാസയോഗ്യതയില്ലാതെ തന്നെ ഏറ്റവും സമുന്നതമായ പദവികളില്‍ ഇരുന്നയാളാണ്. കലയാണ് എന്നെ അതിന് യോഗ്യനാക്കിയത്. അന്ന് ഞാനൊന്നും വ്യക്തിപരമായി നേടിയിട്ടില്ല, ഇനി നേടാനുദ്ദേശിക്കുന്നുമില്ല.'' സാമ്പത്തികമായി മകന് തന്റെ കയ്യില്‍ നീക്കിയിരിപ്പുകള്‍ ഒന്നും ഇല്ല എന്നാണ് പറഞ്ഞതെന്ന് പിന്നീട് മനസ്സിലായി. ഒരു വാടക വീട്ടില്‍ നിന്നും അടുത്ത വാടകവീട്ടിലേക്കു മാറുമ്പോള്‍ ഉപ്പ കൂടെ കൊണ്ടു നടന്നത് 'സുരഭില' എന്നൊരു നെയിംപ്ലേറ്റ് മാത്രമാണ്. കെ.ടി താമസിക്കുന്ന വീടിന്റെ പേര് 'സുരഭില' എന്നായിരിക്കണം എന്നദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു അത്.

കെ.ടിയും ജിതിന്‍ മുഹമ്മദും(ഫയല്‍ഫോട്ടോ)

ഉപ്പ മരിക്കുമ്പോള്‍ ഉമ്മയും കോഴിക്കോട് തന്നെയുണ്ട്. പലപ്പോഴും ഉമ്മ സഹായിച്ചിട്ടുണ്ട്. പക്ഷേ അഭിമാനിയായ ഉപ്പയോട് പറഞ്ഞിട്ടില്ല, പണം ഉമ്മയാണ് തന്നതെന്ന്. ഉമ്മയുടേതെന്നല്ല, ആരുടെയും പണം സ്വീകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അത് അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുമായിരുന്നു. ഒരിക്കല്‍ അസുഖം അധികമായി ആശുപത്രിയിലായപ്പോള്‍ ഇരുപത്തയ്യായിരം രൂപ ഉമ്മ തന്നു. ഉപ്പയും ഉമ്മയും ഫോണില്‍ സംസാരിക്കുമായിരുന്നു. ഉമ്മയോട് എന്റെ ഭാവിയെപ്പറ്റി പറഞ്ഞ് ആശങ്കപ്പെട്ടിരുന്നു. ബെംഗളൂരുവില്‍ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ഉപ്പയെ മുഴുവന്‍ സമയവും പരിചരിക്കാനായി വിട്ടുപോരുന്നത്. മറ്റാരും വന്ന് പരിചരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അക്കാലത്തൊക്കെ ഉപ്പയോട് സംസാരിച്ചിരിക്കാന്‍, എത്ര ക്ഷമയോടെയും മുഷിപ്പില്ലാതെയും ഉപ്പ പറയുന്നത് മുഴുവന്‍ കേട്ടിരിക്കാന്‍ ഭാനുപ്രകാശ് വരുമായിരുന്നു. ആ സൗഹൃദം അദ്ദേഹത്തിന് വലിയ ആശ്വാസമായിരുന്നു.

കെ.ടി എന്ന് കൊട്ടിഘോഷിക്കപ്പെട്ട കാലത്തെ വലിയ വലിയ ബന്ധങ്ങളോ സൗഹൃദങ്ങളോ പില്‍ക്കാലത്ത് ഉപ്പയെ തേടി വന്നിരുന്നില്ല. അതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സെലിബ്രേറ്റഡ് ജീവിതത്തില്‍ നിന്നും ഏകാന്തതയിലേക്ക് മാറ്റപ്പെട്ട ഒരവസ്ഥയെ അതിജീവിക്കാന്‍ ഉപ്പ പ്രയാസപ്പെട്ടിരുന്നു. കെ. ടി മുഹമ്മദിന്റെ മകന്‍ ജിതിന്‍ മുഹമ്മദ് എന്നത് എനിക്ക് വലിയൊരു മേല്‍വിലാസമാണ്. അദ്ദേഹം മഹാനായ പ്രതിഭയാണ്. മലയാള ഭാഷയുടെയും നാടകത്തിന്റെയും സിനിമയുടെയും സാഹിത്യത്തിന്റെയുമെല്ലാം സ്വത്താണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ ഒരേടായിത്തീരാന്‍ എനിക്ക് ഭാഗ്യമുണ്ടായി. കെ.ടിയില്ലാത്ത വാടകവീട്ടില്‍ നിന്നും പോരുമ്പോള്‍ പിതൃസ്വത്തായി എന്റെ കയ്യില്‍ ഉണ്ടായിരുന്നത് 'സുരഭില' എന്ന നെയിം പ്ലേറ്റുമാത്രമാണ്. അത് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്നെങ്കിലും കെ.ടിയുടെ ഭൂമിയില്‍ ഞാനൊരുതുണ്ട് സ്ഥലം വാങ്ങും. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു കൊച്ചുവീട് പണിയണം, അതിന് 'സുരഭില' എന്നു പേരിടണം. വാടകവീട്ടില്‍ നിന്നും വാടകവീട്ടിലേക്ക് സഞ്ചരിച്ച ആ പേരിന് ഇനി സ്ഥിരമായി ഒരിടം വേണം. അവിടെ കെ.ടിയുടെ ഓര്‍മകള്‍ സൂക്ഷിക്കണം.

(പുന:പ്രസിദ്ധീകരണം)


Content Highlights: jithin muhammed son of k t muhammed shares his memory about father

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priyadarshan

7 min

'എന്റെ കഥകളെല്ലാം പുളുക്കഥകളാണ്, ഒരിടത്തും സംഭവിക്കാത്തത്; ഫിലിം മേക്കിങ് എന്നാല്‍ 'മേക്ക് ബിലീഫ്'

Aug 31, 2023


M Mukundan

6 min

നടന്നുചെന്ന് നിന്നത് മൊണാലിസയുടെ മുന്നില്‍! 'മോളേ, ഞാനിതാ അവസാനം വന്നിരിക്കുന്നു, നിന്നെ കാണാന്‍'

Aug 6, 2023


M Mukundan

4 min

'ദൈവങ്ങളെ ഉപേക്ഷിച്ചുപോയവര്‍ അതേ ദൈവങ്ങളിലേക്ക് തിരിച്ചുവരുന്നതാണ് ഇന്നെല്ലായിടത്തും നാം കാണുന്നത്'

Sep 24, 2023


Most Commented