മാധവിക്കുട്ടി, ജയ്‌സൂര്യാദാസ്, ഇർഷാദിനൊപ്പം മാധവിക്കുട്ടി
മാധവിക്കുട്ടിയുടെ വളര്‍ത്തുമകന്‍ ഡോ. ഇര്‍ഷാദ് ഗുലാം അഹമ്മദ് അമ്മ കമലയോടൊപ്പം കഴിഞ്ഞകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്‌കോമില്‍ പങ്കുവെച്ചിരുന്നു. ലേഖനം വായിച്ച് മാധവിക്കുട്ടിയുടെ ഇളയമകന്‍ ജയ്‌സൂര്യദാസ് പ്രതികരിക്കുന്നു.
മാതൃഭൂമി ഡോട്‌കോമിലെ 'അമ്മയോര്‍മകള്‍' എന്ന പംക്തിയില്‍ പ്രിയ സഹോദരന്‍ ഇര്‍ഷാദ് ഗുലാം അഹമ്മദ് അമ്മ കമലാദാസിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത് വായിച്ചപ്പോള്‍ അമ്മയോടും സഹോദരങ്ങളോടും ഒപ്പം കഴിഞ്ഞകാലം ഓര്‍ത്തു. അമ്മയുടെ മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ഞാന്‍. ഇര്‍ഷാദ് അഹമ്മദും ഇംത്യാസ് അഹമ്മദും എന്റെ ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരായിരുന്നു. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സില്‍ അമ്മ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന കാലത്താണ് ഈ സഹോദരന്മാരെ എനിക്ക് ലഭിക്കുന്നത്. അമ്മയും ഞങ്ങളും ഇര്‍ഷാദിനും ഇംത്യാസിനും പുസ്തകങ്ങള്‍ വായിച്ചുകൊടുക്കുമായിരുന്നു. രണ്ടുപേര്‍ക്കും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പഠനത്തില്‍ അസാമാന്യകഴിവുള്ളവരും അതിബുദ്ധിമാന്മാരുമാണ്. പരീക്ഷാസമയത്ത് അവരുടെ സ്‌ക്രൈബായി ഞങ്ങളായിരുന്നു പോവുക. ചോദ്യം വായിച്ചുകൊടുക്കേണ്ട താമസമേയുള്ളൂ, ഉത്തരങ്ങള്‍ തുരുതുരാ വന്നുകൊണ്ടേയിരിക്കും. എത്ര സ്പീഡില്‍ എഴുതിയാലും അവര്‍ പറയുന്നതിന് ഒപ്പമെത്താന്‍ പ്രയാസമായിരുന്നു. രണ്ടുപേരുടെയും ഓര്‍മശക്തിയെ ഞങ്ങള്‍ 'ഫോട്ടോഗ്രാഫിക് മെമ്മറി' എന്നായിരുന്നു വിശേഷിപ്പിക്കാറ്. ഇംത്യാസ് അഹമ്മദ് നിയമപഠനത്തില്‍ ബിരുദാനന്തരബിരുദം നേടിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ്. ഇര്‍ഷാദ് ഞങ്ങളുടെ അമ്മയുടെ പാതയാണ് തിരഞ്ഞെടുത്തത്.
ഇര്‍ഷാദ് ഭായ് എന്നും ഞങ്ങളെ കാണാന്‍ വരുമായിരുന്നു. ബാങ്ക്ഹൗസിനടുത്തായിരുന്നു അവരുടെ ഹോസ്റ്റല്‍. ഞായറാഴ്ചകളില്‍ ഇര്‍ഷാദും ഇംത്യാസും അവരുടെ ഹോസ്റ്റലിലേക്ക് എന്നെയും കൊണ്ടുപോകും. ഉച്ചയ്ക്ക് അവിടെ നിന്നും കിട്ടുന്ന ചൂടുള്ള രുചികരമായ ചപ്പാത്തിയായിരുന്നു അവരുടെ ഹോസ്റ്റലിലെ എന്റെ ആകര്‍ഷണം. എനിക്കന്ന് പത്തുവയസ്സേയുള്ളൂ. എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കളികള്‍ക്കും ഇര്‍ഷാദ് ആയിരുന്നു എന്നുംകൂടെയുണ്ടായിരുന്നത്. അമ്മ കേരളത്തില്‍ വരുമ്പോള്‍ ഇര്‍ഷാദും കൂടെവരും. ഇര്‍ഷാദിന്റെ മനസ്സില്‍ അമ്മ ഇത്രയധികം പതിഞ്ഞുകിടക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ മകന്‍ എന്ന നിലയില്‍, സഹോദരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്.
അമ്മയും ഇര്‍ഷാദും അവസാനമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് അമ്മയുടെ ഭൗതികശരീരം അടക്കം ചെയ്യാന്‍ തിരുവനന്തപുരം പാളയം പള്ളിയില്‍ ചെന്ന അനുഭവമാണ്. ഞങ്ങള്‍ക്ക് മുസ്ലീം ആചാരങ്ങളൊന്നും തന്നെ അറിയില്ല. പക്ഷേ അമ്മ ഞങ്ങളുടേതാണ്. ഞങ്ങളുടെ പരിചരണത്തില്‍, ഞങ്ങള്‍ നോക്കിനില്‍ക്കേ വിടപറഞ്ഞ അമ്മയെ യാത്രയാക്കേണ്ടത് മക്കളായ ഞങ്ങള്‍ തന്നെയാണ്. അമ്മ ഒരു മതത്തിലും മക്കള്‍ മറ്റൊരു മതത്തിലുമാണല്ലോ ഉള്ളത് എന്ന ആശങ്കയ്ക്ക് അവിടെ പ്രസക്തിയില്ല. പാളയം പള്ളിയിലെ ഇമാം നല്ല മനഃസ്ഥിതിയുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടല്‍ എന്നും ഓര്‍ത്തിരിക്കും. ഞങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുകയായിരുന്നു ഇമാം.
അമ്മയെ മക്കള്‍ യാത്രയാക്കുമ്പോള്‍ മതം ഒരു തടസ്സമേയല്ലായിരുന്നു. ഇമാം പറഞ്ഞു:'അകത്തേക്ക് വരൂ, തലയില്‍ ഒരു തൂവാല കെട്ടിയാല്‍ മതി.' പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി പള്ളിയ്ക്കകത്തേക്ക് ഞങ്ങള്‍ കടന്നു. ചിന്നന് നടുവിന് സര്‍ജറി ചെയ്ത സമയമായിരുന്നു. മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍ കഴിയില്ല. ഇമാം അതിനും പോംവഴി കണ്ടു. അദ്ദേഹം ഒരു കസേരയിട്ടുകൊടുത്തു. മരണാനന്തരചടങ്ങുകളില്‍ യാഥാസ്ഥിതികത്വം മുറുകെ പിടിക്കുന്നത് കണ്ടുശീലിച്ച സമൂഹത്തിന് ഇതൊരു പുതിയ അനുഭവം തന്നെയായിരുന്നു. അമ്മയ്ക്കായുള്ള അവസാന ചടങ്ങുകള്‍ നടന്നു. സനാതനധര്‍മത്തില്‍ വിശ്വസിക്കുന്ന ഞങ്ങള്‍ മൂന്നുമക്കള്‍, മുസ്ലിമായ വളര്‍ത്തുമകന്‍! ഇര്‍ഷാദ് ഭായിയും ഞങ്ങളും ഒരുമിച്ചാണ് അമ്മയെ യാത്രയാക്കിയത്.
Also Read
അമ്മയുടെ അവസാനത്തെ കവിത ഇര്‍ഷാദ് രേഖപ്പെടുത്തിയത് കണ്ടപ്പോള്‍ അതിശയം തോന്നി. 'എസ്‌റ്റേറ്റ് ഓഫ് കമലദാസ്' എന്ന പേരില്‍ അമ്മയുടെ എല്ലാം കൃതികളുടെയും കോപ്പിറൈറ്റ് കസ്റ്റോഡിയനാണ് ഞാന്‍. അവസാനകാലത്ത് അമ്മയെഴുതിയ അമ്പത് കവിതകള്‍ 'ക്ലോഷര്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഉള്‍പ്പെടാത്തതാണ് Leave Me With The Birds എന്നുപേരിട്ടിരിക്കുന്ന ഈ കവിത. അവസാനകാലത്ത് എഴുതാനിരിക്കുമ്പോള്‍ അമ്മയുടെ കൈ വല്ലാതെ വിറയ്ക്കുമായിരുന്നു. എങ്കിലും പേനയുടെ കാര്യത്തില്‍ വലിയ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു. പത്ത് പേനകള്‍ നിര്‍ബന്ധമായും മേശപ്പുറത്ത് ഉണ്ടായിരിക്കണം. കറുപ്പ് മഷിയുള്ള സ്‌കെച് പെന്‍ ഞാന്‍ എപ്പോഴും കൊണ്ടുവെക്കും. കൈയക്ഷരം കടുംകട്ടി കറുപ്പില്‍ കാണുന്നതായിരുന്നു അമ്മയ്ക്കിഷ്ടം.
തന്റേതായ ഇടത്തിന് വളരെയധികം വിലകല്‍പിച്ചിരുന്നയാളായിരുന്നു അമ്മ. തീരെ വയ്യാതായപ്പോള്‍ തിരികെ പൂനെയില്‍ എന്റെയടുക്കല്‍ എത്തിക്കാന്‍ ഞാന്‍ നന്നേ പണിപെട്ടു. ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ മറ്റൊരു ഫ്‌ളാറ്റ് അമ്മയ്ക്കായി ഒരുക്കുകയാണ് ആദ്യം ചെയ്തത്. ഇന്റീരിയറും ഫര്‍ണിച്ചറുമെല്ലാം അമ്മയെ ആകര്‍ഷിക്കുന്നരീതിയില്‍ ചെയ്തു. അതെല്ലാം കണ്ടുബോധിച്ചതിന് ശേഷമാണ് പൂനെയില്‍ താമസമാക്കാം എന്ന് അമ്മ തീരുമാനിക്കുന്നത്. എന്റെ കുടുംബം നാലാമത്തെ നിലയിലും അമ്മ ആറാമത്തെ നിലയിലുമായിരുന്നു താമസിച്ചത്. അമ്മ ഫ്രീയാകുമ്പോള്‍ ഞങ്ങളെ വിളിക്കും. എന്റെ മക്കള്‍ അമ്മയുടെ അടുത്തേക്ക് പോകും. ജോലി കഴിഞ്ഞുവന്നാല്‍ അമ്മയോടൊപ്പം കുറേനേരം ഞാന്‍ ചെലവഴിക്കും. അമ്മയ്ക്കുവേണ്ട് അത്യാവശ്യം എമര്‍ജന്‍സി മെഡിക്കല്‍ കെയറിങ്ങും ഞാന്‍ പഠിച്ചു. എല്ലാവിധത്തിലും കംഫര്‍ട്ട് ആക്കി അമ്മയെ ഞങ്ങളുടെ കൂടെനിര്‍ത്തുക എന്നത് എന്റെ വലിയ ടാസ്‌ക് തന്നെയായിരുന്നു.
അമ്മ എന്നുവിളിക്കുമെങ്കിലും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. ഇളയവന്‍ എന്ന പരിഗണന എല്ലായ്‌പ്പോഴും സഹോദരങ്ങളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും കിട്ടിയിരുന്നു. അമ്മയും മൂത്തമകന്‍ മോനുവും തമ്മിലുള്ള പ്രായവ്യത്യാസം പതിനാറ് വര്‍ഷം മാത്രമാണ്. അമ്മയ്ക്ക് ഏറ്റവുമടുത്ത സുഹൃത്ത് ആകാന്‍ എളുപ്പം കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ അമ്മയോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഒന്നും തന്നെ ഞങ്ങള്‍ക്കില്ലായിരുന്നു. പ്രായത്തിന്റെ ഓരോഘട്ടത്തിലും എത്തുമ്പോള്‍ എന്റെ ജീവിതത്തില്‍ എന്തെല്ലാം നടന്നിട്ടുണ്ടാകുമോ അതെല്ലാം അമ്മയോട് വന്നു പറഞ്ഞു. അമ്മയ്ക്ക് അതെല്ലാം പ്രാക്ടിക്കല്‍ സെന്‍സില്‍ എടുക്കാനുള്ള കഴിവുണ്ടായിരുന്നു. സഹോദരന്മാര്‍ക്ക് ലഭിച്ചതിലും കുറച്ചധികം വര്‍ഷങ്ങള്‍ അമ്മയോടൊപ്പം കഴിയാന്‍ ഭാഗ്യം എനിക്കു കിട്ടി.
അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ മക്കള്‍ എല്ലാകാലവും സൂക്ഷിച്ചുവെക്കും. അല്ലെങ്കില്‍ കാലം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. ഇര്‍ഷാദ് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട, പ്രൊഡക്ടീവായ മുപ്പത്തിയേഴ്് വര്‍ഷങ്ങള്‍ അമ്മ നല്‍കിയ പ്രകാശത്തിലൂടെ നയിച്ചുവെന്നത് വായിച്ചപ്പോള്‍ വീണ്ടും ഞങ്ങള്‍ മക്കള്‍ അമ്മയുടെ നാമത്തില്‍ ഒത്തുകൂടിയ പ്രതീതിയാണ് ഉളവാക്കിയത്. ഇര്‍ഷാദിന് നന്ദി, അമ്മയോട് കടപ്പാട് മാത്രം.
Content Highlights: Madhavikutty, Kamaladas, Kamalasurayya, Irshad Gulam Ahammed, Jaisurya Das


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..