ഗൊസ്പൊഡിനൊഫ് എഴുതി; ചരിത്രനിരാസത്തെക്കൂടി അഭിസംബോധന ചെയ്യുന്ന 'ടൈം ഷെല്‍ട്ടര്‍' 


By ജയകൃഷ്ണന്‍

2 min read
Read later
Print
Share

'ഗോസ്പിഡനോഫ് എഴുതുന്നു: ''ഭൂതകാലം സായാഹ്നങ്ങളിലാണ് കുടികൊള്ളുന്നത്...."

2023-ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരം നേടിയ 'ടൈം ഷെൽട്ടർ' എന്ന പുസ്തകമാവുമായി എഴുത്തുകാരൻ ജോർജി ഗോസ്പിഡനോഫ് | ഫോട്ടോ: എ.പി

വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം നേടിയ ബള്‍ഗേറിയന്‍ എഴുത്തുകാരന്‍ ജോര്‍ജി ഗൊസ്പൊഡിനൊഫ് എഴുതിയ ഒരു കഥയാണ് 'പേരിന്റെ രുചിയില്‍'(On the Taste of Name). മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നയിടം പലപ്പോഴും ഗൃഹാതുരത്വത്തിന്റെ കൂടാരം കൂടിയാണെന്ന് ഈ കഥയില്‍ പറയുന്നുണ്ട്. ഓര്‍മകള്‍ അവയെ ഉത്പാദിപ്പിച്ച ചുറ്റുപാടുകളില്‍നിന്ന് പലപ്പോഴും പുറത്തു കടക്കുന്നു. അവയാകട്ടെ യഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതായിരിക്കുകയും ചെയ്യും. ഉദാഹരണമായി, കഥ പറയുന്നയാള്‍ റോസബെല്ല എന്ന പേര് കേള്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ സവിശേഷമായ ഒരു രുചിയൂറുന്നുണ്ട്. എന്നാല്‍ ആ സ്വാദല്ല അതേപേരുള്ള കേക്ക് കഴിക്കുമ്പോള്‍ അയാള്‍ക്കനുനുഭവപ്പെടുന്നത്. അങ്ങനെ പേരുകളിലെ സ്വാദിഷ്ഠമായ രുചിക്കൂട്ട് പലപ്പോഴും നാവിന്‍തുമ്പിലെ കയ്പായിത്തീരുന്നു.

പേരുകള്‍ ആളുകളെയോ വസ്തുക്കളെയോ സൂചിപ്പിക്കാനുള്ള ഉപായം മാത്രമല്ല, പലപ്പോഴും അതൊരു കാലഘട്ടം കൂടിയാണ്. അതുകൊണ്ടാണ് 1939-ല്‍ ഉത്പാദിപ്പിച്ച ഒരു സിഗരറ്റ് വലിക്കുമ്പോള്‍ രണ്ടാംലോക മഹായുദ്ധം തുടങ്ങിയ ആ വര്‍ഷത്തിന്റെ മാത്രമല്ല, വിനാശകരമായ യുദ്ധത്തിന്റെ മുഴുവനും വൃത്തികെട്ട സ്വാദ് ഗൊസ്പൊഡിനൊഫിൻെറ ബുക്കര്‍ പുരസ്‌ക്കാരം നേടിയ നോവലായ 'Time Shelter'ലെ ഒരു കഥാപാത്രത്തിന് അനുഭവപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ തുടങ്ങി, കിഴക്കന്‍ യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലൂടെ ഈ നോവല്‍ കടന്നുപോകുന്നു.

മറവിരോഗം ബാധിച്ചവരെ പുനരധിവസിപ്പിക്കുന്ന ക്ലിനിക്ക് നടത്തുന്ന ഗസ്റ്റിന്‍ എന്നയാളാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അഗസ്റ്റിന്‍ ഗരിബാള്‍ഡി എന്നായിരുന്നു അയാളുടെ മുഴുവന്‍ പേര്. വിശ്വാസിയായ അമ്മ അഗസ്റ്റിന്‍ പുണ്യവാളന്റെയും വിപ്ലവകാരിയായ അച്ഛന്‍ ഇറ്റാലിയന്‍ നേതാവായ ജുസെപ്പെ ഗരിബാള്‍ഡിയുടെയും പേരുകള്‍ അയാളില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ക്ലിനിക്കില്‍ മറവിരോഗം ബാധിച്ചവര്‍ക്ക് അവര്‍ക്കാവശ്യമായ രീതിയില്‍ ഭൂതകാലം നിര്‍മ്മിക്കുകയാണ് അയാള്‍ ചെയ്യുന്നത് - വിശ്വാസത്തിന്റെയും വിപ്ലവത്തിന്റെയും മറ്റൊരു കൂടിച്ചേരല്‍.

നോവലില്‍ കഥപറയുന്നയാള്‍ ബള്‍ഗേറിയയില്‍ നിന്ന് രക്ഷപ്പെട്ട ഒരാളെ പരിചയപ്പെടുന്നുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടം അയാളെ തടവിലിട്ടിരുന്നു. സ്വന്തം രാജ്യത്തുനിന്ന് പുറത്തു കടന്നപ്പോള്‍ എന്തെങ്കിലും ഗൃഹാതുരത്വം അനുഭവപ്പെട്ടിരുന്നോ എന്ന് കഥപറയുന്നയാള്‍ അയാളോടു ചോദിക്കുന്നു. തന്നെ അന്യായമായി തടവിലിട്ട ഒരു രാജ്യത്തെക്കുറിച്ച് എന്തിനാണ് ഗൃഹാതുരത്വമെന്ന് അയാള്‍ തിരിച്ചും ചോദിക്കുന്നു. എങ്കിലും ഒരു രാത്രി, അണയാതെ നിന്ന ഒരു ബള്‍ബിനെ നോക്കിനിന്നത് അയാള്‍ക്കിപ്പോഴും ഓര്‍മയുണ്ട്. ആ കാഴ്ചയായിരുന്നു രാജ്യം വിട്ടോടാനുള്ള അയാളുടെ പ്രചോദനം. അതും ഒരു തരത്തിലുള്ള ഗൃഹാതുരത്വം തന്നെ. കാരണം മനുഷ്യന്‍ ഒരു സമയയന്ത്രമാണ്. തന്നിലൂടെ അവന്‍ ഭൂതകാലത്തിലേക്കും ഭാവിയിലേക്കും സഞ്ചരിക്കുന്നു.

പലപ്പോഴും വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കാണ് അവര്‍ക്കിഷ്ടമായ ഭൂതകാലം ആവശ്യമായി വരുന്നത്. ഗൊസ്പൊഡിനൊഫ് എഴുതുന്നു: ''ഭൂതകാലം സായാഹ്നങ്ങളിലാണ് കുടികൊള്ളുന്നത്. സമയം പ്രകടമായും പതുക്കെയാവുന്നത് അവിടെയാണ്. നേര്‍ത്ത തിരശ്ശീലകള്‍ക്കിടയിലൂടെ കണ്ണിമ ചിമ്മി നോക്കുന്ന ഒരു പൂച്ചയെപ്പോലെ അത് മൂലകളില്‍ ഉറക്കം തൂങ്ങുന്നു. സായാഹ്നങ്ങളിലാണ് നിങ്ങള്‍ വല്ലതുമൊക്കെ ഓര്‍മ്മിക്കുക. പ്രഭാതവെളിച്ചത്തിന് ചെറുപ്പമാണ്, അതു കൊണ്ടുതന്നെ തുളച്ചുകയറുന്നതുമാണ്. സായാഹ്നവെളിച്ചമാകട്ടെ പ്രായമേറിയതാണ്, തളര്‍ന്നതും വേഗത നഷ്ടപ്പെട്ടതും. ലോകത്തിന്റെയും മനുഷ്യകുലത്തിന്റെയും യഥാര്‍ത്ഥ ജീവിതം അനേകം അപരാഹ്നങ്ങളിലൂടെ എഴുതാനാവും. വൈകുന്നേരവെളിച്ചങ്ങള്‍, ലോകത്തിന്റെ തന്നെ സായാഹ്നങ്ങള്‍.'

മനുഷ്യര്‍ക്കുവേണ്ട ഭൂതകാലം നിര്‍മിക്കുന്ന ഗസ്റ്റിനിലൂടെ രാഷ്ട്രവ്യവഹാരത്തെ കളിയാക്കുകയാണോ ഗൊസ്പൊഡിനൊഫ് ചെയ്യുന്നത്. ഭൂതകാലത്തെ, ചരിത്രത്തെ, ഭരണാധികാരികള്‍, വിശേഷിച്ച് ഏകാധിപതികള്‍ തിരുത്തിയെഴുതുന്നു. അങ്ങനെ ചരിത്രപാഠങ്ങളില്‍ നിന്ന് ചില ഏടുകള്‍ പറിച്ചുനീക്കപ്പെടുന്നു. ഒറ്റുകാര്‍ വീരനായകമാരായി ആരാധിക്കപ്പെടുന്നു. രക്തസാക്ഷികള്‍ കലഹിക്കാന്‍ പോയി കൊല്ലപ്പെട്ടവരായിത്തീരുന്നു. 'Time Shelter' അഭിസംബോധന ചെയ്യുന്നത് ഈ ചരിത്ര നിരാസത്തെക്കൂടിയാണ്.

Content Highlights: Georgi Gospodinov, Time Shelter, International Booker Prize

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ULLUR

2 min

'കാക്കേ കാക്കേ കൂടെവിടെ' മുതല്‍ 'ഉമാകേരളം' വരെ; ഉള്ളൂര്‍ എന്ന 'ശബ്ദാഢ്യന്‍'

Jun 15, 2021


Pala Narayanan Nair

2 min

ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും...

Jun 11, 2020


Madhavikutty

4 min

മറ്റുള്ളവരെ പേടിച്ച് പ്രണയത്തെ അടക്കിവെക്കരുത്, എന്റെ ശവക്കുഴിയില്‍ പൂവിട്ടിട്ട് കാര്യമില്ല!

May 31, 2023

Most Commented