നേതാജി സ്മാരകം, പരമാനന്ദ്
ന്യൂഡല്‍ഹി: 'പാപിയായ ചര്‍ച്ചിലിനോടുപറയൂ, കച്ചവടത്തിനുവന്നവര്‍ ഇന്ത്യ വിട്ടുപോകാന്‍' എന്ന് കവിതയെഴുതിയ കുറ്റംകൂടി അധികമായി ചുമത്തപ്പെട്ടതോടെ, പരമാനന്ദ് യാദവിന്റെ നെഞ്ചിലേക്ക് രണ്ടിനുപകരം മൂന്ന് വെടിയുതിര്‍ക്കാനായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉത്തരവ്. നേതാജി സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ.) പോരാളി പതറിയില്ല. രാജ്യം നേതാജിയുടെ 125-ാം ജന്മശതാബ്ദിയാഘോഷിക്കുമ്പോള് അദ്ദേഹത്തോടൊപ്പമുള്ള പരമാനന്ദിന്റെ ധീരസ്മരണകള്‍ 101-ാം വയസ്സിലും കത്തിജ്വലിക്കുന്നു.
നേതാജിക്കൊപ്പം ഐ.എന്‍.എ.യില്‍ പോരാടിയതില്‍ ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വം സേനാനികളിലൊരാളാണ് ഹരിയാണയിലെ ഫാറൂഖ്നഗര്‍ സ്വദേശി പരമാനന്ദ്. 1940-ല്‍ ഗുഡ്ഗാവിലെ ഫസ്റ്റ് റെജിമെന്റ് ആര്‍മിയില്‍ ചേരുമ്പോള്‍ 20 വയസ്സായിരുന്നു പരമാനന്ദിന്. അംബാലയിലും കറാച്ചിയിലും പരിശീലനത്തിനുശേഷം രണ്ടാംലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് പടയ്ക്കുവേണ്ടി ജപ്പാനെതിരേ പോരാടാന്‍ സിങ്കപ്പൂരിലെത്തി. അവിടെവെച്ച് ജപ്പാന്റെ യുദ്ധവിമാനങ്ങള്‍ ബ്രിട്ടീഷ് സേനാതാവളം ആക്രമിച്ചശേഷം പരമാനന്ദ് ഉള്‍പ്പെടെയുള്ളവരെ തടവിലാക്കി.
ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടാന്‍ സഹായിക്കാമെന്ന ജപ്പാന്റെ വാഗ്ദാനം ഏറ്റെടുത്ത് പരമാനന്ദും സംഘവും ഐ.എന്‍.എ.യില്‍ ചേര്‍ന്നത് വഴിത്തിരിവായി. പരമാനന്ദ് ഉള്‍പ്പെടുന്ന ബഹാദൂര്‍ റെജിമെന്റിന് രഹസ്യാന്വേഷണജോലിയാണ് നേതാജി നല്‍കിയത്. ഒന്നിലേറെത്തവണ കണ്ടിട്ടുള്ള നേതാജിക്ക് തന്നോട് വലിയ സ്നേഹമായിരുന്നെന്ന് പരമാനന്ദ് ഓര്‍ക്കുന്നു. സഹപ്രവര്‍ത്തകരുടെ വീര്യമുണര്‍ത്താന്‍ ഇടയ്ക്കിടെ ദേശഭക്തിഗാനങ്ങളെഴുതി ആലപിക്കുമായിരുന്നു. 1943-ല്‍ നേതാജി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തിന് സ്വാഗതമരുളിക്കൊണ്ട് ആലപിച്ച കവിത ബ്രിട്ടീഷുകാരുടെ കാതിലുമെത്തി.
പിന്നീട്, ചാരപ്രവര്‍ത്തനം നടത്തിയതിന് അറസ്റ്റിലായി ജയിലില്‍ കഴിയവേ ക്രൂരമായ പീഡനമേല്‍ക്കേണ്ടിവന്നു. ബ്രിട്ടീഷ് സൈനികകോടതിയുടെ വിചാരണയില്‍ പരമാനന്ദിന് വധശിക്ഷ വിധിക്കവേ, കവിതയെഴുതിയ കുറ്റം അധികമായി ചുമത്തി. കൂട്ടുപ്രതികളുടെ നെഞ്ചിലേക്ക് രണ്ടും പരമാനന്ദിനുനേരെ മൂന്നും വെടിയുതിര്‍ക്കാനായിരുന്നു കല്പന. പക്ഷേ, ഇപ്പോഴത്തെ ചെങ്കോട്ടയിലുള്ള കോടതിയില്‍നടന്ന അന്തിമവിചാരണയില്‍ പരമാനന്ദും കൂട്ടരും മോചിതരായി.
ഹൈസ്കൂള്‍ വിദ്യാഭ്യാസമുണ്ടായിരുന്ന പരമാനന്ദിന് ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, പഞ്ചാബി ഭാഷകളറിയാം. ഉറുദുവിലും കവിതകളെഴുതിയിരുന്നു. നൂറുവയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും പുലര്‍ച്ചെ നാലിന് എഴുന്നേല്ക്കുന്ന ചിട്ടയുള്ള ജീവിതം. 2019-ലെ റിപ്പബ്ലിക് ദിനത്തില്‍, പരമാനന്ദ് ഉള്‍പ്പെടെ നാല് ഐ.എന്‍.എ. സമരഭടന്മാരെ രാജ്യം ആദരിച്ചു. ഐ.എന്‍.എ. ഓര്‍മകള്‍ മനസ്സിലെത്തുമ്പോഴെല്ലാം പ്രായാധിക്യത്തിലും പതറാത്ത ശബ്ദത്തില്‍ പരമാനന്ദ് ഉറക്കെപ്പാടും... ''പാപി ചര്‍ച്ചില്‍ സേ ഭീ കഹ്ദോ, ലോ ചോഡ്ദേ ഹിന്ദ് കോ...' (പാപിയായ ചര്‍ച്ചിലിനോട് പറയൂ, ഇന്ത്യ വിട്ടുപോകാന്‍) ജയ് ഹിന്ദ്.''
Content Highlights: INA Veteran reminisces meetings with Subhash Chandra Bose
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..