അഷിത| ഫോട്ടോ: മനീഷ് ചേമഞ്ചേരി
ഓര്‍മ്മകള്‍ എഴുതുന്നത് ആദ്യമായാണ്. അതും നമ്മളില്‍ ഉണങ്ങാത്തവണ്ണം ആഴങ്ങളില്‍ മുറിവേല്‍പ്പിച്ചു കടന്നു പോയവരെ പറ്റിയാണെങ്കില്‍ ഒരു വൈകാരിക തലത്തില്‍ നിന്നും മാത്രമേ എഴുതാനാവു. അഷിതേച്ചി അങ്ങനെയായിരുന്നു. എന്ന് മുതലുള്ള സൗഹൃദം എന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ പിരിച്ചെടുക്കാനാവാത്ത വിധം മുറുകുന്ന ഒരു ബന്ധം ഈ കാലയളവില്‍ ഉണ്ടായിരുന്നു. ചേച്ചിയുടെ ഒട്ടുമിക്ക പുസ്തകങ്ങളും പ്രകാശനം ചെയ്തത് തൃശൂര്‍ മാതൃഭൂമി ബുക്സിലും ഇവിടുത്തെത്തന്നെ അന്താരാഷ്ട്ര പുസ്തകോത്സവത്തിലും വെച്ചായിരുന്നു. അഷിതയുടെ കഥകള്‍ മുതല്‍ അത് ഞാനായിരുന്നു എന്ന പുസ്തകം വരെയുള്ള പുസ്തകപ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള ഭാഗ്യം എനിക്കായിരുന്നു. അതില്‍ മൂന്ന് പ്രകാശനത്തിനൊഴിച്ചാല് ചേച്ചിയോട് സാനിധ്യവും ഉണ്ടായിരുന്നു.
പുസ്തക പ്രസാധക രംഗത്ത് ജോലി ചെയ്യുന്ന ഒരാള്‍ ആയതിനാല്‍ അഷിത എന്ന എഴുത്തുകാരിയും അവരുടെ പുസ്തകങ്ങളും എനിക്ക് സുപരിചിതമാണ്. ജോലിയുടെ ഭാഗമായി പലതവണ നേരിട്ടും ഫോണ്‍ മുഖേനയും അഷിതേച്ചിയുമായി സംസാരിക്കാനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ എഴുത്തുകാരി എന്ന ലേബലില്‍ നിന്നും അഷിത എന്ന വ്യകതി എനെറെ വ്യകതി ജീവിതത്തിന്റെ ഭാഗമായത് 2014 നവംബര്‍ മുതലാണ്. തൃശ്ശരില്‍ അന്താരാഷ്ട്ര പുസ്തകോത്സവം നടന്ന അവസരത്തിലാണ് അതിനുള്ള ഭാഗ്യം എനിക്ക് ലഭിച്ചത്. പുസ്തകമേളയുടെ ഭാഗമായി നിരവധി പുസ്തകങ്ങളുടെ പ്രകാശനം നടന്നിരുന്നു. അക്കൂട്ടത്തിലാണ് അഷിതേച്ചിയുടെ അഷിതയുടെ കഥകള്‍ എന്ന പുസ്തകവും പ്രകാശനം നടത്തിയത്. ഗ്രേസി, ബെന്യാമിന്, അഷ്ടമൂര്‍ത്തി എന്നീ പ്രതിഭകളുടെ സാന്നിധ്യം ആ പ്രകാശന ചടങ്ങില്‍ ഉണ്ടായിരുന്നു. വാസ്തവത്തില്‍ പുസ്തകപ്രകാശനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ ആണ് ഞാന്‍ അഷിതേച്ചിയുമായി ദീര്‍ഘ സംഭാഷണങ്ങള്‍ അന്ന് നടത്തിയത്. പലപ്പോഴും ചേച്ചിയുടെ വീടായിരുന്നു ചര്‍ച്ചകളുടെ വേദി. വളരെ ഭംഗിയായി നടന്ന ആ പുസ്തക പ്രകാശന ചടങ്ങിന് ശേഷം അവരുടെ വീട്ടില്‍ വെച് അഷിതയുടെ കഥകളുടെ 2 കോപ്പിയുമായി ഞാന്‍ അഷിതേച്ചിയെ സമീപിച്ചു. എനിക്കും എന്റെ എത്രയും പ്രിയപ്പെട്ട ഒരു സുഹൃത്തിനും വേണ്ടിയായിരുന്നു ആ പുസ്തകങ്ങളില്‍ ചേച്ചിയുടെ ഒപ്പ് വേണ്ടിയിരുന്നത്. ഡിയര്‍ സുനില്‍കുമാര്‍ എന്ന് എഴുതി ഒപ്പിട്ടിട്ട് സ്നേഹത്തോടെ എന്റെ നീട്ടിയതിനു ശേഷം ചേച്ചി എന്റെ സുഹൃത്തിന്റെ പേര് ചോദിച്ചു. ആ പേരെഴുതി ഒപ്പിട്ട അടുത്ത പുസ്തകവും എന്നെ ഏല്‍പ്പിക്കുമ്പോള്‍ എഴുത്തുകാരിയും പ്രസാധക ജോലിക്കാരനും തമ്മിലുള്ള ബന്ധം ആയിരുന്നില്ല ഞങ്ങള്‍ തമ്മില്‍. ഒരു വല്യേച്ചി എന്ന നിലയിലേക്ക് അവരെന്നില്‍ വളര്‍ന്നെങ്കില്‍ അതിനു കാരണം ആ സ്നേഹവും കരുതലും മാത്രമായിരുന്നു.
2015 ലാണ് മീര പാടുന്നു എന്ന പുസ്തകം അന്താരാഷ്ട്ര പുസ്തക മേളയില്‍ മാതൃഭൂമി പ്രകാശനം ചെയ്യുന്നത്. അതിനിടയില്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കുറേക്കൂടെ ആഴം വച്ചിരുന്നു. ഒന്നുരണ്ടു വട്ടം ഇതിനിടയില്‍ ഞാന്‍ അവരുടെ വീട്ടില്‍ അതിഥി ആയെത്തിയിരുന്നു. ആ അവസരങ്ങളില്‍ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട ചേച്ചിയുടെ പുസ്തകത്തെ പറ്റി സംസാരിച്ചിരുന്നു. അത് 365 കുഞ്ഞുകഥകള്‍ എന്ന പുസ്തകമാണ്. വെങ്കിയുടെ വരകളുടെ അകമ്പടിയോടെ കുറെ കുഞ്ഞു കുഞ്ഞു കഥകള്‍. DC ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകം പോലെ വേറൊന്ന് മാതൃഭൂമി ബുക്സ് നു വേണം എന്ന എന്റെ ആവശ്യവും ചേച്ചി അംഗീകരിച്ചു.
അത്തരം ഒരവസരത്തില്‍ തന്നെയാണ് അഷിതയുടെ കത്തുകള്‍ എന്ന മറ്റൊരു പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം out of print ആയിരിക്കുന്ന കാര്യം സംസാരിച്ചതും അത് വാങ്ങാനുള്ള മാതൃഭൂമി യുടെ താല്പര്യം അറിയിച്ചതും. അങ്ങനെ അഷിതയുടെ കത്തുകള്‍ മാതൃഭൂമി പ്രൗഢഗംഭീരമായ വേദിയില്‍ പ്രകാശനം ചെയ്തു. തൃശൂര്‍ ആയിരുന്നു അപ്പോഴും വേദി. എന്നാല്‍ പ്രകാശനവേദിയിലേക്കെത്താന് ക്ഷണിക്കപ്പെട്ട ചേച്ചി എന്നോടൊരു കാര്യം ആവശ്യപ്പെട്ടിരുന്നു. ആ വേദിയില്‍ സംസാരിക്കാന്‍ ഒരിക്കലും തയ്യാറാകില്ല, നിരബന്ധിക്കരുത് എന്നതായിരുന്നു ആ ആവശ്യം. രോഗം ചേച്ചിയെ ഒരുപാട് ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന ഒരു വേളയായിരുന്നു അത്. വാക്കുകളേക്കാള്‍ ഊര്‍ജ്ജം പകര്‍ന്ന ശാന്തി വിടര്‍ന്ന ആ സ്ഥിരം സ്മേരവുമായി നിറഞ്ഞ ആ വേദിയില്‍ പറഞ്ഞപോലെ ചേച്ചിയെത്തി. അനുദിനം മിഴിവേറുന്ന ഒരു ചിത്രം പോലെയാണത് ഇന്നും ഓര്‍ക്കുമ്പോള്‍.
പിന്നീടാണ് അഷിതയുടെ ഹൈക്കു കവിതകള്‍ എന്ന പുസ്തകം മാതൃഭൂമി എടുത്തത്. മറ്റൊരു പബ്ലിക്കേഷന്‍ന്റെ ഔട്ട് ഓഫ് പ്രിന്റ് ആയ ആ പുസ്തകം മാതൃഭൂമിക്ക് തന്നപ്പോള്‍ ചേച്ചി പതിനാറോ മറ്റോ ഹൈക്കു കവിതകള്‍ കൂട്ടി ചേര്‍ത്തിരുന്നു. അതിന്റെ പ്രസാധക സമയത്തൊക്കെ ചേച്ചി അസുഖം മൂലം വല്ലാതെയായിരുന്നു. നേരില്‍ കാണലുകളെ ദേഷ്യത്തിന്റെ മറയിട്ട സ്നേഹം കൊണ്ട് ചേച്ചി വിലക്കിയിരുന്നു. ഫോണ്‍ വിളികളിലും വാട്ട്സ്ആപ്പ് സന്ദേശങ്ങളിലും നിറഞ്ഞു നിന്നത് 'നീ ഇങ്ങോട്ട് വരാനെ പാടില്ല, എനിക്ക് കാണണ്ട നിന്നെ ' എന്ന പല്ലവി തന്നെയായിരുന്നു. അതെന്തുകൊണ്ടാണെന്നു എനിക്കറിയാമായിരുന്നു. എനിക്ക് മനസ്സിലാവുന്നുണ്ടെന്നു ചേച്ചിക്കും.
ഹൈക്കു കവിതകളുടെ പ്രകാശനത്തിനു ഉമയും ചെറുമകളെയും കൂട്ടാന്‍ വേണ്ടി വീട്ടില്‍ ചെന്നപ്പോഴാണ് പിന്നീട് ചേച്ചിയെ കണ്ടത്. മകള്‍ ഉമയും ചെറുമകളും കൂടെയുണ്ടായിരുന്നു. ചേച്ചിയുടെ പേരക്കുട്ടിയുമായി എന്തോ ഒരു കുട്ടിതര്ക്കത്തില് ഏര്‍പ്പെട്ടു ചിരിച്ചു കൊണ്ടിരുന്ന നേരത്താണ് അഷിതേച്ചി എന്നോട് പറഞ്ഞത് : 'സുനിലിന് കുട്ടികളുടെ മനസ്സാണ്; കുഞ്ഞു കഥകളെ നിനക്ക് ചേരു ; അത്തരം കുറെ കഥകള്‍ നമുക്ക് ചെയ്യാം. ഞാന്‍ പകുതിയാക്കി വെച്ചിട്ടുണ്ട് അതുപോലൊന്ന് ' എന്ന്. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചിരുന്നു.
അതിനുശേഷം നടത്തിയ ഫോണ്‍വിളികളില്‍ ഞങ്ങള്‍ പിന്നെയും തെറ്റി. മനഃപൂര്‍വ്വമുള്ള ആ തെറ്റിക്കലിനെ ഞാനും അംഗീകരിച്ചിരുന്നു. എന്ത് കൊണ്ടാണ് അഷിതേച്ചി എന്നോടിങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങള്‍ക്ക് മാത്രം വ്യക്തമായ ഒരു കാര്യമായിരുന്നു. ആ അവസ്ഥയില്‍ പരസ്പരം ഒരു കാണല്‍; രണ്ടുപേര്‍ക്കും ഇഷ്ടമില്ലാത്ത. ആഗ്രഹിക്കാത്ത, എന്നാല്‍ മനസ്സിലാക്കിയിരുന്നു ഒരു വസ്തുതയാണ്.
സുഹൃത്തുക്കളൊക്കെ പലവട്ടം അഷിതേച്ചിയെ സന്ദര്‍ശിച്ചിരുന്നു. ഒന്നിച്ചുപോകാം എന്ന് സൂചിപ്പിച്ച പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്; 'ഞങ്ങള്‍ തമ്മില്‍ അത്ര നല്ല രസത്തിലല്ല ' എന്ന്.
അത് ഞാനായിരുന്നു എന്ന ശിഹാബുദ്ധീന്‍ പൊയ്യത്തുകടവിന്റെ അഷിതേച്ചിയുമായുള്ള മുഖാമുഖം മാതൃഭൂമിയില്‍ വന്ന സമയത്തായിരുന്നു പിന്നീട് ഞാന്‍ ചേച്ചിയെ വിളിച്ചത്. അന്ന് ചേച്ചി പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും കേള്‍ക്കാം 'നീയീ പടികയറിയാല്‍ നിന്നെ ഉമയും മകളും ചേര്‍ന്ന് അടിക്കും കേട്ടോ സുനിലേ ' എന്നായിരുന്നു അത്. നീയിങ്ങോട്ട് വരികയെ വേണ്ട എന്ന നിലപാടില്‍ നിന്ന് മാറാന്‍ ചേച്ചി ഒട്ടുമേ തയ്യാറല്ലായിരുന്നു. എന്നാല്‍ ആ പുസ്തകപ്രകാശനത്തിനു ശേഷം എനിക്ക് വേണ്ടി കയ്യൊപ്പു വാങ്ങാന്‍ ചെന്ന ശ്രീകുമാരേട്ടനോടാണ് സുനിലിന്റെ സൗഹൃദങ്ങളെ കുറിച്ച എനിക്ക് കൃത്യമായ ധാരണയുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞശേഷം എന്റെ സുഹൃത്തിന്റെ പേര് തെറ്റാതെ എഴുതി തന്നു ചേച്ചി എന്നെ ഞെട്ടിച്ചുകളഞ്ഞത്.
പിന്നീട് ഒട്ടും വയ്യാത്ത അവസ്ഥയിലും ചെന്ന് കാണാം എന്ന സുഹൃത്തുക്കളുടെ ആവശ്യത്തിന് കൂട്ട് നില്‍ക്കാതെ ഞാന്‍ പിന്നെയും പറഞ്ഞു ' ഞാനില്ല, ഞാന്‍ വരുന്നില്ല ' എന്ന്. അവരെ അങ്ങനെ കാണാന്‍ എനിക്ക് അവസരം തരാതെ നിര്‍ത്തിയതില്‍ ഒരുപാട് നന്ദി എനിക്കുണ്ട്; എന്നാല്‍ ആ സ്നേഹം എനിക്കെപ്പോഴും ഒരു നീറ്റലോര്മ്മയാണ്. അഷിതേച്ചി മടങ്ങി പോയ ദിവസമാണ് ഞാനവരെ പിന്നെ കണ്ടത്.
എന്റെ സൗഹൃദത്തില്‍ മറക്കാതെ കയ്യൊപ്പു വെക്കുന്ന ചേച്ചി എന്റെ ജീവിതത്തില്‍ മായാത്ത കയ്യൊപ്പുമായാണ് കടന്നുപോയത് .
വര്‍ഷങ്ങള്‍ക്കിപ്പുറം 2019. മാതൃഭൂമിയുടെ പുസ്തക പ്രദര്‍ശനം. നിരവധി പുസ്തക പ്രകാശനങ്ങള്‍ക്കു വേദിയായ ഒരിടം. അത് ഞാനായിരുന്നു ചേച്ചിയുടെ ആത്മകഥാസംശമുള്ള ശിഹാബുദ്ധീന്‍ പൊയ്യത്തുകടവിന്റെ പുസ്തകം. അഷിതേച്ചിയുമായുള്ള സംഭാഷണങ്ങളുടെ അവതരണം എന്നതിലുപരി ഇന്നുവരെ അറിയാതെപോയ അഷിത എന്ന മനുഷ്യജീവിയുടെ ഭൂതകാലത്തെ അനാവരണം ചെയ്യലായിരുന്നു ആ പുസ്തകം. ഒരു സ്ത്രീയും ഒരിക്കലും ഓര്മിക്കാനിഷ്ടപ്പെടാത്ത ഒരു ബാല്യം, കൗമാരം, യൗവനം എന്നിവയുടെ വെളിച്ചപ്പെടലുകള്‍ എന്ന് തന്നെ പറയാം. ആ പ്രകാശനത്തിന്റെ സംഘടനത്തിന്റെ തിരക്കിലൊരിക്കലും അഷിതേച്ചിയുമായി നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. സുഖകരമല്ലാത്ത ആ അവസ്ഥയില്‍ ചേച്ചിയെ കാണാന്‍ ചേച്ചി എന്നെ അനുവദിച്ചില്ല എന്നതാണ് സത്യം. എന്നാല്‍ അന്നും ചേച്ചിയുടെ കയ്യൊപ്പ് എനിക്കെന്റെ പുസ്തകങ്ങളില്‍ വേണമായിരുന്നു. മാതൃഭൂമി പബ്ലിക്കേഷന്‍സിലെ ശ്രീകുമാറേട്ടന് ആയിരുന്നു അന്ന് ചേച്ചിയെ വീട്ടിലേക്ക് അനുഗമിച്ചത്. എനിക്ക് വേണ്ടി കയ്യൊപ്പ് വാങ്ങാനായി എന്റെ രണ്ടു പുസ്തകങ്ങളും ഞാന്‍ ചേട്ടനെ ഏല്‍പ്പിച്ചു. വീട്ടിലെത്തിയപ്പോള്‍ കയ്യൊപ്പിനു വേണ്ടി ഞാന്‍ ഏല്‍പ്പിച്ച 2 പുസ്തകങ്ങളും ചേച്ചിക്ക് കൈമാറുമ്പോള്‍ സുനിലിന് വേണ്ടിയാണെന്ന് ശ്രീകുമാരേട്ടന് ചേച്ചിയോട് പറഞ്ഞു. പുസ്തകങ്ങള്‍ ഒപ്പിട്ടു തിരിച്ചു വാങ്ങി എന്നെ ഏല്‍പ്പിച്ചു ശ്രീകുമാരേട്ടന് ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റി. ഒടുവില്‍ ആ 2 പുസ്തകങ്ങളും കയ്യില്‍ വാങ്ങിയ നിമിഷം പതിവുപോലെ ഡിയര്‍ സുനില്‍കുമാര്‍ എന്ന സ്ഥിരം വാചകം എനിക്കായി ആ പുസ്തകത്തില്‍ പതിഞ്ഞുകണ്ടു. എന്നാല്‍ അടുത്ത പുസ്തകത്തിലെ പേരുചൊല്ലി വിളിച്ച സംബോധനയ്ക്ക് എന്റെ മനസ്സിലെ അഷിതേച്ചി എന്ന രൂപത്തിനെ മാനം മുട്ടെ വളര്‍ത്താനായി. എപ്പോഴൊക്കെയോ ഞാന്‍ പറഞ്ഞുകൊടുത്തു എഴുതിച്ച എന്റെ പ്രിയ സുഹൃത്തിന്റെ പേര് ഓര്മവെച് ചേച്ചി അതില്‍ കുറിച്ചിരുന്നു. എന്റെ പ്രിയസൗഹൃദത്തെ പോലും ചേച്ചി മനസ്സില്‍ വെച്ചിരുന്നു. എന്റെ മനസ്സില്‍ മാത്രമല്ല ചേച്ചിയുടെ മനസ്സിലും ഞാന്‍ പ്രിയപ്പെട്ടതാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ചിലപ്പോള്‍ രക്തബന്ധത്തെ ഓര്‍മിപ്പിക്കും വിധം ഗാഢമായി പരസ്പരം മനസ്സിലാക്കിയിരുന്നു എന്ന് കരുതാനേ ഇപ്പോള്‍ ഇഷ്ടമുള്ളൂ.
Content Highights: In loving memory of Ashitha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..