അച്യുതൻ കൂടല്ലൂർ
നമ്മളെ നശിപ്പിച്ചുകൊണ്ട് നമ്മളെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആൾക്കൂട്ടത്തെക്കുറിച്ച് എഴുതിയത് നാടുവിടേണ്ടിവന്ന ഇറാനിയൻ ചലച്ചിത്ര സംവിധായകൻ മുഹ്സിൻ മഖ്മൽൽബഫ് ആണ്. ആൾക്കൂട്ടത്തിന്റെ വൈകാരികതയ്ക്ക് അടിപ്പെടാതെ, വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടു നയിക്കാൻ കഴിയുന്ന നേതാക്കളെയാണ് സമകാലിക സമൂഹം ആവശ്യപ്പെടുന്നതെന്ന് പ്രമുഖ ചിത്രകാരൻ അച്യുതൻ കൂടല്ലൂർ പറയുന്നു. ഇന്ത്യൻ സമൂഹം നേരിടുന്ന വർധിച്ചു വരുന്ന അസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ അച്യുതൻ കൂടല്ലൂരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.
വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് സമകാലിക ഇന്ത്യ കടന്നുപോകുന്നത്. താങ്കൾക്ക് എന്ത് തോന്നുന്നു?
ഞാൻ വല്ലാതെ അസ്വസ്ഥനാണ്. പലയിടത്തും ഇരുട്ട് വ്യാപിക്കുന്നുണ്ട്. ഇന്ത്യൻ ജനാധിപത്യം മഹത്തരമാണ്, അതിസുന്ദരവുമാണ്. തീർച്ചയായും വലിയ പരീക്ഷണങ്ങളാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ മനസ്സിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. അങ്ങനെയൊന്നും തകർത്തെറിയാൻ കഴിയുന്ന ഒന്നല്ല നമ്മുടെ ജനാധിപത്യം. ഹിറ്റ്ലറുടെ ജർമനി ഇന്ത്യയിൽ ആവർത്തിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. ബിഹാർ തിരഞ്ഞെടുപ്പ് ഫലം തരുന്ന സൂചന അതാണ്.
അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്ക് സംഘടിതമായ അക്രമം നടക്കുന്നുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള ആസൂത്രിതമായ ഈ നീക്കത്തെക്കുറിച്ച്?
അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല. അടിയന്തരാവസ്ഥ വലി
യൊരു വെല്ലുവിളിയായിരുന്നു. അന്ന് എം. ഗോവിന്ദനോട് സംഭാഷണമദ്ധ്യേ വലിയ കഷ്ടമായിപ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.
അപ്പോൾ ഗോവിന്ദൻ പറഞ്ഞത് നിങ്ങൾക്ക് കാര്യം പിടികിട്ടിയല്ലോ, പലർക്കും ഇപ്പോഴും അപകടത്തിന്റെ വ്യാപ്തി മനസ്സിലായിട്ടില്ല എന്നാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ നേർക്കുള്ള കടന്നുകയറ്റങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ട് അവഗണിക്കാനാവില്ല. ആത്മകഥയായ 'ഇന്നലെയുടെ ലോകം' എന്ന കൃതിയിൽ സ്റ്റെഫാൻ സ്വെയ്ഗ് നാസി ജർമനിയുടെ പിറവി ചിത്രീകരിക്കുന്നുണ്ട്. പല ദുരന്തങ്ങളും ആദ്യം ജനം തമാശയായാണ് കണ്ടത്. ഒടുവിൽ തിരിച്ചറിവുണ്ടാകുമ്പോഴേക്കും സംഗതി കൈവിട്ടുപോയിരുന്നു.
ഇന്ത്യയുടെ ബഹുസ്വരത ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ സംസാരിക്കേണ്ട പ്രധാനമന്ത്രിയുടെ മൗനത്തെ പ്രമുഖ ശാസ്ത്രജ്ഞൻ പുഷ്പ എം. ഭാർഗവ ചോദ്യം ചെയ്തിരുന്നു. ഇടപെടേണ്ട സമയത്ത് ഇടപെടാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്ന് കരുതുന്നുണ്ടോ?
ആൾക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത്. വ്യക്തമായ വിവേചന ബുദ്ധിയോടെ ആൾക്കൂട്ടത്തെ നയിക്കാൻ നേതാക്കൾക്കാവണം. ഗാന്ധിജിയിൽനിന്നു നമ്മുടെ നേതാക്കൾ പാഠം പഠിക്കാത്തതെന്തു കൊണ്ടാണെന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. എത്രയോ ഘട്ടങ്ങളിൽ ജനവികാരത്തെ മറികടന്ന് ഗാന്ധിജി സ്വന്തം നിലാട് അസന്ദിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. പലപ്പോഴും ജനക്കൂട്ടം അദ്ദേഹത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. പക്ഷേ, ഗാന്ധിജിക്ക് മരണഭയമില്ലായിരുന്നു. ചമ്പാരനിലായാലും നൗഖലിയിലായാലും ഗാന്ധിജിയെ നയിച്ചിരുന്നത് ഒരിക്കലും ആൾക്കൂട്ടമായിരുന്നില്ല. താൻ എവിടെയാണ്, ആരുടെ കൂടെയാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കേണ്ട സമയമാണിത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ അദ്ദേഹം തയ്യാറാവണം. അതുണ്ടാവുന്നില്ലെന്നത് പ്രശ്നമാണ്.
ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന എതിർപ്പാണ് വിവിധ കോണുകളിൽ ഉയരുന്നതെന്ന വിമർശത്തെക്കുറിച്ച് എന്തുപറയുന്നു?
അസഹിഷ്ണുതയ്ക്കെതിരെ ഉയരുന്ന ശബ്ദങ്ങൾ നിർമ്മിക്കപ്പെടുന്നവയാണെന്ന് ഞാൻ കരുതുന്നില്ല. പ്രതിസന്ധിയുടെ മുനമ്പിൽ നിൽക്കുമ്പോൾ ഇത്തരം പ്രതികരണങ്ങളുണ്ടായില്ലെങ്കിലാണ് അമ്പരക്കേണ്ടത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ തുടർച്ചയ്ക്കു വേണ്ടിയുള്ള പ്രതികരണങ്ങളെ അടിച്ചമർത്താതെ അതിന്റ അന്തഃസത്ത ഉൾക്കൊള്ളുകയാണ് വേണ്ടത്. ഓരോ ജീവനും വിലപ്പെട്ടതാണ്. നിങ്ങൾക്ക് യോജിപ്പില്ലാത്തവരെ ഇല്ലാതാക്കുകയാണ് നല്ലതെന്ന് കരുതിയാൽ അതോടെ എല്ലാം തീർന്നു. എങ്കിലും ഇന്ത്യ ഇല്ലാതാവുകയാണ് എന്ന് ഞാൻ കരുതുന്നില്ല. ഒരു സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഒരു ബാലൻസിങ് ഫോഴ്സസ് ഇവിടെ എപ്പോഴുമുണ്ട്. ഈ ആക്രമണങ്ങളെയും ഇന്ത്യൻ ബഹുസ്വരത അതിജീവിക്കുക തന്നെ ചെയ്യും.
(പുനഃപ്രസിദ്ധീകരണം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..