ബദ്ധവൈരികളായ രാജാവും റാണിയും, വിവാഹമോചനം നല്‍കാതെ പള്ളി; രാജാവ് കണ്ടെത്തിയ വിചിത്രമായ പോംവഴി!


ആനന്ദ് നീലകണ്ഠന്‍എല്ലനോര്‍ റാണിയെ ഒഴിവാക്കിക്കിട്ടാന്‍ രാജാവ് എല്ലാ പള്ളികള്‍ക്കും സഹായം വാരിക്കോരി വാഗ്ദാനംചെയ്തു. പള്ളിയും പട്ടക്കാരും കൊട്ടാരക്കാരും തകൃതിയില്‍ അന്വേഷണമായി. അവസാനം അവര്‍ അത് കണ്ടുപിടിച്ചു

എല്ലനോർ രാജ്ഞി ചിത്രകാരന്റെ ഭാവനയിൽ

ആനന്ദ് നീലകണ്ഠന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന പംക്തി പാരീസ് പാരീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ലോകപ്രശസ്തമായ നോത്രദാം പള്ളിയുടെ ചരിത്രമാണ്. ലൂയി രാജാവും റാണി എലനോറും ദമ്പതികളാണെങ്കിലും ബദ്ധവൈരികളായിരുന്നു. അവരുടെ വിവാഹമോചനവും നോത്രദാം പള്ളിയും തമ്മിലുള്ള ബന്ധമാണ് എഴുത്തുകാരന്‍ വിശദമാക്കുന്നത്.

നോത്രദാം പള്ളി പണിയാനുള്ള കഠിനപരിശ്രമങ്ങള്‍ തുടരുകയാണ് മൗറിസ് പുരോഹിതന്‍. മാര്‍പാപ്പയിലൂടെത്തന്നെ ഊര്‍ന്നുകിട്ടിയ സൂത്രംവെച്ച് ഒടുവില്‍ അദ്ദേഹം അത് നടത്തിയെടുത്തു. ഒപ്പം ഒരു യൂണിവേഴ്സിറ്റിയും പണിതുയര്‍ത്തി

ലൂയി രാജാവിന് വിവാഹമോചനം നേടിക്കൊടുക്കാന്‍ മൗറിസ് ഒരു അറ്റകൈ പ്രയോഗിച്ചെന്നു പറഞ്ഞല്ലോ. അക്കാലത്ത് വിവാഹമോചനം അത്രയ്ക്ക് എളുപ്പം സാധ്യമല്ലായിരുന്നു. ഏതാണ്ട് അസാധ്യമായ കാര്യം. രാജാവും റാണിയും ഈ സമയംകൊണ്ട് കീരിയും പാമ്പുംപോലെ ബദ്ധശത്രുക്കളായിരുന്നു. കുരിശുയുദ്ധത്തിന് രാജാവും റാണിയും പിന്നെ റാണിയുടെ കാമുകനായ ഇംഗ്ലണ്ട് രാജാവും കൂടിയാണ് വിശുദ്ധനാടുപിടിക്കാന്‍ പോയത്. തൊഴുത്തില്‍കുത്ത് ഒഴിഞ്ഞ സമയമില്ലാത്ത കാരണം ചെയ്ത യുദ്ധങ്ങളില്‍ പലതും ക്രൈസ്തവപ്പട മാന്യമായി തോറ്റു. എന്നാല്‍, പോപ്പാവട്ടെ കര്‍ത്താവ് ചേര്‍ത്തുവെച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുത് എന്ന കടുത്ത തീരുമാനത്തിലായിരുന്നു.

മൗറിസ് ബിഷപ്പ് എത്ര ആലോചിച്ചിട്ടും ഈ ഊരാക്കുടുക്കില്‍നിന്നും തലയൂരാന്‍ ഒരു വഴിയും ആദ്യം കണ്ടില്ല. മൗറിസ് അന്വേഷണം തുടങ്ങി. വിശുദ്ധപുസ്തകത്തില്‍ എവിടെയെങ്കിലും ഒരു വഴി കാണും. അല്ലെങ്കില്‍ നാട്ടുനടപ്പിന്റെ പേരുപറഞ്ഞ് എന്തെങ്കിലും സൂത്രപ്പണി.

പോപ്പ് ഇന്നസെന്റ് ഈ സമയംകൊണ്ട് കാലംചെയ്തുകഴിഞ്ഞിരുന്നു. അതിനുശേഷം വന്ന പോപ്പ് ലുസിഡ് രണ്ടാമന്‍ കഷ്ടിച്ച് ഒരുവര്‍ഷമേ ആ പദവിയില്‍ ഇരുന്നുള്ളൂ. അതിനുശേഷം മാര്‍പാപ്പയായ യൂജിന്‍ മൂന്നാമന്‍ മൗറിസിന്റെ സുഹൃത്തായിരുന്നു. മൗറിസ് രാജാവിനുവേണ്ടി വീണ്ടും പോപ്പിനെ കണ്ടു. പള്ളിയുടെ കാര്യവും പറഞ്ഞു. ഒരിക്കലും ഒരു ക്രൈസ്തവപുരോഹിതന്‍ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകപോലും ചെയ്യരുതെന്ന് മാര്‍പാപ്പ മൗറിസിനെ ശാസിച്ചു. എന്നാല്‍, മൗറിസ് വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്തെങ്കിലും വഴിയില്ലേ തിരുമേനി, എന്നുചോദിച്ച് ബിഷപ്പ് പോപ്പിന്റെ പിന്നാലെക്കൂടി. ഇതിനുമുമ്പും വിവാഹമോചനം സഭ അംഗീകരിച്ചിട്ടുണ്ടല്ലോ എന്നൊക്കെ മൗറിസ് പറഞ്ഞുനോക്കിയെങ്കിലും പോപ്പ് വഴങ്ങിയില്ല. ദുഃഖിതനായി, പാരീസിലേക്ക് തിരികെപ്പോകാന്‍ തുടങ്ങിയ മൗറിസിന്റെയടുത്ത് പോപ്പിന്റെ ഒരു വിശ്വസ്തന്‍ ഒരു സൂത്രം പറഞ്ഞുകൊടുത്തു. മിക്കവാറും പോപ്പ് പറയാന്‍ പറഞ്ഞിട്ടാകും ഈ സൂത്രം വിശ്വസ്തന്‍ അറിയിച്ചതെന്ന് മൗറിസ് ഊഹിച്ചു.

രാജാവും റാണിയും തമ്മില്‍ സഹോദരബന്ധം ഉണ്ടായിരുന്നുവെന്നും ഇതറിയാതെയാണ് കല്യാണം കഴിച്ചതെന്നും തെളിയിച്ചാല്‍ പോപ്പിന് ഈ മഹാപാപത്തിന് പരിഹാരംകാണാന്‍ സാധിക്കും. മൗറിസ് പാരീസിലേക്ക് വെച്ചുപിടിച്ചു. രാജാവിനെയും റാണിയെയും കാര്യമറിയിച്ചു. ഇതിപ്പോ ഞങ്ങള്‍ കസിന്‍സായിരുന്നുവെന്ന് എങ്ങനെ തെളിയിക്കുമെന്ന അങ്കലാപ്പിലായി രാജാവും റാണിയും. ഇതിനിടെ മൂന്ന് ആര്‍ച്ച് ബിഷപ്പുമാരെ കണ്ടും സഹായം അഭ്യര്‍ഥിച്ചു. എല്ലനോര്‍ റാണിയെ ഒഴിവാക്കിക്കിട്ടാന്‍ രാജാവ് എല്ലാ പള്ളികള്‍ക്കും സഹായം വാരിക്കോരി വാഗ്ദാനംചെയ്തു. പള്ളിയും പട്ടക്കാരും കൊട്ടാരക്കാരും തകൃതിയില്‍ അന്വേഷണമായി. അവസാനം അവര്‍ അത് കണ്ടുപിടിച്ചു. ഏകദേശം നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1031-ാം ആണ്ട് കാലംചെയ്ത റോബേര്‍ട്ട് രണ്ടാമന്‍, വിശുദ്ധന്‍, എന്ന രാജാവ് എല്ലനോറിന്റെയും ലൂയി ഏഴാമന്റെയും നാലാംവകയിലെ വല്യമ്മാവനാണ് എന്ന ഞെട്ടിക്കുന്ന കണ്ടുപിടിത്തം നടത്തി.

ഈ റോബേര്‍ട്ട് വിശുദ്ധന്‍ രണ്ടുതവണ വിവാഹമോചനം നേടിയ ആളായിരുന്നു. മൂന്നാംതവണത്തേതിന് ആ കാലത്തെ മാര്‍പാപ്പയുടെ അടുത്ത് അപേക്ഷിച്ചപ്പോള്‍ മാര്‍പാപ്പ സമ്മതിച്ചില്ല. ഏതായാലും വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ കാരണഭൂതനായ വല്യമ്മാവന്‍ ഈ കാര്യത്തില്‍ ഒരു പുലിയായിരുന്നു എന്ന് മനസ്സിലായല്ലോ. മൂന്ന് ആര്‍ച്ച് ബിഷപ്പുമാരും മാര്‍പാപ്പയ്ക്ക് കത്തെഴുതി. ഇവിടെ ഒരു മഹാപാപം സംഭവിച്ചിരിക്കുന്നു. രാജാവും റാണിയും നാലാംവകയില്‍ സഹോദരീസഹോദരന്മാരാണ്. കല്യാണം കഴിഞ്ഞ് പതിനഞ്ചുവര്‍ഷമായെങ്കിലും മക്കളൊന്നുമില്ല, ദൈവകൃപതന്നെ. എന്നാല്‍, ഈ പാപം തുടര്‍ന്നുകൊണ്ടുപോകാന്‍ അനുവദിക്കരുത്. എത്രയുംപെട്ടെന്ന് വിവാഹമോചനം അനുവദിക്കണം.

മൗറിസ്, ഞാനൊന്നുമറിഞ്ഞില്ലേ രാമാനാരായണ എന്നമട്ടില്‍ പുറകെനിന്ന് ചരടുവലിച്ചു. വെറുമൊരു സന്ദേശവാഹകന്‍ മാത്രമാണ് ഞാന്‍ എന്ന ഭാവം. ഈ കെട്ടകാലത്ത് ഇതൊക്കെ നടന്നില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന മട്ട്. എത്രയുംപെട്ടെന്ന് വിവാഹമോചനം അനുവദിച്ചുതരണം. പതിനഞ്ചുവര്‍ഷം സഹോദരിയെ (നാലാംവകയിലെ) ഭാര്യയായിവെച്ച പാപത്തിന്, രാജാവ് ഒരു പള്ളി പണിഞ്ഞുതരാമെന്നു പറഞ്ഞിട്ടുണ്ടെന്നും മൗറിസ് മാര്‍പാപ്പയെ അറിയിച്ചു. ആളുകളെ പാപത്തിന്റെ മാര്‍ഗത്തില്‍നിന്ന് ദൈവമാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ പാരീസില്‍ ഒരു വലിയ പള്ളി ആവശ്യമാണെന്ന് മാര്‍പാപ്പയ്ക്കും തോന്നി.

അങ്ങനെ 21 മാര്‍ച്ച് 1152-ല്‍ മൂന്ന് ആര്‍ച്ച് ബിഷപ്പുമാരുടെ സാന്നിധ്യത്തില്‍ രാജാവും റാണിയും വിവാഹമോചിതരായി. റാണി ഇംഗ്ലണ്ടിലേക്ക് വെച്ചുപിടിച്ചു. എല്ലനോര്‍ റാണിയുടെ മൂന്നാംകസിനായിരുന്നു ഇംഗ്ലണ്ട് രാജാവ് ഹെന്റി എന്നത് വേറെകാര്യം. 1154-ല്‍ എല്ലനോര്‍ ഇംഗ്ലണ്ടിന്റെ റാണിയായി. അഞ്ച് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളും ഈ മൂന്നാം കസിനായ ഭര്‍ത്താവില്‍ അവര്‍ക്കുണ്ടായി. എന്നാല്‍, തന്റെ മകനായ ഹെന്റി ജൂനിയറെ പറഞ്ഞിളക്കി തനിക്കെതിരേ കലാപം അഴിച്ചുവിട്ട കുറ്റത്തിന് ഹെന്റി രാജാവ് ഇവരെ തുറുങ്കിലടച്ചു. അദ്ദേഹം മരിച്ചതിനുശേഷമാണ് അവര്‍ മോചിതയായത്. ഏകദേശം പതിനഞ്ചുവര്‍ഷം അവര്‍ തടവിലായിരുന്നു. പതിനഞ്ചുവര്‍ഷം ലൂയിയുടെ ഭാര്യയായി ചെലവഴിച്ച കാലവും തടങ്കല്‍പോലെത്തന്നെ. ഫ്രാന്‍സിന്റെയും ഇംഗ്ലണ്ടിന്റെയും റാണിയായിരുന്ന എല്ലനോറിന്റെ ജീവിതം ദുഃഖവും ദുരന്തങ്ങളും നിറഞ്ഞതായിരുന്നു. അതവിടെ നില്‍ക്കട്ടെ.

രാജാവ് ലൂയി ഏഴാമന്‍ വിവാഹമോചനം ലഭിച്ചതോടെ കൈയയച്ച് പള്ളിക്ക് സഹായംചെയ്തു തുടങ്ങി. ഏതാണ്ട് രണ്ടുവര്‍ഷംമുമ്പ്, 1150-ല്‍ മൗറിസ് ഒരു പള്ളിക്കൂടം പള്ളിയുടെ അടുത്തായി തുടങ്ങിയിരുന്നു. ലൂയിയെ പഠിപ്പിച്ച ഒരു അച്ചന്‍, ഷുഗര്‍ അപ്പോഴേക്കും രാജാവിന്റെ ഉപദേഷ്ടാവായി ജോലിനോക്കുന്നുണ്ടായിരുന്നു. വിവാഹമോചനം കഴിഞ്ഞ ഉടനെ, ബിഷപ്പ് ഷുഗറച്ചനെ ഒരു പണിപറഞ്ഞേല്‍പ്പിച്ചു.

ഈ പള്ളിക്കൂടം ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. അതിനുവേണ്ട ഉപദേശമൊക്കെ രാജാവിനു കൊടുത്തോളണം. പള്ളിക്ക് ഞാന്‍ ഇപ്പോള്‍ത്തന്നെ കുറേയേറെ കാശ് ചോദിക്കുന്നുണ്ട്. അതുകൊണ്ട് ഈ പണി ഷുഗര്‍ ഏല്‍ക്കണം. രാജാവിന് ഇതില്‍ കാശിറക്കാന്‍ മടിയായിരുന്നു. എങ്കിലും, ഷുഗറച്ചന്‍ രാജഭരണം കൂടുതല്‍ കേന്ദ്രീകൃതമാക്കാന്‍ സഹായിക്കുന്ന ആളാണ്. യൂണിവേഴ്സിറ്റി എന്നനിലയില്‍ അല്ലെങ്കിലും അത്യാവശ്യം വലിയൊരു സ്ഥാപനം ഷുഗറച്ചന്‍ മൗറിസ് ബിഷപ്പിന് രാജാവിനെക്കൊണ്ട് പണിതുകൊടുത്തു.

ഇന്നും ഈ സ്ഥാപനം പാരീസിലുണ്ട്. യൂണിവേഴ്സിറ്റി ഓഫ് പാരീസ്. അങ്ങനെ പാരീസിന്റെ മുഖമുദ്രയായ നോത്രദാം പള്ളിയും പാരീസ് യൂണിവേഴ്സിറ്റിയും. 1970-ല്‍ ഈ മഹാസ്ഥാപനത്തെ പതിമ്മൂന്ന് യൂണിവേഴ്സിറ്റികളായി വിഭജിച്ചു. കാരണം വിദ്യാര്‍ഥിസമരം. നോത്രദാം പള്ളിയുടെ പണിതുടങ്ങാന്‍ പിന്നെയും പതിനൊന്നുകൊല്ലമെടുത്തു. രാജാവ് പ്രസാദിച്ചാലും നാട്ടുകാരും കച്ചവടക്കാരും സമ്മതിക്കണ്ടേ. സ്ഥലം ഏറ്റെടുക്കല്‍ ഒരു കീറാമുട്ടിയായിരുന്നു. ഉദ്യോഗസ്ഥരുടെ ഹാലിളക്കം വേറെ. അവസാനം 1163-ല്‍ പോപ്പ് അലക്‌സാണ്ടര്‍ മൂന്നാമന്‍ ഈ മഹാദേവാലയത്തിന്റെ തറക്കല്ലിട്ടു. 1185-ല്‍ ഇതിന്റെ ആദ്യഭാഗം പൂര്‍ത്തിയായി. ജൂതക്കച്ചവടക്കാരോട് മൗറിസ് പ്രതികാരംചെയ്തത് ജൂതപ്പള്ളി പിടിച്ചെടുത്ത് മഗ്ദലീന മേരിക്ക് സമര്‍പ്പിച്ച പള്ളിയാക്കിമാറ്റിക്കൊണ്ടായിരുന്നു. പതിനൊന്നുകൊല്ലംകൂടി ഇവിടത്തെ ബിഷപ്പായി ഇരുന്നു. ഈ മഹാദേവാലയം ലോകത്തിലെ ഏറ്റവും മനോഹര ദേവാലയങ്ങളിലൊന്നായി ഉയര്‍ന്ന ചാരിതാര്‍ഥ്യത്തോടെ മൗറിസ് ഡെസുല്ലി എന്ന ദീര്‍ഘദൃഷ്ടാവായ ഈ പുരോഹിതശ്രേഷ്ഠന്‍ 1196-ല്‍ കണ്ണടച്ചു.

Content Highlights: Notre dame church, Anand Neelakantan, Paris Paris


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented