പാരയ്ക്കുപാര; ഭീഷണിക്ക് മറുഭീഷണി: ഫലമോ രണ്ടുപള്ളിയും ഒരു യൂണിവേഴ്‌സിറ്റിയും!


ആനന്ദ് നീലകണ്ഠന്‍യൂറോപ്പിലെ ഏറ്റവും വലിയ പെരുന്നാളായിരുന്നു ഇത്. നമ്മുടെ നാട്ടിലെ മാമാങ്കംപോലെ, കച്ചവടം, വാള്‍പ്പയറ്റ്, യുദ്ധകല തുടങ്ങി പലകലാപരിപാടികള്‍ നടത്തുന്ന പള്ളിക്ക് കൈനിറയെ കാശും പ്രശസ്തിയും. ഈ അവകാശം നോത്രദാമിന്റെ വളര്‍ച്ചയ്ക്ക് കുറച്ചൊന്നുമല്ല സഹായിച്ചത്.

ഫോട്ടോ: എ.പി

ഴിഞ്ഞ ലക്കത്തില്‍ പറഞ്ഞ ഷുഗറച്ചന്റെ കാര്യം ഓര്‍ക്കുന്നുണ്ടാവുമല്ലോ. നോത്രദാം പള്ളി പണിയാന്‍ മൗറിസിനെ സഹായിച്ച ലൂയി രാജാവിനെക്കൊണ്ടു കാശുവാരി എറിയിച്ച അച്ചന്‍, പണ്ട് നോത്രദാമിനു പാര പണിയാന്‍ ഇറങ്ങിയതാണ് അടുത്തകഥ.

തനിക്കുമുമ്പുണ്ടായിരുന്ന ബിഷപ്പുമാരുമായി മൗറിസ് ഒത്തുേപായിരുന്നില്ല. മൗറിസ് ഒരു പാവപ്പെട്ട കുടുംബത്തില്‍നിന്നും വന്നു സ്വപ്രയത്‌നംകൊണ്ട് ഉയര്‍ന്നുവന്നയാളായിരുന്നു. ഷുഗറും അങ്ങനെത്തന്നെ. അതുകൊണ്ടാണ് ഇവര്‍ രണ്ടുപേര്‍ക്കും നല്ല ആത്മബന്ധമുണ്ടായതും.എന്നാല്‍, ഈ സമയംകൊണ്ട് പ്രധാന പ്രഭുക്കള്‍ പലരും ഒരു പുത്രനെയെങ്കിലും സഭയില്‍ പുരോഹിതനാക്കാന്‍ മത്സരം തുടങ്ങിയിരുന്നു. തറവാട്ടു സ്വത്ത് ഭാഗംവെച്ചു പോവാതിരിക്കാനും പിന്നെ പള്ളിവഴി ഭാരിച്ച ഭൂസ്വത്തുക്കള്‍ അനുഭവിക്കാനുമുള്ള ഒരു കുറുക്കുവഴിയാണ് ആത്മീയത എന്നവര്‍ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

പിടിച്ചുനില്‍ക്കാന്‍ കുറച്ചു രാഷ്ട്രീയവും ഉപജാപവും തരികിടയും ഒക്കെ ഉണ്ടായിരുന്നെങ്കിലും മൗറിസിനെയും ഷുഗറിനെയുംപോലുള്ള പുരോഹിതര്‍ പള്ളിക്കും ക്രിസ്തുവിനും വിശ്വാസികള്‍ക്കുംവേണ്ടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, മറ്റു പല സഭാനേതാക്കളും സ്വന്തം കുടുംബം നന്നാക്കിയതിനുശേഷം സമയം വല്ലതുമുണ്ടെങ്കില്‍ പള്ളി നന്നാക്കാം എന്ന തരക്കാരായിരുന്നു.

പാരീസിലെ സെയ്ന്റ് ഡെനി എന്ന മഠത്തിന്റെ അധിപതിയായിരുന്നു ഷുഗര്‍. സെയ്ന്റ് ഡെനി മഠം ഒരു വിഖ്യാതമായ മേള നടത്തിയാണ് ചെലവുകാശു കണ്ടെത്തിയിരുന്നത്. പാവം ഷുഗര്‍ മഠാധിപതിയായപ്പോള്‍, മൗറിസിനുമുമ്പുള്ള ശക്തനായ ബിഷപ്പ് യഥാര്‍ഥ കുരിശിന്റെ പെരുന്നാള്‍ നടത്താനുള്ള അവകാശം നോത്രദാമിനു കൊടുത്തിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ പെരുന്നാളായിരുന്നു ഇത്. നമ്മുടെ നാട്ടിലെ മാമാങ്കംപോലെ, കച്ചവടം, വാള്‍പ്പയറ്റ്, യുദ്ധകല തുടങ്ങി പലകലാപരിപാടികള്‍ നടത്തുന്ന പള്ളിക്ക് കൈനിറയെ കാശും പ്രശസ്തിയും. ഈ അവകാശം നോത്രദാമിന്റെ വളര്‍ച്ചയ്ക്ക് കുറച്ചൊന്നുമല്ല സഹായിച്ചത്. എന്നാല്‍, മൗറിസിനുമുമ്പ് ഈ കാശൊക്കെ പോകുന്നവഴി തമ്പുരാനുപോലും അറിയില്ലായിരുന്നു. ഷുഗറിന് അക്കിടി പറ്റിയതു മനസ്സിലായെങ്കിലും വൈകിപ്പോയിരുന്നു.

പിരിവ് നടത്തി വീട്ടില്‍ കൊണ്ടുപോവുന്ന പുരോഹിതര്‍, ചോദിക്കാന്‍ചെന്ന ഷുഗറച്ചനെ ആക്ഷേപിച്ചുവിട്ടു. കണ്ട കര്‍ഷകകുടുംബത്തിലെ സാധാരണക്കാരനൊക്കെ പട്ടക്കാരനായാല്‍ വേണ്ടാത്ത ചോദ്യങ്ങള്‍ ചോദിക്കും. ഷുഗറച്ചന്‍ തന്റെ മഠത്തിലെ കാര്യം നോക്കിനടത്തിയാല്‍ മതി. നോത്രദാം നോം ഭരിച്ചോളാം എന്നു ബിഷപ്പു തിരുമേനി പറഞ്ഞത് ഷുഗറിനെ ചൊടിപ്പിച്ചു. ഷുഗറച്ചന്‍ ഉപജാപക കളത്തിലിറങ്ങി. പാരയ്ക്കുപാര, ഭീഷണിക്കു മറുഭീഷണി എന്ന കണക്കിനു തിരിച്ചടിച്ചു. കുടുംബമഹിമയൊന്നുമില്ലാത്തതുകൊണ്ട് ഷുഗറച്ചനു മേലുംകീഴും ഒന്നും നോക്കാനില്ലായിരുന്നു.

രാജാവിനെ പറഞ്ഞിളക്കാന്‍ പലപണി നോക്കിയിട്ടും രാജാവ് അവിടെയുമില്ല ഇവിടെയുമില്ല എന്ന മട്ടാണ്. അവസാനം ഷുഗര്‍ ഒരു അറ്റകൈ പ്രയോഗിച്ചു. പ്രഭു കുടുംബത്തില്‍നിന്നും വന്ന് കൈയൂക്കും പണക്കൊഴുപ്പും കുടുംബമഹിമയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ഈ യമണ്ടന്‍ തിരുമേനിമാര്‍ക്കില്ലാത്ത ഒരു ആയുധം ഷുഗറിനുണ്ടായിരുന്നു. ഷുഗര്‍ ഒരു നല്ല എഴുത്തുകാരനായിരുന്നു.

കക്ഷി ഒരു ജീവചരിത്രമെഴുതാന്‍ തുടങ്ങി. രാജാവിന്റെ തന്നെ. കൂടെ പാവപ്പെട്ട, തന്റെ മഠത്തിന്റെ നടത്തിപ്പിലെ കഷ്ടപ്പാടും മറ്റും പൊടിപ്പും തൊങ്ങലും വെച്ച് എഴുതി. കഥ മഹാരാജാവു തിരുമനസ്സിനു 'ക്ഷ' പിടിച്ചു ക്രിസ്തുവിന്റെ ആത്മാവ് ലൂയിയില്‍ കുടികൊള്ളുന്നു എന്നൊക്കെ പറഞ്ഞത് രാജാവിനെ കരയിച്ചുകളഞ്ഞു. ഷുഗറച്ചന്‍ രാജാവിന്റെ ഉപദേഷ്ടാവായി. മേള നടത്താനുള്ള അവകാശം നോത്രദാമില്‍നിന്ന് തന്റെ മഠത്തിലേക്ക് തിരിച്ചുവാങ്ങി സമര്‍ഥന്‍.

മൗറിസ് ഇതു തിരിച്ചുകിട്ടാന്‍, അല്ലെങ്കില്‍ കുറച്ചു പങ്ക് കിട്ടാനാണ് ഷുഗറിനെ ആദ്യം കാണുന്നത്. ഇതിനകം വൃദ്ധനായ ഷുഗര്‍ പുതിയ ബിഷപ്പിനെ ആദ്യം അത്ര രസത്തിലല്ല കണ്ടത്. കാരണം അനുഭവം അതാണല്ലോ. എന്നാല്‍, മൗറിസിന്റെ ആത്മാര്‍ഥത ഷുഗറിനെ മെല്ലെ അദ്ദേഹത്തിനോടടുപ്പിച്ചു. ഈ കൂട്ടുകെട്ടാണ് പാരീസിലെ ഏറ്റവും വിഖ്യാതമായ രണ്ടു പള്ളികള്‍ ഉയരുന്നതിനും പാരീസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനത്തിനും കാരണമായത്. നോത്രദാം എന്ന പഴയ പള്ളിയും അഴിമതിയും തകര്‍ക്കുമെന്നു ശപഥം ചെയ്തു നടന്നിരുന്ന ഷുഗറച്ചനെ കൂടെക്കൂട്ടാന്‍ കഴിഞ്ഞതാണ് മൗറിസിന്റെ വിജയം. ഷുഗര്‍ തന്റെ സെയ്ന്റ് ഡെനി മഠത്തില്‍ ഒരു ബസിലിക്കയും പണിതുയര്‍ത്തി.

നോത്രദാമിന്റെ കഥ പറയുമ്പോള്‍, അതിന്റെ എതിര്‍പക്ഷത്ത്, മത്സരബുദ്ധിയോടെ നിന്ന സെയ്ന്റ് ഡെനിയുടെ അമരക്കാരനാണ് അതിന്റെ ഉയര്‍ച്ചയ്ക്ക് കാരണം എന്നത് പലരും മറന്നുപോകുന്ന കാര്യമാണ്. എല്ലാത്തിനുമുപരി കുടുംബവും പണവും മറ്റുമല്ല, വെറും നിശ്ചയധാര്‍ഢ്യവും ആത്മാര്‍ഥതയും പിന്നെ കള്ളനും കൊള്ളക്കാരനും അവന്റെ നാണയത്തില്‍ തിരിച്ചും കൊടുക്കാനും പാരയ്ക്കു കട്ടപ്പാരകൊണ്ടു മറുപടി കൊടുക്കാനും കഴിയുന്ന സാധാരണക്കാരുടെ വിജയമാണ് ഈ രണ്ടു പള്ളികളും.നമ്മള്‍ ചരിത്രം വായിക്കുമ്പോള്‍, ഏതോ ഒരു രാജാവ് എന്തോ പണിതു എന്നങ്ങു വായിച്ചുപോവുകയാണ് പതിവ്. ഓരോ സൃഷ്ടിക്കും പിറകില്‍ അങ്ങനെ എത്രയെത്ര മനുഷ്യര്‍! ശില്പികളും കലാകാരന്മാരും പിന്നെ പണമിറക്കുന്ന രാജാക്കന്മാരും. എല്ലാം ചരിത്രത്തില്‍ സ്ഥാനം പിടിക്കും. ഇത് പണിയാന്‍ ചുക്കാന്‍ പിടിച്ചവര്‍ ആരാണ്. താജ്മഹല്‍ പണിതത് ഷാജഹാനാണ് എന്നു നമ്മള്‍ക്കറിയാം. എന്നാല്‍, അതിന്റെ പ്രോജക്റ്റ് മാനേജ് ചെയ്തത് ആരാണ്. ആര് ചക്രവര്‍ത്തിക്ക് ഈ ആശയം നല്‍കി. കഥ നോക്കിപ്പോയാല്‍ പല രസമുള്ള കഥാപാത്രങ്ങളെയും പരിചയപ്പെടാം.

എല്ലോറയിലെ കൈലാസക്ഷേത്രം എന്ന മഹാദ്ഭുതം ഒരു വൈദ്യന്റെ പാരകൊണ്ടുയര്‍ന്നതാണ് എന്ന കഥയൊക്കെ നല്ലരസമാണ്. അതുപോലെ ഷാജഹാന്റെ ചെറുമക്കളെ കോണ്‍ട്രാക്റ്റു പറഞ്ഞുപറ്റിച്ച് ഒരു ഡ്യുപ്‌ളിക്കേറ്റ് താജ്മഹല്‍ പണിത കഥയും മറ്റും അധികം ചരിത്ര പുസ്തകത്തില്‍ ഒന്നും കാണില്ല.

പാരീസിന്റെ കഥ പറയുമ്പോള്‍ ഫ്രഞ്ച് വിപ്‌ളവസിംഹങ്ങളും നെപ്പോളിയനും മറ്റുമാണ് നമ്മള്‍ സാധാരണ പറയുക. പക്ഷേ, എനിക്കിഷ്ടം വിറ്റ്മാന്റെ പുസ്തകക്കട, മൗറിസിന്റെ തരികിട, ഷുഗറിന്റെ ആത്മകഥവെച്ച് രാജാവിനെ മയക്കിയ ടെക്നിക്, അങ്ങനെ അങ്ങനെ ചെറിയ ചെറിയ കഥകളാണ്. യുദ്ധവും അധികാരവും മതവും അരുംകൊലയും നിറഞ്ഞ ഇരുണ്ട ചരിത്രത്തില്‍ ഇങ്ങനെയൊക്കെ ചില മനുഷ്യര്‍ എല്ലാ നാട്ടിലുമുണ്ട്. ഇവരുടെയൊക്കെയാണ് ചരിത്രം, അല്ലാതെ അത് ചക്രവര്‍ത്തിമാരുടെയും മത നേതാക്കന്മാരുടെയരും സന്ന്യാസി, കവി, നടന്‍, ഇത്യാദിക്കാരുടേതുമാത്രമല്ല.

മൗറിസച്ചനും ഷുഗറച്ചനും തമ്മിലുണ്ടായ ആത്മബന്ധമാണ് പള്ളിയുടെയും യൂണിവേഴ്സിറ്റിയുടെയും സ്ഥാപനത്തിന് കാരണമായത്. ആ ബന്ധത്തിനുള്ളിലുമുണ്ട് പല പല ഉള്‍പ്പിരിവുകളും

Content Highlights: Anand Neelakantan, Notre Dame, Paris Paris, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented