ഹരിത സാവിത്രി
ലൈംഗികാതിക്രമങ്ങളെയും ലൈംഗികവൈകൃതമാനസികാവസ്ഥയെയും ഓരോ രാജ്യവും ഏതുവിധത്തില്‍ മനോക്കിക്കാണുന്നു എന്നത് അവിടത്തെ സംസ്‌കാരത്തെയും ആശ്രയിച്ചിരിക്കുന്നു. ബസ്സില്‍ പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കാന്‍ പ്രതിയെ പൂമാലയിട്ടു സ്വീകരിച്ച കേരളത്തിലെ ഒരു കൂട്ടം മനുഷ്യര്‍ക്കെതിരെ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ വിമര്‍ശനമുന്നയിക്കുകയാണ് എഴുത്തുകാരിയായ ഹരിത സാവിത്രി. ഹരിത സാവിത്രിയുടെ പോസ്റ്റ് വായിക്കാം.
ഇക്കഴിഞ്ഞ ജൂണ്‍ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നഗരമദ്ധ്യത്തില്‍ ബാര്‍സലോണയുടെ വനിതാഫുട്‌ബോള്‍ ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷം നടക്കുകയായിരുന്നു. സെയ്ന്റ് ജൌമേ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തിനിടയില്‍വെച്ചു ഒരാള്‍ സ്വയംഭോഗം ചെയ്യുകയും തന്റെ അമ്മയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഒരു പതിനെട്ടു വയസ്സുകാരിയുടെ പിറകുഭാഗത്ത് സ്ഖലനം നടത്തുകയും ചെയ്തു. കളിക്കാര്‍ ബസിലേക്ക് കയറുന്ന സമയത്തെ തിരക്കിനിടയില്‍ നടന്ന സംഭവം അമ്മയുടെയും മകളുടെയും ശ്രദ്ധയില്‍പെട്ടയുടന്‍തന്നെ ബഹളമുണ്ടാക്കി. കറ്റലന്‍ പോലീസിലെ ഒരു ഓഫീസര്‍ ആ മനുഷ്യനെ തല്‍ക്ഷണം അറസ്റ്റ് ചെയ്തു. ഇരയുടെ അമ്മ പരാതി നല്‍കിയിട്ടുണ്ട്.
മേല്‍പ്പറഞ്ഞ സംഭവത്തില്‍ കുട്ടിയേയോ അമ്മയെയോ അവരുടെ വസ്ത്രങ്ങളെയോ ആരും വിമര്‍ശിച്ചില്ല എന്നു മാത്രമല്ല പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണം എന്ന ആവശ്യം രാജ്യമെമ്പാടും നിന്ന് ഉയരുകയും ചെയ്തു. ധാരാളം കുട്ടികളും കൗമാരപ്രായക്കാരും ബാര്‍സയുടെ വനിതാഫുട്‌ബോള്‍ ടീമിന് ആരാധകരായുണ്ട്. അവരുടെ വിജയങ്ങള്‍ രാജ്യത്തിന്റെ മാത്രമല്ല സ്ത്രീശക്തിയുടെയും വിജയമായാണ് കരുതുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷത്തിനിടയില്‍ നടന്ന ഈ ലൈംഗിക അതിക്രമത്തെ രാജ്യത്തെ സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന ഒന്നായാണ് സമൂഹം കണക്കാക്കുന്നത്. അതായത്, ഈ കുറ്റവാളിയെ പൂമാലയിട്ടു സ്വീകരിക്കാനും സോഷ്യല്‍ മീഡിയയില്‍ ന്യായീകരിച്ചുമെഴുകാനും ഇവിടെ ആളുകളില്ല എന്നര്‍ത്ഥം.
മാനസികരോഗികളും ലൈംഗിക വൈകല്യങ്ങള്‍ ഉള്ളവരും ലോകമെമ്പാടുമുണ്ട്. പക്ഷെ മറ്റു രാജ്യങ്ങളില്‍ അങ്ങനെയുള്ളവരെ നിയമ വ്യവസ്ഥയും സമൂഹവും കൈകാര്യം ചെയ്യുന്ന രീതി ഇന്ത്യയിലേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. സമാനമായ സംഭവങ്ങളില്‍ പ്രതിയെ വിചാരണ ചെയ്യുകയും ലൈംഗിക ആക്രമണത്തിന് ഏഴെട്ടു വര്‍ഷമെങ്കിലും ജയിലിലടയ്ക്കുകയും മാനസിക വൈകല്യമുണ്ട് എന്ന് തെളിഞ്ഞാല്‍ തടവില്‍ കിടക്കുന്ന കാലഘട്ടത്തില്‍ ആവശ്യമുള്ള ചികിത്സ നല്‍കുകയുമാണ് സ്‌പെയിനില്‍ പതിവ്.
ഭാരത സംസ്‌കാരം മറ്റു രാജ്യക്കാരുടെതിനേക്കാള്‍ മഹത്തരമാണ് എന്ന് കേട്ടാണ് വളര്‍ന്നത്. ഇപ്പോഴും പലരും ഈ താരതമ്യം ലജ്ജയില്ലാതെ നടത്തുന്നതും കേള്‍ക്കാറുണ്ട്. രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ച ഗുസ്തി താരങ്ങള്‍ ഒരു ലൈംഗിക അക്രമിയ്ക്ക് എതിരെ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ തെരുവുകളില്‍ കിടന്നു അടി വാങ്ങുന്നതും ബസ്സില്‍ വെച്ചു തനിക്കുനേരെ ലൈംഗികാക്രമണം നടത്തിയ മനോരോഗിയെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ പെണ്‍കുട്ടിയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയാത്ത വിധത്തില്‍ അപമാനിക്കപ്പെടുന്നതും ഈ നാട്ടില്‍ തന്നെയാണ്.
ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ ഈ ലോകത്തിനു മുന്നില്‍ അപമാനം കൊണ്ട് തല കുനിഞ്ഞുപോകുന്നു. നിങ്ങള്‍ നന്നാവും എന്ന് പ്രതീക്ഷയില്ല. പക്ഷെ, ദയവു ചെയ്തു 'സംസ്‌കാരം' എന്ന വാക്ക് പുട്ടിനു പീര ചേര്‍ക്കുന്നത് പോലെ ഇങ്ങനെ ഉപയോഗിക്കാതിരിക്കുക എങ്കിലും ചെയ്യാമോ?
Content Highlights: haritha savithri author of novel sin reacts on kerala sexual harassment culture


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..