'രേത് സമാധി'; ഇന്ത്യയിലെ മണല്‍ കുടീരങ്ങളെത്തേടി ബുക്കര്‍ എത്തുമ്പോള്‍


അതിര്‍ത്തികളുടെ അര്‍ത്ഥരാഹിത്യത്തെ രക്തക്കറപുരണ്ട ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍, വിചിത്രമായതെന്ന് തോന്നാവുന്ന ചില സാമൂഹ്യബന്ധങ്ങളുടെ പിന്‍ബലത്തില്‍ നോക്കിക്കാണുകയാണ് രേത് സമാധി എന്ന പുസ്തകത്തിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്.

ഗീതാഞ്ജലി ശ്രീ ബുക്കർ പുരസ്‌കാരവുമായി | Photo: AP

ടുവില്‍ അത് സംഭവിച്ചിരിക്കുന്നു! ഇന്ത്യന്‍ ഭാഷയിലുള്ള ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'Tomb of Sand' ആണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. നൊബേല്‍ സമ്മാനം കഴിഞ്ഞാല്‍ ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്ന പുരസ്‌കാരമാണ് ബുക്കര്‍.

അമേരിക്കന്‍ വംശജയായ ഡെയ്‌സി റോക്ക്‌വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. പുരസ്‌കാരത്തിന്റെ പകുതിത്തുക വിവര്‍ത്തകയുമായി പങ്കിടണം എന്നതും ബുക്കര്‍ പുരസ്‌കാരത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്‌സി റോക്ക്‌വെല്ലും പങ്കിടും.

അതിര്‍ത്തികളുടെ അര്‍ത്ഥരാഹിത്യത്തെ രക്തക്കറപുരണ്ട ഒരു കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍, വിചിത്രമായതെന്ന് തോന്നാവുന്ന ചില സാമൂഹ്യബന്ധങ്ങളുടെ പിന്‍ബലത്തില്‍ നോക്കിക്കാണുകയാണ് രേത് സമാധി എന്ന പുസ്തകത്തിലൂടെ നോവലിസ്റ്റ് ചെയ്യുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തെ തുടര്‍ന്ന് ജീവിതത്തിന്റെ താളം നഷ്ടപ്പെട്ട, ഏകാകിയായ, ഒരു എണ്‍പതുകാരിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുനടത്തത്തിന്റെ കഥയാണ് നോവല്‍ പറയുന്നത്. അതിനവര്‍ ഉപയോഗിച്ച ഭാഷ ഏറെ സവിശേഷതയുള്ളതാണ്. ആലങ്കാരികമെങ്കിലും കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ വലിയൊരു അനുഭവമണ്ഡലം വരച്ചിടുകയാണ് നോവലിസ്റ്റ്.

ജീവിതഗന്ധിയായ ഭാഷയിലൂടെ അവതരിപ്പിക്കപ്പെട്ട രേത് സമാധിയുടെ പ്രമേയം വര്‍ത്തമാന കാലത്തേയും അതുള്‍ക്കൊള്ളുന്ന സംസ്‌കാരത്തെയും സ്വാംശീകരിച്ചു വായനക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഹിന്ദി, ഉര്‍ദു ഭാഷകളില്‍ പ്രാവീണ്യം നേടിയ അമേരിക്കന്‍ വംശജ ഡെയ്‌സ് റോക് വെല്‍ നോവലിന്റെ സത്ത ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം ചെയ്തു എന്നതും ജൂറിയുടെ പ്രശംസയ്ക്കിടയാക്കി. ഇന്ത്യന്‍ സ്ത്രീകളുടെ സാഹചര്യങ്ങളെയും ഇന്ത്യാ-പാക് വിഭജനം, പലായനം പോലുള്ള സങ്കീര്‍ണമായ ചരിത്ര പശ്ചാത്തലങ്ങളെയും അമേരിക്കന്‍ വംശജയായ പരിഭാഷക അതിന്റെ തീക്ഷ്ണതയോടെ തന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി.

മായ്, ഹമാരാ ശഹര്‍ ഉസ് ബരസ്, തിരോഹിത്, ഖാലി ജഗാഹ് എന്നിവയാണ് ഗീതാഞ്ജലി ശ്രീയുടെ മറ്റ് നോവലുകള്‍. നിരവധി ചെറുകഥകളും ഗീതാഞ്ജലി രചിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, കൊറിയന്‍, ജര്‍മ്മന്‍, സെര്‍ബിയന്‍ ഭാഷകളിലേക്കും ഗീതാഞ്ജലിയുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഗീതാഞ്ജലി ശ്രീയും ഡെയ്‌സി റോക്‌വെലും

ജീവിതത്തില്‍ സംഭവിച്ച ഒരു നാടകീയതകളുമല്ല തന്നെ എഴുത്തുകാരിയാക്കിയതെന്ന് 'ബെറ്റര്‍ ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗീതാഞ്ജലി ശ്രീ പറയുന്നു. സ്വയം അടയാളപ്പെടുത്താനുള്ള തീവ്രമായ ആഗ്രഹമാണ് എഴുത്തിലേക്ക് എത്തിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവും എഴുതുമായിരുന്നു. വീട്ടില്‍ എല്ലായ്‌പ്പോഴും എഴുത്തിന്റെയും വായനയുടെയും അന്തരീക്ഷം നിലനിന്നിരുന്നു. വായനയുടെ സംസ്‌കാരം ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അതെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. അലഹബാദില്‍ ചിലവഴിച്ച കാലത്ത് അക്കാലത്തെ പ്രമുഖരായ പല എഴുത്തുകാരുമായും ഇടപെഴകാനുള്ള അവരസരമുണ്ടായി. ഇതെല്ലാം എഴുത്തുകാരിയാവാനുള്ള തന്റെ അഭിലാഷത്തെ വര്‍ധിപ്പിച്ചതായും ഗീതാഞ്ജലി പറയുന്നു.

പുസ്തകം വാങ്ങാം

അമേരിക്കക്കാരിയായ ഡെയ്‌സി റോക്‌വെല്‍ ഉപേന്ദ്രനാഥ് അഷ്‌ക്, ഭിഷാം സാഹ്നി, ഖദീജാ മസ്തൂര്‍ തുടങ്ങിയവരുടെ രചനകള്‍ വിവര്‍ത്തനം ചെയ്യുകയും ഹിന്ദി, ഉര്‍ദു ഭാഷകളിലെ മികച്ച കൃതികളെ ലോകസാഹിത്യത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഖദീജാ മസ്തൂറിന്റെ ദ വിമിന്‍സ് കോര്‍ട് യാര്‍ഡ് എന്ന നോവലിന്റെ വിവര്‍ത്തനം യൂറോപ്പില്‍ മീറ്റൂ മൂവ്‌മെന്റ് അതിന്റെ പ്രാരംഭദശയില്‍ നില്‍ക്കുമ്പോളായിരുന്നു പ്രസിദ്ധീകരിച്ചത്. നോവലിലെ സംഭവങ്ങളും പരാമര്‍ശങ്ങളും മീ റ്റൂവുമായി വളരെവേഗത്തില്‍ ബന്ധപ്പെടുത്താന്‍ ഇത് സഹായിച്ചിരുന്നു.

എഴുത്തുകാരിയുടെയും വിവര്‍ത്തകയുടെയും മാത്രമല്ല ഇന്ത്യന്‍ സാഹിത്യത്തിന് തന്നെ മുതല്‍ക്കൂട്ടാവുന്നു രേത് സമാധിയ്ക്ക് ലഭിച്ച ഈ അംഗീകാരം.

Content Highlights: Geetanjali Shree is first Indian winner of International Booker Prize

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented