'ഓഗസ്റ്റില്‍ നമ്മള്‍ കണ്ടുമുട്ടും'; എഴുത്തിന്റെ മാന്ത്രികത്വം ഒരിക്കല്‍ക്കൂടി


ജയകൃഷ്ണന്‍

3 min read
Read later
Print
Share

ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ അപൂര്‍ണ നോവല്‍ വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്.

ഗബ്രിയേൽ ഗാർസ്യ മാർക്കേസ് | Photo: AP

ങ്ങനെ, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിനെ നമ്മള്‍ വീണ്ടും കാണാന്‍പോകുന്നു! അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ പേരും അതുതന്നെയാണ് സൂചിപ്പിക്കുന്നത് -'ഓഗസ്റ്റില്‍ നമ്മള്‍ കണ്ടുമുട്ടും' (En Agosto Nos Vemos). എഴുത്തിന്റെ മാന്ത്രികത്വം ഒരിക്കല്‍ക്കൂടി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണിപ്പോള്‍ സാഹിത്യലോകം.

നോവല്‍ പക്ഷേ, പൂര്‍ണമല്ല. മുഴുമിപ്പിക്കാത്ത പുസ്തകം പ്രസിദ്ധീകരിക്കണോ എന്ന സന്ദേഹത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍. തികവുറ്റ കൃതികള്‍ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരെഴുത്തുകാരന്‍, ജീവിച്ചിരുന്നപ്പോള്‍ വെളിച്ചംകാണിക്കാതിരുന്ന ഒരു പുസ്തകത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകള്‍ സ്വാഭാവികം. ഇപ്പോള്‍, ഒരു പുനര്‍വായനയില്‍ ആ കൃതിയുടെ മഹത്ത്വം അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കാം. അതിന്റെ വായനയെന്ന മഹത്തായ അനുഭവം തങ്ങള്‍ക്കെന്നപോലെ ലോകത്തിനുമുണ്ടാവട്ടെ എന്നവര്‍ക്ക് തോന്നിയിട്ടുണ്ടാവാം.

സത്യത്തില്‍, 'ഓഗസ്റ്റില്‍ നമ്മള്‍ കണ്ടുമുട്ടും' എന്നത് 1999-ല്‍ കൊളംബിയന്‍ മാസികയായ കാംബിയോയില്‍ (Cambio) മാര്‍ക്കേസ് എഴുതിയ ഒരു കഥയുടെ പേരാണ്. ആ കഥയുടെ തുടര്‍ച്ചയാണ്, അടുത്തവര്‍ഷം പുറത്തിറങ്ങാന്‍പോകുന്ന ഈ നോവല്‍ എന്നു കരുതപ്പെടുന്നു. തന്റെ അമ്മയുടെ ശവകുടീരം സന്ദര്‍ശിക്കാന്‍ പേര് വെളിപ്പെടുത്താത്ത ഒരു കരീബിയന്‍ ദ്വീപിലെത്തുന്ന ഒരു സ്ത്രീയുടെ അസാധാരണമായ പ്രണയത്തിന്റെയും രതിയുടെയും കഥയാണത്.

ഓഗസ്റ്റ് 16 വെള്ളിയാഴ്ച രണ്ടുമണിക്കുള്ള കടത്തുബോട്ടില്‍ ആ സ്ത്രീ ദ്വീപിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ടാക്സികളുടെ നിരയില്‍ ഏറ്റവും പഴയ വണ്ടികളിലൊന്നിന്റെ ഡ്രൈവര്‍ പരിചയഭാവത്തോടെ അവളെ സ്വീകരിക്കുകയും കത്തുന്ന കടലിനഭിമുഖമായിനില്‍ക്കുന്ന, പന്നികളും ദാരിദ്ര്യവും നിറഞ്ഞ ഗ്രാമത്തിലൂടെ, ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹോട്ടലിലെത്തിക്കുകയും ചെയ്തു. സമുദ്രത്തിനും നീലനിറമുള്ള കൊറ്റികള്‍ നിറഞ്ഞ കായല്‍ത്തടാകത്തിനും ഇടയിലായി സ്ഥിതിചെയ്ത ഹോട്ടലിലെ, രണ്ടാംനിലയിലെ മുറിയില്‍ പതിവുപോലെ അവള്‍ ഒറ്റയ്ക്കായി.

അനാ മഗ്ദലേന ബാഖ് എന്നായിരുന്നു ഭര്‍ത്താവിന്റെകൂടെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ആ അന്‍പത്തിരണ്ടുകാരിയുടെ പേര്. മുറിയിലെ കണ്ണാടിയില്‍, രണ്ടു പ്രസവങ്ങള്‍ ശരീരത്തില്‍ വരച്ചിട്ട അടയാളങ്ങളെയും തിളങ്ങുന്ന തന്റെ മഞ്ഞക്കണ്ണുകളെയും ജാലകത്തിലൂടെ തടാകത്തിലെ നീലക്കൊറ്റികളെയും നോക്കിനിന്നിട്ട് അവള്‍ വീണ്ടും ടാക്സിയില്‍ കയറി. വഴിയിലൊരിടത്തുവെച്ച് കറുത്തവര്‍ഗക്കാരിയായ ഒരു സ്ത്രീ ഗ്ലാഡിയോലസ് പൂക്കളുടെ ഒരു പൂച്ചെണ്ട് അവള്‍ക്കുനല്‍കി. അതുമായി അവള്‍ പാവങ്ങളുടെ ശ്മശാനത്തിലെത്തി, അമ്മയുടെ കല്ലറയില്‍ പൂക്കള്‍വെച്ചു. ഇരുപത്തിയൊന്‍പതു വര്‍ഷമായി, മുടങ്ങാതെ, അമ്മയുടെ ചരമദിനമായ ഓഗസ്റ്റ് 16-ന് അവള്‍ അതുതന്നെ ചെയ്യുന്നു. പകരമായി അവളുടെ സംശയങ്ങള്‍ക്കെല്ലാം വിചിത്രസ്വപ്നങ്ങളിലൂടെ അമ്മ മറുപടിനല്‍കും, പിറ്റേന്ന് ഒന്‍പതുമണിക്കുള്ള കടത്തുബോട്ടില്‍ അവള്‍ തിരിച്ചുപോവുകയും ചെയ്യും.

വര: ദ്വിജിത്ത്

മുറിയില്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ വിവസ്ത്രയായി. വായിച്ചു പകുതിയാക്കിയ പുസ്തകം 'ഡ്രാക്കുള' മാറില്‍ കമിഴ്ത്തിവെച്ച് കിടന്നുറങ്ങി, വിശപ്പ് വിളിച്ചുണര്‍ത്തുന്നതുവരെ. ഭക്ഷണത്തോടൊപ്പം പതിവിനു വിപരീതമായി അവള്‍ മദ്യവും കഴിച്ചു. അപ്പോഴാണ് അവളയാളെ കണ്ടത്. വെളുത്ത ഷര്‍ട്ട് ധരിച്ച, ലോഹത്തിളക്കമുള്ള മുടിയും വരമീശയുമുള്ള അയാളില്‍ ലോകത്തിലെ ഏകാന്തത മുഴുവനുമുണ്ടായിരുന്നു. അയാള്‍ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അവള്‍ അയാളെത്തന്നെ നോക്കി. തന്റെ നിര്‍ദാക്ഷിണ്യമായ നോട്ടത്തില്‍ അയാള്‍ പതറുന്നതുകണ്ട് അവള്‍ക്ക് ധൈര്യമുണ്ടായി. അവള്‍ അയാളുടെ മുന്നില്‍ ചെന്നിരുന്നു. അവരൊരുമിച്ച് മദ്യപിച്ചു. അയാള്‍ കാത്തിരിക്കുന്നയാള്‍ ഒരിക്കലും വരില്ലെന്നും അയാള്‍ക്ക് തന്നേക്കാള്‍ ആറുവയസ്സു കുറവാണെന്നും അവള്‍ മനസ്സിലാക്കി. എന്നിട്ട് അയാളെ മുറിയിലേക്കു ക്ഷണിച്ചു. മുറിക്കകത്ത്, അയാളുടെ അങ്കലാപ്പുകണ്ട് അവള്‍തന്നെ മുന്‍കൈയെടുത്തു. അയാള്‍ക്കു മുകളിലിരുന്ന് അവള്‍ തന്റെ ആത്മാവിലേക്ക് കുതിരസവാരി നടത്തുകയും തന്നെപ്പറ്റി ചിന്തയേയില്ലാതെ അയാളെ തിന്നുതീര്‍ക്കുകയും ചെയ്തു. മുറിയില്‍ മിന്നാമിനുങ്ങുകളുടേതുപോലുള്ള പച്ചവെളിച്ചം നിറഞ്ഞു. വീണ്ടും രതിയിലേര്‍പ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അയാള്‍ ഉറക്കം അഭിനയിക്കുകയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ മുഴുവന്‍ ലോകത്തിനും പുറംതിരിഞ്ഞുകിടന്ന് അവള്‍ ഉറക്കത്തിലാഴ്ന്നു.

ഉണര്‍ന്നപ്പോള്‍, ജീവിതത്തിലാദ്യമായി താന്‍ വ്യഭിചരിച്ചിരിക്കുന്നുവെന്ന ബോധം മൃത്യുകിരണംപോലെ അവളിലേക്ക് തുളഞ്ഞിറങ്ങി. മുറിയില്‍ അയാളില്ലായിരുന്നു. ഡ്രാക്കുളപ്പുസ്തകത്തിന്റെ ഭയംജനിപ്പിക്കുന്ന ഏടുകള്‍ക്കിടയില്‍ തനിക്കായി അയാള്‍ ഇരുപത് ഡോളറിന്റെ ഒരു നോട്ട് മടക്കിവെച്ചിരിക്കുന്നത് അവള്‍ കണ്ടു. കഥ അവസാനിക്കുന്നു, മാന്ത്രികമായ ഒരു നോവലിലേക്കുള്ള മുഴുവന്‍ വഴികളും തുറന്നുകൊണ്ട്.

സ്പാനിഷ്-മെക്സിക്കന്‍ ചിത്രകാരി റെമിദിയോസ് വാരോയുടെ (Remedios Varo) 'പക്ഷികളുടെ സ്രഷ്ടാവ്' (Bird Creator) എന്ന ചിത്രമാണ് ഓര്‍മയില്‍. പക്ഷിയുടെ മുഖവും തൂവലുകളുമുള്ള ഒരു ദേവത കടലാസില്‍ പക്ഷിരൂപങ്ങള്‍ വരയ്ക്കുന്നു; അവ ജീവന്‍വെച്ച് രാത്രിയിലൂടെ പറന്നകലുന്നു. ഈ പക്ഷിദൈവത്തെപ്പോലെയാണ് മാര്‍ക്കേസ്. അദ്ദേഹമെഴുതുന്ന വാക്കുകള്‍ക്ക് രൂപങ്ങള്‍ കൈവരുന്നു; അവയും ജീവന്‍ കൈവരിച്ച് വായനക്കാര്‍ക്കുചുറ്റും ചിറകടിക്കുന്നു; അവരുടെ മനസ്സില്‍ ചേക്കേറുന്നു, എന്നന്നേക്കും.

Content Highlights: Gabriel García Márquez, New book, En Agosto Nos Vemos, Column by Jayakrishnan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K. Jayakumar

7 min

'ഫെസ്റ്റിവല്‍ ഭംഗിയായി നടക്കണമെങ്കില്‍ കോഴിക്കോട്ട് നടത്താം'; ആദ്യ ചലച്ചിത്രോത്സവത്തിന്റെ പിറവി

Mar 5, 2023


sudha murthy

5 min

വിശന്നുപൊരിഞ്ഞിരിക്കുമ്പോഴും 'ഇപ്പോ കഴിച്ചതേയുള്ളൂ' എന്ന മലയാളിപത്രാസ് ഒടിച്ചുമടക്കി സുധാമൂര്‍ത്തി

Dec 27, 2022


ഫ്രാന്‍സെസ്‌ക് മിറലസ്

3 min

ഇക്കിഗായികളെപ്പോലെ എല്ലായ്‌പ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഈ നിമിഷത്തില്‍ ജീവിക്കൂ- മിറലസ്

Sep 28, 2023


Most Commented