നരകജീവിതത്തില്‍ ഒടുങ്ങിയ കുറ്റാരോപിതര്‍; വെളിച്ചത്തില്‍ മറഞ്ഞ ലക്ഷ്മീകാന്തന്‍ കൊലക്കേസ്!


ജി.ആര്‍ ഇന്ദുഗോപന്‍പത്തുവര്‍ഷത്തിനുശേഷം 1957 ഓഗസ്റ്റ് 30-ന് കൃഷ്ണന്‍ (48) ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍വെച്ച് മരിക്കുമ്പോഴും കുടുംബം കടക്കെണിയിലായിരുന്നു. അത്രയ്ക്കായിരുന്നു കേസ് നടത്തിപ്പിന്റെ ഭാരം.

ചിത്രീകരണം: ലിജീഷ് കാക്കൂർ

ജി.ആര്‍ ഇന്ദുഗോപന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതി വരുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് എന്ന പംക്തിയുടെ അവസാനഭാഗം വായിക്കാം
ത്യാഗരാജഭാഗവതരും കൃഷ്ണനും ജയിലിലായി. കേസുനടത്തി കേസുനടത്തി ഇരുവരും ദരിദ്രരായി. ഒടുവില്‍ പുറത്തുവന്നപ്പോഴേക്കും ഭാഗവതര്‍ മറ്റൊരാളായിരുന്നു. രണ്ടുവര്‍ഷത്തെ ഇടവേളയില്‍ രണ്ടുപേരും ഒരേ ആശുപത്രിയില്‍വെച്ച് മരിച്ചു. അപ്പോഴും ഒരു ചോദ്യം ശേഷിച്ചു: ആരായിരുന്നു ലക്ഷ്മികാന്തന്‍ കൊലക്കേസിലെ യഥാര്‍ഥ ആസൂത്രകന്‍?

ലക്ഷ്മികാന്തന്‍ വധക്കേസില്‍ 1945 മേയ് മൂന്നിന് വിധി വന്നു. സൂപ്പര്‍സ്റ്റാര്‍ എം.കെ.ടി. ഭാഗവതര്‍ക്കും നടന്‍ കൃഷ്ണനും ജീവപര്യന്തം. ഇരുവരും അപ്പീല്‍പോയി. ഫലം കണ്ടില്ല. 1945 ഒക്ടോബര്‍ 29-ന് കോടതി അപ്പീല്‍ റദ്ദുചെയ്ത് വിധി ശരിവെച്ചു. അതോടെ ഭാഗവതരും കൃഷ്ണനും ജയിലിലായി. ബുക്ക് ബൈന്‍ഡിങ് വിഭാഗത്തിലായിരുന്നു ഇരുവര്‍ക്കും ജോലി. ജയിലില്‍ കിടന്നത് മുപ്പതുമാസം. പിന്നീടാണ് അപ്രതീക്ഷിതമായി ചിലത് സംഭവിച്ചത്.സ്വന്തംനിലപാടുകളിലും വ്യക്തിത്വത്തിലും എക്കാലവും ഉറച്ചുനിന്നിരുന്നു ഭാഗവതര്‍. അങ്ങനൊരാള്‍ ഇത്തരമൊരു ഗൂഢാലോചനയില്‍ പങ്കാളിയാകുമെന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ ഒരിക്കലും വിശ്വസിച്ചില്ല. ചരിത്രവും അത് ശരിവെക്കുന്നു. രണ്ടാംലോകയുദ്ധസമയത്ത് റെഡ്ക്രോസിനുവേണ്ടി പ്രതിഫലമില്ലാതെ ഒട്ടേറെ സംഗീതപരിപാടികളില്‍ പങ്കെടുത്ത്, വലിയതുക സ്വരുക്കൂട്ടി നല്‍കിയ ആളാണ് ഭാഗവതര്‍. പകരം, ബ്രിട്ടീഷ് സര്‍ക്കാര്‍ നീട്ടിയ 'ദിവാന്‍ ബഹാദൂര്‍' പദവി ''താന്‍ തന്റെ കര്‍മം ചെയ്യുകയായിരുന്നു'' എന്നുപറഞ്ഞ് നിരസിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എന്നാല്‍ ട്രിച്ചിക്കടുത്തുള്ള തിരുവരംബൂര്‍ ഗ്രാമം എഴുതിക്കൊടുക്കാമെന്നു പറഞ്ഞു. അതും വേണ്ടെന്നുവെച്ചു. (അതേ ഭാഗവതരുടെ നാലാം തലമുറയിലെ സായിറാം വാടകകൊടുക്കാന്‍പോലും നിവൃത്തിയില്ലാതെയായത് മറ്റൊരു കഥ. ഒടുവില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഇടപെട്ട് അഞ്ചുലക്ഷം രൂപയും കുറഞ്ഞവാടകയ്ക്ക് ഫ്‌ളാറ്റും അനുവദിക്കുകയായിരുന്നു.)

110 പവന്‍ വീതമുള്ള രണ്ടു സ്വര്‍ണത്തളികയിലായിരുന്നു ഭാഗവതര്‍ വീട്ടില്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇന്നത്തെ വിലയ്ക്ക് നാല്പതുലക്ഷത്തിന്റെ മുതലാണ് ഒരുപാത്രം. ഒരിക്കല്‍ ഒരു കവി സിനിമയില്‍ കൂടുതല്‍ അവസരം ചോദിച്ച് ഭാഗവതരുടെ വീട്ടിലെത്തി. ഭാഗവതര്‍ അതിഥിയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ഭൃത്യന്‍ ഭാഗവതര്‍ക്ക് സ്വര്‍ണത്തളികയും കവിക്ക് വാഴയിലയും ഇട്ടു. ഭാഗവതര്‍ ഇലയെടുത്ത് പകരം കവിക്ക് സ്വര്‍ണത്തളിക നല്‍കി.

ജയിലില്‍ കിടക്കുമ്പോഴും ഭാഗവതര്‍ 'ഇതു തന്റെ വിധി' എന്ന മട്ടിലായിരുന്നു. എന്നാല്‍, കൂട്ടുപ്രതി നടന്‍ കൃഷ്ണന്റെ ഭാര്യ നടി വി.എ. മധുരം നിരന്തരമായി പരിശ്രമിച്ച് കേസ് ലണ്ടനിലെ പ്രിവി കൗണ്‍സിലിന് മുന്നിലെത്തിച്ചു. പ്രഗല്ഭനായ ബ്രിട്ടീഷ് അഭിഭാഷകന്‍ ഡി.എന്‍. പ്രിറ്റ് ഇരുവര്‍ക്കുംവേണ്ടി ഹാജരായി. നാലംഗബെഞ്ച് കേസ് വീണ്ടും പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിയോടാവശ്യപ്പെട്ടു. കേസില്‍ വാദം കേട്ട ജസ്റ്റിസ് ഷഹാബുദ്ദീന്‍ മുമ്പാകെ (ഇദ്ദേഹം പിന്നീട് ഇന്ത്യാ വിഭജനത്തോടെ പാകിസ്താനിലെത്തി പാക് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി), പ്രതിഭാഗം വക്കീല്‍ വി.എല്‍. എത്തിരാജ് സാക്ഷികളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തു. (എത്തിരാജിന്റെ വിസ്താരത്തെ 'ഇരുപതാം നൂറ്റാണ്ടിലെ അദ്ഭുതം' എന്നാണ് സി.പി. രാമസ്വാമി അയ്യര്‍ വിശേഷിപ്പിച്ചിരുന്നത്). പ്രോസിക്യൂഷന്റെ തെളിവുകള്‍ക്ക് അടിത്തറയില്ലാത്തത് ഗുണമായി. പ്രതികളെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. അങ്ങനെ എം.കെ.ടി. ഭാഗവതരും കൃഷ്ണനും പുറത്തിറങ്ങി. തന്റെ രണ്ടാമത്തെ സ്വര്‍ണത്തളിക ഭാഗവതര്‍ എത്തിരാജിനാണ് നല്‍കിയത്. ചെന്നൈയിലെ എത്തിരാജ് വിമന്‍സ് കോളേജ് സ്ഥാപകന്‍കൂടിയായ എത്തിരാജ് 1960-ല്‍ മരിക്കുന്നതുവരെ ഈ തളികയില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

ഭാഗവതരുടെ ജീവിതം ജയില്‍വാസത്തിനുശേഷം

Also Read

ലക്ഷ്മിയും മൃണാളിനിയും ഇംഗ്ലീഷ് ഫ്രോക്കിന് ...

1947-ല്‍ ഭാഗവതര്‍ ജയില്‍മോചിതനാകുന്നതിനു മുമ്പുതന്നെ 12 ചിത്രങ്ങള്‍ക്കായി കരാറിലേര്‍പ്പെട്ടിരുന്നു. ജയിലില്‍നിന്ന് വന്ന് രാജമുക്തി, ശ്യാമള, അമരകവി, സിവഗാമി, പുതുവാഴ്വ് എന്നീ ചിത്രങ്ങളിലഭിനയിച്ചെങ്കിലും തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല (ഭാഗവതരുടെ മരണശേഷം റിലീസായ ചിത്രമായിരുന്നു സിവഗാമി. ഇതില്‍ ഭക്തനായ ത്യാഗരാജഭാഗവതരായിത്തന്നെയായിരുന്നു വേഷമിട്ടത്). പിന്നീട് സിനിമയോടുള്ള ഭാഗവതരുടെ താത്പര്യം കുറഞ്ഞു. സമ്പത്തിന്റെ ഏറിയപങ്കും കേസുനടത്തി നഷ്ടപ്പെട്ടിരുന്നു. പ്രശസ്തി കേവലം ഭ്രമം മാത്രമെന്നു തിരിച്ചറിഞ്ഞു. സംഗീതം മാത്രമായി പിന്നീടുള്ള ജീവിതം.

സൂപ്പര്‍താരമെന്ന സ്ഥാനം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സംഗീതക്കച്ചേരികള്‍ക്ക് വലിയ ആള്‍ക്കൂട്ടമായിരുന്നു. സി.എന്‍. അണ്ണാദുരെ ഡി.എം.കെ.യില്‍ ചേര്‍ക്കാനൊരു ശ്രമം നടത്തിയെങ്കിലും ദൈവസങ്കല്പത്തിനു വിരുദ്ധമായ അവരുടെ ആശയഗതികളോടു യോജിക്കാനാകാത്തതിനാല്‍ താത്പര്യപ്പെട്ടില്ല. കാമരാജ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചെങ്കിലും അതും നിരസിച്ചു. ക്ഷേത്രങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും കച്ചേരികള്‍ക്ക് പണം വാങ്ങിയില്ല. ഒരിടത്ത് വെള്ളിത്തളിക ഉപഹാരമായി നല്‍കിയത് സ്വീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ''ഒരുപാട് വെള്ളി, സ്വര്‍ണ തളികകള്‍ കണ്ടിട്ടുണ്ട്''. പിന്നീടൊരിക്കല്‍ പറഞ്ഞു: ''എന്നൈ പോല്‍ വാഴ്ന്തവനും യാരുമില്ലൈ, എന്നൈപ്പോല്‍ താഴ്ന്തവനും യാരുമില്ലൈ''(എന്നെപ്പോല്‍ ഉന്നതിയില്‍ ജീവിച്ചവര്‍ ആരുമില്ല. എന്നെപ്പോല്‍ അധഃപതിച്ചവനും ആരുമില്ല). ആത്മീയവും സ്വസ്ഥവുമായ മറ്റൊരു ആന്തരികജീവിതത്തിലേക്ക് ഭാഗവതര്‍ മാറിക്കഴിഞ്ഞിരുന്നു. ശിഷ്ടജീവിതം ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മാറ്റിവെച്ചു. ഇതിനിടെ പ്രമേഹവും കടുത്ത രക്തസമ്മര്‍ദവും വലച്ചു. ഇന്‍സുലിന്‍ കുത്തിവെപ്പ് മുടങ്ങാതെ എടുക്കേണ്ടിവന്നു. മരിക്കുന്നതിന് പത്തുദിവസംമുമ്പ് പൊള്ളാച്ചിയിലെ ഒരു കച്ചേരി കഴിഞ്ഞപ്പോള്‍ ഒരു ആരാധകന്‍ നല്‍കിയ നാട്ടുമരുന്ന് കഴിച്ചത് അബദ്ധമായെന്ന് പറയപ്പെടുന്നു. അസ്വസ്ഥതകൂടി. മദിരാശിയിലെ ആശുപത്രിയില്‍ പോകാന്‍ രാത്രി പൊള്ളാച്ചി റെയില്‍വേസ്റ്റേഷനിലെത്തിയപ്പോള്‍ പെട്ടെന്ന് കറന്റുപോയി. ഘോരാന്ധകാരം. ഒരു സുഹൃത്തു പറഞ്ഞു: നല്ല ലക്ഷണമല്ല. 'വിധിപോലെയേ വരൂ' എന്നുപറഞ്ഞ് ഭാഗവതര്‍ മദ്രാസിലേക്ക് യാത്രയായി.

1959, ഒക്ടോബര്‍ 22-ന് അഡ്മിറ്റായ അദ്ദേഹം നവംബര്‍ 1-ന് അന്തരിച്ചു. സമ്പത്തുകുറഞ്ഞിരിക്കാം, പക്ഷേ ദാരിദ്ര്യത്തിലല്ല അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിനായി എന്തിനുംതയ്യാറായി ആരാധകരായ സമ്പന്നരും വ്യവസായികളുമായി ഒരുപാടുപേര്‍ അന്നും മദിരാശിയിലുണ്ടായിരുന്നു. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ കണ്ട ഭാഗവതരാണ് മാറിയത്. യുക്തിവാദത്തെ പിന്തുണയ്ക്കുന്ന കഥാസാരമുള്ള സിനിമയ്ക്ക് ഒരുലക്ഷം പറഞ്ഞിട്ടും അദ്ദേഹം അഭിനയിച്ചില്ല. ഉയര്‍ന്നുവരുന്ന താരം ശിവാജിക്കൊപ്പം അഭിനയിക്കാന്‍, പ്രധാനതാരത്തെക്കാള്‍ പതിനായിരം രൂപ അധികം വാഗ്ദാനംചെയ്തിട്ടും അദ്ദേഹം താത്പര്യപ്പെട്ടില്ല. സൂപ്പര്‍സ്റ്റാര്‍ എന്ന സ്ഥാനത്തിന് ഊനംതട്ടി എന്നല്ലാതെ അദ്ദേഹം അവഗണിക്കപ്പെട്ടില്ല, വിസ്മരിക്കപ്പെട്ടുമില്ല. യഥാര്‍ഥത്തില്‍ നടന്‍ കൃഷ്ണനെയാണ് കേസ് നടത്തിപ്പ് വല്ലാതെ ബാധിച്ചത്. വിധിവന്നശേഷം കൃഷ്ണന്‍ പത്‌നി മധുരവുമൊത്ത് സിനിമയില്‍ സജീവമാവുകയും കലൈവാണര്‍ എന്നപേരില്‍ തുടര്‍ന്നും കാണികളെ ചിരിപ്പിക്കുകയും ചെയ്തു. ഡി.എം.കെ.യില്‍ അംഗത്വമെടുത്ത് രാഷ്ട്രീയത്തിലും സജീവമായി. പക്ഷേ, ജയില്‍മോചിതനായി പത്തുവര്‍ഷത്തിനുശേഷം 1957 ഓഗസ്റ്റ് 30-ന് കൃഷ്ണന്‍ (48) ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജനറല്‍ ആശുപത്രിയില്‍വെച്ച് മരിക്കുമ്പോഴും കുടുംബം കടക്കെണിയിലായിരുന്നു. അത്രയ്ക്കായിരുന്നു കേസ് നടത്തിപ്പിന്റെ ഭാരം.

ഭാഗവതരാകട്ടെ, രാജാവിനെപ്പോലെത്തന്നെയാണ് മരിച്ചത്. ട്രിച്ചിയിലെ വീട്ടില്‍നിന്ന് നഗരാതിര്‍ത്തിയിലെ ശ്മശാനത്തിലെത്താന്‍, നാലുമണിക്കൂറെടുത്തു. ആയിരങ്ങളാണ് വഴിയിലുടനീളം അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണാന്‍ കാത്തുനിന്നത്.

ഭാഗവതരും കൃഷ്ണനും അങ്ങനെ രണ്ടുവര്‍ഷത്തെ ഇടവേളയില്‍ ഒരേ ആശുപത്രിയില്‍ മരിച്ചു. അപ്പോഴും ജനം ചോദിച്ചു: ആരായിരുന്നു ലക്ഷ്മികാന്തന്‍ കൊലയ്ക്കുപിന്നിലെ യഥാര്‍ഥ ആസൂത്രകന്‍? അത് തെളിയാത്ത കേസായി അവശേഷിച്ചു.

Content Highlights: G.R Indugopan, Lakshmikanthan Murder Case, Bhagavathar, Krishnan, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented