തമിഴ് സിനിമാലോകത്തെ 'ചൂടന്‍' കഥകള്‍ വാര്‍ത്തയാക്കിയ ലക്ഷ്മീകാന്ത് കൊല്ലപ്പെട്ടത് ആരുടെ കൈകൊണ്ട്?


ജി.ആര്‍ ഇന്ദുഗോപന്‍ലക്ഷ്മീകാന്തനെ തളയ്ക്കാന്‍ അതുകൊണ്ടായില്ല. അയാളുടെ കൈയില്‍ പൂത്ത കാശുണ്ടായിരുന്നു. അടച്ചിട്ട ഹിന്ദു നേഷന്‍ (നേശന്‍) പത്രം വിലയ്ക്കുവാങ്ങി

ചിത്രീകരണം : ലിജീഷ് കാക്കൂർ

''എഴുതിയെഴുതി സമ്പാദിച്ചതായിരുന്നു ലക്ഷ്മീകാന്തന്‍ തന്റെ മരണം. ഗോസിപ്പുകള്‍ എഴുതി നടന്മാരായ എം.കെ ത്യാഗരാജ ഭാഗവതരെയും എന്‍.എസ്. കൃഷ്ണനെയും നിര്‍മാതാവ് ശ്രീരാമുലുവിനെയും അയാള്‍ ശത്രുക്കളാക്കി. അവര്‍ ലക്ഷ്മീകാന്തനെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു''- ജി.ആര്‍ ഇന്ദുഗോപന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതുന്ന മര്‍ഡര്‍ ഇന്‍ മദ്രാസ് എന്ന പംക്തിയില്‍ ലക്ഷ്മീകാന്തന്‍ വധക്കേസ് വായിക്കാം.

ന്ത്യയില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം. രണ്ടാം ലോകയുദ്ധം (1939-1945) അവസാനഘട്ടത്തില്‍. അക്കാലം, 1944 നവംബര്‍ എട്ടിനാണ് മദ്രാസിനെ ഞെട്ടിച്ച ആ കൊലപാതകം നടക്കുന്നത്. മദ്രാസിലെ ജനം അല്ലാതെത്തന്നെ അങ്കലാപ്പിലായിരുന്നു. ജപ്പാന്‍ യുദ്ധവിമാനം 1943 ഒക്ടോബര്‍ 11-ന് മദ്രാസിനുമേല്‍ ബോംബിട്ടു. അതിന്റെ ഭയം. വ്യാജപ്രചാരണം ഒഴിവാക്കാന്‍ പത്രങ്ങള്‍ക്കും എന്തിന് കത്തുകള്‍ക്കു പോലും സെന്‍സര്‍ഷിപ്പ് നിലനിന്ന കാലം. ഇതിനിടെയാണ് വ്യാജരേഖാക്കേസില്‍ പ്രതിയായി അന്തമാന്‍ ജയിലില്‍ക്കിടന്ന് തിരിച്ചെത്തിയ ലക്ഷ്മീകാന്തന്‍ 'സിനിമാദൂത്' എന്ന മഞ്ഞപ്പത്രം തുടങ്ങിയത്. താരങ്ങളുടെ അണിയറരഹസ്യങ്ങള്‍, ഉന്നതരുടെ അവിഹിതങ്ങള്‍, സിനിമയില്‍ ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളുടെ കണ്ണുനീര്‍ക്കഥകള്‍...നല്ല വില്‍പ്പന. നടിമാരും സിനിമയിലെ ഉന്നതരും അതോടെ ഗവര്‍ണര്‍ ആര്‍തര്‍ ഓസ്വാള്‍ഡ് ജെയിംസ് ഹോപ്പിനെക്കണ്ട് സങ്കടം പറഞ്ഞു. 1944-ല്‍ 'സിനിമാദൂത്' പൂട്ടിക്കെട്ടാന്‍ ഉത്തരവായി.ലക്ഷ്മീകാന്തനെ തളയ്ക്കാന്‍ അതുകൊണ്ടായില്ല. അയാളുടെ കൈയില്‍ പൂത്ത കാശുണ്ടായിരുന്നു. അടച്ചിട്ട ഹിന്ദു നേഷന്‍ (നേശന്‍) പത്രം വിലയ്ക്കുവാങ്ങി. വന്‍തിമിംഗിലങ്ങളെ ലക്ഷ്യംവെച്ചായിരുന്നു പുത്തന്‍ വരവ്. തമിഴ്സിനിമയിലെ മുടിചൂടാമന്നനായ എം.കെ. ത്യാഗരാജ ഭാഗവതര്‍, ഹാസ്യനടന്‍ നാഗര്‍കോവില്‍ സുടലൈ മുത്തുകൃഷ്ണന്‍ എന്ന എന്‍.എസ്. കൃഷ്ണന്‍, കോയമ്പത്തൂരുകാരനായ നിര്‍മാതാവും സംവിധായകനുമായ ശ്രീരാമുലു നായിഡു എന്നിവരായിരുന്നു പ്രധാന ഇരകള്‍. ഇവരുടെ ചൂടന്‍കഥകള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു. തമിഴ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാറായിരുന്നു ഭാഗവതര്‍. ആരാധനമൂത്ത് എം.കെ.ടി.യെ കാണാന്‍ യുവതികള്‍ വീട് വിട്ട് മദ്രാസിലെത്തിക്കൊണ്ടിരുന്നു. അദ്ദേഹം യാത്രചെയ്യുന്ന തീവണ്ടി കാണാനായി മാത്രം, ജനം റയില്‍വേ സ്റ്റേഷനുകളില്‍ തടിച്ചുകൂടി. തമിഴ് സിനിമാവ്യവസായത്തില്‍ ആദ്യ മെഴ്സിഡസ് ബെന്‍സ് സ്വന്തമാക്കിയ അതിസമ്പന്നന്‍. തമിഴ് സിനിമാചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി ഒരുവര്‍ഷത്തിലധികം പ്രദര്‍ശിപ്പിച്ച 'ചിന്താമണി'യിലെ നായകന്‍. ഭാഗവതരെയും ചിത്രത്തിലെ നായിക സന്താനലക്ഷ്മിയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ലക്ഷ്മീകാന്തന്‍ നിരന്തരമായി എഴുതി. ഇക്കാലത്താണ് ലക്ഷ്മീകാന്തനെതിരേ വധശ്രമമുണ്ടായത്.

1944, ഒക്ടോബര്‍ 19

വീട്ടിലേക്കുള്ള വഴിയില്‍വെച്ച് വടിവേലു എന്നൊരാള്‍ ലക്ഷ്മീകാന്തന്റെ കഴുത്തിന് കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഹിന്ദു നേഷന്‍ പത്രത്തിലെ പ്രൂഫ് റീഡര്‍ ആയിരുന്ന നാഗലിംഗമായിരുന്നു ആസൂത്രകന്‍. ഇവര്‍ തമ്മില്‍ തെറ്റിയിരുന്നു. കഴുത്തിലെ മുറിവ് മാരകമായിരുന്നില്ല. അതിനാല്‍ പോലീസ് കേസ് കാര്യമായെടുത്തില്ല.

1944 നവംബര്‍ 8

രണ്ടാമത്തെ ആക്രമണം അന്നായിരുന്നു!

നാഗലിംഗത്തിനും വടിവേലുവിനുമെതിരേയുള്ള കേസിനെക്കുറിച്ച് സംസാരിക്കാന്‍, ജനറല്‍ കോളിന്‍സ് റോഡിലെ വക്കീല്‍ ജെ. നാര്‍ഗുണത്തിന്റെ വീട്ടിലെത്തിയതാണ് ലക്ഷ്മീകാന്തന്‍. വക്കീലിനെക്കണ്ട്, 10 മണിയോടെ റിക്ഷയില്‍ മടങ്ങാന്‍ തുടങ്ങുമ്പോള്‍ നാഗലിംഗവും വടിവേലുവും ഓടിവന്ന് റിക്ഷ തടഞ്ഞു. വടിവേലു ലക്ഷ്മീകാന്തനെ കുത്തി; ഇത്തവണ വയറിന്റെ ഇടതുഭാഗത്ത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ലക്ഷ്മീകാന്തന്‍ പോലീസ് സ്റ്റേഷനില്‍ കയറി മൊഴിനല്‍കി. പിറ്റേന്ന് നില ഗുരുതരമായി. വെളുപ്പിന് 4-15-ന് മരിച്ചു. മരിക്കുമ്പോള്‍ ലക്ഷ്മീകാന്തന് 50 വയസ്സായിരുന്നു പ്രായം.

കേസ് രജിസ്റ്റര്‍ചെയ്ത് (2201/1944) ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കുത്തിയ വടിവേലുവിനെയും നാഗലിംഗത്തെയും അറസ്റ്റ് ചെയ്തു. ഇരുവരെയും റിക്ഷാക്കാരന്‍ തിരിച്ചറിഞ്ഞു.

നവംബര്‍ 11-ന് പോലീസിന്റെ കൈയില്‍ ഒരു എഴുത്തു ലഭിച്ചു. 'ലക്ഷ്മീകാന്തനെ അവസാനിപ്പിച്ചുവെന്നും ഈ വാര്‍ത്ത പുറത്തറിയരുത്' എന്നുമായിരുന്നു ഉള്ളടക്കം. അയച്ചയാളിനെയും മേല്‍വിലാസക്കാരനെയും കണ്ടെത്തി. സൂപ്പര്‍സ്റ്റാര്‍ എം.കെ.ടി. ഭാഗവതര്‍, ഹാസ്യനടന്‍ എന്‍.എസ്. കൃഷ്ണന്‍, നിര്‍മാതാവ് ശ്രീരാമുലു എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഇവരുടെ വിശ്വസ്തനാണ് കൊല നടത്തിയതെന്നും ഇവര്‍ മൊഴിനല്‍കിയതോടെ കേസ് തിരിഞ്ഞു. കൊലപാതകസ്ഥലത്തുനിന്ന് ഓടിമറഞ്ഞ ജയാനന്ദന്‍ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. അന്നത്തെ നടി മാധുരിയുടെ ജ്യേഷ്ഠനായിരുന്നു ഇയാള്‍. തന്റെ സഹോദരിയെക്കുറിച്ച് ലക്ഷ്മീകാന്തന്‍ പല അനാവശ്യങ്ങളും എഴുതിയതിന്റെ പകയുണ്ടായിരുന്നു. പ്രോസിക്യൂഷന്‍ ജയാനന്ദനെ മാപ്പുസാക്ഷിയാക്കി. ലക്ഷ്മീകാന്തനെ വധിക്കാനും കേസ് നടത്താനുമുള്ള കാശ് ഭാഗവതര്‍, കൃഷ്ണന്‍ എന്നിവര്‍ നല്‍കുമെന്ന് തനിക്ക് ഉറപ്പു ലഭിച്ചിരുന്നതായി ജയാനന്ദന്‍ മൊഴി നല്‍കി. ഇതിനായി വടിവേലുവുംമറ്റും തന്നെ ഒരു തിയേറ്ററിലേക്ക് കൊണ്ടുപോയി. മേക്കപ്പ് റൂമില്‍ കാത്തിരുന്നപ്പോള്‍ അവിടെ ഭാഗവതരും കൃഷ്ണനും വന്നു. കാര്യം തീര്‍ത്താലുടനെ 2500 രൂപ നല്‍കാമെന്ന് ഭാഗവതര്‍ ഉറപ്പു നല്‍കിയെന്നും ഇയാള്‍ പറഞ്ഞു.

ഡിസംബര്‍ 27, 1944

അറസ്റ്റ്

തമിഴ് ഇസൈസംഘത്തില്‍ കച്ചേരി അവതരിപ്പിച്ച് മടങ്ങിയ ഭാഗവതരെ പോലീസ് നടുറോഡില്‍വെച്ച് അറസ്റ്റുചെയ്തു. സേലത്തെ ഷൂട്ടിങ് സെറ്റില്‍നിന്ന് കൃഷ്ണന്‍ അറസ്റ്റിലായി. വാര്‍ത്ത ഭാഗവതരുടെ ആരാധകരെ ഞെട്ടിച്ചു. ഭാഗവതരും ടി.ആര്‍. രാജകുമാരിയും അഭിനയിച്ച് അറസ്റ്റിനു രണ്ടുമാസംമുന്‍പ് പുറത്തിറങ്ങിയ 'ഹരിദാസ്' എന്ന ചലച്ചിത്രം അതിന്റെ ''ആഘാത'ത്തെത്തുടര്‍ന്ന് തകര്‍ത്തോടിയത് 784 ദിവസം. തമിഴ് സിനിമാചരിത്രത്തിലെ ആ റെക്കോഡ് 60 വര്‍ഷം നിലനിന്നു. 2005-ല്‍ ഇറങ്ങിയ, രജനികാന്ത് അഭിനയിച്ച ചന്ദ്രമുഖിയാണ് ഇത് തകര്‍ത്തത്.

മൂന്നും നാലും പ്രതികളായ ഭാഗവതരും കൃഷ്ണനും ജാമ്യം ലഭിച്ചെങ്കിലും 1945 ഫെബ്രുവരി 12-ന് മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കി. ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ ജസ്റ്റിസ് ബയേഴ്സസ് അനുമതി നല്‍കി. പിന്നെയും ട്വിസ്റ്റ്.

1945, ഏപ്രില്‍ 2

ജസ്റ്റിസ് വേരാ മോക്കെറ്റ് ആയിരുന്നു ഹൈക്കോടതിയില്‍ വാദം കേട്ടത് . ഒന്‍പത് പേരടങ്ങുന്ന ജൂറി. 30 സാക്ഷികളെ വിസ്തരിച്ചു. വിചാരണ ദിവസം സൂപ്പര്‍സ്റ്റാര്‍ ഭാഗവതരുള്‍പ്പെടെയുള്ള പ്രതികളെ കൈവിലങ്ങിട്ട് കോടതിയുടെ താഴത്തെ നിലയിലെത്തിക്കും. കേസ് വിളിക്കുമ്പോള്‍ മുകളില്‍ കോടതിമുറിയിലെത്തിക്കും. അതുവരെ വിലങ്ങുമായി ഇരിക്കേണ്ടിവരും.

പ്രോസിക്യൂഷനും ശക്തമായിരുന്നു. അഡ്വക്കേറ്റ് ജനറല്‍ പി.വി. രാജമണ്ണാര്‍ (ഇദ്ദേഹം പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി), പി. ഗോവിന്ദമേനോന്‍ (ഗോവിന്ദമേനോന്‍ പിന്നീട് സുപ്രീംകോടതി ജഡ്ജിയായി.) എന്നിവര്‍ ഹാജരായി.

സിനിമാദൂതിലും ഹിന്ദു നേഷനിലും ലക്ഷ്മീകാന്തന്‍ ഭാഗവതര്‍ക്കെതിരേയും കൃഷ്ണനെതിരേയും പ്രസിദ്ധീകരിച്ച അപകീര്‍ത്തികരമായ ലേഖനങ്ങള്‍, കുത്താനുപയോഗിച്ച കത്തി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, ഭാഗവതരുടെ കണക്കുപുസ്തകം (ഇതില്‍ പ്രതികളില്‍ പലര്‍ക്കും പണം കൈമാറിയതായി സൂചനയുണ്ടായിരുന്നു) ഇവയെല്ലാം തെളിവായി. മാപ്പുസാക്ഷിയായ ജയാനന്ദന്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു.

ലക്ഷ്മികാന്തനെ അഡ്മിറ്റ് ചെയ്തപ്പോള്‍ ആദ്യം പരിശോധിച്ച ഡോ. ജോസഫിനെ കോടതി വിളിപ്പിച്ചില്ല. ജഡ്ജി സൂചിപ്പിച്ചുവെങ്കിലും അതിന്റെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. അതിനാല്‍ കോടതി ഡോക്ടറുടെ കേസ്ഷീറ്റ് മാത്രം പരിശോധിച്ചു. ലക്ഷ്മീകാന്തന്‍ ഡോക്ടര്‍ക്കു നല്‍കിയ മൊഴിയില്‍ വടിവേലുവിന്റെയോ നാഗലിംഗത്തിന്റെയോ പേര് പരാമര്‍ശിച്ചിരുന്നില്ല.

ലക്ഷ്മികാന്തന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറായതാണ് മരണകാരണം. എന്നാല്‍ കത്തി കുത്തിയിറങ്ങിയ ഭാഗത്ത് പ്രധാന ആന്തരാവയവങ്ങളില്ലാതിരുന്നിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യമുയര്‍ന്നു. ഓപ്പറേഷനിടെയുള്ള കൈപ്പിഴയുടെ സാധ്യത തള്ളിക്കളയാനാകുമായിരുന്നില്ല. പ്രതിഭാഗത്ത് നിന്നുള്ള അത്തരം ചോദ്യം ഒഴിവാക്കാനാണ് പ്രോസിക്യൂഷന്‍ ഡോക്ടറെ വിസ്തരിക്കാന്‍ വിളിക്കാതിരുന്നത്. പ്രതിഭാഗമാകട്ടെ, മരണത്തെ നരഹത്യയായി മാത്രം കാണണമെന്നും കൊലപാതകമായി പരിഗണിക്കരുതെന്നും മാത്രമാണ് അപേക്ഷിച്ചത്. ലക്ഷ്മീകാന്തന് വൃക്കരോഗമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിക്കാനുമായില്ല. വടിവേലു മുന്‍പും ലക്ഷ്മീകാന്തനെ ആക്രമിച്ചിട്ടുണ്ടെന്നും ഇതിന്റെ തുടര്‍ച്ച മാത്രമായിരുന്നു രണ്ടാമത്തെ ആക്രമണമെന്നുമുള്ള പ്രധാന വാദം തക്കരീതിയില്‍ ഉപയോഗിക്കാനും പ്രതിഭാഗത്തിനായില്ല.

(തുടരും)

Content Highlights: G.R Indugopan, Crime Thriller,Murder in Madras, Lakshmikanthan Assassination Case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented