ചിത്രീകരണം: ലിജീഷ് കാക്കൂർ
70 വര്‍ഷംമുമ്പ് മദിരാശി നഗരത്തില്‍നടന്ന ഒരു സംഭവമാണിത്. ഇതില്‍ കാമവും പ്രതികാരവും കൊലപാതകവും അന്വേഷണവുമെല്ലാമുണ്ട്. ഫൊറന്‍സിക് സയന്‍സിന്റെ സൂക്ഷ്മമായ പ്രയോഗമുണ്ട്. ഒളിച്ചോടലും പിടികൂടലും ജയില്‍ ജീവിതവും പലായനവുമുണ്ട്. വിവാദമായ ആ കൊലപാതകത്തിന് 70 വയസ്സാകുന്ന ഓഗസ്റ്റ് 28-ന് ഇന്ദുഗോപന്‍ എഴുതിത്തുടങ്ങുന്നു.
കാലം 1952. 70 വര്‍ഷം മുന്‍പ് ഒരു ഓഗസ്റ്റ് 28. അന്ന് ദാരുണമായത് ചിലത് മദ്രാസ് പട്ടണത്തില്‍ സംഭവിച്ചു. അന്നേ ദിവസം ആരുമറിഞ്ഞില്ല. പിറ്റേന്ന്. ബ്രോഡ്വേയിലെ ഒരു പാര്‍ക്ക്. പുലര്‍ച്ചെ. പാര്‍ക്ക് വൃത്തിയാക്കാനെത്തിയതാണ് തോട്ടക്കാരന്‍. അന്നേരം ചെടികള്‍ക്കിടയില്‍ ഒരു കറിക്കത്തി കിടക്കുന്നതുകണ്ടു. അയാളതെടുത്ത് തന്റെ രഹസ്യകാമുകിക്ക് കൈമാറി. അവരത് അടുക്കളയില്‍ ഉപയോഗിച്ചുതുടങ്ങി. നല്ല മൂര്‍ച്ച. രണ്ടാഴ്ചയ്ക്കുശേഷം ഒരുദിവസം കാമുകന്‍ വാതിലില്‍ മുട്ടി. ''ആ കത്തിയെവിടെ?'' കാമുകി ചോദിച്ചു: ''എന്തിനാ?'' അന്നേരമാണ് പിന്നില്‍ പോലീസിനെ കണ്ടത്. കാമുകന്‍ പറഞ്ഞു: ''വേഗമെടുത്തോണ്ടു വാ. ഒരാളിന്റെ തലയറുത്ത കത്തിയാ.'' അവര്‍ ഞെട്ടിപ്പോയി.

മദ്രാസിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തലേന്ന് (ഓഗസ്റ്റ് 28) രാത്രി എട്ടുമണിക്ക് പുറപ്പെട്ട തീവണ്ടി രാമേശ്വരം ധനുഷ്‌കോടി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. തീവണ്ടി മാനാമധുരെയിലേക്കടുക്കുന്നു. മൂന്നാംക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ വല്ലാത്തൊരു ദുര്‍ഗന്ധം. മെല്ലെ, അത് അസഹനീയമാവുകയാണ്. യാത്രക്കാര്‍ പരതി. സീറ്റിനടിയില്‍ ഒരു പച്ച ട്രങ്കുപെട്ടി. അതില്‍നിന്ന് നിറമില്ലാത്ത ദ്രാവകം ഒലിച്ചിറങ്ങുന്നു. 'പെട്ടി ആരുടേതാണ്' എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തീവണ്ടിയുടെ പേര് ഇന്തോ-സിലോണ്‍ എക്‌സ്പ്രസ്. വല്ലാത്തൊരു വണ്ടി. ധനുഷ്‌കോടിയില്‍ കര തീരുന്നിടത്തും യാത്ര അവസാനിപ്പിക്കേണ്ടതില്ല. ധനുഷ്‌കോടി മുതല്‍ ബോട്ട്. അതില്‍ സിലോണിലെത്താം. ഇന്നത്തെ ശ്രീലങ്ക.
പിറ്റേന്ന് ഓഗസ്റ്റ് 29. രാവിലെ 10.15. തീവണ്ടി മാനാമധുരെ സ്റ്റേഷനില്‍ എത്തി. യാത്രക്കാരുടെ പരാതിയില്‍ - ടി.ടി.ആര്‍. റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പോലീസുകാരും മാനാമധുരെ സ്റ്റേഷന്‍ മാസ്റ്ററും എത്തി. ട്രങ്ക് പെട്ടി പ്ലാറ്റ്ഫോമിലേക്ക് മാറ്റി പോലീസ് ബന്തവസ്സില്‍ തുറന്നു. ഞെട്ടിപ്പോയി. ഒരു പുരുഷശരീരം. നഗ്‌നമാണ്. കൈകാലുകള്‍ വെട്ടിമാറ്റി പെട്ടിയില്‍ത്തന്നെ വെച്ചിട്ടുണ്ടായിരുന്നു. തല മാത്രമില്ല.
മാനാമധുര പോലീസ് തലയില്ലാത്ത അജ്ഞാതശരീരം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. മാനാമധുരെ അന്ന് രാമനാട് ജില്ലയുടെ ഭാഗമായിരുന്നു (ഇപ്പോഴത്തെ രാമനാഥപുരം). എര്‍ക്സൈന്‍ ഹോസ്പിറ്റലില്‍ (ഇന്നത്തെ മധുര മെഡിക്കല്‍കോളേജ്) പോസ്റ്റുമോര്‍ട്ടം. റേഡിയോളജിസ്റ്റും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. കൃഷ്ണസ്വാമി നേതൃത്വം നല്‍കി. നെഞ്ചിന്റെ ഇടതുവശത്ത് ഒന്നിലധികം കുത്തുകൊണ്ട മുറിവുകള്‍. കാലില്‍ പച്ചനിറത്തിലുള്ള സോക്‌സ്. ജനനേന്ദ്രിയം അഗ്രചര്‍മം മാറ്റിയ നിലയിലായിരുന്നു. അന്വേഷണസംഘത്തിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ കെ. ഖാജാ സയ്യദ് മൊഹിദീന്‍ ഇവ വെച്ച് ശരീരം മുസ്ലിം സമുദായത്തില്‍പ്പെട്ട ഒരാളിന്റേതാകാം എന്ന് ഊഹിച്ചു. പോസ്റ്റുമോര്‍ട്ടത്തിന്റെ ഭാഗമായി ശരീരത്തിന്റെ എക്‌സ്-റേ എടുത്തു. 25 വയസ്സു തോന്നുന്ന ഒരാളുടെ ശരീരമെന്നായിരുന്നു നിഗമനം. തലയില്ലാത്ത നിലയ്ക്ക് ഇത്രയുമൊക്കെ ഊഹിക്കാനുള്ള ശാസ്ത്രീയസംവിധാനങ്ങളേ അന്ന് ഉണ്ടായിരുന്നുള്ളൂ. (നിഗമനങ്ങള്‍ പിന്നീട് തെറ്റെന്ന് തെളിഞ്ഞു) ഡോ. കൃഷ്ണസ്വാമിയില്‍ സംശയം ബാക്കിനിന്നു. ദേഹം, മധുരയില്‍നിന്ന് മദ്രാസ് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. അങ്ങനെ ആ മൃതദേഹം മദ്രാസിലേക്ക് മടക്കയാത്ര ചെയ്തു. മദ്രാസ് മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍ സി.ബി. ഗോപാലകൃഷ്ണയെയും ഡോ. കെ.സി. ജേക്കബിനെയും പോസ്റ്റുമോര്‍ട്ടത്തിന്റെ ചുമതല ഏല്‍പ്പിച്ചു. തലയില്ലാതെ, ദേഹംമാത്രം വെച്ച് കൂടുതലെന്തെങ്കിലും ചെയ്യാനാവുന്ന അവസ്ഥയിലായിരുന്നില്ല. കാത്തിരിക്കാന്‍ തീരുമാനിച്ചു.
.jpeg?$p=b91c30c&&q=0.8)
ഈ സമയം മദ്രാസ് പട്ടണത്തില്‍ ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെത്തേടി അലയുന്നുണ്ടായിരുന്നു. ഭര്‍ത്താവിന്റെ പേര് അളവന്തര്‍. അദ്ദേഹം തലേന്ന് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അങ്ങനെ സംഭവിക്കാറുള്ളതല്ല. അവര്‍ ഒരു പരാതിയുമായി എസ്പ്‌ളനേഡ് റോഡിലെ ലോ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍ പരാതി സ്വീകരിച്ചു. മാന്‍മിസ്സിങ്. വാര്‍ത്ത പ്രധാനദിനപത്രമായ ദ ഹിന്ദുവില്‍ നല്‍കി. 'നഗരത്തിലെ കച്ചവടക്കാരനെ കാണാനില്ല' എന്ന പേരില്‍ പിറ്റേന്ന് ചെറിയ വാര്‍ത്ത അച്ചടിച്ചു വന്നു. കാര്യമായി ആരും ശ്രദ്ധിച്ചില്ല.
ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍ അന്വേഷണം തുടങ്ങി. മദ്രാസിലെ ചൈനാ ബസാറിലെ (ഇപ്പോഴത്തെ പാരിസ് കോര്‍ണര്‍) ജെം ആന്‍ഡ് കോ എന്ന പേനക്കടയോടു ചേര്‍ന്ന് കച്ചവടം നടത്തുകയായിരുന്നു കാണാതായ അളവന്തര്‍. വയസ്സ് 42. കാണാതായ ദിവസം സെമടിറോഡിന്റെ പരിസരത്ത് അളവന്തറെ കണ്ടതായി വിവരമുണ്ട്. അങ്ങനെ അളവന്തറെ കാണാതായതിന്റെ മൂന്നാംദിവസം ഓഗസ്റ്റ് 30. ഇന്‍സ്‌പെക്ടര്‍ രാമനാഥ അയ്യര്‍ സൈക്കിളില്‍ സെമടി റോഡിലെത്തി. പോലീസിന് ലഭിച്ച സൂചനപ്രകാരം 62-ാം നമ്പര്‍ വീട്ടിലേക്കാണ് അളവന്തര്‍ ചെന്നിട്ടുള്ളത്. ഈ വീട്ടിലെ താമസക്കാര്‍ മലയാളികളാണ്. വിവാഹം കഴിഞ്ഞിട്ട് മൂന്നുമാസം തികഞ്ഞിട്ടില്ല. ഒരു പ്രഭാകരമേനോനും ദേവകീമേനോനും. വാതില്‍ പുറത്തുനിന്ന് പൂട്ടിയിരിക്കുന്നു. ബലം പ്രയോഗിച്ച് തുറന്നു. അകത്ത് അടുക്കളച്ചുമരുകളില്‍ രക്തക്കറ. കഥ വ്യക്തമായിത്തുടങ്ങുന്നു. പുറത്തിറങ്ങിയ ഇന്‍സ്‌പെക്ടര്‍ക്ക് ഒരു നിര്‍ണായക തെളിവുകിട്ടി. അറുമുഖം എന്ന റിക്ഷക്കാരന്റെ മൊഴി. അയാള്‍ പറഞ്ഞു: പ്രഭാകരമേനോന്‍ മത്തങ്ങപോലെ തോന്നിക്കുന്ന പൊതിയുമായി റിക്ഷയില്‍ കയറി. ആ പൊതി റോയപുരം ബീച്ചിലെ ബൊവ്വാപ്പം ഭാഗത്ത് കടലില്‍ വലിച്ചെറിഞ്ഞു.
ഇന്‍സ്‌പെക്ടര്‍ റോയപുരം കടപ്പുറത്ത് ജയരാമന്‍ എന്ന പോലീസുകാരനെ ഡ്യൂട്ടിക്കിട്ടു.
മദ്രാസിനു വടക്കുള്ള തീരദേശപട്ടണം. റോയപുരം. സെയ്ന്റ് പീറ്റേഴ്സ് പള്ളി ഇവിടെയാണ്. പ്രദേശവാസികള്‍ സെയ്ന്റ് പീറ്റേഴ്സിനെ സ്‌നേഹത്തോടെ റോയപ്പാ എന്നുവിളിച്ചു. അങ്ങനെ അവിടം റോയപുരം എന്ന് അറിയപ്പെട്ടു. വൈകുന്നേരം നാലുമണി.
റോയപുരം ബീച്ചിലേക്ക് ഡ്യൂട്ടിക്കായി സൈക്കിള്‍ ചവിട്ടിയെത്തുകയാണ് പോലീസുകാരനായ ജയരാമന്‍. അന്നേരം സത്യം തേടിവരുന്നതുപോലെ, ഒരു പൊതി തീരത്തേക്ക് ഉരുണ്ടു കയറുന്നതിന് അദ്ദേഹം ദൃക്സാക്ഷിയായി. തീരത്തു വന്നുപെട്ട ആ പൊതിയില്‍നിന്ന് മുടിയിഴകള്‍ വൈകുന്നേരത്തെ വെയിലില്‍പ്പെട്ടുണങ്ങി ജയരാമനെ മാടിവിളിച്ചു. ചെന്നപ്പോള്‍ കണ്ടത് കാപ്പിപ്പൊടി നിറത്തിലുള്ള ഷര്‍ട്ടില്‍ പൊതിഞ്ഞ ഒരു തല.
മദ്രാസ് മെഡിക്കല്‍ കോേളജില്‍ എത്തിച്ച തല തന്റെ ഭര്‍ത്താവിന്റേതാണെന്ന് അളവന്തറുടെ ഭാര്യ തിരിച്ചറിഞ്ഞു. അതുപോരാ. നിയമപരമായി ശരീരവും തലയും ഒരാളുടേതുതന്നെയെന്ന് തെളിയിക്കണം. ആ ഉത്തരവാദിത്വം ഡോ. സി.ബി. ഗോപാലകൃഷ്ണയ്ക്കായിരുന്നു. ഇന്ത്യന്‍ ഫൊറന്‍സിക് മെഡിസിന്റെ തലതൊട്ടപ്പനായിട്ടാണ് ഡോ. ഗോപാലകൃഷ്ണയെ വിലയിരുത്തുന്നത്.
മദ്രാസ് പോലീസ് സര്‍ജന്‍കൂടിയായ അദ്ദേഹം എണ്ണായിരത്തിലേറെ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുള്ള വിദഗ്ധനാണ്. ഇംഗ്ലണ്ടില്‍ പരിശീലനം നേടി. ദക്ഷിണേന്ത്യയില്‍ ഒട്ടേറെ നിര്‍ണായക കേസുകള്‍ തെളിയിച്ചു. അളവന്തറുടെ തലയും തീവണ്ടിയില്‍നിന്നു കിട്ടിയ ശരീരത്തിലെ കഴുത്തില്‍വെച്ചു നോക്കി. കഴുത്തിലെ കശേരുക്കളും തലയും കൃത്യമായി ചേര്‍ന്നു. വലതുചെവിയില്‍ കാതുകുത്തിയ രണ്ട് തുളകള്‍. ഇടത്തേചെവിയില്‍ ഒരു തുളമാത്രം. അരയിലെ ചരട്, മുകള്‍നിരയിലെ കറുത്ത പല്ല് ഇതെല്ലാം ഭാര്യ തിരിച്ചറിഞ്ഞു. തല ജീര്‍ണിച്ചു തുടങ്ങിയിരുന്നു. മൂര്‍ച്ചയുള്ള ആയുധം കൊണ്ടായിരുന്നു തല വേര്‍പെടുത്തിയിരുന്നത്. ആന്തരാവയവ പരിശോധനയില്‍, കൊല്ലപ്പെട്ടയാള്‍ കറുപ്പ് നിരന്തരം ഉപയോഗിച്ചിരുന്നതായി മനസ്സിലായി. മരണത്തിനു തൊട്ടുമുമ്പും ഉപയോഗിച്ചിരുന്നു. അക്കാലം കറുപ്പ് ആസ്ത്മയ്ക്ക് ഔഷധമെന്ന നിലയിലും ശാരീരിക ഉത്തേജനം ലഭിക്കുന്നതിനും പലരും ഉപയോഗിക്കുമായിരുന്നു.
കൊല്ലപ്പെട്ട, കാണാതായ അളവന്തര്‍ എന്തിന് മലയാളി ദമ്പതിമാരുടെ വീട്ടില്‍ വരണം? അന്വേഷണം അളവന്തറിലേക്ക്. യഥാര്‍ഥത്തില്‍ ആരാണിയാള്‍?
(തുടരും)
Content Highlights: G.R Indugopan, Crime Thriller, Weekend
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..