എയ്ഡ്‌സ്,പീഡനം, എകാന്തത, ദാരിദ്ര്യം,മരണം...ആഫ്രിക്കന്‍ സാഹിത്യത്തിലെ ഫുതി ഷിന്‍ഗില 


ജയകൃഷ്ണന്‍

അച്ഛനാരെന്നറിയാത്ത, അച്ഛന്റെ സ്‌നേഹം ലഭിക്കാത്ത ഒരു കൂട്ടം സ്ത്രീകളുടെ കഥ കൂടിയാണ് ഷിന്‍ഗിലയുടെ നോവല്‍.

ഫുതി ഷിൻഗില

പ്രശസ്ത ആഫ്രിക്കന്‍ എഴുത്തുകാരി ഫുതി ഷിന്‍ഗിലയുടെ We Kiss Them with Rain എന്ന നോവല്‍ എഴുത്തുകാരന്‍ ജയകൃഷ്ണന്റെ വായനയില്‍.

ര്‍ബനില്‍ മഴ പെയ്ത ഒരു ദിവസം സബെകിലെ അവളുടെ കുഞ്ഞിക്കൈകള്‍ നീട്ടി പുറത്തേക്കോടി: 'നോക്കൂ മമ്മാ, ദൈവത്തിന്റെ ഉമ്മകള്‍.'

മഴയോടൊപ്പം ഞങ്ങളവരെ ചുംബിച്ചു (We Kiss Them with Rain) എന്ന ഫുതി ഷിന്‍ഗില (Futhi Shingila) യുടെ നോവലിലെ ഒരു രംഗമാണിത്. സ്‌നേഹത്തിന്റെ മഴയിലവസാനിക്കുന്ന ഒരു യക്ഷിക്കഥയാണീ നോവല്‍. പക്ഷേ ആ മഴ നനയാന്‍ വേണ്ടി സബെകിലയുടെ അമ്മയായ വെലോ(Mvelo)യും അവളുടെ അമ്മയായ സൊല(Zola)യും അവരുടെ അമ്മമാരിലൂടെ നീളുന്ന സ്ത്രീകളുടെ വംശപരമ്പരയും എരിയേണ്ടിവന്ന നരകാഗ്‌നികളുടെ കഥ കൂടിയാണിത്.

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ ഷിന്‍ഗില ദുരന്തങ്ങളിലെ ആകസ്മികത കൊണ്ടാണ് വര്‍ണവിവേചനത്തിന്റെ സമയത്തും അതിനു ശേഷവുമുള്ള സ്ത്രീകളുടെ ഈ നോവല്‍ രചിച്ചിരിക്കുന്നത്. തൊണ്ണൂറുകളില്‍ ആഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എയ്ഡ്‌സ് എന്ന മഹാരോഗത്തിന്റെ ഒരു രാഷ്ട്രീയ വിശകലനം കൂടി ഈ നോവലില്‍ സംഭവിക്കുന്നു.

വര്‍ണ വിവേചനം ആഫ്രിക്കക്കാരെ നഗരങ്ങളില്‍ നിന്ന് പുറന്തള്ളി. നഗരപ്രാന്തങ്ങളിലെ ചേരികളില്‍ കുടിലുകള്‍ കെട്ടി അവര്‍ പാര്‍പ്പുതുടങ്ങി. ആണുങ്ങള്‍ അനുമതിപത്രങ്ങള്‍ സംഘടിപ്പിച്ച് നഗരങ്ങളില്‍ കൂലിവേലയ്ക്കു പോയി. പലരും തിരിച്ചു വന്നതേയില്ല. കുടിലുകളില്‍ സ്ത്രീകള്‍ തനിച്ചായി. അവിടേക്ക് പലരും കടന്നുവന്നു. സ്ത്രീകളുടെ നിസ്സഹായാവസ്ഥയേയും ആസക്തികളെയും അവര്‍ മുതലെടുത്തു. അമ്മമാരെ മടുത്തപ്പോള്‍ അവര്‍ പെണ്‍മക്കളിലേക്കു തിരിഞ്ഞു. കൊച്ചുപെണ്‍കുട്ടികള്‍ പോലും അങ്ങനെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായിത്തീര്‍ന്നു.

അത്തരത്തിലൊരുവളായിരുന്നു വെലോ.

അമ്മയുടെ കാമുകനല്ല പക്ഷേ അവളെ നശിപ്പിച്ചത്, ഒരു പാതിരിയായിരുന്നു. സിഫോ എന്നു പേരുള്ള അമ്മയുടെ കാമുകന്‍ സ്ത്രീ ലമ്പടനായിരുന്നെങ്കിലും അവളെ മകളെപ്പോലെ സ്‌നേഹിച്ചിരുന്നു. അച്ഛനില്ലാതെ വളര്‍ന്ന വെലോക്ക് അയാളായിരുന്നു അച്ഛന്‍. പക്ഷേ എയിഡ്‌സ് ബാധിച്ച് സിഫോ മരിച്ചപ്പോള്‍ അവളുടെ ലോകം കീഴ്‌മേല്‍ മറിഞ്ഞു.

അപ്പോഴാണ് അവര്‍ താമസിച്ചിരുന്ന ചേരിപ്രദേശത്തേക്ക് സുവിശേഷ പ്രസംഗവുമായി ഹ്ലെന്‍ഗേത്വ എന്നു പേരുള്ള ഒരു പാതിരിയെത്തുന്നത്. വെലോ നന്നായി പാടുമായിരുന്നു. സുവിശേഷ പ്രസംഗത്തിനിടയില്‍ അവള്‍ പാടി. മനം മയക്കുന്നതായിരുന്നു അവളുടെ ശബ്ദം. ആളുകള്‍ അവള്‍ക്കു ചുറ്റുംകൂടി. മകളെ പാട്ടുകാരിയാക്കണമെന്ന് ആഗ്രഹിച്ചിരുന്ന സൊല, അവള്‍ ലോകപ്രശസ്തയാകുന്നത് സ്വപ്നം കണ്ടു.

സുവിശേഷ പ്രസംഗത്തിന്റെ അവസാന ദിവസം എല്ലാവരും പോയിട്ടും വെലോ പാതിരിയുടെ അടുത്തുനിന്നു. അവളുടെ കഴിവുകള്‍ വികസിക്കുന്നതിന് ഒരു വിശേഷപ്പെട്ട ഒരു പ്രാര്‍ത്ഥന നടത്തണമെന്ന് അയാള്‍ പറഞ്ഞതനുസരിച്ചായിരുന്നു അവളങ്ങനെ ചെയ്തത്. പാതിരി അവളുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചു. പിന്നെ അയാളവളെ ആശ്ലേഷിച്ചു. പണ്ട് സിഫോ തന്നെ കെട്ടിപ്പിടിക്കാറുള്ളതോര്‍ത്തും ഒരച്ഛന്റെ സ്പര്‍ശം അനുഭവിച്ചുകൊണ്ടും അവളയാളോട് ചേര്‍ന്നുനിന്നു. അയാളാകട്ടെ വേഴ്ചയ്ക്കുള്ള അവളുടെ സമ്മതമാണതെന്ന് വ്യാഖ്യാനിച്ച് അവളെ ക്രൂരമായി പ്രാപിച്ചു.

വെലോ ഗര്‍ഭിണിയായി. അവള്‍ സ്‌കൂളില്‍ പോകുന്നത് നിര്‍ത്തി. അവളുടെയും അമ്മയുടെയും എല്ലാ സ്വപ്നങ്ങളും ഇല്ലാതായി. അപ്പോഴേക്കും എയ്ഡ്‌സ് രോഗബാധിതയായിക്കഴിഞ്ഞിരുന്ന സൊല മരണത്തെ മാത്രം പ്രതീക്ഷിക്കാന്‍ തുടങ്ങി.

അച്ഛനാരെന്നറിയാത്ത, അച്ഛന്റെ സ്‌നേഹം ലഭിക്കാത്ത ഒരു കൂട്ടം സ്ത്രീകളുടെ കഥ കൂടിയാണ് ഷിന്‍ഗിലയുടെ നോവല്‍. സൊലയും വെലോയെപ്പോലെ പതിന്നാലാം വയസ്സില്‍ ഗര്‍ഭിണിയായതായിരുന്നു. അവളുടെ സഹപാഠി തന്നെയായിരുന്നു കാരണക്കാരന്‍. അവര്‍ പരസ്പരം ഇഷ്ടത്തിലുമായിരുന്നു. പക്ഷേ വൈകാതെ ഒരു വാഹനമിടിച്ച് അയാള്‍ മരണമടഞ്ഞു. അന്നു തന്നെയാണ് സൊല വെലോയെ പ്രസവിക്കുന്നതും. കടുത്ത സദാചാരവാദിയായ അച്ഛന്റെ വെറുപ്പു ഭയന്ന് അവള്‍ വീടുവിട്ടു. അനധികൃത മദ്യശാല നടത്തുന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ വേലക്കാരിയെപ്പോലെ ജീവിച്ചു കൊണ്ട് അവള്‍ മകളെ വളര്‍ത്തി.

അവിടെ വെച്ചാണ് അവള്‍ സിഫോയെ കണ്ടുമുട്ടുന്നത്. അനേകം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന സുന്ദരനായ ഒരു അഭിഭാഷകനായിരുന്നു അയാള്‍. സിഫോ, സൊലയുമായി സ്‌നേഹത്തിലായി. മറ്റു സ്ത്രീകളുമായി മേലില്‍ ബന്ധപ്പെടില്ലെന്ന ഉറപ്പില്‍ അവളയാളുടെ കൂടെ താമസം തുടങ്ങി. കൊച്ചു വെലോയ്ക്ക് അങ്ങനെ സ്‌നേഹമുള്ള ഒരച്ഛനെ ലഭിച്ചു.

പക്ഷേ അമേരിക്കയില്‍ നിന്നെത്തിയ നൊന്‍സെബ എന്നു പേരുള്ള ഒരു വക്കീലുമായി താമസിയാതെ സിഫോ അടുപ്പത്തിലാകുന്നു. അഭിമാനിയായ സൊല ഇതറിഞ്ഞയുടനെ മകളുമായി അവിടം വിട്ടിറങ്ങി. ഡര്‍ബന്‍ നഗരപ്രാന്തത്തിലെ ഒരു ചേരിപ്രദേശത്ത് കുടില്‍ കെട്ടി അവള്‍ താമസമാക്കി.

അസാധാരണയായ ഒരു കഥാപാത്രമാണ് നൊന്‍സെബ. നോവലിന്റെ കഥാഗതിയെ നിയന്ത്രിക്കുന്നത് ദുര്‍മന്ത്രവാദിനിയെന്ന് പലരും കരുതുന്ന ഈ സ്ത്രീയാണ്. അവളുടെ അമ്മയായ സിങ്കിത വര്‍ണ്ണവിവേചനത്തില്‍ പ്രതിഷേധിക്കാന്‍ വേണ്ടി വെള്ളക്കാരനായ ഒരുവനെ പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ ജയിലില്‍ പോയവളായിരുന്നു. അയാളില്‍ നിന്നു തന്നെയാണ് അവള്‍ നൊന്‍സെബയെ ഗര്‍ഭംധരിക്കുന്നതും. നൊന്‍സെബ വളരുന്നതും അച്ഛനാരെന്നറിയാതെയാണ്.

ഫുതി ഷിന്‍ഗില, വോണ്‍ അധ്യാംബോ, ഖദീജ ബജാബര്‍,
ഷായ് മൗംഗോള എന്നിവര്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍
ആഫ്രിക്കന്‍ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്നു

വൈകാതെ നൊന്‍സെബ അമേരിക്കയിലേക്ക് തിരിച്ചു പോകുന്നു. അവളെ പിന്തുടര്‍ന്ന് സിഫോയും അയാള്‍ക്കവിടെ പിടിച്ചുനില്‍ക്കാനായില്ല. തകര്‍ന്നു തരിപ്പണമായി അയാള്‍ തിരിച്ചുവരുന്നു; മദ്യത്തിലും സ്ത്രീകളിലും അഭയം തേടുന്നു. അയാളുടെ അവസ്ഥ മനസ്സിലാക്കിയ സൊല ഒരേയൊരു തവണ അയാളെ സ്വീകരിച്ചു. പക്ഷേ അപ്പോഴേക്കും സിഫോ എയ്ഡ്‌സ് രോഗബാധിതനായിക്കഴിഞ്ഞിരുന്നു. അങ്ങനെ രോഗം സിഫോയിലേക്കും പകരുന്നു.

അസാധാരണമായ മനസ്സുള്ളവരാണ് ഷിന്‍ഗിലയുടെ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍. രോഗബാധിതയായ സൊല പ്രാര്‍ത്ഥിക്കുന്നതു തന്നെ ഉദാഹരണം. മറ്റു വിശ്വാസികളെപ്പോലെയല്ല അവള്‍ ദൈവമാതാവിനോട് പ്രാര്‍ത്ഥിക്കുന്നത്:

'തിങ്കളാഴ്ചകളില്‍ കറുത്ത എച്ചില്‍സഞ്ചികള്‍ തിരയാന്‍ ഞങ്ങള്‍ വരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ അവയാണ് ഞങ്ങളെ നിലനിര്‍ത്തുന്നത്. ധനികരുടെ എച്ചില്‍ക്കൂടകള്‍ കൊണ്ട് ഞങ്ങള്‍ ജീവിക്കുന്നു. ചിലര്‍ വൃത്തിയുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ തരുന്നു. മറ്റു ചിലരാകട്ടെ ഞങ്ങളെ ആട്ടിയോടിക്കുന്നു. ഞങ്ങള്‍ മറക്കപ്പെട്ടവരാകുന്നു, സമൂഹത്തിന്റെ വക്കിലെ ചെറ്റക്കുടിലില്‍ കഴിയുന്നവര്‍, പട്ടണപ്രാന്തത്തിലെ അനര്‍ത്ഥങ്ങള്‍. എച്ചില്‍ക്കൂനയില്‍ നിന്ന് എച്ചില്‍ക്കൂനയിലേക്ക് ഞങ്ങള്‍ നീങ്ങുന്നു; ഞങ്ങള്‍ക്ക് സമയം നീട്ടിത്തരുന്ന എന്തിനെയെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് .'

ആഭിചാരമെന്നും ദുര്‍മന്ത്രവാദമെന്നും തോന്നിക്കുന്ന സന്ദര്‍ഭങ്ങള്‍ എത്രയെങ്കിലുമുണ്ട് ഈ നോവലില്‍- എല്ലാം സ്ത്രീയുടെ നല്ലതും വിനാശകരവുമായ ശക്തി വിളിച്ചു പറയുന്നവ. തന്നെ നശിപ്പിച്ച റവറന്റ് ഹ്ലെന്‍ഗേത്വയെ വെലോ വീണ്ടും കാണുന്ന സന്ദര്‍ഭം അത്തരത്തിലൊന്നാണ്. വീണ്ടും സുവിശേഷ പ്രസംഗത്തിനു വന്നതായിരുന്നു അയാള്‍. ''കുട്ടികള്‍ എന്റെ സവിധത്തിലേക്കു വരട്ടെ.' അയാള്‍ ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു. അതു കേട്ടയുടനെ വെലോ സ്റ്റേജിലേക്കു ചെന്നു. അയാള്‍ തന്നെ തിരിച്ചറിഞ്ഞെന്നു മനസ്സിലായ നിമിഷം അവള്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പൂര്‍ണനഗ്‌നയായി. കൂടോത്രത്തെ ഭയപ്പെട്ട അയാള്‍ ആ കാഴ്ചയുടെ ആഘാതത്തില്‍ മരിച്ചുവീഴുകയാണ്. യാഥാര്‍ത്ഥ്യത്തിലും മാന്ത്രികത്വത്തിലും സ്ത്രീ പുരുഷനു മേലെയാണെന്ന് ഷിന്‍ഗില അങ്ങനെ അടിവരയിടുന്നു.

നൊന്‍സെബയുടെ സഹായത്തോടെ വെലോ താനുപേക്ഷിച്ച കുഞ്ഞിനെ വീണ്ടെടുക്കുകയാണ്. നോവല്‍ അങ്ങനെ ഒരു യക്ഷിക്കഥയുടെ പരിസമാപ്തിയിലെത്തുന്നു. നരകങ്ങളിലൂടെ കടന്നുപോകുന്ന ഒരു യക്ഷിക്കഥ.

തന്റെ കുടുംബപ്പേരില്‍ അനേകം കെട്ടുകഥകളടങ്ങിയിട്ടുണ്ടെന്ന് ഫുതി ഷിന്‍ഗില ഒരഭിമുഖത്തില്‍ പറഞ്ഞത് ഇതുകൊണ്ടാവാം. ആ കെട്ടുകഥയുടെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തത് ഒരുപക്ഷേ സ്ത്രീകള്‍ മാത്രമായിരിക്കാം.

പതാക, ഒരു കീറത്തുണിയാണ്
ഒരു കോമാളി
സര്‍ക്കസിലെ കുട്ടിയെ
നിറങ്ങളുടെ ചിരിയും
വഞ്ചനയുടെ മങ്ങൂഴവും
പഠിപ്പിക്കാനുപയോഗിക്കുന്ന
വെറും കീറത്തുണി.

ദക്ഷിണാഫ്രിക്കന്‍ കവി ബ്രെയ്‌ത്തെന്‍ ബ്രെയ്‌ത്തെന്‍ബാഹിന്റെ (Breyten Breytenbach) ഈ വരികള്‍ ഷിന്‍ഗിലയുടെ രചനകളോട് ചേര്‍ത്തുവായിക്കാം- സ്ത്രീകളുടെ, രാഷ്ട്രീയഭേദമില്ലാത്ത, മഴയില്‍ നിറംകെട്ട, കീറിയ പതാക.

Content Highlights: Futhi Ntshingila, Jayakrishnan, We Kiss Them with Rain, Mathrubhumi, MBIFL

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented