ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍ കവിത്രയങ്ങളുടെ കൊച്ചുമക്കള്‍ എന്ന പുരസ്‌കാരമാണ് ഈ ജീവിതം!


ഷബിത

ഞങ്ങളെല്ലാം ജനിക്കുന്നതുതന്നെ പിതാമഹന്മാരായ കവികളുടെ ഔന്നത്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ്. മഹാകവികളുടെ പേരക്കുട്ടികളായി ജനിച്ചു എന്നത് തന്നെയാണ് ജീവിതത്തില്‍ നേടിയ മഹത്തായ പുരസ്‌കാരം. 

കുമാരനാശാന്റെ കൊച്ചുമകൻ അരുൺകുമാർ, വള്ളത്തോളിന്റെ കൊച്ചുമകൻ രവീന്ദ്രനാഥൻ നായർ, ഉള്ളൂരിന്റെ കൊച്ചുമകൻ പരമേശ്വരൻ എന്നിവർ ഒത്തുചേർന്നപ്പോൾ/ ഫോട്ടോ: കെ.ജെ വിജേഷ്‌

എഴുത്തുകാരന്‍ എ.സി. ഗോവിന്ദന്റെ സമ്പൂര്‍ണകൃതികളുടെ സമാഹാരം രണ്ട് വോള്യങ്ങളായി ഇന്‍സൈറ്റ് പബ്ലിക്കയുടെ പ്രസാധനത്തില്‍ ശ്രീനാരായണ സെന്റിനറിഹാളില്‍ വെച്ച് പ്രകാശിതമായപ്പോള്‍ വേദി സാക്ഷ്യം വഹിച്ചത് മഹത്തായ മറ്റൊരു ഒത്തുചേരലിന് കൂടിയായിരുന്നു. ആശാന്‍-ഉള്ളൂര്‍-വള്ളത്തോള്‍ ആധുനിക കവിത്രയങ്ങളുടെ കൊച്ചുമക്കളുടെ ആദ്യത്തെ സമാഗമവേദി കൂടിയായി മാറി അത്. കവിത്രയങ്ങളെക്കുറിച്ച് പേരക്കുട്ടികളായ അരുണ്‍കുമാര്‍, വള്ളത്തോള്‍ രവീന്ദ്രന്‍ നായര്‍, ഉള്ളൂര്‍ എം പരമേശ്വരന്‍ എന്നിവര്‍ മാതൃഭൂമി ഡോട്‌ കോമിനോട് സംസാരിക്കുന്നു.

വള്ളത്തോള്‍ രവീന്ദ്രനാഥന്‍

വള്ളത്തോള്‍ രവീന്ദ്രനാഥന്‍ (വള്ളത്തോള്‍ നാരായണമേനോന്റെ മകന്‍ ഗോവിന്ദക്കുറുപ്പിന്റെ മകന്‍): ഞങ്ങളുടെ മുത്തച്ഛന്മാരുടെ മേല്‍വിലാസത്തില്‍ ഇവിടെ ഒത്തുചേരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ആദ്യമായിട്ടാണ് ഞങ്ങള്‍ തമ്മില്‍ കാണുന്നത്. ഇങ്ങനെയൊരു സമാഗമത്തിന് വേദിയൊരുക്കിയ എ.സി. ഗോവിന്ദന്റെ മക്കളോടും പേരക്കുട്ടികളോടും മറ്റ് ബന്ധുമിത്രാദികളോടുമുള്ള അകമഴിഞ്ഞ നന്ദി ആദ്യമേ പറയുകയാണ്. എ.സി. ഗോവിന്ദന്‍ എന്ന മഹാനായ സാഹിത്യകാരന്റെ പേരില്‍ ഒത്തുചേരാനായതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചും പഠിച്ചും വളര്‍ന്ന തലമുറയില്‍പ്പെട്ടവരാണ് ഞങ്ങള്‍. ഈ സമാഗമത്തിന് എ.സി. ഗോവിന്ദന്‍ കൂടി കാരണമായിരിക്കുന്നു.

ഒരു ഏഴു വയസ്സുകാരന്റെ ഓര്‍മയില്‍ മാത്രമുള്ളതാണ് മഹാകവി വള്ളത്തോളിനെക്കുറിച്ചുള്ള ഓര്‍മകള്‍. കവി മരിക്കുമ്പോള്‍ എനിക്ക് ഏഴു വയസ്സായിരുന്നു. വളളത്തോളിന്റെ മക്കളില്‍ ആദ്യം മരണപ്പെട്ടത് എന്റെ അച്ഛന്‍ ഗോവിന്ദക്കുറുപ്പായിരുന്നു. അച്ഛന്‍ ധാരാളം കൃതികള്‍ വിവര്‍ത്തനം ചെയ്തിരുന്നു. അച്ഛന്റെ പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒ.എന്‍.വിയാണ് പറഞ്ഞു മനസ്സിലാക്കിത്തന്നത്. മുത്തശ്ശന്‍ തീര്‍ത്ത മഹാകാവ്യവിസ്മയലോകം അങ്ങനെ തന്നെയുണ്ട്. അച്ഛന്റെ സാഹിത്യസംഭാവനകള്‍ വിസ്മരിക്കപ്പെടുന്നു. എവിടെ നിന്ന് തുടങ്ങണം എന്നെനിക്കറിയില്ലായിരുന്നു. അതിനു സഹായിച്ചത് ഒ.എന്‍.വിയായിരുന്നു. സ്പാര്‍ട്ടക്കസ് ഉള്‍പ്പെടെ പതിനാലോളം കൃതികള്‍ അച്ഛന്‍ വിവര്‍ത്തനം ചെയ്തിരുന്നു. അവയെല്ലാം പുനഃപ്രസിദ്ധീകരിച്ച ശേഷം കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ് ഞാന്‍ ആദ്യം ചെയ്തത്. മുത്തശ്ശനെ സംബന്ധിച്ചിടത്തോളം സാഹിത്യം തികച്ചും ലാഭരഹിതമായ സര്‍ഗാത്മക പ്രവര്‍ത്തനം മാത്രമായിരുന്നു. അച്ഛനും അങ്ങനെതന്നെ. അദ്ദേഹത്തിന്റെ മകന്റെ ദീര്‍ഘകാല പ്രയത്‌നത്തിന്റെ ഫലമായി രൂപംകൊണ്ട പുസ്തകങ്ങള്‍ ലാഭമല്ല, വായനയാണ് അര്‍ഹിക്കുന്നത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. അതുകൊണ്ടുതന്നെ അവയെല്ലാം പ്രസിദ്ധീകരിച്ചയുടന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും തിരഞ്ഞെടുത്ത കോളേജുകള്‍ക്കും സൗജന്യമായി നല്‍കുകയാണ് ചെയ്തത്.

അവധിക്കാലത്ത് മക്കളും പേരക്കുട്ടികളും കവിയുടെ അടുത്തുതന്നെ ഉണ്ടാവണം എന്ന നിര്‍ബന്ധം വള്ളത്തോളിനുണ്ടായിരുന്നു. രണ്ട് മാസത്തെ അവധിക്കാലത്ത് അറുപത്- എഴുപത് പേര്‍ വീട്ടിലുണ്ടാവും. ഇവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണം. വള്ളത്തോള്‍ കുടുംബത്തിന് അങ്ങനെ വരുമാനമൊന്നും ഇല്ല. കവി ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട്. കലാമണ്ഡലം എന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിനായി രാപകല്‍ അധ്വാനിച്ചിട്ടുണ്ട്. അതിനപ്പുറം സാമ്പത്തികം വേണം എന്ന ചിന്തയൊന്നും കവിയുടെ മനസ്സില്‍ ഇല്ലായിരുന്നു. ഞങ്ങളെയെല്ലാം അവധിക്കാലത്ത് തീറ്റിപ്പോറ്റാന്‍ എന്തായിരുന്നു കവി ചെയ്തിരുന്നത് എന്ന് ഇപ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്തുപ്രതിസന്ധിയുണ്ടെങ്കിലും എല്ലാവരും ഒന്നിച്ചുണ്ടാവണം എന്ന കവിയുടെ നിര്‍ബന്ധം ഇന്നും ഞങ്ങള്‍ പാലിക്കുന്നുണ്ട്. വള്ളത്തോളിന് നൂറ് വയസ്സ് തികയുന്നതിന്റെ ഏഴുദിവസം മുമ്പാണ് അദ്ദേഹം മരിക്കുന്നത്.

ഞങ്ങള്‍ മൂന്നു പേരുടെയും സ്വത്വം എന്നത് ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ പേരുകള്‍ തന്നെയാണ്. എവിടെപ്പോയാലും, ആരെക്കാണാനും ഈ പേരുകള്‍ തരുന്ന വലിയ മേല്‍വിലാസം തന്നെയാണ് ഇന്നുവരെ സഹായകമായിട്ടുള്ളത്. രവീന്ദ്രനാഥന്‍ എന്ന പേരിന് എവിടെയും പ്രസക്തിയില്ല. വള്ളത്തോളിന്റെ കൊച്ചുമകന്‍ എന്ന പേരിന് വലിയ പ്രസക്തിയുണ്ട്. അത് ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്. ഒരിക്കല്‍ ഒ.എന്‍.വി എന്നോട് പറഞ്ഞു, എന്റെ അച്ഛന്റെ പുസ്തകങ്ങള്‍ തിരുവനന്തപുരം ലൈബ്രറിയില്‍ ഉണ്ട്. കയ്യില്‍ ഒരു കോപ്പിപോലും ഇല്ലാത്ത പുസ്തകങ്ങള്‍ തേടിയിറങ്ങിയതായിരുന്നു ഞാന്‍. ലൈബ്രറിക്ക് പുറത്തേക്ക് പുസ്തകം കൊണ്ടുപോകാന്‍ അവര്‍ സമ്മതിക്കില്ല. അതാണ് നിയമം. ഞാന്‍ അവിടെയിരുന്നുകൊണ്ട് അച്ഛന്റെ പുസ്തകങ്ങള്‍ ഏറെ സമയമെടുത്ത് നോക്കി. അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു; നിങ്ങള്‍ ആരാണ്? മഹാകവി വള്ളത്തോളിന്റെ മകന്റെ മകനാണ് എന്നുപറഞ്ഞപ്പോള്‍ അവര്‍ ബഹുമാനത്തോടെ കസേര നീക്കിയിട്ട് പറഞ്ഞു: 'ഇരിക്കൂ...' അവരുടെ പെരുമാറ്റം എനിക്ക് വലിയ ബഹുമതി തന്നെയായിരുന്നു. വള്ളത്തോള്‍ തന്റെ തലമുറകള്‍ക്കായി, എക്കാലത്തേക്കുമായി തന്ന ബഹുമതിയാണ് അത്. വള്ളത്തോളിന്റെ കൊച്ചുമക്കള്‍ എന്ന ബഹുമതിയാണ് ഞങ്ങളുടെ പത്മശ്രീയും പത്മഭൂഷണും മറ്റ് അംഗീകാരങ്ങളുമെല്ലാം. പുരസ്‌കാരങ്ങള്‍ എല്ലാം വന്നുചേരുന്നത് ഒരുപാട് പ്രയത്‌നങ്ങളുടെയും വര്‍ഷങ്ങളുടെയും കാത്തിരിപ്പിന്റെ ഫലമായിട്ടാണ്. എന്നാല്‍ ഞങ്ങളെല്ലാം ജനിക്കുന്നതുതന്നെ പിതാമഹന്മായ കവികളുടെ ഔന്നത്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ്. മഹാകവികളുടെ പേരക്കുട്ടികളായി ജനിച്ചു എന്നത് തന്നെയാണ് ജീവിതത്തില്‍ നേടിയ മഹത്തായ പുരസ്‌കാരം.

ഉള്ളൂര്‍ എം. പരമേശ്വരന്‍

ഉള്ളൂര്‍ എം. പരമേശ്വരന്‍ (ഉള്ളൂരിന്റെ മൂത്തമകന്‍ മഹാദേവന്റെ മകന്‍): ഉള്ളൂരിനെക്കുറിച്ച് നല്ല ഓര്‍മകള്‍ ഉണ്ട്. എന്നെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ മുത്തശ്ശനാണ് വന്നത്. പ്രായാധിക്യം കാരണം അദ്ദേഹം കാറില്‍ത്തന്നെയിരുന്നു. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലായിരുന്നു എന്നെ ചേര്‍ത്തത്. കവിയുടെ സഹായി എന്നെയും കൂട്ടി സ്‌കൂള്‍ അധികൃതരുടെ മുമ്പിലെത്തിയിട്ട് പരിചയപ്പെടുത്തി. ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ കൊച്ചുമകനാണ് അദ്ദേഹം പുറത്ത് കാറില്‍ ഇരിക്കുന്നുണ്ട് എന്നുപറഞ്ഞു. അധ്യാപകര്‍ മഹാകവിയെക്കാണാന്‍ കാറിനടുത്തേക്ക് വന്നത് എനിക്കോര്‍മയുണ്ട്. കവി എന്നല്ല, ദിവാന്‍ പേഷ്‌കാർ എന്നാണ് അദ്ദേഹത്തെ പറഞ്ഞിരുന്നത്. ഔദ്യോഗികമായി വലിയ നിലയില്‍ ഉള്ളയാളായിരുന്നു. രക്ഷാകര്‍ത്താവിന്റെ കോളത്തില്‍ കവിയാണ് ഒപ്പിട്ടത്.

വാതരോഗം മുത്തശ്ശനെ വല്ലാതെ അലട്ടിയിരുന്നു. വീട്ടില്‍ ആളുകള്‍ വന്നാണ് ചികിത്സിച്ചിരുന്നത്. ആയുര്‍വേദ വിധിപ്രകാരമാണ് ചികിത്സകള്‍. ഒരു നീണ്ട പലകയില്‍ കോണകം മാത്രം ഉടുത്ത് കവിയെ കിടത്തും. കുട്ടികളായ ഞങ്ങള്‍ക്ക് അതൊരു അത്ഭുതക്കാഴ്ചയായിരുന്നു. ഞങ്ങളെ കണ്ടാല്‍ കവി അടുത്തേക്ക് വിളിക്കും. എന്നിട്ട് സംസാരിക്കും. 'കാക്കേ കാക്കേ കൂടെവിടെ' എന്ന കവിതയൊക്കെ കുട്ടികള്‍ക്കായി എഴുതിയ കവിയുടെ മനസ്സ് നിര്‍മമായിരുന്നു.

തിരുവനന്തപുരം മ്യൂസിയം, മൃഗശാല എല്ലാം കൂടി ഉള്‍പ്പെട്ടിരുന്ന വലിയൊരു കോംപൗണ്ടിലായിരുന്നു ഉള്ളൂരിന്റെ നടത്തം. കവിയുടെ നടത്തം വളരെ പ്രശസ്തമായിരുന്നു. കാറിലാണ് അവിടം വരെ പോവുക. ചിലപ്പോള്‍ ഞങ്ങളെയും കൂട്ടും. മുത്തശ്ശനോടൊപ്പം കാറില്‍ യാത്ര ചെയ്യുക എന്നതാണ് ഞങ്ങളുടെ മോഹം. നടക്കാന്‍ മുത്തശ്ശനോടൊപ്പം പോവില്ല. ഞങ്ങള്‍ കാറില്‍ത്തന്നെയിരിക്കും. പേരക്കുട്ടികള്‍ക്ക് കവിയുടെ വക പോക്കറ്റ് മണി തരുമായിരുന്നു. അന്നന്നത്തെ വീട്ടുചെലവിനുള്ള പൈസ കവി തന്റെ പണപ്പെട്ടിയില്‍ നിന്നും എടുത്തുകൊടുക്കുയാണ് പതിവ്. അപ്പോഴാണ് കുട്ടികളുടെ പോക്കറ്റ് മണിയും കിട്ടുക. എനിക്ക് ഒരു അണയാണ് തരിക. ഒരു അണ എന്നത് വലിയ തുകയാണ് എന്നെ സംബന്ധിച്ചിടത്തോളം. എനിക്കാണെങ്കില്‍ ചെലവുകള്‍ ഒന്നുമില്ല. എന്നാലും ദിവസവും ഞാന്‍ മുത്തശ്ശന്റെയടുക്കല്‍പോയി പോക്കറ്റ് മണി വാങ്ങും. എന്റെ അച്ഛന്‍ പി.ഡബ്ലു.ഡിയില്‍ ആയിരുന്നു ജോലി ചെയ്തത്. ഞങ്ങളുടെ കുടുംബം അച്ഛന്റെ ജോലി സ്ഥലത്തേക്ക് മാറി. എന്റെ സ്‌കൂളില്‍പ്പോക്ക് പുതിയ വീട്ടില്‍ നിന്നായി. പക്ഷേ ഞാന്‍ മിക്ക ദിവസങ്ങളിലും മുത്തശ്ശന്റെയടുക്കലെത്തി. കവി തന്നിരുന്ന അണയെല്ലാം കൂട്ടിവെച്ച് ഒരു രൂപയായപ്പോള്‍ എനിക്ക് അതിയായ സന്തോഷമായി. ഒരു രൂപ കയ്യിലുണ്ടാവുക എന്നുപറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിപ്പണക്കാരനായി എന്നാണ്.

ഒരു ദിവസം ഉച്ചയ്ക്ക് സക്ൂളിലേക്ക് എന്നെ വിളിക്കാന്‍ വീട്ടിലെ ജോലിക്കാരി വന്നു. എന്റെ ടീച്ചര്‍ എന്നോട് വീട്ടിലേക്ക് പോയ്‌ക്കോളാന്‍ പറഞ്ഞു. എന്താണ് കാര്യം എന്ന് ജോലിക്കാരിയോട് അന്വേഷിച്ചപ്പോള്‍ താത്ത മരിച്ചുപോയി എന്നു പറഞ്ഞു. താത്ത എന്നായിരുന്നു കവിയെ പേരക്കുട്ടികള്‍ വിളിച്ചിരുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ കോലയില്‍ പൂമുഖത്ത് കവിയെ കിടത്തിയിരിക്കുകയാണ്. കുറേ ആളുകള്‍ വന്നുംപോയുമിരിക്കുന്നു. അമ്മയോടാണ് ഞാന്‍ ചോദിച്ചത്. അമ്മ പറഞ്ഞു: 'താത്ത മരിച്ചുപോയി ഇനി വരില്ല.' ഇനി വരില്ല എന്നുകേട്ടപ്പോള്‍ എനിക്കാകെ സങ്കടമായി. വീട്ടില്‍ എല്ലാവരും കരച്ചിലും വിഷമവുമാണ്. മുത്തശ്ശന്‍ പ്രായമായിട്ടാണ് മരിച്ചത്. അതിനാല്‍ത്തന്നെ സമുദായ ആചാരപ്രകാരം മരണാന്തരചടങ്ങുകള്‍ വലിയ ആഘോഷമായിട്ടാണ് നടത്തിയത്.

ഉള്ളൂര്‍ എന്ന പേര് എന്നെ എക്കാലവും ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറി സയന്‍സ് അധ്യാപകനായി ജോയ്ന്‍ ചെയ്യാന്‍ വരുമ്പോള്‍ സഹപ്രവര്‍ത്തകര്‍ വരവേറ്റത് ഉള്ളൂരിന്റെ കൊച്ചുമകനായ പരമേശ്വരന്‍ എന്ന നിലയിലാണ്. ഇവിടെ ഞാന്‍ പരക്കെ അറിയപ്പെട്ടത് ഉള്ളൂര്‍ എന്ന പേരിലായിരുന്നു. മുത്തശ്ശന്റെ പേരായ പരമേശ്വരന്‍ എന്നുതന്നെയായിരുന്നു എനിക്ക്. മഹാകവി ഉള്ളൂരിന്റെ പ്രതിഭാത്വം ഒട്ടുമില്ലാതെ ഉള്ളൂരായിത്തീര്‍ന്ന ഒരാളാണ് ഞാന്‍.

അരുണ്‍ കുമാര്‍

അരുണ്‍ കുമാര്‍ (കുമാരനാശാന്റെ രണ്ടാമത്തെ മകന്‍ പ്രഭാകരന്റെ മകന്‍): എന്റെ അച്ഛന്‍ പ്രഭാകരന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് കുമാരനാശാന്‍ ബോട്ട് മറിഞ്ഞ് മരിക്കുന്നത്. ആശാനെക്കുറിച്ച് അമ്മമ്മ പറഞ്ഞുതന്ന കഥകളും അറിവുകളും മാത്രമേയുള്ളൂ അദ്ദേഹത്തിന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും. അച്ഛന്‍ ജനിച്ചപ്പോള്‍ ഒരു മഹാന്‍ ജനിച്ചു എന്ന് കവി തന്റെ ഭാര്യയോട് പറഞ്ഞുവത്രേ. അമ്മമ്മ ആശാന്റെ അകാലമരണത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കുകയും അദ്ദേഹം തുടങ്ങിവെച്ച സംരംഭങ്ങള്‍ ഏറ്റെടുത്തുനടത്തുകയും ചെയ്തിരുന്നു. ശാരദ ബുക് ഡിപ്പോയും യൂണിയന്‍ ടൈല്‍ വര്‍ക്‌സ് എന്ന കമ്പനിയുമെല്ലാം അമ്മമ്മയുടെ മേല്‍നോട്ടത്തിലായിരുന്നു കുറച്ചുകാലം. ആശാന്‍ എല്ലാത്തരത്തിലും പുരോഗമനവാദിയായിരുന്നു. പ്രതിഭ എന്ന മാസികയില്‍ വ്യവസായവല്‍ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങള്‍ മെച്ചപ്പെട്ട ജീവിതം നയിക്കേണ്ടതിനെക്കുറിച്ചും ആശാന്‍ പ്രതിഭയില്‍ എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു. അന്ന് എല്ലാവരും ആശാനെ കളിയാക്കി. കവികള്‍ ഇങ്ങനെയൊക്കെ പറയാമോ എന്നായിരുന്നു പ്രധാനവിമര്‍ശനം. പറയുകയും എഴുതുകയും മാത്രമല്ല, പ്രായോഗികമാക്കിയും കാണിച്ചുതരാം എന്ന തീരുമാനത്തില്‍ അഞ്ചു സുഹൃത്തുക്കളെയും കൂട്ടിയാണ് ആശാന്‍ ഓട് കമ്പനി തുടങ്ങുന്നത്. ടൈല്‍ നിര്‍മാണത്തിനാവശ്യമായ മെഷീനുകളൊക്കെ യു.കെയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. യൂണിയന്‍ ടൈല്‍ വര്‍ക്‌സിന്റെ നിര്‍മാണമോ, ഉത്പന്നമോ കാണാന്‍ ആശാന് കഴിഞ്ഞില്ല. കമ്പനിസംബന്ധമായ മീറ്റിങ്ങിനു വരുമ്പോഴാണ് ബോട്ട് മറിഞ്ഞ് ആശാന്‍ മരണപ്പെടുന്നത്.

ആശാന്‍ തന്റെ പ്രതിഭാത്വത്തില്‍ കത്തിനില്‍ക്കുന്ന കാലത്താണ് മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മഹത്വവും കവിത്വവും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനിക്കാറുണ്ട്. അദ്ദേഹത്തിന്റെ പിന്നെയുള്ള തലമുറകള്‍ കുമാരനാശാന്‍ എന്ന മഹാകവി തന്ന മേല്‍വിലാസത്തിന്റെ ചുവട്ടില്‍ പ്രായോഗിക ജീവിതത്തിലെ തിരക്കുകളുമായി അങ്ങനെ പോയി. സാഹിത്യാഭിരുചിയും എഴുത്തും ഒക്കെയുള്ളവര്‍ കുടുംബത്തിലുണ്ട്. പക്ഷേ ആശാന് ശേഷം എന്ന നിലയിലേക്ക് ഉയരണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ന് എ.സി ഗോവിന്ദന്റെ സമ്പൂര്‍ണ കൃതികള്‍ ഇന്‍സൈറ്റ് പബ്ലിക്ക പുറത്തിറക്കിയ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ കവിത്രയങ്ങളുടെ പൗത്രന്മാരെ ക്ഷണിച്ചു ഒരു വേദിയില്‍ ഇരുത്തി എന്നത് വലിയ സന്തോഷം തരുന്ന ഒന്നാണ്. മഹാന്മാരായ ഞങ്ങളുടെ മുത്തച്ഛന്മാര്‍ തരുന്ന പത്മശ്രീ ഇതൊക്കെയാണ്. ജീവിതത്തില്‍ ഐഡന്റിറ്റി എന്നത് വലിയൊരു സംഭവമായി കരുതുന്നവര്‍ അതുതെളിയിക്കാനായി, അംഗീകരിക്കപ്പെടാനായി പ്രയത്‌നിച്ചുകൊണ്ടേയിരിക്കും. കുമാരനാശാന്‍ എന്ന വലിയ ഐഡന്റിറ്റി ജനിച്ചപ്പോള്‍ മുതലേ ചാര്‍ത്തപ്പെട്ടുകിട്ടുക എന്നത് മഹാഭാഗ്യമായി കരുതുന്നു.

Content Highlights: Kumaranasan, Ulloor.S. Parameswarayyar, Vallathol Narayana Menon


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented