കസ്തൂര്‍ബ എപ്പോഴെങ്കിലും ആ കൊച്ചുകൊട്ടാരത്തിലെ മുറികളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാവുമോ?


ശ്രീകാന്ത് കോട്ടക്കല്‍

മൂന്നു നിലയില്‍ പണിത ആ വീടിന് 22 മുറികളുണ്ട്. കത്തിയവാര്‍ പ്രദേശത്ത് സുലഭമായിക്കാണുന്ന സാല്‍ എന്ന വൃക്ഷം ചീന്തി ചിന്തേരിട്ടു മിനുക്കിയുണ്ടാക്കിയതാണ് മച്ചും മറ്റു മരത്തരങ്ങളും. പുറംലോകത്തെ ചൂട് ഒരു തുള്ളി അകത്തേക്കു വരില്ല. മുകള്‍നിലയിലേക്കുള്ള ഗോവണിയുടെ പടവുകള്‍ കാലത്തിന്റെ കാലുരസിക്കാലുരസി അകത്തേക്ക് കുഴിഞ്ഞിരിക്കുന്നു.

ഗാന്ധി നടന്ന വഴികളിലൂടെ

'ബാ,
നീ വളരെ കഷ്ടപ്പാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏതു ക്ലേശം സഹിക്കേണ്ടിവന്നാലും എന്നെ വിവരമറിയിക്കാൻ മറക്കരുത്. നീ ദുഃഖമനുഭവിക്കാൻ ജനിച്ചവളാണ്. അതുകൊണ്ട് നിന്റെ ക്ലേശങ്ങൾ കാണുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നില്ല. ഞാൻ രാജ്കോട്ടിലേക്ക് കമ്പിയടിച്ചിട്ടുണ്ട്. നിന്റെ ക്ലേശങ്ങളെപ്പറ്റി പത്രങ്ങളിൽ യാതൊന്നും പ്രസ്താവിക്കരുത്'- ശ്രീകാന്ത് കോട്ടക്കൽ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഗാന്ധി നടന്ന വഴികളിലൂടെ എന്ന പുസ്തകത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളും അതിലേറെപ്പഴക്കമുള്ള മോഢ് വൈശ്യരുടെയും ബനിയകളുടെയും വണിക്ഗൃഹങ്ങളും നിറഞ്ഞ മാണിക് ചൗക്കിലെ നീണ്ട തെരുവിലൂടെ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വീടു തേടി നടക്കുമ്പോൾ ഗംഗയുടെ ഉദ്ഭവം തേടി ഗംഗോത്രിയിലേക്കു പോകുംപോലെ തോന്നി. മഹാബാഹുവായ ബ്രഹ്മപുത്രയുടെ ഉറവു കാണാൻ മാനസസരോവരത്തിലേക്ക്; നൈൽ പിറന്ന ടാങ്കാനിക്ക തടാകത്തിലേക്ക്, നിള തളിർക്കുന്ന ആനമലനിരയിലെ വനഗർഭത്തിലേക്ക്...ലോകത്തിന്റെ അനന്തമായ പരപ്പിലേക്ക് ഒഴുകിപ്പരന്ന ഗാന്ധി മഹാനദിതന്നെയാണ്. ഊടുവഴിപോലെ ഇടുങ്ങിയ ഈ തെരുവിലെവിടെയോ അതിന്റെ ഉറവാഗൃഹമുണ്ട്.

പലചരക്കും പല കൂട്ടുകൾ നിറഞ്ഞ പാൻമസാലകളും മസാലത്തരിയിട്ട പതപ്പിച്ച നീംബുസോഡയും പഴങ്ങളും പച്ചക്കറികളും വില്ക്കുന്ന ആ തെരുവിലും നിത്യസാന്നിധ്യമായി പശുക്കൾ അലഞ്ഞുനടപ്പുണ്ട്, ഇളംവെയിലേറ്റ് ഒതുങ്ങിക്കിടപ്പുണ്ട്. പലവ്യഞ്ജനപ്പീടികയുടെ അകത്ത് കയറിയാലുണ്ടാവുന്ന ഗന്ധമായിരുന്നു ആ വഴിക്ക്. അത്തരം ഒരു കടയിൽക്കയറി മഹാത്മാഗാന്ധിയുടെ വീടു ചോദിച്ചപ്പോൾ വായിലുള്ള പീഠാപാൻ ഒന്നുകൂടെ ശക്തിയിൽ ചവച്ചരച്ച് അയാൾ അലസമായി തെരുവിന്റെ അങ്ങേയറ്റത്തേക്കു വിരൽ ചൂണ്ടി. ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. വർഷങ്ങൾക്കു മുൻപ് ആദ്യമായി കൊൽക്കത്തയിലെത്തി സ്വാമി വിവേകാനന്ദന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും വീടന്വേഷിച്ചത് ഓർമ വന്നു: നടുറോഡിൽ കുരുങ്ങിമറിയുന്ന ട്രാഫിക്കിൽപ്പെട്ട് നട്ടംതിരിയുന്ന ട്രാഫിക് പോലീസുകാരൻ ജോലി നിർത്തി, കച്ചവടക്കാരുടെ മുഖത്ത് പരിചിതഭാവത്തിലുള്ള ചിരി പരന്നു, വഴിപോക്കർ കൂടെ വന്നു- അഭിമാനത്തോടെ വീട് ചൂണ്ടിക്കാണിച്ചുതന്നു.

മഹാത്മാഗാന്ധിയുടെ ജന്മദേശം എന്നതിൽ പോർബന്തർ ഏറെയൊന്നും അഭിമാനിക്കുന്നില്ല എന്ന് പിന്നീടുള്ള അനുഭവങ്ങളിൽനിന്നെല്ലാം ബോധ്യമായി. 'നല്ലകാലത്ത് ഇതുപോലൊരു കടയിലിരുന്ന് കഷ്ടപ്പെട്ട് കച്ചവടം ചെയ്തിരുന്നെങ്കിൽ വലിയ കാശുകാരനാവാമായിരുന്ന ഒരാൾ വഴിതെറ്റി മഹാത്മാവായിപ്പോയി, കഷ്ടം' എന്ന മട്ടായിരുന്നു മിക്കവർക്കും. വീണ്ടും വീണ്ടും നീണ്ട ചൂണ്ടുവിരലുകളുടെ ദിശയിൽ നടന്നുനടന്ന് ഒടുവിൽ തെരുവിന്റെ അറ്റത്തെത്തി. നേരേ മുന്നിൽ വൃത്താകൃതിയിലുള്ള കവല, അതിനു മധ്യത്തിലായി ഗാന്ധിയുടെ ചിരപരിചിതമായ വടി കുത്തിയ പ്രതിമ. തന്നെ മനസ്സിലാവാത്തവർക്കു നടുവിൽ അത് തപിച്ചുതപിച്ച്, തനിച്ചു നില്ക്കുന്നതുപോലെ തോന്നി. കവലയിലേക്കു കടക്കുന്ന പുരാതനകമാനത്തിനു തൊട്ടുമുൻപിലായി ഒരു ക്ഷേത്രം, ക്ഷേത്രത്തിന് അരികുപിടിച്ച് 'കീർത്തിമന്ദിർ.' അതിനകത്താണ് ഞാൻ തേടുന്ന ഉറവാഗൃഹം.

വെളുത്ത മാർബിൾ പതിച്ച മുറ്റവും അതിനോടു ചേർന്ന കെട്ടിടങ്ങളും പിന്നീട് പണിതതാണ്. മുറ്റത്തെ വെൺശിലാപാളികൾക്ക് വെയിൽ തീകൊടുത്തുകഴിഞ്ഞിരിക്കുന്നു. കാറ്റിൽ ചൂടിന്റെ അലകൾ. ഇപ്പോഴും പുതുമ മാറാത്ത ഈ മന്ദിരത്തിന് അറുപത്തിരണ്ടു വർഷത്തെ പഴക്കമുണ്ട് എന്നത് അവിശ്വസനീയമായിത്തോന്നും. 1947-ൽ ഗാന്ധി ജീവിച്ചിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഇതൊരു സ്മാരകമാക്കാൻ തീരുമാനിച്ചത്. ഗാന്ധികുടുംബത്തിന്റെ കൈവശമായിരുന്ന വീട് ഇതനുസരിച്ച് സ്മാരകസമിതി വാങ്ങി. തന്റെ ഓഹരി മഹാത്മാഗാന്ധി എഴുതിനല്കി. 1947-ൽ ശിലയിട്ട കീർത്തിമന്ദിർ 1950-ൽ സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിനു സമർപ്പിച്ചു. ഹിന്ദു, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ, ഇസ്ലാം ശില്പകലയുടെ സമന്വയമാണ് മന്ദിർ; ഗാന്ധിയുടെ മതവീക്ഷണംപോലെതന്നെ.

പുതിയ മാതൃകയിലുള്ള കീർത്തിമന്ദിറിനുള്ളിൽ ഇരുനൂറിലധികം വർഷങ്ങൾ പഴക്കമുള്ള ഗാന്ധികുടുംബഗൃഹം കൊച്ചു കിളിക്കൂടുപോലെ ഒതുങ്ങിയിരിക്കുന്നു. ഹവേലികളുടെ ഛായയുള്ള ആ വീട് പുറത്തുനിന്നു നോക്കുമ്പോൾ തീരേ ചെറുതാണ്. ശില്പഭംഗിയാർന്ന പഴയ ചുമർക്കിളിവാതിലുകളും മരയഴികളും മട്ടുപ്പാവുകളും. അവയ്ക്കിടയിലൂടെ കാലം എന്തെല്ലാം കാഴ്ചകൾ കണ്ടിരിക്കുന്നു!

ഉഗ്രഗ്രീഷ്മത്തിന്റെ ചൂടു പെരുകിയ പകലിൽനിന്ന് ആ വീടിന്റെ ഉള്ളിലേക്കു കയറിയപ്പോൾ തണുത്ത ഒരു പുതപ്പ് ശരീരത്തിൽ ഇട്ടതുപോലെ. മരമച്ചു പാകിയ മുറിയുടെ പഴകിയ മണം വായുവിലുണ്ട്. ഇരുട്ടു നിറഞ്ഞ മുറിയിൽ പതുെക്കപ്പതുക്കെ കണ്ണ് തെളിഞ്ഞുവന്നു. ചുമരിൽ ഗാന്ധിയുടെ പിതാവിന്റെ കൂറ്റൻചിത്രം: ജാം നഗർ തലപ്പാവണിഞ്ഞ്, കാൽമടമ്പു തൊടുന്ന ധോത്തി ധരിച്ച് കാബാഗാന്ധി. തൊട്ടപ്പുറത്തുതന്നെ അമ്മ പുത്ലീഭായി ഉണ്ട്. 'പുത്ലി' എന്നാൽ സ്‌ഫടികംകൊണ്ടുള്ള പാവ എന്നർഥം. പേരുപോലെതന്നെ സ്‌ഫടികശുദ്ധമായ ഒരമ്മ.
ഇപ്പോഴും ഇരുട്ടു നിറഞ്ഞ ഈ മുറിയിലാണ് വിക്രമാബ്ദം 1925-ൽ, ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷദ്വാദശിദിവസം, ക്രിസ്തുവർഷം 1869 ഒക്ടോബർ 2ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പിറന്നത്, അവതാരലക്ഷണങ്ങളോ അശരീരികളുടെ അകമ്പടിയോ ഒന്നുമില്ലാതെ ഏറ്റവും സാധാരണമായി. ഗാന്ധിയുടെ ജനനം നടന്ന സ്ഥലത്ത്, നിലത്ത്, ചുകപ്പുനിറത്തിൽ ഒരു സ്വസ്തികചിഹ്നം വരച്ചിട്ടുണ്ട്. ഗാന്ധിയുടെ ആത്മാവിന്റെ ഭാഗമായ സെക്രട്ടറി മഹാദേവ് ദേശായി പിന്നീടൊരിക്കൽ ഈ മുറി സന്ദർശിച്ചതിനുശേഷം എഴുതി: 'ഒരുപക്ഷേ, ലോകത്തിന്റെ അന്ധകാരം ദൂരീകരിക്കാനായിരിക്കാം മഹാത്മാവ് ഇരുട്ടറയിൽ പിറന്നത്.'

gandhi nadanna vazhikaliloode
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

മൂന്നു നിലയിൽ പണിത ആ വീടിന് 22 മുറികളുണ്ട്. കത്തിയവാർ പ്രദേശത്ത് സുലഭമായിക്കാണുന്ന സാൽ എന്ന വൃക്ഷം ചീന്തി ചിന്തേരിട്ടു മിനുക്കിയുണ്ടാക്കിയതാണ് മച്ചും മറ്റു മരത്തരങ്ങളും. പുറംലോകത്തെ ചൂട് ഒരു തുള്ളി അകത്തേക്കു വരില്ല. മുകൾനിലയിലേക്കുള്ള ഗോവണിയുടെ പടവുകൾ കാലത്തിന്റെ കാലുരസിക്കാലുരസി അകത്തേക്ക് കുഴിഞ്ഞിരിക്കുന്നു. തൂക്കിയിട്ട കയറിൽ പിടിച്ചുവേണം മുകളിലേക്കു കയറാൻ. രണ്ടാംനിലയിലും വിസ്താരമുള്ള മുറികളും വരാന്തകളും. മൂന്നാംനിലയിലാണ് മോഹൻദാസിന്റെ വായനാമുറി. മുറിയിൽനിന്നു പുറത്തിറങ്ങി മട്ടുപ്പാവിൽച്ചെന്നു നോക്കിയാൽ മൂന്നോ നാലോ കെട്ടിടങ്ങൾക്കപ്പുറം കസ്തൂർബയുടെ വീടു കാണാം. പതിമൂന്നാംവയസ്സിൽ വിവാഹം കഴിഞ്ഞതിനാൽ ഒരുപക്ഷേ, നഷ്ടമായിപ്പോയ പ്രണയസാധ്യതകൾ! അങ്ങോട്ടുമിങ്ങോട്ടുമുള്ള കാഴ്ചയെ നശിപ്പിച്ചുകൊണ്ട് ഇരുവീടുകൾക്കുമിടയിൽ ആരോ ഇപ്പോൾ വികൃതമായ ഒരു മതിൽ കെട്ടിയുയർത്തിയിരിക്കുന്നു.

പോർബന്തർ, രാജ്കോട്ട്, വാംകനോർ എന്നീ രാജ്യങ്ങളിലെ ദിവാൻപദവിയിൽ വാണ കാബാഗാന്ധിയുടെ ജീവിതത്തിനൊത്ത വീടാണ് ഇത്. ഈ വീട്ടിൽവെച്ചാണ് ഗാന്ധി കസ്തൂർബയെ പരിണയിച്ചത്, ജീവിതത്തിന്റെ പൊരുളറിയാത്ത പ്രായത്തിൽ ആ കുട്ടികൾ അഗ്നിക്കു ചുറ്റും സപ്തപദിക്രിയ നടത്തിയത്. രാവിന്റെ ആദ്യപാദത്തിൽ മൂന്നാംനിലയിലെ മോഹൻദാസിന്റെ കിടപ്പുമുറിയിലേക്ക് കസ്തൂർബ കയറിപ്പോയത് ഇതേ കോണിപ്പടികളിലൂടെയാണ്. ഈ വീട്ടിൽ നടന്ന ആ രാത്രിയെക്കുറിച്ച് പിന്നീട് ഗാന്ധി തന്റെ ആത്മകഥയിൽ തുറന്നെഴുതി:
'ഞങ്ങൾ എങ്ങനെയാണ് ഒന്നിച്ചു കഴിയാൻ തുടങ്ങിയത് എന്ന് എനിക്കിപ്പോഴും ഓർമയുണ്ട്. പിന്നെ, ആ ഒന്നാമത്തെ രാത്രി! പാവങ്ങളായ രണ്ടു ചെറുകുട്ടികളെ ജീവിതസാഗരത്തിലേക്കിതാ പെട്ടെന്ന് തള്ളിവിട്ടിരിക്കുന്നു!'

അലങ്കാരങ്ങളോ അതിഭാവുകത്വവർണനകളോ ഇല്ലാത്ത എന്റെ സത്യാന്വേഷണപരീക്ഷണങ്ങളിൽ ഈ വീടിനെക്കുറിച്ച് പരാമർശങ്ങൾ ഒന്നുമില്ല. ഇതിനകത്തെ മുറികളെക്കുറിച്ചോ പ്രതിദിന ജീവിതവ്യവഹാരങ്ങളെക്കുറിച്ചോ ഈ തെരുവിൽ താൻ കളിച്ചുനടന്ന ചുറ്റുവഴികളെക്കുറിച്ചോ ഒരു വരിപോലുമില്ല! സത്യത്തിന്റെ വാൾത്തലപ്പിലൂടെ, കർമയോഗത്തിന്റെ പൂർണതയിലൂടെ ആത്യന്തികമോക്ഷത്തെ തേടിയ ഗാന്ധി തന്റെ ജീവിതത്തിലെ നിരന്തരപരീക്ഷണങ്ങളിലൂന്നിയാണ് ആത്മകഥാരചന നടത്തിയത്. എഴുത്തുകാരന്റെ മാനസികതലത്തിലല്ല, ദാർശനികന്റെയോ ശാസ്ത്രജ്ഞന്റെയോ തലത്തിൽ സ്വയം സ്ഥാപിച്ചാണ് അദ്ദേഹം എഴുത്തു നിർവഹിച്ചത്. അതുകൊണ്ട് എഴുത്ത് കൂടുതൽ ഉള്ളിലേക്ക് സൂക്ഷ്മമായി ചുഴിഞ്ഞിറങ്ങി. പുറംലോകത്തിന്റെയും കളിചിരികളുടെയും വർണങ്ങളോ വർണനകളോ ഇല്ലാത്തതായി, അത്. ജീവിതത്തിലെ നുറുങ്ങുനിമിഷങ്ങളെപ്പോലും കർമംകൊണ്ടു നിറച്ച ഗാന്ധിക്ക് അതിനുള്ള സമയവുമില്ലായിരുന്നു.

പല ദേശങ്ങളിൽനിന്നായി പ്രതിദിനം ആയിരത്തിലധികം പേരെങ്കിലും ഗാന്ധിയുടെ വീടു കാണാനായി എത്തുന്നുണ്ട്. ഒക്ടോബർ 2നും ജനവരി 30നും തിരക്കേറും. വെള്ളിയാഴ്ചകളിലെ സർവമതപ്രാർഥനകളിൽ വളരെപ്പേർ പങ്കെടുക്കാനുണ്ടാവും.
ഗാന്ധിയുടെ ഗൃഹത്തിന്റെ മുറികളിൽനിന്ന് മുറികളിലേക്കു നടക്കവേ എന്നെത്തൊട്ട് കടന്നുപോയവരിൽ ഭൂരിഭാഗവും ഗ്രാമീണരായിരുന്നു. വസ്ത്രങ്ങളിൽ വിദൂരഗ്രാമങ്ങളുടെ ഗന്ധവും വെയിലേറ്റു വയലിൽ പണിത് ഇരുണ്ടുറച്ച ശരീരവുമുള്ള, തലപ്പാവു ധരിച്ച പുരുഷന്മാർ; അടുക്കളയുടെയും കാലിത്തൊഴുത്തിന്റെയും മണമുള്ള, തല മറച്ച തുണിക്കു താഴേ നെറുകയിൽ കുടിവെള്ളത്തിന്റെ കുടം ചുമന്ന പാടുകളുള്ള സ്ത്രീകൾ...

മുറികളിൽ മച്ചും നിലവും നോക്കി അവർ നിശ്ശബ്ദം നിന്നു, ചിത്രങ്ങൾക്കു മുന്നിൽ ഇമയിളകാതെ. എന്തായിരിക്കാം ഈ മനുഷ്യരുടെ മനസ്സിൽ? മാറുമറയ്ക്കാനും മാറിയുടുക്കാനും ഒന്നോ രണ്ടോ വസ്ത്രങ്ങൾ മാത്രമുള്ള അവരുടെ മുന്നിൽ അതുപോലുമില്ലാതെ ഈ രാജ്യത്തിന്റെ തീക്ഷ്ണമായ എല്ലാ ഉഷ്ണകിരണങ്ങളെയും സ്വന്തം ഉടലിലേക്ക് ഏറ്റുവാങ്ങി നില്ക്കുന്നു ഗാന്ധി. ഗാന്ധിയുടെ ഇരുണ്ട ശരീരത്തിൽ അവർ സ്വന്തം ശരീരത്തിലെ മുദ്രകൾ കണ്ടു. യാതനകളുടെ പരുപരുപ്പ്, പുറത്തേക്കു തെളിയുന്ന വാരിയെല്ലുകളും ദുർബലമായ നെഞ്ചിൻകൂടും. കൊഴിഞ്ഞ പല്ലുകൾ, ഇന്ത്യയുടെ പല നിറങ്ങളിലുള്ള മണ്ണിൽ ചവിട്ടി നടന്നുനടന്ന് തേഞ്ഞ് കോമളത്വം നഷ്ടപ്പെട്ട കാൽപ്പാദങ്ങൾ... അവർക്കു പരിചിതമായ ഗ്രാമഭാവങ്ങൾ മാത്രമേ ഗാന്ധിയുടെ രൂപത്തിൽനിന്ന് പ്രസരിച്ചിരുന്നുള്ളൂ. തൊട്ടടുത്ത കുടിലിൽ താമസിക്കുന്ന, മുറ്റത്തെ കയറ്റുകട്ടിലിൽ വിശ്രമിക്കുന്ന, കൃഷിയിടങ്ങളിൽ നുകമുന്തുന്ന ഒരാളായി ഈ മനുഷ്യനെ സങ്കല്പിക്കാൻ അവർക്ക് ഒട്ടും പ്രയാസമുണ്ടായില്ല. കാഴ്ചയിലുള്ള ഈ സത്യസന്ധതയുടെ അടുപ്പമാണ് എക്കാലവും ഇന്ത്യൻ ഗ്രാമീണനെയും ഗാന്ധിയെയും ചേർത്തുനിർത്തുന്നത്. അല്ലാതെ അദ്ദേഹം എഴുതിയ വാക്കുകളോ ചെയ്ത പ്രസംഗങ്ങളോ നയിച്ച സമരങ്ങളോ ഒന്നുമല്ല. ഇവിടെ, ഈ മുറികളിൽ എന്റെ മുന്നിൽ സ്തംഭിച്ചുനില്ക്കുന്ന മനുഷ്യരും ആ പൈതൃകം വഹിക്കുന്നവർതന്നെ. ഗാന്ധി അവർക്ക് അവരുടെ വറുതികളും പട്ടിണികളും നിസ്സഹായതകളും പങ്കിടുന്നയാളാണ്. അതിനെ ഇല്ലാതാക്കാൻ മോഹിച്ച, ജീവിതം മുഴുവൻ ശ്രമിച്ച മനുഷ്യനാണ്. ഈ തിരിച്ചറിവുകൊണ്ടാവണം ഗ്രാമീണരുടെ കണ്ണുകളിൽ വിനോദസഞ്ചാരികളുടെ കാഴ്ചാകൗതുകമായിരുന്നില്ല ഉണ്ടായിരുന്നത്, മറിച്ച് തീർഥാടകരുടെ നിർവൃതിയായിരുന്നു.

കീർത്തിമന്ദിറിന്റെ പുറത്ത് ഉച്ചവെയിൽ സ്വയമുരുകിവീഴുന്നു. അങ്ങാടിവാണിഭങ്ങളുടെ നടുവിൽ നില്ക്കുന്ന ഗാന്ധിപ്രതിമ ഇപ്പോൾ തൊട്ടാൽ പൊള്ളും. നീണ്ട ഹവേലികളെയും ഇടുങ്ങിയ റോഡുകളെയും വെയിൽ വിമൂകമാക്കിയിരിക്കുന്നു. കീർത്തിമന്ദിറിന്റെ പിറകിലൂടെ നൂറു വർഷത്തിലധികം പഴക്കമുള്ള വഴിയേ അഞ്ചു മിനിട്ട് നടക്കാനേയുള്ളൂ കസ്തൂർബയുടെ വീട്ടിലേക്ക്. പുരാതനമെങ്കിലും വഴിയുടെ പേര് 'നയീ ഖട്കി' (പുതിയ വഴി) എന്നാണ്. പശുക്കളും കൂറ്റൻകാളകളും വളവുകളിൽ വഴിയടച്ചു നില്ക്കുന്നു. തിളങ്ങുന്ന വെയിലിൽ അവയുടെ നിഴലുകൾ കറുത്ത പാടുകൾ വീഴ്ത്തുന്നു. വീട്ടുമുറികളിലെ കലമ്പലുകളും പാത്രങ്ങളുടെയും കുപ്പിവളകളുടെയും ചിലമ്പലുകളും നീണ്ട വഴിയോടു ചേർന്ന ചുമരുകളിൽ വന്നലയ്ക്കുന്നതു കേൾക്കാം. ഏറ്റവും വൃത്തിഹീനമാണ് ഗാന്ധിയുടെ വീടിന്റെ പിറകുവശവും അദ്ദേഹത്തിന്റെ പത്നിയുടെ വീട്ടിലേക്കുള്ള വഴികളും. ഓടകളിൽ പെരുച്ചാഴിയുടെയും പന്നികളുടെയും കറുത്ത അനക്കങ്ങൾ, കടുത്ത ദുർഗന്ധങ്ങൾ!
പത്തൊൻപതാംനൂറ്റാണ്ടിൽ നിർമിച്ച ഈ വീടിന്റെ ഉൾവശങ്ങൾ ഗാന്ധിയുടെ വീടിനെക്കാൾ വിശാലമാണ്. അകത്തേക്കകത്തേക്ക് മുറികൾ തുറന്നുതുറന്നു വരുന്നു. കസ്തൂർബയുടെ അച്ഛൻ ഗോകുൽദാസ് മഖൻജി കാബാഗാന്ധിയെക്കാൾ സമ്പന്നനായിരുന്നു എന്നതിന് ഈ വീട് തെളിവാണ്. കൊത്തുപണികളുള്ള തേക്കിൻകതകുകൾ, ചിത്രപ്പണികൾ നിറഞ്ഞ ചുമരുകൾ. ആ വീടിനുള്ളിൽ ഒരുകാലത്തുണ്ടായിരുന്ന പ്രൗഢജീവിതം മുകൾനിലയിലേക്കെത്തുമ്പോൾ സങ്കല്പിച്ചറിയാം.

വസ്ത്രവ്യാപാരിയായിരുന്നു കസ്തൂർബയുടെ പിതാവ് ഗോകുൽദാസ് മഖൻജി. ഭാര്യ വ്രജകുംവറിൽ ഉണ്ടായ ആറു മക്കളിൽ അഞ്ചുപേരും മരിച്ചുപോയി, കസ്തൂർബ മാത്രം ശേഷിച്ചു. അതുകൊണ്ട് മാതാപിതാക്കളുടെ സ്നേഹം മറ്റാർക്കും പകുത്തുകൊടുക്കപ്പെടാതെ കസ്തൂർബയിലേക്കു മാത്രം പ്രവഹിച്ചു. കാബാഗാന്ധിയുടെ പുത്രൻ മോഹൻദാസിന് ആറാംവയസ്സിൽ മകളെ പറഞ്ഞുവെക്കുമ്പോൾ ഗോകുൽദാസ് മഖൻജി ഇത്രയൊക്കെയേ കരുതിയിട്ടുണ്ടാവൂ: അടുത്തറിയാവുന്ന അയൽവാസികൾ, ദിവാൻപദവിയിലുള്ള കുടുംബനാഥൻ, സദ്സ്വഭാവിയും സൗമ്യനുമായ മകൻ, വൈഷ്ണവഭക്തി പരന്ന ഗൃഹാന്തരീക്ഷം. വരൻ അയൽവാസിയായതുകൊണ്ട് ഒറ്റമകൾ നോട്ടപ്പാടുദൂരത്തുതന്നെയുണ്ടാകുകയും ചെയ്യും. എന്നാൽ, എല്ലാ സുഖസൗകര്യങ്ങൾക്കും നടുവിൽ ജീവിച്ചിരുന്ന ആ കുട്ടിയെ മോഹൻദാസ് കൂട്ടിക്കൊണ്ടുപോയത് സമരവും സന്ന്യാസവും വിരക്തിയും ഭക്തിയും സ്വയംവരിച്ച ദാരിദ്ര്യം നിറഞ്ഞ സംഭവബഹുലമായ ജീവിതത്തിലേക്കാണ്. കുട്ടിക്കാലത്ത് കൊട്ടാരതുല്യമായ ഈ വീട്ടിൽ കഴിഞ്ഞ കസ്തൂർബ പിന്നീട് ജീവിതത്തിന്റെ മുഖ്യപങ്കും മുളയും മണ്ണും കൊണ്ടു മേഞ്ഞ കുടിലിൽ ജീവിച്ചു; കടലുകൾ കടന്നു, സമരം ചെയ്തു, ജയിലിൽ കിടന്നു, ജയിലിൽവെച്ചുതന്നെ മരിച്ചു. വസ്ത്രവ്യാപാരിയുടെ മകൾ സ്വന്തം ജീവിതം മുഴുവൻ പരുത്ത ഖാദിയിൽപ്പൊതിഞ്ഞു, വീട്ടുവേലക്കാരെ ഭരിക്കേണ്ടയാൾ മറ്റുള്ളവരുടെ കക്കൂസ് കഴുകി, എത്രയോ മനുഷ്യർക്കു വെച്ചുവിളമ്പി! ഗാന്ധി സത്യവും സമരവുമായിരുന്നെങ്കിൽ കസ്തൂർബ സഹനവും സമർപ്പണവുമായിരുന്നു.
കസ്തൂർബ ജനിച്ചുവളർന്ന സാഹചര്യങ്ങളെക്കുറിച്ച് നന്നായറിയുന്നതുകൊണ്ടാവാം, ഭാര്യയെ യാതനകളിലേക്ക് വലിച്ചിഴയ്ക്കുകയാണ് താൻ എന്ന തോന്നൽ ഗാന്ധിയുടെ ഉള്ളിൽ എപ്പോഴുമുണ്ടായിരുന്നു. 1939 ഫിബ്രവരി 8ന് വാർധ സേവാഗ്രാമിൽനിന്ന് കസ്തൂർബയ്ക്കയച്ച കത്തിൽ ഖേദത്തിന്റെ ശോണമേഘങ്ങൾ പുരണ്ട വാക്കുകൾകൊണ്ട് ഗാന്ധി എഴുതി:

'ബാ,
നീ വളരെ കഷ്ടപ്പാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഏതു ക്ലേശം സഹിക്കേണ്ടിവന്നാലും എന്നെ വിവരമറിയിക്കാൻ മറക്കരുത്. നീ ദുഃഖമനുഭവിക്കാൻ ജനിച്ചവളാണ്. അതുകൊണ്ട് നിന്റെ ക്ലേശങ്ങൾ കാണുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നില്ല. ഞാൻ രാജ്കോട്ടിലേക്ക് കമ്പിയടിച്ചിട്ടുണ്ട്. നിന്റെ ക്ലേശങ്ങളെപ്പറ്റി പത്രങ്ങളിൽ യാതൊന്നും പ്രസ്താവിക്കരുത്.'
അതേസമയം ഗാന്ധികാരണം കസ്തൂർബയ്ക്കു ജീവിതത്തിൽ സുഖങ്ങളെല്ലാം നിഷേധിക്കപ്പെടുകയായിരുന്നു എന്ന് പലരും രഹസ്യം പറഞ്ഞുനടന്നപ്പോൾ അങ്ങനെ പറഞ്ഞ ഒരു വനിതയ്ക്ക് കസ്തൂർബ എഴുതി:
'നിങ്ങളുടെ എഴുത്ത് എനിക്ക് വളരെ മനോവിഷമമുണ്ടാക്കുന്നു. നിങ്ങളും ഞാനും തമ്മിൽ സംസാരിക്കാനുള്ള അവസരംപോലും ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നെ ഗാന്ധിജി എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നുവെന്ന് നിങ്ങളെങ്ങനെയാണ് മനസ്സിലാക്കിയത്? എന്റെ മുഖം വാടിയിരിക്കുന്നു, ആഹാരകാര്യങ്ങളിൽ അദ്ദേഹം എന്നെ വ്യസനിപ്പിക്കുന്നു എന്നും മറ്റും പറയാൻ നിങ്ങൾ എന്നെ കാണാൻ വന്നിരുന്നോ? എന്റെ ഭർത്താവിനെപ്പോലെ ഒരു ഭർത്താവിനെ ലോകത്ത് മറ്റാർക്കും കിട്ടിക്കാണില്ല. സത്യം കാരണം അദ്ദേഹം ലോകം മുഴുവൻ പൂജിക്കപ്പെടുന്നു. ആയിരം പേർ അദ്ദേഹത്തിന്റെ ഉപദേശം തേടി വരുന്നു. ഒരിക്കലും അദ്ദേഹം എന്റെ തെറ്റുകളല്ലാതെ കുറ്റം സൂചിപ്പിച്ചിട്ടില്ല...'

അച്ഛന്റെ വഴിയിൽനിന്നു പിരിഞ്ഞ് ലഹരിയുടെയും അലച്ചിലിന്റെയും ആത്മവിനാശത്തിന്റെയും ലോകത്തേക്കു പോയ മൂത്ത മകൻ ഹരിലാൽ കസ്തൂർബയുടെ ഈ കത്തിനെക്കുറിച്ച് ഗാന്ധിക്ക് എഴുതി: 'ഈ കത്ത് നിങ്ങൾ അമ്മയെക്കൊണ്ട് എഴുതിച്ചതാണ്, സ്വന്തം യശസ്സ് നിലനിർത്താൻവേണ്ടി.' അതു വായിച്ച് ഹരിലാലിന്റെ മാത്രമല്ല, ലോകത്തിന്റെതന്നെ ബാപ്പുവും ബായും പരസ്പരം നോക്കിയിരുന്നു.
മഹാത്മാഗാന്ധി എന്ന മഹാപ്രവാഹത്തിൽ പതിച്ചതിനുശേഷം കസ്തൂർബ ഈ വീട്ടിലേക്ക് അധികം വന്നിട്ടില്ല. സ്വന്തം മകളുടെ ജീവിതത്തെയോർത്ത് ഈ വീടിന്റെ അകത്തളങ്ങൾ ആഹ്ലാദിച്ചിരുന്നോ, അതോ നിശ്ശബ്ദം കരച്ചിലടക്കിയിരുന്നോ? അറിയില്ല. ജീവിതത്തിന്റെ മുഖ്യപങ്കും കുടിലുകളിൽ താമസിച്ചുതീർക്കുമ്പോൾ കസ്തൂർബ എപ്പോഴെങ്കിലും ഈ കൊച്ചുകൊട്ടാരത്തിലെ മുറികളെക്കുറിച്ച് ഓർത്തിട്ടുണ്ടാവുമോ? അതുമറിയില്ല. മഹത്തായ ജീവിതങ്ങളുടെയടിയിൽ ആരും കാണാത്ത നിശ്ശബ്ദമായ നിലവറകളുണ്ട്; അവയ്ക്കുള്ളിൽ നിഗൂഢമായ നിലവിളികളും.

Content Highlights: Excerpts from the book Gandhi nadanna Vazhikal written by Sreekanth Kottakkal published by Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented