ദുരിതപൂര്‍ണമായ ജീവിതത്തിനു തുടക്കംകുറിച്ച കസ്തൂര്‍ബ


മഞ്ജുളമാല എം.വി

കരയാനോ ചിരിക്കാനോ വയ്യാത്തവിധത്തില്‍ കസ്തൂരിബായിയില്‍ വികാരങ്ങള്‍ കുഴമേല്‍മറിഞ്ഞു. പക്ഷേ, അദ്ദേഹത്തെ ഒന്ന് ഒറ്റയ്ക്കു കിട്ടാനോ കൂടെയിരുന്ന് ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല

കസ്തൂർബാ ഗാന്ധി

മഞ്ജുളമാല എം.വി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കസ്തൂർബാ ഗാന്ധിയുടെ ജീവചരിത്രത്തിൽ നിന്നും ഒരു ഭാഗം വായിക്കാം.

രാജ്കോട്ടിലെ വീട്ടിലാണ് മോഹൻദാസും കസ്തൂരിബായിയും കുടുംബ ജീവിതമാരംഭിച്ചത്. കുട്ടികളായതിനാൽ കുടുംബജീവിതത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചുമൊന്നും കൂടുതൽ ജ്ഞാനമുണ്ടായിരുന്നില്ല. എങ്കിലും ചേട്ടന്മാരെപ്പോലെ മോഹൻദാസിനും പ്രത്യേകം ഒരു മുറി ഒരുക്കിയിരുന്നു. കൂട്ടുകുടുംബമായിരുന്നതിനാൽ മുതിർന്നവരുടെ മുന്നിൽവെച്ച് ദമ്പതികൾക്കു സംസാരിക്കാൻപോലും സൗകര്യം കിട്ടിയിരുന്നില്ല. രാത്രിനേരങ്ങളിൽ മാത്രമേ രണ്ടുപേരും തമ്മിൽ കാണാറുള്ളൂ. പ്രഭാതഭക്ഷണത്തിനുശേഷം മോഹൻദാസ് പുസ്തകസഞ്ചിയുമായി സ്കൂളിലേക്കു പോകും. പിന്നീട് വൈകുന്നേരമാണ് തിരിച്ച് വീട്ടിലെത്തുക. പകൽസമയങ്ങളിൽ പുത്ലിബായിക്കൊപ്പം അടുക്കളജോലികളിൽ സഹായിച്ചും സംസാരിച്ചും കസ്തൂരിബായി സമയം ചെലവഴിക്കും. അവരെ വലിയ സ്നേഹവും ആരാധനയുമായിരുന്നു കസ്തൂരിബായിക്ക്. ഭർതൃഗൃഹവുമായി വളരെയെളുപ്പം ഇണങ്ങിച്ചേർന്നു അവൾ. ഒന്നോ രണ്ടോ മാസം ഭർത്തൃഗൃഹത്തിൽ കഴിഞ്ഞാൽ മാതാപിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപോകും. പിന്നെ രണ്ടുമൂന്നു മാസം കഴിഞ്ഞേ തിരിച്ചു കൊണ്ടുവിടാറുള്ളൂ. അങ്ങനെ വളരെ കുറച്ചു കാലമേ മോഹൻദാസിനും കസ്തൂരിബായിക്കും ഒരുമിച്ചു പാർക്കാൻ സാധിച്ചിരുന്നുള്ളൂ. പരസ്പരം അറിയാനും യഥേഷ്ടം സംസാരിക്കാനും സാധിച്ചത് വളരെ സാവധാനത്തിലായിരുന്നു.

കസ്തൂരിബായിക്ക് എഴുത്തും വായനയും അറിഞ്ഞുകൂടായിരുന്നു. മിതഭാഷിണിയായിരുന്ന അവളിൽ മറ്റുള്ളവർ നിർബന്ധം ചെലുത്തുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അതിസമ്പന്നകുടുംബത്തിൽ ജനിച്ച അവൾ അത്തരം വിലക്കുകളൊന്നും സഹിച്ചിരുന്നില്ല. എന്നാൽ, ഭാര്യ എപ്പോഴും ഭർത്താവിന്റെ അധീനത്തിലായിരിക്കണമെന്നായിരുന്നു മോഹൻദാസിന്റെ മനോഭാവം. ഭർത്താവെന്ന നിലയിൽ തനിക്കുള്ള അധികാരം ഭാര്യയുടെ മേൽ ചെലുത്താൻ മോഹൻദാസ് കാലതാമസമെടുത്തില്ല. ഭർത്താവിനെ ഈശ്വരനെപ്പോലെ ആരാധിക്കുകയും അനുസരിക്കുകയും വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. എന്നാൽ, ഭാര്യയ്ക്കും അവളുടെതായ സ്വാതന്ത്ര്യമുണ്ടെന്ന് കസ്തൂരിബായി വാദിച്ചു. മോഹൻദാസ് ഭാര്യയുടെ സ്വാതന്ത്ര്യം തടയാൻ ശ്രമിച്ചപ്പോഴൊക്കെ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ അവളും ധൈര്യം കാണിച്ചു. ഭർത്താവിന്റെ സമ്മതമില്ലാതെ ഒരു സ്ഥലത്തും പൊയ്ക്കൂടാ എന്ന നിബന്ധന പാലിക്കാൻ സന്നദ്ധത കാട്ടാതെ അവൾക്കിഷ്ടമുള്ളപ്പോഴൊക്കെ പുറത്തുപോവുക പതിവാക്കി.

ഭർത്താവിനെ ഉള്ളഴിഞ്ഞു സ്നേഹിച്ചിരുന്നെങ്കിലും ഇത്തരം നിബന്ധനകളുടെ പേരിൽ പലപ്പോഴും അവർ തമ്മിൽ കലഹിക്കാറുണ്ടായിരുന്നു. 'ഞാൻ ഈ നിബന്ധനകൾ ചുമത്തിയത് കസ്തൂർബായോടുള്ള സ്നേഹംകൊണ്ടു മാത്രമാണ്. കസ്തൂർബായെ ഒരു മാതൃകാഭാര്യയാക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, കസ്തൂർബായ്ക്ക് അങ്ങനെയുള്ള ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ എന്നെനിക്കു നിശ്ചയമില്ല.' ഗാന്ധിജി തന്റെ ആത്മകഥയിൽ ഇങ്ങനെ പ്രസ്താവിക്കുന്നുണ്ട്.

ഭാര്യയെ അക്ഷരജ്ഞാനമുള്ളവളാക്കണമെന്ന് മോഹൻദാസ് വളരെയേറെ ആഗ്രഹിച്ചു. അക്കാര്യത്തിനുവേണ്ടി അദ്ദേഹം പ്രയത്നിക്കുകയും ചെയ്തു. പക്ഷേ, കസ്തൂരിബായിക്ക് അതിൽ വലിയ പ്രതിപത്തിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഭാര്യ ഒരു മാതൃകാപത്നിയാകണമെന്നും സംശുദ്ധജീവിതം നയിക്കണമെന്നും താൻ പഠിച്ച പാഠങ്ങളും ജീവിതവും തത്ത്വചിന്തയുമൊക്കെയുമായി അവരെ തന്നിലേക്കു ലയിപ്പിക്കാനും ഒരുക്കുകയായിരുന്നു മോഹൻദാസിന്റെ ഉദ്ദേശ്യം. തന്റെ അജ്ഞത പരിഹരിക്കാൻ യാതൊരു ശ്രമവും കസ്തൂരിബായിയുടെ ഭാഗത്തുനിന്നുമുണ്ടായില്ല. രാത്രികാലത്തുള്ള പഠനം ഉദ്ദേശിച്ചതുപോലെ പ്രാവർത്തികമാക്കാൻ മോഹൻദാസിനും കഴിഞ്ഞില്ല.

kasthurbha
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

കസ്തൂരിബായിയുമായി സദാ സംസാരിച്ചുകൊണ്ടിരിക്കാനുള്ള ആഗ്രഹംകൊണ്ട് അവരെ ചുറ്റിപ്പറ്റി നില്ക്കാൻ ശ്രമിച്ചു. ഭാര്യാഭർത്താക്കന്മാർ അങ്ങേയറ്റം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പാമ്പുകളെയും ഭൂതങ്ങളെയും ഭയപ്പെട്ടിരുന്ന മോഹൻദാസിനെ രാത്രി മുറിയിൽ വിളക്കു കെടുത്തി പേടിപ്പിച്ചിരുന്നു കസ്തൂരിബായി. പുറത്തേക്കോടുന്ന അവരുടെ പിറകേ പേടിച്ചുവിറച്ചുകൊണ്ട് അവനും. ഇങ്ങനെ ഭാര്യയുടെ പിറകേ നടന്ന് സമയം കളഞ്ഞതിനാലാവാം, വർഷാവസാനപ്പരീക്ഷയിൽ മോഹൻദാസ് തോല്ക്കാനിടയായി. ശൈശവവിവാഹം എന്ന ക്രൂരമായ ആചാരത്തോടൊപ്പം ചെറുപ്പക്കാരായ വധൂവരന്മാരെ തുടർച്ചയായി ഒന്നിച്ചു താമസിപ്പിക്കാനനുവദിക്കില്ലെന്ന പതിവുമുണ്ടായിരുന്നു അന്ന്. ശിശുവായ ഭാര്യ പാതിയിലധികം കാലവും അവളുടെ വീട്ടിലായിരിക്കും. ഈ വേർപാട് ഇരുവർക്കും വേദനാകരമായിരുന്നു. കസ്തൂരിബായിയുമായുള്ള വിയോഗം മോഹൻദാസിനെ കടുത്ത ഏകാന്തതയിലേക്കു തള്ളിവിട്ടു. ചുരുക്കിപ്പറഞ്ഞാൽ വൈവാഹികജീവിതത്തിലെ ആദ്യ അഞ്ചു വർഷത്തിൽ ഏതാണ്ട് മൂന്നു വർഷത്തിലധികം അവരൊരുമിച്ചു കഴിഞ്ഞിരുന്നില്ല.

1885-ൽ പതിനാറാംവയസ്സിലാണ് കസ്തൂരിബായി ആദ്യത്തെ കുഞ്ഞിനു ജന്മം നല്കിയത്. അങ്ങനെ പതിനാറുകാരായ ഒരച്ഛനും അമ്മയും കൂടി ഭാരതത്തിലുണ്ടായി. അവരുടെ സ്നേഹബന്ധം ശതഗുണീഭവിക്കുന്നതിൽ ആദ്യത്തെ കുഞ്ഞ് വലിയ പങ്കുവഹിച്ചു. നിർഭാഗ്യവശാൽ, പ്രസവാനന്തരം നാലാംദിവസം കുഞ്ഞു മരിച്ചുപോയത് ഇരുകുടുംബങ്ങൾക്കും അതിയായ വേദനയുളവാക്കി. പിന്നീട്, മോഹൻദാസ് വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കു പുറപ്പെടുന്നതിനു മൂന്നു മാസം മുൻപ് 1888-ൽ കസ്തൂരിബായി ഹരിലാലിനെ പ്രസവിച്ചു. കുഞ്ഞിന്റെ ജനനം കുടുംബത്തിൽ സന്തോഷം പകർന്നു.

ബാരിസ്റ്റർപരീക്ഷയ്ക്കു പഠിക്കാൻ ഇംഗ്ലണ്ടിൽ പോകാൻ പണം തികയാതെ വന്നപ്പോൾ തന്റെ രണ്ടര കിലോയോളം തൂക്കം വരുന്ന ആഭരണങ്ങൾ വിറ്റുകൊടുത്തിരുന്നു കസ്തൂരിബായി. മോഹൻദാസിന്റെ ലണ്ടൻപ്രവേശനത്തോടെ മോധി-ബനിയ വംശത്തിൽനിന്നും ആ കുടുംബം ഭ്രഷ്ടാക്കപ്പെട്ടു. പത്തു മാസം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് കസ്തൂരിബായി ഭർത്താവിനെയും കാത്തിരുന്നു. മോഹൻദാസിന്റെ ഏറ്റവുമടുത്ത ബന്ധുക്കളെന്ന നിലയിൽ കൂടുതൽ ദുരിതങ്ങൾ നിറഞ്ഞ കാലമായിരുന്നു അവർക്കത്. പോർബന്തറിലേക്കുള്ള പ്രവേശം നിഷേധിക്കപ്പെട്ടു. കസ്തൂരിബായിയുടെ വീട്ടുകാരും അതേ വംശത്തിൽപ്പെട്ടവരായതിനാൽ അവരുമായുള്ള കൂടിക്കാഴ്ചയും സമ്പർക്കവും നിഷേധിക്കപ്പെട്ടു. തറവാട്ടമ്മയായ പുത്ലിബായിതന്നെയായിരുന്നു ആ കാലത്തെല്ലാം ഏകാവലംബമായത്. തനിക്കു വേണ്ടപ്പെട്ടവരുടെയും ഭർത്താവിന്റെയും സ്ഥാനത്ത് അവർ നിലകൊണ്ടു. കസ്തൂരിബായിയുടെ വിരഹവേദനയിൽ സമാശ്വസിപ്പിക്കയും ഹരിലാലിനെ അങ്ങേയറ്റം സ്നേഹിക്കയും ചെയ്തിരുന്നു അവർ. പക്ഷേ, പെട്ടെന്നുണ്ടായ അവരുടെ മരണം കസ്തൂരിബായിയെ ആകെ തളർത്തി. ഭർത്താവിന്റെ അഭാവത്തിൽ തന്റെയും മകന്റെയും സംരക്ഷണം നഷ്ടപ്പെട്ട അവർ ഭർത്തൃഗൃഹത്തിലെ ജോലികളിൽ മുഴുകി ജീവിച്ചു. വീട്ടിലെ എല്ലാ കാര്യങ്ങളിലും ശ്രദ്ധകൊടുത്ത് ഒരു ഉത്തമകുടുംബിനിയായി അവരവിടെ കഴിഞ്ഞുകൂടി.

ഇംഗ്ലണ്ടിലെ വിദ്യാഭ്യാസത്തിനുശേഷം മടങ്ങിയെത്തിയ മോഹൻദാസ് രാജ്കോട്ടിൽ വക്കീൽ പ്രാക്ടീസാരംഭിച്ചെങ്കിലും കുടുംബച്ചെലവു വർധിച്ചതോടെ കസ്തൂരിബായി അക്കാര്യം മോഹൻദാസിനെ ബോധിപ്പിക്കുകയും അപമാനിതനായ അദ്ദേഹത്തിന്റെ കർക്കശമായ സമീപനംമൂലം അവരെ വീട്ടിലേക്കു തിരിച്ചയയ്ക്കപ്പെടുകയുമുണ്ടായി. ജീവിക്കാനാവശ്യമുള്ളത്ര സമ്പാദിക്കാൻ ശേഷിയില്ലാത്ത മോഹൻദാസ്, തന്റെ ഈ നടപടിയിൽ പശ്ചാത്താപവിവശനാകുകയും ഉടൻതന്നെ അവരെ വീട്ടിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്തു. പക്ഷേ, അപ്പോഴും തികഞ്ഞ പക്വതയോടെ ഭർത്താവിനെ അനുസരിക്കുകയായിരുന്നു കസ്തൂരിബായി ചെയ്തത്. ഇക്കാലത്താണ് ഹൈക്കോർട്ടിലെ പരിചയം സമ്പാദിക്കാനായി ബോംബെയിലേക്കു തിരിച്ചത്. അങ്ങനെയിരിക്കെ ദാദാ അബ്ദുള്ളയുടെ കേസിൽ സഹായിക്കുന്നതിനായി 1893 ഏപ്രിലിൽ മോഹൻദാസ് ദക്ഷിണാഫ്രിക്കയിലേക്കു ക്ഷണിക്കപ്പെട്ടു. അവിടെയെത്തിയ മോഹൻദാസിന് നാട്ടിലേക്കു തിരിച്ചുവരാൻ പറ്റാത്തത്ര ഉത്തരവാദിത്വങ്ങൾ ചുമലിലേല്ക്കേണ്ടതായി വന്നു. ആയിടെ അദ്ദേഹം നാട്ടിലേക്കയച്ച ഒരു കത്തിൽ ഇങ്ങനെ പറയുന്നു: 'The Indian Communtiy here needs me to fight for their rights. I have to stay back for a while to help them battle the discriminating laws are impinging on their digntiy.'

ഈ കത്ത് കസ്തൂരിബായിയെ കൂടുതൽ ഏകാന്തതയിലേക്കു തള്ളി. വീണ്ടും ഏകാന്തരാത്രികൾ... അച്ഛനെ കാത്തിരിക്കുന്ന മകന്റെ വിലാപങ്ങൾ... തന്റെ നിശ്ശബ്ദവേദനകൾ ആരും കേൾക്കാനുണ്ടായിരുന്നില്ല. എങ്കിലും മോഹൻദാസ് തനിക്കും കുടുംബത്തിനും വേണ്ടി സമ്പാദിക്കുന്നല്ലോ എന്നോർത്ത് അവർ ആശ്വസിക്കുകയായിരുന്നു. കുടുംബത്തിനു വന്നുചേർന്ന കടബാധ്യതകൾക്കൊരറുതി വരുമെന്നോർത്ത് എല്ലാ ദുഃഖങ്ങളും സഹിച്ചു. തങ്ങൾ തമ്മിലുണ്ടായിരുന്ന സമ്പർക്കം വളരെ പരിമിതമായിരുന്നു അക്കാലത്ത്. വല്ലപ്പോഴും സഹോദരന്മാർക്കെഴുതുന്ന കത്തിൽ തനിക്കായി ചുരുങ്ങിയ ചില സന്ദേശങ്ങൾ മാത്രം. അത് തനിക്കെത്തിക്കുന്ന സഹോദരഭാര്യ ഹർ കുൻവർ പരിഹാസശരങ്ങളെയ്ത് തന്നെ നിരാശയിലാഴ്ത്തിയിരുന്നുവെന്ന് കസ്തൂരിബായി ഓർക്കുന്നു. മോഹൻദാസ് നാട്ടിലേക്കിനി തിരിച്ചുവരില്ലെന്നും അവിടെ പരിഷ്കാരിയായ ഏതോ സ്ത്രീയെ തിരഞ്ഞെടുത്തിരിക്കാമെന്നും ഇതൊക്കെ തലയിലെഴുത്താണെന്നും പാവമായ നിന്നെ അവിടേക്കു കൊണ്ടുപോവില്ലെന്നും വെറുതേ ആധിപിടിച്ചിരിക്കേണ്ടതില്ലെന്നുമൊക്കെയായിരുന്നു അവരുടെ ജല്പനം. ആയിടെത്തന്നെയാണ് ഡർബനിൽ മോഹൻദാസ് സ്വന്തമായി ഒരു ഓഫീസ് തുടങ്ങിയ വാർത്തയെത്തിയതും അടുത്തകാലത്തൊന്നും ഇന്ത്യയിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലെന്നറിഞ്ഞതും. ഹർ കുൻവറിന്റെ തമാശ വൃഥാവിലല്ലായിരുന്നു എന്നതിൽ അവരോട് അത്യധികമായ ദേഷ്യവും വെറുപ്പും തോന്നി.

അന്നാദ്യമായി തനിക്കു സഹോദരഭാര്യമാരോട് അസൂയ ജനിച്ചുവെന്ന് കസ്തൂരിബായി പറയുന്നു. അവർക്കു തന്നെപ്പോലെ ഭർത്താവിനെ പിരിഞ്ഞിരിക്കേണ്ടതായോ ആകുലപ്പെടേണ്ടതായോ വന്നിട്ടില്ല. വിരസമായ ദിനങ്ങൾ നീങ്ങവേ തന്റെ ദിനചര്യകളൊക്കെ കഠിനതരമായി ഭവിച്ചു. മോഹൻദാസിനെക്കുറിച്ചുള്ള ഓർമകൾ തന്നെ അപ്പാടേ തളർത്തുന്നതായിരുന്നു. ഡർബൻ മോഹൻദാസിനെ തികച്ചും സ്വാധീനിച്ചിരുന്നു. കാത്തിരിപ്പിനൊടുവിൽ രണ്ടു വർഷത്തിനുശേഷം അദ്ദേഹം നാട്ടിലേക്കു തിരിച്ചുവരാൻ തീരുമാനിച്ച വാർത്തയറിഞ്ഞ കസ്തൂരിബായിയുടെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. ആഫ്രിക്കയിലെ ജോലി തുടരേണ്ടതിനാൽ കുടുംബത്തെ കൂടെ കൊണ്ടുപോകണമെന്ന തീരുമാനമായിരുന്നു മോഹൻദാസിന്. 1896 എന്ന വർഷം ഉത്സവപ്രതീതിയിലായിരുന്നു കടന്നുവന്നത്. കരയാനോ ചിരിക്കാനോ വയ്യാത്തവിധത്തിൽ കസ്തൂരിബായിയിൽ വികാരങ്ങൾ കുഴമേൽമറിഞ്ഞു. പക്ഷേ, അദ്ദേഹത്തെ ഒന്ന് ഒറ്റയ്ക്കു കിട്ടാനോ കൂടെയിരുന്ന് ഭക്ഷണം കഴിക്കാനോ സാധിച്ചിരുന്നില്ല.

കൂർലൻഡ്, നാദിർ തുടങ്ങിയ കപ്പലുകളിലാണ് അക്കാലത്ത് ഡർബനിലേക്കു പോകേണ്ടിയിരുന്നത്. 1896 ഡിസംബറിൽ ദാദാ അബ്ദുള്ളയുടെ കപ്പലിൽ (എസ്.എസ്. കൂർലൻഡ്) കസ്തൂരിബായിയെയും എട്ടും നാലും വയസ്സായ ഹരിലാലിനെയും മണിലാലിനെയും കൂട്ടി മോഹൻദാസ് ആഫ്രിക്കയിലേക്കു പുറപ്പെട്ടു. വിധവയായ സഹോദരിയുടെ ഏക മകൻ ഗോകുൽദാസും മറ്റു ചില ബന്ധുക്കളും അവരെ അനുഗമിച്ചിരുന്നു. കപ്പൽ മറ്റു തുറമുഖങ്ങളിൽ നിർത്താതെ നെറ്റാളിലേക്കു നേരേ പോവുകയായിരുന്നതിനാൽ യാത്ര പതിനെട്ടു ദിവസത്തേക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, കരയ്ക്കെത്തിയാലുണ്ടാകാനിടയുള്ള യഥാർഥ കൊടുങ്കാറ്റിനു മുന്നോടിയായി നെറ്റാളിലെത്താൻ നാലു ദിവസമുള്ളപ്പോൾ ഭയാനകമായ ഒരു കാറ്റിനിരയായി. ഭയഭക്തിനിർഭരരായ യാത്രക്കാർ ജാതിമതഭേദമെന്യേ ഒരേയൊരു ദൈവത്തെ ധ്യാനിക്കാൻ തുടങ്ങിയ കാഴ്ചയാണ് അന്നവിടെ ദൃശ്യമായത്. ഏതു നിമിഷവും മുങ്ങിത്താഴാമെന്നു തോന്നിക്കുന്നതായിരുന്നു കപ്പലിന്റെ ആട്ടവും ഇളക്കവും... യാത്രക്കാരെല്ലാം ഒന്നിച്ച സമയമായിരുന്നു അത്. ഡർബൻ തുറമുഖത്ത് വൈദ്യപരിശോധനയ്ക്കായി നങ്കൂരമടിച്ച കപ്പൽ പ്ലേഗ്രോഗബാധയ്ക്കെതിരേ ഇരുപത്തിമൂന്നു ദിവസം നിർത്തിയിട്ടു. ഡർബനിലെ വെള്ളക്കാർ യാത്രക്കാരെ മടക്കിയയയ്ക്കാൻ പ്രക്ഷോഭം കൂട്ടിയിരുന്നു.

ദക്ഷിണാഫ്രിക്കയിലേക്കുള്ള മോഹൻദാസിന്റെയും പരിവാരങ്ങളുടെയും വരവ് പ്രസ്സുകൾ റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിഷേധങ്ങളുടെ നടുവിൽ രോഷാകുലരായ വെള്ളക്കാരെ ഭയന്ന് റസ്റ്റംജി, കസ്തൂരിബായിയെയും കുട്ടികളെയും തന്റെ വീട്ടിൽ കൊണ്ടുപോയി. അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു എട്ടു ദിവസം. സംഘർഷഭരിതമായ ആ അന്തരീക്ഷത്തിൽ 'ഗാന്ധിയെ തൂക്കിലിടുക' എന്നു മുറവിളികൂട്ടുന്ന ജനങ്ങൾ. രണ്ടു ദിവസം ഗാന്ധിയെ പോലീസ് സ്റ്റേഷനിൽ തടവിലാക്കിയപ്പോൾ ഭാര്യയും മക്കളും അടുത്ത കാലത്തു പരിചയപ്പെട്ട റസ്റ്റംജി കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. ആ കുടുംബം പാർസിരീതിയിലായിരുന്നു ജീവിച്ചിരുന്നത്. മത്സ്യമാംസാദികൾ കഴിക്കുകയും സ്ത്രീപുരുഷഭേദമന്യേ ഒന്നിച്ചു ഭക്ഷണം കഴിക്കുകയും തല മറയ്ക്കാതെ സ്ത്രീകൾ നടക്കുകയും ചെയ്തതൊക്കെ കസ്തൂരിബായിക്കു പുതിയ അനുഭവമായിരുന്നു. ഏതോ ദുരിതപൂർണമായ ഒരു ജീവിതത്തിനു തുടക്കംകുറിക്കുകയായിരുന്നു കസ്തൂരിബായി.

Content Highlights: Excerpts from Kasturaba Gandhi Biography Written by Manjulamala MV published by Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented