വായിച്ച പുസ്തകം എന്ന നുണ


4 min read
Read later
Print
Share

വായിക്കാത്ത പുസ്തകങ്ങളെപ്പറ്റി വായിച്ചെന്നു പറയേണ്ടിവരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളിലൂടെയാണു നാം ദിവസവും കടന്നുപോകുന്നത്. വ്യാസ മഹാഭാരതം നമുക്കെല്ലാം സുപരിചിതമാണ്. അതു വായിച്ചു എന്നല്ല ഇതിനര്‍ഥം. അതിലെ മുഖ്യകഥാഗതിയറിയാം, കഥാപാത്രങ്ങളെയുമറിയാം. ഇത്ര മതി മഹാഭാരതം വായിച്ചു എന്ന മട്ടില്‍ സംസാരിക്കാന്‍.

-

എഴുത്തുകാരനും നിരൂപകനുമായ അജയ്. പി മങ്ങാട് എഴുതിയ ലോകം അവസാനിക്കുന്നില്ല എന്ന ലേഖനസമാഹാരം വായനക്കാർക്കുമാത്രമായി സമർപ്പിച്ചിരിക്കുന്നതാണ്. എന്താണ് വായന, എങ്ങനെയാണ് വായന, നല്ല പുസ്തകങ്ങൾ എന്ന് വായനക്കാർ വിലയിരുത്തുന്നതെങ്ങനെയാണ് തുടങ്ങി ഓരോ വായനക്കാരന്റെയും വായനക്ഷമതയെ അങ്ങേയറ്റം പരിഗണിക്കുന്നുണ്ട് ഈ പുസ്തകത്തിലെ ലേഖനങ്ങൾ. മാതൃഭൂമി ബുക്സ് ഉടൻ പ്രസിദ്ധീകരിക്കുന്ന ലോകമവസാനിക്കുന്നില്ല എന്ന പുസ്തകത്തിൽ നിന്നും ഒരേട് ഈ പുസ്തകദിനത്തിൽ വായിക്കാം.

വായിക്കാത്ത പുസ്തകങ്ങളെപ്പറ്റി സംസാരിക്കാനാകുമോ? യഥാർഥത്തിൽ, വായിക്കാത്തതിനെക്കുറിച്ചാണ് ഒരാൾക്കു നന്നായി സംസാരിക്കാനാകുക. വായിച്ച വ്യക്തിക്കുണ്ടാകുന്ന ആശയക്കുഴപ്പം വായിക്കാത്തവനില്ല. കണ്ടുപരിചയം മാത്രമുള്ള ഒരാളെക്കുറിച്ച് അഭിപ്രായം തട്ടിവിടുന്നതുപോലെ അനായാസമാണത്. ഇത് വായനയുമായി ബന്ധപ്പെട്ട ഒരു സാർവലൗകികപ്രശ്നമാണ്. പുസ്തകങ്ങളുടെ ഭാവി എന്ന വിഷയത്തിൽ നടത്തിയ സംഭാഷണത്തിലൊരിടത്ത്, ഉംബർട്ടോ എക്കോ സമ്മതിക്കുന്നുണ്ട്, ടോൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും മുഴുവനായും വായിച്ചത് തന്റെ നാല്പതാം വയസ്സിലാണെന്ന്. പണ്ടു കുട്ടികൃഷ്ണമാരാര് ബോറൻ പുസ്തകമാണെന്നു നിരൂപണം ചെയ്തതാണത്.

വായിക്കാതെ വായിച്ചു എന്നു പറയുന്നതു പുസ്തകലോകത്തെ മുഖ്യശീലങ്ങളിലൊന്ന്. വായിക്കാത്തത് ഒരു കുറ്റമാണെന്ന്, കുറവാണെന്നു തെറ്റിദ്ധരിച്ചാണ് നാം നുണ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരാൾ വായിച്ചോ ഇല്ലയോ എന്നു കണ്ടുപിടിക്കുക ഒട്ടും പ്രായോഗികമല്ല. വായിക്കാത്ത പുസ്തകങ്ങളെപ്പറ്റി വായിച്ചെന്നു പറയേണ്ടിവരുന്ന ഒട്ടേറെ സന്ദർഭങ്ങളിലൂടെയാണു നാം ദിവസവും കടന്നുപോകുന്നത്. വ്യാസ മഹാഭാരതം നമുക്കെല്ലാം സുപരിചിതമാണ്. അതു വായിച്ചു എന്നല്ല ഇതിനർഥം. അതിലെ മുഖ്യകഥാഗതിയറിയാം, കഥാപാത്രങ്ങളെയുമറിയാം. ഇത്ര മതി മഹാഭാരതം വായിച്ചു എന്ന മട്ടിൽ സംസാരിക്കാൻ.

ഉംബർട്ടോ എക്കോ പറയുന്നു, മഹാഭാരതത്തിന്റെ മൂന്നു പരിഭാഷകൾ കൈയിലുണ്ടായിട്ടും ഇതുവരെ വായിക്കാനായില്ല. വിദ്വാൻ കെ. പ്രകാശത്തിന്റെ മഹാഭാരത പരിഭാഷ ഡിസി ബുക്സ് പുറത്തിറക്കിയത് വിറ്റുതീർന്നു. ആരെങ്കിലും അതു മുഴുവനായും വായിച്ചിട്ടുണ്ടാകുമോ? ആയിരത്തൊന്നു രാവുകൾക്ക് രണ്ടോ മൂന്നോ മലയാളപരിഭാഷയുണ്ട്. അവ ആദ്യം മുതൽ അവസാനംവരെ വായിച്ചിട്ടുണ്ടാകുമോ? സി.വിയുടെ നോവലുകൾ ഗംഭീരമാണെന്നു പറയാത്തവരില്ല. സത്യം പറഞ്ഞാൽ, ഞാൻ മാർത്താണ്ഡവർമ കഷ്ടിച്ച് ഒപ്പിച്ചു. രാമരാജബഹദൂർ ഇതുവരെ വായിച്ചുകഴിഞ്ഞിട്ടില്ല. ഒരു റഫറൻസ് ലൈബ്രറിയുടെ അലങ്കാരമായി (വായിക്കപ്പെടാതെ) മഹാഭാരതം ഇരിക്കുന്നതു മനസ്സിലാക്കാം, എന്നാൽ താരതമ്യേന ദൈർഘ്യം കുറഞ്ഞ മറ്റു കൃതികളുടെ കാര്യമോ? വായിക്കപ്പെടാതെ അലമാരയിൽ ഇരിക്കുന്ന കൃതികൾക്കു വലിപ്പച്ചെറുപ്പമില്ല. കാക്കനാടൻ മരിച്ചപ്പോൾ, ഒരു സുഹൃത്ത് സ്വകാര്യം പറഞ്ഞത് ഇതേവരെ കാക്കനാടൻ വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. നല്ല നോവൽവായനക്കാരനായ അയാളുടെ നില ഇതാണെങ്കിൽ പുതിയ തലമുറയിലെ എത്രപേർ കാക്കനാടനെ വായിച്ചിട്ടുണ്ടാകും?

പുസ്തകങ്ങൾ വായിച്ചില്ലേലും അവ വാങ്ങി ഭദ്രമായി സൂക്ഷിക്കുന്നവരുണ്ട്. മികച്ച പുസ്തകങ്ങൾ തിരഞ്ഞുവാങ്ങുകയും വൃത്തിയായി അലമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സ്നേഹിതന്റെ കാര്യം പറയാം. സാഹിത്യത്തെ സംബന്ധിച്ചു നല്ല അറിവുള്ള ആൾ. എന്നാൽ, തീരെ വായിക്കില്ല. എന്നാൽ, ഇപ്പോൾ, ജയിംസ് ജോയ്സിന്റെ യുലീസസിനെക്കറിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കാൻ അദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. തന്റെ കൈയിൽ ജോയ്സിന്റെ പുസ്തകം ഉണ്ടെങ്കിലും അത് ഇതേവരെ ശരിക്കു വായിക്കാനായിട്ടില്ലെന്നാണ് അദ്ദേഹം സ്വകാര്യം പറഞ്ഞത്. വായിച്ചതല്ലെങ്കിലും യുലീസസ് നല്ല പുസ്തകമാണെന്ന്, ഒരു ക്ലാസിക് ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇങ്ങനെ വായിക്കാത്ത കൃതികളെപ്പറ്റി വായിച്ച ആളെക്കാൾ നന്നായി അഭിപ്രായം പറയാൻ കഴിവുള്ളവർ പുസ്തകവിരോധികളൊന്നുമല്ല. അവർ ശരിക്കും പുസ്തകസ്നേഹികളാണ്. പുസ്തകങ്ങളോടു നല്ല ഇഷ്ടം ഉള്ളതുകൊണ്ടാണല്ലോ പണം മുടക്കി അവ വാങ്ങുന്നതും സൂക്ഷിക്കുന്നതും. പുസ്തക ഇഷ്ടം നിലനിർത്തി ഒട്ടും വായിക്കാതെ കഴിയാം. വായനാരഹിതമായ പുസ്തകപ്രേമം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

പിയറി ബയാഡ് ഒരു സൈക്കോ അനലിസ്റ്റാണ്. പാരീസ് സർവകലാശാലയിലെ ഫ്രഞ്ച് സാഹിത്യം പഠിപ്പിക്കുന്ന അദ്ദേഹം, വായിക്കാതെ പുസ്തകാഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെയും റിവ്യൂ എഴുതുന്നതിന്റെയും സാസ്കാരികമനഃശാസ്ത്രത്തെപ്പറ്റി ഗവേഷണം നടത്തി ഒരു പുസ്തകം എഴുതിയ ആളാണ്. How to talk about Books You Havn't Read എന്ന ഈ പുസ്തകത്തിൽ സ്വാനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം പറയുന്നത്, പുസ്തകപ്രേമിയായാലും വായനക്കാരനാകുക എളുപ്പമല്ല എന്നാണ്. അതേസമയം വായിക്കാതെ അഭിപ്രായം പറയേണ്ടിവരുന്നത് സാംസ്കാരികമായ ഒരു അനിവാര്യതയാണെന്നും. വായനയുമായി ബന്ധപ്പെട്ട പ്രധാന ധർമസങ്കടം വായിക്കണമെന്നുണ്ട്. എന്നാൽ വായിക്കാൻ കഴിയാതെ പോകുന്നു എന്നതുതന്നെ. പുസ്തകം വായിച്ചിട്ടില്ലെന്ന് പറയാൻ നാണക്കേടുണ്ട്. അതൊരു കുറവാണെന്നാണു വിചാരം.

soosannayude granthapura
അജയ് പി. മങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര വാങ്ങാം">
അജയ് പി. മങ്ങാടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര വാങ്ങാം

ഇതിന്റെ മറുവശം നോക്കൂ, ലോകത്തിലെ എല്ലാ നല്ല പുസ്തകങ്ങളും ഒരാൾക്ക് വായിക്കാൻ പറ്റുമോ-നിങ്ങൾ ഒരു പുസ്തകശാലയിൽ കയറിയാൽ എത്രമാത്രം പുസ്തകങ്ങളാണ് അവിടെ. സർവകലാശാല ലൈബ്രറിയിൽ കയറിയാലോ, കണ്ടുതീർക്കാൻ കഴിയാത്തവിധം നീണ്ട പുസ്തകനിര കാണാം. അവയിൽ ഒരാൾ നിശ്ചയമായും വായിച്ചിരിക്കേണ്ട ഏറ്റവും മികച്ച പുസ്തകങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയാൽ തന്നെയും അത് ആയിരക്കണക്കിനു വരും. ഉദാഹരണത്തിന്, മാർസൽ പ്രൂസ്റ്റിന്റെ ഇൻ സേർച്ച് ഓഫ് ലോസ്റ്റ് ടൈം എന്ന ബൃഹദ്നോവൽ. ഇതു വായിച്ചിരിക്കേണ്ടതാണെന്നു എല്ലാ സാഹിത്യപ്രേമികളും പറയും. എന്നാലതു മുഴുവനും വായിച്ചിട്ടുള്ള ഒരാളെ കണ്ടെത്താൻ പ്രയാസം. മഹത്തായ കൃതിയാണെന്നു പറയുന്നവനും വായിച്ചിട്ടില്ല അത്. ഇതാണ്, കൃതിയുടെ പ്രശസ്തി കൂടിയിട്ട്, അതിനോടുള്ള ബഹുമാനം കൂടിയിട്ട്, നാം അതു വായിക്കാതെ ഭദ്രമായി സൂക്ഷിച്ചുവെക്കുന്നത്. ആനന്ദ് എഴുതിയ പുസ്തകങ്ങൾക്കു മിക്കവാറും ഇതാണു ഗതിയെന്നു പറയാറുണ്ട്.

എഴുത്തുകാരായ ആളുകൾപോലും വായനക്കാരല്ല എന്നതാണു മറ്റൊരു കൗതുകം. താനൊരു പുസ്തകവും വായിക്കാറില്ലെന്നു തുറന്നുപറയുന്നവർ അക്കൂട്ടത്തിൽ കുറവാണെങ്കിലും. മികച്ച എഴുത്തുകാരനെന്നു പേരെടുത്ത മലയാളത്തിലെ ഒരു സാഹിത്യകാരൻ പറഞ്ഞത്, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ അയാൾ പുതുതായി ഒരു പുസ്തകംപോലും വായിച്ചിട്ടില്ലെന്നാണ്. വായന എഴുത്തിനു തടസ്സമാണെന്നാണ് ഒരു യുവനോവലിസ്റ്റിന്റെ വാദം. നല്ല എഴുത്തുകാരനാകണമെങ്കിൽ വായിക്കരുത്, പകരം എഴുതിക്കൊണ്ടിരിക്കുക.

പുസ്തകവിരോധികളെപ്പറ്റിയല്ല നാം പറയുന്നത്, പുസ്തകത്തിൽ വിശുദ്ധമായ എന്തോ ഉണ്ടെന്നു കരുതുന്നവരെയാണ്. ഇങ്ങനെ കരുതുമ്പോഴും വായന യാഥാർഥ്യമാകാറില്ലെന്നതാണു സത്യം. വായന ഇല്ലെങ്കിലും പുസ്തകങ്ങളോടുള്ള ഇഷ്ടം നിലനില്ക്കും. അതൊരുതരം ആരാധനയാണ്. വിശ്വാസികൾക്ക് വേദഗ്രന്ഥം വിശുദ്ധമാണ്. അതിന്റെ വായന നിർബന്ധമാണെങ്കിലും വായിക്കുന്നവർ കുറവാണ്. മുഴുവനായും വായിച്ചവർ തീരെയുണ്ടാവില്ല. അങ്ങിങ്ങു പെറുക്കി വായിക്കുന്നതും ഓടിച്ചുവായിക്കുന്നതും മറിച്ചുനോക്കി പോകുന്നതുമെല്ലാം പുസ്തകവായനയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ആശാൻ കവിതകൾ ഒന്നോടിച്ചുനോക്കി എന്നൊരാൾ പറഞ്ഞാൽ, അയാളുടെ കാവ്യബോധം പൂജ്യമാണെന്നേ പറയേണ്ടൂ. എന്നാൽ ആശാനെ നന്നായി വായിക്കുന്ന ഒരാൾ, അതിനായി എത്രയോ വർഷങ്ങൾ മാറ്റിവെച്ചേക്കാം. അപ്പോൾ എത്രയോ മറ്റു കവികളെ അയാൾ തുറന്നുനോക്കാതെ പോകേണ്ടിവരും. പിയറി ബയാഡ് പറയുന്നത്, വായന ആത്യന്തികമായി വായനാരാഹിത്യമാണെന്നാണ്. നല്ല ചിരകാല വായനക്കാരൻപോലും ഒരു പുസ്തകമെടുത്തു തുറക്കുമ്പോൾ, അതേസമയം അയാളറിയാതെതന്നെ ലോകത്തിലെ മറ്റെല്ലാ പുസ്തകങ്ങളെയും വായിക്കാനെടുക്കാത്ത, ഉപേക്ഷിക്കുന്ന എതിർ പ്രവൃത്തികൂടി നടത്തുന്നുണ്ട്.

വാങ്ങിയ പുസ്തകങ്ങൾ കൃത്യമായി വായിക്കുന്നവർപോലും ചിലതു വായിക്കാതെ മാറ്റിവെക്കും. പിന്നീടൊരു ദിവസം വായിക്കാൻ വേണ്ടിയാണത്. ആ വായനയുടെ ദിവസം അകന്നകന്നുപോകും. ചിലപ്പോൾ മറ്റൊരു ജന്മത്തിലായിരിക്കും അതു സംഭവിക്കുക. പുതിയ പുസ്തകങ്ങൾക്കായി ദിനവും തിരയുന്ന വായനക്കാരാ, ഇനിയും വായിക്കാതെ ശേഷിക്കുന്നതിന്റെ അനന്തത നിങ്ങളെ വേദനിപ്പിക്കുന്നുണ്ടോ?

Content Highlights: Lokam Avasanikkunnilla by Ajay P Mangad, Mathrubhumi Books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gabriel Garcia Marquez, Luis de Lión

3 min

ലോകത്തിലെ ഏറ്റവും മഹത്തായ കഥാരംഭം; മാര്‍ക്കേസിനെ മറികടക്കുന്ന ലുവീസ് ഡി ലിയോണിന്റെ കൃതി

Oct 4, 2023


Nehru, Sivagnanam

4 min

ഒടുക്കം നെഹ്രു വഴങ്ങി; മദ്രാസ് തമിഴ്‌നാടിന്, തിരുപ്പതി ആന്ധ്രയ്ക്ക്; തലച്ചോർ ശിവജ്ഞാനം

Oct 3, 2023


nobel

2 min

നാളെ ഒരു മലയാളകൃതിയെയും അതിന്റെ രചയിതാവിനെയുംതേടി നൊബേല്‍ സമ്മാനം വരും

Jun 16, 2022


Most Commented