അരുൺ ഷൂരി ഇന്ത്യൻ എക്സ്പ്രസ് ഓഫീസിൽ (പഴയ ഫോട്ടോ) |കടപ്പാട്: ഇന്ത്യ ടുഡേ / പെൻഗ്വിൻ ബുക്സ്
മാറ്റംവരുത്തേണ്ട ഒരുപാട് കാര്യങ്ങള്‍ ആ പത്രത്തിലുണ്ടായിരുന്നു. ഞാനും എന്റെ പുതിയ സഹപ്രവര്‍ത്തകരും അതിനു ശ്രമിച്ചുകൊണ്ടിരിക്കെ രാംനാഥ്ജി*യാണ് ഞങ്ങള്‍ക്ക് പിന്തുണനല്‍കിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വസ്തുതകളെക്കാള്‍ എഡിറ്റോറിയല്‍ പരാമര്‍ശങ്ങള്‍ക്കാണ് പത്രം കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. ആരും എഡിറ്റോറിയലൊന്നും വായിക്കാറുണ്ടായിരുന്നില്ല. പക്ഷേ, ഓരോ എഡിറ്റര്‍മാരും അവരുടെ ഇടുങ്ങിയ മുറികളിലിരുന്ന് തങ്ങളുടെ ആധികാരിക പ്രഖ്യാപനങ്ങള്‍ വലിയ സംഭവങ്ങളാണെന്ന് സ്വയം ധരിച്ചു. വസ്തുതകള്‍ നേരെചൊവ്വേ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപകരം എല്ലാ വിഷയങ്ങളെക്കുറിച്ചും അഭിപ്രായം പറയുന്ന ലണ്ടന്‍ ടൈംസിന്റെ ശൈലിയാണ് 'ദി ടൈംസ് തണ്ടേര്ഡ്...' (ടൈംസ് ഗര്‍ജിച്ചു) എന്ന പ്രയോഗം. ഇതുപോലെയായിരുന്നു ഈ എഡിറ്റര്‍മാരും. അതുകൊണ്ടുതന്നെ എഡിറ്റ് പേജിനും എഡിറ്റ് പേജ് ലേഖനങ്ങള്‍ക്കും നല്കിവന്നിരുന്ന പ്രാധാന്യം എഡിറ്റര്‍മാരുടെ ഈ ചെറിയ ലോകത്തിന്റെ പ്രതിഫലനമായിരുന്നു. അവര്‍ പരസ്പരം മറ്റുള്ളവരുടെ ലേഖനങ്ങള്‍ വായിക്കുമായിരുന്നു. അന്നത്തെ പത്രപ്രവര്‍ത്തകരുടെ ക്ലാസ് വ്യവസ്ഥ പ്രതിഫലിപ്പിക്കുന്നതുകൂടിയായിരുന്നു അത്. എഡിറ്റോറിയലും എഡിറ്റ് പേജ് ലേഖനങ്ങളും എഴുതിയിരുന്നത് എഡിറ്റര്‍മാരായിരുന്നു. എഡിറ്റര്മാരല്ലാത്ത താഴെതട്ടിലുള്ള റിപ്പോര്‍ട്ടര്‍മാരാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എഡിറ്റ് പേജ് ലേഖനങ്ങള്‍ തയ്യാറാക്കിയിരുന്നത് എഡിറ്റര്‍മാരുടെ വളരെച്ചെറിയ സംഘമാണ്. അവര്‍ക്ക് സാമാന്യം നല്ല പൊങ്ങച്ചവും അക്കാലത്തുണ്ടായിരുന്നു. അതിലെ രണ്ടുപേരെ ഉദാഹരണത്തിന് ചൂണ്ടിക്കാട്ടി രാംനാഥ്ജി എനിക്ക് മുന്നറിയിപ്പുനല്‍കി: ''ഇപ്പോള്‍ നീ പത്രത്തില്‍ എഴുതാന്‍ തുടങ്ങിയിരിക്കുകയാണ്. ഭൂഗോളം ഉരുണ്ടിരിക്കുന്നത് തങ്ങളുടെ ലേഖനംകൊണ്ടാണെന്നാണ് പത്രത്തില്‍ എഴുതുന്നവര്‍ ചിന്തിക്കുന്നതെന്ന് എപ്പോഴും ഓര്‍ക്കുക.''
റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍..
അഭിപ്രായങ്ങളെക്കാള്‍ വസ്തുതകള്‍ക്ക് പത്രം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് എനിക്കുതോന്നി. റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പത്രം വളരെയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്. അതുപോലെത്തന്നെ കാര്‍ട്ടൂണുകള്‍ക്കും കാര്‍ട്ടൂണിസ്റ്റുകള്‍ക്കും. ഒരൊറ്റ കാര്‍ട്ടൂണിന് ഒരുപാട് ലേഖനങ്ങളെക്കാള്‍ ഭരണകൂടത്തെ കുത്തിനോവിക്കാന്‍ കഴിയും. വസ്തുതകളില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങളും നല്‍കാം. എഡിറ്റ് പേജില്‍ എഴുതാന്‍ കൂടുതല്‍ ആളുകളെ കണ്ടെത്തണം. എഡിറ്റ് പേജിന്റെ എതിര്വശത്തുവരുന്ന പേജ്, നീണ്ട റിപ്പോര്‍ട്ടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കുംവേണ്ടി എന്തുകൊണ്ട് മാറ്റിവെച്ചുകൂടാ എന്നു ഞാന്‍ ചിന്തിച്ചു. റിപ്പോര്‍ട്ടര്‍മാര്‍ വെറുതേ കാര്യങ്ങള്‍ മാത്രം റിപ്പോര്‍ട്ടുചെയ്താല്‍ പോരാ. അവര്‍ എഴുതുന്നത് തീര്‍ച്ചയായും വാര്ത്തകള്തന്നെയായിരിക്കണം. വസ്തുതകള്‍ അരിച്ചുപെറുക്കിയെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കണം. വലിയ നഗരങ്ങളില്‍നിന്ന് പുറത്തേക്കുപോകാന്‍ അതവര്‍ക്ക് അവസരം നല്‍കും. അവര്‍ക്ക് സ്വന്തം ജോലിയുടെ മഹിമ ബോധ്യപ്പെടാന്‍ അവസരമൊരുക്കും. എഡിറ്റര്‍മാരുടെ പേരുകള്‍ നല്കുന്നതുപോലെ യുവറിപ്പോര്ട്ടര്മാരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും പേരുകള്‍ (ബൈലൈനുകള്‍**) പത്രത്തില്‍ നല്‍കണം. ഈ ജോലിയില്‍ എത്രകാലമായി തുടരുന്നു എന്നതു നോക്കിയല്ല ആരുടെയും പേരു നല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യേണ്ടത്; വാര്‍ത്തയുടെയോ ചിത്രത്തിന്റെയോ മൂല്യമനുസരിച്ചാണ്. വാര്‍ത്തകളുടെ നീളത്തിന് പരിധിനിശ്ചയിക്കരുത്. വായനക്കാരന് ആവശ്യമായ എല്ലാ വിവരങ്ങളും നല്കാന് റിപ്പോര്‍ട്ടറെ അനുവദിക്കണം, അഥവാ പ്രോത്സാഹിപ്പിക്കണം.
വാര്‍ത്തകള്‍ എഴുതുന്നതിനുമുമ്പ് ശേഖരിച്ച രേഖകള്‍ വായിച്ചുനോക്കാന്‍ ഞാന്‍ റിപ്പോര്‍ട്ടര്‍മാരെ പ്രേരിപ്പിക്കും. അങ്ങനെയാവുമ്പോള്‍, മറച്ചുവെക്കപ്പെട്ട രേഖകള്‍ക്കായി അവര്‍ അന്വേഷണം തുടങ്ങും. അച്ചടിച്ച രേഖകള്‍ വായിക്കാന്‍ ശ്രമിക്കണം. ഈ രേഖകള്‍ എന്തു പറയുന്നു, എന്തു പറയുന്നില്ല എന്നതുമാത്രം അവതരിപ്പിച്ചാല്‍ മതി എന്താണ് സംഭവിക്കുന്നതെന്നു പുറത്തുകൊണ്ടുവരാന്‍. ഇതിനുപുറമേ സ്ഥലങ്ങളും സന്ദര്‍ശിക്കണം. നിങ്ങള്‍ സ്വന്തമായി കാര്യങ്ങള്‍ ഗ്രഹിക്കുക. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുക. നിങ്ങളുടെ സ്വന്തം ഉപസംഹാരമെഴുതുക. ഇന്നയാള് പറയുന്നു, മറ്റേയാള്‍ പറയുന്നു, അതിനാല്‍ ഒരു സന്തുലിതമായ വാര്ത്തചെയ്തു എന്ന് വായനക്കാരനോടു പറയരുത്. ആര് എന്തു പറയുന്നു എന്നതല്ല, നിങ്ങളെന്തു പറയുന്നു എന്നതാണ് പ്രധാനം.
പല മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സ്വന്തം വാര്‍ത്താ ഉറവിടങ്ങളായ(Source) വ്യക്തികളുമായുള്ള ബന്ധത്തെക്കുറിച്ച് ആത്മാഭിമാനം കൊള്ളുന്നവരായിരുന്നു. എന്നാല്‍, ഇത്തരം ഉറവിടങ്ങളെക്കുറിച്ച് ജാഗ്രതപാലിക്കാന്‍ ഞാനെന്റെ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. അയാളെ ഉപയോഗപ്പെടുത്തുന്നെന്നാണ് നിങ്ങള്‍ കരുതുക. പക്ഷേ, യഥാര്‍ഥത്തില്‍ അയാള്‍ നിങ്ങളെ ഉപയോഗിക്കുകയായിരിക്കും. അത്തരക്കാരില്‍നിന്ന് ഒരു നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവരെക്കുറിച്ച് സ്വതന്ത്രമായി നിങ്ങള്ക്കെഴുതാനാവില്ല. ചെറുപ്പക്കാരായ പല റിപ്പോര്‍ട്ടര്‍മാരും ഇതൊന്നും കാര്യമായെടുത്തില്ല. പക്ഷേ, ചിലര്‍ക്കെല്ലാം ഇത് ബുദ്ധിമുട്ടുണ്ടാക്കി. കോര്പ്പറേറ്റുകളില്നിന്നുള്ള പത്രക്കുറിപ്പുകള്‍ വാര്‍ത്തയാക്കിയിരുന്ന ഒരു സാമ്പത്തികകാര്യ ലേഖകന്‍ ചെയ്തിരുന്നത് ഇപ്രകാരമാണ് -തലക്കെട്ടിനു താഴെ സ്വന്തം പേര് എഴുതിച്ചേര്‍ക്കുക, അല്ലെങ്കില്‍ 'പ്രത്യേക ലേഖകന്‍' എന്ന ബൈലൈനും ചേര്‍ത്ത് വാര്‍ത്ത ഡെസ്കിലേക്ക് അയക്കുക.
.jpg?$p=de39503&&q=0.8)
ഹൈദരാബാദ് രാജ്ഭവനു മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ അരുൺഷൂരി |കടപ്പാട്: ഇന്ത്യടുഡേ / പെൻഗ്വിൻ ബുക്സ്
'പുതിയകാലമാണ്, പുതിയ കാര്യങ്ങള്‍ ചെയ്യേണ്ടിവരും'
ഇതെല്ലാം മുതിര്‍ന്നവര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. ചണ്ഡീഗഢിലെ യുവലേഖകനായിരുന്നു ശേഖര്‍ ഗുപ്ത. ഒരിക്കല്‍, എന്റെ ഒരു അമ്മായിക്ക് അര്‍ബുദം പിടിപെട്ടു. എനിക്കവരെ അവിടത്തെ പി.ജി.ഐ.യിലേക്ക് (പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്) കൊണ്ടുപോകേണ്ടിവന്നു. എനിക്കു കാണേണ്ടയാളെ ശേഖറിന് അറിയാമായിരുന്നു. അമ്മായിയെ കൊണ്ടുപോകേണ്ട സ്ഥലമെല്ലാം ശേഖറിന് നന്നായറിയാം. അവിടെയെല്ലാം അയാള്‍ വന്നു. അയാളുടെ ഊര്‍ജവും ബന്ധങ്ങളും വളരെയേറെയായിരുന്നു. പിന്നീട്, ഷില്ലോങ്ങില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരൊഴിവുവന്നു. ശേഖറിനെ അയക്കാമെന്നും വടക്കുകഴിക്കന്‍ സംസ്ഥാനങ്ങളെയാകെ ദേശീയശ്രദ്ധയില്‍ കൊണ്ടുവരാന്‍ അയാള്‍ക്കു കഴിയുമെന്നും ഞാന്‍ പറഞ്ഞു. പക്ഷേ, ഡല്‍ഹിയില്‍ ചെറുചേംബറുകളില് സ്വന്തം പ്രഖ്യാപനത്തിന്റെ പ്രകമ്പനങ്ങള്മാത്രം കേട്ടിരിക്കുന്ന എഡിറ്റര്‍മാര്‍ അയാളെക്കുറിച്ചു കേട്ടിട്ടില്ലെന്നു പറഞ്ഞു. ഒടുവില്‍ അവര്‍ വഴങ്ങി. ബൈലൈനോടുകൂടി ശേഖറിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി ഒന്നാംപേജില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ ഒരു സീനിയര്‍ എഡിറ്റര്‍ അസ്വസ്ഥനായി എന്നോടു പറഞ്ഞു: ''ഒരു ബൈലൈന്‍ കിട്ടാന്‍ ഞങ്ങള്‍ക്കൊക്കെ പത്തുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. ഇത്തരം തുടക്കക്കാര്‍ക്കൊക്കെ ഒന്നാംപേജില്‍ നിങ്ങള്‍ ബൈലൈന്‍ കൊടുക്കുകയാണോ?'' ഉന്നതങ്ങളിലെ കല്പിതങ്ങളായ വാര്‍ത്താ ഉറവിടങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇത്തരം ഉറവിടങ്ങളില്‍നിന്നുള്ള വാര്‍ത്തകളല്ല റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയിരുന്നത്. തെരുവുകളിലും ജില്ലാ കേന്ദ്രങ്ങളിലും ചേരികളിലും തങ്ങള്‍ കണ്ടതുവെച്ചുള്ള റിപ്പോര്‍ട്ടുകളാണ് അവര്‍ അയച്ചിരുന്നത്. കൂടുതല്‍ സ്ഥലവും നീക്കിവെച്ചിരുന്നത് ഇത്തരം വാര്‍ത്തകള്‍ക്കാണ്. ഇത് മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ അസ്വസ്ഥരാക്കി.
ഒരു തുറന്നുകാട്ടല്കൊണ്ട് എല്ലാമായി എന്ന് ഞാന്‍ കരുതിയില്ല. ഭരണകര്‍ത്താക്കള്‍ കേള്‍വിശക്തിയില്ലാത്തവരാണ്. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ ആവശ്യമെങ്കില്‍ നാം മാസങ്ങളോളം തുടരണം. അപ്പോഴേക്കും ഒന്നുകില്‍ ഭരണകര്‍ത്താക്കള്‍ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിതരാവും അല്ലെങ്കില്‍ നൂറുകണക്കിനാളുകള്ക്കുതോന്നും ഇനിയും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാക്കാനാവുമെന്ന്. മതിയായ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിട്ടും ഭരണകൂടം ഒന്നും ചെയ്യാത്ത സംഭവങ്ങളില്‍ വ്യവസ്ഥ എത്രത്തോളം പുഴുക്കുത്തുള്ളതാണെന്ന് ഞങ്ങള്‍ വായനക്കാരെ ബോധ്യപ്പെടുത്തും. ഈ രീതിയിലുള്ള മുന്നോട്ടുപോക്കിനെത്തുടര്ന്ന് 'ഇതൊരു വര്‍ത്തമാന പത്രമാണോ, അതോ കാമ്പയിന് പത്രികയോ?' എന്ന ചോദ്യങ്ങളുണ്ടായി. ആരോ രഹസ്യമായി പങ്കുവെച്ചത് എന്നപേരില്‍ തങ്ങളെഴുതുന്ന 'സ്കൂപ്പുക'ളെക്കാളും യുവറിപ്പോര്ട്ടര്മാരെയും അവരുടെ വാര്ത്തകളെയുംപറ്റി ജനങ്ങള്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ കാലങ്ങളായി ഈ മേഖലയില്‍ തുടരുന്നവര്‍ എല്ലാറ്റിലും കുറ്റം കണ്ടെത്താന്‍ തുടങ്ങി. അവര്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ പരമ്പരാഗത രീതിയുണ്ടായിരുന്നു. ഞങ്ങളോടു ചേര്‍ന്നുനിന്നത് രാംനാഥ്ജി മാത്രമായിരുന്നു. പൊതുകാര്യങ്ങളിലുള്ള സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം ഞങ്ങള്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതിന്റെ പ്രത്യാഘാതങ്ങള്‍ അദ്ദേഹത്തിനറിയാമായിരുന്നു. റിപ്പോര്‍ട്ടര്‍മാരുടെ വാര്‍ത്തകളിലൂടെ പത്രം ചര്‍ച്ചയാവുന്നത് അദ്ദേഹം അറിഞ്ഞിരുന്നു. പത്രത്തിന്റെ പ്രചാരം വര്‍ധിക്കുന്നത് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിനാല്‍ വിമര്‍ശകരില്‍നിന്ന് അദ്ദേഹം അകലംപാലിച്ചു. ''പുതിയ കാലമാണ്. പുതിയ കാര്യങ്ങള്‍ ചെയ്യേണ്ടിവരും. തത്കാലം അയാള്‍ക്കു തോന്നുന്നത് ചെയ്യാന്‍ അനുവദിക്കുക'' -അദ്ദേഹം പറഞ്ഞു.
.jpg?$p=8a7b7b1&&q=0.8)
ആ സമയത്ത് എസ്. മുല്ഗോക്കറായിരുന്നു എഡിറ്റര്‍. അക്കാര്യത്തില്‍ ഞങ്ങള്‍ ഭാഗ്യമുള്ളവരായിരുന്നു. ഒറ്റപ്പെട്ടുനില്ക്കുന്നൊരാളായിരുന്നു അദ്ദേഹം. എല്ലാറ്റിനെയും എതിര്‍ക്കുന്ന സ്വഭാവക്കാരനുമായിരുന്നു. ഒരു വാര്‍ത്തയില്‍ എന്തു വസ്തുതയാണ് ഇല്ലാത്തതെന്നു കണ്ടെത്താനുള്ളൊരു കഴുകന്‍കണ്ണ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കണക്കെടുപ്പില്‍ ആരും താഴേക്കുവീഴാന് സാധ്യതയുണ്ടായിരുന്നതിനാല്‍ എല്ലാവര്ക്കും അദ്ദേഹത്തെ ഭയമായിരുന്നു. ആ വീഴ്ചയില്‍നിന്ന് പിന്നീടൊരിക്കലും തിരിച്ചുവരാനാകില്ല. രാംനാഥ്ജിക്ക് അദ്ദേഹവുമായി അടുത്തബന്ധമുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിയമിച്ച ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡയറക്ടര്‍ ബോര്‍ഡിനെ പിരിച്ചുവിട്ടശേഷം രാംനാഥ്ജി ആദ്യമായി ചെയ്തത് മുല്ഗോക്കറെ പത്രത്തിന്റെ എഡിറ്ററായി പുനര്‍നിയമിക്കുകയായിരുന്നു. മുല്ഗോക്കറുടെ വലംകൈയായിനില്ക്കാന് രാംനാഥ്ജി എന്നെ ഉപദേശിക്കാറുണ്ടായിരുന്നു. പക്ഷേ, മുല്ഗോക്കറുടെ അപ്രമാദിത്വവും നിരാകരണസ്വഭാവവുമൊക്കെ കാരണം അത് ബുദ്ധിമുട്ടുണ്ടാക്കി. ചില കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജോര്‍ബാഗിലെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ ഞാന്‍ പോകാറുണ്ടായിരുന്നു. ബ്രിട്ടീഷ് പത്രത്തില്‍ താന്‍ വായിക്കുന്ന ലേഖനത്തില്നിന്നോ ചെയ്തുകൊണ്ടിരിക്കുന്ന ക്രോസ് വേഡില്നിന്നോ അദ്ദേഹം തലയുയര്ത്തിനോക്കുകപോലും ചെയ്തിരുന്നില്ല. അപ്പോള്‍, ഏറ്റവും കൂടുതല്‍ അവഗണന അനുഭവിക്കുന്ന മുഖംവാടിയ അദ്ദേഹത്തിന്റെ ഭാര്യ അങ്ങോട്ടുവരും. എന്നോട് അവര്‍ ഇരിക്കാന്‍ പറയും. കുടിക്കാന്‍ ചായയോ മറ്റോ വേണോ എന്നു ചോദിക്കും. രാംനാഥ്ജി പറയാറുണ്ട്: ''എന്തിനാണ് അദ്ദേഹവുമായി നീ കലഹിക്കുന്നത്? മുല്ഗോക്കര് എന്റെ ജീവനക്കാരനാണ്. പക്ഷേ, അദ്ദേഹത്തിന്റെ വീട്ടില്‍പ്പോകുമ്പോള്‍ ആദ്യം ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യും. പിന്നെ അദ്ദേഹത്തിന്റെ നായയെ നോക്കി 'പ്രിയപ്പെട്ട നായേ, എന്റെ അഭിവാദനങ്ങള്‍' എന്നുപറയും. എന്തിനാണെന്ന് എന്നോട് നീ ചോദിക്ക്. കാരണം, എനിക്ക് മുല്ഗോക്കറെക്കൊണ്ട് ചില കാര്യങ്ങളുണ്ട്. അയാള്‍ക്ക് അയാളുടെ നായ അത്രയും പ്രിയപ്പെട്ടതാണ്. അയാളോടു വഴക്കിടരുത്. ആന്തരികമായി എങ്ങനെ മുറിവേല്പ്പിക്കാമെന്ന് അയാളില്‍നിന്ന് പഠിക്കുക. ബാഹ്യമായി മുറിവൊന്നുമുണ്ടാകില്ല. പക്ഷേ, ഉള്ളില്‍ ധമനികള്‍ പൊട്ടിയിരിക്കും.''
ഞാന്‍ പറഞ്ഞു: ''ഞങ്ങള്‍ പഞ്ചാബികളെ സംബന്ധിച്ച് ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ്.''
പത്രത്തില്‍ കഴിവുള്ള റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നു. എല്ലാ പ്രസ്ഥാനങ്ങളിലെയുംപോലെ ഇവിടെയും കുതികാല്‍വെട്ടുകാരും നാരദന്മാരും ഉണ്ടായിരുന്നു. ഞാനൊരു ചെറിയ ഉപായം സ്വീകരിച്ചു. അത് പ്രാവര്‍ത്തികമായതില്‍ ഞാന്‍ അദ്ഭുതപ്പെട്ടു. ഞാന്‍ അതു പറഞ്ഞു, ഇതു പറഞ്ഞു എന്നെല്ലാം ഒരു റിപ്പോര്‍ട്ടര്‍ സീനിയര്‍ എഡിറ്ററോട് നുണപറഞ്ഞുകൊടുക്കുന്നതായി ഞാനറിഞ്ഞു. എനിക്കു ദേഷ്യംവന്നു. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ടുമാത്രം പറയുക, മറ്റുള്ളവരോട് പറയാതിരിക്കുക എന്ന ശീലം ഞാനുണ്ടാക്കി. ആ റിപ്പോര്‍ട്ടര്‍ എന്റെ കാബിനില്‍ വന്നപ്പോള്‍, നിങ്ങള്‍ ഞാന്‍ സീനിയര്‍ എഡിറ്ററെക്കുറിച്ച് അതുപറഞ്ഞു, ഇതുപറഞ്ഞു എന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നോ എന്നു ചോദിച്ചു. ഇല്ലെന്ന് അയാള്‍ പറഞ്ഞു. പകരം അയാള്‍, എഡിറ്റര്‍ താങ്കളെക്കുറിച്ച് ചിലത് പറയുന്നു എന്നു പറഞ്ഞു. ''ശരി, നമുക്ക് എഡിറ്ററോടു ചോദിക്കാം'' -എന്ന് ഞാന്‍ പറഞ്ഞു. കസേരയില്‍നിന്ന് ചാടിയെഴുന്നേറ്റ് അയാള്‍ പറഞ്ഞു: 'വേണ്ട, വേണ്ട അതിന്റെ ആവശ്യമില്ല. അതൊക്കെ ചെറിയ കാര്യമല്ലേ.'' ഫോണെടുത്ത് ഞാന്‍ എഡിറ്ററെ വിളിച്ചു. 'എന്റെയടുത്ത് ഇന്നയാള് ഇരിക്കുന്നുണ്ട്. ഇയാള്‍ ഇന്നതുപോലെ പറയുന്നു...' എന്നു പറഞ്ഞു. റിപ്പോര്‍ട്ടര്‍ വെട്ടിവിയര്‍ത്തു. അതോടെ അത്തരം ദുഷിച്ച അപവാദങ്ങള്‍ നിലച്ചു. ചുരുങ്ങിയത് അത്തരം കാര്യങ്ങള്‍ എന്റെയടുത്ത് എത്തുന്നതെങ്കിലും അവസാനിച്ചു. പക്ഷേ, അത് എനിക്ക് നല്ല അപഖ്യാതി സമ്മാനിച്ചു.
* ഇന്ത്യന്‍ എക്സ്പ്രസിന്റെ സ്ഥാപകന്‍ രാംനാഥ് ഗോയങ്ക
**വാര്‍ത്ത എഴുതിയ റിപ്പോര്‍ട്ടറുടെ പേര്
പരിഭാഷ: സന്തോഷ് വാസുദേവ്
Content Highlights: excerpt form Arun shourie's book the commissioner for lost causes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..