തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ ഒ.വി. വിജയൻ വരച്ച കാർട്ടൂൺ, ഒ.വി. വിജയൻ
പി.എസ്.സി.യും റാങ്ക് ലിസ്റ്റും മുഖരിതമായ ആഴ്ചകളാണ് കടന്നുപോയത്. ഒരുപാടു കാലത്തിനുശേഷമാണ് തൊഴില്‍രഹിതര്‍ മലയാള വാര്‍ത്തയിലും കാര്‍ട്ടൂണിലും ഈ തോതില്‍ സ്ഥാനംപിടിച്ചത്.
അടഞ്ഞ വാതിലുകളില്‍ തൂക്കിയിട്ട 'നോ വേക്കന്‍സി' ബോര്‍ഡുകള്‍ നോക്കിനീങ്ങുന്ന ചെറുപ്പക്കാര്‍ 1960-'70-തുകളില്‍ കാര്‍ട്ടൂണുകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു. അക്കൂട്ടത്തിലെ ഒരു അഭ്യസ്തവിദ്യനെ അവസാനം കണ്ടത് ഒ.വി. വിജയന് ഈ പത്രത്തില്‍ വരച്ച ഒരു കാര്‍ട്ടൂണിലാണ്. കേരളയ്ക്കും കാലിക്കറ്റിനും ശേഷം മൂന്നാമതൊരു സര്‍വകലാശാല 1971-ല്‍ കൊച്ചിയില്‍ ആരംഭിച്ചപ്പോള്‍ ഒരു കണ്ണടക്കാരന് പയ്യന് തലതിരിഞ്ഞ ത്രികോണം മതിലില്‍ വരച്ചിടുന്നതാണ് ചിത്രം. കുടുംബാസൂത്രണത്തിന്റെ ഈ ചിഹ്നത്തോടു ചേര്‍ന്നുള്ള അക്കാലത്തെ ആഹ്വാനം 'രണ്ട്, ഏറിയാല്‍ മൂന്ന്' എന്നായിരുന്നു.
ഇത്ര തിരകള്‍ എണ്ണിത്തീര്‍ക്കാന്‍ ഉള്ളപ്പോള്‍ എന്തിനാണ് മലയാളി തൊഴില്‍തേടി അലയുന്നത് എന്നതിശയിക്കുന്ന ഒരു മദാമ്മയെ വിജയന്‍തന്നെ കോവളം തീരത്ത് കണ്ടെത്തുന്നുണ്ട്. അക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഉദ്യോഗാര്‍ഥി അരവിന്ദന്റെ രാമുതന്നെ. ബി.എ. ഇംഗ്ലീഷ് ഒന്നാംക്ലാസോടെ പാസായ ഈ കഥാപാത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ 1961 മുതല്‍ പ്രത്യക്ഷപ്പെട്ട പതിമ്മൂന്നു കൊല്ലമത്രയും മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നില്ല.
വഴിയേ, ഗള്‍ഫും ടൂറിസവും മലയാളിക്ക് ജോലിതന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ മറ്റു വാര്‍ത്തകളിലേക്ക് തിരിഞ്ഞു. അടുത്തകാലത്ത് മഹാമാരിയെത്തുടര്‍ന്നു അതിഥിതൊഴിലാളികള്‍ തിരിച്ചുപോയപ്പോള്‍ തൊഴില്‍മേഖല വീണ്ടും കാര്‍ട്ടൂണിനു വിഷയമായി. പക്ഷേ, കേരളം ഈ പലായനം സാമാന്യമര്യാദയോടെ കൈകാര്യം ചെയ്തതുകൊണ്ടു മറ്റിടങ്ങളില്‍ കണ്ട മൂര്‍ച്ചയേറിയ വര ഇവിടെ വേണ്ടിവന്നില്ല.
സ്ഥിരവരുമാനത്തിനും അതുറപ്പാക്കുന്ന സര്‍ക്കാര്‍ ജോലിക്കുംവേണ്ടി സമരത്തിനിറങ്ങുന്ന യുവാക്കള്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കടന്നുപോവുന്ന മുന്നറിയിപ്പാണ്. സ്വകാര്യമേഖല അടുത്തൊന്നും നിവര്‍ന്നുനില്‍ക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നില്ല. കുറെ കാലത്തേക്കെങ്കിലും ഏക തൊഴില്‍ദാതാവ് സര്‍ക്കാര്‍തന്നെ. ഇത്തരം ഒരു ദീര്‍ഘകാല അനിശ്ചിതത്വം കാര്‍ട്ടൂണിസ്റ്റ് കൈകാര്യംചെയ്തത് 1929-നെത്തുടര്‍ന്നു വന്ന മഹാമാന്ദ്യ (Great Depression) കാലത്താണ്. അക്കൊല്ലം ഒക്ടോബര്‍ 24-ന് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ഇടിഞ്ഞുതുടങ്ങി. പിന്നീടങ്ങ് ഇടിഞ്ഞുകൊണ്ടേയിരുന്നു.
വീണ്ടെടുക്കല്‍ നാളെ, മറ്റന്നാള്‍, അടുത്ത ആഴ്ച, അടുത്ത മാസം എന്നിങ്ങനെ തുടര്‍ച്ചയായി ആശ്വാസവചനങ്ങള്‍ ഉരുവിട്ടത് സാമ്പത്തികവിദഗ്ധരും ഭരണകക്ഷിക്കാരും മാത്രമല്ല, പത്രാധിപന്മാരും ഈ ശുഭസൂചനകള്‍ നല്കിക്കൊണ്ടിരുന്നു. സമ്പദ് വ്യവസ്ഥ മുഴുവനും തകരുമ്പോള്‍ പത്രങ്ങള്‍ മാത്രം എങ്ങനെ പിടിച്ചുനില്ക്കും? എല്ലാവരും ഒത്തുചേര്‍ന്ന് നടത്തിയ ആത്മരക്ഷാപ്രവര്‍ത്തനം ആയിരുന്നു ഈ ശുഭവചനം.
ഇന്നത്തെ ആത്മനിര്‍ഭര്‍ഭാരതം പോലെ പ്രതീക്ഷാനിര്ഭരതയായിരുന്നു അന്നത്തെ മന്ത്രം. അതു മിക്കവാറും നടപ്പായത് മുഖപ്രസംഗങ്ങളിലും എഴുത്തു പംക്തികളിലുമാണ്. ആവതും പ്രസന്നമായ മുഖത്തോടെ പത്രങ്ങള്‍ വായനക്കാരെ എതിരേറ്റു. കാര്യങ്ങള്‍ താമസംവിനാ നന്നാവും എന്ന പൊതുധാരണ പരത്തിക്കൊണ്ടേയിരുന്നു.
പക്ഷേ, വായനക്കാര്‍ സ്വന്തം ജീവിതത്തിന്റെ നേര്‍ക്കാഴ്ച കണ്ടതു കാര്‍ട്ടൂണുകളിലായിരുന്നു. തുടരുന്ന പ്രതിസന്ധിയുടെ കാരണക്കാര്‍ അദൃശ്യര്‍ ആയിരുന്നതിനാല്‍ പ്രത്യേകിച്ചൊരാളെ കണ്ടെത്തി കുറ്റപ്പെടുത്താനില്ല. അതുകൊണ്ട് കാര്‍ട്ടൂണിസ്റ്റ് ദുരന്തത്തിന്റെ നിത്യാനുഭവം രേഖപ്പെടുത്താന്‍ ഇറങ്ങി. അധികാരകേന്ദ്രങ്ങളെക്കാള് അന്ന് വരയില്‍ വന്നത് തെരുവുദൃശ്യങ്ങള്‍ ആയിരുന്നു. 1931 ജനുവരിയില്‍ ലൈഫ് മാഗസിനില്‍ ചെസ്റ്റര്‍ ഗാര്‍ഡ് (Chester Garde) വരച്ചിട്ടതു നോക്കുക. 'ഏതു ക്യൂവിലാണ് ഞാന്‍; തീരാറായ ഭക്ഷണത്തിലേക്കുള്ളതോ, തകരാറായ ബാങ്കിലേക്കുള്ളതോ?'. തികച്ചും സംഭവ്യമായ ഒരു ചിത്രീകരണം. ഒന്നും പെരുപ്പിച്ചുപറയേണ്ട കാര്യവുമില്ല. വിഭാവനം ചെയ്യാവുന്നതിനും അപ്പുറം കാര്യങ്ങള്‍ മോശമായിരുന്നു. എന്നെങ്കിലും ശരിയാവും എന്ന പ്രതീക്ഷ പലര്‍ക്കും ഉണ്ടായിരുന്നു. എന്നെന്നു മാത്രം ആര്‍ക്കും വ്യക്തമല്ലായിരുന്നു.

പ്രസിദ്ധീകരിച്ചുവന്ന ചെസ്റ്റർ ഗാർഡ് കാർട്ടൂൺ
അക്കാലമത്രയും കാര്‍ട്ടൂണിസ്റ്റുകള്‍ സത്യം മറച്ചുവെക്കാതെ, ദുരന്തത്തെ ചൂഷണംചെയ്യാതെ, അനുകമ്പ കൈവിടാതെ വരച്ചു. ജനം കാര്‍ട്ടൂണിനോടു ഏറ്റവും അടുത്ത കാലമാണിതെന്നു കാര്‍ട്ടൂണ്‍ ചരിത്രകാരന്മാര് പറയുന്നു. വായനക്കാരുടെ ഈ വിശ്വാസമാണ് പിന്നീടങ്ങോട്ട് അമേരിക്കന്‍ കാര്‍ട്ടൂണിനെ വളര്‍ത്തിയത്.
Content Highlights: EP Unny Column Mathrubhumi Cartoon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..