'ഈസ': പുനര്‍ജന്മത്തിലെ പ്രവാസ പ്രവാചകന്‍


ഇ.കെ. ദിനേശന്‍

സ്വന്തം വീട്ടിലെ വിറക് കൂടയില്‍ കയറിപ്പറ്റാന്‍ എങ്ങനെ കഴിഞ്ഞു എന്ന് ഈസയോട് മകന്‍ സമീര്‍ ചോദിക്കുന്നുണ്ട്. ഈസ ആ രഹസ്യം പുറത്ത് വിടുന്നത് ഇങ്ങനെയാണ്- ''ഗള്‍ഫില്‍ ഒരു മുറിയില്‍ പതിന്നാല് പേരായിരുന്നു. ഒരാള്‍ക്ക് 200 ദിര്‍ഹം. വാടക പിന്നെയും കൂടി. മൂന്ന് അട്ടിയുള്ള കട്ടിലിന്റെ ഏറ്റവും മുകളില്‍ അള്ളിപ്പിടിച്ച് കയറിയാണ് ഞാനുറങ്ങിയത്. അനവധി വര്‍ഷം'' ഈ ശരീരശീലം തന്നെയാണ് വിറക് കൂടയില്‍ കയറാനുള്ള കഴിവിനെ ഉണ്ടാക്കിയത്.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്| ഫോട്ടോ: മാതൃഭൂമി

ലയാള കഥാലോകം എഴുത്തിലും പ്രമേയത്തിലും പുതുമാനം കീഴടക്കുന്ന കാലമാണിത്. അവിടെ കഥ സര്‍ഗാത്മക ആനന്ദത്തിന് പുറത്ത് സാമൂഹിക വിമര്‍ശനങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ കൂടിയായി മാറുകയാണ്. അത്തരത്തില്‍ അടുത്തകാലത്തായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥകള്‍ പൂര്‍ണമായും സാമൂഹികവിമര്‍ശനം ഉള്‍ക്കൊള്ളുന്നവയാണ്. അവയുടെ അവതരണമാകട്ടെ ഹാസ്യാത്മകമായി അവതരിപ്പിക്കുമ്പോഴും കൃത്യമായ രാഷ്ട്രീയത്തെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (നവംമ്പര്‍-28) പ്രസിദ്ധീകരിച്ച 'ഈസ' എന്ന കഥ പ്രവാസികളുടെ കോവിഡ് കാല ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രവാസ ജീവിതം അനുഭവിക്കാത്തവര്‍ക്ക് ഇത്തരമൊരു കഥയെ അതിന്റെ ജൈവികതയില്‍ നിന്നുകൊണ്ട് ഇത്ര അനായാസം അവതരിപ്പിക്കുവാന്‍ കഴിയില്ല. കഥയിലെ ചില അനുഭവങ്ങള്‍ കഥാകാരന്റേത് കൂടിയാണ്. പ്രവാസ ജീവിതങ്ങളെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അതിന്റെ ആഴങ്ങളില്‍നിന്ന് കണ്ടെടുക്കാന്‍ കഴിയുക. ശിഹാബുദ്ദീന്‍ പ്രവാസജീവിതത്തിന്റെ ഭാഗമായതുകൊണ്ടാണ് 'ഈസ' എന്ന കഥയ്ക്ക് ഇത്രമാത്രം ആര്‍ദ്രതയും കാഠിന്യവും അനുഭവപ്പെടുന്നത്.

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ മരുഭൂമിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എന്നാല്‍ അവര്‍ തിരിച്ചുവരും എന്നു തന്നെയാണ് ഉറ്റവര്‍ കരുതുന്നത്. കാരണം, അവര്‍ തിരിച്ചുവരും എന്നു പറഞ്ഞ് പോയവരാണ്. അത് ജീവനോടെയോ അല്ലാതെയോ എന്നത് വിഷയമല്ല. എങ്ങനെയായാലും അവരെ കാണുക എന്നത് ഉറ്റവരുടെ കാത്തിരിപ്പിന്റെ ഭാഗമാണ്. അത്തരം കാത്തിരിപ്പിനിടയിലാണ് കോവിഡ് പ്രവാസികളുടെ കുടുംബത്തിന് ഏറ്റവും വലിയ ആഘാതം നല്‍കിയത്. ഉറ്റവര്‍ മരിച്ചു എന്നതിന്റെ തെളിവായി ആ ശരീരത്തെ കാണാനുള്ള അവകാശ നിഷേധമായിരുന്നു അത്. ആ നിഷേധത്തെ മറികടന്ന് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പ്രവാസിയാണ് ഈസ. ഇപ്പോഴും കോവിഡ് ബാധയാല്‍ മരിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രതിനിധി കൂടിയാണ് അയാള്‍. മരണം എവിടെ നടന്നാലും കാലക്രമത്തില്‍ അയാള്‍ മറവിയിലേക്ക് പോകുന്നു എന്നതാണ് നാട്ടുനടപ്പ്. അപ്പോഴും അവസാനത്തെ കിടപ്പ് പിറന്ന മണ്ണില്‍ത്തന്നെ സാധ്യമാകണം എന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹം. ഈ ആഗ്രഹവുമായിട്ടാണ് ഈസ സ്വന്തം വീട്ടില്‍ എത്തുന്നത്. അങ്ങനെ എത്തുന്ന ഈസ ഒരാള്‍ മാത്രമല്ല. ഇതുവരെ രോഗബാധയാല്‍ മരിച്ച എല്ലാ മലയാളികളുടെയും പ്രതിനിധി. കഥയുടെ അവസാന ഭാഗത്ത് 'ഈയിടെയായി എന്റെ അമ്മോശന്‍ ഒറ്റയ്ക്കല്ല.' എന്ന് കാസിം പറയുന്നുണ്ട്.

എന്തിനാണ് മരിച്ച പ്രവാസികള്‍ക്ക് ഇങ്ങനെ പ്രത്യേകമായ പരിഗണന എന്ന ചോദ്യം സ്വാഭാവികമാണ്. ആ ചോദ്യത്തിന്റെ ഉത്തരത്തിന് ഉപയോഗിക്കാന്‍ പാകത്തില്‍ കഥയുടെ തുടക്കത്തില്‍ കഥാകൃത്ത് കേരളത്തിന്റെ സാമൂഹിക വികാസവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് മലയാളിയുടെ പ്രവാസം എന്ന തിരിച്ചറിവ് നല്‍കുന്നുണ്ട്. 'ഈ നാട് ഞങ്ങളുടെ പൈപ്പ് തുറന്നിട്ട കരച്ചിലില്‍നിന്നുണ്ടായതാണ്, സമീറെ, എന്ന് ഈസ മകനോട് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും നിയമത്തിന്റെ മുമ്പില്‍ വിലപ്പോവില്ല. വ്യക്തി എന്ന അര്‍ഥത്തില്‍ പോലീസ് (വ്യവസ്ഥിതി) ഈസയുടെ അദൃശ്യ സാന്നിധ്യത്തെ കാണുന്നത് നിയമ പ്രശ്‌നമായിട്ടാണ്. കുടുംബമാകട്ടെ ഈസയുടെ ഒളിച്ചിരിപ്പിനെ പുനര്‍ജന്മത്തിന്റെ അടയാളമായി അനുഭവിക്കുകയാണ്. അങ്ങനെയുള്ള ഒരിടത്ത് വ്യവസ്ഥിതിക്ക് സ്ഥിരീകരിക്കേണ്ടത് മരണത്തോടെ അയാള്‍ പൂര്‍ണമായി അവസാനിച്ചു എന്നതാണ്.

ഈ അവസരത്തിലാണ് കഥയില്‍ പലഭാഗത്തായി ആവര്‍ത്തിക്കപ്പെടുന്ന ചോദ്യത്തിന്റെ പ്രസക്തി. അത് മരിച്ചയാള്‍ തിരിച്ചുവരുമോ എന്നതാണ്. അപ്പോഴൊക്കെ ഈസയുടെ മകളുടെ ഭര്‍ത്താവ് കാസിം അയാളുടെ മരണ സംബന്ധമായ സാക്ഷ്യപ്പെടുത്തലുകള്‍ എസ്.ഐ.യുടെ മുമ്പില്‍ വെക്കുന്നുണ്ട്. അപ്പോഴാണ് വ്യവസ്ഥിതി വീണ്ടും ചോദിക്കുന്നത്. അയാള്‍ ദുബായില്‍ മരിച്ചു എന്നത് സത്യം തന്നെയാണോ എന്ന്. അയാള്‍ മരിച്ചു എന്നത് സത്യമാണ്. പിന്നെ എങ്ങനെയാണ് മരിച്ചുപോയ ആള്‍ തിരിച്ചുവരുന്നത് എന്നതാണ് ചോദ്യം. യുക്തിരഹിതമായ ആ ചോദ്യത്തിന്റെ നൈതിക യുക്തിയില്‍ നിന്നാണ് കഥ യുക്തിക്ക് ആവശ്യമായ സാമാന്യ ബോധത്തെ രൂപപ്പെടുത്തുന്നത്. ചിലപ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ഈ സാമാന്യ ബോധത്തില്‍ ഊറി കൂടിക്കിടക്കുന്ന സത്യങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയില്ല. കാരണം, അത് അനേക വര്‍ഷകാല അനുഭവത്തിലൂടെ പരുവപ്പെട്ടതാണ്. ഈസയ്ക്കും മകനുമിടയിലൂടെ 'അനാദികാലത്തിന്റെ നിശ്ശബ്ദ വര്‍ത്തമാനങ്ങള്‍ നൊടിയിടകൊണ്ട് കടന്നുപോയി എന്ന് കഥാകൃത്ത് രേഖപ്പെടുത്തിയത്. കഥ വായിച്ചവര്‍ പ്രവാസികളുടെ വീട്ടുകാര്‍ കൂടി ഈ കഥ വായിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് വെറുതെയല്ല. അത്രമാത്രം ആധികാരികമായി ഭാവനയുടെ രസതന്ത്രത്തെ വസ്തുതാപരതയിലൂടെ നിര്‍മിച്ചെടുക്കാന്‍ ശിഹാബുദ്ദീന് കഴിഞ്ഞിട്ടുണ്ട്.

സ്വന്തം വീട്ടിലെ വിറക് കൂടയില്‍ കയറിപ്പറ്റാന്‍ എങ്ങനെ കഴിഞ്ഞു എന്ന് ഈസയോട് മകന്‍ സമീര്‍ ചോദിക്കുന്നുണ്ട്. ഈസ ആ രഹസ്യം പുറത്ത് വിടുന്നത് ഇങ്ങനെയാണ്- ''ഗള്‍ഫില്‍ ഒരു മുറിയില്‍ പതിന്നാല് പേരായിരുന്നു. ഒരാള്‍ക്ക് 200 ദിര്‍ഹം. വാടക പിന്നെയും കൂടി. മൂന്ന് അട്ടിയുള്ള കട്ടിലിന്റെ ഏറ്റവും മുകളില്‍ അള്ളിപ്പിടിച്ച് കയറിയാണ് ഞാനുറങ്ങിയത്. അനവധി വര്‍ഷം'' ഈ ശരീരശീലം തന്നെയാണ് വിറക് കൂടയില്‍ കയറാനുള്ള കഴിവിനെ ഉണ്ടാക്കിയത്. കക്കൂസില്‍ പോകാന്‍ ക്യൂ നില്‍ക്കുന്ന, അതേ കക്കൂസില്‍ കരയാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍. എന്നാല്‍ ഇതെല്ലാം ജീവിച്ചിരിക്കുന്ന പ്രവാസികള്‍ പറയാന്‍ മടിക്കുന്ന സത്യങ്ങളാണ്. കോവിഡ് തന്ന സമാനതകളില്ലാത്ത അനുഭവത്തിന്റെ ഊഷരതയില്‍, മരുഭൂമിയിലെ അനന്തകാല കബറിടത്തില്‍ കിടക്കുന്ന പ്രവാസികള്‍ ഈ സത്യം ലോകത്തോട് വിളിച്ചു പറയുകയാണ്. ഇത് ഒരുതരം തിരിച്ചറിവാണ്. ഈ സത്യത്തെ നേരത്തേ മനസ്സിലാക്കിയ അപൂര്‍വം പ്രവാസി കുടുംബങ്ങളുണ്ട്. ഈസയുടെ കുടുംബം അങ്ങനെയുള്ളതാണ്. അതുകൊണ്ടാണ് ഭാര്യയും മകളും മകനും ഈസയെ അവരിലേക്ക് അടുപ്പിച്ചു നിര്‍ത്തുന്നത്.

ഈ സമയത്തൊക്കെ സമൂഹത്തിന് ചോദിക്കാനുള്ളത് ''മരിച്ചവര്‍ക്ക് മരിച്ചവരുടെ കൂടെ കഴിഞ്ഞാലെന്താ'' എന്നതാണ്. ഈ ചോദ്യത്തിന്റെ ഉത്തരമായിരുന്നു കോവിഡ് കാലത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കിട്ടിയ അംഗീകാരം.! രോഗബാധയാല്‍ മരിച്ചവരുടെ അന്ത്യവിശ്രമം മരുഭൂമി ഏറ്റെടുത്തത് ഒരിക്കലും പ്രവാസികളുടെ വീടിന് വെളിയില്‍ വിഷയമായി മാറാത്തത് അതുകൊണ്ടാണ്. അവര്‍ക്ക് അതൊരു ബാധ്യതയല്ലാതിരിക്കാനാണ് എം.എല്‍.എ. ഇടപെട്ട് പോലീസിനെക്കൊണ്ട് ഈസയുടെ വീടിനെ നിരന്തരം നിരീക്ഷിക്കുന്നത്. ഈസയുടെ ഭാര്യയും മക്കളും അനുഭവിക്കുന്ന വേദനയുടെ ഒരു നുള്ളു പോലും പോലീസിനോ, എം.എല്‍.എ.യ്‌ക്കോ, കാസിമിനോ ഉണ്ടാവുന്നില്ല. ഇത് മനസ്സിലാക്കിയതുകൊണ്ടാണ് 'ഞാന്‍ മരിച്ചതാണ് പക്ഷേ, എനിക്ക് ജീവിക്കണം. ഞാനിതുവരെ ജീവിച്ചിട്ടില്ല.'' എന്ന് ഈസ ലോകത്തോട് വിളിച്ചു പറയുന്നത്. സ്വഭാവികമായും ഇവിടെ ഒരു ചോദ്യം പ്രസക്തമാകുന്നുണ്ട്. നാല് പതിറ്റാണ്ടിനിടയില്‍ അയാളുടെ ജീവിതം എവിടെപ്പോയി എന്നതാണത്. അത് അറിയണമെങ്കില്‍ ഈസയെ അടിമുടി പരിശോധിക്കേണ്ടതുണ്ട്.

വ്യക്തിയും പ്രവാസവും

ഈസ എന്ന കഥയെ അതിന്റെ സര്‍ഗാത്മക ഭാവനയില്‍നിന്നും പുറത്തേക്ക് എടുത്തുവെച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ പ്രവാസത്തിന്റെ തീക്ഷ്ണമായ ജീവിത പരിസരങ്ങളെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. അത് ഈസ എന്ന വ്യക്തിയില്‍ നിന്നു തുടങ്ങി പ്രവാസത്തിന്റെ ചരിത്ര ബോധത്തിലൂടെ വികസിക്കേണ്ടതുണ്ട്. ആ രീതിയില്‍ വിശകലനത്തിന് വിധേയമാക്കുമ്പോഴാണ് കഥയിലെ രാഷ്ട്രീയത്തെ ബോധ്യപ്പെടുക.

ഈസ തന്റെ പൂര്‍വകാല ജീവിതത്തില്‍ അനുഭവിച്ച സാമൂഹിക തിരസ്‌കരണത്തിന്റെ കാരണം പൂര്‍ണമായും രാഷ്ട്രീയമാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കുടുംബമാണ്. ബ്രീട്ടിഷുകാര്‍ കണ്ടു കെട്ടിയ സ്വത്തൊക്കെ തിരിച്ചു കിട്ടുമെന്ന വിശ്വാസമായിരുന്നു. അത് കിട്ടിയില്ല. അങ്ങനെയാണ് ഈസയുടെ ഉപ്പ കോടതിയില്‍ കുഴഞ്ഞുവീണു മരിച്ചത്. ഏതോ ഉദ്യോഗസ്ഥന്‍ അയാള്‍ പാകിസ്താന്‍ പൗരനാണെന്ന് എഴുതിവെച്ചതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്. അതുണ്ടാക്കിയ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനാണ് പ്രവാസത്തെ അയാള്‍ തിരഞ്ഞെടുത്തത്. വിവാഹം കഴിച്ചതാകട്ടെ ഒരു യത്തീം പെണ്‍കുട്ടിയെ. അന്ന് ഉപ്പ മരിക്കാന്‍ കാരണം, ഒരു ടെക്നിക്കല്‍ മിസ്റ്റേക്ക് ആണെങ്കില്‍ പുതിയ കാലത്ത് അതിന്റെ മാറ്റത്തെ ഈസയിലൂടെ അവതരിപ്പിക്കാന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം സ്വത്വം പുതിയ കാലത്ത് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി എങ്ങനെ മരിച്ച ഒരാളെ ബാധിക്കുന്നു എന്ന് കഥ പറഞ്ഞുതരുന്നു. ഇവിടെ വ്യക്തിയും പ്രവാസവും രണ്ടല്ല. അതിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഒന്നാണ് എന്ന് തെളിയിക്കപ്പെടുകയാണ്. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഇല്ലാത്ത വോട്ടവകാശത്തെക്കുറിച്ച് കഥ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. കാസിം എസ്.പി.യോട് പറയുന്നുണ്ട്, ഈസയുടെ വിഷയത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നാണ് എം.എല്‍.എ. പറഞ്ഞതെന്ന്. ''മരിച്ചവരെ പ്പറ്റി നിയമപുസ്തകത്തില്‍ ഒന്നും പറയുന്നില്ല സാര്‍. അവരെ മണ്ണിട്ട് മൂടണം. അവര്‍ക്ക് പാസ്‌പോര്‍ട്ടില്ല. ആധാര്‍ കാര്‍ഡില്ല. വോട്ടവകാശമില്ല. ഒന്നുമില്ല സാര്‍. ഹൈക്കോടതി വക്കീലും ഇതുതന്നെ പറഞ്ഞു. ഓരോന്നിനും ഓരോ ഔചിത്യമുണ്ട്. ഏറ്റവും ചുരുങ്ങിയത് മണ്ണിനടിയിലാണ് അവര്‍ ജീവിക്കേണ്ടത്''. ഇതു തന്നെയാണ് എം.എല്‍.എ.യുടെയും അഭിപ്രായം. ഇതൊരു സാക്ഷ്യപ്പെടുത്തലാണ്. പ്രവാസി സമൂഹം അനുഭവിക്കുന്ന സമകാലീന ദുരന്തത്തിന്റെ സാക്ഷ്യപ്പെടുത്തല്‍. 'അയാള്‍' ഇപ്പോഴും ഭരണകൂടക്രമീകരണത്തിന് പുറത്താണ്. മരിച്ച പ്രവാസികളെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമല്ലാതാകുമ്പോള്‍ ഈസയുടെ പുനര്‍ജന്മം കേരളീയ പ്രവാസ പരിസരത്ത് അനിവാര്യമയ ഇടപെടലായി മാറിക്കഴിഞ്ഞു.

ഇങ്ങനെ ഒരു കഥയുടെ ഉള്ളറകളില്‍ പ്രവാസ ജീവിതാനുഭവങ്ങളെ ഉണക്കാന്‍ ഇടുമ്പോള്‍ അതിനെ തലോടുന്നത് ഉഷ്ണക്കാറ്റല്ല. ശൈത്യക്കാറ്റാണ്. കാരണം, ഈസ പറയുന്നുണ്ട്, ''മരിച്ചവരുടെ മുറിവുകള്‍ കൊന്നവന്റേത് മാത്രമാണെന്ന്.'' ''അപ്പോള്‍ ശരിക്കും നിങ്ങള്‍ മരിച്ചിട്ടുണ്ടോ ഈസക്കാ'' എന്ന് കാസിം ചോദിക്കുന്നുണ്ട്. ഈ ചോദ്യം ആവര്‍ത്തിക്കേണ്ടതിന്റെ കാരണം, കോവിഡ് കാലത്ത് രോഗബാധയാല്‍ മരിച്ച ഓരോ പ്രവാസിയും സ്വന്തം വീട്ടില്‍ പുനര്‍ജന്മം നേടിയവരാണ്. അതുകൊണ്ടാണ് ഈസ ആ ചോദ്യത്തിന് ഉത്തരമായി ''ഇതുപോലെ ഒരു ദിവസം സൗദി അറേബ്യയില്‍ നിന്നല്ലേ നിങ്ങളുടെ ഉപ്പയും മരിച്ചത'' എന്ന മറുചോദ്യം ചോദിക്കുന്നത്. മരുഭൂമിയില്‍ മരിച്ചുവീഴുന്ന ഓരോ പ്രവാസിയും ലോകാവസാനംവരെ പിറന്ന മണ്ണില്‍ തിരിച്ചുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് മരണമെന്നത് സ്വപ്നങ്ങളുടെ അവസാനം അല്ലെന്നും സ്വപ്നങ്ങളുടെ ആരംഭമാണെന്ന് ഈസയുടെ ഭാര്യയും മക്കളും തിരിച്ചറിയുന്നത്. മകള്‍ക്ക് ഉപ്പയുടെ സ്‌നേഹത്തെ വേണ്ടത്ര വാരിക്കുടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭാര്യയാകട്ടെ ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിച്ചവരാണ്. ഈ കഥയിലെ ഏറ്റവും വലിയ പ്രഖ്യാപനമാണത്. അറുപത് വര്‍ഷത്തില്‍ നാല്‍പ്പത് വര്‍ഷവും പ്രവാസിയായി കഴിഞ്ഞ ഒരാളുടെ ഭാര്യ ജൈവഘടനയില്‍, ശരീരഘടനയില്‍ വിധവ തന്നെയാണ്. അത് തുറന്നുപറയാന്‍ പ്രവാസത്തിന് ആറ് പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിനൊടുവിലാണ് കഥയിലെ പല ചോദ്യങ്ങളും പ്രസക്തമാകുന്നത്. അതിനിടയില്‍ പലയിടങ്ങളില്‍ നിന്നായി ഈസ അനുഭവിക്കുന്ന തിരസ്‌കരണത്തിന് പല തലങ്ങളുണ്ട്. താന്‍ കൂടി കൊടുത്ത പണം കൊണ്ട് നിര്‍മിച്ചെടുത്ത പള്ളി പോലും അയാളെ തിരസ്‌കരിക്കുകയാണ്. അതുകൊണ്ടാണ് ഉസ്താദിനോട് ഈസ ചോദിക്കുന്നത്. ''നിങ്ങള് നിര്‍ണായക ഘട്ടത്തിലൊക്കെ ആര്ടെ കൂടെയാ.'' എന്ന്. ഇത് മത സമൂഹത്തോടുള്ള ചോദ്യം കൂടിയാണ്.

മന്ത്രവാദംപോലും പ്രതിരോധത്തിന്റെ മാര്‍ഗമായി സമൂഹം പരിഗണിക്കുന്നുണ്ട്. എന്നാല്‍ പ്രകൃതി ഈസയുടെ കൂടെ ഉറച്ച് നില്‍ക്കുന്നുണ്ട്. അയാളെ നിയമവ്യവസ്ഥയില്‍നിന്ന് രക്ഷിക്കുന്നത് നിമിഷനേരംകൊണ്ട് മുളച്ചുപൊങ്ങുന്ന ചെടികളാണ്. കാട്ടിലെ ചെടികള്‍ നിവര്‍ന്നു നിന്നതും പക്ഷികള്‍ കൂട്ടത്തോടെ കലപില കൂട്ടുന്നതും ഈസയെ രക്ഷിക്കാനാണ്. എന്നാല്‍ അതുപോലും മനുഷ്യര്‍ നല്‍കില്ല എന്ന അടയാളപ്പെടുത്തലും കഥയില്‍ കാണാം.

വായന അവസാന ഭാഗത്ത് എത്തുമ്പോള്‍ എസ്.പി. ചോദിക്കുന്നുണ്ട്, ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രൈം എന്താണെന്ന് അറിയാമോ എന്ന്. ഈ ചോദ്യം എം.എല്‍. എ.യോടാണ്. അതായത് ബ്യൂറോക്രസി രാഷ്ട്രീയത്തോട് പറയുകയാണ്. ഈ രാജ്യത്തെ നിയമത്തെ നിര്‍വചിക്കേണ്ടത് നിങ്ങളല്ലാ, ഞങ്ങളാണ് എന്ന്. എം.എല്‍.എ.യ്ക്ക് അതറിയില്ലതാനും. അതുകൊണ്ടാണ് എസ്.പി. തന്നെ പറയുന്നത്. ''ഇല്ലീഗല്‍ മൈഗ്രേഷന്‍'' കഥയുടെ അവസാന ഭാഗത്ത് ഇങ്ങനെ ഒരു ചിന്ത വരാന്‍ കാരണം, പ്രവാസം എന്നത് വേര് അറുക്കപ്പെടുന്ന പ്രതിഭാസമാണെന്ന തിരിച്ചറിവില്‍ കൂടിയാണ്. അതൊടൊപ്പം മുസ്ലിം സ്വത്വം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൂടി പലയിടത്തായി കടന്നുവരുന്നുണ്ട്.

കഥ അവസാനിക്കുമ്പോള്‍ കുടുംബത്തിനുവേണ്ടി അധ്വാനിക്കാന്‍പോയ ഒരാള്‍ മരണാനന്തരം തിരിച്ചുവരാന്‍ കഴിയാതെ മരുഭൂമിയുടെ കനത്ത നിശ്ശബ്ദതയുടെ ആഴങ്ങളില്‍ ഉറങ്ങുകയാണ് എന്ന് വായനക്കാര്‍ അറിയുന്നു. 'അയാളുടെ' ഓരോ നിശ്വാസത്തിലും നാട് തുടിച്ച് നില്‍ക്കുകയാണ്. ആ തുടിപ്പിനെ അറിയുന്നത് 'ഈസയുടെ' ഭാര്യയ്ക്കും മകള്‍ക്കും മാത്രമാണ്. സമൂഹത്തിനുമുന്നില്‍ അവര്‍ അത് സാക്ഷ്യപ്പെടുത്തുമ്പോള്‍ കാസിമിനും എം.എല്‍.എ.യ്ക്കും വിഷയം അതൊന്നുമല്ല, സമ്പത്താണ്. ഒടുവില്‍ വ്യവസ്ഥിതി അയാളെ ഫയര്‍ ചെയ്യാന്‍ പ്രഖ്യാപിക്കുമ്പോഴേക്കും പുനര്‍ജന്മം നേടിയ ഈസ പ്രവാസത്തെ സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിരുന്നു.

Content Highlights: Eisa Malayalam story by Shihabuddin Poythumkadavu Mathrubhumi weekly

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023

Most Commented