ദ്രൗപദിയമ്മ
പൊഴുതന മുത്താരിക്കുന്നിലെ വീട്ടിലെ ഒതുക്കുകല്ലില്‍ കുത്തിയിരുന്ന്, ദ്രൗപദിയമ്മ അടയാളംവെച്ച പേജ് തുറന്ന് വീണ്ടും വായന തുടങ്ങി, ''..പ്രദേശത്തെ സ്‌കൂളുകളുടെ ചുമതല സൈന്യം ഏറ്റെടുത്തു. ഓണേഴ്‌സ് ബോര്‍ഡ് എന്നുവിളിക്കുന്ന ഒരു ബോര്‍ഡുണ്ട് സ്‌കൂളില്‍, വാര്‍ഷിക പരീക്ഷയില്‍ ഏറ്റവുംകൂടുതല്‍ മാര്‍ക്കുവാങ്ങുന്ന പെണ്‍കുട്ടിയുടെ പേരാണ് അതില്‍ രേഖപ്പെടുത്തുക. ഇങ്ങനെപോയാല്‍ ഈവര്‍ഷം ആരുടെയും പേര് എഴുതേണ്ടിവരില്ലെന്നാണ് തോന്നുന്നത്..''
ഹിന്ദുക്കുഷ് മലനിരകള്‍ക്കുതാഴെ സാത് നദിയൊഴുകുന്ന താഴ്വാരങ്ങളിലൊന്നില്‍ ഒരു കൗമാരക്കാരി മലാല യൂസഫ് സായി പഠിക്കാന്‍ പൊരുതിയ ജീവിതം, പ്രാഥമികവിദ്യാഭ്യാസംമാത്രം നേടിയൊരു നാലാംക്ലാസുകാരി മാമ്പറമ്പില്‍ ദ്രൗപദിയമ്മ വായിക്കുകയാണ്; എഴുപതിലുംതീരാത്ത ഒരു 'എടങ്ങേറുകൊണ്ടു പൊറുതികെട്ടിട്ട്'. ''കുടിക്കുന്നോര്‍ക്ക് കള്ളുകിട്ടാതായാല്‍ ഒരെടങ്ങേറല്ലേ, എനിക്കതാണ്, പുസ്തകം കിട്ടിയില്ലേല്‍ വായിക്കാനായില്ലേല്‍ ആകെയൊരു എടങ്ങേറ്'' വായനയോടുള്ള അടങ്ങാത്ത അഭിനിവേശത്തെ ദ്രൗപദിയമ്മ ഒരു എടങ്ങേറിലൊതുക്കുന്നു. ചെറുപ്രായത്തിലേ തോട്ടംതൊഴിലാളിയായ ദ്രൗപദിക്ക് വായന ജീവിതത്തിന്റെ ഭാഗമാണ്. 70ലും അതിനൊരു കുറവുമില്ല. അമ്മ പങ്കജാക്ഷി നന്നായി വായിക്കും. അങ്ങനെ ഞാനും പുസ്തകങ്ങളെടുത്തു വായിച്ചുതുടങ്ങി. വായനയുടെ തുടക്കം അങ്ങനെയാണ്.
ആഴ്ചപ്പതിപ്പുകളില്‍ മുട്ടത്തുവര്‍ക്കിയുടെ 'ഇണപ്രാവുകള്‍' വായിച്ചകാലം ഓര്‍മയുണ്ട്. അന്നൊക്കെ ആഴ്ചപ്പതിപ്പുകളാണ്, പിന്നെ ലൈബ്രറിയില്‍ അംഗത്വം നേടി. തകഴിയുടെ ചെമ്മീന്‍, മലയാറ്റൂരിന്റെ യന്ത്രം, വത്സലയുടെ നെല്ല്... വായന ഹരമായി. ഇതിനിടയില്‍ കാലമേറെ കടന്നുപോയി, പുനത്തിലും ഗ്രേസിയും ചന്ദ്രമതിയുമൊക്കെ വാക്കുകളുമായി കൂട്ടുകൂടി. കെ.ആര്‍. മീരയും ഇന്ദു മേനോനും അന്‍വര്‍ അബ്ദുള്ളയുമെല്ലാമായി പുതിയകാലവും വായനയുമായി. എസ്. സിതാരയാണ് ഇപ്പോള്‍ ഏറെ പ്രിയപ്പെട്ട എഴുത്തുകാരി. പറഞ്ഞുതുടങ്ങിയപ്പോള്‍ വീട്ടില്‍ ഒരാളെപ്പോലെയായി സിതാര. വായന ഇടമുറിയാതെ ഇക്കാലമെല്ലാമുണ്ടെങ്കിലും കുടുംബശ്രീ യോഗത്തില്‍ പേരെഴുതി ഒപ്പിടുന്നതില്‍ ഒതുങ്ങും എഴുത്ത്. ''കൈയക്ഷരം മോശമായിരുന്നെന്നുപറഞ്ഞ് എല്ലാവരും കളിയാക്കി. അതോടെ എഴുതാന്‍ തോന്നിയില്ല, വായിച്ച പുസ്തകങ്ങളുടെ പേരു പോലും എഴുതിവെച്ചില്ല'' ദ്രൗപദിയമ്മയ്ക്ക് സങ്കടം. സീരിയലുകളുടെ കാലമാണെങ്കിലും ദ്രൗപദിയമ്മയ്ക്ക് ഇതുവരെ കമ്പംതോന്നിയിട്ടില്ല. ഇടയ്ക്ക് പണ്ട് ആഴ്ചപ്പതിപ്പുകളില്‍ തുടരന്‍വന്ന നോവലുകള്‍ സീരിയലായപ്പോള്‍ ഒന്നിരുന്നു കണ്ടു. റേഡിയോയാണ് മറ്റൊരിഷ്ടം. അതില്‍ നാടകംകേട്ടും വായിച്ച നോവലുകള്‍ ഏറെയുണ്ട്.
പുസ്തകങ്ങള്‍ തേടിവരും വീട്ടില്‍
ഇതുവരെ ഒരുപുസ്തകംപോലും സ്വന്തമാക്കിയിട്ടില്ലാത്ത ദ്രൗപദിയമ്മയ്ക്ക് വായനയില്‍ തുണ പൊഴുതന കുട്ടിപ്പ ഗ്രന്ഥാലയമാണ്. തോട്ടത്തിലെ പണി കഴിഞ്ഞ്, വീട്ടിലെ പണിയും ഒതുക്കി വിളക്കുതെളിയിക്കുംമുമ്പേ ഓടിപ്പിടിച്ച് ലൈബ്രറിയിലെത്തും. പിന്നെ പുസ്തകങ്ങള്‍ക്കുള്ളില്‍. ഒരു അപകടത്തില്‍പ്പെട്ട് വീണതോടെ ഗ്രന്ഥാലയത്തിലേക്കുള്ള യാത്രമുടങ്ങി. ദ്രൗപദിയമ്മയുടെ വായനയറിയാവുന്ന ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഓരോ തവണയും പത്തുപുസ്തകങ്ങളുമായി വീട്ടിലെത്തും. അതു വായിച്ചുതീരുമ്പോഴേക്ക് അടുത്ത കെട്ടെത്തും. ഇക്കുറിവന്ന പുസ്തകക്കെട്ടിലാണ് മലാലയുടെ അനുഭവക്കുറിപ്പുള്ളത്. ദ്രൗപദിയമ്മയിലെ വായനക്കാരിയെ കുട്ടിപ്പ ഗ്രന്ഥാലയം അടുത്തിടെ ആദരിക്കുകയുംചെയ്തിരുന്നു.
'ഗൃഹലക്ഷ്മി'യുടെ കൂട്ടുകാരി
പിന്നെയൊരു നിര്‍ബന്ധം മാതൃഭൂമി ഗൃഹലക്ഷ്മി മാസികയാണ്. അതും മുടങ്ങാതെ വായിക്കും. എല്ലാം എടുത്തുവെച്ചിട്ടുമുണ്ട്. മുമ്പ് പ്രളയത്തില്‍ വെള്ളംകയറിപ്പോള്‍ രണ്ടുതവണ ഗൃഹലക്ഷ്മി മുടങ്ങി. മാതൃഭൂമി ജീവനക്കാര്‍ സഹായങ്ങളുമായി ഇവിടെയൊക്കെ വന്നു. ഞാന്‍ ചെന്ന് അവരോട് രണ്ടു ഗൃഹലക്ഷ്മി ഉണ്ടാകുമോ എടുക്കാന്‍ എന്നുചോദിച്ചു.. പുതപ്പും അരിയും സാധനങ്ങളുമായി നിന്നവര്‍ ആകെ അന്തംവിട്ടുപോയി ദ്രൗപദിയമ്മ ചിരിച്ചു. അമ്മയുടെ വായനഭ്രമത്തിനൊപ്പമാണ് മകന്‍ മുരളീധരനും കുടുംബവും. ''ഈ പ്രായത്തിലും കണ്ണടപോലും അമ്മയ്ക്ക് വേണ്ട. ആകെയൊരു ആനന്ദം വായനയാണ്. അമ്മ വായിക്കട്ടെ'' മകനൊപ്പം പരിചയക്കാരൊക്കെ അതുതന്നെ പറഞ്ഞു.
Content Highlights: draupadi amma, books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..