
കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ കൊച്ചുമകൾ സ്മിത രാജൻ/ ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ
മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന കലാമണ്ഡലം കല്യാണക്കുട്ടിയമ്മയുടെ അപ്രകാശിത ആത്മകഥയിലാണ് ഞാനവരെ ആദ്യമായി കാണുന്നതും അനവധി നേരം സംസാരിച്ചു നില്ക്കുന്നതും. ഒരിക്കലും നേരിട്ട് കാണാന്‍ ഭാഗ്യമില്ലാത്ത ഒരാള്‍ക്ക് ഇങ്ങനെ ചില സാധ്യതകള്‍ തുറന്നുകിട്ടും. അപൂര്‍വതയുടെ ആലിംഗനം എന്നൊക്കെ പറയാമെങ്കിലും ഒരു ജീവന് അവിടെ കിടന്നു പിടയുന്നത് എനിക്ക് കാണാനായി. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ തന്റെ മുടികളഴിച്ച് കാറ്റില്‍ കൊടികളാക്കി മാറ്റുന്നതു കണ്ടാണ് ആ നോട്ടുപുസ്തകം വായിച്ചുതീര്‍ത്തത്. ആ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ കലാകേരളത്തില്‍ മുടി ചൂടാമന്നരെന്ന് ഇന്ന് വാഴ്ത്തപ്പെടുന്നവരില് പലരും മൂക്കുകുത്തിയേനെ. കല്യാണിക്കുട്ടിയമ്മയില്‍ നിന്ന് മോഹിനിയാട്ടത്തിലേക്കും മോഹിനിയാട്ടത്തില്നിന്നു കലാകേരളത്തിന്റെ വാസ്തുവിലേക്കും യാത്രചെയ്യുന്നത് അങ്ങിനെയാണ്. 'മോഹിനിയാട്ടത്തിന്റെ അമ്മ' യിലേക്ക് എത്തുന്നതങ്ങനെയാണ്.
നൃത്തത്തിന്റെയും സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ഒരു പലായനം ഹംബി കടന്ന്, മധുര കടന്ന്, തഞ്ചാവൂര്‍ കടന്ന്, തിരുവിതാംകൂറില്‍ എത്തുകയും കടലിന്റെ ആലിംഗനത്താല്‍ മുന്നോട്ടു പോകാനാവാതെയാവുകയും ചെയ്യുന്ന സന്നിഗ്ധ ഘട്ടത്തിലാണ് യഥാര്‍ത്ഥത്തില്‍ മോഹിനിയാട്ടത്തിന്റെ പുഷ്കലമോ ശാപഗ്രസ്തമോ ആയ ഒരു കാലം ഉരുത്തിരിയുന്നത്. ഏറെ യാത്ര ചെയതതു പോലെത്തന്നെ ഏറെ തളരുകയും ചെയ്ത ഒരു കലാരൂപത്തെ ഊതിയൂതി ഉയിരുവെപ്പിച്ചവര് മൂന്നു പേരാണെന്ന് കാണാം. ആ മൂന്നു തൂണുകളില്‍ പിടിച്ചാണ് മോഹിനിയാട്ടം എഴുന്നേറ്റു നിന്നത്; സ്വാതി തിരുന്നാള്‍, വള്ളത്തോള്‍, കല്യാണിക്കുട്ടിയമ്മ.
മരണശയ്യയില്‍വെച്ച് മഹാകവി വള്ളത്തോള്‍, ''കല്യാണി, മോഹിനിയാട്ടത്തെ ഞാന്‍ നിന്റെ കൈയില്‍ ഏല്പിക്കുന്നു'' എന്നു പറയുമ്പോള്‍ നിര്‍വൃതിയുടെയും ദൃഢനിശ്ചയത്തിന്റെയും അമിതാശ്ലേഷത്താല് കണ്ണീരു പൊഴിച്ചൂ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. പരിമിതമായ അറിവുകളുടെ ഇത്തിരിവെട്ടത്തുനിന്നും ഒരുറപ്പുമില്ലാത്ത ക്ഷേത്രനര്ത്തകിമാരെ തിരഞ്ഞിറങ്ങിയ ഗവേഷകയാണ് കല്യാണിക്കുട്ടിയമ്മ. ദരിദ്രമായ നൃത്ത അടവുകളില്‍ ഇടത്തോട്ടു ചായണോ വലത്തോട്ടു ചായണോ എന്നു സന്ദേഹിക്കുകയും ദാരിദ്ര്യത്തിന്റെ ആട്ടും തുപ്പും കൊണ്ട് ഉറങ്ങാന്‍ പോലുമാവാതെ തിരിഞ്ഞും മറിഞ്ഞും കിടന്നിരുന്ന മോഹിനിയാട്ടത്തിന് അടവുകളുടെ ചിട്ടയും മുപ്പത്തിയഞ്ചോളം ചുവടുകളും സമ്മാനിച്ച് പ്രിയപ്പെട്ടവളേ, ഇതാ ഇങ്ങനെയെന്ന് കൈമുദ്ര കാണിച്ചു കൊടുത്ത നിതാന്ത പരിശ്രമി!
ജീവിതകാലം മുഴുവന്‍ മോഹിനിയാട്ടത്തിനുവേണ്ടി വിയര്‍ത്ത ഒരു പ്രതിഭയെ വേണ്ട വിധത്തില്‍ കലാലോകം എന്തുകൊണ്ട് ഗൗനിച്ചില്ല എന്ന ചോദ്യം കുറച്ചുറക്കെത്തന്നെ ചോദിക്കേണ്ടി വന്നു. കേരളത്തിന്റെ കലാഭണ്ഡാരത്തില് കല്യാണിക്കുട്ടിയമ്മയുടെതായി ഏറെയൊന്നും അവശേഷിക്കുന്നില്ല എന്ന വ്യസനത്തില്നിന്നു കെട്ടിപ്പൊക്കിയ 'മോഹിനിയാട്ടത്തിന്റെ അമ്മ' എന്ന ചിത്രത്തെ ഒരു ഇമോഷണല്‍ ബയോപിക് എന്ന് വിശേഷിപ്പിക്കാനാണ് സംവിധായകന് എന്ന നിലയില്‍ എനിക്കിഷ്ടം. നഷ്ടമായ ആത്മപരിസരത്തെ ഉണ്ടെന്ന് സങ്കല്പിച്ച് നമ്മുടെ നൃത്തത്തെ അടിമുടി പുഷ്പിണിയാക്കിയ ഒരാളെ ഹൃദയംകൊണ്ട് ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുക എന്ന മൂന്നാം വഴിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
നര്‍ത്തകിയോ അധ്യാപികയോ ആയിത്തീര്ന്നില്ലായിരുന്നെങ്കില് കല്യാണിക്കുട്ടിയമ്മ അറിയപ്പെടുന്നൊരു സാഹിത്യകാരിയായേനെ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഉള്ളൂര്‍, വള്ളത്തോള്‍, ഉറൂബ്, കുട്ടികൃഷ്ണമാരാര്, എസ്.കെ. പൊറ്റക്കാട്. ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ തുടങ്ങിയ ഗോപുരങ്ങള്ക്കൊപ്പമാണ് അവരുടെ കൃതികളും അച്ചടിച്ചുവന്നത്. കഥകളി, മണിപ്പൂരി, മൃദംഗം, കളരി, യോഗ നാടകം, സിനിമ തുടങ്ങിയവയിലൊക്കെ അഗാധമായി ആഴ്ന്നിറങ്ങിയ വ്യക്തിയുടെ ദാഹം തീരുന്നേയുണ്ടായിരുന്നില്ല. എന്നിട്ടും അടയാളപ്പെടാതെ പോയി. മോഹിനിയാട്ടത്തിന്റെ സമസ്ത ഇടങ്ങളിലേക്കും നിരന്തരമായി ഉഷ്ണിച്ച ഈ വ്യക്തിതന്നെയാണ് ഈ കലാരൂപത്തിന്റെ പ്രചരണാര്‍ത്ഥം സ്കൂള്‍ യുവജനോത്സവങ്ങളില്‍ മോഹിനിയാട്ടം ഉള്‍പ്പെടുത്തുന്നതിന് പ്രേരണയായത്. എന്നിട്ടും നിര്ഭാഗ്യവതിയായി.
ഗവേഷണ തത്പരയായ കല്യാണിക്കുട്ടിയമ്മയുടെ കാലടികള്‍ തിരഞ്ഞ് ഒരു പിന്‍നടത്തം നടത്തി പ്രസിദ്ധ നര്‍ത്തകിയും കല്യാണിക്കുട്ടിയമ്മയുടെ കൊച്ചുമോളുമായ സ്മിതാരാജന്റെ കണ്ണിലൂടെ ഈ മഹദ് വ്യക്തിയെ കാണുന്ന രീതിയാണ് അനുവര്‍ത്തിച്ചത്. കന്യാകുമാരി മുതല്‍ കേരളമൊട്ടുക്കും ക്ഷേത്രനര്ത്തകിമാരെ തിരഞ്ഞ് കല്യാണിക്കുട്ടിയമ്മ നടന്ന അതേ വഴികളിലൂടെ കാലങ്ങള്‍ക്കിപ്പുറം സഞ്ചരിക്കുന്ന കൊച്ചുമോളുടെ ഭാഷയില്‍ തുറന്നുകിട്ടുന്ന ഒരു പഴയ ജീവിതം വരയ്ക്കാനാണ് ക്യാമറ തുറന്നുവെച്ചത്. കരുത്തുള്ള ആ ജീവിതം വരക്കാന്‍ പ്രാചീനതയുടെ മനോഹാരിതയും കരുത്തും പകരുന്ന രാഗങ്ങളാണ് പശ്ചാത്തലത്തില്‍ അകമ്പടിയായത് അഡാണ, കാംബോജി, പുന്നഗവരാളി, ഭൈരവി തുടങ്ങിയ രാഗങ്ങളും, ചെമ്പൈ അവതരിപ്പിച്ചു പൊലിപ്പിച്ച കത്രി സ്വരവും പശ്ചാത്തലത്തില്‍ ഉപയോഗിച്ചു. ചിത്രസംയോജനത്തില്‍ മോഹിനിയാട്ടത്തിന്റെ തന്നെ ഭാഷയായ ആന്ദോളനരീതി ഉപയോഗിക്കുകയും ചെയ്തു.
അടിമുടി കവിയായ കല്യാണിക്കുട്ടിയമ്മ രചിച്ച കവിതകളായിരുന്നു ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്. ശൃംഗാര പദങ്ങള്ക്കപ്പുറത്തേക്ക് ഈ കലാരൂപം വളരേണ്ടതുണ്ടെന്നും അതിനാലാണ് താന്‍ സ്വാതിയുടെയും ഇരയിമ്മന്‍ തമ്പിയുടെയും കുഞ്ഞിക്കുട്ടി തങ്കച്ചിയുടെയും ശൃംഗാരകവിതകള്‍ ത്യജിച്ച് പുതിയ കവിതകളെഴുതി തുടങ്ങിയത് എന്നുമായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ പ്രസ്താവന. മരണത്തിനു തൊട്ടുമുമ്പ് ഈ അമ്മയുടെ കൈയില്‍ കാളിദാസ സമ്മാനം വെച്ചുകിട്ടുമ്പോള് ഓര്‍മ്മകളൊക്കെയും അവരില്‍നിന്നു ചിറകടിച്ചു പറന്നു പോയിരുന്നു. ഓര്‍മ്മകള്‍ കുരുവിക്കൂടുകള്‍ വെച്ച കാലത്തൊന്നും ആ കൈകളില്‍ വേണ്ടതൊന്നും വന്നുചേര്ന്നതുമില്ല.
അതിപ്രശസ്തനായ കര്‍ണ്ണാടക സംഗീതജ്ഞന് കെ.വി.നാരായണസ്വാമി മരിക്കുന്ന നേരത്ത് അബോധത്തില്‍ തുടയില്‍ കൈവിരല്‍കൊണ്ട് താളം പിടിച്ചിരുന്നുവത്രേ. 1999 മെയ് 12-ന് കല്യാണിക്കിട്ടിയമ്മ കൂടു വിട്ടുപോകുമ്പോഴും ആ കൈവിരലുകളില്‍ പുതിയൊരു മുദ്ര അര്ധോക്തിയില് വിതുമ്പി നിന്നിരുന്നുവത്രെ. വിടര്‍ന്നിട്ടും, സുഗന്ധം പടര്‍ന്നിട്ടും കാണാതെപോയൊരു കുസുമം തന്നെയായിരുന്നു മോഹിനിയാട്ടത്തിന്റെ ആ അമ്മ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..