ഷെമി, പുസ്തകത്തിൻെറ കവർ
Poverty of goods is easily cured: Poverty of the mind is irreparable
ദാരിദ്ര്യം എല്ലാ അര്‍ത്ഥത്തിലും അതിന്റെ നീരാളിക്കൈകള്‍ കൊണ്ട് പിടിമുറുക്കിയിട്ടുള്ള ജീവിതങ്ങളുടെ ചിത്രണമാണ് കബന്ധനൃത്തം എന്ന ചെറുകഥാസമാഹാരം. ഷെമി എഴുതിയ പതിനഞ്ചുകഥകളുടെ സമാഹാരമാണ് കബന്ധനൃത്തം. പതിനഞ്ചുകഥകളുടെയും പൊതുസ്വഭാവം ദാരിദ്ര്യമാണ്. വിശപ്പുമായി ബന്ധപ്പെട്ട ദാരിദ്ര്യം മാത്രമല്ലാതെ മാനുഷികജീവിതത്തിന്റെ സുരക്ഷയ്ക്കു നേരെയുള്ള എല്ലാത്തരം ഭീഷണികളും ഈ കഥകളില്‍ പ്രശ്‌നവത്കൃതമാകുന്നുണ്ട്.
കാഴ്ചയും ദൃശ്യവും സമാനാര്‍ത്ഥത്തില്‍ നമ്മള്‍ ഉപയോഗിച്ചു വരുന്ന വാക്കുകളാണ് പക്ഷേ എല്ലാ കാഴ്ചകളും മറുപുറത്തു നിന്ന് മറ്റൊരു വീക്ഷണകോണിലൂടെ കാണുന്ന രീതിയിലാണ് ഷെമി ഈ കഥകളുടെ ഘടന ഒരുക്കിയിരിക്കുന്നത് .
മികച്ച ശില്പഭദതയോടെ, കയ്യടക്കത്തോടെ, ത്രിമാന മാതൃകയിലുള്ള ഒരു നൂതന സംവിധാനമാണ് ഈ കഥകളുടെ രചനാ വൈദഗ്ധ്യം. ബ്രേസിയര്‍ എന്ന തലക്കെട്ടുകൊണ്ട് തന്നെ ആദ്യ കഥ ശ്രദ്ധേയമായിരിക്കുന്നു. കുടിലിന്റെ കുടുസ്സുമുറിയില്‍ ഭര്‍ത്താവിനെ നിസ്‌തേജസനാക്കിക്കൊണ്ടിരിക്കുന്ന ഭാര്യയുടെ അടിവസ്ത്രത്തിന്റെ വിവരണത്തിലൂടെ, ഒരു സ്ത്രീ ഏറ്റവുമധികം വേണ്ടെന്നു വെക്കുന്ന അവയുടെ സ്വകാര്യ ആവശ്യങ്ങളെയും, അവളുടെ സ്വകാര്യനിമിഷങ്ങളെ പോലും ഉത്തരവാദിത്തബോധത്താല്‍ നിര്‍വികാരമാക്കുന്ന മാതൃത്വം എന്ന ബന്ധനത്തെയും കഥ വിശദീകരിക്കുന്നു.
തന്റെ കുഞ്ഞുങ്ങളെ കിണറ്റിലിട്ട് പിന്നീട് അമ്മയും ആത്മഹത്യ ചെയ്യുന്ന ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. മരിച്ച കുഞ്ഞുങ്ങളുടെ ഭാവി ഇല്ലാതാക്കിയ അമ്മയുടെ അസാമാന്യധൈര്യത്തെ വിധിയെഴുതുന്ന വായനക്കാരും അങ്ങനെ ചെയ്യാന്‍ മാത്രം അവളനുഭവിച്ച വേദനയുമോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്ന മറുപക്ഷവുമുണ്ടാകും.
എന്തായിരിക്കും അതിനുകാരണമെന്ന് തലപുകയ്ക്കുന്നവരുടെ മുന്നിലേക്ക് തെളിഞ്ഞുവരുന്ന ദൃശ്യങ്ങളാണ് ഉമ്മ എന്ന കഥ. പോരവകാശികള്‍ ബഷീറിനെ ഓര്‍മിപ്പിക്കുന്ന പ്രണയികളുടെ കഥയാണ്. ആശുപത്രിയില്‍ വെച്ച് കണ്ടുമുട്ടുന്ന രണ്ടു ചെറുപ്പക്കാരുടെ കണ്ണിലെ പ്രണയം നമ്മുടെ സമൂഹത്തെ കാര്‍ന്നുതിന്നുന്ന ജാതിവ്യവസ്ഥയും മറികടന്ന് അവസാനരംഗത്ത് ഷെമിയുടേതു മാത്രമാകുന്നത് ഒരു പ്രസ്താവനയിലൂടെയാണ്.
'പരിഹാരരഹിതമായ ഒരേയൊരു പ്രശ്‌നം മാത്രമേ അവര് തമ്മിലുള്ളൂ ഒരാള്‍ അച്ഛന്റെ അമ്മയാണ് മറ്റേയാള്‍ അച്ഛന്റെ ഭാര്യയാണ് ''
ദാരിദ്ര്യം വിറ്റു കാശാക്കുന്ന കുടുംബത്തിലെ അഭിമാനമുള്ള പെണ്‍കുട്ടിയുടെ കഥയാണ് നഷ്ടപരിഹാരം. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപെടുന്നതുപോലെ പിതാവില്‍ നിന്നും നിയമം മൂലം മോചനം ആവശ്യപ്പെടുന്ന പിതൃമോചനം സ്‌നേഹരാഹിത്യത്തിന്റെയും സ്‌നേഹവായ്പിന്റെയും കഥയാണ് പറയുന്നത്. ഭിക്ഷാത്തൊഴിലിന്റെ നടപ്പുശാസ്ത്രം വിശദീകരിക്കുന്ന കഥയാണ് ഭിക്ഷക്കാരി. മരണം കൊണ്ട് വീട്ടാനാവാത്ത കുടിശ്ശിക പോലെയുള്ള സ്‌നേഹം ഒറ്റപ്പെട്ട ഒരു കഥയല്ല . ജീവിതത്തില്‍ നിന്ന് ചേര്‍ത്തുവെച്ച ചൂടും മിടിപ്പും ആ കഥയിലുണ്ട്. പ്രമേയപരമായ പുതുമയാണ് ബ്ലാക്ക് ട്രൂത്തിന്റെ സവിശേഷത. സര്‍ക്കാസമാണ് എഴുത്തുകാരന്‍ എന്ന കഥയെ വ്യതിരിക്തമാക്കുന്നത്. വീട്ടമ്മമാരുടെ നേര്‍ജീവിതമാണ് സ്വാതന്ത്ര്യം എന്ന കഥ.
മുരിങ്ങ എന്ന കഥയുടെ ആദ്യഭാഗ്യത്ത് പരാമര്‍ശിച്ചിട്ടുള്ള ദാരിദ്ര്യാനുഭവത്തെ ഹൃദയത്തെ മുറിപ്പെടുത്തുന്ന വിധത്തിലാണവര്‍ എഴുതിച്ചേര്‍ത്തിരിക്കുന്നുത്. പക്ഷേ കഥയുടെ അവസാന ഭാഗം പുതുമകളൊന്നുമില്ലാതെ അവസാനിക്കുകയും ചെയ്യുന്നു. ഇന്‍ ക്രെഡിബിള്‍ ഇന്ത്യ എന്ന കഥ സമകാലിക ഇന്ത്യയുടെ പരിഛേദമാണ്. ഫ്‌ളസ്റ്റര്‍ സ്ട്രീറ്റിന്റെയും അവിടുത്തെ ചിയാനോസ് കവി യൂളിന്റെയും, ജീവിതം തന്നെ നഷ്ടപ്പെട്ട ജ്വാലാമുഖിയുടെയും കഥയാണ് പ്രണയം
ഷെമിയുടെ കഥകളിലെ 'ഇല്ലായ്മ'ക്കാള്‍ ഓരോ കഥയും വാക്കുകള്‍ കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന താളം എടുത്തു പറയേണ്ടതാണ്. അവ സൃഷ്ടിക്കുന്ന അത്ഭുതകരമായ ബിംബങ്ങള്‍. കാവ്യാത്മകമായ ശൈലിയില്‍ അവര്‍ അണിയിച്ചെടുക്കുന്ന പുതിയ തരം വാക്കുകകളും പ്രയോഗങ്ങളും വലിയ മുന്നേറ്റങ്ങളാണ്. ഭാഷ മരിക്കാന്‍ തയ്യാറാല്ലെന്ന സൂചനയാണ് ഓരോ കഥയിലുമുള്ളത്. തുരുമ്പ് നക്കിയ ഭദ്രസൂചിയും , പൊക്കമില്ലാത്ത ചെറിയ പുരയുടെ കൂനിയ മുറിയും, ബഹളവുംബഹള ബഹുലതക'ളുമെല്ലാംകഥകളെ വായനക്കാരുടെ ഹൃദയത്തിലേക്കു ചേര്‍ത്തു വെക്കുന്നു.
Content Highlights: Dr Swapna C Comboth Reviews the Story Collection Kabandhanritham by Shemi Mathrubhumi Books


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..