suvarna
നാലപ്പാട്ടിന്റെ ചരമവേളയിൽ മഹാകവി ജി.ശങ്കരക്കുറുപ്പ് എഴുതി: ''കവികൾ രണ്ടുതരം; ജനങ്ങളെ അന്വേഷിച്ചുപോകുന്നവരും ജനങ്ങൾ അന്വേഷിച്ച് കണ്ടുപിടിക്കുന്നവരും. ഇവരിൽ ആദ്യത്തെ കൂട്ടർ എളുപ്പം പ്രസിദ്ധരാവും. ജനങ്ങൾ അന്വേഷിച്ചു കണ്ടുപിടിക്കുന്ന കവികൾക്ക് എളുപ്പം പ്രസിദ്ധി കിട്ടില്ല. നാലപ്പാടൻ ജനങ്ങളെ തേടി പുറപ്പെട്ട കവിയല്ല.''
തേടി കണ്ടുപിടിക്കുന്ന ജനം കുറവാണ്. 16ാം നൂറ്റാണ്ടിലെ പണ്ഡിത കവി ഭാസ്കരരായമഖി പറഞ്ഞു: ''ആയിരം മന്ദബുദ്ധികൾ എന്നെ പ്രശംസിക്കുന്നതിനേക്കാളും ഒറ്റയൊരു ബുദ്ധിമാൻ എന്റെ ഗ്രന്ഥം വായിക്കുന്നതാണ് എനിക്കിഷ്ടം.'' ശങ്കരക്കുറുപ്പ് പറഞ്ഞതിനും സമാനമായ അർത്ഥമുണ്ട്. ജനിച്ച് നൂറ്റിമുപ്പത്തിമൂന്ന് വർഷമായിട്ടും ഇപ്പോഴും നാലപ്പാട്ടിന്റെ കൃതികളെ പല ബുദ്ധിമാന്മാരും തേടി കണ്ടുപിടിക്കുന്നുണ്ട് എന്നത് അദ്ദേഹത്തിന്റെ ഖ്യാതി എത്തരമാണെന്നതിന് തെളിവാണ്.
ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ നാലപ്പാട്ട് എന്ന പദത്തിന് നാലുപുരയും നടുമുറ്റവുമുള്ള വലിയ ഭവനമെന്നാണ് അർത്ഥം. ക്ഷേത്രനിർമ്മിതിയും ഇപ്രകാരമാണ്. നടുവിൽ ഗർഭഗൃഹം. നാലുവശം നാലു ഗോപുരം. നാലപ്പാട്ടി ന്റെ നടുമുറ്റത്തെ-ഗർഭഗൃഹസ്ഥാനം- അലങ്കരിക്കുന്നത് 'ആർഷജ്ഞാന'മാണ്. നാലുവശം നാലു ഗ്രന്ഥഗോപുരങ്ങൾ ഉയർന്നുനിൽക്കുന്നു- കണ്ണുനീർത്തുള്ളി, ചക്രവാളം, പാവങ്ങൾ, രതിസാമ്രാജ്യം. ഈ പഞ്ചപ്രാസാദങ്ങളാൽ തനിക്കു താൻതന്നെ സ്മാരകം പണിഞ്ഞ മഹാപ്രതിഭയാണ് എന്റെ ഗുരു നാലപ്പാട്ട്. ഈ അഞ്ചു ഗ്രന്ഥങ്ങൾ മാത്രമാണ് മുപ്പത് വയസ്സിനുശേഷം അദ്ദേഹം എഴുതിയിട്ടുള്ളത്. ബാക്കി എല്ലാം കുട്ടിക്കാലത്ത് എഴുതിയവയാണ്, 'സുലോചന'യും(1912) 'പൗരസ്ത്യദീപ'വും (1914) ഉൾപ്പെടെ. അതുതന്നെ അദ്ദേഹത്തിന്റെ ബോധപൂർവ്വമായ തെരഞ്ഞെടുപ്പിന് നിദാനമാണ്.
അദ്ദേഹത്തിന്റെ 'കണ്ണുനീർത്തുള്ളി' വിലാപകാവ്യശാഖയിലെ മുതൽക്കൂട്ടാണ്. 'ചക്രവാളം' ഫിലോസഫിക്കൽ കവിതയാണ്, പദ്യത്തിലെഴുതിയ ഫിലോസഫിയല്ല. അവ തമ്മിലുള്ള വ്യത്യാസം അറിയാതിരുന്ന ഒരു തലമുറയെ സാഹിത്യത്തിന്റെ ബാലപാഠം പഠിപ്പിച്ചു ആ കൃതി. മുപ്പതു വയസ്സിനു മുമ്പെഴുതിയ നാലപ്പാട്ടിന്റെ കൃതികളിൽ (സുലോചന ഉൾപ്പെടെ) പ്രാസവും സംസ്കൃതപദാതിപ്രസരവും വിമർശനവിധേയമായി. മുപ്പത് വയസ്സിനു ശേഷമുള്ള കണ്ണുനീർത്തുള്ളിയിൽ പ്രാസദീക്ഷ ഇല്ലായ്മയും ഗ്രാമ്യപദങ്ങളുടെ ഉപയോഗവുമായിരുന്നു വിമർശനവിധേയമായത്. ചക്രവാളവും പുളകാങ്കുരവുമായപ്പോഴേക്കും അത്തരം വിമർശനങ്ങളെല്ലാം അവസാനിച്ച് അദ്ദേഹത്തിലെ കവിത്വം അംഗീകരിക്കപ്പെട്ടിരുന്നു. കണ്ണുനീർത്തുള്ളിയെ നിരൂപകർ ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്. ''രണ്ടാം ക്ലാസ് കവിയുടെ ഒന്നാം ക്ലാസ് കവിത'' എന്ന സഞ്ജയന്റെ പ്രയോഗം മലയാള സാഹിത്യത്തിലെ നിരൂപകരെ രണ്ട് ചേരിയായി തിരിച്ചു. ഈ പ്രയോഗത്തിന്റെ പിന്നിലുള്ള തമാശ ഇരുകൂട്ടരും കണ്ടില്ല.

'പാവങ്ങളി'ൽ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ വെല്ലിങ്ങ്ടൺ പ്രഭു പരാജയപ്പെടുത്തിയതിനെ വിവരിക്കാൻ ഹ്യൂഗോ പറഞ്ഞത്, ഒരു രണ്ടാം ക്ലാസ് യോദ്ധാവിന്റെ ഒന്നാം ക്ലാസ് വിജയം എന്നാണ്. പാവങ്ങളിലെ ആ ശൈലി കടമെടുത്താണ് സഞ്ജയൻ 'കണ്ണുനീർത്തുള്ളി'യുടെ കവിയെ വിമർശിച്ചത്. നെപ്പോളിയനെന്ന ഒന്നാം ക്ലാസ് യോദ്ധാവിനെ പരാജയപ്പെടുത്തിയ വെല്ലിങ്ടണെന്ന രണ്ടാംക്ലാസ് യോദ്ധാവ് പിന്നെ രണ്ടാം ക്ലാസല്ല, ഒന്നാം ക്ലാസാണ് എന്ന വ്യംഗ്യം വാച്യത്തെ മാത്രം എടുത്ത് പ്രയോഗിച്ച നിരൂപകരാരും കണ്ടില്ല. കവികളിൽ പലരും ഈ അഭിപ്രായം പ്രകടിപ്പിച്ചു. ഡോ.എം ലീലാവതി നാലപ്പാട്ടിന്റെ പദ്യകൃതികൾക്കെഴുതിയ അവതാരികയിൽ നാലപ്പാട്ട് ഒന്നാംക്ലാസ് കവിയാണെന്ന് സമർത്ഥിച്ചു. ഇ.എം.എസ് അതിനെ നിരസിച്ചു. അക്കിത്തം സഞ്ജയൻ ഇത്തരമൊരു അഭിപ്രായം പറഞ്ഞതിന്റെ അർത്ഥത്തെ ചോദ്യം ചെയ്തു. പാവങ്ങളിലെ വാക്യമാണതെന്ന് ആരും മനസ്സിലാക്കിയില്ല.
'പാവങ്ങൾ' മലയാളഭാഷയുടെ ഗദ്യശാഖയിൽ വരുത്തിയ വിപ്ലവം ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു. നാലപ്പാടിന്റെ ഓജസ്സുള്ള ഭാഷയിൽ വിപ്ലവം പകർന്നുകിട്ടിയപ്പോൾ ആവേശം കൊണ്ടവരിൽ ഒരാളാണ് താനെന്നും 'പാവങ്ങൾ' കേരളത്തിലെ വിപ്ലവപ്രവണത വളർത്താനുപകരിച്ചുവെന്നും തന്നെപ്പോലുള്ളവരെ കർമ്മനിരതരാക്കി എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ''അദ്ദേഹം ഞങ്ങളുടെ മനസ്സിൽ ബീജാവാപം ചെയ്ത് വളർത്തിയെടുത്ത ആധുനികനവോത്ഥാനത്തിന്റെ വീക്ഷണമാണ് ഞങ്ങളെ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരു മായി മാറ്റിയതെന്ന് എനിക്ക് ഉറച്ചു പറയാൻ കഴിയും. (107-ാം ജന്മദിനം ദേശാഭിമാനി)സരസവും ഓജസ്സുറ്റതുമായ ഗദ്യശൈലി അദ്ദേഹം സൃഷ്ടിച്ചു. തെറ്റില്ലാത്തതും വായനക്കാരുടെ ഉള്ളിൽത്തട്ടുന്നതുമായ ഭാഷയിലെഴുതുവാൻ ഒരു തലമുറയിൽപെട്ട മലയാളി എഴുത്തുകാരെ മുഴുവനും അദ്ദേഹം പഠിപ്പിച്ചു.''
നാലപ്പാട്ടിനെ വളരെയേറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തവരിൽ പ്രമുഖനാണ് വി.ടി.ഭട്ടതിരിപ്പാട്. നാലപ്പാടിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: ''അദ്ദേഹത്തിന്റെ ആ ഒരിഷ്ടം തോന്നിക്കുന്ന മുഖഭാവവും കുട്ടികളുടേതുപോലുള്ള നിഷ്കളങ്കത സ്‌ഫുരിക്കുന്ന കണ്ണുകളും പൊട്ടിച്ചിരിപ്പിക്കുന്ന ഫലിതങ്ങളും.'' തന്റെ സാമൂഹികപ്രവർത്തനത്തിനും വി.ടി നാലപ്പാടിനോടുള്ള കടപ്പാട് പലയിടത്തും എഴുതിയിട്ടുണ്ട്. ഒന്നു മാത്രം ഉദ്ധരിക്കുന്നു- ''ഇരുളടഞ്ഞ നമ്പൂരിത്തത്തിന്റെ ഇടനാഴിയിൽ തപ്പിത്തടഞ്ഞ് നടക്കുകയായിരുന്നു ഞാൻ. അദ്ദേഹം എന്റെ കൈയ്ക്കു പിടിച്ച് പുറത്തേക്കു കൊണ്ടുവന്നു.മനുഷ്യത്വത്തിന്റെ മാഹാത്മ്യം എനിക്ക് മനസ്സിലാക്കിത്തന്നു. എന്നല്ല, ആ ഇരുളടഞ്ഞ ഇടനാഴിയെ തച്ചുതകർക്കലാവണം എന്റെ ജീവിതലക്ഷ്യമെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്തു.''
മുണ്ടശ്ശേരി നാലപ്പാട്ടിനെ വിലയിരുത്തിയത് വളർച്ചയെത്തിയ ഒരു വലിയ മനുഷ്യനായിട്ടാണ്. നാലപ്പാട്ടിന്റെ കൃതികളെ സർവകലാശാലകൾ പഠനവിഷയമാക്കണമെന്നും, എന്നാൽ അവരത് ചെയ്യില്ലെന്നും കൂടി അദ്ദേഹം പറഞ്ഞു. 'ഇന്നത്തെ കവിത' എന്ന ഒറ്റക്കവിത വിദ്യാലയങ്ങളിൽ പാഠ്യവിഷയമാക്കിയാൽ കേരളത്തിലെ
ഒരു കുട്ടിയും വഴിപിഴച്ചു പോവില്ല എന്നും മുൻവിദ്യാഭ്യാസമന്ത്രിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
രതിസാമ്രാജ്യവും ആർഷജ്ഞാനവും വളരെ വ്യത്യസ്തമേഖലകളെ പ്രതിപാദിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളാണ്. രണ്ടും വളരെയേറെ ചർച്ച ചെയ്യപ്പെട്ടവയുമാണ്. ആർഷജ്ഞാനത്തെക്കുറിച്ച് ഡോ.സുകുമാർ അഴീക്കോട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വളരെ ഗഹനമായ ഒരു ലേഖനം എഴുതുകയുണ്ടായി. അതിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച ഒരു തെറ്റ് ''ഉപനിഷദം എന്നതിന് ആർഷജ്ഞാനത്തിലെ നിർവ്വചനം ശങ്കരാചാര്യരുടെ മുണ്ഡകഭാഷ്യത്തിലെ ആദ്യശ്ലോകത്തിന്റെ ഭാഷ്യത്തിലുള്ളതാണെന്നും ഇത് ഭഗവാൻദാസും സ്വീകരിച്ച അർത്ഥമാണെന്നും ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതായത്, ആ നിർവ്വചനം ശങ്കരഭാഷ്യത്തിലുണ്ട്, അതിനാലത് തെറ്റല്ല'' എന്നാണ്.
കവിതാരംഗത്ത് ബാലാമണിയമ്മയും നിരൂപണരംഗത്ത് കുട്ടികൃഷ്ണമാരാരും, ജ്യോതിഷത്തിൽ ശൂലപാണിവാരിയരും, സാമൂഹ്യപരിഷ്കരണ രംഗത്ത് വി.ടിയും ശിഷ്യരായുള്ള ഒരാളുടെ ബഹുമുഖപ്രതിഭയെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. വിദ്വാൻ.കെ.പ്രകാശം മഹാഭാരതത്തെ ഗദ്യമാക്കിയത് 'പാവങ്ങളു'ടെ പ്രചോദനമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
കവികളെക്കുറിച്ചും ചിന്തകരെക്കുറിച്ചും ആസ്വാദനങ്ങളും വിമർശനങ്ങളും വരും. അവയെ അതിജീവിച്ച് കാലത്തെ കടന്നുനിൽക്കുന്ന കൃതികളാണ് ഋഷികവിമാരുടെ യശഃസ്തംഭം. അത്തരം കൃതികൾ രചിക്കാനുള്ള തീവ്രതപസ്സ് പുതിയ തലമുറക്ക് ഉണ്ടാവാനാണ് നാം മനീഷികളായ സാഹിത്യകാരന്മാരെയും അവരുടെ കൃതികളേയും പഠിക്കേണ്ടത്. നിരന്തരമായ വായന, വായിച്ചതിനെ മനനം ചെയ്യുന്ന ചിന്ത, നന്നായി മനനം ചെയ്തുമാത്രം എഴുതുന്ന ശീലം ഇവയാണ് തീവ്രതപസ്സിന് വേണ്ട മൂന്നു സാധനകൾ. നാലപ്പാടനിൽനിന്ന് ഈ മൂന്നു സാധനാശീലങ്ങളാണ് എനിക്ക് പകർന്നുകിട്ടിയ വിദ്യ. ഈ വാക്കുകൾ ഗുരുചരണങ്ങളിൽ ദക്ഷിണയായി അർപ്പിക്കുന്നു.
Content Highlights: Dr Suvarna Nalappat Writes about Veteran Writer Nalappat NarayanaMenon
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..