വര: രജീന്ദ്രകുമാർ, സിബി സി.ജെ
ഇത് മരിച്ചുപോയ അപ്പനെക്കുറിച്ചുള്ള വേദനയൂറുന്ന ഒരോര്‍മയാണ്. കുഞ്ഞുന്നാളിലേ തനിച്ചായിപ്പോയ ഈ അപ്പന്‍ ഏകാന്തതയില്‍നിന്നും പൊരുതിപ്പൊരുതിയുള്ള ജീവിതത്തില്‍നിന്നും പഠിച്ച ചില പാഠങ്ങളുണ്ട്. അവ പറയാതെപറഞ്ഞ്, അവസാനപ്രവൃത്തിയിലും അത് പ്രതിഫലിപ്പിച്ചാണ് അദ്ദേഹം മറഞ്ഞത്. പ്രിയപ്പെട്ടവര്‍ വിടപറയുമ്പോള്‍ മരണം നമ്മെയും ഒന്ന് തൊട്ട് കടന്നുപോവുന്നു.
മരണം യാഥാര്‍ഥ്യമാണെന്ന് അറിയുമെങ്കിലും അതുള്‍ക്കൊള്ളാന്‍ ഞാന്‍ ഇനിയും പാകമായിട്ടില്ല. മരിച്ചവരെക്കുറിച്ച് എഴുതാനിരിക്കുന്ന ഈ സമയം എനിക്ക് കഠിനമായി നെഞ്ചുവേദനിക്കുന്നു. കണ്ണില്‍ ഇരുട്ടുകയറുന്നതുപോലെ തോന്നുന്നു. പലപ്പോഴും എഴുതാന്‍ തുടങ്ങുകയും അവിടെത്തന്നെ നിന്നുപോകുകയുംചെയ്യുന്നു. ഇതും പൂര്‍ത്തിയാകുമോ എന്നറിയില്ല.
അരനൂറ്റാണ്ടിലധികം അപ്പനോടും അമ്മയോടും ഒപ്പം ഭൂമിയില്‍ ജീവിക്കാന്‍ ഭാഗ്യംകിട്ടിയ ജന്മമാണ് എന്റേത്. ശരിക്കുപറഞ്ഞാല്‍ 57-ാം പിറന്നാളും അപ്പനോടും അമ്മയോടും ഒപ്പം ആഘോഷിച്ചു. അവരുടെ സ്‌നേഹപരിലാളനകള്‍ അനുഭവിച്ചു. തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സില്‍ ഈ തിരുവോണത്തിന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപ്പന്‍ ഭൂമിയാത്ര അവസാനിപ്പിച്ചത്. അപ്പന്‍ മരിച്ചു എന്ന് സ്വയം എന്നോടുതന്നെ പറഞ്ഞത് കാറ്റ് കൊണ്ടുവന്ന പള്ളിമണിയുടെ നാദമായിരുന്നു. സെപ്റ്റംബര്‍ എട്ട് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ദിവസം.
അപ്പന് നാലുവയസ്സുള്ളപ്പോള്‍ അമ്മയും 16 വയസ്സുള്ളപ്പോള്‍ അപ്പന്റെ അപ്പനും മരിച്ചു. ഒരു പെണ്‍കുട്ടിയെയും രണ്ട് ആണ്‍കുട്ടികളെയും ആരൊക്കെയോ ചേര്‍ന്ന് അവരെ വളര്‍ത്തി. തനിക്ക് താനും ദൈവവും മാത്രമേ തുണയുള്ളൂ എന്ന് അപ്പന്‍ പഠിച്ചത് അങ്ങനെയാകണം. അമിതമായി ഒന്നും ആഗ്രഹിക്കാത്ത മനുഷ്യന്‍. കിട്ടുന്ന എന്തിലും സന്തോഷം കണ്ടിരുന്നവന്‍. തനിക്കുകഴിയുന്ന സഹായം മറ്റുള്ളവര്‍ക്കു ചെയ്യാന്‍ മടിക്കാത്തവന്‍. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇതാണ് അപ്പന്‍. ശാന്തമായ് ഒരിളംകാറ്റ് കടന്നുപോകുംപോലെ ആ ജീവന്‍ കടന്നുപോയി. ആരെയും ആശ്രയിക്കാതെ .. ഒരാളെയും ബുദ്ധിമുട്ടിക്കാതെ...ഒരവധിപോലും ആര്‍ക്കും എടുക്കേണ്ടിവന്നില്ല. ജീവിതംപോലെത്തന്നെ ആ കടന്നുപോകലും.
വ്യക്തിപരമായ നഷ്ടമാണല്ലോ നമുക്ക് നഷ്ടമായിത്തോന്നുക. അപ്പന്റെ മരണം ഈ പ്രായത്തിലും എന്നെ അനാഥമാക്കുന്നു. വീടില്ലാത്ത ഒരു നാലു വയസ്സുകാരിയായി ഞാന്‍ മാറിയിരിക്കുന്നു. എന്റെ വീട് എന്നുപറഞ്ഞ് കയറിച്ചെല്ലാന്‍ എനിക്കൊരു വീടില്ലാതായിരിക്കുന്നു. അത് ഇനി വീട്ടിലെ ആണ്‍കുട്ടിക്ക് അവകാശപ്പെട്ടതാണ്. ആണ്‍കോയ്മ അതിന്റെ സൂക്ഷ്മരാഷ്ട്രീയത്തില്‍ സ്ത്രീയെ അനാഥമാക്കുന്നത് അങ്ങനെയാണ്. വീട്ടുകാര്‍ പെട്ടെന്ന് ഒരുദിവസംകൊണ്ട് വിരുന്നുകാരായി മാറുന്ന അദ്ഭുതവിദ്യയാണത്.
മരണത്തെക്കുറിച്ചും മരണം പ്രിയപ്പെട്ടവര്‍ക്കുണ്ടാക്കുന്ന നഷ്ടവും പലതരത്തില്‍ മനുഷ്യര്‍ വിലയിരുത്തിയിട്ടുണ്ട്. ബുദ്ധനോട് തന്റെ കുഞ്ഞുമരിച്ച സങ്കടം പറഞ്ഞ സ്ത്രീയോട് ബുദ്ധന്‍ പറഞ്ഞത് ആരും മരിക്കാത്ത വീട്ടീല്‍നിന്ന് ഒരുപിടി കടുക് വാങ്ങിവരൂ എന്നാണ്. അത് വളരെ എളുപ്പം എന്നുകരുതിയ ആ അമ്മയ്ക്ക് തിരിച്ചുവരുമ്പോഴേക്കും മരണമെന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍, യേശു തന്റെ പ്രിയപ്പെട്ടവരുടെ മരണത്തെ അത്ര താത്ത്വികമായല്ല കണ്ടത്. അവന്റെ കണ്ണില്‍നിന്ന് കണ്ണീര്‍ത്തുള്ളികള്‍ വീണു എന്നാണ്. അവന്‍ മരണത്തില്‍ കരയുന്നവരോടൊപ്പം കരഞ്ഞു. നിന്റെ മകള്‍ ഉറങ്ങുകയാണെന്നു പറഞ്ഞ് അവളെ ഉണര്‍ത്തി. ഉയിര്‍പ്പ് ക്രിസ്ത്യാനിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ്. ആ വിശ്വാസം മരണത്തെ കടന്നുപോകാന്‍ ഒരാളെ തീര്‍ച്ചയായും ധൈര്യപ്പെടുത്തുന്നുണ്ടാകാം.
എങ്കിലും ജീവിച്ചിരിക്കുന്നവരുടെ നഷ്ടത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അപ്പന്‍ മരിച്ചട്ട് 41 ദിവസമേ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ, സങ്കടങ്ങള്‍ ഒഴിഞ്ഞുപോകുമ്പോള്‍ മരിച്ച അപ്പന്‍ ജീവിച്ചിരുന്ന അപ്പനെക്കാള്‍ ശക്തനായിരിക്കുന്നു. ഇപ്പോള്‍ അപ്പനെ കാണാന്‍ വീടുവരെ പോകേണ്ടതില്ല. ആഗ്രഹിക്കുമ്പോഴെക്കും അപ്പനെത്തുന്നു. എത്രനേരം വേണമെങ്കിലും മിണ്ടിക്കൊണ്ടിരിക്കാം. മാത്രമല്ല, എന്തിനോടുമുള്ള അകാരണമായ ഭയം മാഞ്ഞുപോയിരിക്കുന്നു.
മരിച്ചുപോയവര്‍ അവരുടെ സാന്നിധ്യംകൊണ്ട് നിറഞ്ഞുനില്‍ക്കുന്നു. ഉറക്കത്തില്‍ മാത്രമല്ല, ഉണര്‍വിലും അവര്‍ നമ്മോടൊപ്പം വരുന്നുണ്ട്. അവരുടെ ചെയ്തികള്‍, വാക്കുകള്‍, നോട്ടങ്ങള്‍, ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍ എല്ലാം കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നത് മരണശേഷമാണ്. ഒരുകാര്യം സത്യമാണ്, ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹവും ഇഷ്ടവും ഉള്ളവരോടുമാത്രമേ മരണശേഷവും അതു നിലനില്‍ക്കുന്നുള്ളൂ. സത്യംപറഞ്ഞാല്‍ പ്രിയപ്പെട്ടവര്‍ മരിക്കുമ്പോള്‍ അനാഥരാകുന്നത് നമ്മളാണ്. അതുകൊണ്ടാണ് നമ്മള്‍ അവരുടെ ഓര്‍മകളെ ചേര്‍ത്തുനിര്‍ത്തുന്നത്. കാരണം നമ്മള്‍ മനുഷ്യര്‍ തനിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ്. അത്രമാത്രം നിസ്സഹായരാണ്.
അവസാനനാളുകളില്‍ അപ്പന്‍ ഏറെ ക്ഷീണിതനായിരുന്നു. അമ്മയ്ക്ക് തനിയെ പരിചരിക്കാന്‍ പാടായിരുന്നു. അപ്പനെ കുളിപ്പിക്കുമ്പോഴും മുടിയുംതാടിയും വെട്ടി സുന്ദരക്കുട്ടപ്പനാക്കുമ്പോഴും ഇഡ്ഡലി ചട്ട്നിയില്‍ മുക്കി വായില്‍ വെച്ചുകൊടുക്കുമ്പോഴും മരുന്നുകഴിപ്പിച്ച് പുതപ്പിച്ചു കിടത്തുമ്പോഴുമെല്ലാം ഒരുനാലു വയസ്സുകാരന്റെ പ്രകൃതമായിരുന്നു അപ്പന്. ഉത്രാടത്തിന്റെ അന്നുമാത്രമാണ് സ്‌ട്രോക്ക് വന്ന് മിണ്ടാന്‍കഴിയാതെ കിടന്നത്. നല്ല ഓര്‍മയുണ്ടായിരുന്നു. പള്ളിയില്‍നിന്ന് അച്ചന്‍ പ്രാര്‍ഥിക്കാന്‍ വന്നപ്പോള്‍ കണ്ണുനിറയെ തുറന്നുനോക്കി. കടക്കണ്ണില്‍ ഒരുതുള്ളി വെള്ളംനിറഞ്ഞു. അപ്പാ അച്ചന്‍ പ്രാര്‍ഥിച്ചാല്‍ വേഗംമാറും എന്നു പറഞ്ഞപ്പോള്‍ കണ്ണുകൊണ്ടതു കേട്ടു. ഒരു മുഴുവന്‍ദിവസം അപ്പന്റെ അരികിലിരിക്കാന്‍ സമയംകിട്ടി. അപ്പന്റെ മുറി, അപ്പന്റെ കട്ടില്‍. അപ്പന്‍ പണിത വീട്. ഞാന്‍ രണ്ടാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. അന്നുമുതല്‍ അപ്പന്‍ ആ മുറിയില്‍നിന്ന് മാറിക്കിടന്നിട്ടില്ല. ആശുപത്രിയിലോ ജേതവനത്തിലോ (എന്റെ വീട്) മാത്രമാണ് അല്പകാലം മാറി നിന്നിട്ടുള്ളത്. അപ്പന്റെ മുറി വൃത്തിയാക്കാനുള്ള പ്രിവിലേജ് എനിക്കാണ് നല്‍കപ്പെട്ടിരുന്നത്. അതിന്റെ കാര്യം മരണശേഷം മുറി ഒതുക്കിയപ്പോഴാണ് അറിഞ്ഞത്. അപ്പന് ലഭിച്ചിരുന്ന വാര്‍ധക്യകാല പെന്‍ഷന്‍ ചെറിയചെറിയ പൊതികളാക്കി അതില്‍ പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്നു. തന്റെ മരണത്തിനുള്ള സമ്പാദ്യം. മരണാനന്തരചടങ്ങുകള്‍ക്കുള്ള പണമത്രയും അപ്പന്‍തന്നെ ആരോടുംപറയാതെ സൂക്ഷിച്ചിരുന്നു. അങ്ങനെ ജീവിതത്തിലും മരണത്തിലും ആര്‍ക്കും ഭാരമാവാതെ ഒരാള്‍ കടന്നുപോയി. അവസാനസമയത്തേക്കായി പറയാന്‍ ഒന്നും ബാക്കിവെച്ചില്ല. എല്ലാം നല്ല സമയങ്ങളില്‍ത്തന്നെ പറഞ്ഞു. അപ്പന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ കണ്ടെടുത്ത മൊഴിമുത്തുകള്‍:
ഭക്ഷണം കഴിക്കുന്നസമയത്ത് ആരുവന്നാലും ഉള്ളത് കൊടുക്കുക. എന്തെന്നാല്‍, ആരുതിന്നാലും തൊണ്ടയില്‍നിന്നിറങ്ങിയാല്‍ വിസര്‍ജ്യമാണ്.
ആവതുള്ളിടത്തോളംകാലം പണിത് തിന്നുക. പ്ലാവില പെറുക്കാറായാല്‍ പ്ലാവിലപെറുക്കണം എന്നാണ്.
കാറുവാങ്ങുന്ന അത്രയുംകാശ് ബാങ്കിലിടാന്‍ ഉള്ളപ്പോഴേ കാറുവാങ്ങാവൂ.
അന്യന്റെ സ്വത്ത് ആഗ്രഹിക്കരുത്. (ആരാന്റെ ഊരിലെ വിസര്‍ജ്യം കണ്ട് പന്നിയെ വളര്‍ത്തരുത്.)
പാവട്ട പൂക്കുമ്പോള്‍ അങ്ങടും പുല്ലാനി പൂക്കുമ്പോള്‍ ഇങ്ങടും ചായരുത്.
സല്‍കീര്‍ത്തീ സമ്പത്തിനെക്കാള്‍ വലുതാണ്.
പട്ടിണികിടന്ന് മരിക്കേണ്ടിവന്നാലും ആരുടെമുതലും മോഷ്ടിക്കരുത്. സ്വന്തം തെറ്റുകൊണ്ട് മനുഷ്യരുടെമുന്നില്‍ തലകുനിക്കേണ്ടിവരരുത്.
ചേതല്ല്യാത്ത ഉപകാരം ആര്‍ക്കും ചെയ്തുകൊടുക്കാന്‍ മടിക്കരുത്.
ദൈവമേ! എന്നൊരുചിന്ത കൂടെയുണ്ടാകണം.
കിടക്കാനിടമില്ലെന്ന് പറഞ്ഞ് ആരുവന്നാലും ഒരുരാത്രി കിടക്കാന്‍ ഇടംകൊടുക്കണം.
ഇതൊന്നും അപ്പന്‍ വായിച്ചതോ സ്‌കൂളില്‍പോയി പഠിച്ചതോ അല്ല. ചെറുപ്രായത്തില്‍ അനാഥമായിപ്പോയ ഒരു കുട്ടിയെ കാലം പഠിപ്പിച്ചതാണ്. ഭൗതികമായ സ്വത്തൊന്നും അപ്പന്‍ എനിക്ക് തന്നില്ല. എന്നാല്‍, ഒരിക്കലും നശിച്ചുപോകാത്ത ആന്തരിക ധനംകൊണ്ടെന്നെ സമ്പന്നയാക്കി. ഒരുകാര്യം ഉറപ്പിച്ചുപറയാം ആ അപ്പന്റെ മകളായി ജനിച്ചതാണ് എന്റെ വലിയ ഭാഗ്യം.
മരിച്ചവരെക്കുറിച്ചുള്ള ഓര്‍മയാണ് എഴുതിത്തുടങ്ങിയത്. അതെ നമുക്ക് പ്രിയപ്പെട്ടവരൊന്നും നമ്മെ വിട്ടുപോകുന്നില്ല. അവരെ നമ്മില്‍നിന്ന് വേര്‍പ്പെടുത്താന്‍മാത്രം ശക്തമല്ല മരണം. എന്തെന്നാല്‍ യാഥാര്‍ഥ്യത്തെക്കാള്‍ ഓര്‍മകളിലാണ് നമ്മള്‍ ജീവിക്കുന്നത്. അപ്പനെ നല്ലതുപോലെ ഒരുക്കി പറഞ്ഞയയ്ക്കാന്‍ കഴിഞ്ഞു. ഞാന്‍ ജനിച്ചപ്പോള്‍മുതല്‍ കിടന്ന കട്ടില്‍. കല്യാണത്തിന് അപ്പന്‍ വാങ്ങിയ കട്ടിലാണ് അതെന്നാണ് അമ്മപറഞ്ഞത്. ആ കട്ടിലിലാണ് അപ്പനെ കെട്ടിപ്പിടിച്ചുകിടന്ന് കഥകള്‍ കേട്ടിരുന്നത്. ആ കട്ടില്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു. അപ്പന്റെ മുറിയും.
നവംബര്‍ മരിച്ചവരെ ഓര്‍ക്കാനായി സഭ മാറ്റിവെച്ചിരിക്കുന്നു. 'പുനരുത്ഥാന പൂന്തോട്ടം' എന്ന സ്വപ്നാത്മകമായ പേരാണ് ശ്മശാനത്തിന് നമ്മള്‍ നല്‍കിയിരിക്കുന്നത്.
സെയ്ന്റ് പോള്‍ പറയുന്നതുപോലെ നമ്മളും പറയുന്നു: 'യേശു ഉയിര്‍ത്തില്ലായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ഥമായേനെ' യെന്ന്.
വൈലോപ്പിള്ളി പാടിയതുപോലെ:
'ഹാ!വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടംതാഴ്ത്താന്‍.'
മരിച്ചവരെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെയാണ് ഓര്‍ക്കുന്നത്. എന്തെന്നാല്‍ മരണം ഒരു വാതിലാണ്. നമ്മിലേക്ക് കടക്കാനും നമ്മില്‍നിന്ന് പുറത്തുകടക്കാനുമുള്ള വാതില്‍.
മഹാകവി ടാഗോര്‍ ഗീതാഞ്ജലിയില്‍ മരണത്തെക്കുറിച്ച് പാടുന്നത് ഇങ്ങനെയാണ്:
'മരണമേ! എന്റെ മരണമേ!
ജീവന്റെ അന്ത്യസാഫല്യമേ!
വരുക, അരികത്തിരിക്കുക
എന്നോട് മന്ത്രിക്കുക.
നിനക്കുവേണ്ടിയാണ് ഞാന്‍
സുഖദുഃഖങ്ങളുടെ കുരിശുവഹിച്ചത്.
എനിക്കുള്ളതെല്ലാം
ഒഴുകിയെത്തിയത്
നിന്റെ ആഴങ്ങളിലേക്കാണ്.
നിന്റെ ഒറ്റ നോട്ടംമതി
ഞാന്‍ നിന്റേതാകാന്‍
വരണമാല്യം കോര്‍ത്തുകഴിഞ്ഞു
വിവാഹത്തിനുശേഷം വധു വീടുവിട്ട്
തന്റെ നാഥനെ പ്രാപിക്കാന്‍
ഇരുളിന്റെ ഏകാന്തതയില്‍
തനിയെ പോകുന്നു.'
മരണത്തെ ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്നതാണ് നാഗല്‍ എഴുതിയ 'സമയമാം രഥത്തില്‍' എന്ന പാട്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ ആകെത്തുകയാണത്. പിന്നീട് വയലാര്‍ ആ ഗാനം സിനിമയിലേക്ക് കൊണ്ടുവന്നു.
മരിച്ചവരെ വളരെ സന്തോഷത്തോടെ ഓര്‍ക്കുന്നത് നമ്മുടെ മരണഭയം അകറ്റാന്‍ കൂടിയാണ്. അതെ, ഈ കുറിപ്പ് എഴുതിത്തുടങ്ങിയപ്പോഴുണ്ടായ ഭയവും അതിനാലുണ്ടായ എന്റെ നെഞ്ചിടിപ്പും മാറിക്കഴിഞ്ഞിരിക്കുന്നു. മരിച്ചവരെ ഓര്‍ക്കുമ്പോള്‍ നമ്മള്‍ നമ്മുടെ മരണത്തെ സ്‌നേഹിക്കാന്‍തുടങ്ങുന്നു. കുട്ടികളായിരുന്നപ്പോള്‍ കൂട്ടുകാരുടെ അച്ഛന്‍, അമ്മ എന്നിവരെ കണ്ടതുപോലെയായിരിക്കുന്നു ഇപ്പോള്‍ കൂട്ടുകാര്‍. ആ നൈരന്തര്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മരണഗാനമാണ് ഏറ്റവും സുന്ദരവും ആനന്ദകരവുമായത്. അതുകൊണ്ടാണല്ലോ ഹംസഗാനം എന്ന സങ്കല്പംതന്നെ ഉണ്ടായത്.
Content Highlights: dr rosy thampi, writer, memories of father, weekend newspaper, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..