ലളിതാംബിക അന്തർജനം
എഴുത്ത്, സ്ത്രീ, സമൂഹം എന്ന ത്രികോണ തലത്തിലുള്ള സംഘർഷം മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചത് ലളിതാംബിക അന്തർജനമാണ്. രാത്രിയിൽ ഭർത്താവും കുട്ടികളും ഉറങ്ങിക്കഴിഞ്ഞ് വിളക്കിന്റെ തിരി താഴ്ത്തിവെച്ചുകൊണ്ട് എഴുതുന്ന 'പാപ്പി'യെ 'ഇത് ആശാസ്യമാണോ' എന്ന കഥയിലൂടെ അവതരിപ്പിച്ചുകൊണ്ട് എഴുത്ത്-സ്ത്രീ-സമൂഹം എന്ന ത്രികോണസംഘർഷത്തിന് തുടക്കംകുറിച്ചു. ആ സംഘർഷം ഇന്നും തുടരുക തന്നെയാണ്. ലളിതാംബിക അന്തർജനത്തിന്റെ സാഹിത്യലോകത്തുകൂടി കടന്നുപോകുമ്പോൾ അവരുടെ നായികമാരുടെ അഭിമാനമാണ് ഉയർത്തിപ്പിടിക്കേണ്ടത്. ആത്മാഭിമാനികളായ കഥാപാത്രങ്ങളെയാണ് ലളിതാംബിക അന്തർജനം അവതരിപ്പിച്ചത്. 'അഗ്നിസാക്ഷി'യിലും ഇത് പ്രകടമാണ്. തനിക്ക് വിശ്വാസമില്ലാത്ത ആചാരത്തിന്റെ ഭാഗമാവാൻ 'അഗ്നിസാക്ഷി'യിലെ നായികയും തയ്യാറല്ല. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തേക്കാൾ സ്വന്തം മന:സാക്ഷിയോട് നീതി പുലർത്തുക എന്നതാണ് എഴുത്തുകാരിയുടെ കഥാപാത്രങ്ങളുടെ ധർമം.
വി.ടി ഭട്ടതിരിപ്പാടിനു നേരെ നടന്നിട്ടുള്ള ബൗദ്ധികവും ഭൗതികവുമായിട്ടുള്ള അക്രമങ്ങൾ നടാടെ അരങ്ങേറുന്ന കാലത്താണ് നമ്പൂതിരി സമുദായത്തിൽ നിന്നും ഒരു സ്ത്രീ എഴുതാനിറങ്ങിപ്പുറപ്പെടുന്നത്, എഴുതിക്കൊണ്ട് നിലയുറപ്പിക്കുന്നത്. എഴുത്ത് എന്നും സ്ത്രീയ്ക്ക് സംഘർഷം തന്നെയാണ്. അപ്പോൾ ഒരു സമുദായം മുഴുവൻ എതിർത്തു നിൽക്കുന്ന അവസരത്തിൽ എല്ലാമുപേക്ഷിച്ചുകൊണ്ട് നടന്നുപോകുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം ജീവിതചുറ്റുപാടുകളെയെല്ലാം ഉപേക്ഷിച്ചുകൊണ്ട്, ത്യജിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിലേക്കിറങ്ങിപ്പോകുന്ന ഒരു നായികയെ സൃഷ്ടിക്കുക വഴി സ്വന്തം സമുദായത്തിൽ നിന്നും സമൂഹത്തിൽ നിന്നും എന്തുമാത്രം പ്രാക്ക് അവർ ഏറ്റുവാങ്ങിയിട്ടുണ്ടാകുമെന്ന് ആലോചിച്ചു നോക്കൂ. ശാപവചനങ്ങളായിരുന്നല്ലോ അക്കാലത്തെ പ്രധാന പ്രതിഷേധോപാധികൾ. ഒരു പക്ഷേ എഴുത്തുകാരിയുടെ സർഗാത്മകതയെ പ്രാകി കൊന്നിട്ടുണ്ടാവും, അക്കാലത്തെ യാഥാസ്ഥിതികർ.
'തീണ്ടിപൊട്ടിച്ചു' എന്ന വാക്കാണ് ലളിതാംബിക അന്തർജനത്തിന്റെ സമുദായത്തിൽ അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. അങ്ങനെ നോക്കുകയാണെങ്കിൽ ആ വാക്ക് ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത് അവരായിരിക്കും. എല്ലാം ത്യജിച്ചുകൊണ്ട്, പഴികളെല്ലാം ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറാൻ, വഴികാട്ടാൻ മലയാളത്തിന് ഒരമ്മയായി നിലകൊള്ളുന്നു ലൡതാംബിക അന്തർജനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..