ലൈംഗികചൂഷണം, ടൂറിസം, ഭക്ഷണവ്യവസായം, പ്ലാസ്റ്റിക്ക്: എം.മുകുന്ദന്റെ നാലുകഥകളിലെ ലോകക്രമം!


ഡോ. മിനിപ്രസാദ്തായ്ലന്റില്‍ വെക്കേഷനു പോയപ്പോള്‍ തന്റെ കുടെ കിടന്നവരാരും തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടില്ല എന്ന കൂടി പറയുന്നതിലൂടെ അതിഥിയായി കടന്നുവന്നു അപഹരിക്കുന്നവന്റെ ഉള്ളിലിരുപ്പ് വ്യക്തമാവുന്നു. ടൂറിസം നമ്മെ രക്ഷിക്കും എന്ന വിശ്വാസത്തിന്റെയും മറുപുറമാണ് ഈ കഥ. 

എം. മുകുന്ദൻ/ ഫോട്ടോ: രാജേഷ് സെൻസേഷൻ

എം. മുകുന്ദന്റെ കഥാവര്‍ഷങ്ങളെക്കുറിച്ച് ഡോ. മിനി പ്രസാദ് എഴുതുന്നു.

ഗോളവത്ക്കരണത്തിന്റെയും സ്വകാര്യ ഉദാരവത്ക്കരണത്തിന്റെയും നയങ്ങളും നിയമങ്ങളും ഇന്ത്യയിലേക്കു കടന്നുവന്നത് എണ്‍പതുകളുടെ അവസാനത്തോടെയാണ്. മോഹിപ്പിക്കുന്ന അനേകം വാഗ്ദാനങ്ങള്‍ അതിന്റെ വക്താക്കള്‍ നിരത്തി വെയ്ക്കുകയും ചെയ്തു. പുതിയതരം വ്യവസായങ്ങള്‍- അവ നേടിത്തരുന്ന ജീവിത സൗകര്യങ്ങള്‍, ലഭ്യമാവാന്‍ പോവുന്ന തൊഴിലവസരങ്ങള്‍, വിദേശ മൂലധനം ഇങ്ങനെ വാഗ്ദാനങ്ങളുടെ പട്ടിക നീണ്ടുപോയി. അത്തരം വലിയ നേട്ടങ്ങള്‍ക്കായി ഇന്ന് കുറച്ച് ത്യാഗം സഹിച്ചാല്‍ നാട് പുരോഗതിയുടെ ഉത്തുംഗശൃംഗങ്ങളില്‍ എത്തിച്ചേരും എന്ന് നേതാക്കള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടും ഇരുന്നു. ഈ ചെറിയ ത്യാഗങ്ങളില്‍ മുഖ്യം നമ്മുടെ കാടും മലയും തീറെഴുതുകയായിരുന്നു. കാരണം ടൂറിസമാണ് ഏറ്റവും വലിയ വ്യവസായം. അതാവട്ടെ വെറും ടൂറിസമല്ല ഇക്കോ ടൂറിസം. ഇക്കോ ടൂറിസത്തില്‍നിന്ന് അത് വളര്‍ന്ന് സെക്‌സ് ടൂറിസമാകും; സ്വഭാവികം.

ലൈംഗികചൂഷണങ്ങളും ബാലപീഡനങ്ങളും ഇതേ വികസനത്തിന്റെ മറ്റു ചില മുഖങ്ങളാണ്. ഇവയിലേക്ക് എത്തിപ്പെടുന്ന സാഹചര്യങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടാവും എന്നുമാത്രം. ആഗോളവത്ക്കരണത്തിന്റെ കടന്നുവരവോടൊപ്പം ലോകരാജ്യങ്ങളിലേയ്ക്ക് കടന്നുവന്ന ഭക്ഷണ വ്യവസായം രുചികളിലൂടെ മനുഷ്യരെ കീഴടക്കാം എന്ന വലിയ കച്ചവടക്കണ്ണിന്റെ ഭാഗമായിരുന്നു. ഇവയ്‌ക്കൊപ്പം കടന്നുവന്ന് നമ്മുടെ ചോദനകളെ സ്വാധീനിച്ച ഒരു വസ്തുവാണ് പ്ലാസ്റ്റിക്ക്. ഒരു ശാപം പോലെ ഇന്ന് എങ്ങനെ നശിപ്പിക്കാം എന്നറിയാതെ ലോകത്തിനു മുന്നില്‍ നില്‍ക്കുന്ന വസ്തുവാണത്. ടൂറിസം, ലൈംഗികചൂഷണം, ഭക്ഷണ വ്യവസായം, പ്ലാസ്റ്റിക്ക് ഇവ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഒരു ലോകക്രമമുണ്ട്. ആ ലോകക്രമമാണ് നാട്ടുമ്പുറം, മാക്കോച്ചനും ഡ്രാഗണും, ഫോട്ടോ, പ്ലാസ്റ്റിക്ക് എന്നീ നാല് കഥകളിലൂടെ എം. മുകുന്ദന്‍ അവതരിപ്പിക്കുന്നത്. മുന്‍പേ സൂചിപ്പിച്ച ക്രമത്തിന്റെ നാലു മുഖങ്ങളാണ് ഈ കഥകള്‍

നാട്ടുമ്പുറത്ത് പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരു വിദേശിയെ അയാള്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്നത് നാടിനുതന്നെ നാണക്കേടാണെന്നു പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുന്ന നാണു നായര്‍ക്ക് അതിഥി ദേവോ ഭവഃ എന്ന പറച്ചിലിന്റെ പിന്‍ബലമുണ്ടായിരുന്നു .പുര നിറഞ്ഞുനില്‍ക്കുന്ന ഒരു പെണ്ണുള്ള വീട്ടില്‍ അങ്ങനെ ഒരാളെ താമസിപ്പിക്കുന്നത് ശരിയല്ല എന്ന് പലരും പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് അനേകം ന്യായങ്ങള്‍ പറഞ്ഞ് അവരെ നിശ്ശബ്ദരാക്കി. പുതുയുഗം, ലോക വളര്‍ച്ച...ഇങ്ങനെ ചില വാക്കുകള്‍ക്കു മുന്നില്‍ ആ പാവം മനുഷ്യര്‍ വായും പൊളിച്ചു നിന്നു. ആല്‍ബി എന്ന ആ വിദേശി തന്റെ മുഷിഞ്ഞ വേഷത്തില്‍ മിതഭാഷണത്തില്‍ വായനയില്‍ നാടോടി സ്വഭാവത്തില്‍. അയാള്‍ക്കു ചുറ്റും ഏതോ ഒരു ദുരൂഹത നിറഞ്ഞു നില്‍ക്കുന്നതായി ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതിനെ ആഢ്യത്യമായി വാഴ്ത്താനും ആളുകള്‍ ഉണ്ടായിരുന്നു. അയാളുടെ വിളറിയ നിറം ഒരു തേജസ്സായി വാഴ്ത്തിയ ആള്‍ക്കാരും ഉണ്ടായിരുന്നു. അതിനിടെ ആല്‍ബിയും നാണു നായരുടെ മകള്‍ പ്രേമയും നാട്ടുമ്പുറത്തു നിന്ന് അപ്രത്യക്ഷരാവുകയും വടക്കേ ഇന്ത്യന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ സന്ദര്‍ശിച്ച പ്രേമ ഒറ്റക്ക് മടങ്ങി എത്തുകയും ചെയ്യുന്നു. ഒറ്റക്ക് എന്ന് പറയാനാവില്ല അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രാചീന കലാരൂപങ്ങളെപ്പറ്റിയുള്ള സെമിനാറിനായി വിദേശത്തേക്കു പോവുന്ന ഗംഗാധരന്‍ മാഷ് നാണു നായരുടെ അഭ്യര്‍ത്ഥന പ്രകാരം ആല്‍ബിയെ കാണുന്നു. പ്രേമ നിങ്ങളുടെ കുഞ്ഞിനെ പ്രസവിച്ചു എന്നു പറയുന്ന ഗംഗാധരനോ ആല്‍ബി പറയുന്ന മറുപടി അതവള്‍ പില്‍സ് കഴിക്കാന്‍ മറന്നതിനാലാണ് എന്നാണ്. കൂടാതെ തായ്ലന്റില്‍ വെക്കേഷനു പോയപ്പോള്‍ തന്റെ കുടെ കിടന്നവരാരും തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടില്ല എന്ന കൂടി പറയുന്നതിലൂടെ അതിഥിയായി കടന്നുവന്നു അപഹരിക്കുന്നവന്റെ ഉള്ളിലിരുപ്പ് വ്യക്തമാവുന്നു. ടൂറിസം നമ്മെ രക്ഷിക്കും എന്ന വിശ്വാസത്തിന്റെയും മറുപുറമാണ് ഈ കഥ.

ഇന്ന് വിവാഹിതരാവുന്നു എന്ന തരത്തില്‍ പത്രങ്ങളില്‍ വരുന്ന ഫോട്ടോകള്‍ ശേഖരിക്കുന്ന ഒരു കുട്ടിയാണ് ഷീന അവളുടെ കൂട്ടുകാരനായ അഭിലാഷിനോടൊപ്പം അത്തരം ഒരു ഫോട്ടോ എടുക്കണം എന്ന് അവള്‍ ആഗ്രഹിക്കുന്നു. ഫോട്ടോ എടുക്കാന്‍ പണം വേണം എന്ന് അവള്‍ക്കറിയിയില്ലായിരുന്നു. അഭിലാഷിന് കുറച്ച് കാര്യങ്ങള്‍ കൂടി അറിയാം. പക്ഷേ പണം അവന്റെ കൈയ്യിലും ഇല്ല. അവസാനം അവളുടെ പിഗ്ഗി ബാഗില്‍ നിന്ന് ഈര്‍ക്കില്‍ ഇട്ട് എടുത്ത മൂന്നര രൂപയുമായി ഫോട്ടോ എടുക്കുന്ന സ്ഥലം തേടിയെത്തുന്നു. കുട്ടികളുടെ മുഖമുള്ള ഫോട്ടോ എടുക്കുന്ന പേടിയൊക്കെ പോവുന്നുണ്ടെങ്കിലും ഫോട്ടോ എടുത്തു കഴിഞ്ഞ് അയാള്‍ പന്ത്രണ്ട് രൂപ വേണമെന്ന് പറയുമ്പോള്‍ അവര്‍ക്ക് കരച്ചില്‍ വരുന്നു. ഒരു പൈസയും ഇല്ലാതെ താന്‍ ഫോട്ടോ എടുത്തുതരാമെന്നും അതിന് മോള് താന്‍ പറയുന്നതൊക്കെ അനുസരിക്കണമെന്നും പറയുമ്പോള്‍ അവള്‍ക്ക് ഒരേ സമയം ഭയവും ആശ്വാസവും ഉണ്ടാവുന്നു. അവളുടെ മാത്രം അനേകം ചിത്രങ്ങള്‍ അയാള്‍ എടുക്കുന്നു. അയാളൊരു ചീത്ത മനുഷ്യനാ എന്ന് ഷീന അഭിലാഷിനോട് പറയുമ്പോള്‍ ആ ഫോട്ടോകളുടെ സ്വഭാവം വ്യക്തമാവുന്നു.

പിറ്റേ ദിവസം സ്‌കൂളിനടുത്ത് ഫോട്ടോഗ്രാഫര്‍ അവരെ കാത്തുനിന്നിരുന്നു. തങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോ അവരെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും മോള് എന്റെ കൂടെ സ്റ്റുഡിയോയിലേക്ക് വരണം എന്ന ആവശ്യം അവളെ പരിഭ്രമിപ്പിക്കുന്നു. കൊന്നാലും വരില്ല അവള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അത് വളരെ ദുര്‍ബലമായിപ്പോവുന്നു. തന്റെ നഗ്‌നചിത്രം സ്‌കൂള്‍ മതിലില്‍ പതിക്കും എന്ന ഭീഷണിയില്‍ അവള്‍ അയാളുടെ സൈക്കിളില്‍ കയറിപ്പോവുന്നു. ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹവുമായി വന്ന കുട്ടികളെ നല്ല വാക്കു പറഞ്ഞ് തിരികെ വിടാനുള്ള ധാര്‍മികമായ കടപ്പാട് തീര്‍ച്ചയായും ആ ഫോട്ടോഗ്രാഫര്‍ക്കുണ്ടായിരുന്നു. പക്ഷേ അത്തരം ഒരു സമീപനം ഉണ്ടാവുന്നത് മൂല്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു ലോകത്തു നിന്നാണ്. അങ്ങനെയൊരു സമൂഹത്തിന്റെ ഭാഗമല്ലാതെയായിരിക്കുന്നു നാം എന്നും ഈ കഥ ഓര്‍മ്മപ്പെടുത്തുന്നു.

പുതിയ ലോകക്രമം അനേകം രാജ്യങ്ങളിലെ ഭക്ഷണ രുചികളെ നമ്മുടെ ഇടയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അവയൊക്കെ പുതിയ തലമുറയെ വല്ലാതെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഒരു നാട്ടിന്‍ പുറത്ത് ചൈനീസ് വിഭവങ്ങളുടെ ഒരു കട വരികയും നാട്ടുകാര്‍ അവിടുത്തെ പുതിയ ചോറില്‍ ആവേശഭരിതരാവുകയും ചെയ്യുന്നു. അവിടെയുള്ള ഒരു ചുമട്ടുതൊഴിലാളി മാക്കോച്ചന്‍ പിരടി ഉളുക്കിയതു കാരണം പണിക്ക് പോവാനാവാതെ ഇരിക്കുന്ന അയാളുടെ മുന്നിലേക്കാണ് ചൈനീസ് ചോറ് തിന്നണം എന്ന വാശിയുമായി മകള്‍ വരുന്നത്. ചൈനീസ് ചോറ് തിന്നാതെ താന്‍ ഇനി സ്‌കൂളിലേക്കില്ല എന്ന മകളുടെ പ്രസ്താവന അയാളെ കൂടുതല്‍ നിസ്സഹായനാക്കുന്നു. ഭര്‍ത്താവിന്റെ വിഷമാവസ്ഥയും മകളുടെ വാശിയും മനസ്സിലാക്കിയ അയാളുടെ ഭാര്യ കാലാകാലം മുട്ടയിടുന്ന രണ്ട് കോഴികളെ വിറ്റ പണവുമായി ചൈനീസ് ചോറ് തിന്നാന്‍ പോവുന്നു. വീട്ടിലെ വരുമാനവും പോഷകാഹാരത്തിന്റെ സ്രോതസ്സുമായ രണ്ട് കോഴികളെയാണ് പൊള്ളയായ ദുരഭിമാനത്തിനായി വിറ്റുതുലയ്ക്കുന്നത്. പക്ഷേ കുട്ടികളെ ആകര്‍ഷിക്കാനും അടിമകളാക്കാനും പറ്റിയ വഴികള്‍ ഇത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ട് എന്ന് ഓര്‍ക്കേണ്ടതുണ്ട്.

പ്ലാസ്റ്റിക്ക് എന്ന കഥയാവട്ടെ പുതിയ ലോകക്രമത്തില്‍ ഏറ്റവും ഒഴിച്ചുകൂടാനാവാത്തതും ഏറ്റവും സൗകര്യപ്രദമെന്ന് ലോകം മുഴുവന്‍ വിലയിരുത്തിയ ഒന്നിനെ സംബന്ധിച്ചാണ്. പ്ലാസ്റ്റിക്ക് പൂക്കള്‍ വന്നതോടെ ജീവിതം വഴിമുട്ടിയ ഒരു പൂക്കച്ചവടക്കാരന്റെ ജീവിതദൈന്യങ്ങളിലൂടെ നീങ്ങുന്ന കഥ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ എപ്രകാരമാണ് ദൈനംദിന ജീവിതത്തെ കീഴുമേല്‍ മറിക്കുന്നതെന്നും കാണിച്ചുതരുന്നു. മനയ്ക്കലേക്ക് പ്ലാസ്റ്റിക്കില്‍ ഒരു ആനയെ ഉണ്ടാക്കിക്കൊടുക്കുന്നതോടെ പ്ലാസ്റ്റിക്കുകാരന്‍ നാട്ടിലെ ഏറ്റവും ബഹുമാനിതനാവുന്നു. പട്ടി,പൂച്ച, തത്ത ഇങ്ങനെ അനേകം ജീവികളെ അയാള്‍ നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നു 'കഥാവസാനം പൂക്കച്ചവടക്കാരന്‍ ഇട്ടുണ്ണി നായര്‍ പ്ലാസ്റ്റിക്ക് കൊണ്ട് ഒരു ഇട്ടുണ്ണി നായരെ ഉണ്ടാക്കി തരാമോ എന്ന് ചോദിക്കുന്നത് വിശപ്പും സങ്കടവും ഒന്നും അറിയില്ലല്ലോ എന്ന ചിന്തയാലാണ്.

ലോകം പുത്തന്‍ നീതികളിലൂടെ എങ്ങനെയാണ് വളരുന്നത് എന്നാണ് എം. മുകുന്ദന്‍ ഈ കഥകളിലൂടെ അവതരിപ്പിക്കുന്നത്. നാണു നായരും പ്രേമയും ഷീനയും മാക്കോച്ചനും ഇട്ടുണ്ണി നായരും അനുഭവിക്കുന്ന നിസ്സഹായതയിലൂടെ ഈ വളര്‍ച്ചയ്‌ക്കൊപ്പം മൂന്നാം ലോകരാജ്യക്കാരുടെ ദൈന്യതയും വ്യക്തമാക്കുന്നു.

Content Highlights: M.Mukundan, Dr. Mini Prasad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented