'ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങള്‍...': ദേശീയതയും മലയാളസാഹിത്യവും


ഡോ.അരുണ്‍ലാല്‍ മൊകേരികേരളത്തിന്റെ സാഹചര്യത്തില്‍ കോളനി വിരുദ്ധ സമരവും രാജവാഴ്ചയ്ക്കും ജാതിക്കോയ്മയും എതിരെയുള്ള സമരങ്ങളും ഒരു സരണിയില്‍ കൊണ്ടുവന്നു വിലയിരുത്തേണ്ടതുണ്ട്. അയ്യങ്കാളി, നാരായണഗുരു, പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, എം. ആര്‍. ബി., പ്രേംജി, മുത്തിരിങ്ങോട്, ലളിതാംബിക അന്തര്‍ജ്ജനം എന്നിങ്ങനെ അക്ഷരങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തി മുന്നോട്ട്‌പോവാന്‍ സമൂഹത്തെ ഒരുമിപ്പിച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അന്ന് കേരളത്തില്‍ പകര്‍ന്ന ഊര്‍ജം ചെറുതല്ല. 

ഡിസൈൻ: ബാലു

കോളനിയനന്തരകാല മലയാളസാഹിത്യത്തെക്കുറിച്ച് ഡോ. അരുണ്‍ലാല്‍ മൊകേരി എഴുതുന്നു.

ന്ത്യന്‍ അവസ്ഥകളെ കോളനികാലം ബാധിച്ചതിനെക്കുറിച്ചോ അതിന് പ്രതികരണം എന്ന നിലയില്‍ വന്ന ഭാഷാസാഹിത്യത്തെക്കുറിച്ചോ ചെറുപ്രബന്ധങ്ങള്‍ തീര്‍ക്കുക സുസാധ്യമല്ല. പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യേണ്ട കൃതികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവണതകള്‍ എന്നിവ അതിവിപുലവും സങ്കീര്‍ണവുമാണ്. ഒരര്‍ത്ഥത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ മലയാള സാഹിത്യത്തിന്റെ ചരിത്രപാഠം തയ്യാറാക്കുക എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ ദിശയിലുള്ള ഒരു ചെറിയ പ്രബന്ധത്തിന് കൂടുതല്‍ ചേരുന്ന ഗവേഷണപഥം ഒരു പക്ഷേ കോളനിവിരുദ്ധ സമരവിചാരങ്ങള്‍ എങ്ങനെ മലയാള സാഹിത്യത്തെ നിര്‍ണ്ണയിച്ചു എന്നതാണ്.

മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ കോളനി വിരുദ്ധസമരം മൂന്നായി തിരിഞ്ഞാണ് കേരളത്തില്‍ നിലനിന്നിരുന്നത്. മലബാറില്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണമായിരുന്നതിനാല്‍ കോളനിനയങ്ങളെ മുഖാമുഖം എതിര്‍ക്കുന്ന തരത്തിലുള്ള സമരമാണ് ഇവിടെ നിലനിന്നിരുന്നതെങ്കില്‍ തിരുവിതാംകൂറിലും കൊച്ചിയിലും ഇരട്ട/ ബഹുതര മുഖങ്ങളായിരുന്നു സമരത്തിന്: രാജവാഴ്ചയ്‌ക്കെതിരെയും ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരെയും. ക്രിസ്തീയതയുടെ വരവിനാല്‍ ഒരു പരിധി വരെ ജാതിമുക്തിയും ആത്മാഭിമാന ലാഭവും സാധിച്ച കീഴാളപ്രജകളുടെ സ്വാഭാവികമായ കൊളോണിയല്‍ ചായ്വ് കൂടി കൂട്ടിവായിക്കുമ്പോള്‍ ഈ ചിത്രം കൂടുതല്‍ പ്രശ്‌നജടിലമാകുന്നു.

സാഹിത്യത്തില്‍ കോളനി വിരുദ്ധത ഏറെയും നിഴലിച്ചത് കവിതയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ മൂന്നു ദശകങ്ങളില്‍ എങ്കിലും മലയാളത്തില്‍ ഏറ്റവും മികച്ചു നിന്ന സാഹിത്യരൂപം കവിതയായിരുന്നു. നോവലിസ്റ്റുകളുടെ നോട്ടത്തില്‍ പെടാതെ നിന്ന വൈക്കം സത്യാഗ്രഹവും, ക്ഷേത്രപ്രവേശനവും, ഗുരുവായൂര്‍ സത്യാഗ്രഹവും, ക്വിറ്റ് ഇന്ത്യാ സമരവും മലയാള കവിതയില്‍- ഉയര്‍ന്ന കാവ്യബോധത്തോടെയല്ലെങ്കില്‍ പോലും - ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്.

'പാശ്ചാത്യപദ്ധതി പിടിച്ചുഴലും ജനത്തെ
പുച്ഛിച്ചു കൊണ്ടു നിജഗോപ്രസരം പരത്തി
പൂര്‍വ്വാശയാം കമനിതന്‍ തിലകായമാനന്‍
പീയൂഷദീധിതി, ജനോത്സവമൊത്തുദിച്ചു.'
എന്ന് 1912 ല്‍ ആണ് വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എഴുതുന്നത്. സംസ്‌കൃതച്ഛായ കൂടിയിരിക്കുന്നുവെങ്കിലും കോളനിവിരുദ്ധത ആഴത്തില്‍ നിഴലിക്കുന്ന വരികളാണ് ഇവ. വഴിയേ മലയാളം കൂടുതല്‍ വ്യക്തമാവുകയും പദങ്ങളില്‍ പാട്ട് പോലെ ദേശബോധവും സമരവീര്യവും ഊറി നില്‍ക്കുകയും ചെയ്തു.

'ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരില്‍'
എന്നു വള്ളത്തോളും

'ചോരതുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍
' എന്നു വൈലോപ്പിള്ളിയും

'കുഴിവെട്ടി മൂടുക വേദനകള്‍
കുതി കൊള്‍ക ശക്തിയിലേക്കു നമ്മള്‍'
എന്ന് ഇടശ്ശേരിയും എഴുതി വന്നത് ഇതേ കോളനിവിരുദ്ധവികാരത്തിന്റെ പരിണാമപാതയില്‍ നിന്നുകൊണ്ടാണ്. കവിതയില്‍ മലയാളഭാഷയുടെ പ്രസരം കൂട്ടുന്നതിന്റെ രാഷ്ട്രീയവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഗാന്ധിജി, ദാദാഭായ് നവറോജി, മദന്‍ മോഹന്‍ മാളവ്യ, സരോജിനി നായിഡു, അരവിന്ദ ഘോഷ്, ബാലഗംഗാധര തിലകന്‍ എന്നിങ്ങനെ ബ്രീട്ടീഷ് വിരുദ്ധസമരത്തില്‍ നായകത്വം വഹിച്ച പല നേതാക്കളെയും മലയാളകവിത നോവലിനും ചെറുകഥയ്ക്കും മുന്നേ കേരളത്തില്‍ അവതരിപ്പിച്ചു.

കോളനിവിരുദ്ധത സാഹിത്യത്തിന് സവിശേഷ ഗുണം നല്‍കണമെന്നില്ല. രണ്ടും തമ്മിലുള്ള ബന്ധം രചനാസന്ദര്‍ഭമൊരുക്കലുകള്‍ക്കപ്പുറം നീങ്ങണമെന്നുമില്ല. എന്നാല്‍, കോളനി വിരുദ്ധത നിര്‍മ്മിച്ച സന്ദര്‍ഭങ്ങള്‍ രാഷ്ട്രീയത്തില്‍ മാത്രമൊതുങ്ങുന്നതായിരുന്നില്ല, സാമ്പത്തിക അസമത്വവും, മാതൃഭാഷാ പോഷണവുമടക്കം പല വിഷയങ്ങളും കോളനി കാലാനന്തര സാഹിത്യത്തിന്റെ മുഖ്യവിഷയങ്ങളായി വരുന്നത് ഇവിടെ നിന്നുളള തുടക്കങ്ങളിലൂടെയാണ്. സമാന്തരമായി അല്‍-അമീനും മാതൃഭൂമിയും ദേശാഭിമാനിയും പോലെയുള്ള പത്രങ്ങളും മറ്റ് ആനുകാലികങ്ങളും ഭാഷയെ ഉള്ളില്‍ നിന്ന് പുതുക്കിപ്പണിതു കൊണ്ടിരുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ കോളനി വിരുദ്ധ സമരവും രാജവാഴ്ചയ്ക്കും ജാതിക്കോയ്മയും എതിരെയുള്ള സമരങ്ങളും ഒരു സരണിയില്‍ കൊണ്ടുവന്നു വിലയിരുത്തേണ്ടതുണ്ട്. അയ്യങ്കാളി, നാരായണഗുരു, പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, എം. ആര്‍. ബി., പ്രേംജി, മുത്തിരിങ്ങോട്, ലളിതാംബിക അന്തര്‍ജ്ജനം എന്നിങ്ങനെ അക്ഷരങ്ങളെ ജ്വലിപ്പിച്ചു നിര്‍ത്തി മുന്നോട്ട്‌പോവാന്‍ സമൂഹത്തെ ഒരുമിപ്പിച്ച സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ അന്ന് കേരളത്തില്‍ പകര്‍ന്ന ഊര്‍ജം ചെറുതല്ല.

1937-ലാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് കേരളത്തില്‍ ആദ്യ വിവര്‍ത്തനം ലഭിക്കുന്നത്. ഇ എം എസ്സും കെ. ദാമോദരനും കൂടിയാണ് ഈ പരിഭാഷ നടത്തിയതെന്ന് കരുതപ്പെടുന്നു. ആ പ്രതികളില്‍ വിവര്‍ത്തകരുടെ പേര് ചേര്‍ത്തിരുന്നില്ല. കോളനിയനന്തരകാലം കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയുടെയും വേരിടീലിന്റെയും കാലം കൂടിയാണ്. 1927-ല്‍ രൂപപ്പെട്ട സമസ്ത കേരള സാഹിത്യ പരിഷത്ത് പില്‍ക്കാലത്ത് രൂപപ്പെട്ട പുരോഗമന സാഹിത്യത്തിന്റെ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന നാന്ദിയായിരുന്നു. കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, മുണ്ടശ്ശേരി തുടങ്ങിയ ഉത്പതിഷ്ണുക്കളും ഗൗരവമായി ഇടപെട്ട സാഹിത്യ സന്ദര്‍ഭങ്ങള്‍ക്ക് ആയിരുന്നു പിന്നീട് മലയാളം സാക്ഷ്യം വഹിച്ചത്. ജി ശങ്കരക്കുറുപ്പ്, ഒളപ്പമണ്ണ, ബാലാമണിയമ്മ, അക്കിത്തം, വയലാര്‍, എന്‍.വി. കൃഷണവാര്യര്‍ എന്നിവരിലൂടെ കോളനിയനന്തര സാഹിത്യത്തിന്റെ വൈകാരിക ലോകം ദൃഢപ്പെട്ടു വന്നു.

നോവലുകളുടെ ലോകത്തെ കോളനി സംസ്‌കാര സ്വാധീനം ചന്തുമേനോന്റെ ഇന്ദുലേഖ മുതല്‍ തുടങ്ങുന്നു. തകരുന്ന ഫ്യൂഡലിസം, ശക്തിപ്രാപിക്കുന്ന പുതിയ മൂലധന ശക്തികള്‍, വ്യക്തിസ്വാതന്ത്ര്യം - ഇതൊക്കെയാണ് ഇന്ദുലേഖ എന്ന നോവലിന്റെ ഉള്ളടക്കത്തിലെ പ്രധാന തന്തുക്കള്‍. ഇംഗ്ലീഷ് ആധിപത്യം ഇന്ത്യക്ക് നല്ലതാണ് എന്ന് ചന്തുമേനോന്‍ നോവലില്‍ പറഞ്ഞു വെക്കുന്നുണ്ട്. 'ആ ഇംഗ്ലീഷ്‌കാര്‍ നാളെ ഇന്ത്യ വിടുന്നു എങ്കില്‍ അപ്പോള്‍ കാണാം ബാബുമാരുടെ മിടുക്കും ശൗര്യവും. ഒരു നിമിഷമെങ്കിലും ഈ വാക്പടക്കാര്‍ക്ക് രാജ്യം രക്ഷിക്കുവാന്‍ സാധിക്കുമോ?' എന്ന പ്രസിദ്ധമായ 18-ാം അധ്യായത്തിലെ ആ സംഭാഷണം ഓര്‍ക്കുക.

ഒരുപക്ഷേ ഇന്ദുലേഖയോളമോ അതിലേറെയോ അന്നത്തെ മലയാളിവായനക്കാരെ സ്വാധീനിച്ച ഒന്നാണ് ഹ്യൂഗോയുടെ പാവങ്ങളുടെ പരിഭാഷ. നോവലിലെ യുവവിപ്ലവകാരിയായ മരിയൂസ് അന്നത്തെ സ്വാതന്ത്ര്യ സമര സന്ദര്‍ഭത്തില്‍ സവിശേഷമായ ഒരു പ്രതീകമായി വായനക്കാരില്‍ സാക്ഷാത്കരിക്കപ്പെട്ടു. തകഴിയുടെയും ദേവിന്റെയും വര്‍ക്കിയുടെയും ചെറുകാടിന്റെയും നോവലുകളില്‍ കോളനിവിരുദ്ധതയുടെ പദകോശം ചൂഷണ വിരുദ്ധതയെ സൂചിപ്പിക്കുന്നതായി പരിണമിച്ചു.

നാടകശാഖയും കോളനിവിരുദ്ധതയെ സ്വാംശീകരിക്കുന്നതില്‍ വലിയ ഔത്സുക്യം തന്നെ കാട്ടി. നാടോടി നാടകങ്ങളാണ് പ്രാദേശികവും സമകാലികവും ആയ പ്രശ്‌നങ്ങളോടൊപ്പം ദേശയ പ്രശ്‌നങ്ങളും സമര്‍ത്ഥമായി ഇണക്കിച്ചേര്‍ത്തത്. വിദ്വാന്‍ പി. കേളു നായരെപ്പോലെയുള്ള ആദ്യകാല നാടകകൃത്തുക്കള്‍ പാട്ടുകളിലൂടെയും സംഭാഷണങ്ങളിലൂടെയും കോളനിവിരുദ്ധതയും സ്വദേശി വികാരവും വളര്‍ത്തിയെടുത്തു. കേളുനായരുടെ പാദുകപട്ടാഭിഷേകം എന്ന 1928-ലെ നാടകത്തിലെ ' സ്മരിപ്പിന്‍ ഭാരതീയത നമിപ്പിന്‍ മാതൃഭൂമിയെ /ധരിപ്പിന്‍ ശുദ്ധമാം ഖാദി ഇതൊന്നേ ദുസ്ഥിതി ഭേദി' എന്ന പാട്ട് ഇന്നും പ്രചാരത്തിലുണ്ട്. പിന്നീടുള്ള ദശകങ്ങളില്‍ ഉദയം ചെയ്ത കെ. പി. എ. സിയും നാടകത്തെ അതിജനകീയമാക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. ചെറുകാടും തോപ്പില്‍ ഭാസിയും ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് നാടകങ്ങള്‍ എഴുതിപ്പോന്നത്.

Content Highlights: Dr. Arunlal Mokeri, Postcolonial Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented