ഡൊമിനിക് ലാപിയർ
ഇന്നലെ അന്തരിച്ച ലോകപ്രശസ്ത എഴുത്തുകാരന് ഡൊമിനിക് ലാപിയെറിനെപ്പറ്റി ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ജയകൃഷ്ണന് എഴുതിയ ലേഖനം വായിക്കാം..
ചേരികളിൽ കുന്നുകൂടിക്കിടന്ന ശവങ്ങൾക്കിടയിൽനിന്ന് ജീവനുള്ളവരെ കണ്ടുപിടിക്കാൻ ഒരുസംഘം വിദ്യാർഥികൾ പുറപ്പെട്ടു. അവരിലൊരാളായിരുന്ന സന്തോഷ് കത്യാർ അത്യധികം ഹൃദയസ്പർശിയായ ഒരു സംഭവത്തിനു സാക്ഷിയായി. ഒരു മുസ്ലിം സ്ത്രീയുടെ ശവശരീരം നീക്കാൻ തുടങ്ങുകയായിരുന്നു കത്യാർ. നിറയെ വളകളണിഞ്ഞ ഒരു കൈ അയാളെ തടഞ്ഞു. നെറ്റിയിൽ സിന്ദൂരമണിഞ്ഞ ആ സ്ത്രീ വളകളത്രയും ഊരി മരിച്ചവളെ അണിയിച്ചിട്ടു പറഞ്ഞു: ‘‘ഇവളെന്റെ കൂട്ടുകാരിയാണ്, വളകളണിഞ്ഞ് സുന്ദരിയായിട്ടുവേണം അവൾ അവളുടെ ദൈവത്തെ കാണുന്നത്.’’
ഇന്ത്യകണ്ട ഏറ്റവും വലിയ അത്യാഹിതങ്ങളിലൊന്നായ ഭോപാൽ വിഷവാതകദുരന്തത്തെപ്പറ്റി ഡൊമിനിക് ലാപിയെറും ഹവിയെർ മോറോയും കൂടി എഴുതിയ ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് ഇൻ ഭോപാൽ (Five Past Midnight in Bhopal) എന്ന പുസ്തകത്തിലെ ഭാഗമാണ് മുകളിൽ. മറ്റാർക്കും കാണാനാവാത്ത കാര്യങ്ങൾ, ഭാവനയെന്ന് സംശയിച്ചുപോകുന്ന ചരിത്രമുഹൂർത്തങ്ങൾ കണ്ടുപിടിച്ചെഴുതുന്ന ലാപിയെറുടെ പ്രതിഭ ഇവിടെ നമ്മൾ കാണുന്നു. 1931-ൽ ഫ്രാൻസിലാണ് ലാപിയെർ ജനിച്ചത്. പതിമ്മൂന്നുവയസ്സുള്ളപ്പോൾ അമേരിക്കയിൽ ഫ്രഞ്ച് കോൺസൽ ജനറലായിരുന്ന അച്ഛനോടൊപ്പം ലാപിയെർ അവിടേക്ക് ഒരു യാത്രനടത്തി. അതോടെ യാത്രകൾ ആ കുട്ടിയുടെ ഹരമായി. അവധിക്കാലങ്ങളിൽ അവൻ അമേരിക്കയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ക്ലാസുകളെടുത്തും ലേഖനങ്ങളെഴുതിയും പള്ളികളുടെ ജനലുകൾ തുടച്ചും ബോട്ടിലെ സൈറൻ വൃത്തിയാക്കിയും ലാപിയെർ യാത്രകൾക്കുള്ള പണം കണ്ടെത്തി. അങ്ങനെ കീശയിൽ വെറും മുപ്പതു ഡോളറുമായി നടത്തിയ, ഇരുപതിനായിരം മൈൽ നീണ്ട യാത്രയെപ്പറ്റി ലാപിയെർ പതിനെട്ടാമത്തെ വയസ്സിൽ തന്റെ ആദ്യത്തെ പുസ്തകമെഴുതി, എ ഡോളർ ഫോർ എ തൗസന്റ് കിലോമീറ്റേഴ്സ് (A Dollar for a Thousand Kilometers). ഫ്രാൻസിലും യൂറോപ്പിലൊട്ടാകെയും അതൊരു ബെസ്റ്റ് സെല്ലറായിത്തീർന്നു.
പാരീസ് എരിയുന്നോ?
1965-ൽ, അമേരിക്കക്കാരനായ ലാറി കോളിൻസുമായിച്ചേർന്ന് എഴുതിയ ഈസ് പാരീസ് ബേണിങ് (Is Paris Burning) എന്ന പുസ്തകമാണ് ലാപിയെറെ ലോകപ്രശസ്തനാക്കിയത്. മുപ്പതു ഭാഷകളിലായി ആ പുസ്തകത്തിന്റെ ഏതാണ്ട് ഒരുകോടി കോപ്പികൾ വിറ്റുപോയി. അന്വേഷണാത്മക പത്രപ്രവർത്തനത്തെ ചരിത്രഗവേഷണവുമായി വിജയകരായി കൂട്ടിച്ചേർത്ത ആദ്യത്തെ പുസ്തകം ഇതാണെന്നു പറയപ്പെടുന്നു. 1940-ലാണ് ഹിറ്റ്ലറുടെ ജർമനി ഫ്രാൻസ് പിടിച്ചടക്കിയത്. 1944-ൽ ഹിറ്റ്ലർ പാരീസ് സന്ദർശിച്ചു. ഈഫൽ ഗോപുരവും നോത്രദാം പള്ളിയുമടക്കം പാരീസിലെ ചരിത്രപ്രധാനമായ നിർമിതികൾ തകർക്കാൻ ഹിറ്റ്ലർ ആജ്ഞനൽകി. അതിൽനിന്ന് പാരീസ് രക്ഷപ്പെട്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.
സ്വാതന്ത്ര്യം അർധരാത്രിയിൽ
ഇന്ത്യ സ്വതന്ത്രമായതെങ്ങനെയെന്ന് ഫ്രീഡം അറ്റ് മിഡ്നൈറ്റ് (Freedom at Midnigth) എന്ന പ്രശസ്തമായ പുസ്തകത്തിൽ വിവരിക്കുന്നു. അതിലും ലാപിയെറും കോളിൻസും ചരിത്രസത്യങ്ങളുടെ വസ്തുതാവിവരണക്കണക്കുകൾ നിരത്തുകയല്ല ചെയ്യുന്നത്. ആരുംകാണാത്ത ഇടങ്ങളിലേക്ക് കടന്നുചെന്ന് വ്യത്യസ്തതകളുടെ ആകത്തുകയായ ഒരു ജനത എങ്ങനെ സ്വാതന്ത്ര്യത്തിലെത്തി എന്ന് വിവരിക്കുകയാണ്. ക്ഷാമബാധിതമായ ഒരു കാലഘട്ടത്തിൽ, കൊട്ടാരത്തിലെ നായകൾക്ക് കൊടുക്കാൻ കൊണ്ടുവന്ന വിലപിടിച്ച ഭക്ഷണം വൈസ്രോയിയുടെ ഭാര്യ കുളിമുറിയിൽ കയറി കതകടച്ച് ഭക്ഷിക്കുന്നതു മാത്രമല്ല, ഗാന്ധിജി തന്റെ ബ്രഹ്മചര്യശേഷി പരീക്ഷിക്കുന്നതിന് അസാധാരണമായ പ്രവൃത്തികളിൽ ഏർപ്പെടുന്നതുവരെ അവർ തങ്ങളുടെ ചരിത്രലിഖിതങ്ങളിൽ ഉൾപ്പെടുത്തി. 2005-ൽ കോളിൻസ് മരിക്കുന്നതുവരെ ഇരുവരും ചേർന്ന് പ്രശസ്തമായ പല പുസ്തകങ്ങൾ രചിച്ചു.
.jpg?$p=79c0b37&&q=0.8)
രാത്രിയിലെ മഴവില്ല്
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിനു സമാനമായി വർണവിവേചനത്തിൽനിന്ന് ദക്ഷിണാഫ്രിക്ക സ്വതന്ത്രമായതിനെപ്പറ്റി ഒരു പുസ്തകം ലാപിയെർ എഴുതിയിട്ടുണ്ട് -എ റെയിൻബോ ഇൻ ദ നൈറ്റ് (A Rainbow in the Night). പുസ്തകത്തിൽ, വർണവിവേചനത്തെ ലാപിയെർ ശക്തമായി പ്രഹരിക്കുന്നതു കാണുക: ‘ഇടവകക്കാർ ഒരേ ദൈവത്തെ ആരാധിച്ചു. മിക്കവാറും ഒരേ സമയത്ത് അവർ ഒരേ പ്രാർഥനകൾ ചൊല്ലി. പക്ഷേ, നൂറ്റൻപതടി അകലമുള്ള വ്യത്യസ്തമായ മേൽക്കൂരകൾക്കടിയിലാണെന്നു മാത്രം. തൊലിനിറം മാത്രമായിരുന്നു എല്ലാറ്റിനും കാരണം.’
ഇന്ത്യയോടുള്ള പ്രണയം
ഇന്ത്യയോട് പ്രണയം തന്നെയായിരുന്നു ലാപിയെറിന്. ആത്മകഥാപരമായ തന്റെ പുസ്തകത്തിന് ഇന്ത്യ മൈ ലവ് (India My Love) എന്ന് പേരിട്ടതു വെറുതേയല്ല. പുസ്തകത്തിലൊരിടത്ത് കർണാടകയിലെ ജൈനർ ബാഹുബലിയെ ആരാധിക്കുന്നതിനെപ്പറ്റി ലാപിയെർ പറയുന്നുണ്ട്. പല പാശ്ചാത്യ എഴുത്തുകാരെയും പോലെ ഇത് വെറുമൊരു അന്ധവിശ്വാസമായിക്കണ്ട് പരിഹസിക്കുകയല്ല അദ്ദേഹം. പന്ത്രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന ഈ ആഘോഷത്തെ ഇന്ത്യയുടെ വൈവിധ്യങ്ങളുടെ പ്രതീകമായി ഉയർത്തിക്കാട്ടുകയാണ് ചെയ്യുന്നത്.
കൊൽക്കത്തയിലെ ചേരിപ്രദേശങ്ങളുടെ ഇതിഹാസചരിത്രമാണ് ദ സിറ്റി ഓഫ് ജോയ് (The City of Joy). ബംഗാളിഭാഷ ഒഴുക്കോടെ സംസാരിക്കാൻ കഴിയുമായിരുന്ന, മദർ തെരേസയോട് അടുപ്പം സൂക്ഷിച്ചിരുന്ന ലാപിയെറെന്ന മനുഷ്യസ്നേഹി ഈ പുസ്തകത്തിനു പ്രതിഫലമായി കിട്ടിയ തുകയുടെ പകുതിയും കൊൽക്കത്തയിലെ കുഷ്ഠവും പോളിയോയും ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനായി നീക്കിവെച്ചു. ഇതുകൊണ്ടുകൂടിയാണ് 2008-ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചത്.
%20(1).jpg?$p=fb278f1&&q=0.8)
'സിറ്റി ഓഫ് ജോയ്' എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: ‘ദാരിദ്ര്യത്തിൽ വളരുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾ. അവരുടെ മാന്ത്രികമായ ചിരികളും കറുത്തമുഖങ്ങളിലെ തിളങ്ങുന്ന നോട്ടങ്ങളും ലോകത്തെ മുഴുവൻ നിറംപിടിപ്പിക്കുന്നു. അവരില്ലെങ്കിൽ ചേരിപ്രദേശങ്ങൾ തടവറകളായേനെ. ദുരവസ്ഥയുടെ ഈ ഭൂമികയെ ആഹ്ലാദത്തിന്റെ ആസ്ഥാനമായി അവർ മാറ്റിത്തീർക്കുന്നു.’ അങ്ങനെ ഡൊമിനിക് ലാപിയെർ ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു.
Content Highlights: Dominique lapierre, french writer, literature, freedom at midnight book
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..