കവി ഉദ്ദേശിച്ചത് എന്തായാലും ശരി, കുട്ടികള്‍ ഇങ്ങനെയൊക്കെ ആസ്വദിക്കുന്നത് ശരിയാണോ?


ഷബിത

എന്റെ കവിത അധ്യാപകര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്, കുട്ടികള്‍ ഇങ്ങനെയാണോ കണ്ടത് എന്നതിലൊന്നും ഇന്നത്തെ കവികള്‍ നിരാശകൊള്ളില്ല എന്നാണ് വിശ്വാസം.

പ്രതീകാത്മകചിത്രം

സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പരീക്ഷകള്‍ക്ക് പിറകേ തന്നെ സോഷ്യല്‍ മീഡിയയില്‍ രസകരമായ ഉത്തരക്കടലാസുകള്‍ വൈറലാകും. പുട്ട് കുടുംബബന്ധങ്ങള്‍ തകര്‍ക്കും എന്നെഴുതിയ സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ഉത്തരക്കടലാസ് ഇന്നും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഒന്നാണ്. പരീക്ഷകള്‍ ഉണ്ടായ കാലം തൊട്ടേ വിചിത്രമായ ഉത്തരങ്ങളും അതിനൊപ്പം തന്നെയുണ്ട്. പാരലല്‍ വിദ്യാഭ്യാസം കേരളത്തില്‍ സജീവമായ കാലത്ത് ഇംഗ്ലീഷ് പരീക്ഷകള്‍ക്ക് മലയാളം ഗാനങ്ങള്‍ മംഗ്ലീഷില്‍ എഴുതിവെക്കുന്ന പതിവുണ്ടായിരുന്നു. അതുപോലെ പത്താംതരം മൂല്യനിര്‍ണയത്തില്‍ 210 മാര്‍ക്ക് തികയ്ക്കാന്‍ പെടാപ്പെടുന്ന കാലത്ത് മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്ക് തങ്ങളുടെ വീട്ടിലെ പരാധീനതകളും പ്രാരാബ്ദങ്ങളും കത്തായി എഴുതി എങ്ങനെയെങ്കിലും ജയിപ്പിക്കണം എന്നുള്ള അഭ്യര്‍ഥനകള്‍ ഉത്തരക്കടലാസില്‍ ഉണ്ടാവാറുണ്ടായിരുന്നു. രസകരമായ ഇത്തരം വാര്‍ത്തകള്‍ മൂല്യനിര്‍ണയകാലത്ത് പത്രങ്ങളില്‍ ഇടം പിടിക്കുന്നതും പതിവായിരുന്നു.

പ്രൈമറിതലത്തിലെ വിദ്യാര്‍ഥികളും തങ്ങളുടെ ബുദ്ധിപരമായ നീക്കത്തില്‍ അല്പം പോലും പിറകിലല്ല എന്നു തെളിയിക്കുന്ന ഉത്തരക്കടലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിവേകശാലികളായ മാതാപിതാക്കള്‍ തന്നെയാണ് പലപ്പോഴും ഇവ ഷെയര്‍ ചെയ്യുന്നതും.സാഹിത്യവിഷയങ്ങളാണ് കുട്ടികളുടെ രസകരമായ ഉത്തരങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും പലപ്പോഴും വിധേയമാവുന്നത്. കഥയും കവിതയും അനുഭവക്കുറിപ്പുമെല്ലാം എഴുതുന്നത് അതത് മേഖലയിലെ മഹാവ്യക്തിത്വങ്ങളാണെന്നിരിക്കേ അവരുടെ സാഹിത്യപരമായ ഉദ്ദേശ്യങ്ങളെയെല്ലാം റദ്ദുചെയ്യുന്നതായി മാറുന്നു പലപ്പോഴും കുഞ്ഞുങ്ങളുടെ രസകരമായ ഉത്തരങ്ങള്‍. കുഞ്ഞുങ്ങള്‍ സാഹിത്യത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കവി വീരാന്‍കുട്ടി, പ്രശസ്ത ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍, മലയാളം അധ്യാപിക ഇ.എന്‍ ഷീജ എന്നിവര്‍.

വീരാന്‍കുട്ടി

'കുട്ടികളുടെ ഉത്തരങ്ങള്‍ കണ്ട് കവികള്‍ നിരാശപ്പെടില്ല'- വീരാന്‍കുട്ടി

പലപ്പോഴും കുട്ടികളുടെ കഥയെ, കവിതയെ കുറിച്ചുള്ള ഉത്തരങ്ങൾ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. വരികൾക്കപ്പുറം വായിക്കാനൊന്നും പ്രാഥമികതലത്തിലെ കുഞ്ഞുങ്ങൾ ആയിട്ടില്ലല്ലോ. എന്നാൽ ഒരു ഫ്രഷ്‌നസ് ഉണ്ട് അവരുടെ വായനയ്ക്ക്. മറ്റു ഭാരങ്ങളൊന്നുമില്ലാത്ത ഒരു വായന അവർക്കു പറ്റും. കാഴ്ചയിലെ ആ ഫ്രഷ്‌നസ് കവിതകളെ സംബന്ധിച്ചുള്ള അവരുടെ ഉത്തരങ്ങളിലും കാണും. കവിത ഒരു പാഠ്യവിഷയമാകുമ്പോഴുള്ള പ്രശ്നങ്ങളുണ്ട്. ആസ്വാദനം എന്ന അനുഭവം വിട്ട് കവിതയെ, അതിന്റെ ഭാഷയെ, പരീക്ഷയെ മുൻനിർത്തി പിന്തുടരുന്നിടത്താണ് പ്രശ്‌നം.അപ്പോൾ എഴുത്തിലെ ഭാരം അവർ ചുമക്കേണ്ടി വരുന്നു.

കുട്ടികളുടെ ഭാവനയ്ക്ക് യഥേഷ്ടം പറക്കാൻ പറ്റിയ ഒരു ലാഘവമുണ്ട്; നമ്മൾ മുതിർന്നവർക്കില്ലാത്തത്. ആ സ്വാതന്ത്ര്യമാണ് അവർക്ക് യഥാർഥത്തിൽ സാഹിത്യത്തിൽനിന്നു കിട്ടേണ്ടത്. അതുകൊണ്ടാണ് കവി ഉദ്ദേശിച്ചതിനും അപ്പുറത്തേക്കുള്ള അർഥങ്ങളിലേക്ക് അവർക്ക് പോകാൻ പറ്റുന്നത്.

ഭാവന ഏറ്റവും സ്വതന്ത്രമായി വിഹരിക്കുന്ന സമയം കുട്ടിക്കാലമാണ്. കുഞ്ഞുങ്ങളുടെ ഭാവനയ്ക്കു മുകളിൽ വേറെ വിലങ്ങുകൾ ഒന്നുമില്ല. അതൊന്നു തൊട്ടുകൊടുത്താൽ മതി; പറന്നുകൊള്ളും. അങ്ങനെ അവരെ പ്രചോദിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമേ കവിതയിലേക്കും കഥയിലേക്കും അവർ ആകർഷിക്കപ്പെടുകയുള്ളൂ. അങ്ങനെ അവർ ആകർഷിക്കപ്പെട്ടാൽ നമ്മൾ പ്രതീക്ഷിക്കാത്ത, അത്ഭുതകരമായ പ്രതികരണങ്ങളും ആസ്വാദനങ്ങളും കുട്ടികളിൽനിന്ന് ഉണ്ടാവും.

സാഹിത്യം അനുഭവത്തെ തൊടുന്ന ഒന്നാണ്. കുട്ടികൾ ആസ്വാദനമെഴുതുമ്പോൾ തങ്ങളുടെ അനുഭവവുമായി ബന്ധിപ്പിക്കുക സ്വാഭാവികമാണ്. കവിതയിലെ വീട് അവന്റെയും/ അവളുടെയും വീടാണ്. വീട്ടിലെ അനുഭവങ്ങളും മാതാപിതാക്കളുമായി ബന്ധപ്പെട്ട അനുഭവങ്ങളുമെല്ലാം ആസ്വാദനക്കുറിപ്പിൽ വരുന്നതങ്ങിനെയാണ്. ചിലപ്പോൾ കുട്ടിയുടെ മൂഡിന് അനുസരിച്ചിരിക്കും വായന.

എന്റെ കവിതയുമായി ബന്ധപ്പെട്ട ഒരനുഭവം പറയാം. 'ഭൂമിയ്ക്കടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലൾ തമ്മിൽ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങൾ' എന്ന വരികളുള്ള ആശ്ശേഷം എന്ന കവിത മറ്റു കവികളുടെ വരികൾക്കൊപ്പം ഒരു വിദ്യാലയത്തിന്റെ ചുവരിൽ എഴുതി പ്രദർശിപ്പിച്ചിരുന്നു. രണ്ടു കുട്ടികൾ വെള്ളിയാഴ്ച വൈകുന്നേരം വന്നിട്ട് അധ്യാപകനോട് പറഞ്ഞത് ആ കവിത തങ്ങളെക്കുറിച്ചാണെന്നാണ്. മാഷ് കാരണം തിരക്കിയപ്പോൾ ഇനി ശനിയും ഞായറും കഴിഞ്ഞല്ലേ ഞങ്ങൾക്ക് കാണാൻ പറ്റൂ എന്നായിരുന്നു അവരുടെ ഉത്തരം. അവധി ദിവസങ്ങൾ അകറ്റി നട്ട മരമായി അവർ. ആ കവിതയുടെ മറ്റ് അർഥതലങ്ങളെക്കുറിച്ചൊന്നും അവർക്കറിയില്ല. തങ്ങളുടെ സങ്കടം ഒരാൾ കണ്ടിരിക്കുന്നു എന്ന ആശ്വാസമാണവർക്ക് ആ കവിത.

പണ്ടൊക്കെ പാഠപുസ്തകങ്ങൾ അധ്യാപകർ നിർബന്ധിച്ച് പഠിപ്പിക്കുകയും കുട്ടികൾ മനഃപാഠം ആക്കുകയുമായിരുന്നു പതിവ്. പദ്യം കാണാതെ ചൊല്ലലൊക്കെ നിർബന്ധമായിരുന്നു. ആസ്വാദനം മാഷ് ബോർഡിൽ എഴുതും. കുട്ടി അതു പകർത്തിയാൽ മതി. ഇന്ന് രീതി മാറി. പുതിയ ക്ലാസ് റൂം വിനിമയത്തിൽ കുട്ടികളോട് പറയുന്നത് സ്വമേധയാ കവിതയിലേക്ക് പോകാനാണ്. അവർ കേൾക്കുകയും പഠിക്കുകയും ചെയ്ത മറ്റു കവിതകളുമായി ബന്ധിപ്പിക്കാനൊക്കെയുള്ള അവസരം അവിടെയുണ്ട്. സാഹിത്യപഠനം ലളിതമായും തീർന്നിട്ടുണ്ട്.

കവി ഉദ്ദേശിക്കുന്നതെന്താണെന്ന് അധ്യാപകർ പറയുന്ന രീതി പോയി. കുട്ടികൾ സ്വമേധയാ കവിതയുടെ വിവക്ഷകൾ തേടുന്ന, അവർക്കു കൂടി ഇൻവോൾമെന്റ് ഉള്ള ഒരു പഠന പ്രക്രിയ ഇന്നുണ്ട്. അതിലേക്കെത്താൻ ചില സഹായങ്ങൾ നല്കുക മാത്രമേ അധ്യാപകർക്ക് ചെയ്യേണ്ടതായിട്ടുള്ളു. ആ ക്ളാസ് റൂം അന്തരീക്ഷത്തിൽ കവിതയെ പരിചയപ്പെടുത്തി, കുട്ടികൾ കവിതയിൽനിന്ന് എന്ത് ആശയമാണ് കണ്ടെത്തുന്നത് എന്ന് നിരീക്ഷിക്കുന്ന ഒരാളാണയാൾ.

ആസ്വാദനക്കുറിപ്പിൽ കവിത നന്നായി ആസ്വദിച്ചു എന്നഴുതിയ വിദ്യാർഥിയുടെ ഉത്തരത്തിൽ ഒരു നിഷ്‌കളങ്കതയുണ്ട്. ഒരു കുസൃതിയും ഉണ്ട്. കവിതയോ കഥയോ ഒരാൾക്ക് പൂർണ്ണമായും ആസ്വദിച്ചു തീർക്കാനാവില്ല എന്ന ധ്വനി അതിലില്ലേ? അവനത് ഒറ്റവാക്കിൽ ഒതുക്കിയെന്നുമാത്രം- 'നന്നായി ആസ്വദിച്ചു.'

വലിയ കവിതകളെ വെല്ലുന്ന കല്പനകളും ഭാവഭംഗിയും ലാളിത്യവും ചേർന്ന കുട്ടിക്കവിതകൾ എഴുതിയവരാണ് മലയാളത്തിന്റെ മഹാകവികൾ. ഉള്ളൂർ, കുമാരനാശാൻ, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി തുടങ്ങിയവർ നമുക്ക ുതന്ന കുട്ടിക്കവിതകൾ കുഞ്ഞുഭാവനയ്ക്ക് പറന്നു നടക്കാൻ പാകത്തിലുള്ളവയാണ്. പാഠപുസ്തകങ്ങളിൽനിന്ന് അത്തരം കവിതകളുടെ പരിചരണം കിട്ടുന്നതിനാൽ അവരിലെ ഭാവനയും ഉണരുന്നു. മികച്ച ഭാഷാദ്ധ്യാപകരുടെ സാന്നിദ്ധ്യം കൂടിയാവുമ്പോൾ പുതിയൊരു സൗന്ദര്യലോകം അവർക്കു മുന്നിൽ തുറന്നു കിട്ടും.

സമകാലിക രചനകൾ പാഠപുസ്തകങ്ങളിൽ വരുന്നത് കുട്ടികളുടെ ഭാഷാനുഭവത്തെയും സമകാലികമാക്കുന്നുണ്ട്. പുതിയ ഭാവുകത്വവുമായി അതവരെ ഇണക്കുകയും ചെയ്യും. സമീപകാലത്ത് നാടൻ പാട്ടുകൾ പുസ്തകത്തിൽ വന്നു. പുതിയ എഴുത്തുകാരെയും കവികളെയും പാഠപുസ്തകത്തിലേക്ക് കൊണ്ടുവരുന്നു. അങ്ങനെ സമകാലീനമായ ഭാഷയും അനുഭവവും പരിചയപ്പെടാൻ കുട്ടികൾക്ക് അവസരം കിട്ടുന്നുണ്ട്.

പുതിയ കവിത, കവിതയെന്ന മാധ്യമത്തെ അതിന്റെ അലങ്കാര ഭാരങ്ങളിൽനിന്നു മോചിപ്പിക്കുന്നുണ്ട്. കവിതയിലെ ഭാഷയിലുമുണ്ട് ആ മാറ്റം. അതിലെ ഇമേജറികൾ വായനയിൽ തരുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. പഴയ കാലത്തെ അലങ്കാരങ്ങളെപ്പോലെയല്ല അത്. കവിതയിലെ ഇമേജിനെ വച്ചുകൊണ്ട് പല രീതിയിലുള്ള വായന സാധ്യമാണ്. കവിതയിലെ ഇമേജറികളിൽ പിടിച്ച് കുട്ടികൾ യാത്ര ചെയ്യുകയാണ്. പലപ്പോഴും കുട്ടികളെ അവരായിത്തന്നെ സങ്കല്പിക്കാൻ അവ സഹായിച്ചേക്കാം. സത്യത്തിൽ അവർ കവി എഴുതിയ കവിത വായിക്കുകയല്ല, അതിൽനിന്നു സ്വന്തം കവിത കണ്ടെത്തുകയാണ് ചെയ്യുന്നതെന്നു തോന്നുന്നു.

ഡോ. കെ. ശ്രീകുമാര്‍

'അങ്ങനെ വരുമ്പോള്‍ ആ കൃതിയുടെ സ്രഷ്ടാവ് കാലഹരണപ്പെട്ടു'- ഡോ. കെ. ശ്രീകുമാര്‍

ഉത്തരക്കടലാസുകളിലെ സാഹിത്യാസ്വാദനങ്ങല്‍ വളരെ പോസിറ്റീവായതും പ്രതീക്ഷ നല്‍കുന്നതുമാണ്. ഞാന്‍ കുട്ടികള്‍ക്കുവേണ്ടിയാണ് എഴുതുന്നത് എന്നു പറയുമ്പോഴും ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. എന്റെ മനസ്സിലുള്ള കുട്ടിയല്ല ഇന്നത്തെ കുട്ടി. അത് എഴുത്തുകാര്‍ ഉള്‍ക്കൊള്ളുക തന്നെ വേണം. ഇപ്പോഴത്തെ കുട്ടികളുടെ സാധ്യതകളും ബൗദ്ധികവികാസവുമെല്ലാം വെച്ചുനോക്കുമ്പോള്‍ കുട്ടിയ്ക്കുവേണ്ടി ഒരു കഥയെഴുതുക എന്നത് വലിയ ടാസ്‌ക് തന്നെയാണ്. ഏറെ ടെന്‍ഷന്‍ തരുന്നതും. എന്നിരുന്നാലും നമ്മള്‍ വിചാരിക്കുന്നതിലും പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള പ്രതികരണങ്ങളും റിസല്‍റ്റും ചിലപ്പോള്‍ ഒരു കഥ തന്നേക്കാം. എന്റെ കഥ വായിക്കുന്ന ഒരു കുട്ടി അത് കൊള്ളില്ല എന്നുപറഞ്ഞ് മാറ്റിനിര്‍ത്തുമ്പോഴും എനിക്ക് അതില്‍ നിന്നും മറ്റൊരു പാഠമാണ് ലഭിക്കുന്നത്. ഞാന്‍ പലപ്പോഴും എഴുതുന്നത് എന്റെ ചെറുപ്പത്തിലെ കുട്ടിയെ മനസ്സില്‍ കണ്ടുകൊണ്ടാണ്. ആ കുട്ടിയില്‍ നിന്നും ഒരുപാട് വളര്‍ന്നുകഴിഞ്ഞു ഇപ്പോഴത്തെ കുട്ടി.

ഒരു അനുഭവം പറയാം. നാലാം ക്ലാസില്‍ എന്റെ വിശപ്പ് എന്നൊരു കഥ പഠിക്കാനുണ്ടായിരുന്നു. സ്വാഭാവികമായും പരീക്ഷയ്ക്ക് ചോദ്യം വന്നു. ഒരു കുട്ടി വൃദ്ധനെ ഭക്ഷണം കൊടുത്ത് സഹായിക്കുന്നതാണ് ഇതിവൃത്തം. പാഠത്തില്‍ നിന്നുള്ള ചോദ്യമിതായിരുന്നു; നിങ്ങള്‍ ഇത്തരത്തില്‍ സഹായിച്ച ഒരു സംഭവം എഴുതൂ. ഒരു കുട്ടിയുടെ മറുപടി എനിക്കങ്ങനെ അനുഭവം ഉണ്ടായിട്ടില്ല എന്നായിരുന്നു. ഉത്തരക്കടലാസ് കണ്ട കുട്ടിയുടെ അമ്മ പറഞ്ഞു: അങ്ങനെയൊരു സംഭവം നടന്നതായി നീ സങ്കല്പിച്ചുനോക്കിയിട്ട് എഴുതിക്കൂടായിരുന്നോ?. കുട്ടി അപ്പോള്‍ പറഞ്ഞത് ഞാനൊരിക്കലും കള്ളം പറയില്ല എന്നായിരുന്നു! കുട്ടിയുടെ ഏറ്റവും പ്രസാദാത്മകമായിട്ടുള്ള മുഖം അനാവരണം ചെയ്യുന്ന സംഭവമാണിത്.

എഴുത്തുകാരന്‍ എന്ന നിലയില്‍ കഥ സ്വാഭാവികമായും കുട്ടിയെ സന്തോഷിപ്പിക്കണം, അവന് വായിച്ചാല്‍ മനസ്സിലാവണം, സാരാംശം ഉള്‍ക്കൊള്ളണം, ഭാവിയില്‍ ഗുണപാഠമാവണം, നല്ല രീതിയില്‍ ജീവിക്കാന്‍ ഈ കഥ മാര്‍ഗദര്‍ശിയാവണം എന്നൊക്കെ ചിന്തിക്കുന്ന കാലമേ മാറി. ഉപദേശിക്കുന്ന എഴുത്തുകാരന്റെ റോള്‍ ഇന്നില്ല. മറിച്ച് കുട്ടിയുടെ ഇന്നത്തെ ലോകം എന്താണെന്ന് മനസ്സിലാക്കിയിട്ട് ആ ലോകവും എഴുത്തുകാരന്റെ പഴയ ലോകത്തുള്ള ദയ, കരുണ, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങള്‍ നല്ലരീതിയില്‍ ചേര്‍ത്തുകൊടുത്ത് കുട്ടിയോട് ഏറ്റവും അടുത്ത കൂട്ടുകാരനെപ്പോലെ നിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയുന്ന എഴുത്തുകാരനുമാത്രമേ ബാലസാഹിത്യത്തില്‍ നിലനില്‍പ്പുള്ളൂ. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഉണ്ടാവുന്നില്ല. കുട്ടി ഇത്തരത്തില്‍ എഴുതുമ്പോള്‍ താന്തോന്നിയായിട്ടും വായനയില്ലാത്തവനായിട്ടും വഴിതെറ്റിപ്പോയവനായിട്ടും കുട്ടിയെ ചിത്രീകരിച്ചുകൊണ്ട് അവനവനെ ന്യായീകരിക്കുന്ന എഴുത്തുകാരുണ്ടാവാം. ആ കൂട്ടത്തില്‍ പെടാതിരിക്കാനാണ് ശ്രമം മുഴുവന്‍.

കുട്ടികളുടെ പ്രതികരണങ്ങളെ നവീനവും പുരോഗമനാത്മകവുമായി കണ്ടുകൊണ്ട് എഴുത്തിനെ നിരന്തരം പുതുക്കാന്‍ കഴിയും. കഥയെഴുതുന്നത് തനിക്കുവേണ്ടിയല്ല, കുട്ടികള്‍ക്കുവേണ്ടിയാണ് എന്ന് തിരിച്ചറിയുന്ന എഴുത്തുകാര്‍ക്ക് ഇത്തരം ഉത്തരക്കടലാസുകളും സംഭവങ്ങളും ഗുണം ചെയ്യും. എല്ലാക്കാലവും ഒരേപോലെ ചിന്തിക്കുന്ന, ഒരേ ചിട്ടവട്ടത്തില്‍ ജീവിക്കുന്ന കുട്ടികല്‍ ഉണ്ടാവില്ല. അങ്ങനെയുണ്ടായിരിക്കണം എന്നു പറയുന്നതും ശരിയല്ല.

ആസ്വാദനം തികച്ചും വ്യക്തിപരമാണ്. അപ്പോള്‍ ഞാന്‍ നന്നായി ആസ്വദിച്ചു എന്നുമാത്രമേ കുട്ടി പറഞ്ഞുള്ളൂ എന്നു കരുതി തെറ്റ് സംഭവിക്കുന്നില്ല. കുട്ടി കവിതയോ കഥയോ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ അര്‍ഥം ആ സാഹിത്യത്തിന് കുട്ടിയെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നുതന്നെയാണ്. അങ്ങനെ വരുമ്പോള്‍ ആ കൃതിയുടെ സ്രഷ്ടാവ് കാലഹരണപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഓഡിയന്‍സിനെ തൃപ്തിപ്പെടുത്തുക എന്നതാണ് ഏതൊരു കലയുടെയും ആത്യന്തികമായ ലക്ഷ്യം. കാലത്തിനൊപ്പം കുട്ടി മാറുന്നതുപോലെ കുട്ടിയ്‌ക്കൊപ്പം രചയിതാക്കളും മാറേണ്ടിയിരിക്കുന്നു. അത് എഴുത്തുകാരന്റെ കൂടി വളര്‍ച്ചയാണ്. മറിച്ചൊരു വശം കൂടിയുണ്ട്. എല്ലാ ഉത്തരക്കടലാസുകളിലും വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടാവാറില്ല. തികച്ചും വ്യത്യസ്തമായ ഭാവുകത്വം കൂടി ഇവര്‍ കൊണ്ടുവരുന്നുണ്ട്. അങ്ങനെ വ്യത്യസ്തമായ ഭാവുകത്വമുള്ള കുട്ടികള്‍ക്കുകൂടി വേണ്ടിയാണ് എഴുതുന്നത് എന്ന ബോധ്യം എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കണം.

കുട്ടികളുടെ വ്യത്യസ്തമായ പ്രതികരണങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. കാരണം എന്നെ പഠിപ്പിക്കുന്നത് അവരാണ്. നാളെ എഴുതുമ്പോള്‍ അവരെകൂടി ആദ്യം മനസ്സില്‍ കാണേണ്ടതുണ്ട്. വ്യക്തിപരമായി എനിക്കും ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പല അധ്യാപകരും വിദ്യാര്‍ഥികളും പരിചയക്കാരും കുട്ടികളുടെ വേറിട്ട വ്യാഖ്യാനങ്ങള്‍ അയച്ചുതരാറുണ്ട്.

ഇ.എന്‍ ഷീജ-

'ആസ്വാദനംക്കുറിപ്പിന് ഏകീകരണസ്വഭാവം ഇല്ല'- ഇ.എന്‍ ഷീജ

ഒരു ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ നമ്മളെ ആകര്‍ഷിക്കുന്ന പല ഘടകങ്ങളും ഉണ്ടാവാം. ചിലപ്പോള്‍ ഭക്ഷണത്തിന്റെ മണമായിരിക്കാം, ചേരുവകളായിരിക്കാം, നിറമായിരിക്കാം, ഭക്ഷണം നമ്മുടെ മുമ്പില്‍ അവതരിപ്പിച്ച രീതിയായിരിക്കാം... ഇതെല്ലാം ആ ഭക്ഷണത്തിന്റെ സ്വാദ് അനുഭവിക്കുന്ന ഘടകങ്ങളായിത്തീരുന്നു. അതേ രീതിയില്‍ത്തന്നെയാണ് സാഹിത്യത്തിന്റെ ആസ്വാദനവും. സ്വാദുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം അതില്‍ ഉണ്ടായിരിക്കണം. വായിലെ രുചിമുകുളങ്ങളെയാണ് ഭക്ഷണം സ്വാധീനിക്കുന്നതെങ്കില്‍ സാഹിത്യത്തില്‍ മനസ്സാണ് കൃതിയെ ആസ്വദിക്കുന്നത്. ആസ്വാദനം എന്നത് കൃതിയെ സംബന്ധിച്ച് ഏറ്റവും ഉയര്‍ന്ന തലമാണ്. പലക്ലാസുകളിലായി പലവിഭാഗങ്ങളിലായി പലതരം രചനകള്‍ കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. അതിന്റെയൊക്കെ ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന പ്രവര്‍ത്തനം ചെറിയ ക്ലാസുമുതല്‍ വലിയ ക്ലാസുകള്‍ വരെ ഉണ്ടാവാറുണ്ട്. ക്ലാസ് മുറിയില്‍ ഒറ്റയടിക്ക് ആസ്വാദനം സാധ്യമാവുന്ന തരത്തിലല്ല പ്രവര്‍ത്തനങ്ങളുണ്ടാവാറ്. കൃതിയിലൂടെ പലതവണ കടന്നുപോവാനുള്ള അവസരം ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളിലൂടെ ഒരുക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു കവിത പഠിപ്പിക്കുമ്പോള്‍ അത് നന്നായി ഈണത്തില്‍ ചൊല്ലിക്കേള്‍പ്പിക്കുക എന്നതാണ് ആദ്യമായി ആ കവിതയിലൂടെ കുട്ടികളെയും കൊണ്ടുള്ള അധ്യാപകരുടെ നടത്തം. അപ്പോള്‍ തന്നെ കുട്ടിയുടേതായ ആസ്വാദനം നടക്കുന്നുണ്ട്. അത് ഉള്ളിലേക്കിറങ്ങിച്ചെന്നുള്ള ആസ്വാദനമല്ല. അടുത്ത ഒന്നു രണ്ടുതവണ കൂടി കവിത കേള്‍ക്കുമ്പോഴാണ് ആ കവിതയുമായി ചേര്‍ന്നിട്ടുള്ള സവിശേഷമായ പദങ്ങള്‍, പ്രയോഗങ്ങള്‍, ഇമേജറികള്‍ തുടങ്ങിയവ കുട്ടി ശ്രദ്ധിക്കുന്നത്. കുട്ടി കവിതയുമായി ബന്ധപ്പെട്ട ചിത്രങ്ങളിലൂടെയും കാഴ്ചകളിലൂടെയും കവിതയുമായി മനസ്സിനെ ബന്ധിപ്പിക്കുന്നു. പിന്നെ കുട്ടിയും കവിതയെടുക്കുന്ന ടീച്ചറും ചേര്‍ന്നാണ് അത് ചൊല്ലുന്നത്. അടുത്ത ഘട്ടത്തില്‍ കവിതയുടെ കേന്ദ്ര ആശയവും പ്രസക്തിയുമൊക്കെ പരിചയപ്പെടുത്താനായി ചെറിയ ചെറിയ ചോദ്യങ്ങള്‍ കുട്ടിയ്ക്ക് കൊടുക്കുന്നു. പിന്നെയും പിന്നെയും കുട്ടി കവിതയിലൂടെ കടന്നുപോവുകയാണ് ഇതിലൂടെ ചെയ്യുന്നത്. മുതിര്‍ന്ന ക്ലാസില്‍ ഇതേ കവിത പഠിക്കുമ്പോള്‍ അതിന്റെ കല്‍പനാഭംഗിയും താരതമ്യങ്ങള്‍ പദങ്ങളും അവ സംബന്ധിച്ചുള്ള ഓര്‍മകളും തുടങ്ങി അല്പം കൂടി വികാസം പ്രാപിച്ച പഠനമായി അത് മാറുന്നു.

ഒരു കവിതയ്ക്ക് ആസ്വാദനം എഴുതാന്‍ കുട്ടി പ്രാപ്തനാവുന്നത് കവിതാപഠനവുമായി ബന്ധപ്പെട്ട് എല്ലാ തലങ്ങളും കടന്നതിനുശേഷമാണ്. കവിതയിലെ ബിംബങ്ങള്‍, പദങ്ങള്‍, കല്പനാതലങ്ങള്‍, പ്രമേയം തുടങ്ങി എല്ലാം മനസ്സിലാക്കിയശേഷമാണ് ആസ്വാദനക്കുറിപ്പ് എഴുതുന്നത്. പഠനരീതി കുറേക്കൂടി സസര്‍ഗാത്മകമായപ്പോഴാണ് പരീക്ഷകളില്‍ ആസ്വാദനക്കുറിപ്പുകള്‍ പോലെയുള്ള സ്റ്റുഡന്റ് ഓറിയന്റഡായിട്ടുള്ള ചോദ്യങ്ങള്‍ വന്നത്. വളരെ ലളിതമായ പ്രവര്‍ത്തനം അല്ല അത്. കുട്ടി മനസ്സിരുത്തി നന്നായി ആ കൃതിയെ സമീപിച്ചാല്‍ മാത്രമേ സാധ്യമാവുകയുള്ളൂ. ഒരു തവണ വായിച്ചാല്‍ പോര. ക്ലാസ്മുറികളില്‍ ചെയ്യുന്നതുപോലെ പരീക്ഷാപേപ്പറില്‍ ആസ്വാദനക്കുറിപ്പ് കുട്ടിക്ക് എഴുതിപ്പിടിപ്പിക്കാന്‍ പറ്റിയെന്നുവരില്ല. അതുകൊണ്ടുതന്നെ വളരെ ലളിതമായിട്ടുള്ള സാഹിത്യമാണ് പരീക്ഷയ്ക്ക് കൊടുക്കാറുള്ളത്.

നാലാം ക്ലാസുകാരന്‍ ഞാന്‍ ആ കവിത നന്നായി ആസ്വദിച്ചു എന്നുപറയുമ്പോള്‍ കുട്ടിയുടെ കാഴ്ചപ്പാടില്‍ അത് സത്യമാണ്. പക്ഷേ മൂല്യനിര്‍ണരീതിയ്ക്ക് ആ ഉത്തരം മാത്രം കിട്ടിയാല്‍ പോര. അല്‍പം കൂടി ഉയര്‍ന്ന പ്രതികരണമാണ് പരീക്ഷാപേപ്പറില്‍ നിന്നും മൂല്യനിര്‍ണയസംവിധാനം പ്രതീക്ഷിക്കുന്നത്. ഏകീകരണ സ്വാഭാവം ആസ്വാദനക്കുറിപ്പിന് ഇല്ലാത്തതിനാല്‍ ഒരാള്‍ എഴുതിയ ആസ്വാദനക്കുറിപ്പ് ശരിയും മറ്റൊരാള്‍ എഴുതിയത് ശരിയല്ല എന്നും പറയാനും പറ്റില്ല. വ്യക്തികള്‍ വ്യത്യാസപ്പെടുന്നതുപോലെ അവരുടെ കാഴ്ചപ്പാടുകളും സമീപനരീതികളും അത് അവതരിപ്പിക്കുന്ന രീതിയും എല്ലാം വ്യത്യാസപ്പെട്ടെന്നിരിക്കും. കുട്ടി ഇന്നതേ എഴുതാവൂ എന്ന് സാഹിത്യകൃതിയെ സംബന്ധിച്ച് അധ്യാപകര്‍ക്ക് നിര്‍ബന്ധം പിടിക്കാന്‍ പറ്റില്ല.

Content Highlights: Literature in Schools, Veerankutty, Dr.K Sreekumar, E.N Sheeja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented