പ്രതീകാത്മക ചിത്രം
കഥ പറയുന്നവര്‍ പലപ്പോഴും അവരുടെ തന്നെ മറുപിറവികളുടെ ഓര്‍മ്മയ്ക്കകത്താണ്: ചിലപ്പോള്‍ ശാന്തമായ ഭ്രാന്തില്‍ അവര്‍ തങ്ങളുടെ കാലത്തെ കഥകളാക്കുന്നു. ചിലപ്പോള്‍ ജീവിതത്തിന്റെ ഒരടരില്‍, ഒറ്റയ്ക്കിരിക്കുന്ന ദേവതയെപ്പോലെ, കഥകളുടെ കാഴ്ച്ചക്കാരാവുന്നു. തങ്ങളുടെ ആയുസ്സില്‍ ജീവിതത്തിന്റെ പല പിളര്‍പ്പുകള്‍ വശംവദമാക്കാന്‍ അവര്‍ കഥയ്‌ക്കൊപ്പം പോയിരിക്കുന്നു.
'കഥ പറച്ചില്‍', Storytelling, ജോലിയാക്കിയ ഒരു ഈജിപ്ഷ്യന്‍ 'ഹക്കവതി'(story teller) യെപ്പറ്റി മുമ്പൊരിക്കല്‍ വായിച്ചതോര്‍ക്കുന്നു: വംശനാശം വന്ന ഒരു തലമുറയിലെ അവസാനത്തെ ആളാണ്, ഇപ്പോള്‍ വൃദ്ധനായിരിക്കുന്നു, കൈറോവിലെ പ്രസിദ്ധമായ തെരുവിലെ ഒരു കഫെറ്റെരിയയില്‍ എന്നും വൈകുന്നേരം അയാള്‍ കഥ പറയാന്‍ വരുന്നു, തന്റെ പഴയ സദസ്സിന്റ ഓര്‍മ്മയില്‍. കഥ കേള്‍ക്കാന്‍ സമയമില്ലാത്ത തിരക്കേന്തിയ തെരുവിലേക്ക് നോക്കി, രാവ് പിന്നിടുന്നതുവരെയും അയാള്‍ വെറുതെ ഇരിക്കുന്നു. ഇതാണ് എനിക്കറിയാവുന്ന ഒരേയൊരു ജോലി, അയാള്‍ തന്നെ അഭിമുഖം ചെയ്യാനെത്തിയ വനിതയോട് പറയുന്നു. പിറകെ വന്ന അയാളുടെ നിശ്ശബ്ദതയില്‍ അറേബ്യന്‍ കഥകളുടെ വാമൊഴി പാരമ്പര്യത്തിന്റെ മണ്‍തിട്ടുകള്‍ ഇരുളിലേക്ക് മറഞ്ഞിരിക്കുന്നു എന്ന് അവള്‍, വംശനാശം വന്ന ഒരു തലമുറയെപ്പറ്റി, എഴുതുന്നു.
ഈ കഥ കഥാകൃത്തിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ക്യൂ ആര് കോഡ് സ്‌കാന്‍ ചെയ്യൂ എന്ന് ഇപ്പോള്‍ ജേര്‍ണലുകള്‍ അവ പ്രസിദ്ധീകരിച്ച കഥകളുടെ താഴെ അച്ചടിക്കുന്നു. കഥാകൃത്ത് തന്റെ കഥ വായിക്കുന്നത് നമ്മള്‍ കേള്‍ക്കുന്നു. താന്‍ എഴുതിയ കഥയില്‍ ഇപ്പോള്‍ അയാള്‍ മറ്റൊരു മണ്ണിടിച്ചിലിനെ നേരിടുകയായി: 'കഥ എഴുതുന്നവരുടെ' ഏറ്റവും പുതിയ തലമുറയിലെ ആള്‍, 'കഥ പറച്ചില്‍' നഷ്ടപ്പെട്ട ആള്‍, താന്‍ എഴുതിയ കഥ വായിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍, നൂറ്റാണ്ടുകളുടെ അകലത്തില്‍ അയാള്‍ ഒരോര്‍മ്മയെ നിറവേറ്റുകയാണ്.
'മഹാഭാരത കഥകള്‍' വാമൊഴിയായാണ് ഞാന്‍ ആദ്യം കേള്‍ക്കുന്നത്. എന്റെ പത്ത് വയസ്സിനു മുമ്പ് അമ്മമ്മ അതിലെ കഥകള്‍ പറഞ്ഞു തന്നു. ചിലപ്പോള്‍ ക്രമം തെറ്റാതെ. പലപ്പോഴും ചില ദിവസങ്ങളുടെ സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു കഥ പറഞ്ഞു. പിന്നീട് ആ കഥകള്‍ പുസ്തകം തന്നെയായി വായിക്കുമ്പോഴും ഞാന്‍ ഈ കഥ പറച്ചിലിന്റെ ഉള്ളിലായിരുന്നു. ബാല്യത്തിന്റെ വലിയൊരു ആസ്തിയായി ആ കഥ പറച്ചില്‍ എന്റെ കൂടെ നിന്നു. അല്ലെങ്കില്‍, അമ്മമ്മ കഥ പറഞ്ഞ രീതി തന്നെ വാമൊഴിയുടെ വില മതിച്ച ഈടോടെയായിരുന്നു. ഉദാഹരണത്തിന്, മീനം മേടം മാസങ്ങളിലെ അത്യുഷ്ണത്തിലുരുകുന്ന രാത്രിയെ 'അരക്കില്ല'ത്തോട് ഉപമിച്ചുകൊണ്ടാണ് അമ്മമ്മ 'മഹാഭാരത'ത്തിലെ ഒരു വലിയ ചതിയുടെയും നിരാധാരമായ ആറ് മരണങ്ങളെയും കുറിച്ചുള്ള കഥ പറയുക: തീയില്‍ പാണ്ഡവര്‍ക്കു പകരം ഉരുകുന്ന ആറ് മനുഷ്യരും ഒരു 'ഇല്ല'വും എന്റെ രാത്രിയെ, അതോടെ, നീട്ടി നീട്ടി കൊണ്ടുപോകുന്നു. അന്നുവരെയും പിന്നെയും കുറേ കാലവും ഞാന്‍ കാണാത്ത ഒരു ഉത്പ്പന്നം, അരക്ക്, എന്നെ ഭ്രാന്തങ്ങളായ വിചാരങ്ങളിലേക്ക് നയിക്കുന്നു. തീയില്‍ മണം പൊഴിച്ച് എരിയുന്ന ഒരു 'ഇല്ലം' എല്ലാ വീടുകളുടെയും ഓര്‍മ്മ പോലെ എന്റെ കൂടെ കൂടുന്നു. ഇക്കാലമത്രയും അരക്കിന്റെ മണം എന്നെ ഈ നരഹത്യ ഓര്‍മ്മിപ്പിക്കുന്നു.
കഥയെഴുത്തുകാര്‍ (Story writers) അവരുടെ കഥകള്‍ കണ്ടെത്തുന്നത് എങ്ങനെയെല്ലാമാണ്. ചിലപ്പോള്‍ ഒരു കഥാപാത്രത്തില്‍ നിന്ന്, ചിലപ്പോള്‍ ഒരു സന്ദര്‍ഭത്തില്‍ നിന്ന്, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഓര്‍ത്തുകൊണ്ട് അയാള്‍ തന്റെ 'പ്ലോട്ടി'ലേക്ക് പ്രവേശിക്കുന്നു. കഥയുടെ ആദ്യത്തെ വരിയില്‍ അയാള്‍ എത്തുന്നത് അങ്ങനെ പല ഇടങ്ങളില്‍ നിന്നുമാണ്. പക്ഷെ, ഒരിക്കല്‍ 'കഥ പറഞ്ഞിരുന്ന ആ ആള്‍', 'ഹക്കവതി', Storyteller, എങ്ങനെയായിരിക്കും തന്റെ കഥയില്‍ വന്നിരിക്കുക!
കഥകള്‍ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് അമ്മമ്മ തന്റെ തല താഴ്ത്തുന്നു : ആരെയോ വന്ദിക്കാനെന്ന പോലെ. കഥകള്‍ പറഞ്ഞു തുടങ്ങുന്നതിന് മുമ്പ് അമ്മമ്മ കണ്ണുകള്‍ അടയ്ക്കുന്നു : എന്തോ കാണാനെന്ന പോലെ.
മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ കഥ കേള്‍ക്കുന്ന ആളുടെ ചെവികളില്‍ ഇയര്‍ ഫോണിന്റെ രണ്ടു ചെറു മുകുളങ്ങള്‍ ഇപ്പോള്‍ ഏകാഗ്രതയോടെ കൂമ്പിയിരിക്കുന്നു: പുറത്തെ ലോകത്തെ അയാള്‍ കഥയ്ക്ക് വേണ്ടി പുറത്താക്കിയിരിക്കുന്നു. മറ്റൊരു ലോകത്തെ പുല്‍കിയിരിക്കുന്നു.
അന്ധനായ തന്റെ കേള്‍വിക്കാരന്റെ ചെവിയിലേക്ക് ചില സമയത്ത് സഞ്ജയൻ, യുദ്ധമുഖത്തെ മഹാ കഥകള്‍ സാക്ഷ്യപ്പെടുത്തുന്ന ആള്‍, തന്റെ കണ്ണുകള്‍ പായിക്കുന്നു. താന്‍ പറയുന്ന കഥ തന്റെ കേള്‍വിക്കാരന്‍ കാണുന്നുണ്ടല്ലോ എന്ന് ഉറപ്പ് വരുത്തുന്നു.
സത്യത്തിന്റെ ഐതിഹാസികമായ മാനം, ജ്ഞാനം, അവസാനിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കഥപറച്ചില്‍ എന്ന കല അതിന്റെ അന്ത്യത്തിലെത്തി എന്ന് തന്റെ പ്രസിദ്ധമായ പ്രബന്ധത്തില്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ എഴുതുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണത്. ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാവുന്ന ഒരു വംശത്തെ ബെഞ്ചമിന്‍ ഓര്‍മ്മിക്കുകയായിരുന്നു. ക്യൂ ആര് കോഡ് സ്‌കാന്‍ ചെയ്ത് കഥ കേള്‍ക്കുന്ന ആളെ, പക്ഷെ, ബെഞ്ചമിന്‍ ഭാവന ചെയ്തിരിക്കണമെന്നില്ല സാങ്കേതികതയുടെ വികാസത്തെപ്പറ്റി, ലോകത്തെ അത് മാറ്റി മറിക്കാന്‍ പോകുന്നതിനെ പറ്റി, അത്രയും ചിന്തിച്ചിരുന്നപ്പോഴും. എന്നാല്‍, കഥയെ സംഘകലയല്ലാതാക്കിയതില്‍ എന്തായാലും ബെഞ്ചമിന്‍ പഠിച്ച 'മുതലാളിത്ത'ത്തിനും ഒരു പങ്ക് തീര്‍ച്ചയായും ഉണ്ടായിരുന്നു.
കഥ 'ഏകാകിയുടെ കല'യായതും, അതും 'മുതലാളിത്തം' സൃഷ്ടിച്ച 'അന്യവല്‍ക്കരണം'തന്നെ എന്നു കണ്ടെത്തിയാലും, നമ്മള്‍ ഇന്ന് കഥാകൃത്തിന്റ ശബ്ദത്തില്‍ കഥ പറയുന്ന ആളെ കണ്ടെത്തുന്നില്ല. അയാള്‍ മണ്‍മറഞ്ഞിരിക്കുന്നു. അപ്രത്യക്ഷമായ ചില ജനപഥങ്ങള്‍ പോലെ. അപ്പോഴും അയാളെ കുറിച്ചുള്ള ഓര്‍മ്മ, പുത്തന്‍ സാങ്കേതികതയുടെ ഉണര്‍വ്വില്‍, നമ്മെ സന്ദര്‍ശിക്കുന്നു: 'ഈ കഥ കഥാകൃത്തിന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ക്യൂ ആര് കോഡ് സ്‌കാന്‍ ചെയ്യൂ'. കൈറോവിലെ തിരക്കേറിയ തെരുവിലേക്ക് ഈ വൈകുന്നേരവും വൃദ്ധനായ 'ഹക്കവതി' എത്തുന്നു.
Content Highlights: story writing, story telling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..