പുഷ്പ പാലാട്ടും രഘു പാലാട്ടും, 'ഡെസ്റ്റിനീസ് ചൈൽഡ്
ചരിത്രത്തെ അതിസൂക്ഷ്മമായി നെയ്‌തെടുക്കുന്ന മുംബൈ മലയാളികളാണ് രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും. മലയാളിയായ സര്‍ സി. ശങ്കരന്‍ നായരെപ്പറ്റിയായിരുന്നു ഇവരുടെ ആദ്യ ചരിത്രപുസ്തകം. രണ്ടാമത്തെ ചരിത്രപുസ്തകമാണ് ഇപ്പോള്‍ വിപണിയിലെ താരം.
കൊച്ചിയിലെ രാമവര്‍മ മഹാരാജാവിന് താങ്ങുംതണലുമായി രാജ്യം ഭരിച്ച പാറുക്കുട്ടി നേത്യാരമ്മ എന്ന ചരിത്രവനിതയുടെ കഥയാണ് ഇരുവരും രണ്ടാമത്തെ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.
പാറുക്കുട്ടി നേത്യാരമ്മയുടെ കൊച്ചുമക്കളുടെ മകന്‍ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേര്‍ന്നെഴുതി പെന്‍ഗ്വിന്‍ ഇന്ത്യ പ്രസിദ്ധീകരിച്ച 'ഡെസ്റ്റിനീസ് ചൈല്‍ഡ്' എന്ന പുസ്തകം ആ ചരിത്രവനിതയുടെ അറിയപ്പെടാത്ത ജീവിതകഥകളാണ് പരിചയപ്പെടുത്തുന്നത്.
.jpeg?$p=c91af6b&&q=0.8)
ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെയും നേതാക്കളായ സൈഫുദ്ദീന്‍ കിച്ച്‌ലു, സത്യപാല്‍ എന്നിവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം നടത്തിയ ആള്‍ക്കൂട്ടത്തിനുനേരെ ബ്രിഗേഡിയര്‍ ജനറല്‍ ഡയറും പട്ടാളക്കാരും വെടിയുതിര്‍ത്തു.
നാനൂറോളം നിരപരാധികളെ വെടിവെച്ചുകൊല്ലുകയും 1200-ലധികംപേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നരഹത്യയുടെ ഉത്തരവാദിയായ പഞ്ചാബിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ കൊടുങ്കാറ്റായി വീശിയ സര്‍ സി. ശങ്കരന്‍നായരുടെ ധീരോദാത്തമായ ജീവിതകഥയാണ് ഇരുവരും പുറത്തെത്തിച്ചത്.
പാറുക്കുട്ടി നേത്യാരമ്മയുടെ മകള്‍ രത്നം അമ്മയുടെയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മകന്‍ രാമുണ്ണിമേനോന്‍ പാലാട്ടിന്റെയും പുത്രനായ ശങ്കരന്‍ പാലാട്ടാണു പുസ്തകരചയിതാവായ രഘു പാലാട്ടിന്റെ അച്ഛന്‍. പാറുക്കുട്ടിയുടെ മകന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ അരവിന്ദാക്ഷമേനോന്റെ മകള്‍ മാലിനിയാണ് അമ്മ. ഇതേ കുടുംബത്തില്‍നിന്നാണ് സ്വാമി ചിന്മയാനന്ദന്റെയും പിറവി. നേത്യാരമ്മയുടെ സഹോദരന്റെ പുത്രനാണ് ബാലകൃഷ്ണമേനോനെന്ന ചിന്മയാനന്ദന്‍.
''സര്‍ സി. ശങ്കരന്‍ നായരും പാറുക്കുട്ടി നേത്യാരമ്മയും ചെറുപ്പംമുതല്‍ എന്നെ ആകര്‍ഷിച്ചവരാണ്. അമ്മ മരിച്ചതിനാല്‍ നേത്യാരമ്മയുടെ സ്നേഹലാളനകളേറ്റാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് അമ്മയെപ്പോലെയായിരുന്നു. കൊച്ചിരാജ്യത്തെ ഭരണാധികാരിയായി, ദേശീയപ്രസ്ഥാനത്തില്‍ മഹാത്മാഗാന്ധിയുടെ അനുയായിയായി മാറിയ വനിതയെ എല്ലാ അര്‍ഥത്തിലും പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടത്തിയത്''-രഘു പറയുന്നു. ഒരു സ്ത്രീ നടത്തിയ ചരിത്രമുന്നേറ്റത്തെ രേഖപ്പെടുത്താനാണ് തങ്ങള്‍ ശ്രമിച്ചതെന്നും രഘു-പുഷ്പ പാലാട്ട് എന്നിവര്‍ പറയുന്നു
2006-ല്‍ ഞങ്ങള്‍ മക്കള്‍ ദിവ്യ, നിഖില എന്നിവര്‍ക്കൊപ്പം കേരളം സന്ദര്‍ശിച്ചപ്പോള്‍ നിഖിലയാണ് എനിക്ക് എന്റെ പൈതൃകത്തെപ്പറ്റി അറിയണമെന്ന് പറഞ്ഞത്. 2007-ലെ യാത്രയില്‍ മട്ടാഞ്ചേരി പാലസ് സന്ദര്‍ശിച്ച വേളയില്‍ അവിടെ നേത്യാരമ്മയുടെ വലിയ ഛായാചിത്രം ഉണ്ടായിരുന്നു. അവിടെനിന്നാണ് പാറുക്കുട്ടി നേത്യാരമ്മയുടെ ചരിത്രം രേഖപ്പെടുത്തണമെന്ന ആഗ്രഹം ശക്തമായത്. പിന്നീട് തുപ്പൂണിത്തുറ കൊട്ടാരം, തൃശ്ശൂര്‍ രത്നവിലാസ്, കൊളശ്ശേരി ഹനുമാന്‍ക്ഷേത്രം, കുനൂര്‍ അങ്ങനെ ചിതറിക്കിടന്ന, അറിയാത്ത ചരിത്രത്തെ രേഖപ്പെടുത്താന്‍തുടങ്ങി, ബ്രിട്ടീഷ് ആര്‍ക്കൈവുകളും ഞങ്ങള്‍ക്ക് തുണയായി.
സര്‍ സി. ശങ്കരന്‍ നായരെപ്പറ്റിയുള്ള പുസ്തകം പൂര്‍ത്തിയായപ്പോള്‍, നേത്യാരമ്മയുടെ ചരിത്രമെഴുതാന്‍തുടങ്ങി. ഏകദേശം 18 മാസത്തോളം പുസ്തകരചനയ്ക്കുവേണ്ടിവന്നു. എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ എഴുതി പൂര്‍ത്തിയാക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പുസ്തകത്തിന് ലഭിച്ച പ്രതികരണം അത് വ്യക്തമാക്കുന്നുണ്ട്. ശശി തരൂര്‍, മനു എസ്. പിള്ള എന്നിവര്‍ ഉള്‍പ്പെട്ട എഴുത്തുകാര്‍ പുസ്തകത്തെപ്പറ്റി നല്ല അഭിപ്രായം രേഖപ്പെടുത്തി.
ഗവേഷണം പുസ്തകരചനയുടെ വിഷമംപിടിച്ച ഭാഗമായിരുന്നു. എങ്കിലും ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറി, ദിവാന്റെ രേഖകള്‍, കൊച്ചിന്‍ അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട്, ഒേട്ടറെ പഴയകാല പുസ്തകങ്ങള്‍ എല്ലാം ഈ പുസ്തകത്തിന്റെ രചനയ്ക്ക് സഹായകമായതായി രചയിതാക്കള്‍ പറഞ്ഞു.
ഇംഗ്ലീഷ്, സംസ്‌കൃതം, കണക്ക്, കൃഷി, സാമ്പത്തികം, എല്ലാം നന്നായി അറിയുന്ന ആളായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. അവരുടെ പ്രാവീണ്യത്തെ രേഖപ്പെടുത്താനാണ് പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്. സര്‍ സി. ശങ്കരന്‍ നായരെപ്പറ്റിയുള്ള ആദ്യപുസ്തകം കരണ്‍ ജോഹര്‍ സിനിമയാക്കുന്നുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും. അടുത്ത പുസ്തകം കേരളചരിത്രത്തിലെ പ്രധാന വ്യക്തിയെപ്പറ്റിയാണ്. ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് രഘു പാലാട്ടും പുഷ്പ പാലാട്ടും പറഞ്ഞു.
പാറുക്കുട്ടി നേത്യാരമ്മ- സ്ത്രീശക്തിയുടെ നേര്‍ച്ചിത്രം
പുരുഷകേന്ദ്രിതമായിരുന്ന കാലഘട്ടത്തില്‍ കൊച്ചിഭരിച്ച ഏറ്റവും ശക്തയായ വ്യക്തിയായിരുന്നു പാറുക്കുട്ടി നേത്യാരമ്മ. അവരെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ഇതിനെയെല്ലാം അതിജീവിക്കാനും കൊച്ചിരാജ്യവികസനത്തില്‍ ബഹുദൂരം സഞ്ചരിക്കാനും പാറുക്കുട്ടി നേത്യാരമ്മയ്ക്ക് സാധ്യമായി.
എന്നാല്‍, ഭരണാധികാരികള്‍ എപ്പോഴും പുരുഷനായതിനാല്‍ ഇത്തരം സ്ത്രീകളെ ചരിത്രം വേഗം തന്നെ വിസ്മരിക്കാനാണ് തിടുക്കം കാട്ടാറുള്ളത്. അവരെ ചരിത്രത്തില്‍നിന്ന് വീണ്ടെടുക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. നഗരത്തില്‍ ശുദ്ധജല ക്ഷാമത്തിനു ശാശ്വതപരിഹാരമുണ്ടാക്കി. കൊച്ചിന്‍ ഹാര്‍ബര്‍ പദ്ധതി, സെന്‍ട്രല്‍ ബാങ്ക് രൂപവത്കരണം, സഹകരണവകുപ്പു പുനഃസംഘടിപ്പിക്കല്‍ എന്നിങ്ങനെ പാറുക്കുട്ടി നേത്യാരമ്മ ഭരണരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ചെറുതല്ല.
മരുമക്കത്തായ സമ്പ്രദായം നിലനിന്ന കാലത്ത് ഭര്‍ത്താവ് രാമവര്‍മയ്ക്കൊപ്പം താമസിക്കാനും അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം കൊച്ചിരാജ്യത്തെ ഉന്നതിയിലെത്തിക്കാനും ഈ വനിത കാട്ടിയ ധീരതയും ചങ്കുറപ്പുമാണ് ഈ പുസ്തകം അനാവരണം ചെയ്യുന്നത്.
Content Highlights: Destiny's Child: The Undefeatable Reign of Cochin’s Parukutty Neithyaramma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..