-
വർഷം 1984. പാകിസ്താനിൽ അടിയന്തരാവസ്ഥ രൂക്ഷമായിരിക്കുന്ന കാലം. ജനറൽ മുഹമ്മദ് സിയ അൽ ഗഖ് പാകിസ്താൻ പരമാധികാരിയായി വാഴുകയാണ്. അക്കാലത്തെ ജനങ്ങളുടെ മാനസികവും ശാരീരികവുമായ പിരിമുറുക്കങ്ങളെ ഇല്ലാതാക്കാൻ വേണ്ടി ഒരു സ്ത്രീ മുന്നിട്ടിറങ്ങി. അതിനവർ കണ്ടെത്തിയ മാധ്യമം പെർഫോമിംഗ് ആർട്സ് ആയിരുന്നു. ഉർദുവിലെയും പഞ്ചാബിയിലെയും നാടകങ്ങൾ തെരുവുകളിൽ അവതരിപ്പിച്ചുകൊണ്ട് സമാധാനത്തിനായുള്ള നാടകങ്ങൾ അവരുടെ നേതൃത്വത്തിൽ അരങ്ങേറി. 'അജോഖാ തിയേറ്റർ' അഥവാ 'ഇന്നത്തെ നാടകം' എന്നറിയപ്പെട്ടു ആ നാടകസമിതി പിന്നീട്.
പാകിസ്താൻ കലാ-സാംസ്കാരിക രംഗത്തെ ഒഴിച്ചുകൂടാനാവാത്ത ഒരു പ്രസ്ഥാനമായി അജോഖാ തിയേറ്റർ വളർന്നു. അതിന്റെ സാരഥിയായ മദീഹാ ജൗഹർ എന്ന വനിത ലോകമറിയപ്പെടുന്ന നാടകകാരിയും എഴുത്തുകാരിയും സംവിധായികയും മുഖ്യധാരാ പാക് നാടകങ്ങളുടെ പ്രചാരകയുമായിത്തീർന്നു. സ്ത്രീകൾ തെരുവുകളിലേക്ക് മുന്നിട്ടിറങ്ങുന്ന പതിവ് അക്കാലത്ത് പാകിസ്താന് വെച്ചുപൊറുപ്പിക്കാൻ പറ്റുന്നതല്ലായിരുന്നിട്ടുകൂടി മദീഹയുടെ കല പിൻവാങ്ങാൻ തയ്യാറല്ലായിരുന്നു. പയ്യെ ഭരണകൂടം മുട്ടുമടക്കി. മദീഹയുടെ നാടകങ്ങൾ ജനങ്ങൾ ഏറ്റെടുത്തു.
നാടകത്തിലൂടെ പാകിസ്താനിലെ അരക്ഷിതാവസ്ഥയെയും ഭരണകൂട അനിശ്ചിതത്വത്തെയും തുറന്നുകാട്ടാൻ ഒരു മടിയും മദീഹയ്ക്കില്ലായിരുന്നു. തെരുവുകളിൽ നിന്ന് പയ്യെ ടെലിവിഷനുകളിലേക്ക് അജോഖാ തിയേറ്റർ കുടിയേറിയതോടെ പ്രസ്ഥാനത്തിന്റെ പ്രചാരം വർധിച്ചു.

പാകിസ്താനിൽ ഒതുങ്ങിനിൽക്കാൻ അജോഖയ്ക്ക് മനസ്സില്ലായിരുന്നതുകൊണ്ട് തെക്കനേഷ്യൻ രാജ്യങ്ങളിലേക്ക് തങ്ങളുടെ നാടകപ്രവർത്തനം അവർ വിപുലീകരിച്ചു. പ്രധാനമായും ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപനം എന്ന രീതിയിൽ അമേരിക്കയിലും അജോഖ സാന്നിധ്യമറിയിച്ചു. നീതി, മനുഷ്യത്വം, മതേതരത്വം, തുല്യത,
സ്ത്രീകളുടെ അവകാശസംരക്ഷണം...ഇതായിരുന്നു അജോഖയുടെ നാടകങ്ങളുടെ പ്രമേയങ്ങൾ ശ്രദ്ധയൂന്നിയത്.
ഇന്ത്യയുടെ സംപൂജ്യനായ നാടകകൃത്ത് ബാദൽ സർക്കാർ എഴുതിയ ജാലൂസ്(പ്രദക്ഷിണം)എന്ന നാടകമായിരുന്ന അജോഖാ തിയേറ്ററിൽ ആദ്യമായി അരങ്ങേറിയത് എന്നത് ചരിത്രസംഭവമാണ്. മദീഹയുടെ പാശ്ചാത്യവിദ്യാഭ്യാസം പരമ്പരാഗത നാടകസങ്കൽപങ്ങളെ പാടെ മറിക്കുകയും സമകാലീന നാടകപ്രവണതകളെ പാകിസ്താനി നാടകസങ്കൽപവുമായി കൂട്ടിയിണക്കാനും സഹായിച്ചു.
1956ലാണ് മദീഹാ ജൗഹർ കറാച്ചിയിൽ ജനിച്ചത്. ഇംഗ്ളീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഉന്നതപഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പോയ മദീഹ തെരഞ്ഞെടുത്തത് ലണ്ടൻ യൂണിവേഴ്സ്റ്റിയിലെ തിയേറ്റർ സയൻസസ് എന്ന വിഷയമാണ്. 1983-ൽ ലാഹോറിൽ തിരിച്ചെത്തിയ അവർ പിറ്റെ വർഷം തന്നെ തന്റെ ജീവിതപങ്കാളിയായ ഷാഹിദ് നദീമുമായി സഹകരിച്ചുകൊണ്ട് അജോഖാ തിയേറ്റർ സ്ഥാപിച്ചു. നിരന്തരം നാടകയാത്രകൾ, ഗവേഷണങ്ങൾ, തെരുവുനാടകങ്ങൾ...അജോഖ വളർന്നു. ഒപ്പം രാഷ്ട്രീയവിമർശനത്തിലും കൈവച്ചു.
മദീഹാ ജൗഹർ തന്നെ എഴുതി സംവിധാനം ചെയ്ത ബുർഖാ-വാഗൻസ(2007)എന്ന നാടകം ഏറെ വിവാദങ്ങളുണ്ടാക്കി. ലിംഗവിവേചനം, അസഹിഷ്ണുത, മതഭ്രാന്ത് തുടങ്ങിയവയ്ക്കെതിരെയുള്ള പ്രമേയമായിരുന്നു ബുർഖാ- വാഗൻസ കൈകാര്യം ചെയ്തിരുന്നത്. പാകിസ്താൻ ഭരണകൂടം നാടകം നിരോധിച്ചു. പക്ഷേ പ്രതിരോധം അതിശക്തമായിരുന്നു. എൻ.ജി.ഓകളുടെ സഹായത്തോടെ വനിതാവിമോചന പ്രവർത്തകരും നാടകം ഏറ്റെടുത്തു ഇംഗ്ളീഷിലേക്ക് മൊഴിമാറ്റി പാകിസ്താനൊഴികെയുള്ള മറ്റ് രാജ്യങ്ങളിൽ നാടകം അവതരിപ്പിച്ചു.
സാദത്ത് ഹസൻ മൺറോയുടെ ചെറുകഥയെ ആധാരമാക്കി തോബ ടെക് സിങ്, ഏക് തി നാനി,ലെറ്റേഴ്സ് ടു അങ്കിൾ സാം, ഹോട്ടൽ മോഹൻജദാരോ തുടങ്ങി അനേകം നാടകങ്ങൾ മദീഹ സംഭാവന ചെയ്തിട്ടുണ്ട്.
തന്റെ അറുപത്തിയൊന്നാമത്തെ വയസ്സിൽ 2018 ഏപ്രിൽ ഇരുപത്തിയഞ്ചിന് ലാഹോറിൽ വച്ച് അന്തരിക്കുമ്പോൾ തന്റേതായ സംഭാവനകൾ അവർ പാകിസ്താന് നൽകിക്കഴിഞ്ഞിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അസ്വാരസ്യങ്ങളെ എന്നും വേദനയോടെ സമീപിച്ച അവർ ധാരാളം അനുരഞ്ചനചർച്ചകളിൽ പങ്കാളിയായിട്ടുണ്ട്-നാടകമെന്ന മാധ്യമത്തിലൂടെ. പാകിസ്താനിലെ വനിതാവിമോചനപ്രവർത്തകരിൽ പ്രധാനിയായിരുന്ന മദീഹ ജൗഹർ അവശേഷിപ്പിച്ച ആശയങ്ങൾ അജോഖയിലൂടെ ഇന്നും ലോകം മുഴുവൻ സഞ്ചരിക്കുന്നു.
Content Highlights: DeathAnniversaryofPakistaniPlayWrightMadeehaGauhar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..