നിഴലുകളില്‍ നിന്നു പ്രത്യക്ഷപ്പെടുന്ന പരേതാത്മാക്കള്‍, ഇലകള്‍, വാക്കുകള്‍


എഴുത്തും വരയും: ജയകൃഷ്ണൻ

David Huerta | twitter.com/Brontis_J

വാക്കുകള്‍ കണ്ണാടിയില്‍ പുരണ്ട ഒരു കറയാണ് ഇങ്ങനെയാണ് ഇന്നലെ അന്തരിച്ച പ്രശസ്ത മെക്‌സിക്കന്‍ കവി ദവീദ് ഹുവേര്‍ത്ത (David Huerta) യുടെ Incurable എന്ന മഹാകാവ്യം തുടങ്ങുന്നത്. വാക്കുകളെപ്പറ്റിയും അതിന്റെ അര്‍ത്ഥത്തെപ്പറ്റിയും ഹുവേര്‍ത്തയുടെ കാഴ്ചപ്പാട് ഈ വരികളില്‍ നിന്നു തന്നെ വ്യക്തമാണ്.

കവി തുടര്‍ന്നു പറയുന്നു:
ദിവസത്തിന്റെ സഞ്ചി എല്ലാമെല്ലാം ഉള്‍ക്കൊള്ളുന്നു, രസത്തിന്റെ (quicksilver) തുള്ളികള്‍ പോലും. അവയെല്ലാം വായിലേക്ക് ഒഴിക്കപ്പെടുന്നു, മനുഷ്യാത്മാവിലെ വാക്കുകളുടെ ഷഡ്പദപാദങ്ങള്‍ കൊണ്ട് എല്ലാമെല്ലാം ഞെരിഞ്ഞമര്‍ന്ന് നിശ്ശബ്ദമാക്കപ്പെടുന്നു.ദവീദ് ഹുവെര്‍ത്ത 1949 ല്‍ മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ജനിച്ചു. പ്രശസ്ത കവിയായ എഫ്രൈന്‍ ഹുവേര്‍ത്തയായിരുന്നു പിതാവ്. 2022 ഒക്ടോബര്‍ മൂന്നാം തീയതി മരിക്കുന്നതു വരെയുള്ള കാലയളവില്‍ കവിതാ സമാഹാരങ്ങളുള്‍പ്പെടെ ഇരുപതോളം പുസ്തകങ്ങള്‍ രചിച്ചു. പ്രശസ്തമായ Xavier Villaurrutia അവാര്‍ഡ് ഉള്‍പ്പെടെ അനേകം പുരസ്‌കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായി.

ഏതാണ്ട് നാനൂറ് പേജുകളുള്ള Incurable എന്ന മഹാകാവ്യം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി പരിഗണിക്കപ്പെടുന്നു. ആധുനികോത്തരതയുമായി ബന്ധപ്പെട്ടാണ് പലപ്പോഴും അദ്ദേഹത്തിന്റെ കവിതകള്‍ വിലയിരുത്തപ്പെടാറുള്ളത്. ഭാഷയ്ക്കുള്ളില്‍ മറ്റൊരു ഭാഷ ഉണ്ടാകുന്നതായി വായനക്കാര്‍ക്ക് തോന്നിയേക്കാം. മെക്‌സിക്കന്‍ മഹാകവിയായ ഒക്ടേവ്യോ പാസിന്റെ കവിതകളിലെ ബിംബങ്ങളുമായി ആന്തരികമായ അടുപ്പം കാണിക്കുന്നവയാണ് ഹുവേര്‍ത്തയുടെ കവിതകള്‍. എന്നാല്‍ത്തന്നെയും ചിരപരിചിതമായ ലോകത്തെ അവ വേറൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു:

ലോകം കണ്ണാടിക്കടലില്‍ പുരണ്ട ഒരു കറയാണ്, ചുളിവീണ ഒരു സ്ഥടികശകലം, നഗ്‌നയായ പെണ്‍കുട്ടിയുടെ കണ്ണില്‍ത്തറഞ്ഞ കൃഷ്ണശിലാസൂചി.

ദിവസത്തിന്റെ സഞ്ചിയിലുള്ള എല്ലാം ശബ്ദങ്ങളുടെ തെരുവിലുപേക്ഷിച്ച് കവി യാത്ര തുടരുന്നു. നിന്നെ ഈ ആള്‍ക്കൂട്ടത്തിനു വെളിയിലെത്തിക്കേണ്ടതുണ്ട്. പക്ഷേ കണ്‍മുമ്പില്‍ അച്ചടിച്ച ഒരു പ്രഭാഷണം പോലെ കാലം നിന്നെ പ്രത്യക്ഷമാക്കുന്നു.

കവിത ഒരേ സമയം ചൂണ്ടയില്‍ കോര്‍ത്ത ഇരയും അതിനെ വിഴുങ്ങുന്ന മീനുമാണെന്ന് കവിതയുടെ രണ്ടാം ഭാഗത്ത് ഹുവേര്‍ത്ത പറയുന്നുണ്ട്. എഴുത്ത് എന്ന പ്രക്രിയയെത്തന്നെ കവി അന്വേഷണ വിധേയമാക്കുന്നു. അങ്ങനെ, പെന്‍സിലുകള്‍ എഴുതിയുണ്ടാക്കുന്ന പുഴകളില്‍ മരങ്ങള്‍ തലകീഴായി പ്രതിഫലിക്കുന്നത് വായനക്കാര്‍ കാണുന്നു. മരച്ചില്ലകള്‍ക്കുള്ളില്‍ കുടുങ്ങിയ സൂര്യന്‍ വെളിച്ചത്തിന്റെ കടങ്കഥകളുണ്ടാക്കുന്നു.

ചിത്രരചന അസാധാരണമായ വിധത്തില്‍ ഇടകലരുന്നതാണ് ഹുവേര്‍ത്തയുടെ കവിത. കണ്ണാടിവാതില്‍ എന്നു പേരുള്ള മൂന്നാം ഭാഗത്ത് കണ്ണാടി കൊണ്ടുണ്ടാക്കിയ വാതിലിനു പിറകിലെ മങ്ങിയ വെളിച്ചത്തില്‍ ഗ്രഹണത്തിന്റെ തൂലികപ്പാടുകള്‍ ( brush tsrokes) പതിയുന്നതാണ് ഒരുദാഹരണം. മറ്റൊരിടത്ത് മരണം നിറമില്ലാത്ത ചുണ്ടുകള്‍ വരയ്ക്കുന്നതിനെപ്പറ്റിയും കവി എഴുതുന്നു.

കവിതയുടെ അഞ്ചാം ഭാഗത്ത് എഴുത്തിനെയും വാക്കുകളെയും പറ്റിയുള്ള വിചാരങ്ങളും വിചാരണകളുമാണ്. ഒരിക്കലും തുടങ്ങാത്ത എഴുത്ത് തുടങ്ങുന്നതിനെപ്പറ്റി കവി പറയുന്നു. അപ്പോള്‍ ഒരു സ്ഫടികപാത്രം ജലത്തിന്റെ എഴുത്താണെന്ന് തോന്നിപ്പോകുന്നു. താന്‍ തന്നെ ഒഴിഞ്ഞ കടലാസ്സിനു മുകളില്‍ വെറുതെ കിടക്കുന്ന പെന്‍സിലാണെന്ന് കവി മനസ്സിലാക്കുന്നു.

'വിഗ്രഹങ്ങളും ആസക്തികളും' എന്ന ഭാഗത്ത് വിഗ്രഹങ്ങള്‍ നമ്മുടെ തൊലിക്കടിയിത്തന്നെയാണെന്ന് ഹുവേര്‍ത്ത സൂചിപ്പിക്കുന്നുണ്ട്. ലോകത്തിന്റെ ശൈത്യം വന്നു വിളിക്കുന്നതുവരെ അവ അവിടെത്തന്നെ തുടരും. പിന്നെ അവയില്‍ കോപമോ ആത്മാര്‍ത്ഥതയില്ലാത്ത ദയയോ വന്നു നിറയും.

നമ്മുടെ ചുറ്റും നിര്‍മ്മിക്കപ്പെടുന്ന വിഗ്രഹങ്ങളുടെ ഒരു കാവ്യവിചാരണയാണ് ഈ ഭാഗമെന്നു വേണമെങ്കില്‍ പറയാം. നമ്മുടെ കണ്ണുകള്‍ക്കുള്ളില്‍ അവന്റെ കണ്ണുകള്‍ തന്നെയാണ് സ്വന്തം പ്രതിച്ഛായ സൃഷ്ടിക്കുന്നതെന്ന് കവി കാണിച്ചുതരുന്നു. ജീവനുള്ള വിഗ്രഹങ്ങള്‍ അങ്ങനെയാണ്, കാഴ്ചക്കാരനല്ല അവ തന്നെയാണ് സ്വന്തം രൂപത്തെയും പ്രതിരൂപത്തെയും നിര്‍മ്മിക്കുന്നത്.

കവിതയുടെ അവസാന ഭാഗത്ത് സ്വന്തം എഴുത്തിനെത്തന്നെ കവി വിശകലനം ചെയ്യുന്നു. ഒരു പെണ്‍കുട്ടിയുടെ തോളത്തിരുന്ന പനിനീര്‍പ്പൂവിനെ കവി ഓര്‍മ്മിക്കുകയാണ്. തോളിലിരിക്കുന്ന പനിനീര്‍പ്പൂവും കൈപ്പത്തിയിലെ അസ്ഥികളുടെ നാല്‍ക്കൂട്ടപ്പെരുവഴിയില്‍ നില്‍ക്കുന്ന വാക്കുകളില്ലാത്ത ഒരു എഴുത്തും. അവ ഒരു കവിതയിലെ ബിംബങ്ങളാണോ? കവി ഒരുറപ്പും പറയുന്നില്ല. ആണെങ്കില്‍ അവ ഉള്‍ക്കൊള്ളുന്നതിനെ കവിതയെന്ന് തീര്‍ത്തു പറയാനാവില്ല, അല്ലെങ്കിലും അങ്ങനെ തന്നെ.

പലപ്പോഴും സങ്കീര്‍ണ്ണമെന്നു തോന്നുമെങ്കിലും ഹുവേര്‍ത്തയുടെ കവിതയില്‍ ദുര്‍ഗ്രഹത അനുഭവപ്പെടില്ല. അവ വായിക്കുമ്പോള്‍ അനേകം കണ്ണാടികള്‍ നിറഞ്ഞ ഒരു മുറിയലകപ്പെട്ടതു പോലെയാണ് നമുക്കു തോന്നുക. ആ മുറിയുടെ വാതില്‍ തുറക്കുന്നത് കണ്ണാടികള്‍ നിറഞ്ഞ മറ്റൊരു മുറിയിലേക്കാണ്. അവിടെ നമ്മള്‍ ഒറ്റയ്ക്കാവണമെന്നില്ല. കൊഴിഞ്ഞു വീണ ഒരു മഞ്ഞയില നമുക്കു വഴികാട്ടും കണ്ണാടികള്‍ മാത്രമുള്ള വേറൊരു മുറിയിലേക്കാണെന്നു മാത്രം.

2014 സെപ്റ്റംബര്‍ 26 ന് മെക്ലിക്കോയിലെ അയോത്സിനാപ്പാ കോളേജില്‍ നിന്ന് നാല്‍പ്പത്തിമൂന്നു വിദ്യാര്‍ത്ഥികള്‍ അപ്രത്യക്ഷരായി. ലോക്കല്‍ പോലീസ് അവരെ അറസ്റ്റ് ചെയ്ത് മയക്കുമരുന്നുമാഫിയക്ക് കൈമാറിയതാണെന്നും അവരൊക്കെ ക്രൂരമായി കൊല്ലപ്പെട്ടെന്നും പിന്നീട് തെളിഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു കൊണ്ട് എഴുതിയ അയോത്സിനാപ്പാ എന്ന കവിതയില്‍ ദവീദ് ഹുവേര്‍ത്ത ഇങ്ങനെ പറയുന്നു:

നമ്മള്‍ നിഴലുകളില്‍ കടിച്ചു,
നിഴലുകളില്‍ നിന്ന് മരിച്ചവര്‍ പ്രത്യക്ഷപ്പെട്ടു,
വെളിച്ചം പോലെ, പഴങ്ങള്‍ പോലെ,
ആന്തരാവയവങ്ങളുടെ ഇലകളും ശാഖകളും പോലെ.

നിഴലുകളില്‍ നിന്ന് മരിച്ചവരും ഇലകളും വാക്കുകളും പ്രത്യക്ഷപ്പെടുന്നു; ദവീദ് ഹുവേര്‍ത്തയുടെ കവിതകള്‍ പോലെ.

Content Highlights: David Huerta Mexican poet Incurable poem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented