സി.വി രാമൻ പിള്ള
സംസ്‌കൃതരചനകള്‍ താളിയോലയിലേക്ക് പകര്‍ത്തിയെഴുതുന്ന ജോലികള്‍ ചെയ്തിരുന്ന നീലകണ്ഠപ്പിള്ള മരിക്കുമ്പോള്‍ മകന്‍ രാമന് (സി.വി. രാമന്‍ പിള്ള) 10 വയസ്സ്. സംസ്‌കൃതത്തിലെയും ജ്യോതിഷത്തിലെയും പ്രാഥമികപാഠങ്ങളും ആയുര്‍വേദത്തിലും തന്ത്രങ്ങളിലും കുറച്ചൊക്കെ ജ്ഞാനവും അപ്പോഴേക്കും നേടിയിരുന്നു. തുടര്‍ന്ന് ഇംഗ്ലീഷിലും നല്ല സ്വാധീനം നേടി. മദ്രാസില്‍നിന്ന് ഫിലോസഫിയില്‍ റാങ്കോടുകൂടിയാണ് ബിരുദം കരസ്ഥമാക്കിയത്.
ചെറുപ്പത്തില്‍ തന്നെ പ്രസിദ്ധ ഇംഗ്ലീഷ് പത്രങ്ങളായ വെസ്റ്റേണ്‍ സ്റ്റാറിലും കൊച്ചിന്‍ ആര്‍ഗസിലും ലേഖനങ്ങള്‍ എഴുതിയിരുന്നു. 'ട്രാവന്‍കൂര്‍ പേട്രിയറ്റ്' എന്ന പേരില്‍ ഒരു ആഴ്ചപ്പതിപ്പ് ആരംഭിച്ചു. 'ചന്ദ്രമുഖീവിലാസം' എന്ന പ്രഹസന(ഭരതമുനിയുടെ ദശരൂപങ്ങളിലൊന്നാണ് പ്രഹസനം)ത്തോടെയാണ് അദ്ദേഹം സാഹിത്യലോകത്തേക്ക് കടന്നുവന്നത്. ഒമ്പതു നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. എഴുത്തിലൂടെ സി.വി. തന്റെ അനിഷ്ടങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ദിവാന്‍ രാജഗോപാലാചാരി അദ്ദേഹത്തോട് ഹൈക്കോടതിയിലെ ജോലിയില്‍നിന്ന് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം ഉയര്‍ച്ചയുടേതായിരുന്നു.
ഒറ്റദിവസംകൊണ്ട് കീര്‍ത്തിമാനായ ഒരു സാഹിത്യകാരനായി സി.വി. മാറുന്നത് 1891ല്‍ 'മാര്‍ത്താണ്ഡവര്‍മ' എന്ന ആദ്യ ചരിത്രനോവല്‍ പ്രസിദ്ധീകരിച്ചതോടെയാണ്. ചരിത്രസംഭവങ്ങള്‍ക്ക് മജ്ജയും മാംസവും നല്‍കി വികാരതീക്ഷ്ണമായി ആ നോവലിലൂടെ അവതരിപ്പിച്ചു. അതിലെ ചില കഥാപാത്രങ്ങള്‍ക്ക് സ്‌കോട്ടിഷ് എഴുത്തുകാരനായ വാള്‍ട്ടര്‍ സ്‌കോട്ടിന്റെ നോവലിലെ കഥാപാത്രങ്ങളോട് നിരൂപകര്‍ സാദൃശ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് സി.വി. രാമന്‍പിള്ളയെ 'മലയാളത്തിലെ സ്‌കോട്ട്' എന്നു വിളിക്കുന്നത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ രാജാവാകുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
ഒരു ദാര്‍ശനികകാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ മനുഷ്യനും അവനില്‍ അധീശത്വംചെലുത്തുന്ന അജ്ഞാതശക്തികള്‍ക്കും പുതിയ അര്‍ഥതലങ്ങള്‍ അന്വേഷിച്ച മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റാണ് സി.വി. രാമന്‍പിള്ള. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രമാണ് സി.വി.യുടെ നോവലുകളെന്ന ധാരണ ശരിയല്ല. യഥാര്‍ഥത്തില്‍ പ്രജാകുടുംബങ്ങളുടെ വംശകഥയെഴുതിയ ഒരു ആഖ്യായികാകാരനാണ് സി.വി.
'ധര്‍മരാജ' 1913ലും 'പ്രേമാമൃതം' 1914ലും സി.വി.യുടെ മാസ്റ്റര്‍പീസും ഏറ്റവും നീണ്ട രചനയുമായ 'രാമരാജാബഹദൂര്‍' രണ്ടുഘട്ടങ്ങളിലായി 1918, 1919 വര്‍ഷങ്ങളിലുമാണ് പ്രസിദ്ധീകരിച്ചത്. സി.വി.യുടെ ഒരേയൊരു സാമൂഹികാഖ്യായികയാണ് പ്രേമാമൃതം.
തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ജോലിക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. 1881ല്‍ ബി.എ പാസായി. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887 ല്‍ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേവീട്ടില്‍ ഭാഗീരഥിയമ്മ. ഇവര്‍ 1904ല്‍ മരിച്ചു. പിന്നീട് അവരുടെ മൂത്തസഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.
കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ശിരസ്തദാറായി ജോലി ലഭിക്കുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. മലയാളി മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു. 1922 മാര്‍ച്ച് 21ന് അദ്ദേഹം അന്തരിച്ചു.
Content Highlights: cv raman pillai birth anniversary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..