വെന്തെരിഞ്ഞാലും മണക്കുന്നു ചന്ദനം


ഡോ.പി.വേണുഗോപാൽ

സി.വി. രാമൻപിള്ള മരിച്ചിട്ട്‌ ഇന്നേക്ക്‌ നൂറുവർഷം തികയുന്നു. അദ്ദേഹം ആദ്യമെഴുതിയ നോവൽ മാർത്താണ്ഡവർമ്മ പ്രസിദ്ധീകൃതമായിട്ട് 130 വർഷം കഴിഞ്ഞു. മലയാളിയെ വായനയുടെ ഗാംഭീര്യത്തിലേക്ക് നയിച്ച സി.വി.യെ ഓർക്കാം. നിർമലമായ പ്രണയം മലയാളം ആദ്യം കണ്ടതും സി.വി. സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയാണ്. മാർത്താണ്ഡവർമ്മയിലെ അനന്തപദ്മനാഭനും പാറുക്കുട്ടിയും തുടങ്ങി വിശുദ്ധപ്രണയത്തിന്റെ ഉജ്ജ്വലമാതൃകകൾ ഒട്ടേറെയാണ്

സി.വി രാമൻ പിള്ള (രേഖാചിത്രം)

ചന്തുമേനോന്റെ ‘ഇന്ദുലേഖ’യ്ക്കുമുമ്പേ എഴുതപ്പെട്ടെങ്കിലും 1891-ൽ പ്രസിദ്ധീകരിക്കപ്പെട്ട മാർത്താണ്ഡവർമ്മ അന്നും ഇന്നും മലയാളത്തിൽ ഏറെ വായിക്കപ്പെടുന്ന നോവലാണ്. അന്ന്‌ കുഞ്ഞിക്കുട്ടൻ തമ്പുരാൻ എഴുതി:

‘നാനാരീതിയിൽ നോവലിന് മലയാളത്തിൽ പരന്നീടിലും

തേനാറീടിന ചാരു കുന്ദലതയെൻ ചിത്തദ്രുമേ ചുറ്റിലും

മാനാവേശമൊടിന്ദുലേഖയുലകിൽ പാരം പ്രകാശിക്കിലും

ഞാനാരാലിവിടെപ്പുകഴ്ത്തുമധികം മാർത്താണ്ഡവർമ്മാവിനെ’

ഉദ്യോഗജീവിതത്തിന്റെ സമ്മർദങ്ങൾ ഒഴിഞ്ഞ്‌ 20 കൊല്ലം കഴിഞ്ഞാണ് വീണ്ടും സി.വി. ബൃഹദാഖ്യായികകളുടെ രചനയിലേക്കുതിരിഞ്ഞത്. തിരുവിതാംകൂറിന്റെ സകല ഐശ്വര്യങ്ങൾക്കും അസ്തിവാരമിട്ട രാജാ കേശവദാസന്റെ ജീവിതസംക്ഷേപമായ ഒരു പുരാവൃത്തനിർമിതിയുടെ ആദ്യഭാഗമായി 1913-ൽ ധർമരാജാ എഴുതി പ്രസിദ്ധീകരിച്ചു. പലരും കരുതുന്നതുപോലെ മാർത്താണ്ഡവർമ, കാർത്തികതിരുനാൾ തുടങ്ങിയ രാജാക്കന്മാരുടെ കഥകളല്ല സി.വി. എഴുതിയത്. രാജ്യസ്നേഹികളും രാജ്യദ്രോഹികളുമായ പ്രജാവർഗത്തിന്റെ കഥകൾക്ക്‌ ആർക്കും അനുകരിക്കാനാവാത്ത ഇതിഹാസരൂപം നൽകുകയാണ് ചെയ്തത്.

ചരിത്രത്തോട്‌ ഒത്തുപോകുന്ന കഥനം

കൊടിയദാരിദ്ര്യത്തിൽ പിറന്ന്, ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ലാതെ, ഒഴക്കരിക്ക്‌ വക നേടിക്കൊണ്ടുവരാമെന്ന്‌ പെറ്റതള്ളയോടു ശപഥംചെയ്ത്‌ വീടുവിട്ടുപോയ ഒരു ബാലൻ നാടിന്റെ രക്ഷാപുരുഷനായിത്തീരുന്ന കഥ കേശവപിള്ളയെ സംബന്ധിച്ച യഥാർഥ കഥതന്നെയാണ്. അതേസമയം, കഥാരംഭത്തിൽ തെക്കൻ തിരുവിതാംകൂറിലെ ഒരു പ്രഭുകുടുംബത്തിൽ ഈ ചരിത്രപുരുഷൻ ദശവയസ്കനായ ഒരു ബാലനായി രംഗപ്രവേശംചെയ്യുന്നതുമുതൽക്കുള്ള നോവലിലെ ഒട്ടുമിക്ക സംഭവങ്ങളും കല്പിതമാണ്. പോക്കുമൂസ്സ മരയ്ക്കാരുടെ കണക്കെഴുത്തുകാരനായി, ക്രമേണ കാർത്തികതിരുനാൾ രാമവർമ മഹാരാജാവിന്റെ പ്രീതീപാത്രമായി, ഒടുവിൽ സമ്പ്രതി ഉദ്യോഗത്തിൽ നിയമിതനാകുന്നതുവരെയുള്ള ‘ധർമരാജാ’യിലെ കഥ ചരിത്രത്തോട്‌ ഒത്തുപോകുന്ന യഥാർഥകഥനവുമാണ്. ഹൈദരാലി ഖാന്റെ ആക്രമണഭീഷണിയും ചാരപ്രവർത്തനങ്ങളും തിരുവിതാംകൂറിനെ അസ്വസ്ഥമാക്കിയ കാലമായിരുന്നു അത്. ഈ ചരിത്രപരമാർഥങ്ങളോട് കല്പിത കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഇണക്കിച്ചേർത്ത് കേശവപിള്ളയുടെ ജീവിതകഥയ്ക്ക് സംഘർഷഭരിതമായ മനുഷ്യാവസ്ഥകളുടെ പൂർണത നൽകുന്നു. പിന്നീട് തിരുവിതാംകൂറിലെ പ്രഥമ ദിവാനായി ചുമതലയേറ്റ കേശവദാസന്റെ സേനാനായകത്വത്തിൽ ടിപ്പു സുൽത്താന്റെ ഭീകരമായ ആക്രമണത്തിൽനിന്ന്‌ രാജ്യം രക്ഷപ്പെടുന്നതാണ് രാമരാജാബഹദൂറിലെ ഇതിവൃത്തം.

ഈ രണ്ടുചരിത്രാഖ്യായികകളും വായനക്കാരുടെ നിത്യവിസ്മയമായി മാറിയത് ഹരിപഞ്ചാനന യോഗീശ്വരൻ, ചിലമ്പിനേത്ത്‌ കാളി ഉടയാൻ ചന്ത്രക്കാറൻ, പെരിഞ്ചക്കോട്ട്‌ കുഞ്ചുമായിറ്റിപ്പിള്ള തുടങ്ങിയ ഗംഭീരപ്രകൃതികളായ പ്രതിനായകപാത്രങ്ങളിലൂടെയാണ്. അവർ പ്രതിനിധാനംചെയ്യുന്ന ‘വാടാക്കരൾ കൊണ്ട’ കുലങ്ങളിൽ പിറന്ന ത്രിപുരസുന്ദരിക്കുഞ്ഞമ്മ, മീനാക്ഷി, സാവിത്രി തുടങ്ങിയ പൗരുഷശാലിനികളായ ഒട്ടേറെ സ്ത്രീകഥാപാത്രങ്ങളും.

കരുത്തുതെളിയിച്ച സ്‌ത്രീകൾ

രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കപ്പെട്ട കുടുംബങ്ങളിൽപ്പിറന്ന്‌ കണ്ണീരൊഴുക്കാൻമാത്രം വിധിക്കപ്പെട്ടവരെങ്കിലും ആ കണ്ണീരുവീണ് ഭൂമിയെ വെറുപ്പിക്കരുതെന്ന്‌ പെണ്ണിന്റെ കരുത്തുതെളിയിച്ച എത്രയോ സ്ത്രീജന്മങ്ങൾ! മാർത്താണ്ഡവർമ്മയിലെ സുഭദ്രയാണ്‌ അതിന്റെ ആദ്യമാതൃക. ‘സൃഷ്ടിസ്ഥിതിസംഹാരശക്തികളുടെ സൂക്ഷ്മാകാരമായുള്ള പ്രേമാമൃതം’ അഥവാ നിർമലമായ പ്രണയം മലയാളം ആദ്യം കണ്ടതും സി.വി. സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെയാണ്. മാർത്താണ്ഡവർമ്മയിലെ അനന്തപദ്മനാഭനും പാറുക്കുട്ടിയും തുടങ്ങി വിശുദ്ധപ്രണയത്തിന്റെ ഉജ്ജ്വലമാതൃകകൾ ഒട്ടേറെയാണ്. മീനാക്ഷി-കേശവൻ ഉണ്ണിത്താൻ ദമ്പതിമാരുടെ ദാമ്പത്യജീവിതത്തെ തകർത്തുകളയുന്ന കേശവപിള്ളയുടെ അനുദിതപ്രണയം അത്യസാധാരണമായ ഒരു ത്രികോണപ്രേമകഥയുടെ വ്യംഗ്യമധുരമായ ആഖ്യാനമായി രാമരാജാബഹദൂറിൽ നാം വായിക്കുന്നു. രാജ്യരക്ഷയ്ക്കായുള്ള അപകടസന്ധികളെ തരണംചെയ്യുന്നതിനിടയിലും പ്രഥമാനുരാഗത്തിന്റെ ദുരന്താപമാനങ്ങൾ പേറുന്ന കേശവപിള്ളയുടെ ജീവിതത്തിലെ അഗ്നിപരീക്ഷകൾ ഇതിഹാസഗരിമയുള്ള ഒരു നോവലിനുമാത്രമേ ഉൾക്കൊള്ളാനാവൂ. മാർത്താണ്ഡവർമ്മയിൽനിന്ന് ധർമ്മരാജായിലേക്കും രാമരാജാ ബഹദൂറിലേക്കുമുള്ള മഹാപ്രസ്ഥാനം സഹ്യപർവതനിരകളിൽനിന്ന് ഹിമവൽ ശൃംഗങ്ങളിലേക്കുള്ള ആഖ്യാനകലയുടെ പ്രയാണമാണ്.

ലോകംവെല്ലുന്ന കല്‌പനാശക്തി

ഞാൻ മുമ്പെഴുതിയ ചില കാര്യങ്ങൾ ഈ ചരമശതാബ്ദിവേളയിൽ ആവർത്തിക്കുകയാണ്. കേശവകഥയുടെ മൂന്നാം ഭാഗമായ ‘ദിഷ്ടദംഷ്ട്ര’ത്തിൽ ആ ജീവിതത്തിന്റെ ഘോരദുരന്തമാണ് ആഖ്യാനംചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. രോഗശയ്യയിലായിരുന്നിട്ടും അറുപത്തിനാലാം വയസ്സിൽ അത്‌ എഴുതിത്തുടങ്ങി. നാല് അധ്യായത്തിൽ ആ എഴുത്തും ജീവിതവും അവസാനിച്ചു. എഴുതിയിടത്തോളം ഭാഗങ്ങൾ രാമരാജാബഹദൂറിലെ കഥയുടെ തുടർച്ചയാകുന്നതെങ്ങനെയെന്ന്, അത് എഴുതിയെടുത്ത ഇ.വി. കൃഷ്ണപിള്ളപോലും അന്ധാളിച്ചതായി അദ്ദേഹംതന്നെ എഴുതിയിട്ടുണ്ട്. കാർത്തികതിരുനാളിനെത്തുടർന്ന് ബാലരാമവർമ സിംഹാസനാരൂഢനായതോടെ രാജാ കേശവദാസൻ ദിവാൻപദവിയിൽനിന്ന്‌ നിഷ്കാസിതനായി, അദ്ദേഹത്തെ തടവിലാക്കി വിഷംകൊടുത്തുകൊന്നു എന്നാണ്‌ ചരിത്രം. അതിലേറെ ദാരുണമായ ദുരന്താപമാനങ്ങളിൽപ്പെട്ട ഒരു ജീവിതാന്ത്യമാണ് സി.വി. സങ്കല്പനം ചെയ്തിരുന്നതെന്ന് രാമരാജാബഹദൂറിലെ ചില പ്രസ്താവങ്ങളിൽനിന്ന്‌ മനസ്സിലാക്കാം. ‘അനിവാര്യമായ ജളഗർവത്തിന്റെ ദുർന്നയ വിജയമാണ്’ ആ ദുരന്തത്തിന്‌ ഹേതു. ഇതേ ജളഗർവം തിരുവിതാംകൂർ എന്ന രാജ്യത്തെയും ശിഥിലമാക്കി. നാട്ടുകാരനല്ലാത്ത ഒരാൾ ആദ്യമായി ദിവാനാകുന്നത് ബാലരാമവർമയുടെ കാലത്താണ്. പിന്നീടുവന്ന വേലുത്തമ്പിയും കേശവപിള്ളയുടെ അതേ ദുരന്തം ഏറ്റുവാങ്ങി. വിദ്യാർഥിജീവിതകാലംമുതൽ രാജ്യഭരണസംബന്ധമായി സി.വി.യുടെ നിലപാട്, നാട്ടുകാർക്ക് രാജ്യഭരണത്തിൽ പങ്കാളിത്തവും അതുമൂലമുണ്ടാകുന്ന ശ്രേയസ്സും ഉറപ്പുവരുത്തുക എന്നതായിരുന്നു. കാർത്തികതിരുനാളിനുശേഷം അതുണ്ടായിട്ടില്ല. സ്വാതിതിരുനാളിന്റെ കാലമായപ്പോഴേക്കും പുറത്തുനിന്ന് ആളെക്കൊണ്ടുവന്ന് വാഴിക്കുന്ന ഏർപ്പാട് സ്ഥിരമായി.

മേൽക്കോയ്മ വഹിച്ചിരുന്ന ബ്രിട്ടീഷ് സർക്കാരും അതിന് അനുകൂലമായിരുന്നു. രാജാ കേശവദാസനുശേഷം അത്രമേൽ കാര്യശേഷിയും പ്രജാക്ഷേമതാത്പര്യവും തികഞ്ഞ ഒരു ദിവാനോ ഉന്നത ഉദ്യോഗസ്ഥരോ ഉണ്ടായില്ല. മലയാളി മെമ്മോറിയൽ അടക്കമുള്ള പൗരാവകാശപ്രക്ഷോഭങ്ങൾക്ക് സി.വി. നേതൃത്വംനൽകിപ്പോന്നതിന്റെ സാഹചര്യം ഇതായിരുന്നു. ഈ രാഷ്ട്രീയദുരന്തത്തിന്റെ ചരിത്രപശ്ചാത്തലത്തിൽ ആഖ്യാനം ചെയ്ത ജീവിതമഹാദുരന്തങ്ങളെ കേശവകഥയുടെ സകലസ്പർശിയായ ഒരു ധ്വനിപാഠമായി മനസ്സിലാക്കാനും അങ്ങനെ ഓരോ ഉപാഖ്യാനങ്ങളുടെയും ആഴമറിയാനും സി.വി. എഴുതിത്തീർത്ത നോവലുകളെങ്കിലും മുൻപോട്ടും പുറകോട്ടും വായിക്കണം. ഇന്നേക്ക്‌ കൃത്യം നൂറുവർഷംമുമ്പ് എഴുതി പൂർത്തിയാകാതെപോയ നോവലിലും ഭാവനാസഞ്ചാരംചെയ്യണം.

ഇന്നും മഹത്തായ നോവലിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം ആ മഹാഗിരികൂടങ്ങളിലേക്കുതന്നെ ആരോഹണംചെയ്യുന്നു. ഈ അദ്ഭുതപ്രപഞ്ചകാരിയുടെ ലോകംവെല്ലുന്ന കല്പനാശക്തിയെ നമ്മുടെ നിരൂപകർ തിരിച്ചറിഞ്ഞുതുടങ്ങിയിട്ട് കാലം അധികമായില്ല. ഇതിഹാസഗരിമയുള്ള ആ നോവലുകൾ എഴുതപ്പെട്ട്‌ വളരെക്കാലത്തേക്ക് അവയുടെ പിറവിപ്പെരുമയും ചിരഞ്ജീവിത്വവും അറിഞ്ഞവർ വിരളമായിരുന്നു. എന്നാൽ, സി.വി.യെ ‘വാഗ്‌ദേവതയുടെ വീരഭടൻ’ എന്നുവാഴ്ത്താൻ അന്നൊരു മഹാകവിയുണ്ടായി-അദ്ഭുതാനന്ദ പീയൂഷം പൊഴിച്ച ആ പ്രൗഢനാദത്തിന്റെ മധുരം സ്വദിച്ച കുമാരനാശാൻ.

(കേരള സർവകലാശാല ലെക്‌സിക്കൻ വിഭാഗം മുൻ മേധാവിയും സി.വി. രാമൻപിള്ള നാഷണൽ ഫൗ​ണ്ടേഷൻ സെക്രട്ടറിയുമാണ്‌ ലേഖകൻ)

Content Highlights: CV Raman Pillai,100 death anniversary,marthanda varma

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented