എം.എം. വർക്കിയും സുരേഷ് കുറുപ്പും
കോട്ടയം: കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി ജിവിതം ഉഴിഞ്ഞു വെച്ച എം.എം. വര്‍ക്കി (വര്ക്കിച്ചായന് 65) അന്തരിച്ചു. കൊഴുവനാല്‍ മാന്തറ കുടുംബാംഗമാണ്. ചലച്ചിത്ര, സാംസ്കാരിക. പ്രവര്‍ത്തകനും സി.പി.എം. രൂപവത്കരണഘട്ടത്തില്‍ കോട്ടയം ജില്ലാ കമിറ്റിയുടെ ആദ്യ ഓഫീസ് സെക്രട്ടറിയുമായിരുന്നു, സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥി പ്രസ്ഥാന ത്തിലൂടെയാണ് പാര്‍ട്ടിയിലെത്തുന്നത്. അവിവാഹിതനാണ്.
താനുള്‍പ്പെടെയുള്ളവരെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത് വര്ക്കിയായിരുന്നെന്ന് വായനദിനത്തില്‍ മാതൃഭൂമി വാരാന്ത പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ മുന്‍ എം.പി. സുരേഷ് കുറുപ്പ് അനുസ്മരിച്ചിരുന്നു. സിപി.എം. ഓഫീസിലാണ് താമസിച്ചിരുന്നത്. കോട്ടയത്തെ ഫിലിം സൊസൈറ്റി, ദേശാഭിമാനി തിയേറ്റേഴ്ന്, ബുക്ക്സ്റ്റാള്‍ എന്നിവയുടെ ചുമതലക്കാരനുമായി.
അമച്വര്‍ മൂവീ മേക്കേഴ്സ് അസോസിയേഷന് (അമ്മ), മാസ് ഫിലിം സൊസൈറ്റി എന്നിവയ്ക്കും രൂപം നല്കി. ജോണ്‍ എബ്രാഹം, അരവിന്ദന്, എം.പി. സ്കുമാരന് നായര്‍, ക്യാമറാമാന് വേണു, ജോഷി മാത്യു തുടങ്ങിയവരുമായി അടുത്ത ബന്ധമായിരുന്നു. ഫ്രഞ്ച് ചലച്ചിത്ര സംവിധായിക ക്രിസ്റ്റിന് വാലേന് ചിലപ്പതികാരം ആധാരമാക്കി 'ജപം' എന്ന പേരില്‍ എടുത്ത ചിത്രത്തില്‍ മുഴുനീള യാത്രികന്റെ വേഷമിട്ടു.
'ഡോക്യുമെന്ററി സിനിമ' അദ്ദേഹത്തിന്റെ രചനയാണ്. പുഡോക്കിന് എന്ന റഷ്യന്‍ സംവിധായകന്റെ പുസ്തകം' സിനിമ അഭിനയം' എന്നപേരില്‍ പരിഭാ ഷപ്പെടുത്തി. സഹോദരങ്ങള്‍: പരേതനായ തോമസ് മാത്യു, ജെയിംസ് (ഗുജറാത്ത്) ഏബ്രാഹം (ഗോവ), മേരി (എറണാകുളം). സി.പി.എം. കോട്ടയം ജില്ലാകമ്മിറ്റി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ പത്തു മൂതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക് രണ്ടിന് കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തില്‍
വര്ക്കിച്ചായന് എന്ന മഹദ്ഗ്രന്ഥം
'ഏറ്റവും നിസ്വനായിരുന്നു. വര്ക്കിച്ചായന് ഒന്നും സമ്പാദിച്ചില്ല. ഒന്നും സ്വന്തമായിയിട്ട് ഉണ്ടായിരുന്നില്ല, കുറേ പുസ്തകങ്ങളല്ലാതെ. വായനയുടെ ലോകമായിരുന്നു ആ ജീവിതം.' സി.പി.എം. ഓഫീസ് സെക്രട്ടറിയായിരുന്ന അന്തരിച്ച എം.എം.വര്‍ക്കി എന്ന വര്‍ക്കിച്ചായനെ മുന്‍ എം.എല്‍.എ.യും മുന്‍ എം.പി.യുമായ സുരേഷ് കുറുപ്പ് ഓര്‍ക്കുന്നതിങ്ങനെ.
സുരേഷ് കുറുപ്പിന്റെ വാക്കുകളിലൂടെ
1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നശേഷം സി.പി.എം. കോട്ടയം ജില്ലാക്കമ്മിറ്റി ഓഫീസിന്റെ സെക്രട്ടറിയായാണ് വര്ക്കിച്ചായന് ചുമതലയേല്‍ക്കുന്നത്. അന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി കടന്നുപോയിരുന്നത്. ഓഫീസിന്റെ നടത്തിപ്പും പ്രതിസന്ധിയിലായിരുന്നു. അക്കാലത്ത് സമര്‍ഥമായി പാര്‍ട്ടി ഓഫീസ് കൈകാര്യം ചെയ്തയാളാണ് വര്ക്കിച്ചായന്.
അതുപോലെ അടിയന്തരാവസ്ഥക്കാലത്ത് വലിയ വെല്ലുവിളിയുള്ള സമയത്തും പാര്‍ട്ടി ഓഫീസിന്റെ ചുമതല വര്‍ക്കിക്കായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു. തത്ത്വചിന്ത, ചരിത്രം, മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളെല്ലാം മനഃപാഠമായിരുന്നു. തനിക്ക് കിട്ടിയ ചെറിയ വരുമാനം മുഴുവന്‍ പുസ്തകങ്ങള്‍ വാങ്ങാനാണ് അദ്ദേഹം ചെലവഴിച്ചിരുന്നത്. ഞാനുള്‍പ്പെടെ ഒരുപാടുപേരെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തി. ചോദിക്കുന്നവര്‍ക്കെല്ലാം പുസ്തകങ്ങള്‍ കൊടുത്തു. അവരെക്കൊണ്ട് വായിപ്പിച്ചു.
1965 മുതല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് കോട്ടയത്തേക്ക് വന്നവരെയെല്ലാം അദ്ദേഹം തന്നിലേക്ക് ആകര്‍ഷിച്ചു. നല്ലൊരു സിനിമാസ്വാദകനായിരുന്നു. തിരുവനന്തപുരം, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം ഫിലിം ഫെസ്റ്റിവലുകളില്‍ വര്‍ക്കി സ്ഥിരം സാന്നിധ്യമായിരുന്നു. സിനിമയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതി . കോട്ടയത്ത് മാസ്സ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്നതില്‍ നേതൃത്വം നല്കി. കോട്ടയം ദേശാഭിമാനി ബുക്ക് സ്റ്റാളിന്റെ മാനേജരുമായിരുന്നു. അദ്ദേഹത്തിന്റെ തട്ടകം പാര്‍ട്ടി ഓഫീസ് തന്നെയായിരുന്നതിനാല്‍ മുതിര്‍ന്ന നേതാക്കളുമായും പുതുതലമുറ നേതാക്കളുമായെല്ലാം നല്ല ബന്ധമായിരുന്നു. ഏറ്റടുത്ത കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ ചെയ്തു. എന്നാല്‍, ഒന്നിന്റെയും മുന്‍നിരയില്‍ നിന്നില്ല, അതായിരുന്നു വര്ക്കിച്ചായന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..