കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കാൾ മാർക്‌സും ഏംഗൽസും
വര്‍ഗ്ഗസമരത്തിന്റെ ചരിത്രപരവും കാലികവുമായ ചിത്രീകരണവും കമ്മ്യൂണിസത്തിന്റെ ഭാവിരൂപങ്ങളുംഅവതരിപ്പിച്ചിരിക്കുന്ന വിശ്വവിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ നൂറ്റിഎഴുപത്തിയഞ്ചാം വാര്‍ഷികം. കാള്‍ മാക്‌സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നെഴുതിയ ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയ രചനകളിലൊന്നായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ച് കെ. ബാലകൃഷ്ണന്‍ എഴുതുന്നു.
കാള്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയതിന്റെ പിറ്റേന്നാണ് 1848-ലെ ഫ്രഞ്ച് വിപ്‌ളവം പൊട്ടിപ്പുറപ്പെട്ടതെന്നത് യാദൃച്ഛികമാണ്. വിപ്ലവങ്ങള്‍ സ്വപ്‌നംകാണുകയും വിഭാവനംചെയ്യുകയും ചെയ്തുകൊണ്ട് സ്‌ഫോടനാത്മകമായി പുറത്തുവന്ന മാനിഫെസ്റ്റോയുടെ പ്രാഗ് രൂപം ഏംഗല്‍സ് തയ്യാറാക്കിയ 'കമ്മ്യൂണിസ്റ്റ് കണ്‍ഫെഷന്‍ ഓഫ് ഫെയിത്ത്' എന്ന ലഘുലേഖയാണ്. 1847 നവംബര്‍
29 മുതല്‍ ഡിസംബര്‍ എട്ടുവരെ ലണ്ടനില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് ലീഗിന്റെ സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത ആ ലഘുലേഖ കുറേക്കൂടി വ്യക്തതയോടെ തിരുത്തിയെഴുതാന്‍ നിര്‍ദേശിക്കുകയും ഏംഗല്‍സ് തന്നെ 'പ്രിന്‍സിപ്പിള്‍സ് ഓഫ് കമ്മ്യൂണിസം' എന്ന പേരില്‍ ചോദ്യോത്തരരൂപത്തില്‍ അവതരിപ്പിക്കുകയുമായിരുന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയും ഭാഷാപരമായി ആവേശകരമാക്കിയും പുതുക്കിയെഴുതാനാണ് സമ്മേളനം നിര്‍ദേശിച്ചത്. ആ ചുമതല മാര്‍ക്‌സും ഏംഗല്‍സും കൂടി ഏറ്റെടുക്കുകയായിരുന്നു.
ഇരുവരും ലണ്ടനിലും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സിലും ഏതാനും ദിവസം താമസിച്ച് ചര്‍ച്ചനടത്തിയെങ്കിലും വൈകാരികവും ആവേശകരവുമായ ഒരു പ്രമേയമായി എഴുതിയുണ്ടാക്കാനായില്ല. പാരീസിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഏംഗല്‍സ് പാരിസിലേക്ക് പോയതോടെ മാനിഫെസ്റ്റോവിന്റെ രചന മാര്‍ക്‌സിന്റെമാത്രം ചുമതലയായി.
ചിന്തയുടെയും പഠനത്തിന്റെയും ഫലം
തൊഴിലാളിസംഘടനകളുടെ സാര്‍വദേശീയസമിതിയുടെ സംഘടനാരൂപമായ കമ്മ്യൂണിസ്റ്റ് ലീഗിന്റെ തീരുമാനപ്രകാരമുള്ള രാഷ്ട്രീയപ്രമേയമാണ് മാനിഫെസ്റ്റോ എങ്കിലും മാര്‍ക്‌സും എംഗല്‍സും വാസ്തവത്തില്‍ നാലുകൊല്ലം മുമ്പെങ്കിലും അവ്യക്തമായി അതിന്റെ പണി തുടങ്ങിയിരുന്നു. 1844-ല്‍ 'ദ കണ്ടീഷന്‍ ഓഫ് ദി വര്‍ക്കിങ്ങ് ക്ലാസ് ഇന്‍ ഇംഗ്ലണ്ട'് എന്ന ഏംഗല്‍സിന്റെയും 'സാമ്പത്തികവും തത്വശാസ്ത്രപരവുമായ കുറിപ്പുകള്‍' എന്ന മാര്‍ക്‌സിന്റെയും കൃതികളില്‍ തുടങ്ങി ജര്‍മന്‍ ഐഡിയോളജിവരെയുള്ള യാത്ര. സോഷ്യലിസ്റ്റായിരുന്ന പ്രുദോങ്ങിന്റെ 'ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം' എന്ന കൃതിയെ എതിര്‍ത്തുകൊണ്ട് 'തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം' എന്ന ഫ്രഞ്ച്പുസ്തകം ആയിടക്കാണ് മാര്‍ക്‌സ് പ്രസിദ്ധപ്പെടുത്തിയത്. മുതലാളിത്ത വ്യവസ്ഥിതിയില്‍ത്തന്നെ സോഷ്യലിസം സാധ്യമാണെന്ന നിലയിലുള്ള പ്രുദോങ്ങിന്റെ വാദങ്ങളെയാണതില്‍ എതിര്‍ത്തത്.

തുടര്‍ന്ന് യങ്ങ് ഹെഗേലിയന്മാരായ ബോയര്‍ സഹോദരങ്ങളുടെ സിദ്ധാന്തങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള 'പുണ്യകുടുംബം'- വിമര്‍ശനാത്മകവിമര്‍ശനത്തിന്റെ വിമര്‍ശം എന്ന കൃതിയും പ്രസിദ്ധപ്പെടുത്തിയത് ഈ ഇടവേളയിലാണ്. ബ്രസ്സല്‍സിലെ ഒരു കുടുസ്സുമുറിയില്‍ പത്ത് ദിവസം മാര്‍ക്‌സും എംഗല്‍സും ഏതാനും സുഹൃത്തുക്കളും ഉന്മത്തരായി നടത്തിയ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ജര്‍മന്‍ ഐഡിയോളജിയുടെ പ്രാഗ് രൂപം തയ്യാറാകുന്നത്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ അടിത്തറയായിരുന്നു അത്. ഇങ്ങനെ നാലുവര്‍ഷത്തോളം സംയുക്തമായും സ്വന്തംനിലയിലും നടത്തിയ പഠന-രചനാപ്രവര്‍ത്തനത്തിലൂടെ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തെ ഉറപ്പിച്ചതിന്റെ തുടര്‍ച്ചയാണ് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'. ആ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന താത്വികപ്രശ്‌നങ്ങളെയാകെ വിശകലനം ചെയ്ത് ശരിയായ താത്വിക നിലപാടിലെത്തുന്നതിനുള്ള സമരമായിരുന്നു 1844 മുതലുള്ള നാലുവര്‍ഷം മാര്‍ക്‌സിനും ഏംഗല്‍സിനും.
എംഗല്‍സ് ചോദ്യോത്തരരൂപത്തില്‍ തയ്യാറാക്കിയ കമ്മ്യണിസ്റ്റ് വിജ്ഞാപനത്തെ അഥവാ രാഷ്ട്രീയപ്രമേയത്തെ അപ്പടി മാറ്റിയെഴുതുകയായിരുന്നു മാര്‍ക്‌സ്. എംഗല്‍സിന്റെയുകൂടി ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് എഴുതിത്തുടങ്ങിയശേഷവും കൃതി പൂര്‍ത്തിയാക്കുന്നതിന് ഒരു തടസ്സമുള്ളതായി മാര്‍ക്‌സ് കണ്ടു. സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തതവേണം. ഒരുമാസത്തിനിടയില്‍ രണ്ട് പ്രഭാഷണങ്ങള്‍(അതിനുവേണ്ടിയുള്ള ഗവേഷണം) നടത്തിക്കൊണ്ടാണ് മാര്‍ക്‌സ് അതില്‍ വ്യക്തത വരുത്തിയത്. കൂലിവേലയും മൂലധനവും, സ്വതന്ത്ര വ്യാപാരം എന്നീ പ്രസംഗങ്ങള്‍. പില്‍ക്കാലത്ത് മൂലധനം എഴുതുന്നതിന്റെ അടിത്തറയുമായി ആ പുസ്തകങ്ങള്‍. തുടര്‍ന്നാണ് ഏതാനും ദിവസത്തെ തപസ്യയിലൂടെ മാനിഫെസ്റ്റോവിന്റെ രചന. കൃത്യമായ വാക്കുകള്‍ക്കും ഉപമകള്‍ക്കുവേണ്ടി നടത്തിയ അന്വേഷണംകൊണ്ടുകൂടി ശ്രദ്ധേയമായ രചന. ഓരോ വാക്കിലും ഓരോ അക്ഷരത്തിലും അടയിരുപ്പ്. തൃപ്തിവാരാതെ വീണ്ടുവീണ്ടും മാറ്റിയെഴുത്ത്. ഏംഗല്‍സിന്റെ കൃതിയുടെ പുറത്താണ് പണി തുടങ്ങിയതെങ്കിലും തീര്‍ന്നപ്പോള്‍ മാര്‍ക്‌സിന്റെ സ്വന്തം കൃതിപോലെയായി. ഏംഗല്‍സ്തന്നെ പില്‍ക്കാലത്ത് അക്കാര്യം എടുത്തുപറയുകയുണ്ടായി.
'ലോകത്തെങ്ങുമുള്ള തൊഴിലാളികളേ സംഘടിക്കുവിന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുവാന്‍ ചങ്ങലകള്‍ മാത്രം നേടുവാനോ ഒരു ലോകം മുഴുവനും' എന്ന ആഹ്വാനത്തോടെ പുറത്തിറങ്ങിയ മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലും ചരിത്രം സൃഷ്ടിച്ചു. ആദ്യം ജര്‍മന്‍ ഭാഷയില്‍, പിന്നെ ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍. ഫ്രഞ്ചില്‍ മാത്രം മൂന്ന് തര്‍ജമകള്‍. 1850-ല്‍ ഇംഗ്ലീഷ് പരിഭാഷ ചാര്‍ടിസ്റ്റുകളുടെ പത്രമായ റെഡ് റിപ്പബ്ലിക്കനില്‍ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് കര്‍ത്താക്കള്‍ മാര്‍ക്‌സും ഏംഗല്‍സുമാണെന്ന വെളിപ്പെടുത്തലുണ്ടായത്.
പ്രയോഗത്തിന്റെ രൂപരേഖ
'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു, കമ്യൂണിസമെന്ന ദുര്‍ഭൂതം' എന്ന ബൂര്‍ഷ്വാസിയുടെ ആശങ്കയില്‍ തുടങ്ങുന്ന രചന കാച്ചിക്കുറുക്കിയ കവിതപോലെ സുന്ദരമെന്ന് വിശേഷിപ്പിക്കപ്പെട്ടു. മുതലാളിത്തം ചരിത്രപുരോഗതിയില്‍ വഹിച്ച പങ്ക് എടുത്തുകാട്ടിക്കൊണ്ട് അവരുടെ നാശം കുറിക്കും തൊഴിലാളിവര്‍ഗം എന്ന് സ്ഥാപിക്കാനാണ് ആദ്യ അധ്യായത്തില്‍ ശ്രമിക്കുന്നത്. വര്‍ഗങ്ങളുടെ ഉദ്ഭവ-വികാസങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യം. തൊഴിലാളിവര്‍ഗവും കമ്മ്യൂണിസ്റ്റുകാരും എന്ന രണ്ടാം അധ്യായത്തില്‍ തൊഴിലാളിവര്‍ഗത്തിന് രാഷ്ട്രീയപാര്‍ട്ടിവേണം, അതാണ് തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാളികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് സ്ഥാപിക്കുന്നു.
.jpg?$p=fad68fb&&q=0.8)
കമ്മ്യൂണിസ്റ്റുകള്‍ ഈടുവെപ്പുകളെയെല്ലാം നശിപ്പിക്കുമെന്ന പ്രചരണത്തിന്-സ്വത്ത്, കുടുംബം, വ്യക്തിത്വം, ദേശീയത, സംസ്‌കാരം എന്നിവയെയെല്ലാം തകര്‍ക്കുമെന്ന ആക്ഷേപത്തിനുള്ള മറുപടിയും അതിലുണ്ട്. മൂന്നാമധ്യായത്തില്‍ വിവിധ തരം സോഷ്യലിസങ്ങളെ അവലോകനം ചെയ്ത് ശാസ്ത്രീയസോഷ്യലിസം മാത്രമേ വിജയിക്കൂ എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. നാലാമധ്യായത്തിലാകട്ടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടവുകളെയും തന്ത്രങ്ങളെയും പറ്റിയാണ് വിവരിക്കുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കൊപ്പംതന്നെ ആത്യന്തികലക്ഷ്യം നേടുന്നതിനുള്ള പോരാട്ടത്തെ കൂട്ടിയിണക്കുന്നു എന്നതാണ് അതിന്റെ കാതല്‍.
'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' വരട്ടുതത്വങ്ങളുടെ സമാഹാരമാണെന്ന വിമര്‍ശം അന്നുമുതല്‍ക്കേയുണ്ടായി. എന്നാല്‍, സ്വയം നവീകരണക്ഷമമാണതെന്ന് പാരീസ് കമ്മ്യൂണിന്റെ പരാജയത്തിന് ശേഷം 1872-ല്‍ മാര്‍ക്‌സും ഏംഗല്‍സും മാനിഫെസ്റ്റോവിന് എഴുതിച്ചേര്‍ത്ത സവിശേഷമായ ആമുഖത്തില്‍ വ്യക്തമാക്കി. കാലദേശങ്ങള്‍ പരിഗണിക്കാതെ അടിസ്ഥാനതത്വങ്ങള്‍ നടപ്പാക്കാനാവില്ലെന്ന് ഉള്‍ക്കൊണ്ടുകൊണ്ടുള്ള വിശദീകരണം. സ്വയം നവീകരണക്ഷമമായ, ജൈവമായ തത്വങ്ങളെന്ന നിലയില്‍, പ്രയോഗത്തിന്റെ രൂപരേഖയെന്നനിലയില്‍, കാലത്തിന് ഹനിക്കാനാവാത്ത മഹത്തായ പരിപാടിയാണ് മാനിഫെസ്റ്റോ എന്ന്് പരാജയങ്ങള്‍ക്കിടയിലും കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നു.
മാനിഫെസ്റ്റോ റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത ലെനിന്‍ ഒരിക്കല്‍ മാനിഫെസ്റ്റോവിനെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്; 'സാമൂഹ്യജീവിതരംഗത്തെക്കൂടി ഉള്‍ക്കൊള്ളുന്ന സുദൃഢവും കലര്‍പ്പില്ലാത്തതുമായ ഭൗതകവാദം, സമഗ്രവും സൂക്ഷ്മവുമായ വികാസസിദ്ധാന്തമായ വൈരുദ്ധ്യവാദം, വര്‍ഗസമരത്തെയും പുതിയ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്രഷ്ടാവായ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രപ്രാധാനവും വിപ്‌ളവപരവുമായ പങ്കിനെയും സംബന്ധിച്ച സിദ്ധാന്തം- ഇവയെല്ലാം അടങ്ങുന്ന ഒരു പുത്തന്‍ ലോകവീക്ഷണം ഒരു മഹാപ്രതിഭയുടെ തെളിച്ചത്തോടെയും മിഴിവോടെയും ഈ കൃതി ആവിഷ്‌കരിക്കുന്നു.'
Content Highlights: Communist Manifesto, Friedrich Engels and Karl Marx, German Philosophers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..